വ്യാഴാഴ്‌ച, ഡിസംബർ 30, 2010

പുതു വർഷം പുലരുമ്പോൾ....




പതിവിലും ഉന്മേഷവതിയായി ഇന്നു ഞാനുണർന്നു.. ഇന്നലെ റ്റി.വി പരിപാടി കണ്ടുറങ്ങാൻ വൈകിയെങ്കിലും ഇന്നെണീക്കാൻ ഒരു മടിയും തോന്നിയില്ല.. ഒരു കപ്പ് ചുടുചായയുമെടുത്ത് ..ചെറിയ കിളിവാതിലിനടുത്തെത്തി മഞ്ഞുകണങ്ങൾ തൂങ്ങിയാടുന്ന,,, നന്ദ്യാർവട്ടച്ചെടിയെ നോക്കി നിൽക്കാൻ എന്തൊരു രസം.... എല്ലാത്തിനും എന്തോ ഒരു പുതുമ കൈവന്ന പോലെഇളം വെയിലുകലർന്ന പ്രകൃതിയുടെ നിശ്വാസത്തിലുമുണ്ട് ഒരു പുതുമഇളം കാറ്റിന്റെ കുളിർമ്മ തേടി തൊടിയിലേക്കിറങ്ങിഞാ കഴിഞ്ഞവർഷം നട്ടു വളർത്തിയ എന്റെ റോസയിൽ ഒരു കുഞ്ഞ് പൂവ് .. അതിൽ മഞ്ഞുകണങ്ങൾ മുത്തുകൾ പോലെ വീണുകിടക്കുന്നു ഞാൻ എന്റെ കണ്ണുകളുടെ കൂടെ മനസിനേയും പിന്നിലേക്ക് ഓടിച്ച് നോക്കി എത്ര പെട്ടെന്നാണു ഒരു വർഷം പിന്നിലേക്ക് തള്ളപ്പെട്ടത്ഇതു പോലെ കഴിഞ്ഞ ജനുവരി ഒന്നിലെ ആദ്യ നിമിഷങ്ങളിൽ ഞാൻ ഉന്മേഷവതിയായിരുന്നു.. എന്നിരുന്നാലും എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്ന ഒരു കാര്യമുണ്ടായിരുന്നു.. നീ അമിതമായി ആഹ്ലാദിക്കണ്ട നിന്നിലെ ആയുസ്സ് ജനനസമയത്ത് നിന്നും അകലുകയും മരണ സമയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയുമാണ്. മനസ്സിന്റെ പിടിച്ച് നിർത്തലിൽ നിന്നും കുതറിയോടി എന്നിൽ ഉണ്ടായ നേട്ടങ്ങളെ കുറിച്ചൊരു കണക്കെടുപ്പ് നടത്തിയാലോ എന്നോർത്ത്.....മുന്നോട്ട് നടന്നു ...

സംതൃപ്തിയോടും സന്തോഷത്തോടേയും ഒർത്തെടുക്കുവാനും എന്നും മനസ്സിൽ സൂക്ഷിക്കുവാനും പറ്റിയതായി ഒന്നുമില്ലെ ??? എന്നു ചിന്തിക്കുമ്പോഴേക്കും കാണാമറയത്തെവിടെയോ ഇരുന്ന് അക്ഷരങ്ങളിലൂടെ സ്നേഹം പങ്കുവെച്ചവരുടെ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും പുതിയവാതായനങ്ങൾ എന്നിലേക്ക് തുറക്കപ്പെട്ടതായി എനിക്കു തോന്നി..… അവിടെ അക്ഷരമാകുന്ന കരകാണാക്കടലിൽ നീന്തിതുടിക്കുന്ന.. ഒരുപാടൊരുപാട് പേർ ചിലർ നീന്താൻ തുടങ്ങിയവർ ,നീന്തി നീന്തി കുറെ ദൂരം പിന്നിട്ടവർ... .അവർ..അഭിപ്രായങ്ങളിലൂടെ നീന്തലിന്റെ ബാലപാഠം പോലും അറിയാത്ത എന്നിലെ തെറ്റുകളെ ആത്മാർഥതയോടെ ചൂണ്ടി കാണിച്ചു തന്നു കൊണ്ട് എന്നേയും അക്കരെയെത്തിക്കാൻ ശ്രമിക്കുന്നുഅതൊരു നേട്ടമാണോ..? അതിൽ ആത്മാർത്തഥയുള്ളവർ എത്ര???? വീണ്ടും എന്റെ മനസ്സിന്റെ ആവശ്യമില്ലാത്ത ചോദ്യങ്ങൾക്ക് ഞാൻ കടിഞ്ഞാണിട്ടു.. ദൈവം കനിഞ്ഞരുളിയ വിശിഷ്ടമായ സമ്മാനമാണ് സുഹൃത്തുക്കൾ


ഇളം വെയിലിൽ സുഗന്ധ വാഹിയായി കുളിർ തെന്നൽ എന്നെ തഴുകി തലോടി കടന്നു പോകുമ്പോലെ എനിക്കനുഭവപ്പെട്ടു.. ആ അനുഭൂതിയിൽ ആനന്ദം കൊള്ളുമ്പോൾ ഞാനടക്കം എല്ലാവരും ഒരി പിടി പ്രതീക്ഷകളുമായി വരവേറ്റ പോയ വർഷത്തിൽ, സ്ത്രീ പീഡനങ്ങളുടെ കൊലപാതകങ്ങളുടെ ആത്മഹൂതികളുടെ.. കണക്കുകളിലെ കുതിച്ചു ചാട്ടം എന്നിലേക്കോടിയെത്തി.. രാഷ്ട്രീയ –വർഗ്ഗീയ -സാമുദായിക കലാപങ്ങളിൽ മദ്യ ദുരന്തങ്ങളിൽ ജീവൻ നഷ്ട്ടപ്പെട്ടുപോയവരുടെ
പ്രിയപ്പെട്ടവ നിലക്കാത്ത തേങ്ങലുകളുമായി എന്നരികിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. ആ ആത്മാക്കൾ എനിക്ക് ചുറ്റിലും കരഞ്ഞു കൊണ്ട് നൃത്തം വെക്കുമ്പോലെ എനിക്ക് തോന്നി..കുരുതിച്ചിരിയുമായി ആത്മീയതയുടെ വക്താക്കളെന്ന വ്യാജേന കാപട്യത്തിന്റെ മൂടുപടമണിഞ്ഞ് കൊണ്ട് കാലത്തിന്‍റെ ശത്രുക്കള്‍ ഇന്നും നമുക്കു ചുറ്റും വിലസി നടക്കുന്നു.അവരുടെ കുരുക്കിട്ട വലകളിൽ വീണു പിടയുന്ന കൌമാരം എന്റെ കൺ മുന്നിൽ വീണ് പിടയുമ്പോലെ എനിക്കനുഭവപ്പെട്ടുപിറക്കാൻ പോകുന്ന നിമിഷങ്ങളോട് എനിക്ക് വെറുപ്പു തോന്നി..കാരണം കഴിഞ്ഞു പോയ എന്റെ നിമിഷങ്ങളിൽ പ്രിയപ്പെട്ട ഇന്നലെകളുടെ തിളക്കം ഞാൻ കാണുന്നില്ല..
കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ......




ബുധനാഴ്‌ച, ഡിസംബർ 22, 2010

വീണ്ടും കോർത്തെടുത്ത മുത്തുമണികൾ...


പവിഴങ്ങളുടേയും മുത്തുകളുടെയും  നാട്ടില്‍ ഉമ്മു അമ്മാര്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. ജീവിതയാത്രയിലെ കുത്തൊഴുക്കില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പൊട്ടിപ്പോയ  ഒരു സൌഹൃദത്തിന്റെ മുത്തുമണികള്‍ വീണ്ടും ഹൃദയത്തില്‍ കോര്‍ത്തൊരു ദിനം...ഹോസ്റ്റലിൽ നിന്നും പിരിഞ്ഞ ശേഷം പലരേയും കാണാൻ കൊതിച്ച കൂട്ടത്തിൽ ഞാൻ ഏറ്റവും കൂടുതൽ കൊതിച്ചത് ഈ മുഖമൊന്നു കാണാനായിരുന്നു.എന്റ്റെ വിവാഹം കഴിഞ്ഞു ഞാനിങ്ങ് ബഹ്റൈനിലേക്കു പോന്നു ...  ജീവിതം ആകെ മാറി മറിഞ്ഞു ഭര്‍ത്താവും മക്കളുമായി ഞാന്‍ ഇന്ന് എന്‍റെതായ ലോകത്ത് .....             പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം.. എപ്പോഴും  ഞാൻ കാണാൻ കൊതിച്ച എന്റെ  സലീത്തയുമായി വീണ്ടും കൂടിച്ചേര്‍ന്ന ദിവസം. ഞാനെങ്ങിനെ സന്തോഷിക്കാതിരിക്കും. ആ സന്തോഷമെങ്ങിനെ കണ്ണീരാവാതിരിക്കും..... 

നിമിത്തങ്ങളുടെതല്ലേ ജീവിതം.... ഈ കൂടിചേരലും  നിമിത്തമാണ്. അതിനു അരങ്ങൊരുങ്ങിയത്.. പരിശുദ്ധ മക്കയും.... ഹജ്ജിനു പോയ ഒരു സുഹൃത്ത് എത്തിച്ചു തന്ന സന്തോഷവാര്‍ത്ത. സലീത്തയെ കണ്ടതും എന്നെ അന്യേഷിച്ചതും... ആ മുഖം വീണ്ടും കാണാനുള്ള എന്റെ പ്രാര്‍ത്ഥനകളുടെ ഉത്തരം  ആ പുണ്യ  സ്ഥലത്ത് നിന്നും എത്തി എന്നത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു....
അവര്‍ കൈമാറിയ നമ്പറില്‍ നിന്നും എന്നെ തേടി ആ വിളി വന്നു. വര്‍ഷങ്ങളായി ഞാന്‍ കേള്‍കാന്‍ കൊതിച്ച  ആ സ്വരം...കുറെ നേരം സംസാരിച്ചു,   ഫോണ്‍ വെച്ചെപ്പോഴേക്കും എന്റെ ഓർമ്മകൾ ഞാൻ പോലും അറിയാതെ വർഷങ്ങൾക്ക്   പിന്നിലേക്ക്  ഊളിയിട്ടിറങ്ങി. ആ കോളേജ് കാലത്തിലേക്ക്, ആ ഹോസ്റ്റൽ ജീവിതത്തിലേക്ക്... ഒരേ ഹോസ്റ്റലില്‍ ഒരേ മുറിയില്‍ തങ്ങി  ഒരേ പാത്രത്തില്‍ ഭക്ഷണം കഴിച്ചു ഒരേ കട്ടിലില്‍ ഉറങ്ങിയ ആ പഴയ കാലത്തിലേക്ക്  സുഖവും ദുഖവും ഒരുമിച്ച് കൈമാറിയ ആ നല്ല കാലത്തിലേക്ക്   ...ഒരിക്കളും തിരിച്ചു കിട്ടാത്ത ആ കാലം ഓർത്ത് കണ്ണുകൾ ഈറനണിഞ്ഞു.. ഉമ്മച്ചി എന്തിനാ കരയുന്നെ????? എന്ന എന്റെ  മകന്റെ പെട്ടെന്നുള്ള ചോദ്യം  എന്നെ ഇന്നിന്റെ യാതാർഥ്യങ്ങളിലേക്കു തന്നെ തിരിച്ചു കൊണ്ടുവന്നു....

ഇന്ന് വ്യാഴായ്ച്ചയാണ് . ഞാന്‍ കാത്തിരുന്ന ദിവസം. ദമാമില്‍ നിന്നും സൗദി ബഹ്‌റൈന്‍ പാലം കടന്നു എന്റെ സലിത്തയും കുടുംബവും എന്നെ കാണാന്‍ വരുന്ന ദിവസം. .
 ഹോസ്റ്റലിലായിരുന്നപ്പോൾ വ്യാഴായ്ച്ചകളില്‍ അവധിക്കു വീട്ടില്‍ പോകുമ്പോള്‍ തമ്മില്‍ കാണാതിരിക്കുന്ന അതെ പ്രതീതിയിലായിരുന്നു ഞാനിപ്പോള്‍.. ..
ആ പഴയ പുഞ്ചിരി മായാതെ അവര്‍ നടന്നു വരുന്നത് കണ്ടു എന്റെ കണ്ണുകള്‍ നിറഞ്ഞു.... ഒരു സ്വപ്ന സാഫല്ല്യം പോലെ സലിത്ത എന്റെ മുമ്പില്‍. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളകള്‍ക്കു ശേഷം. ഈ മുഖം കാണാന്‍ ആഗ്രഹിച്ച എന്റെ പ്രാര്‍ത്ഥനകളുടെ  ഉത്തരം. ഒരു ആലിങ്കനത്തിൽ ,കുതിർന്നു വീണ  കണ്ണുനീരിൽ അലിഞ്ഞു പോയി  ഞങ്ങളുടെ പരിഭവങ്ങള്‍.... 


