മിനിക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മിനിക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

തിരിച്ചറിവ് ...



നീണ്ടു നിതംബം മറഞ്ഞു നിന്ന കാര്‍കൂന്തല്‍ വെട്ടിച്ചുരുക്കി  ബോബ് ചെയ്തു സ്വര്‍ണ കളര്‍ നല്‍കി. പുരികം പ്ലക്ക് ചെയ്തു ..മുഖക്കുരുവെല്ലാം  ഫേഷ്യലില്‍     അപ്രത്യക്ഷമാക്കി ..  ലിപ്സ്റ്റിക്ക്‌ കൊണ്ട് ചുണ്ടുകളിലെ  ചായം അല്‍പ്പം കൂടി  കൂട്ടിയപ്പോള്‍ തന്നെ ആള്‍ ആകെ മാറി പോയി .... 

ഞായറാഴ്‌ച, മേയ് 22, 2011

അവൾ ....




വിയര്‍പ്പ് ഗന്ധമുള്ള ഉച്ചവെയിൽ തിളച്ചുമറിയുന്നു... ചോരപ്പുഴകള്‍ കണ്ടു കാഴ്ചകൾ ‍മങ്ങിപ്പോയിരിക്കുന്നു. ആഞ്ഞടിച്ച വിപ്ലവ കൊടും കാറ്റില്‍ മണല്‍തരിയായി പോയ തന്‍റെ സ്വപ്നക്കുന്നുകള്‍ തേടിയുള്ള അവളുടെ അലച്ചില്‍ അവസാനിക്കുന്നില്ല...
നഷ്ട്ടങ്ങളെ തിരിച്ചറിയാത്ത മനസ്സും നിറം മങ്ങിയ വെളിച്ചത്തിൽ കാപാലികർ കവർന്നെടുത്ത ചുണ്ടിലെ പുഞ്ചിരിയും തേടി അവൾ പിന്നേയും യാത്രതുടർന്നു......തേടിയതെല്ലാം തിരിച്ചുകിട്ടിയപ്പോൾ അവൾ ഉറക്കെയുറക്കെ ചിരിച്ചു... ആര്‍ത്തട്ടഹസിച്ചു... ഭ്രാന്താശുപത്രിയിലെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ അവളുടെ കാലിലെ ഭാരിച്ച ചങ്ങലയുടെ ചിലമ്പൽ ചിരിക്ക് താളമായി......

ഞായറാഴ്‌ച, നവംബർ 28, 2010

കൊഴിയുന്ന മോഹങ്ങൾ പറയുന്നത്…….



മാറിൽ തല ചായ്ച്ച് നൊമ്പരം പങ്കു വെക്കുമ്പോൾ അവളുടെ സ്നേഹ ഗീതം എന്നിൽ ഉണർത്തു പാട്ടായി. മൌനത്തിൽ പോലും ഞങ്ങളുടെ കണ്ണുകൾ ഒരായിരം പ്രണയ കഥകൾ പങ്കിട്ടു ..എന്റെ മനസിന്റെ തേങ്ങലുകൾ പോലും ഒരു മർമ്മരം പോലെ അവൾ തൊട്ടറിഞ്ഞു.എന്റേതെന്നോ അവളുടേതെന്നോ വ്യത്യാസമില്ലാതെ സന്തോഷങ്ങളും സങ്കടങ്ങളും കൈമാറി.. അവളുടെ നൊമ്പര വീണകൾ എന്നിൽ അപശ്രുതിയായി മാറി.. അവൾക്ക് ഒരു ജീവിതമുണ്ടെങ്കിൽ അതെന്നോടെപ്പം മാത്രമായിരിക്കുമെന്ന് എന്റെ കാതിൽ അവൾ പലവട്ടം മന്ത്രിച്ചു.
എന്നിട്ടുമവൾ
ഒരു ധനികന്നു മുന്നിൽ തല കുനിച്ചു നിന്നു.. അയാളുടെ കൈ പിടിച്ച് നിലവിളക്കിനും നിറപറയ്ക്കു ചുറ്റിലും വലയം വെച്ച്. ആ വലയം എന്റെ സമ്പത്തിനെ പ്രധിനിധീകരിക്കുന്ന വട്ടപൂജ്യമായിരുന്നു എന്ന് അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു . അതുതെന്നെയായിരുന്നു എന്റെ സ്നേഹത്തിനു അവൾ കൽ‌പ്പിച്ച മൂല്യവും.

