ഞായറാഴ്‌ച, മാർച്ച് 10, 2013

ആശങ്കകള്‍ക്കിടയിലെ ഭയാശങ്കകള്‍ ...

"യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ " എവിടെ സ്ത്രീകള് പൂജിക്കപ്പെടുന്നോ അവിടെ ദേവതകള് വിളയാടുന്നു..! ഇത്  എഴുത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു.. ഇന്ന് സ്ത്രീ ശരീരം എല്ലാ വിധത്തിലും ചൂഷണങ്ങള്‍ക്കും വേട്ടയാടപ്പെടലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടം . ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെല്ലാം മനുഷ്യര്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുമ്പോഴും സാംസ്ക്കാരികമായി നമ്മുടെ ഗ്രാഫ് താഴോട്ടു തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നത് എത്ര വലിയ വിരോധാഭാസം!!!!. സ്തീ ശരീരം പൊതു നിരത്തില്‍ അതി ക്രൂരമായി വേട്ടയാടപ്പെട്ട വാര്‍ത്തകളോടെയാണ് കഴിഞ്ഞ വാരങ്ങള്‍ കടന്നു പോയത്.

ഓടുന്ന ബസ്സില്‍ വെച്ച് ഒരു പെണ്‍കുട്ടി അതി ക്രൂരമായ പീഡനത്തിനു ഇരയാവുകയും തുടര്‍ന്ന് മരണത്തിനു കീഴടങ്ങുകയും ചെയ്ത വാര്‍ത്ത നമ്മെ ഞെട്ടിച്ചതാണ്. എന്നാല്‍ ഡല്‍ഹിയില്‍ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. കേരളത്തില്‍ സൗമ്യ എന്ന പെണ്‍കുട്ടിക്ക് സംഭവിച്ചതും ഏറെ വ്യത്യസ്ഥമല്ല. ഇത് പോലെ നിരവധി നിരവധി സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. എന്തിനേറെ പറയുന്ന ഓടുന്ന ബസ്സില്‍ വെച്ച് കൂട്ട മാനഭംഗത്തിനു ഇരയായ പെണ്‍കുട്ടിയുടെ ദുരവസ്ഥയെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ തെരുവോരങ്ങള്‍ പ്ഗ്നപ്രതിഷേധാഗ്നിയില്‍ ആളിക്കത്തുമ്പോ ഴും തുടരെ തുടരെ ബലാത്സംഗ കേസുകള്‍ ഡല്‍ഹിയില്‍ നിന്ന് തന്നെ റിപ്പോര്ട് ചെയ്യപ്പെട്ടു കൊണ്ടിരുന്നു എന്നതു സ്ഥിതിഗതികളുടെ ഭീകരത നമ്മെ ബോധ്യപ്പെടുത്തുന്നു.

അമ്പതു വര്‍ഷക്കാലം ഡല്‍ഹിയില്‍ ജീവിച്ച പ്രിയ എഴുത്തുകാരന്‍ എം മുകുന്ദന്‍ ഏതാനും വര്‍ഷങ്ങളായി ഡല്‍ഹിക്ക് സംഭവിച്ച മാറ്റത്തെ ഈയിടെ ഒരു ലേഖനത്തില്‍ ഭീതിയോടെയാണ് വിവരിക്കുന്നത്. പട്ടാളക്കാരാല്‍ അതി ക്രൂരമായി ദളിദ് സ്ത്രീകള്‍ ബാലാലസംഗം ചെയ്യപ്പെട്ട സംഭവങ്ങള്‍ മുന്‍ നിര്‍ത്തി സര്‍ക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തതിനെ അരുന്ധതീ റോയി ഈയിടെ ചോദ്യം ചെയ്യുകയുണ്ടായി. വര്‍ഹീയ ലഹളയുടെ മറവില്‍ ഗുജറാത്തില്‍ നടന്ന കൂട്ട ബാലാല്‍സംഗങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടതാണ്. കാലങ്ങളായി പ്രത്യേക സൈനികാധികാര നിയമത്തിന്റെ പിന്‍ബലത്തില്‍ ആസാമും മണിപ്പൂരടങ്ങുന്ന വടക്ക് കിഴക്കന്‍ മേഖലകളില്‍ ഭരണകൂട പിന്തുണയോടെ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ ഉള്പ്പെമടെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ഇറോം ശര്മിളയുടെ സഹന സമരം പതിമൂന്നാം വര്ഷ്ത്തിലേക്ക്‌ കടന്നതും വനരോദനമാവുന്നതും നാം കാണുന്നു. വര്‍ഗീയ ലഹളയുടെ മറവില്‍ ഗുജറാത്തില്‍ നടന്ന കൂട്ട ബാലസംഗങ്ങളുടെ വാര്‍ത്തകളും നമ്മള്‍ കേട്ടതാണ്. ഇങ്ങിനെ നാനാതുറകളിലും പെണ്ണുടല്‍ നിത്യവും അക്രമികളുടെ കാമ ദാഹത്തിനു ഇരയായിക്കൊണ്ടിരിക്കുന്നു .