ഉറങ്ങാത്ത രണ്ടു രാവുകള്‍, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പെയ്തു തീര്‍ന്ന സങ്കടങ്ങളും സന്തോഷവും. വീണ്ടും കോര്‍ത്തിണക്കിയ മുത്തുമാലയുടെ സൌന്ദര്യം നല്‍കി അവര്‍ യാത്രയായി.... ഇനിയും കാണുമെന്ന ഉറപ്പോടെ.
ഇന്ന് ഞാനിതെഴുതുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഹോസ്റ്റല്‍ വരാന്തകളിൽ, അവരോടൊപ്പം പങ്കുവെച്ച ആ നല്ല നിമിഷങ്ങൾ  വീട്ടിലെ അവസ്ഥകൾ ഓരോന്നായി പറഞ്ഞ് കരയുമ്പോൾ എന്നെ ആശ്വസിപ്പിച്ച ആ ഇത്താത്തയുടെ  കുഞ്ഞനുജത്തി ആയിട്ടാണ് ... കാരണം ഈ നിമിഷങ്ങള്‍ എന്നില്‍ അത്രക്കും സന്തോഷം നിറച്ചിരിക്കുന്നു.. ഈ സന്തോഷം നിങ്ങളൊടല്ലാതെ ഞാൻ ആരോടു പങ്കു വെക്കും?..
എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ തിളങ്ങുന്ന രണ്ടു പവിഴ മുത്തുകളായി ഈ രണ്ടു ദിവസത്തെ ഞാന്‍ സൂക്ഷിക്കട്ടെ. .... എന്നേക്കുമായി.....




 


 

ബുധനാഴ്‌ച, ഡിസംബർ 15, 2010

യാത്രയാക്കും മുൻപെ...




കരഞ്ഞുകലങ്ങിയ
കണ്മഷി കണ്ണുകള്‍ ....
കുപ്പിവളകളണിഞ്ഞ
മൃദുലമാം കൈകളില്‍
ചോരകൊണ്ടെഴുതി
കിരാതര്‍, കാമത്തിന്‍
കറുത്ത കയ്യൊപ്പുകള്‍ ..
മണ്ണപ്പം ചുട്ടു കളിച്ച
കൈകളില്‍…….
ചുരുട്ടി പ്പിടിച്ച
സിഗരറ്റു കുറ്റികള്‍....
മന്ദസ്മിതം തൂകിയ
വദനത്തില്‍….
വേദനയുടെ പരിഭവങ്ങള്‍ ...
അറുതിയില്ലെ
അനീതികക്ക്…..?
പാരിലെ പരിഭവങ്ങക്ക്
ലെടുക്കാത്ത ..
നന്മയുടെ കൈത്തിരിയായി ..
ഒരമ്മയുടെ അന്ത്യ ചുംബനം ..
കുഞ്ഞിളം മോണ കാട്ടി
ഒന്നു ചിരിക്കയെ
പൈതലെ...
തിരിച്ചു പോക നീ
ണ്ണിന്റെ മാറി
കുഞ്ഞേ .......
നിനക്കു സ്വസ്തി...



ചൊവ്വാഴ്ച, ഡിസംബർ 07, 2010

മറ്റൊരു ലോകത്തിലേക്ക്....




നൈമിഷികമാം ജീവിതം ..
നിത്യ നിദ്രയുടെ വിഹായസിലേക്ക്
കാറ്റിന്റെ ജൽ‌പ്പനങ്ങളിൽ
മരണ മണി മുഴങ്ങിടുന്നു ...
ചെയ്തു തീത്തതൊക്കെയും
ആര്‍ക്കോ വേണ്ടി ..
ആത്മ നിവൃതിയി ആറാടുവാൻ
ആത്മ ഹർഷങ്ങളിൽ
പുളകം കൊള്ളാന്‍ .
ആയുസിനിയില്ലീ ഭൂമിയില്‍
ആശിച്ചതൊക്കെയും നിരാശയായി..
മൌനത്തിന്റെ വാൽമീകത്തിലൊളിക്കുന്നു...
ഇന്നലെകള്‍......
പ്രിയതമന് ഒറ്റപ്പെടലിന്റെ രോദനം
പ്രണയം മൌനിയായി നിശ്ചലം ...
അകന്നിടുന്നു ബന്ധങ്ങള്‍ ...
അടക്കിടുന്നു വിതുമ്പലുകള്‍ ..
അടങ്ങാത്ത ആര്‍ത്തിയില്‍
ആടിയുലഞ്ഞ ഭൂവില്‍ നിന്നും .
അകന്നുമാറിയൊരു യാത്ര ..
വെള്ളി മേഘങ്ങൾക്കിടയിലേക്ക് .....
സ്പന്ദനം നിലച്ച്..
ഓര്‍മ്മകള്‍ ബാക്കിയായി...
ഒരു യാത്ര.....

ഞായറാഴ്‌ച, നവംബർ 28, 2010

കൊഴിയുന്ന മോഹങ്ങൾ പറയുന്നത്…….



മാറിൽ തല ചായ്ച്ച് നൊമ്പരം പങ്കു വെക്കുമ്പോൾ അവളുടെ സ്നേഹ ഗീതം എന്നിൽ ഉണർത്തു പാട്ടായി. മൌനത്തിൽ പോലും ഞങ്ങളുടെ കണ്ണുകൾ ഒരായിരം പ്രണയ കഥകൾ പങ്കിട്ടു ..എന്റെ മനസിന്റെ തേങ്ങലുകൾ പോലും ഒരു മർമ്മരം പോലെ അവൾ തൊട്ടറിഞ്ഞു.എന്റേതെന്നോ അവളുടേതെന്നോ വ്യത്യാസമില്ലാതെ സന്തോഷങ്ങളും സങ്കടങ്ങളും കൈമാറി.. അവളുടെ നൊമ്പര വീണകൾ എന്നിൽ അപശ്രുതിയായി മാറി.. അവൾക്ക് ഒരു ജീവിതമുണ്ടെങ്കിൽ അതെന്നോടെപ്പം മാത്രമായിരിക്കുമെന്ന് എന്റെ കാതിൽ അവൾ പലവട്ടം മന്ത്രിച്ചു.
എന്നിട്ടുമവൾ
ഒരു ധനികന്നു മുന്നിൽ തല കുനിച്ചു നിന്നു.. അയാളുടെ കൈ പിടിച്ച് നിലവിളക്കിനും നിറപറയ്ക്കു ചുറ്റിലും വലയം വെച്ച്. ആ വലയം എന്റെ സമ്പത്തിനെ പ്രധിനിധീകരിക്കുന്ന വട്ടപൂജ്യമായിരുന്നു എന്ന് അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു . അതുതെന്നെയായിരുന്നു എന്റെ സ്നേഹത്തിനു അവൾ കൽ‌പ്പിച്ച മൂല്യവും.

ബുധനാഴ്‌ച, നവംബർ 24, 2010

ഭരണകൂടഭീകരതയും കോടതിയും

ഒടുവിൽ പതിറ്റാണ്ടുകൾക്ക് ശേഷം നക്സലൈറ്റ് വർഗീസിന്റെ ആത്മാവിനു
അൽ‌പ്പമെങ്കിലും സന്തോഷിക്കാം . തന്റെ കൊലയാളിയെ ഒരാളെയെങ്കിലും ലോകത്തിനു മുൻപിൽ കൊണ്ടുവരാൻ സാധിച്ചല്ലോ.  വാസുവേട്ടൻ പോലും കോടതിയെ അഭിനന്ദിച്ചിരിക്കുകയാണു. ഭരണകൂടം പൌരന്മാരുടെ അവകാശങ്ങൾ  കവർന്നെടുക്കുകയും  അവരെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുമ്പോഴാണു സമൂഹത്തിൽ കലഹങ്ങളും അസ്വാസ്ഥ്യങ്ങളും രൂപം കൊള്ളുന്നത് . ലോകത്ത്  തീവ്രവാദ പ്രസ്ഥാനങ്ങളുടെ  കാരണങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ നമുക്കിത് ബോധ്യപ്പെടുന്നതാണു. അതിനു കൂടുതൽ ഗഹനമായ പഠനം വേണമെന്ന് ഈയുള്ളവൾക്ക് തോന്നുന്നില്ല. എന്നാൽ, തീവ്രമായ നിലപാടുകൾ സാമൂഹ്യപരിവർത്തനങ്ങൾക്ക് ഹേതുവായി തീരുമെന്നു പ്രതീക്ഷിക്കുന്നുമില്ല.  ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം നമുക്ക് പറഞ്ഞുതരുന്നതും മറ്റൊന്നല്ല.
               സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടേയും അടിയാളന്മാരുടേയും അവകാശങ്ങൾക്കുവേണ്ടി  പടപൊരുതാനാണു എഴുപതുകളിലെ ക്ഷുഭിതയവ്വനം കർമ്മരംഗത്തേക്ക് വന്നത്.  അജിതയും വർഗ്ഗീസുമൊക്കെ ആവരിൽ ചിലർ മാത്രമായിരുന്നു. അനീതിക്കെതിരേയും സാമൂഹ്യ അസമത്വത്തിനെതിരേയും അവർ സായുധമായിതന്നെ പ്രതികരിച്ചു. വളരെ പെട്ടെന്നുതന്നെ വർഗീസ് ഭരണകൂടെത്തിന്റെ കണ്ണിലെ കരടായി തീരുകയും ചെയ്തു.യഥാർത്തത്തിൽ ആപോരാളിയെ മരണത്തിലേക്ക്  കൈപിടിച്ചാനയിച്ച  കറുത്തകൈകൾ ഇന്നും സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുകയണു. നായരും ലക്ഷമണയും വിജയനും ഭരണകൂട ചട്ടുകങ്ങൾ മാത്രമാണു . അടിയന്തിരാവസ്ഥകാലത്ത് അക്രമത്തിനും അരാജകത്വത്തിനും കൂട്ടുനിന്നവർ ഇന്നും അധികാരസോപാനങ്ങളിൽ അഭിരമിക്കുകയാണു. ഇവിടെയാണു നമ്മുടെ ജനാധിപത്യം വല്ലാതെ നിസഹായമായി തീരുന്നത് . കോടതികൾക്ക് തെളിവാണാവശ്യം.ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട ലക്ഷ്മണ ഒരിക്കലും തന്നെ ആ കാലഘട്ടത്തിലെ ഭരണ നേതൃത്വത്തെ പറ്റി ഒരക്ഷരം ഉരിയാടിയില്ല എന്നതും ശ്രദ്ധേയമായ കാര്യമാണു. എന്തുതന്നെയായാലും,പതിറ്റാണ്ടുകൾ കഴിഞ്ഞാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകതന്നെ വേണമെന്ന കോടതിയുടെ  പരാമർശം നല്ലതു തന്നെ. എന്നാൽ വേറെയും നിരവധി ഇരകൾ നീതി പ്രതീക്ഷിച്ചു കൊണ്ട് ഇന്ത്യാമഹാരാജ്യത്തിലെ നിരവധി ജയിലുകളിലും പുറത്തും കഴിയുന്നുണ്ട് എന്നുള്ള കാര്യം എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും . നാളത്തെ പ്രഭാതം നീതിയും നന്മയും നിറഞ്ഞതാകട്ടെ എന്നു നമുക്കു പ്രാർഥിക്കാം

വെള്ളിയാഴ്‌ച, നവംബർ 19, 2010

ജീവിതം വഴിമാറുമ്പോള്‍ ...



