ബുധനാഴ്‌ച, ഡിസംബർ 14, 2011

ചില സ്ത്രീപക്ഷ ചിന്തകള്‍..


                                   സാമൂഹികവും സാംസ്ക്കാരികവുമായ ഏതു രംഗത്തുമെന്ന പോലെ  ദിശാ ബോധമില്ലാത്ത ഇന്നത്തെ സമൂഹത്തിനു സംഭവിച്ചു കൊണ്ടിരിക്കുന ഏറ്റവും വലിയ അപചയമാണ് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച. ഇതിനു കാരണങ്ങള്‍ പലതാവാം. അതു എന്തുമാവട്ടെ വിവാഹ മോചനങ്ങള്‍ ‍ ഇന്നു  ക്രമാതീതമായി വര്‍ധിച്ചു വരുന്നു എന്നത്  ഒരു  യാഥാർത്ഥ്യമാണ് .  ‍കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് സ്ത്രീകളാണ്. എന്താണ് സ്ത്രീകള്‍ക്ക് കുടുംബത്തിനു വേണ്ടി നിര്‍വഹിക്കാനുള്ള കടമകള്‍. സ്ത്രീ എന്നവ്യക്തിത്വത്തെക്കുറിച്ചും സ്ത്രീക്ക് മതം നല്‍കുന്ന അംഗീകാരത്തെക്കുറിച്ചും    നമുക്ക്‌ മനസ്സിലാകണമെങ്കില്‍  ഇസ്‌ലാമീകമായ  മായ  കാഴ്ചപ്പാടും    നിയമങ്ങളും  ഈലോകത്ത് നിലവില്‍ വരുന്നതിനു മുന്‍പ്‌  അതായത്‌ ഖുര്‍ആനിക നിയമങ്ങള്‍ ഈ ലോകത്ത്ഉണ്ടാകുന്നതിനു മുന്‍പുള്ള അവസ്ഥ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.


                   മദ്യത്തിലും   മദിരാക്ഷിയിലും മുഴുകി ജീവിക്കുന്ന ജന സമൂഹം   സ്ത്രീയ്ക്ക്  വെറുമൊരു  ഭോഗവസ്തു  എന്നതിനപ്പുറം  മറ്റൊരു  പരിഗണനയും നല്‍കിയിരുന്നില്ല. ഗോത്രമഹിമയുടെ  പേരിലുള്ള യുദ്ധങ്ങളെയും പെണ്ണിനെയും കള്ളിനെയും കുറിച്ചുമാത്രം ചിന്തിച്ചുജീവിച്ചിരുന്ന ആ സമൂഹത്തില്‍ സ്ത്രീയുടെ നില വളരെ പരിതാപകരമായിരുന്നു. എന്തിനേറെ, പെണ്‍കുട്ടികളെ ജീവിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല.ജനിച്ചതു പെണ്ണാണെന്ന് മനസ്സിലായാല്‍ അതിനെ ജീവനോടെ കുഴിച്ചു മൂടിയഒരു കാലമുണ്ടായിരുന്നു  ഇന്നത്തെ കാലം അതിനേക്കാള്‍ അധ:പ്പതിച്ചിരിക്കുന്നു എന്നതിനു തെളിവ്‌ അന്ന് കുട്ടിയെ ജനിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് കുട്ടിയെ  ജനിക്കാന്‍ പോലും അനുവദിക്കാതെ ഉദരത്തില്‍ വെച്ച് തന്നെ അതിനു നേരെ കൊലക്കത്തി  വീശുന്നു .