 2011 ലേ സ്റ്റാറ്റിറ്റിക്സ് പ്രകാരം ഇന്ത്യയില്‍ റിപ്പോര്ട് ചെയ്യപ്പെട്ടത് 23582 ബലാല്‍സംഗ കേസുകള്‍ ആണ്. ഞാന്‍ അതിന്റെ സ്റ്റേറ്റ് തിരിച്ചുള്ള വിശദമായ കണക്കുകളിലേക്ക് കടക്കുന്നില്ല. എന്നാല്‍ ഇതില്‍ 1132 കേസുകള്‍ നടന്നത് നമ്മുടെ കൊച്ചു കേരളത്തില്‍ ആണെന്നത് നമ്മെ അമ്പരപ്പിക്കുന്ന കാര്യമാണ്. ഈ 23,582 എന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അല്ലെങ്കില്‍ പുറത്തു വന്ന കണക്കുകള്‍ മാത്രമാണ്. എന്നാല്‍ പുറത്തു വരാത്ത കണക്കുകള്‍ ഇതിന്റെ എത്രയോ മടങ്ങായിരിക്കും എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളു. അത് ഒരൂഹം മാത്രമല്ല.അതാണ്‌ യാഥാര്‍ത്ഥ്യവും . ഇന്ത്യന്‍ മീഡിയകളില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന ബലാല്‍സംഗ വാര്‍ത്തകള്‍ നമ്മള്‍ ഊഹിക്കുന്നതിനെക്കാള്‍ ഭയാനകമായ അവസ്ഥയില്‍ ആണെന്നും നാളെ അത് നമ്മുടെ വീടുകളിലേക്കും വന്നു കൂടായ്‌കയിലെന്നും നിരീക്ഷകര്‍ പറയുന്നു. പല കേസുകളിലും പ്രതികള്‍ കുടുംബാംഗങ്ങളോ ഇരക്ക് ഒരു ഭയവും തോന്നിക്കാത്ത തരത്തിലുള്ള ബന്ധവും ഉള്ളവരും ആണെന്നും ഈ റിപ്പോര്‍ട്ട്‌ പറയുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം തമിഴ്നാട്ടിലെ 99% ബലാല്‍സംഗ ഇരകള്‍ക്കും തങ്ങളെ ബലാല്‍സംഗം ചെയ്തത് ആരെന്നു അറിയാമെന്നും പലരും ബന്ധുക്കളും അടുപ്പക്കാരും ആണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു. ഇനി 2012 ലേ കണക്കുകള്‍ പുറത്തു വരാനിരിക്കുന്നതെയുള്ളു.


       മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ലൈംഗികാതിക്രങ്ങളുടെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കയ്യേറ്റങ്ങള്ടെയും തോത് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പിഞ്ചു കുട്ടികള്‍ പോലും കാമ വെറിയന്മാരുടെ ആക്രമങ്ങളില്‍ നിന്നും മുക്തരല്ല. 2011 യുനിസെഫ്‌ 12560 കുട്ടികളില്‍ നടത്തിയ സര്‍വെ പ്രകാരം 53% കുട്ടികളും ലൈംഗിക പീടനങ്ങള്‍ക്ക് ഇരയായിട്ടുല്ലതായി പറയുന്നു. 5 നും 12 നും ഇടയിലുള്ള കുട്ടികളാണ് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. എന്നാല്‍ അതില്‍ 72% കേസുകളും പുറംലോകം അറിയുന്നില്ല എന്നും ഈ സര്‍വേ പറയുന്നു. അപ്പോള്‍ യഥാര്‍ത്ഥ കണക്കുകള്‍ വെച്ചുള്ള അവസ്ഥ എത്ര ഭീകരമാണ് എന്ന് ആലോചിക്കുക.

           അതിനിടെ സാംസ്ക്കാരിക കേരളത്തിന്റെ തിരുമുറ്റത്തു ആരങ്ങേരുന്ന പെണ്‍വാണിഭ കഥകള്‍ ആരെയും ലജ്ജിപ്പിക്കുന്നതാണ്. സ്വന്തം പിതാവിനാലും സഹോദരന്മാരാലും പീഡിപ്പിക്കപ്പെടുകയും ഒടുവില്‍ അവരാല്‍ തന്നെ മാംസ ചന്തകളില്‍ ശരീരം വില്പനയ്ക്ക് വെക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ നാം നിത്യേന എന്നോണം കേട്ട് കൊണ്ടിരിക്കുന്നു. എന്താണ് ഈ സാംസ്ക്കാരിക അപചയത്തിന് കാരണം? എവിടെയാണ് നമ്മുടെ സമൂഹത്തിനു പിഴവുകള്‍ സംഭവിച്ചത്. പാല്‍ പുഞ്ചിരിയും പിഞ്ചു കാലുകള്‍ പിച്ചവെക്കുമ്പോള്‍ കേള്‍ക്കുന്ന പാദസര കിലുക്കവും നിഷ്ക്കളങ്കമായ സംസാരവും നമുക്ക് സമ്മാനിക്കുന്ന ,നമ്മുടെ മനസിനെ ഏറ്റവും കൂടുതല്‍ പുളകം കൊള്ളിക്കുന്ന പിഞ്ചു ബാല്യം അതിന്റെ കിളി കൊഞ്ചലും കിന്നാരവും ആസ്വദിക്കുന്നതിന് പകരം ആ പൈതലിനേയും കാമ പൂര്‍ത്തീകരണത്തിലേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തിയ സംഭവം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാം കേട്ടതാണ്. അതും ഒരു പതിമൂന്നു വയസു കാരന്‍., സമാന സംഭവങ്ങള്‍ ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു.

                               ഒന്നുകില്‍ അയല്‍വാസി, അല്ലെങ്കില്‍ അദ്ധ്യാപകന്‍, ചിലപ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് തന്നെ.. ഇങ്ങനെയുള്ള സംഭവങ്ങള്‍ പത്രത്താളുകളിലെ നിത്യ വാര്ത്തകളാകുമ്പോള്‍ നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട്? നമ്മുടെ മക്കളുടെ നമുക്ക് വിശ്വസിക്കാന്‍ പറ്റുന്ന പ്രായം ഏതാണ്? നമ്മുടെ പെണ്മക്കളെ ആധിയോടെയല്ലാതെ പുറത്തിറക്കാന്‍ നമുക്കാര്‍ക്കെങ്കിലും ഇന്ന് സാധിക്കുമോ ? സ്കൂളില്‍ അയച്ചാല്‍ അവര്‍ തിരികെ എത്തും വരെ നമ്മുടെ നെഞ്ചകങ്ങളില്‍ തീ ആയിരിക്കില്ലേ.?.. പത്ര താളുകളിലും ദൃശ്യമാധ്യമങ്ങളിലും എന്തിനേറെ നമുക്ക് ചുറ്റിലും നാം ഇന്ന് കണ്ടും കേട്ടും അറിഞ്ഞു കൊണ്ടിരിക്കുന്ന ഇത്തരം ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നാം ആരെ പഴിക്കണം ? പെണ്ണായി പോയത്‌ ഒരു വലിയ കുറ്റമായി ഇന്നു പലര്‍ക്കും തോന്നുന്നുണ്ടാവാം