ആരവങ്ങള്‍ കെട്ടടങ്ങിയ
പൂരപ്പറമ്പില്‍
സ്വയം കീറി കാറ്റില്‍ പറന്നകന്ന
ഒരു പട്ടം...
കാറ്റും...
ആകാശവും...
അതിനെ വിദൂരതയിലേക്ക്
ആനയിക്കുന്നു
ദിക്കറിയാതെ ദിശയറിയാതെ
ജീവിതവും ….
അതിന്റെ പ്രയാണത്തില്‍
പലരുമായി അടുക്കുന്നു
പലരില്‍ നിന്നുമകലുന്നു
ആത്മ ബന്ധങ്ങള്‍
ബന്ധനത്തില്‍ കലാശിക്കുന്നു
ബന്ധങ്ങള്‍ വഴി മാറുമ്പോള്‍
മുച്ചൂടും പിഴുതെറിയാന്‍
പരസ്പരം പഴിചാരുന്നു
ഇനി കാണില്ലെന്ന വാക്കുകളില്‍
എല്ലാം ഒതുക്കി വിടപറയുമ്പോള്‍
അവരുടെ നിഴലുകള്‍
എന്നും നമ്മോടൊപ്പം
ഒന്നു കണ്ടിരുന്നെങ്കില്‍ …….
എന്ന മോഹവുമായി ..
കാലം യവനികക്കുള്ളില്‍
ഓടി ഒളിക്കുമ്പോള്‍..
എല്ലാ ഓര്‍മ്മകളും ..
ഹൃദയത്തിന്‍ തുടിപ്പില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നു.....

വെള്ളിയാഴ്‌ച, നവംബർ 12, 2010

ഈദ് മുബാറക്ക്...




ഈ മരുഭൂമിയില്‍ ...
അനന്തമായി ‘
കുതിക്കുമീ ജീവിതയാത്രയില്‍...
പഥികരെ നിങ്ങള്‍ക്കായെന്‍
ഈദ് മുബാറക്ക്..
ചിരി തൂകി നില്‍ക്കുമാ പൌർണ്ണമി
പൊന്‍പ്രഭ പരത്തി മാനത്തുയരവെ..
നമ്മിലെ ചിന്തയും ദൈവസ്മരണയും
വിശുദ്ധ ഗേഹത്തില്‍
പുണ്യ ഹറമില്‍ അലയടിക്കുന്നു...
ഹാജറ തന്‍ കൈകുഞ്ഞിനായുള്ള
ദാഹ ജലം തേടി നെട്ടോട്ടമോടവെ..
ദൈവത്തിന്‍ കാരുണ്യഹസ്തമായി
കാലമിന്നും മറക്കാത്ത ധന്യസ്മൃതികളില്‍..
നിറഞ്ഞു തുളുമ്പുന്ന തീര്‍ത്ഥമാം സംസവും
ഓടിയെത്തുന്നു ഓര്‍മകളില്‍
ഉടയോന്റനുഗ്രഹ വര്ഷിപ്പുകള്‍
ഓതിടുന്നു ഞാനേവര്‍ക്കും
ബലിപെരുന്നാളിന്‍ ആശംസകള്‍
നേര്ന്നിടുന്നു.
ലോകരെ നിങ്ങള്‍ക്കെന്‍
സ്നേഹോഷ്മളമാം ...
ഈദ് മുബാറക്ക്...

ചൊവ്വാഴ്ച, നവംബർ 09, 2010

കടപ്പാട് ...


പ്രതീക്ഷയോടും പ്രത്യാശയോടും കൂടിയുള്ള പത്തുമാസത്തെ കാത്തിരിപ്പിനൊടൂവില്‍ തന്‍റെ ആഗ്രഹം പോലെ ഒരാണ്‍ കുഞ്ഞിനെ അവള്‍ ‍സമ്മാനിച്ചിരിക്കുന്നു... ദൈവത്തിനു സ്തുതി പറഞ്ഞു കൊണ്ട് പ്രസവ വാര്‍ഡിനു മുന്നില്‍ സന്തോഷത്താല്‍ കാത്തു നില്‍ക്കുമ്പോള്‍ നഴ്സ് അയാളെ അകത്തേക്ക് വിളിച്ചു. തന്റെ പൊന്നോമനയെ ഒന്ന് തൊട്ടു തലോടുവാന്‍ അവനെ ഒന്ന് ലാളിക്കാന്‍ ഭാര്യയുടെ അടുക്കലേക്ക് അയാള്‍ അതിവേഗം നടന്നു. .. !
നമ്മുടെ കുഞ്ഞു മോനെ കണ്ടോ....എന്ന അഹങ്കാരം അവളുടെ ചിരിയില്‍ നിന്നും അയാള്‍ വായിച്ചെടുത്തുവെങ്കിലും പേറ്റുനോവിന്റെ ക്ഷീണം അവളുടെ മുഖത്തയാള്‍ക്ക് കാണാന്‍ കഴിഞ്ഞു. തന്റെ കുഞ്ഞിന്റെ മൃദുലമാം മേനിയില്‍ വാത്സല്യത്തോടെ തൊട്ടു തലോടികൊണ്ടിരിക്കുമ്പോള്‍ കുഞ്ഞിന്‍റെ കൈകളിലേക്കയാള്‍ സൂക്ഷിച്ചു നോക്കി.
ചുരുട്ടിപിടിച്ച പിഞ്ചു കൈകള്‍ക്കുള്ളില്‍ എന്തോ അയാള്‍ കണ്ടു .........അത് മുലപാലിന്റെ വില ആയിരുന്നു എന്നു പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു .....

വ്യാഴാഴ്‌ച, ഒക്‌ടോബർ 28, 2010

ചിതയിലേക്കൊരു വോട്ട്..



ശാരദയുടെ കരച്ചില്‍  നിശബ്ദതയെ  കീറി  മുറിക്കുന്നു.. മുറ്റത്ത് നിറയെ ആള്‍ക്കൂട്ടം.!! ഒരു ഭാഗത്ത് ആരെല്ലാമോ ചേര്‍ന്ന് ചിതയോരുക്കുന്ന തിരക്കിലാണ് .!
സുഹൃത്തിന്‍റെ വേര്‍പാടില്‍ മനം നൊന്ത് ആള്‍കൂട്ടത്തില്‍ നിന്നും അൽപ്പം മാറി നില്‍ക്കുകയായിരുന്ന ബഷീറിന്‍റെ അടുത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന രണ്ട് പേര്‍ ചെന്ന് സജീവനെ അന്വേഷിച്ചു .
“ എന്താ കാര്യം ?”
ബഷീര്‍ അവരെ നോക്കി ചോദിച്ചു.!
“സജീവന്‍റെ വോട്ട് വോട്ടര്‍പട്ടികയില്‍ നിന്നും തള്ളിയിരിക്കുന്നു അത് ശരിയാക്കാന്‍ പറയാന്‍ വന്നതാ”
വന്നവരില്‍ നിന്നും ഒരുവന്‍ ബഷീറിനെ നോക്കി പറഞ്ഞു.! അവരുടെ മറുപടിക്ക് മുന്നില്‍ അൽപ്പ നേരം അന്ധാളിച്ചു നിന്ന ബഷീര്‍ പതിഞ്ഞ സ്വരത്തില്‍ അവരോടായി പറഞ്ഞു.!
“രണ്ട് വര്‍ഷമായി ജീവച്ഛവവമായി കിടന്നിരുന്ന സജീവന്‍ ഇന്നു കാലത്ത് മരണപ്പെട്ടു വോട്ട് തള്ളിയ കാര്യം ഇപ്പോള്‍ അറിയിച്ചത് നന്നായി ഇനി ഏതായാലും സജീവനു ബൂത്തിലേക്ക് പോവേണ്ടല്ലോ”

വ്യാഴാഴ്‌ച, ഒക്‌ടോബർ 21, 2010

ബ്ലോഗരെ നിങ്ങൾക്കായി.......



അക്ഷര കൂട്ടങ്ങള്‍ പ്രകാശം പരത്തുമീ..
ബൂലോഗമായുള്ള ആരാമത്തില്‍ ..
ഒത്തൊരുമിച്ചു നാം മുന്നേറുക .
ഒത്തിരി നന്മകള്‍ ചെയ്തീടുക

വിരിഞ്ഞു നില്‍ക്കട്ടെ മലര്‍വാടിയില്‍ ..
കഥയുംകവിതയും നര്‍മ്മവും കാര്യവും .
വീശിടട്ടെ ഈ ബൂലോഗ പൂന്തോപ്പില്‍ ..
സൌഹൃദത്തിനിളം തെന്നല്‍ എന്നെന്നും.

പരസ്പരമുള്ള പഴിചാരലില്ലാതെ..
ബ്ലോഗതില്‍ സംസ്ക്കാരം കാത്തു സൂക്ഷിക്കാ നാം .
ആഭാസമില്ലാതെ ആകുലതകളില്ലാതെ ..
ആത്മാര്‍ഥമായി അഭിപ്രായമോതിടൂ

ക്ഷണികമീലോകം നശ്വരം ബൂലോഗം
പിന്നെന്തിനീ നമ്മള്‍ ചുഴികളില്‍ നീന്തുന്നു ?
നഖങ്ങളുരയ്ക്കുന്നു കുത്തി നോവിക്കുന്നു..?
കൂടെയുള്ളോർക്കെല്ലാം പാരപണിയുന്നു ?

നമ്മുടെ സ്വപ്‌നങ്ങള്‍ .ദുഖങ്ങളൊക്കെയും
ഭാവനയാകുന്ന പൂമ്പൊടി പാറ്റി നാം
ബൂലോഗ മാലോകർക്കരികിലെത്തിക്കുവിൻ
നല്ലതും ചീത്തയും പോരയ്മയൊക്കെയും
നന്മ പ്രതീക്ഷിച്ചു കമന്റ് പാസാക്കുവിന്‍ .

ഉള്ളത് പറയുവാന്‍ മനസ്സ് കാട്ടിടേണം
അതുൾക്കൊള്ളാനുള്ള മനസ്സുമുണ്ടാകണം
അങ്ങിനെയങ്ങിനെ ഒന്നായി നില്ക്ക നാം
അക്ഷര ദീപമായി കത്തി ജ്വലിക്ക നാം..

വെള്ളിയാഴ്‌ച, ഒക്‌ടോബർ 15, 2010

എന്നിലെ നീ .........


എന്നിലേക്കരൂപിയായി
നീ കടന്നു വന്നു ..
പിന്നെ നിനക്ക് ഞാന്‍
രൂപം നല്‍കി.
അപ്പോള്‍ നീയെന്റെ
ഹൃദയം കവര്‍ന്നു

ഞാന്‍ നല്‍കിയ രൂപം
തന്നെയോ നീയെന്നറിയുവാന്‍
ഞാന്‍ കൊതിച്ചു
നിന്നെയൊന്നു കണ്ടെങ്കിലെന്നെന്‍
മനം തുടിച്ചു
കണ്ടപ്പോള്‍ മൊഴിക്കായി
കാതോർത്തിരുന്നു
നിന്‍ മധുമൊഴികളെന്നിൽ
മധുഹാസമായി .
നീയെന്നിലെ മയൂഖമായി.
എന്നിൽ നിന്നും നീ
അകലാതിരിക്കുവാൻ
എന്നാത്മാവിൽ ബന്ധിച്ചു
എന്നേക്കുമായ്..


വെള്ളിയാഴ്‌ച, ഒക്‌ടോബർ 01, 2010

വനരോദനം

കാലികമാമൊരു ദു:ഖസത്യത്തെ ഞാന്‍
കണ്ണീരില്‍ ചാലിച്ചെഴുതിടട്ടെ..

കാരുണ്യമറ്റൊരാ മാനവന്‍ ചെയ്തിയില്‍

കാതരയായ് ഞാന്‍ കേണിടട്ടെ



പൊന്നിന്‍ ചിരി തൂകി നിന്നൊരാ കൊന്നയും

കണ്ണിന്നമൃതമായ് വാകമരപ്പൂക്കളും

തരളിതത്തണല്‍ നല്‍കുമശോകമരങ്ങളും

അമ്പലത്തറയിലെ ആല്‍മരവും

കരയുടെ കാവലാം കണ്ടല്‍ കാടും

ഇന്നവയെല്ലാം മറഞ്ഞു പോയീ

കരുണയില്ലാത്തവരരിഞ്ഞു മാറ്റി!



താളമേളങ്ങള്‍ തന്‍ പുലരി മഴ

സംഗീത സാന്ദ്രമായ് രാത്രിമഴ

കുളിര്‍തൂകിയെത്തിടും വേനല്‍ മഴ

സങ്കീര്‍ത്തനം പോലൊരു ചാറ്റല്‍ മഴ

ഇടവപ്പാതിക്കു വന്നെത്തുമാ ചറ പറ

പേമാരിയൊക്കെയിന്നെങ്ങുപോയീ..?