                              സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്‌.ഒരു കുടുംബം ഉണ്ടാകണമെങ്കില്‍ അതില്‍ സ്ത്രീയും പുരുഷനും കൂടിയേ തീരൂ. കുടുംബത്തിന്റെ ഘടനഅതിന്റെസ്വഭാവം അതിന്റെ നടത്തിപ്പ്‌ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചു ഓരോ  വ്യക്തിക്കുമെന്ന  പോലെ അവന്‍ വിശ്വസിക്കുന്ന മതങ്ങള്‍ക്കും വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടെന്നതില്‍  തര്‍ക്കമില്ല. ഇസ്‌ലാമിക വിധിയിലാണെങ്കില്‍  അതിന്റെ മത ഗ്രന്ഥമായ ഖുറാനില്‍ ഏറിയ പങ്കും ചര്‍ച്ച ചെയ്തിരിക്കുന്നത് കുടുംബത്തെ കുറിച്ചാണ്.എന്നതും വളരെ ശ്രദ്ധേയമാണ് . കുടുംബം കാലക്രമത്തില്‍    ഉണ്ടായതാണെന്ന വാദത്തെ ഖുറാന്‍ നിഷേധിക്കുന്നു. " അല്ലയോ മനുഷ്യരേ,നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവീന്‍ ഒരൊറ്റ ആത്മാവില്‍ നിന്ന്   നിങ്ങളെ സൃഷ്ടിക്കുകയും അതെ ആത്മാവില്‍  നിന്ന്‌അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്ത് സ്ത്രീപുരുഷന്മാരെ ലോകത്ത്‌  പരത്തുകയും ചെയ്തവനത്രേ അവന്‍ ..ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്‌, ആ അല്ലാഹുവിനെ ഭയപ്പെടുവീന്‍. കുടുംബബന്ധങ്ങള്‍ശിഥിലമാകുന്നത്സൂക്ഷിക്കുകയും ചെയ്യുവീന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാനിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക."(4: 1).
            
                        കുടുംബം എന്നാല്‍  മാതാപിതാക്കളുടെയും മക്കളുടെയും ഒത്തു ചേരല്‍അഥവാ ഒരു സംഗമം  ആകുന്നു.  കൂടുമ്പോള്‍ ഇമ്പമുള്ളത് കുടുംബം എന്ന് നാം പലപ്പോഴായികേട്ടിട്ടുണ്ടാകും. അതിന്റെ അടിവേര് ആയി പറഞ്ഞിട്ടുള്ളത്‌ വിവാഹവും . .വിവാഹം സാധുവാകണമെങ്കില്‍ സ്ത്രീയുടെയും പുരുഷന്റെയും പരസ്യ സമ്മതം വേണമെന്ന്‌ നിബന്ധന ഇസ്‌ലാമികമായ ഒരു കാഴ്ചപ്പാടാണ്  ,എന്നാല്‍ ഇന്ന് വിവാഹം എന്ന ഉടമ്പടിക്ക് ഒരുപെണ്ണും ആണും ഇറങ്ങി പ്പുറപ്പെടുമ്പോള്‍ അവരുടെ മുന്നില്‍ ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകുന്നതോടൊപ്പം ആധിയും വ്യാകുലതകളും അവരില്‍  നാമ്പിടുന്നു . ഒരു പെണ്കുട്ടിയുടെ വിവാഹ പ്രായമെത്തിയാല്‍മാതാപിതാക്കള്‍ക്ക് വല്ലാത്ത വെപ്രാളമാണ്.  അതൊരു ദരിദ്ര കുടുംബം കൂടിയാണെങ്കില്‍ പറയേണ്ടതില്ല. തന്റെ മോളുടെ പെണ്ണ് കാണല്‍ ചടങ്ങ് മുതല്‍  മംഗല്യ പന്തലിലേക്ക് ആനയിക്കുന്നത് വരെ ഒത്തിരിചോദ്യങ്ങള്‍ക്ക് അവര്‍ഉത്തരം കാണേണ്ടിയിരിക്കുന്നു.അതിനു ശേഷമുള്ള (ദുരാ)ആചാരങ്ങള്‍ വേറെയും .. ചെക്കന് പെണ്ണിനെ പിടിച്ചോഎന്നത് മാത്രമല്ല അവന്റെ മാതാപിതാക്കള്‍ക്ക് നാത്തൂന്‍ മാര്‍ക്ക് എന്തിനേറെപറയുന്നു അവന്റെ കൂട്ടുകാര്‍ക്ക് വരെ പെണ്ണിനെ ബോധിക്കണം എന്നിടത്തു വരെകാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു.

                     ഇവിടെ ഒരു കുടുംബത്തെ കണ്ണീരുകുടിപ്പിക്കുന്നതില്‍ പ്രധാന പങ്കു ഒന്നുകില്‍ സൌന്ദര്യം അല്ലെങ്കില്‍  സ്ത്രീധനം എന്നാ മഹാ വിപത്ത്‌  തന്നെ ..  ഈ പറഞ്ഞതിനര്‍ത്ഥം സൌന്ദര്യം നോക്കാതെ വിവാഹംകഴിക്കണം എന്നല്ല ഒരു  പെണ്ണിന്റെസൌന്ദര്യം എന്ന് പറയുന്നത് അവളുടെ  മേനിഅഴകല്ല മറിച്ചു അവളുടെ മനസിന്റെ നന്മയാണ്.എന്ന് കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാകുന്നു.പിന്നെ സ്ത്രീധനം. ഇതിനെ പറ്റി അധികമാളുകളും വാ തോരാതെ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഓര്‍മ്മപ്പെടുത്തുന്നുന്ടെങ്കിലും  അത് സ്വന്തം കാര്യത്തില്‍ പ്രാവര്ത്തീകമാക്കുന്നുണ്ടോ
                    