                                     അതാണ്‌ ഇന്നിലൂടെ നമുക്ക് കിട്ടുന്ന പാഠങ്ങള്‍..പെണ്ണിന് അമ്മയുടെയും ദൈവത്തിന്റെയും സ്ഥാനം കല്പ്പിച്ച്ചിരുന്നു ഒരു കാലത്ത് സമൂഹം. മഴയില്‍ തന്റെ കുഞ്ഞനുജത്തിയെ ചെമ്പില കുടക്കീഴില്‍ ചേര്‍ത്ത് പിടിച്ചു സ്കൂളില്‍ കൊണ്ട് പോയ സഹോദരന്മാരുടെ നല്ല ചിത്രം നമ്മുടെ ഓര്‍മ്മകള്‍ക്ക് പിന്നാമ്പുറങ്ങളില്‍ ഇന്നും ഒളിച്ചിരിപ്പുണ്ട് . ആ ആര്‍ദ്രമായ മനസ്സ് എവിടെയാണ് കൈമോശം വന്നു പോയത്. സുരക്ഷിതത്വവും സ്നേഹവും മാന്യതയും ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്നുണ്ടോ ? ഒളിഞ്ഞും തെളിഞ്ഞും ഇന്ന് ഓരോ സ്ത്രീയും ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കിടപ്പുമുറിയിലും അവള്‍ ഉപയോഗിക്കുന്ന ബാത്ത് റൂമുകളിലും കാമറകള്‍ ഘടിപ്പിച്ചു അവ ഒപ്പിയെടുക്കുന്ന അവളുടെ മേനി കണ്ടു ആസ്വദിക്കുകയും അതിനെ വിറ്റു കാശാക്കുകയും ചെയ്യുന്ന ഇന്നിന്റെ ദുരവസ്ഥ .


                                           സ്ത്രീയെ നല്ല സഹോദരിയായി ,ഭാര്യയായി അമ്മയായി അമ്മൂമ്മയായി ആദരിച്ച ഒരു സമൂഹം ഇന്ന് കാമ പൂര്ത്തീകരണത്തിനുള്ള ഒരു താല്‍ക്കാലിക വസ്തുവായി മാത്രം കാണുന്നു .തന്റെ കാമാസക്തിക്ക് ശമനം കിട്ടിയാല്‍ കഴുത്ത് ഞെരിച്ചും വെട്ടി നുറുക്കിയും കൊലപ്പെടുത്തി ചാക്കുകളിലും ബാഗുകളിലും കുത്തിനിറച്ച് വീടിന്റെ മച്ചിന് മുകളിലോ മരപ്പൊത്തുകളിലോ ഫ്രീസറിലോ ഒളിപ്പിച്ചു വെക്കുന്നു. തൊട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്‍കുഞ്ഞു മുതല്‍ തൊണ്ണൂറു കഴിഞ്ഞ അമ്മൂമ്മ വരെ ഇന്ന് സമൂഹത്തെ പേടിയോടെ കാണേണ്ടിയിരിക്കുന്നു.സ്വന്തം വീടുകളിലും സ്കൂളുകളിലും കോളേജുകളിലും വാഹനങ്ങളിലും ഇടവഴിളിലും ഇന്നവള്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു .


                     ഇതിനു പുരുഷ കേസരികളെ മാത്രം കുറ്റം പറയുന്നതില്‍ ചെറിയ ശരി കേടില്ലേ? നേരത്തെ പറഞ്ഞ പതിമൂന്നു കാരനും ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയത് ഒരമ്മയല്ലേ ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല അവന്റ അമ്മയാണ് എന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത വസ്തുതയാണ് . ഇത്തരം ഭീതിതമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതിനു ചുറ്റുപാടുകകള്‍ക്കും ജീവിത ശൈലിക്കും സാംസ്ക്കരികാരികാധപ്പതനത്തിനും തുല്യ പങ്കുണ്ട് എന്നത് അവഗണിക്കാനാവില്ല. സര്‍ക്കാന്‍ തലത്തില്‍ മാത്രമല്ല, വ്യക്തിതലത്തിലും കുടുംബതലത്തിലും ഓരോരുത്തര്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഓരോ വ്യക്തിയും സമൂഹത്തിന്റെ പ്രധിനിധികളാണ് . ആ നിലക്ക് വ്യക്തി സ്വന്തം ജീവിതത്തെ സ്വയം സംസ്ക്കരിക്കുകയും വീടും കുടുംബവും അടങ്ങുന്ന പരിമിത വൃത്തത്തിലെങ്കിലും ശുദ്ധീകരണം നടത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.


സ്ത്രീയുടെ വസ്ത്രധാരണം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. സ്തീ പീഡനം കുറക്കാന്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണം എന്ന് മധുരൈ മടാതിപതി പറഞ്ഞത് ഈയിടെയാണ്. രാജസ്ഥാനിലെ ബി ജെ പി  എം എല്‍ ഇ സ്കൂളില്‍ പാവാട നിരോധിക്കണം എന്ന് പറയുകയുണ്ടായി. എല്ലാവരും സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് സംസാരിക്കുന്നു. ഇസ്ലാം മതം സ്ത്രീകളോട് മാന്യമായി ശരീരം മറയുന്ന വസ്ത്രം, പര്‍ദ്ദ എന്നു പറയുന്നില്ല, അതൊരു സാങ്കേതിക പദം മാത്രമാണ്, ധരിക്കാന്‍ ഉപദേശിച്ചത് പീഡനത്തില്‍ നിന്നും രക്ഷപ്പെടാനല്ല. മറിച്ചു അവളുടെ ശരീരം കേവലം ഒരു പ്രദര്‍ശന വസ്തു ആവരുത് എന്ന ഉദ്ദേശത്തില്‍ മാത്രമാണ്.

ഇവിടെ  അല്പം ശരീര ഭാഗങ്ങള്‍ വെളിയില്‍ കാണിച്ചാല്‍ അത് പുരുഷന് കയറി പിടിക്കാനുള്ള അവകാശം വക വെച്ച് കൊടുക്കലാണ്. അത് കൊണ്ട് സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണം, പാവാട ഉപേക്ഷിക്കണം, വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല എന്നൊക്കെ ഉള്ള രീതിയിലാണ് മേല്‍ പ്രസ്താവനകള്‍  പോകുന്നതു. അത് ഇത്തരം അക്രമകാരികളെ പരോക്ഷമായി ന്യായീകരിക്കുന്നതിനു തുല്യമാണ്. പ്രോലോഭിപ്പിക്കുന്ന വസ്ത്ര ധാരണം ലൈംഗിക മനോരോഗികളെ കുറ്റ കൃത്യത്തിനു പ്രേരിപ്പിച്ചേക്കാം. എന്നാല്‍ മാന്യമായ വസ്ത്ര ധാരണവും പലപ്പോഴും അവരെ ഇത്തരം നീച കൃത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല എന്നതും വാസ്തവമാണ്. അത് കൊണ്ട് തന്നെ രോഗാതുരമായ സമൂഹത്തെ ചികിത്സിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആണ് ആരായേണ്ടത്.  സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ട മുഖ്യ അജണ്ടയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനേ ഇത്തരം ചര്‍ച്ചകളും പ്രസ്താവനകളും ഉപകരിക്കൂ എന്ന് കൂടി സാന്ദര്‍ഭികമായി പറഞ്ഞു കൊള്ളട്ടെ.....