കാനനമെല്ലാമിടതൂര്‍ന്ന കാലം

മര്‍ത്ത്യർ പ്രകൃതിയില്‍ കൈകടത്തി

കാടുകള്‍ മേടുകള്‍ മാമരമൊക്കെയും

മുച്ചൂടും വെട്ടി മണിമന്ദിരം കേറ്റി

തലമുറ തലമുറ കൈമാറി വന്നൊരാ

തിലകക്കുറികളും മാഞ്ഞു പോയീ



പാലകള്‍ പൂക്കുട തീര്‍ത്തൊരാ കാലവും

പൂവാലന്‍ കിളികൾ തന്‍ കേളീ വനങ്ങളും

മാമല പൂമല ക്കാടുകള്‍ മേടുകള്‍

മണിമാളികക്കാടുകളായി മാറി

ആ മരക്കുറ്റിയില്‍ നിന്നും കരഞ്ഞൊരാ

പൈങ്കിളിയെങ്ങോ പറന്നു പോയി

തന്‍‌കുഞ്ഞിനായൊരു കൂടൊരുക്കീടുവാൻ

വഴി കാണാതവള്‍ പറന്നകന്നൂ..

അലമുറയിട്ടുകരയുന്നു പക്ഷികള്‍

കലികാലലക്ഷണമാകുമോ ദൈവമേ!

ചൊവ്വാഴ്ച, ഓഗസ്റ്റ് 17, 2010

റയ്യാൻ




റയ്യാനിൻ വാതായനത്തിൽ

നന്മയുടെ പുഷ്പഹാരവുമായി...

മന്ദസ്മിതം തൂകിനിൽക്കുന്നു...

മാലാഖമാർ ആകാശനീലിമയിൽ

പാപത്തിൻ അസ്തമയ സീമയിൽ

ഉദയം കൊണ്ട

നന്മയുടെ പൊൻ കിരണങ്ങൾ

ദൈവദാസരുടെ കണ്ണിമയിൽ തട്ടി

പ്രതിഫലിക്കുന്നു ....
റയ്യാനെന്ന കവാടത്തിൽ

വ്രതത്തിൻ ചാരുതയാൽ ....

മനസിൽ നന്മയുടെ തിരിതെളിയിച്ച്..

വിശ്വാസത്തിൻ ദ്രഡതയാൽ

വിശുദ്ധമാം ഗ്രന്ഥത്തിൻ

വിശാലതയിലേക്ക് ആണ്ടിറങ്ങി....

നന്മയുടെ മുത്തുച്ചിപ്പികൾ


വാരിയെടുക്കുക നീ..

വലം കൈ നൽകുന്നത്

ഇടം കൈ അറിയാതെ ...

വരുന്നവർക്കൊക്കെ

വാരിക്കൊടുക്കുക നീ..

പുണ്യ മാസത്തിൻ

നിലാവെളിച്ചത്തിൽ .....

പള്ളിമിനാരങ്ങൾ മാടിവിളിക്കുന്നു ....

നിൻ മനതാരിൽ നന്മയുടെ
പറുദീസ കെട്ടിപടുക്കുവാൻ

റയ്യാനിൽ വാതായനം

നിനക്കായി തുറന്നിരിക്കുന്നൂ..

നിൻ നാഥന്റെ സ്നേഹ സമ്മാനമായി....

തിങ്കളാഴ്‌ച, ജൂലൈ 19, 2010

ഇന്റർ വെൽ


“വേഗം ഒരുങ്ങി വാ അവരിപ്പോഴിങ്ങെത്തും”.



ഉമ്മ തിരക്കു കൂട്ടികൊണ്ടിരിക്കുന്നു. സൈനു കുളികഴിഞ്ഞ് ഈറന്‍ മുടിയുമായി റൂമിനുള്ളിലേക്ക് കയറി വാതില്‍ ചാരുമ്പോഴേക്കും കളിക്കൂട്ടുകാരി പ്രസന്ന ഓടിക്കിതച്ചെത്തി.



“ഡീ,, ഞാന്‍ മാറ്റിത്തരാം.,,മൊഞ്ചത്തി ആയിക്കൊട്ടെ. ചെക്കനെ ഒറ്റക്കാഴ്ചയില്‍ തന്നെ നമുക്ക് വീഴ്ത്തണം”



കൊഞ്ചലോടെ സൈനുവിന്‍റെ കവിളില്‍ നുള്ളികൊണ്ട് പ്രസന്ന പറഞ്ഞു. മുഖത്ത് വന്ന നാണം മറച്ചുപിടിക്കാന്‍ സൈനു ഒരു വിഫല ശ്രമം നടത്തി ചിരിച്ചുകൊണ്ട് പ്രസന്നയെ പിറകിലേക്ക് തള്ളി.. ഒരു മൂളിപ്പാട്ടുമായി പ്രസന്ന സൈനുവിനെ ഒരുക്കികൊണ്ടിരിന്നു.


ചായകപ്പുകളുമായി അവര്‍ക്കു മുന്നിലേക്കു ചെല്ലുമ്പോള്‍ ഉള്ളിലെന്തോ ഒരിടിപ്പു പോലെ സൈനുവിനു തോന്നി. മെല്ലെ തല ഉയര്‍ത്തി അവള്‍ പയ്യന്‍റെ മുഖത്തേക്ക് നോക്കി. എവിടയോ കണ്ട മുഖം സൈനു ഒന്നുകൂടി സൂക്ഷിച്ചു നോക്കി. പുഞ്ചിരിച്ചു കൊണ്ട് തന്‍റെ മുന്‍പില്‍ ഇരിക്കുന്ന ആളെ സൈനു തിരിച്ചരിഞ്ഞു. ഷംസു...!!



ചായപാത്രം ടീപോയി വെച്ച് സൈനു അകത്തേക്ക് കയറി.സൈനു അറിയാതെ ഓര്‍മകള്‍ പഴയകാലത്തിലേക്ക് ഊളിയിട്ടിറങ്ങി ......


പുലരിയിൽ വിടർന്നു നിൽക്കുന്ന നന്ത്യാർ വട്ട പൂവിന്റെ ദളങ്ങളിൽ മുത്തുകൾ പോലെ തങ്ങി നിൽക്കുന്ന മഞ്ഞുകണങ്ങൾ സൈനുവിന്റെ മനസിനും കണ്ണിനും കുളിർമയേകി..നിലാവിന്റെ ഒളിമങ്ങാത്ത സൌന്ദര്യത്തിൽ മതി മറന്നുറങ്ങുന്ന പ്രഭാതം അടുക്കളയിൽ രാവിലെ തന്നെ ഉമ്മയുണ്ടാക്കി വെച്ച ചായയും പലഹാരവും കഴിച്ച് യൂണിഫോം അണിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോഴെക്കും കൂട്ടുകാരി പ്രസന്ന മുറ്റത്ത് കാത്ത് നിൽപ്പ് തുടങ്ങിയിരുന്നു.




പുഴക്കരയില്‍ കടത്തുകാരന്‍ മമ്മദിക്കയെയും കാത്തു നില്‍ക്കുന്നതിനിടയില്‍ ചെയ്തു തീര്‍ക്കാനുള്ള ഹോംവര്‍ക്കിനൊരു തുടക്കമിടാന്‍ ശ്രമിച്ചപ്പോഴെക്കും മമ്മദിക്ക ചായ കുടി കഴിഞ്ഞ് കടവില്‍ എത്തി.



തുഴവെള്ളത്തിലേക്ക് ആഞ്ഞുതള്ളുന്നതിനിടയിലെ മമ്മദിക്കയുടെ ശ്വാസം വലി ഉയര്‍ന്ന് കേൾക്കുന്നുണ്ടായിരുന്നു. പാവം വയ്യാതായിരിക്കുന്നു. മക്കളെല്ലാം നല്ല നിലയില്‍ ‍ ആണെങ്കിലും അദ്ദേഹത്തിന്‍റെ കാര്യം കഷ്ടം തന്നെ.



തോണിയിറങ്ങി സ്കൂളിലേക്ക് നടക്കുന്നതിനിടയില്‍ ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ രണ്ടുപേരും പെട്ടെന്നോടി ക്ലാസിലെത്തി..ഇന്റർ ബെല്ലായപ്പോള്‍ പലരും പുറത്തു പോയി. പ്രസന്ന വിളിച്ചെങ്കിലും സൈനു കൂടെ പോയില്ല. ക്ലാസിൽ തന്നെയിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ പ്രസന്ന പുറത്തു നിന്നും ഓടി കിതച്ച് വന്നു



“ഡീ സൈനൂ നീ ഇങ്ങു വാ ഒരു കാര്യം കാണിക്കാനാ.."

അവൾ കൈക്കു പിടിച്ചു വലിക്കുന്നതിനിടയിൽ .. പിറുപിറുത്തു കൊണ്ടിരുന്നു. അവളുടെ സംസാരം കേട്ടപ്പോൾ എന്തോ കാര്യമുണ്ടെന്നു സൈനുവിനും തോന്നി. അവൾ കൂടെ ചെന്നു ക്ലാസിനു പുറത്തെത്തിയപ്പോൾ എല്ലാരും കൂട്ടം കൂടി നിൽക്കുന്നു. മുന്നിൽ അതാ പത്താം ക്ലാസില്‍ പഠിക്കുന്ന ഷംസു ബ്ലേഡ് വെള്ളത്തിൽ വീണപോലെ ആടിയാടി വരുന്നു. . കുട്ടികളെല്ലാം പരസ്പരം നോക്കി നിൽക്കുന്നു. വേച്ച് വേച്ച് നടന്ന് ഷംസു പ്യൂണിന്റെ കയ്യിൽ നിന്നും ബെല്ലു പിടിച്ചു വാങ്ങി നീട്ടി ബെല്ലടിച്ചു.കൂട്ടത്തിൽ അദ്ദേഹത്തിന്റെ തലക്കിട്ടും ഒന്നു കൊടുത്തു



ലോങ്ങ്ബെല്‍ മുഴങ്ങിയപ്പോള്‍ ക്ലാസില്‍ നിന്നും കുട്ടികളെല്ലാം പുറത്തിറങ്ങി ഓടാന്‍ തുടങ്ങി

ടീച്ചേര്‍മാരെല്ലാം കൂടി പുറത്തിറങ്ങി ഒരു വിധം കുട്ടികളെയെല്ലാം ആട്ടി തെളിച്ചു ക്ലാസിനുള്ളില്‍ തന്നെയാക്കി അങ്ങിനെ അന്നത്തെ ഇന്റെർ വെൽ ലോങ്ങ് ഇന്റെര്‍ വെല്ലായി. ഷംസുവിനെ കിണറ്റിൻകരയില്‍ കൊണ്ടിരുത്തി പ്യൂണ്‍ നാരായണേട്ടന്‍ തലയിലൂടെ വെള്ളമൊഴിക്കുന്നത് സൈനുവും പ്രസന്നയും ജാലകത്തിലൂടെ കാണുന്നുണ്ടായിരുന്നു.


“എന്താ സൈനൂ ആലോചിക്കണ്.. ഹലോ സ്വപ്നം കാണാണോ…”


മുറിയിലേക്ക് കയറി വന്ന ഷംസുവിന്റെ സാനിധ്യം അവളറിഞ്ഞത് അപ്പോഴാണ്.


“ഏയ് ഒന്നൂല.. ഇന്റര്‍ ബെല്ല്..“



അവളുടെ ചുണ്ടുകള്‍ വിറച്ചു..!!

“ഇന്റര്‍വെല്ലോ... പെണ്ണുകാണലിനുമുണ്ടോ ഇന്റര്‍ ബെല്ല്?”


അവന്റെ ചോദ്യം കേട്ടപ്പോള്‍ അവള്‍ക്ക് ചിരി പൊട്ടി.


അവളുടെ ചിരി കണ്ടപ്പോള്‍ അവനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.എന്നിട്ട് പറഞ്ഞു.


“അന്ന് സ്കൂളിന്‍റെ അടുത്തുള്ള കോളനിയില്‍ വെള്ളം കുടിക്കാന്‍ ചെന്നപ്പോള്‍ സര്‍ബത്തെന്നും പറഞ്ഞ് ഒരുത്തന്‍ എനിക്ക് തന്നത് മദ്യമായിരുന്നു.പക്ഷെ അതിനു ശേഷം ഇന്നുവരെ മദ്യത്തോട് എനിക്ക് എന്തോ വെറുപ്പാണുകെട്ടോ”...



ഷംസുവിന്‍റെ നിഷ്ക്കളങ്കമായ വാക്കുകള്‍ സൈനുവിന് ഇഷ്ടമായി. എന്നെ ഇഷ്ടമല്ലെ എന്ന ചോദ്യത്തിനു മുന്‍പില്‍ സൈനു നാണത്താല്‍ മുഖം താഴ്ത്തി കാല്‍വിരലുകള്‍ കൊണ്ട് കളം വരച്ചു.!!