                     ഏതൊരു ചെറിയ കാരണത്തിനും പുരുഷന് സ്ത്രീയെ വിവാഹ മോചനംചെയ്യാം എന്നാല്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താവില്‍ നിന്നു വിടുതല്‍നേടാന്‍ സ്ത്രീക്ക് എന്തെങ്കിലും പോംവഴി  സമൂഹം മുന്നോട്ടുവെക്കുന്നില്ല.  അപ്പോള്‍ സ്ത്രീ, അവള്‍ എത്ര കണ്ണീരു കുടിച്ചാലും അവള്‍ സ്ത്രീയാണെന്ന കാരണംകൊണ്ട്മാത്രം നിന്ദിക്കപ്പെടുകയും അവളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും ചെയ്യുന്നു എന്നതല്ലേ യാതാര്‍ത്ഥ്യം. ഇനിമതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നും  ചിന്തിച്ചാല്‍ ഇസ്‌ലാം സ്ത്രീക്ക് വളരെയധികംആദരവും അവകാശങ്ങളും നല്‍കി അവള്‍ക്കു വേണ്ട എല്ലാ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുന്നു എന്നു കാണാം. . സ്ത്രീയുടെ ഓരോ അവസ്ഥയിലും അവള്‍ മകള്‍ ആയാലും , ഭാര്യ ആയാലും ഉമ്മയായാലും ഉമ്മൂമ്മ ആയാലും അവള്‍സംരക്ഷിക്കപ്പെടെണ്ടവള്‍ തന്നെ .ഇതാണ് ഇസ്‌ലാമിന്റെ വിധി.   അല്ലാഹു തന്റെ പ്രവാചകനിലൂടെ ലോകത്തിനു നല്‍കിയനിയമ നിര്‍ദേശങ്ങളിലെല്ലാം സ്ത്രീയുടെ സ്ഥാനത്തെയും അവരെ ആദരിക്കേണ്ടുന്നതിനെകുറിച്ചും പഠിപ്പിക്കുന്നുണ്ട്.

                    എന്നാല്‍ സ്ത്രീ എല്ലാ   നിലക്കും പീഡനങ്ങള്‍ അനുഭവിക്കുന്ന ജാഹിലിയ്യ ( ഇസ്‌ലാം അറേബ്യയില്‍ വരുന്നതിനു  മുന്‍പുള്ള കാലം )കാലത്തിലേക്ക് ഇന്ന് ലോകം പൊയ്ക്കൊണ്ടിരിക്കുന്നു .  “സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി ഫിര്‍ഔന്റെ ഭാര്യയെ  എടുത്തുകാണിച്ചിരിക്കുന്നു ഖുറാന്‍.  എന്നാല്‍ ഇന്ന്സ്ത്രീക്ക് ആ പദവിയും പവിത്രതയും നല്‍കാന്‍ സമൂഹത്തിനു സാധിക്കുന്നുണ്ടോസ്ത്രീയുടെ ഇഷ്ടത്തിനോ അഭിപ്രായത്തിനോ തീരെ വില കല്‍പ്പിക്കാതെ അവളുടെ വിവാഹം  നിശ്ചയിയ്ക്കുന്ന  സമുദായങ്ങള്‍ ഇന്നും പലയിടങ്ങളില്‍ ഉണ്ട്.എന്നാല്‍ ഇസ്‌ലാം  സ്ത്രീക്ക് തന്റെ ഇണയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം നല്‍കുകയാണ് ചെയ്തത്.നബി(സ) പറഞ്ഞു: വിധവയോട് അനുവാദം ചോദിക്കാതെ  അവളെ വിവാഹംചെയ്തു കൊടുക്കരുത്. കന്യകയോട്‌ സമ്മതം  ആവശ്യപ്പെടാതെ അവളുടെ വിവാഹം നടത്താന് പാടില്ല  എന്നത് നബി വചനം .തനിക്കു വേണ്ടി കണ്ടെത്തിയ പുരുഷനെ ഇഷ്ടമായില്ലെങ്കില്‍ അത് തുറന്നു  പറയാനുള്ള അവകാശം സ്ത്രീക്ക് മതം  നല്‍കുന്നു. എന്നാല്‍ ഇന്ന് മതനിയമത്തിന്റെ  അടിസ്ഥാനത്തില്‍ തന്നെയാണോ എല്ലാ വിവാഹങ്ങളും വിവാഹ മോചനങ്ങളും  നടക്കുന്നത് . പലപ്പോഴും അല്ല എന്നതാണ് ഉത്തരം. കാരണം ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന വിവാഹ മോചനങ്ങള്‍ പലതും മത ദൃഷ്ട്യാ സാധൂകരിക്കാവുന്നതല്ല എന്നു കാണാം.