ചൊവ്വാഴ്ച, നവംബർ 09, 2010

കടപ്പാട് ...


പ്രതീക്ഷയോടും പ്രത്യാശയോടും കൂടിയുള്ള പത്തുമാസത്തെ കാത്തിരിപ്പിനൊടൂവില്‍ തന്‍റെ ആഗ്രഹം പോലെ ഒരാണ്‍ കുഞ്ഞിനെ അവള്‍ ‍സമ്മാനിച്ചിരിക്കുന്നു... ദൈവത്തിനു സ്തുതി പറഞ്ഞു കൊണ്ട് പ്രസവ വാര്‍ഡിനു മുന്നില്‍ സന്തോഷത്താല്‍ കാത്തു നില്‍ക്കുമ്പോള്‍ നഴ്സ് അയാളെ അകത്തേക്ക് വിളിച്ചു. തന്റെ പൊന്നോമനയെ ഒന്ന് തൊട്ടു തലോടുവാന്‍ അവനെ ഒന്ന് ലാളിക്കാന്‍ ഭാര്യയുടെ അടുക്കലേക്ക് അയാള്‍ അതിവേഗം നടന്നു. .. !
നമ്മുടെ കുഞ്ഞു മോനെ കണ്ടോ....എന്ന അഹങ്കാരം അവളുടെ ചിരിയില്‍ നിന്നും അയാള്‍ വായിച്ചെടുത്തുവെങ്കിലും പേറ്റുനോവിന്റെ ക്ഷീണം അവളുടെ മുഖത്തയാള്‍ക്ക് കാണാന്‍ കഴിഞ്ഞു. തന്റെ കുഞ്ഞിന്റെ മൃദുലമാം മേനിയില്‍ വാത്സല്യത്തോടെ തൊട്ടു തലോടികൊണ്ടിരിക്കുമ്പോള്‍ കുഞ്ഞിന്‍റെ കൈകളിലേക്കയാള്‍ സൂക്ഷിച്ചു നോക്കി.
ചുരുട്ടിപിടിച്ച പിഞ്ചു കൈകള്‍ക്കുള്ളില്‍ എന്തോ അയാള്‍ കണ്ടു .........അത് മുലപാലിന്റെ വില ആയിരുന്നു എന്നു പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു .....

വ്യാഴാഴ്‌ച, ഒക്‌ടോബർ 28, 2010

ചിതയിലേക്കൊരു വോട്ട്..



ശാരദയുടെ കരച്ചില്‍  നിശബ്ദതയെ  കീറി  മുറിക്കുന്നു.. മുറ്റത്ത് നിറയെ ആള്‍ക്കൂട്ടം.!! ഒരു ഭാഗത്ത് ആരെല്ലാമോ ചേര്‍ന്ന് ചിതയോരുക്കുന്ന തിരക്കിലാണ് .!
സുഹൃത്തിന്‍റെ വേര്‍പാടില്‍ മനം നൊന്ത് ആള്‍കൂട്ടത്തില്‍ നിന്നും അൽപ്പം മാറി നില്‍ക്കുകയായിരുന്ന ബഷീറിന്‍റെ അടുത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന രണ്ട് പേര്‍ ചെന്ന് സജീവനെ അന്വേഷിച്ചു .
“ എന്താ കാര്യം ?”
ബഷീര്‍ അവരെ നോക്കി ചോദിച്ചു.!
“സജീവന്‍റെ വോട്ട് വോട്ടര്‍പട്ടികയില്‍ നിന്നും തള്ളിയിരിക്കുന്നു അത് ശരിയാക്കാന്‍ പറയാന്‍ വന്നതാ”
വന്നവരില്‍ നിന്നും ഒരുവന്‍ ബഷീറിനെ നോക്കി പറഞ്ഞു.! അവരുടെ മറുപടിക്ക് മുന്നില്‍ അൽപ്പ നേരം അന്ധാളിച്ചു നിന്ന ബഷീര്‍ പതിഞ്ഞ സ്വരത്തില്‍ അവരോടായി പറഞ്ഞു.!
“രണ്ട് വര്‍ഷമായി ജീവച്ഛവവമായി കിടന്നിരുന്ന സജീവന്‍ ഇന്നു കാലത്ത് മരണപ്പെട്ടു വോട്ട് തള്ളിയ കാര്യം ഇപ്പോള്‍ അറിയിച്ചത് നന്നായി ഇനി ഏതായാലും സജീവനു ബൂത്തിലേക്ക് പോവേണ്ടല്ലോ”

ഞായറാഴ്‌ച, ജൂൺ 13, 2010

പ്രതിധ്വനി....