ചൊവ്വാഴ്ച, ജൂലൈ 13, 2010

നക്ഷത്ര താരാട്ട്


ഭയമാണെനിക്കിന്നു പകൽ വെളിച്ചം ..
പുൽകിടുന്നു ഞാൻ ഗാഡമാം കൂരിരുളിനെ..
മയങ്ങിടുന്നൂ സായം സന്ധ്യയിൽ..
തഴുകിടുന്നൂ.. പാതിരാവിനെ..

എങ്ങോ പിരിഞ്ഞു പോയ് പ്രിയമുള്ളോരെല്ലാം..
ഏകാകിയായി ഞാനുറ്റു നോക്കീടുന്നൂ
കാണുവാൻ കൺകുളിർക്കെ-
ആ സുന്ദരമാം നക്ഷത്ര കൂട്ടുകാരെ...

കൂട്ടുമോ നിങ്ങളെന്നെയുമാ-
സ്വർഗ്ഗ വീഥിയിലെന്നുമെന്നും..
മാറ്റുമോ താരമായെന്നും .
നിങ്ങൾ തൻ വർണ്ണ പകിട്ടിനാൽ.

താരാട്ടു കേട്ടുകൊണ്ടുറങ്ങിടാം ഞാൻ..
ആയിരം നക്ഷത്രത്തിളക്കമോടെ.

ചൊവ്വാഴ്ച, ജൂലൈ 06, 2010

പെണ്ണ്

പെണ്ണിനെന്നും കണ്ണു നീരു തന്നെയോ ദുനിയാവില് ...
പൊന്നും പണവും മാത്രമാണോ പെണ്ണിന്‍ മാറ്റ് പാരിതില്‍ ..
മണ്ണിതില്‍ പിറന്നതാണോ പെണ്ണ് ചെയ്ത പാതകം
കണ്ണുനീരില്‍ മാത്രമാണോ പെണ്ണിനെന്നും ജീവിതം ....

ഇസ്ലാമിലെന്നും പെണ്ണിന് തുല്യ പങ്കെന്നല്ലയോ..
ഇല്ല പുരുഷന്‍മാര്‍ക്ക് സ്ഥാനം അധികമായിട്ടൊന്നുമേ
മുത്തു നബിതന്‍ പത്നിമാരുടെ ചരിതമെന്തെന്നോര്‍ക്കുവിന്‍
മുത്തുനബിയുടെ വാക്കുകളെ പിന്‍പറ്റി മാതൃകയാക്കുവിൻ ..

പട്ടിണി പാവങ്ങളായ പെണ്ണിന്‍ വിധിയെന്തറിയുമോ?..
കൂട്ടിനിണയില്ലാതെ കാലം നീക്കിടുന്നു പാരിതില്‍ ..
വീട്ടിനുള്ളിലൊതുങ്ങിടുന്നൂ എന്നും ദുഖ പുത്രിയായ്..
നാട്ടുകാരിന്‍ നോട്ടമുണ്ടത് പരിഹാസമായി വേറെയും ..

സ്ത്രീയെ ധനമായി കണ്ടിടും കാലം വന്നടുക്കുമോ ..
സ്ത്രീധനമെന്നുള്ള ഹത്യ മാറിടുമോ ഭാവിയില്‍..
സ്ത്രീ തന്‍ സ്വത്വമെന്തെന്നു തിരിച്ചിയുക നമ്മള് ..
സ്ത്രീഏറെ മുന്നിലാണെന്ന് കാട്ടി കൊടുപ്പൂ നമ്മളു

പെണ്ണിനെന്നും കണ്ണു നീരു തന്നെയോ ദുനിയാവില് ...
പൊന്നും പണവും മാത്രമാണോ പെണ്ണിന്‍ മാറ്റ് പാരിതില്‍ ..
മണ്ണിതില്‍ പിറന്നതാണോ പെണ്ണ് ചെയ്ത പാതകം
കണ്ണുനീരില്‍ മാത്രമാണോ പെണ്ണിനെന്നും ജീവിതം ....

വ്യാഴാഴ്‌ച, ജൂൺ 24, 2010

പോസ്റ്റ് മോഡേൺ യുഗം



ആധുനികതയുടെ വിസ്ഫോടനത്തിൽ
ഉള്ളം കിടുങ്ങിടുന്നു…
അന്നത്തിനു വകയില്ലെങ്കിലും..
അശരണർക്കുമൊരു വിഡ്ഢിപ്പെട്ടി..
ചാനലുകളുടെ അതി പ്രസരത്തിൽ
നിന്നുതിർന്നു വീഴും ചവറുകൾ കാണാൻ
പ്രബുദ്ധ കേരളം തിടുക്കത്തോടെ
പെട്ടിക്കു മുന്നിൽ നിരന്നിടുന്നൂ..
റിയാലിറ്റി എന്തെന്നറിയാത്ത
ഷോകളിൽ മുഴുകിടുന്നു….
മർത്യർ അടിമയായി…

ഇന്റർനെറ്റിൻ രംഗ പ്രവേശം
ലോകം നമ്മുടെ കൈകകുമ്പിളിൽ.
സാങ്കേതികത്വത്തിൽ മുന്നേറി .
ഭൂമിയുടെ വലിപ്പം കുറക്കുന്നു നാം
മനസുകൾ തൻ അന്തരം കൂടിടുന്നൂ
മൈലുകൾക്കപ്പുറം ഇരിക്കുന്ന മർത്യർ
ഇന്നു നമ്മുടെ സ്വീകരണ മുറികളിൽ.
ചായക്കടയിലെ നാട്ടു വർത്തമാനം
എങ്ങോ പോയ് മറഞ്ഞു…..
മർത്യർ പരക്കം പായുന്നു…
ആർത്തിയോടെ
ഇരുട്ടറയിൽ നിന്ന് ഇരുട്ടറയിലേക്ക്…
ബന്ധങ്ങൾ തൻ വിലയറിയാതെ...

ഞായറാഴ്‌ച, ജൂൺ 13, 2010

പ്രതിധ്വനി....



കണ്ണാടിയുടെ മുന്‍പില്‍ അണിഞ്ഞൊരുങ്ങുന്ന മിനിയെ നോക്കി മുത്തശ്ശി പറഞ്ഞു.

“എന്‍റെ കൂട്ട്യേ നീ ഇപ്പം വല്യകുട്ടിയായി ഈ തുള്ളിച്ചാട്ടമൊക്കെ നിര്‍ത്തണം ”

മുത്തശ്ശിയുടെ വാക്കുകള്‍ അവളില്‍ പരിഭ്രമം ഉളവാക്കി.! കണ്ണാടിയിലെ പ്രതിബിംബ ത്തെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. സ്കൂളിലേക്കുള്ള വിജനമായ പാതയോരങ്ങളിലൂടെ നടക്കുമ്പോഴെല്ലാം അവളുടെ മനസ്സില്‍ ആ വാക്കുകള്‍ പ്രതിധ്വനിയായി....
വീട്ടിലെ ചാണകം തേച്ച ഉമ്മറത്തിരുന്നു കൊത്തങ്കല്ല് കളിക്കുന്നതിനിടയില്‍ മീന്‍കാരന്‍ഗോപാലന്‍റെ ആര്‍ത്തി പിടിച്ച കണ്ണുകള്‍ തന്‍റെ മാറിടത്തിലേക്ക് ചൂഴ്ന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ,പതുക്കെ അകത്തേക്ക് ഉള്‍വലിയുമ്പോഴും മുത്തശ്ശിയുടെ വാക്കുകള്‍ അവളെ വേട്ടയാടി കൊണ്ടിരുന്നു.

രാത്രിയുടെ ഇരുട്ടില്‍ ആര്‍ത്തു പെയ്ത മഴയുടെ ഭയപ്പെടുത്തുന്ന സീല്‍ക്കാരങ്ങള്‍ക്കിടയില്‍ തന്‍റെ തണുപ്പ് കയറിയ ശരീരത്തില്‍ ചൂട് പകര്‍ന്ന സ്വപ്നം പൂര്‍ണ്ണ മാകുന്നതിനു മുന്‍പ്, നാസദ്വാരങ്ങളിലേക്ക് ഇരച്ചു കയറിയ മദ്യത്തിന്റെ മണം അവളെ അസ്വസ്ഥത പ്പെടുത്തിയെങ്കിലും അവിടെ മാത്രം മുത്തശ്ശിയുടെ വാക്കുകള്‍ അവള്‍ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
തന്‍റെ സ്വന്തം അച്ഛന്‍റെ മുന്നില്‍ ആ വാക്കുകള്‍ക്ക്‌ എന്ത് പ്രസക്തി!

മാസങ്ങള്‍ക്ക് ശേഷം ചാണകം മെഴുകിയ തറയില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ അച്ഛന്‍റെ ശവശരീരത്തിനു മുന്‍പില്‍ നിന്ന് കൈവിലങ്ങുമായി ഇറങ്ങിപ്പോവുന്ന അമ്മയുടെ ദയനീയ മുഖമോ മുത്തശ്ശിയുടെ ഉച്ചത്തിലുള്ള നിലവിളിയോ തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കാരണം അവള്‍ അറിഞ്ഞില്ല.

അച്ഛന്‍റെ ശവത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ മദ്യത്തിന്റെ വൃത്തികെട്ട നാറ്റം പരിസരമാകെ നിറഞ്ഞപ്പോഴും അവളുടെയുള്ളില്‍ മുത്തശ്ശിയുടെ വാക്കുകള്‍ പ്രതിധ്വനിയായി ...........

“എന്‍റെ കൂട്ട്യേ നീ ഇപ്പം വല്യകുട്ടിയായി ഈ തുള്ളിച്ചാട്ടമൊക്കെ നിര്‍ത്തണം ”
(ഒരു കവിത യെ കഥയാക്കാനുള്ള ശ്രമം )

ചൊവ്വാഴ്ച, ജൂൺ 01, 2010

യാത്രാമൊഴി...


കാല ചക്രത്തില്‍ ബലി കഴിച്ചൊരാ ..
കൌമാര സുദിനങ്ങളിൽ...
നിനച്ചിരിക്കാതൊരു ദിനം
എന്നരികിലെത്തി നീ
നിന്നില്‍ ഞാന്‍ കണ്ടത്
മൌനത്തിന്‍ നിഴല്‍ മാത്രം ..
നിന്നില്‍ നിന്നും ഞാന്‍ കേട്ടത്
തെല്ലിടവിട്ട വാക്കുകളും..
അതില്‍ നിന്നുയര്‍ന്ന സ്നേഹ വയ്പ്പും
വെറും പാഴ്ക്കിനാവായിരുന്നു
നിന്‍ സൌഹൃദം ...
ദിക്കേതെന്നറിയാത്ത ഒരു പക്ഷിയെ പോലെ
വന്നു പെട്ടതാണോ ?എന്നരികില്‍
നോവും ഹൃദയം എൻ മുന്നിലർപ്പിക്കുവാൻ
എങ്ങു നീ പോയി മറഞ്ഞു പെട്ടെന്നൊരു ദിനം
ജാലക ചിന്തിലൂടെ സ്വർണ്ണ വർണ്ണമാം
പൊൻ കിരണം എന്നെ തൊട്ടു വിളിച്ചപ്പോള്‍
ഒരു നിമിഷം നിയാണോ എന്നോര്‍ത്ത് ഞാന്‍
ഇനിയൊരിക്കല്‍ എന്നരികിലെത്തിയാല്‍
എന്‍ ഹൃദയ സാഗരത്തില്‍ നിന്നും
മുങ്ങിയെടുത്ത ഒരു പിടി മണിമുത്തുകള്‍
സ്നേഹത്തില്‍ നൂലിഴയില്‍ കോര്‍ത്ത്‌
കാത്തു വെച്ചു ഞാന്‍ നിനക്കേകിടാനായി..
അറിഞ്ഞിരുന്നില്ല ഞാന്‍ ഏതോ വിദൂരതയിലാണ്
നീയിന്നുള്ളതെന്ന്‍...
കാലമെന്‍ ഹൃദയത്തിൽ
തിരശ്ശീല വീഴ്ത്തിയപ്പോൾ...
തകർന്നടിഞ്ഞ സൌഹൃദത്തിൻ
ഒളിമങ്ങാത്ത ഓർമ്മകളുമായി...
നേരുന്നു നിനക്കായി...
ഒരായിരം യാത്രാ മംഗളം