                എന്നാല്  മറ്റു കാരണങ്ങളാല്‍ വിവാഹബന്ധം  പരാജയപ്പെടുന്നിടത്ത്‌ വിവാഹ മോചനം അനുവദിച്ചിരിക്കുന്നു.   പക്ഷെ അതിനു ഒത്തിരി നിയമങ്ങളും  നിബന്ധനകളും മതം മുന്നോട്ടു വെക്കുന്നു. അനുവദനീയമായതില്‍ ദൈവം ഏറ്റവും വെറുക്കപ്പെട്ട ഒന്നാണ് വിവാഹ മോചനം എന്നു പറയുമ്പോള്‍ വിവാഹ മോചനത്തെ ഇസ്‌ലാം എത്രമാത്രം നിരുല്സാഹപ്പെടുത്തുന്നു എന്നു മനസ്സിലാക്കാം. . അനിവാര്യമായ സാഹചര്യങ്ങളില്‍  ഉപാധികളോടെ ബഹുഭാര്യത്വത്തിനും അനുവാദമുണ്ട് എന്നതില്‍ ഉപാധികളോടെ എന്നത് നാംഅടിവരയിട്ടു വായിക്കേണ്ടിയിരിക്കുന്നു. എന്താണ് ഈ ഉപാധികള്‍ എന്നു പരിശോധിച്ചാല്‍ അതു പാലിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യങ്ങളാണ്. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കേണ്ടി വരുന്ന ഘട്ടത്തില്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ പൂര്‍ണമായ സമത്വം പാലിക്കുക. അതിനു സാധിക്കാത്തവര്‍ അതിനു മുതിരാതിരിക്കുക എന്നതില്‍ നിന്നു തന്നെ ബഹുഭാര്യത്വത്തെ ഇസ്‌ലാം  പ്രോത്സാഹിപ്പിക്കുകയല്ല. നിരുത്സാഹപ്പെടുത്തുകയും എന്നാല്‍ കൂടാതെ കഴിയുന്ന അവസ്ഥയില്‍ നിബന്ധനകളോടെ അനുവദിക്കുകയും ചെയ്യുന്നു എന്നു കാണാം

               ഈ വ്യവസ്ഥകളോ സാഹചര്യമോ ഒന്നും കണക്കിലെടുക്കാതെ കേവലം മാംസ ദാഹ ശമനത്തിനും  കുത്തഴിഞ്ഞ ജീവിതത്തിനും  വേണ്ടി ഭാര്യയെ കണ്ണീരു കുടിപ്പിച്ചു കൊണ്ട് മറ്റു സ്ത്രീകളെ വിവാഹം കഴിച്ചു ജീവിക്കാന്‍ ഇസ്‌ലാം  ആരെയും അനുവദിച്ചിട്ടില്ല. പക്ഷെ ഇന്നു നടക്കുന്ന 99 % ബഹുഭാര്യത്വവും ഈ പറഞ്ഞ ഇനത്തില്‍ പ്പെടും . ഇതാവട്ടെ മതത്തെ ഏറെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടവരുത്തുകയും  ചെയ്തു. ഇതു മുസ്‌ലിം സമുദായത്തിനെ മാത്രം ബാധിച്ച  പ്രശ്നമല്ല. എല്ലാ സമൂഹത്തിലും ഇതു നടക്കുന്നു. ഒളിഞ്ഞോ തെളിഞ്ഞോ മാംസ നിബദ്ധ വിനിമയങ്ങള്‍ക്കായി  അപഥ സഞ്ചാരം നടത്തുകയും തന്‍മൂലം കുടുംബത്തില്‍   അന്തച്ഛിദ്രത   ഉടലെടുക്കുകയും അതു വിവാഹ മോചനത്തിലോ കൊലപാതകത്തിലോ ആത്മഹത്യയിലോ ഒക്കെ പര്യവസാനിക്കുകയും ചെയ്യുന്നു എന്നത് സമകാലിക പരിസരത്തെ നിത്യ കാഴ്ചകളായി തീര്‍ന്നിരിക്കുന്നു.