                    തന്റെ മക്കളെ എങ്ങിനെ വളര്‍ത്തണം, അവനില്‍ എന്തെല്ലാം മാനുഷിക മൂല്യങ്ങള്‍ ഉണ്ടാവണം എന്നതും തീരുമാനിക്കേണ്ടതവര്‍ തന്നെ .മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന് മനസ്സിലാക്കി അവന്റെ കൂട്ടുകെട്ടുകള്‍, അവന്‍ ലോകത്തെ എങ്ങിനെ നോക്കി കാണുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും മനസ്സിലാക്കാന്‍ അമ്മക്ക് കഴിയേണ്ടതുണ്ട്. മക്കളുടെ വസ്ത്ര ധാരണത്തിലും നടപ്പിലും, കൂട്ടുക കേട്ടുകളിലും ശ്രദ്ധിക്കാതെ അവര്‍ തെറ്റുകളിലേക്ക് വഴുതി പോകുന്നത് നാം കണ്ടില്ലെന്നു നടിച്ചു കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ടിട്ടു വിലപിച്ചിട്ട് കാര്യമുണ്ടോ ? ജീവിതം അടിച്ചു പൊളിച്ചു ആഘോഷിക്കാനുള്ള പണസമ്പാദനത്തിനായി ഇന്നത്തെ പെണ്‍കുട്ടികള്‍ സെക്സ് റാക്കറ്റുകളിലേക്ക് സ്വയം ഇറങ്ങി ചെല്ലുന്ന കാഴ്ചപോലും നാം കാണേണ്ടി വരുന്നു.

                                      മിനി സ്ക്രീനിന്റെയും ആല്‍ബത്തിന്റെയും മറവില്‍ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുകയോ ഒരു അവസരത്തിനായി അവര്‍ സ്വയം ശരീരം സമര്‍പ്പിക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍ പലപ്പോഴും നാം കേട്ട് കഴിഞ്ഞതാണ്. ഉദാത്തമായ കലയെ മറയാക്കി പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ഇത്തരം നാടകങ്ങള്‍ ഈ രംഗത്ത് കലയെ മാത്രം ഉപാസിച്ചു കഴിയുന്ന നല്ലവരെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്. കുടുംബം പോറ്റാനും പട്ടിണി മാറ്റാനും നിവര്‍ത്തിയില്ലാതെ മാനം വില്ക്കേണ്ടി വന്നവരോട് സമൂഹം ക്ഷമിച്ചേക്കാം. എന്നാല്‍ സ്വയം നാശത്തിലേക്ക് ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ആര്‍ക്കു ആരെ രക്ഷിക്കാനാവും?? സ്ത്രീയെ എവിടെയും പ്രദര്ശൂന വസ്തുവായാണ് അവതരിപ്പിച്ചു കാണുന്നത്. മിക്ക സിനിമകളിലും അഭിനയത്തേക്കാള്‍ ഉപരി അവളുടെ ശരീര പ്രദര്ശുനമാണ് നടക്കുന്നത്. ദൃശ്യ മാധ്യമങ്ങളും പരസ്യങ്ങളും എന്ന് വേണ്ട തെരുവോരത്ത് തൂങ്ങുന്ന ഫ്ലെക്സ് ബോര്ഡുമകളില്‍ വരെ സ്ത്രീ ശരീരം പരസ്യമായി മാര്‍ക്കറ്റ്  ചെയ്യപ്പെടുകയാണ്. അവിടെ സ്ത്രീയുടെ ശരീരത്തിന് മാത്രമേ വിലയുള്ളൂ. അറിഞ്ഞോ അറിയാതെയോ ഈ മാംസ വ്യാപാരത്തിന് സ്തീകള്‍ സ്വയം വിധേയരാകുന്നു. എന്നാല്‍ ഇതിനെതിരെ ഒരു സ്ത്രീ സംഘടനകളും അധികം സംസാരിച്ചു കാണാറില്ല എന്നതും കൌതുകരകരാമാണ്.