ഞായറാഴ്‌ച, മേയ് 23, 2010

എരിഞ്ഞമർന്ന പ്രതീക്ഷകൾ



പ്രവാസത്തിന്‍ കടലുകള്‍ താണ്ടി
പ്രതീക്ഷ തന്‍ തീരം തേടി
തന്‍ കണ്മണിയെ
ഒരു നോക്ക് കാണുവാന്‍
പ്രിയതമയെ മാറോടു ചേര്‍ക്കുവാന്‍
തന്‍ കുഞ്ഞു പെങ്ങള്‍ക്ക്
മംഗളം നേരുവാന്‍ ....
ചോര നീരാക്കി കെട്ടിപ്പടുത്ത
തന്‍ ചെറു കൂരയിലന്തിയുറങ്ങുവാൻ
മോഹത്തിന്‍ ചിറകിലേറി
പറന്നവന്‍ ....
ആരോരുമറിയാതെ
അവനിൽ പ്രതിധ്വനിയായി..
മരണത്തിന്‍ ചിറകടി ശബ്ദം
മോഹങ്ങളെല്ലാം
അഗ്നി ഗോളമായി പൊട്ടിത്തെറിച്ചു
പാതി വെന്തതും കത്തിക്കരിഞ്ഞതും
മാത്രമായി ....
പ്രതീക്ഷകളെല്ലാം
ഒരു പിടി ചാരമായി ...
(എന്റെ മനസിൽ തോന്നിയ നൊമ്പരം നിങ്ങളുമായി പങ്കു വെക്കുന്നു)

ഞായറാഴ്‌ച, മേയ് 16, 2010

മർത്യവിവേകം


ആയുസ്സിന്‍ പാതിയും
വിട ചൊല്ലി പിരിഞ്ഞിട്ടും
ആയുസ്സിന്‍ മഹത്വം
തിരിച്ചറിഞ്ഞില്ല നാം
(ആയുസ്സിന്‍ കര്‍മ്മ കാണ്ഡം )

ജീവിതത്തിന്‍ ദൌത്യം
എന്തെന്നറിയാതെ
മുന്നോട്ടു കുതിക്കുന്നു  മന്നവന്‍ 
അഹങ്കാരിയായി ...
മദോന്മ്മത്തനായി..

സുഖാലസ്യത്തില്‍ മുഴുകി
മര്‍ത്യര്‍  തന്‍ പരിമിതികള്‍
അഗണ്യകോടിയില്‍ തള്ളി
സുഖത്തിന്‍  വിഹായസ്സിലേറി
ആസക്തിതൻ അനന്തതയിലേക്ക്

അന്യന്റെ കണ്ണീര്‍ തുടക്കാതെ
രമ്യ ഹർമ്മത്തിൻ അനുഭൂതിയിൽ
അമ്പരച്ചുമ്പിയാം മട്ടുപ്പാവിലേറി
വിശപ്പിന്റെ കൊലവിളികളറിയാതെ
അണുകുടുംബത്തില്‍ ഒതുങ്ങിടുന്നു

പകലിരവുകളിൽ വിശ്രമമില്ലാതെ
പാപത്തിൻ ചേറിലാണ്ടിടുന്നു
തന്റെ പിഴവുകൾ ബാക്കി നിൽക്കെ
ചൂണ്ടിടുന്നു  അന്യന്റെ പിഴവുകളിൽ
ചൂണ്ടു വിരൽ തൻ അഹന്തയാൽ.

അറിയുന്നില്ല  ബാക്കി വിരലുകൾ
തനിക്കു നേരെ തിരിഞ്ഞതാണെന്ന്
ആയുസ്സില്ലിനി അഹങ്കരിക്കുവാൻ
അറിയുക  മര്‍ത്യാ വിവേകിയായ്
അപാരമാം ഈശ്വരകടാക്ഷം..
 
.

തിങ്കളാഴ്‌ച, മേയ് 10, 2010

വികസനം




നാട്ടില്‍‍ വികസനം വരുന്നെന്ന് എല്ലാരും പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചു.

ഞങ്ങളുടെ ഗ്രാമവും പുരോഗതിയുടെ നെറുകയിലേക്ക്.!!

എന്നാല്‍ അതിന് ഈ റോഡ്‌ വീതി കൂട്ടണമെന്ന്.!!



സർവ്വേ നടത്താനായി ഏമാന്മാർ എത്തി.

“പ്രായമായ പെണ്‍ മക്കളുമായി നമ്മള്‍ എങ്ങോട്ടിറങ്ങും ?"

അമ്മയുടെ വാക്കുകള്‍ കേട്ടപ്പോഴാണ് ചോരനീരാക്കി വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്ത ഈ ചെററക്കുടില്‍ നഷ്ടമാവുമെന്ന ചിന്ത മനസ്സില്‍ വന്നത്.! ഇടറിയ വാക്കുകള്‍ തൊണ്ടയിലുടക്കി വൃദ്ധ പിതാവ് കണ്ണീരണിഞ്ഞു !!.

ജെ.സി.ബിയുടെ ഇരുമ്പു ദ്രംഷ്ടങ്ങള്‍ തങ്ങളുടെ വീടിനെ ഉന്നം വെച്ച് ഒരു ഭീകര ജീവിയായ്‌ പാഞ്ഞടുക്കുമ്പോള്‍ ....തൊട്ടടുത്ത കവലയില്‍ നോട്ടുമാലകള്‍ ഏറ്റുവാങ്ങി , നാടിന്‍റെ വികസനത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയായിരുന്നു നമ്മുടെ മന്ത്രിപുംഗവന്‍!!!

ഞായറാഴ്‌ച, മേയ് 02, 2010

കുറ്റ്യാടിക്കൊരു ബസ്സ്

മക്കള്‍ സ്കൂളിലും ഇക്ക ഷോപ്പിലേക്കും പോയി കഴിഞ്ഞപ്പോള്‍ ഇനി എന്തു ചെയ്യണം എന്ന സംശയത്തില്‍ ഇരിക്കുമ്പോഴാണ് പകുതി വായന കഴിഞ്ഞു വെച്ചിരുന്ന ഒരു പുസ്തകം കണ്ണില്‍ പെട്ടത്.!! ഞാന്‍ ആ പുസ്തകവും എടുത്ത് മറിച്ചുകൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു (പുസ്തക വായന കൊണ്ട് എനിക്ക് രണ്ട് ഗുണമുണ്ട്.! വിവരങ്ങള്‍ മനസ്സിലാക്കി എടുക്കുന്നതോടൊപ്പം ഉറങ്ങാന്‍ എനിക്കിതിലും നല്ല മറ്റൊരു മരുന്നില്ല ) ടൈംപീസെടുത്ത് പത്തര മണിക്ക് അലാറം വെച്ച് പുസ്തകത്തില്‍ വായിച്ചു നിറുത്തിയിരുന്ന പേജ് തിരഞ്ഞെടുത്തു .!! ഒന്ന് രണ്ട് പേജ് വായിച്ചപ്പോള്‍ ബാക്കി വായിക്കാന്‍ എന്തോ മൂഡ് കിട്ടുന്നില്ല.!!


പുസ്തകം മടക്കി ഞാന്‍ കട്ടിലില്‍ തന്നെയിട്ട് ഒന്നു തിരിഞ്ഞു കിടന്നപ്പോഴാണ് മൊബൈല്‍ ഒന്ന് ശബ്ദിച്ചതായി തോന്നിയത് .!! ആരാണാവോ രാവിലെ തന്നെ ഒരു മിസ്ക്കീന്‍ കോള്‍.(മിസ്ഡ്കോള്‍) മൊബൈലെടുത്ത് നമ്പര്‍ നോക്കിയപ്പോള്‍ അസ്മത്ത്..!! ഞാന്‍ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു ..സലാം ചൊല്ലി തീരുന്നതിനു മുന്‍പ് അസ്മത്ത പറഞ്ഞു.!
“റഷീ... ഞാന്‍ പ്രസവിച്ചുട്ടോ .. മോനാ .. ഞാന്‍ പിന്നീട് അങ്ങോട്ട്‌ വിളിക്കാം മോന്‍ കരയുന്നു.."
അസ്മത്തയുടെ സംസാരം കേള്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു സന്തോഷം കൊണ്ട് മറുപടി പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല.!! ഒ.കെ സലാം പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.!!
അസ്മത്തയുടെ സ്വരം കേട്ടപ്പോഴാണ് പഴയ ഓര്‍മ്മകള്‍ മനസിലേക്ക് ഓടിയെത്തിയത്.!!
മോശമല്ലാത്ത മാര്‍ക്കില്‍ പത്താം ക്ലാസ് വിജയിച്ചപ്പോള്‍ വലിയ സന്തോഷമൊന്നും തോന്നിയില്ല ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ എന്‍റെ ചെറിയ ഇക്കയുടെ കൂടെ കോളെജിലേക്ക് പുറപ്പെട്ടു അവിടെ തന്നെയുള്ള ഹോസ്റ്റലില്‍ താമസമായത് കാരണം കയ്യിലുണ്ടായ ബാഗിനും കനം കൂടുതലായിരുന്നു .. വേര്‍പാടിന്റെ വേദനയും പുതിയ സാഹചര്യങ്ങള്‍ എങ്ങിനെയെന്നുമുള്ള ആധിയോടുംകൂടി കോളേജ് മുറ്റത്തെത്തി അവിടെ ധാരാളം കുട്ടികളെ കണ്ടപ്പോള്‍ മനസിന്‌ തെല്ലൊരാശ്വാസം തോന്നി .ഇക്ക പ്രിന്സിപ്പാളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ തൊട്ടടുത്തുള്ള ഹോസ്റ്റലിന്റെ നീല നിറമുള്ള കൂറ്റന്‍ കവാടത്തിലായിരുന്നു ..അവിടെ കുറെ കുട്ടികള്‍ കവാടത്തിന്റെ പഴുതിലൂടെ ഒളിച്ചു നോക്കുന്നത് എനിക്ക് കാണാന്‍ സാധിച്ചു ഉള്ളിലുള്ള വിഷമം പുറത്തു കാണിക്കാതെ അവര്‍ക്കൊരു ചിരി പാസാക്കി കൊടുത്തു..!!
               കുറച്ചു കഴിഞ്ഞപ്പോള്‍ ആ കവാടം തുറക്കുന്ന ശബ്ദം കേട്ടു സശ്രദ്ധം നോക്കിയപ്പോള്‍ മൂന്ന്‍ പര്‍ദ്ദ ധാരിണികള്‍.... അവരുടെ കയ്യില്‍ തൂക്കി പിടിച്ച കുറച്ചു പാത്രങ്ങളും ... അവര്‍ ഒഫീസിലെക്കു തന്നെയായിരുന്നു വന്നത് ..എന്‍റെ അടുത്തെത്തിയപ്പോള്‍ അവരില്‍ ഒരുവള്‍ എന്നോട് ചോദിച്ചു.!!

"കുട്ടി എവിടുന്നാ ??? (അന്ന്‍ അതായിരുന്നു ചോദിച്ചതെന്ന് എനിക്ക് മനസിലായിരുന്നില്ല )

രണ്ട് മൂന്നു പ്രാവശ്യം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.!!

"കോഴിക്കോട് ..അടുത്ത് കുറ്റ്യാടി..!


പിന്നെ ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ അവര്‍ ഓഫീസിനടുത്തുള്ള ഗസ്റ്റ് റൂമില്‍ ഭക്ഷണവും വെച്ച് പോകാന്‍ തുടങ്ങുമ്പോള്‍..!!

“അസ്മാ…


പ്രിന്‍സിപ്പാള്‍ സാറിന്‍റെ ശബ്ദം കേട്ട് ഞാനും അങ്ങോട്ട് ശ്രദ്ധിച്ചു .!!

"ഇവളെയും കൂടെ കൂട്ടിക്കോ "



കൂട്ടത്തില്‍ ഒരുത്തിയെ നോക്കി സാര്‍ പറഞ്ഞു.!! അതും കൂടി കേട്ടതോടെ ഞാന്‍ അടക്കി പിടിച്ച തേങ്ങലുകള്‍ എന്‍റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ പുറത്തേക്കൊഴുകി..ഞാന്‍ ഇക്കയുടെ കൈ മുറുക്കെ പിടിച്ചു.. ഇക്ക എന്‍റെ തോളില്‍ തട്ടി ഒന്നും ഉരിയാടാതെ എന്നെ യാത്രയാക്കി.!!


ഹോസ്റ്റലിന്‍റെ ഗേറ്റ്‌ കടന്ന് ഉള്ളില്‍ എത്തിയപ്പോള്‍ എന്തോ അത്ഭുത വസ്തുവിനെ കാണുന്ന രീതിയില്‍ അവിടെയുണ്ടായിരുന്ന കുട്ടികളെല്ലാം എന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് തോനി.!! ഞാന്‍ ആരോടും ഒന്നും മിണ്ടാതെ അസ്മയുടെ പിറകെ നടന്നു.!!