കണ്ണാടിയുടെ മുന്‍പില്‍ അണിഞ്ഞൊരുങ്ങുന്ന മിനിയെ നോക്കി മുത്തശ്ശി പറഞ്ഞു.

“എന്‍റെ കൂട്ട്യേ നീ ഇപ്പം വല്യകുട്ടിയായി ഈ തുള്ളിച്ചാട്ടമൊക്കെ നിര്‍ത്തണം ”

മുത്തശ്ശിയുടെ വാക്കുകള്‍ അവളില്‍ പരിഭ്രമം ഉളവാക്കി.! കണ്ണാടിയിലെ പ്രതിബിംബ ത്തെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. സ്കൂളിലേക്കുള്ള വിജനമായ പാതയോരങ്ങളിലൂടെ നടക്കുമ്പോഴെല്ലാം അവളുടെ മനസ്സില്‍ ആ വാക്കുകള്‍ പ്രതിധ്വനിയായി....
വീട്ടിലെ ചാണകം തേച്ച ഉമ്മറത്തിരുന്നു കൊത്തങ്കല്ല് കളിക്കുന്നതിനിടയില്‍ മീന്‍കാരന്‍ഗോപാലന്‍റെ ആര്‍ത്തി പിടിച്ച കണ്ണുകള്‍ തന്‍റെ മാറിടത്തിലേക്ക് ചൂഴ്ന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ,പതുക്കെ അകത്തേക്ക് ഉള്‍വലിയുമ്പോഴും മുത്തശ്ശിയുടെ വാക്കുകള്‍ അവളെ വേട്ടയാടി കൊണ്ടിരുന്നു.

രാത്രിയുടെ ഇരുട്ടില്‍ ആര്‍ത്തു പെയ്ത മഴയുടെ ഭയപ്പെടുത്തുന്ന സീല്‍ക്കാരങ്ങള്‍ക്കിടയില്‍ തന്‍റെ തണുപ്പ് കയറിയ ശരീരത്തില്‍ ചൂട് പകര്‍ന്ന സ്വപ്നം പൂര്‍ണ്ണ മാകുന്നതിനു മുന്‍പ്, നാസദ്വാരങ്ങളിലേക്ക് ഇരച്ചു കയറിയ മദ്യത്തിന്റെ മണം അവളെ അസ്വസ്ഥത പ്പെടുത്തിയെങ്കിലും അവിടെ മാത്രം മുത്തശ്ശിയുടെ വാക്കുകള്‍ അവള്‍ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
തന്‍റെ സ്വന്തം അച്ഛന്‍റെ മുന്നില്‍ ആ വാക്കുകള്‍ക്ക്‌ എന്ത് പ്രസക്തി!

മാസങ്ങള്‍ക്ക് ശേഷം ചാണകം മെഴുകിയ തറയില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ അച്ഛന്‍റെ ശവശരീരത്തിനു മുന്‍പില്‍ നിന്ന് കൈവിലങ്ങുമായി ഇറങ്ങിപ്പോവുന്ന അമ്മയുടെ ദയനീയ മുഖമോ മുത്തശ്ശിയുടെ ഉച്ചത്തിലുള്ള നിലവിളിയോ തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കാരണം അവള്‍ അറിഞ്ഞില്ല.

അച്ഛന്‍റെ ശവത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ മദ്യത്തിന്റെ വൃത്തികെട്ട നാറ്റം പരിസരമാകെ നിറഞ്ഞപ്പോഴും അവളുടെയുള്ളില്‍ മുത്തശ്ശിയുടെ വാക്കുകള്‍ പ്രതിധ്വനിയായി ...........