       സ്ത്രീയുടെ വസ്ത്രധാരണം ഇന്ന് ഏറെ ചര്ച്ചന ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രോലോഭിപ്പിക്കുന്ന വസ്ത്ര ധാരണം ലൈംഗിക മനോരോഗികളെ കുറ്റ കൃത്യത്തിനു പ്രേരിപ്പിച്ചേക്കാം. പുരുഷന്റെ കാഴ്ച്ചപ്പണ്ടാമാണ് സ്ത്രീ എന്നാ ഫ്യുടല്‍ കാഴ്ചപ്പാ ടി ന്റെ സാക്ഷ്യപത്രമാണ്‌ പെ ന്നുടലില്‍ പൊതിയാന്‍ പുതുതായി ആവിഷ്കരിക്കപ്പെടുന്ന വസ്ത്രാഭാസങ്ങള്‍ . സ്ത്രീ എന്നാല്‍ പുരുഷന് കാണാനും ആസ്വദിക്കാനും വേണ്ടിയുള്ള ഞൊ റിയും വടിവു മല്ല എ ന്നു തിരിച്ചറിയേണ്ടത് സ്ത്രീകള്‍ തന്നെയാണ് . സ്വയം പ്രദര്‍ശന വസ്തുവായി മാറുമ്പോള്‍ താന്‍ ഒരു ശരീരം ശരീരം മാത്രമാണെന്ന് വിളിച്ചു പറയുകയാണ്‌ സ്ത്രീ ചെയ്യുന്നത് . പുരുഷന്മാര്‍ക്ക് മാന്യത കൂടിയ വസ്ത്രം ഫുള്‍ സ്ലീവ് ആകുകയും സ്ത്രീകള്‍ക്ക് എക്സിക്യുറ്റീവ് ആകുന്തോരും വസ്ത്രം കുറഞ്ഞു വരികയും ചെയ്യുന്നതിന്റെ പിന്നി ല്‍ പുരുഷക്കാഴ്ചകളുടെ മനശാസ്ത്രം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

നാണവും മാനവും മറക്കാത്ത കീറ ത്തുണി കള്‍ കൊണ്ട് വിമോചനം സാധ്യമാവില്ല . വസ്ത്രത്തില്‍ നിന്നുള്ള വിമോചനമല്ല , എല്ലാ തരം ചൂഷണങ്ങളില്‍ നിന്നുമുള്ള വിമോചനമാണ് സ്ത്രീക്ക് ആവശ്യം .കാമക്കണ്ണും ക്യാമറക്കണ്ണും പിന്നാലെ ഓടുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറയുന്നത് മത മൗലിക വാദമല്ല ; .താന്‍ ഒരു ശരീരം മാത്രമല്ല എന്ന് ഉറക്കെപ്പറയലാണ് . സ്ത്രീ പുരുഷനെപ്പോലെ തന്നെ ബുദ്ധിയും വിവേകവും ചിന്താ ശേഷിയുമുള്ള ഒരു മനുഷ്യ ജീവിയാണെന്ന തിരിച്ചറിവ് സ്ത്രീകള്‍ക്കുമുണ്ടാവണം.. എന്ത് സാമ്പത്തിക ലാഭങ്ങള്‍ ഉണ്ടായാലും പരസ്യത്തിനായാലും, സിനിമകളിലായാലും, ചാനലുകളിലായാലും ഇനി പൊതു നിരത്തിലായാലും നഗ്നതാ പ്രദര്‍ശനം നടത്തി ആഭാസകരമായ ചൂഷണങ്ങള്‍ക്ക് സ്വയം വിധേയയാവരുത് .