ഒരു ബെല്ലടി കേട്ടതോടെ കുട്ടികളെല്ലാം ഓടിപോകുന്നതും കണ്ടു. വിശപ്പിന്‍റെ കാഠിന്യം കൊണ്ടാണെന്ന് തോനുന്നു ആ സമയം സാമ്പാറിന്‍റെ മണം എന്‍റെ നാവില്‍ വെള്ളച്ചാട്ടം ഉണ്ടാക്കി. ബാഗിന്‍റെ ഭാരവും താങ്ങി കൊണ്ട് അസ്മയുടെ കൂടെ എത്താന്‍ വല്ലാതെ പാടുപെട്ടു.!!
വാര്‍ഡന്‍റെ റൂമിലേക്കായിരുന്നു അസ്മ എന്നെ കൊണ്ട് പോയത് അവരുടെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ ക്രൂരനായ പോലീസുകാരന്‍റെ കയ്യില്‍ പെട്ട ഒരു പാവം കള്ളന്‍റെ പ്രതീതിയിലായിരുന്നു.!!



"റഷീദ എന്നാണല്ലേ പേര് ?…റഷീദ യുടെ സ്ഥലം ???



വാര്‍ഡന്‍റെ സംസാരം കേട്ടപ്പോള്‍ എന്തോ എന്‍റെ മനസ്സിനു ഒരു സമാധാനമായി..ഞാന്‍ ചെറു പുഞ്ചിരിയാല്‍ “കുറ്റ്യാടി“ എന്നു പറഞ്ഞൊപ്പിച്ചു അവരെല്ലാം ആസ്ഥലം ആദ്യമായി കേള്‍ക്കുന്നത് പോലെ എനിക്ക് തോന്നി !! .അവര്‍ പലതും ചോദിക്കുന്നുണ്ടെങ്കിലും എനിക്കവരുടെ ഭാഷ അത്ര പെട്ടെന്ന് പിടിച്ചെടുക്കാനായില്ല സംസാര ശൈലിയിലെ മാറ്റം വല്ലാതെ ബുദ്ധിമുട്ടായി തോന്നി.!!



“ റഷീദ കുറ്റ്യാടി അല്ലെ ? അവര്‍ വീണ്ടും ചോദിച്ചു . ഞാന്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി അവിടെ അവര്‍ക്കെന്റെ ആംഗ്യ ഭാഷയും മനസിലായില്ല അവിടെയൊക്കെ തലയാട്ടിയാല്‍ ഇല്ല എന്നര്‍ത്ഥത്തില്‍ ആണെന്ന് പിന്നീടാണെനിക്ക് മനസിലായത്



“അസ്മ… കുറ്റ്യാടിയുടെ ബാഗ്‌ നിന്‍റെ റൂമില്‍ വെച്ചിട്ട് അവള്‍ക്കു ഭക്ഷണം വാങ്ങി കൊടുക്ക്!!



അന്നുമുതല്‍ ഞാന്‍ കുറ്റ്യാടി ആയി. വാ കുറ്റ്യാടി എന്ന അസ്മയുടെ വിളി കൂടി ആയപ്പോള്‍ എന്തോ നാട്ടിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിയത് പോലെ തോന്നി എനിക്ക് .!!



അസ്മയുടെ പിറകെ അവരുടെ റൂമിലേക്ക്‌ നടന്നു അവിടെ കയറിയപ്പോള്‍ കുറ ബാഗുകള്‍ ചുമരരികില്‍ അടുക്കി വെച്ചിരിക്കുന്നത് മാത്രമേ കണ്ടുള്ളൂ



“ഇവിടെ എന്താ അരുമില്ലത്തെ ?



ഞാന്‍ ആദ്യമായി അസ്മയോടു ഒന്ന് സംസാരിച്ചു.!!



“ അവരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയി വാ നമുക്കും പോകാം.



അസ്മയുടെ സ്നേഹത്തോടെയുള്ള സംസാരം എനിക്ക് വല്ലാതെ ഇഷ്ട്ടമായി. ബാഗ് അവിടെ വെച്ച് അസ്മയുടെ കൂടെ ഡൈനിംഗ് ഹാളിലേക്ക് നടന്നു അവിടുത്തെ തിരക്ക് കണ്ടപ്പോള്‍ എനിക്ക് ഭക്ഷണം കഴിക്കണ്ട എന്നായിരുന്നു പക്ഷെ എന്‍റെ വിശപ്പ്‌ എന്നെ അങ്ങോട്ട്‌ തന്നെ വലിച്ചു കൊണ്ട് പോയി ഞങ്ങള്‍ അവിടെ എത്തിയപ്പോയേക്കും എല്ലാവരും ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയതിനാല്‍ കുറെ എച്ചില്‍ പാത്രങ്ങളും ക്ലീന്‍ ചെയ്യാനൊരുങ്ങുന്ന രണ്ട് താത്തമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസ്മ എനിക്കും കൂടിയുള്ള ഭക്ഷണവുമായി ക്ലീനക്കിയ ഒരു മേശ ലക്ഷ്യമാക്കി നടന്നു പിറകെ ഞാനും !! .



അവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയില്‍ അസ്മ സ്വയം പരിചയപ്പെടുത്തി.!!



“ ഞാന്‍ സെക്കന്‍റിയറാ… വീട് തൃശൂര്‍ ..



അന്ന് മുതല്‍ എല്ലാവരുടെയും അസ്മ എന്‍റെ അസ്മത്തയായി ഭക്ഷണം കഴിച്ചു കഴിഞ്ഞ കൈ കഴുകാന്‍ വാഷ്ബൈസിന്‍റെ അടുത്തെത്തിയപ്പോള്‍ നേരത്തെ ഓഫീസിലേക്ക് ഭക്ഷണവുമായി വന്ന മറ്റു രണ്ട് പേരും കൂടി അടുത്തേക്ക് വന്നു



"ഡീ അസ്മാ അനിയത്തി ആണോടീ" അവരില്‍ ഒരാള്‍‍ അസ്മത്തയെ നോക്കി ചോദിച്ചു.!!



എനിക്കൊന്നും മനസിലായില്ല അവര്‍ ഞാന്‍ വരുന്നത് കണ്ടതല്ലെ മാത്രവുമല്ല അസ്മയെ അവര്‍ക്ക് ആദ്യ പരിചയം ഉള്ളതല്ലെ പിന്നെയും അങ്ങനെ ഒരു ചോദ്യം ..!!



“എന്താ പേര്? അവര്‍ എന്നെ നോക്കി ചോദിച്ചു



“കുറ്റ്യാടി…… റഷീദ കുറ്റ്യാടി …



അസ്മത്തയാണു അതിനു മറുപടി കൊടുത്തത്.!!



“ഹോ അപ്പോള്‍ നമുക്ക് ഇനി മാറ്റി പറയാം ..കുറ്റ്യാടിക്കൊരു ബസ്സ്‌..



അവരില്‍ ഒരാള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.!!



(കുറ്റ്യാടിക്കൊരു ബസ്സ് .. കുറ്റ്യാടി എന്‍റെ സ്ഥലപ്പേരാണെങ്കിലും അവര്‍ ചേര്‍ത്ത ആ ബസ്സ് എനിക്ക് മനസ്സിലാവാന്‍ കുറേ ദിവസങ്ങള്‍ എടുത്തു. ഏറ്റവും നല്ല രണ്ടു കൂട്ടുകാരികളെ ആണിവര്‍ ബസ്സ്‌ എന്നു വിളിക്കുന്നതെന്ന്) അന്ന് മുതല്‍ കുറ്റ്യാടിയുടെ ബസ്സ്‌ അസ്മത്തയും അസ്മത്തയുടെ ബസ്സ്‌ കുറ്റിയാടിയും ആയി



ര്‍ണീം ..ര്‍ണീം… ര്‍ണീം.. പത്തരക്കുള്ള അലാറം അടിച്ചു.!! ഓര്‍മ്മകളുടെ ഒഴുക്ക് പെട്ടെന്ന് നിലച്ചു എഴുന്നേറ്റിരുന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു.!!



ജീവിതം ആകെ മാറി മറിഞ്ഞു ഭര്‍ത്താവും മക്കളുമായി ഞാന്‍ ഇന്ന് എന്‍റെതായ ലോകത്ത് പന്ത്രണ്ട് വര്‍ഷമായി അസ്മത്തയെ കണ്ടിട്ട് .!! ജീവിതത്തില്‍ പലവഴികള്‍ പിന്നിട്ടു ബഹറൈനിലേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍ അസ്മത്തയുമായുള്ള ബന്ധവും നിലച്ചു എങ്കിലും ആസ്നേഹം എന്നും മനസിലുണ്ടായിരുന്നു തൃശൂരിലുള്ള ആരെ പരിചയപ്പെട്ടാലും അസ്മത്തയെ അറിയുമോ എന്ന എന്‍റെ അന്വേഷണം വിഫലം മാത്രമായിരുന്നു.!!.



അങ്ങിനെയിരിക്കെ രണ്ട്‌ വര്‍ഷം മുന്‍പ് എന്‍റെ മകള്‍ സ്കൂളില്‍ നിന്നും ഒരു പിക്ക്നിക്ക് പോവുന്ന കാര്യം പറഞ്ഞു . പിക്നിക്ക് എന്നു പറഞ്ഞാല്‍ ഇന്ത്യയൊട്ടാകെ അടിച്ചു പൊളിക്കാന്‍ പോവുന്ന വിധത്തിലല്ല.!! ഇവിടെ ബഹറൈനില്‍ ഉള്ള ഒരു പോസ്റ്റ്‌ ഓഫീസ് കാണാന്‍ .!!നമ്മുടെ നാട്ടില്‍ മുക്കുമൂലകളില്‍ ‍ കാണുന്ന പോസ്റ്റോഫിസുകള്‍ നമുക്ക് കൌതുകം ഇല്ലാ എങ്കിലും ഇവിടയുള്ള കുട്ടികള്‍ക്ക് ഒരു പോസ്റ്റോഫീസ് കാണാന്‍ പോവുന്നതും പിക്ക്നിക്ക് പോലെ തന്നെ.!!



" ഉമ്മാ ഫുള്‍ അഡ്രസ്സ് എഴുതിയിട്ട് ഒരു ലെറ്റര്‍ എഴുതി തരാന്‍ പറഞ്ഞിട്ടുണ്ട് ടീച്ചര്‍ അത് പോസ്റ്റ്‌ ചെയുന്നതെങ്ങിനെയെന്നു കാണിച്ചു തരാനാ…



മോള്‍ അത്രയും പറഞ്ഞപ്പോള്‍. ആര്‍ക്കെഴുതണം എന്നതായി എന്‍റെ ചിന്ത എല്ലാവരുമായുള്ള ബന്ധം ഫോണ്‍ വിളിയില്‍ ഒതുങ്ങിയത് കൊണ്ട് ആര്‍ക്കെഴുതണം എന്ന് ഒരെത്തുംപിടിയും കിട്ടിയില്ല.!! അവസാനം ഓര്‍മ്മയിലെവിടെയോ ചിതറിക്കിടന്ന അസ്മത്തയുടെ അഡ്രസ്സ് നുള്ളിപ്പെറുക്കി അസ്മതാക്കൊരു കത്തെഴുതി കിട്ടുമോ എന്നുറപ്പില്ലാതതിനാല്‍ അധികമൊന്നും എഴുതിയില്ല എന്റെ വിശേഷം അവിടുത്തെ സുഖ ക്ഷേമങ്ങള്‍ എന്റെ ഫോണ്‍ നമ്പറും മാത്രം.!!



എന്തോ ദൈവത്തിനു ഞങ്ങളുടെ ബന്ധം അത്രക്കിഷ്ട്ടമായത് കൊണ്ടാകാം ഒരാഴച്ച കഴിഞ്ഞു വന്ന ഒരു കോള്‍ എന്നെ ഏറെ സന്തൊഷിപ്പിച്ചു.!! ഒരുപാട് കാലങ്ങള്‍ക്ക് ശേഷം എന്‍റെ അസ്മത്തയുടെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു.!! വീണ്ടും ഞങ്ങളുടെ ബന്ധം തുടര്‍ന്നു. !!