“എന്‍റെ കൂട്ട്യേ നീ ഇപ്പം വല്യകുട്ടിയായി ഈ തുള്ളിച്ചാട്ടമൊക്കെ നിര്‍ത്തണം ”
(ഒരു കവിത യെ കഥയാക്കാനുള്ള ശ്രമം )

തിങ്കളാഴ്‌ച, മേയ് 10, 2010

വികസനം




നാട്ടില്‍‍ വികസനം വരുന്നെന്ന് എല്ലാരും പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഏറെ സന്തോഷിച്ചു.

ഞങ്ങളുടെ ഗ്രാമവും പുരോഗതിയുടെ നെറുകയിലേക്ക്.!!

എന്നാല്‍ അതിന് ഈ റോഡ്‌ വീതി കൂട്ടണമെന്ന്.!!



സർവ്വേ നടത്താനായി ഏമാന്മാർ എത്തി.

“പ്രായമായ പെണ്‍ മക്കളുമായി നമ്മള്‍ എങ്ങോട്ടിറങ്ങും ?"

അമ്മയുടെ വാക്കുകള്‍ കേട്ടപ്പോഴാണ് ചോരനീരാക്കി വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്ത ഈ ചെററക്കുടില്‍ നഷ്ടമാവുമെന്ന ചിന്ത മനസ്സില്‍ വന്നത്.! ഇടറിയ വാക്കുകള്‍ തൊണ്ടയിലുടക്കി വൃദ്ധ പിതാവ് കണ്ണീരണിഞ്ഞു !!.

ജെ.സി.ബിയുടെ ഇരുമ്പു ദ്രംഷ്ടങ്ങള്‍ തങ്ങളുടെ വീടിനെ ഉന്നം വെച്ച് ഒരു ഭീകര ജീവിയായ്‌ പാഞ്ഞടുക്കുമ്പോള്‍ ....തൊട്ടടുത്ത കവലയില്‍ നോട്ടുമാലകള്‍ ഏറ്റുവാങ്ങി , നാടിന്‍റെ വികസനത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയായിരുന്നു നമ്മുടെ മന്ത്രിപുംഗവന്‍!!!

തിങ്കളാഴ്‌ച, ഏപ്രിൽ 05, 2010

കണ്ണ്


ഭൂമിയിലെ  ഊഷരത എന്റെ മനസിനേയും ബാധിച്ച പോലെ ആകെ ഒരു വല്ലായ്മ .....അടുത്ത വീട്ടിലെ റംലയുടെ വാക്കുകള്‍ ആയിരുന്നു മനസ്സില്‍ ....നമ്മുടെ പാത്തുമ്മ താതാന്റെ മകന്‍ മരിച്ചു .... അവന്റെ കണ്ണുകള്‍ അവന്‍ ദാനം നല്‍കിയത്രെ .......  അവനെ കുറിച്ചുള്ള ചിന്തകള്‍ എന്നെ മനസ്സില്‍ മായാതെ കിടക്കുന്നു ....ഏതൊരാള്‍ക്കും തോനുന്നത് പോലെ എനിക്കും അയാളെ ഇഷ്ട്ടമായിരുന്നു അയാളെ വെറുക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല അത്രയ്ക്ക് ദാനശീലനായിരുന്നു അയാള്‍ ... പക്ഷെ ഞാന്‍ അയാളെ സ്നേഹിച്ചത് മറ്റുള്ളവരെ പോലെ ആയിരുന്നില്ല .എനിക്ക് അയാളുടെ കണ്ണുകളെ ആയിരുന്നു ഇഷ്ട്ടം .ആ കണ്ണുകള്‍ ആയിരുന്നു എന്നിലേക്ക്‌ അയാളെ അഘര്‍ഷിച്ചത്.... ആ ഒരിഷ്ട്ടം ആരോടും പറയാതെ ഞാന്‍ എന്‍റെ മനസിന്റെ ഏതോ ഒരു കോണില്‍ ഒളിപ്പിച്ചു വെച്ചു ..സ്വസ്ഥമായ മനസിന്റെ ഓരത്ത്  അശാന്തിയുടെ വിത്തായിരുന്നു ആ ഇഷ്ട്ടം . അത് വലിച്ചെറിഞ്ഞാല്‍ മുള പൊട്ടി വരും .. നശിപ്പിക്കാന്‍ മനസ്  അനുവദിക്കുന്നുമില്ല ...........എങ്കിലും ആരുമറിയാതെ ഞാന്‍ സ്നേഹിച്ചിരുന്നു ആ കണ്ണുകളെ ....