 പൊതു സമൂഹത്തില്‍ അവള്‍ അറിയപ്പെടെണ്ടതും സമൂഹം അവളെ പരിഗണിക്കേണ്ടതും സ്ത്രീ തുല്യാവകാശങ്ങള്‍ ഉള്ള ഒരു സഹജീവി എന്ന നിലക്കാണ് . അല്ലാതെ അത് കേവലം ശരീര പ്രദര്‍ശനത്തിലൂടെ മാര്‍ക്കറ്റു ചെയ്തു വില്പനയ്ക്ക് വെക്കേണ്ട വെറും ഭോഗവസ്തു എന്ന നിലക്കല്ല. ഒരു സ്വതന്ത്ര വ്യക്തിത്വമായി നില നില്‍ക്കാനും സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനും അവള്‍ക്കു കഴിയും. അതിനു പൊതു സമൂഹം അവളെ അനുവദിക്കണം. കുടുംബത്തില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടില്‍ പ്രസവിച്ചും കുട്ടികളെ നോക്കിയും മാത്രം കഴിഞ്ഞിരുന്ന പഴയ കാലഘട്ടത്തില്‍ നിന്നും ഇന്നത്തെ സ്ത്രീകള്‍ ഒരു പാട് മുന്നോട്ടു പോയിരിക്കുന്നു. അഥാവാ അത് പുതിയ ജീവിത സാഹചര്യങ്ങളുടെ അല്ലെങ്കില്‍ പുതിയ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ജീവിത ചിലവുകള്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ത്തമാന സാഹചര്യത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യതകളെ തരണം ചെയ്യുന്നതില്‍ മിക്ക കുടുംബിനികളും കൂട്ടുത്തരവാദിത്വം നിര്‍വഹിക്കേണ്ടി വന്നിരിക്കുന്നു. അത് കൊണ്ട് തന്നെ അവള്‍ക്കു പലപ്പോഴും ഒറ്റയ്ക്ക് യാത്രകള്‍ ചെയ്യേണ്ടതായി വരുന്നു.

 സഞ്ചാര സ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും പൌരാവകാശമാണ്. ആ അവകാശത്തിനു മേലെയുള്ള ഏതു കയ്യേറ്റങ്ങളേയും അവസാനിപ്പിച്ചേ മതിയാവൂ. ബസ്സുകളിലും ട്രെയിനുകളിലും അവള്‍ സുരക്ഷിതയവേണ്ടതുണ്ട്. സ്ത്രീ എന്ന നിലയില്‍ തന്നെ അവള്‍ക്കു നിര്‍ഭയയായി ജീവിക്കാനും തൊഴില്‍ ചെയ്യാനും യാത്ര ചെയ്യാനും കഴിയേണ്ടതുണ്ട്. അത് പോലെ നമ്മുടെ കുട്ടികള്‍ വീട്ടിലും നാട്ടിലും സുരക്ഷിതരാവേണ്ടതുണ്ട്. അതിനു സാമൂഹിക സാംസ്ക്കാരിക തലത്തിലും നിയമ തലത്തിലും അഴിച്ചു പണികള്‍ നടത്തണം. പോലീസും കോടതികളും ഈ കാര്യത്തില്‍ ജാഗ്രത പാലിക്കണം. അതിനുള്ള നിയമ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം..

 ഒരു സ്ത്രീ, അമ്മ സഹോദരി എന്നീ നിലയിലുള്ള എന്റെ അഭിപ്രായങ്ങളും ആശങ്കകളും മാത്രമാണിത്‌ . പരിഷ്കൃത സമൂഹം എന്ന് നമ്മള്‍ സ്വയം പുകഴ്ത്തുമ്പോഴും , വിദ്യാ സമ്പന്നര്‍ എന്ന് അഹങ്കരിക്കുമ്പോഴും ഒരു വശത്ത്‌ വലിയൊരു വിഭാഗം, അവരില്‍ വിദ്യാസംബന്നരോ അല്ലാത്തവരോ ആവട്ടെ വല്ലാത്ത മൂല്യച്യുതിയിലേക്ക് കൂപ്പു കുത്തുകയാണ്. എവിടെയാണ് നമുക്ക് പിഴക്കുന്നത്‌. എന്താണ് പരിഹാരം. മറ്റെന്തിനെക്കാളും നാം ചര്‍ച്ച ചെയ്യേണ്ട ഒരു തലത്തിലേക്ക് സ്ത്രീകള്ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എല്ലാ സീമകളും അതിക്രമിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു എന്ന് ഓര്മ്മ പ്പെടുത്തുക മാത്രം....

 മഴവില്‍ ഇ-മാഗസിനില്‍ പ്രസിദ്ധീകരിച്ചത് .www.mazhavill.com