ഇടക്കെന്നോ അവളുടെ ഭര്‍ത്താവിനെ കുറിച്ചു ഞാന്‍ ചോദിച്ചപ്പോള്‍ ..അവളുടെ വിവാഹം കഴിഞ്ഞിട്ടില്ലാ എന്ന ചിരിച്ചു കൊണ്ടുള്ള മറൂപടി എന്‍റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി . പഠിക്കുന്ന കാലത്ത് എന്‍റെ ഇക്കയെ കൊണ്ട് അവരെ വിവാഹം കഴിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു .!! പക്ഷെ എന്തുകൊണ്ടൊക്കയോ എന്‍റെ ആഗ്രഹം നടന്നില്ല.!!.



എന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടതു പോലെ ഒന്നര വര്‍ഷം മുന്‍പ് എന്‍റെ മന്‍സ്സിലുണ്ടായിരുന്ന ആ നൊമ്പരവും മാറ്റികൊണ്ട് അവളുടെ വിവാഹത്തിനുള്ള ആദ്യക്ഷണം എനിക്ക് തന്നെ കിട്ടി.!! ദൈവത്തിനു സ്തുതി... ഇപ്പോള്‍ ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി എന്ന സന്തോഷ വാര്‍ത്തയും.!!അസ്മത്തയുടെ കുഞ്ഞിനെ ഒരു നോക്കു കാണുവാനുള്ള ആഗ്രഹുമായി ഞാന്‍ കടലിനിക്കരെ ദിനരാത്രങ്ങള്‍ എണ്ണികൊണ്ടിരിക്കുന്നു.!!

ബുധനാഴ്‌ച, ഏപ്രിൽ 21, 2010

അവൾ



എന്‍ ജീവിത മുകുളത്തെ വിരിയും വരെയും ..
ഗര്‍ഭപാത്രത്തില്‍ സൂക്ഷിച്ചവള്‍
പൊക്കിള്‍ക്കൊടി ബന്ധത്തില്‍
ഇഴകി ചേർന്നവൾ..
പേറ്റുനോവിന്‍ വ്യഥയെ.....
അനുഭൂതിയായ് നെഞ്ചിലേറ്റിയവൾ..
അമ്മിഞ്ഞ പാലിന്‍ മധുരം
എന്‍ നാവിന്‍ തുമ്പില്‍ പുരട്ടിയവള്‍
എന്‍ പിച്ച വെക്കല്‍ കണ്ട്
ആനന്ദ പുളകിതയായവൾ...
എന്നിലെ നേര്‍ത്ത സ്പന്ദനം പോലും
അവളില്‍ നെടുവീര്‍പ്പായിരുന്നു ..
എന്നിലെ വളര്ച്ചതന്‍ മാറ്റത്തെ
അടുത്ത് നിന്നറിഞ്ഞവൾ..
എന്‍റെ പാതിയെ മകളായി കണ്ടവള്‍
എന്‍ മകനെ വാരിപ്പുണർന്നവൾ
എങ്കിലും ഇന്നവള്‍ ...............
വൃദ്ധസദനത്തിൻ ഇരുണ്ട കോണില്‍...
എനിക്ക് വേണ്ടി പ്രാര്‍ഥനാ നിരതയായ്..
ആകുലതകളില്ലാതെ ആധികളില്ലാതെ ......

ചൊവ്വാഴ്ച, ഏപ്രിൽ 13, 2010

വിഷുക്കണി


ഓട്ടുരുളിയും കണിവെള്ളരിയും
കൊന്ന പൂവും തീര്‍ഥ കിണ്ടിയും
കാര്‍മ്മുകില്‍ വര്‍ണ്ണനും
കണി കണ്ട് ഉണരും
പുലര്‍കാല മഞ്ഞില്‍
കുളിച്ചു നില്‍ക്കും പ്രഭാതമിന്നെവിടെ
വിഷു കൈനീട്ടമെവിടെ
ഇന്നലകളിലെ വിഷു പക്ഷി
പാടിയ പാട്ടിന്‍ ഈണമെവിടെ
കണ്ണു പൊത്തി കണി കാണിക്കും
കാരണവര്‍ എവിടെ
ഇരവിന്റെ നിനവുകളില്‍
കണി കണ്ടു ണരും
പ്രഭാതമിന്നെവിടെ
ഒരിറ്റു ദാഹജലത്തിനായ്
തീരം തേടും വാനമ്പാടീ
ഒരു പൊന്‍ വിഷുക്കണി യുമായ്‌
എന്നിലേക്ക് കടന്നുവന്ന നീയിന്നെവിടെ
നന്മ വറ്റിയ മര്‍ത്യ മനസ്സില്‍
ഒരായിരം കണിക്കൊന്ന
പൂത്തുലയട്ടെ സ മ്ര്ദ്ധിയായ്....









തിങ്കളാഴ്‌ച, ഏപ്രിൽ 05, 2010

കണ്ണ്


ഭൂമിയിലെ  ഊഷരത എന്റെ മനസിനേയും ബാധിച്ച പോലെ ആകെ ഒരു വല്ലായ്മ .....അടുത്ത വീട്ടിലെ റംലയുടെ വാക്കുകള്‍ ആയിരുന്നു മനസ്സില്‍ ....നമ്മുടെ പാത്തുമ്മ താതാന്റെ മകന്‍ മരിച്ചു .... അവന്റെ കണ്ണുകള്‍ അവന്‍ ദാനം നല്‍കിയത്രെ .......  അവനെ കുറിച്ചുള്ള ചിന്തകള്‍ എന്നെ മനസ്സില്‍ മായാതെ കിടക്കുന്നു ....ഏതൊരാള്‍ക്കും തോനുന്നത് പോലെ എനിക്കും അയാളെ ഇഷ്ട്ടമായിരുന്നു അയാളെ വെറുക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല അത്രയ്ക്ക് ദാനശീലനായിരുന്നു അയാള്‍ ... പക്ഷെ ഞാന്‍ അയാളെ സ്നേഹിച്ചത് മറ്റുള്ളവരെ പോലെ ആയിരുന്നില്ല .എനിക്ക് അയാളുടെ കണ്ണുകളെ ആയിരുന്നു ഇഷ്ട്ടം .ആ കണ്ണുകള്‍ ആയിരുന്നു എന്നിലേക്ക്‌ അയാളെ അഘര്‍ഷിച്ചത്.... ആ ഒരിഷ്ട്ടം ആരോടും പറയാതെ ഞാന്‍ എന്‍റെ മനസിന്റെ ഏതോ ഒരു കോണില്‍ ഒളിപ്പിച്ചു വെച്ചു ..സ്വസ്ഥമായ മനസിന്റെ ഓരത്ത്  അശാന്തിയുടെ വിത്തായിരുന്നു ആ ഇഷ്ട്ടം . അത് വലിച്ചെറിഞ്ഞാല്‍ മുള പൊട്ടി വരും .. നശിപ്പിക്കാന്‍ മനസ്  അനുവദിക്കുന്നുമില്ല ...........എങ്കിലും ആരുമറിയാതെ ഞാന്‍ സ്നേഹിച്ചിരുന്നു ആ കണ്ണുകളെ ....

ഞായറാഴ്‌ച, ഏപ്രിൽ 04, 2010

വിശുദ്ധി

നിന്റെ കണ്ണിണകളിലെ  അഴകല്ല ,
ചുണ്ടിനു മേലെ ആ മറുകല്ല
ഞാന്‍ പോലുമറിയാതെ എന്നെ
നിന്നിലേക്കടുപ്പിച്ചത്,
നിന്നിലെ ജീവിത വിശുദ്ധിയായിരുന്നു
അന്ന് നീ എന്നില്‍ നിന്നും
 അകലാന്‍ ശ്രമിച്ചതും  
നിന്നിലെ വിശുദ്ധി തന്നെ
എങ്കിലും ....
നീ എന്നെ മനസിലാക്കിയില്ല
എന്നിലെ വീഴ്ചകളെ
ജന മദ്ധ്യേ നീ അഴിച്ചു വെച്ചപ്പോള്‍ ....
നിന്നിലെ കാപട്യം ഞാന്‍ തിരിച്ചറിഞ്ഞു
കപടമാം നിന്റെ മുഖ പടത്തിനു
കാലമിനിയും മാപ്പു തന്നേക്കാം ....
കരളു പറിച്ചു നീ കാട്ടുന്ന ചെമ്പരത്തി
മഹ്ശറയിൽ കരിഞ്ഞുണങ്ങും
എന്‍റെ കണ്ണുനീര്‍ മീസാനില്‍
കനം  തൂങ്ങും
നീതിയുടെ തുലാസില്‍
അന്ന് നാം ഹ്രദയ രക്തത്തിന്റെ
കണക്കു തീര്‍ക്കും ...

ബുധനാഴ്‌ച, മാർച്ച് 31, 2010

സ്ത്രീധനം




എന്റെ കൂട്ടുകാരിക്കായ്......

നിനച്ചിരിക്കാതെ എനിക്ക് കിട്ടി
നിശീധിനിയില്‍ ഒരു ചന്ദ്ര ബിംബം
എന്‍  ജീവിത സായാഹ്നത്തില്‍ ..
ഉണര്‍ത്തു പാട്ടിന്റെ ഈരടിയായി..
ഉടപ്പിരപ്പിന്‍ സ്നേഹ സാന്ത്വനമായി..
സുന്ദര യാമത്തിന്‍ തൂവല്‍സ്പര്‍ഷമായി
സുക്രതമായി നീ വന്നൂ.....
എന്‍ ജീവിതയാത്രയില്‍..
സുഖ ദുഖമൊക്കെയും പങ്കുവെക്കാന്‍..
മനസിനാശ്വാസമേകുവാനും...
മനതാരിലാശ നിറഞ്ഞിടുന്നു ..
നിന്‍ വദനമൊന്നു കണ്ടീടുവാന്‍
ഒരു ചിരിയെന്‍ തിളയ്ക്കും നെഞ്ചകത്ത്
ഒരുക്കി വെച്ചു ഞാന്‍ കാത്തിരിക്കയായ്‌...
നിനക്കു നല്‍കാന്‍ തുടിക്കുമെന്നകം
ച്ചുടുകാറ്റെന്തോ രഹസ്യ മോതുന്നു
വിശാലമാം മണല്പ്പരപ്പിനോടായ്‌..
വരും നീ എന്നരികിലെന്നാവാം ...
ഒരിക്കലെങ്കിലും പതുക്കെ പറഞ്ഞത്

ചൊവ്വാഴ്ച, മാർച്ച് 30, 2010

നൊമ്പര പൂവ്

പുലര്‍കാല വേളയില്‍ നിന്നെ പ്രതീക്ഷിച്ചു
വെറുതെ ഇരന്നു ഞാന്‍ ഇന്നും ......
അടുത്തറിയാന്‍ കൊതിച്ചിര്ന്നു ഞാന്‍
നിന്‍ മധുരമാം മൊഴികള്‍ കേള്‍ക്കുവാനും
എന്തിനീ മൌനം നിനക്കെന്നുമെന്നും
എന്‍ സൌഹ്രദം കൊതിചിരുന്നില്ലയോ?
മാരിവില്ലഴകായി നീ എന്‍ മനസ്സില്‍
ഒരു മഴവില്ല് പോലെ വിടര്‍ന്നു നിന്നു...
എങ്ങുനിന്നെത്തി നീ എന്നരിയില്ലേലും
ഇന്നെന്‍ മനസ്സില്‍ നീ താളമേളം ..
നിന്‍ മധുരാര്‍ദ്രമാം സാമ സംഗീതത്തിന്‍
ആയത്തില്‍ നിന്നൊരു മുത്ത് തരൂ
ഞാനത് ഏഴില മാലയില്‍ കോര്‍ത്തിട്ടു
പൊന്നിന്‍ നൂലില്‍ പൂമുത്ത്‌ പോലെ നീ
എന്‍ സ്വപ്ന തീരങ്ങളില്‍ ഒരായിരം പൂക്കണിയായി
ഇന്ന നീയെന്‍ മാണിക്യ വീണയില്‍
ഒരു നേര്‍ത്ത നൊമ്പരമായി മാറി
കാണാമറയത്ത് ഒളിച്ചിക്കാനെങ്കില്‍
എന്തിനു വന്നെന്‍ പകല്‍ക്കിനാവില്‍
മാനത്തെ കാര്‍മുകില്‍ കൂട്ടിലൊളിച്ച നീ
എന്നു വരുമെന്‍ ആത്മമിത്രമായ്
എന്നെ അറിയൂ നീ എന്നില്‍ അണയു നീ
എന്നാത്മ മിത്രമായ് വന്നു ചേരൂ ....
(എന്‍റെ കൂട്ടുകാരിയുടെ മനസ്സില്‍ വിരിഞ്ഞത് )