                 വിവാഹ മോചനങ്ങളുടെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍  അനുഭവിക്കുന്നത് കുട്ടികളാണ്. വിവാഹ മോചിതരായവരുടെ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും അരക്ഷിതാവസ്ഥയിലും എത്തിപ്പെടുകയും തന്മൂലം  അധോന്മുഖരായി  തീരുകയും ചെയ്യുന്നതായി പഠനങ്ങള്‍ തെളിയിച്ചതാണ്. അച്ഛനമ്മമാര്‍ക്കിടയിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മയും കുട്ടികളുടെ മാനസിക ആരോഗ്യത്തെ  സാരമായി ബാധിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല .അതു കൊണ്ട് തന്നെ കുട്ടികളെ ഓര്‍ത്തെങ്കിലും കുടുംബത്തിലെ സമാധാനാന്തരീക്ഷം  ഉറപ്പു വരുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്.

             സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കേന്ദ്ര ബിന്ദു കുടുംബമാണ്.  എന്നാല്‍ ക്ടുംബത്തെ അവഗണിച്ചു സുഖങ്ങള്‍ക്കും ആഡമ്പരങ്ങള്‍ക്കും പിറകെ പായുന്നവര്‍ അവസാനം ചെന്നെത്തുന്നത് മദ്യത്തിലും മയക്കുമരുന്നിലുമാണ് എന്നത് ഒരു പരമാര്ത്ഥമാണ്. എന്താണ് ഇതിനു കാരണം?. ലഹരിയിലൂടെ മനുഷ്യര്‍  അന്വേഷിക്കുന്നതും മനസ്സമാധാനം തന്നെയാണ്. എന്നാല്‍ അതിന്‍റെ ലഹരി മതിയാകാതെ വരുമ്പോള്‍ അവര്‍ മുഴുക്കുടിയന്മാരായി ത്തീരുകയും അങ്ങിനെ സമൂഹത്തില്‍ നിന്നു പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അപ്പോഴും അവര്‍ തിരിച്ചറിയുന്നില്ല താന്‍ അന്വേഷിക്കുന്ന സന്തോഷവും സമാധാനവും  കിട്ടുമായിരുന്ന  കുടുംബത്തിന്റെ സ്വസ്ഥത ഊതിക്കെടുത്തിയാണ് താന്‍ മറ്റു പലതിന്റെയും പിറകെ പോയതെന്ന്. അതിനാല്‍ കുടുംബ ബന്ധങ്ങളെ കൂടുതല്‍ ദൃഡമാക്കുവാനും വിട്ടു വീഴ്ച്ചകളിലൂടെ സമാധാനം നിലനിര്‍ത്തി ജീവിക്കാനും നമുക്കാവട്ടെ.

ബുധനാഴ്‌ച, നവംബർ 16, 2011

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

       

കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ  സാഹചര്യത്തില്‍ ജീവിതം ഏറ്റവും  ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്. വാര്‍ദ്ധക്യം എന്നത്  ശൈശവംബാല്യം,കൗമാരം,യവ്വനം എന്നത് പോലെ ജീവിതത്തിന്റെ സ്വഭാവീകമായ  പരിണാമം മാത്രമാണ്. എങ്കിലും ഇന്ന് അധിക പേര്‍ക്കും അതൊരു  ഭാരമാണ് . 

സ്നേഹവും പരിലാളനയും അനുഭവിച്ചു വളര്‍ന്ന കുട്ടിക്കാലവും ചോരത്തിളപ്പും കരുത്തും ആവേശവും ജ്വലിച്ചു നിന്ന യവ്വനവും പിന്നിട്ടു അവശതയും ക്ഷീണവും കടന്നു കൂടുമ്പോള്‍  സ്വാഭാവികമായും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും നടന്നു പോകാന്‍ പ്രയാസപ്പെടുകയും എന്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്ര ദയനീയമാണ്. കാഴ്ചയും കേള്‍വിയും കുറഞ്ഞു വാര്‍ദ്ധക്യ സാഹചമായ രോഗങ്ങള്‍ കൂടി ബാധിക്കുമ്പോള്‍ അവരുടെ ദൈനംദിന ജീവിതം എത്ര വിഷമം പിടിച്ചതാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ.

ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍‍ സന്മനസ്സു കാണിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി  മാറിക്കൊണ്ടിരിക്കുന്നു. പ്രായമായവര്‍ മക്കള്‍ക്ക്‌ അധികപ്പറ്റായി തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. വീട്ടില്‍ സ്നേഹവും പരിചരണവും കുറയുമ്പോള്‍ കുടുംബങ്ങളില്‍ നിന്നും  പുറംതള്ളുന്നതിന് മുന്നേ സ്വയം‍ വീടുവിട്ടിറങ്ങാന്‍ അവര്‍ സന്നദ്ധമാവുന്ന അവസ്ഥയാണുള്ളത്. അല്ലാത്ത പക്ഷം  അണുകുടുംബം ആഗ്രഹിക്കുന്നവരും വിദേശങ്ങളിലും മറ്റും ജോലിയുമായി കഴിയുന്നവരും ലക്ഷങ്ങള്‍ കൊടുത്തു സ്വന്തം മാതാപിതാക്കളെ ഇത്തരം സദനങ്ങളില്‍ എത്തിക്കും എന്നു ഏതാണ്ട് ഉറപ്പാണ്. സ്നേഹാലയം, ശരണാലയം എന്നൊക്കെയുള്ള പേരുകളില്‍ വൃദ്ധസദനങ്ങള്‍ ‍ ഇന്നു എല്ലായിടത്തും പെരുകി വരുന്നതിന്റെ കാരണവും ഇതു തന്നെ.

ജീവിക്കുക എന്ന ആവശ്യത്തിനപ്പുറം  എല്ലാം വെട്ടിപ്പിടിക്കുക എന്ന ദുരാഗ്രഹവുമായി ഓടുമ്പോള്‍, വീട്ടില്‍ കഴിയുന്ന വൃദ്ധ മാതാപിതാക്കള്‍ മക്കള്‍ക്ക്‌  ഭാരമായി തോന്നുന്നു. തങ്ങള്‍ക്കു ജന്മം നല്‍കി സ്നേഹത്തോടെ പോറ്റി വളര്‍ത്തി വലുതാക്കി ജീവിക്കാന്‍ പ്രാപ്തരാക്കിയ മാതാപിതാക്കളെ‍ യാതൊരു ദയയും ഇല്ലാതെ വൃദ്ധസദനങ്ങളിലേക്ക്  അയക്കുന്നു. തങ്ങള്‍ക്കും നാളെ  ഈ ഒരു അവസ്ഥ വരാനുണ്ട് എന്ന ഒരു ബോധവും ഇല്ലാതെ സസന്തോഷം ജീവിക്കുന്നു. 

മനുഷ്യനെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്ന ഒരു കാര്യം അവന്‍ പിറന്നു വീഴുമ്പോള്‍ തന്നെ സ്വയം നടന്നു ഭക്ഷണം കഴിച്ചു വളരുന്നില്ല എന്നതാണ്. അവരെ പ്രായപൂര്‍ത്തി എത്തുന്നത്‌ വരെയെങ്കിലും മാതാപിതാക്കള്‍ പോറ്റി വളര്‍ത്തുക തന്നെ വേണം. അങ്ങിനെയല്ലാത്തവരും വളരുന്നില്ലേ എന്നു ചോദിച്ചാല്‍ ഉണ്ടായേക്കാം. എന്നാല്‍    ജീവിതത്തിന്റെ താളം തെറ്റാതെയും  സമൂഹത്തിന്റെ  ആട്ടും തുപ്പും പരിഹാസവും എല്ക്കാതെയും ജീവിതം ക്രമപ്പെടുത്തിയെടുക്കാന്‍ രക്ഷിതാക്കളുടെ സംരക്ഷിത വലയത്തിനെ കഴിയൂ. ഇതൊക്കെ അറിഞ്ഞും അനുഭവിച്ചും വളര്‍ന്നവര്‍  മാതാപിതാക്കളെ പ്രായമാകുമ്പോള്‍ അവഗണിക്കുന്നതില്‍ എന്ത് ന്യായീകരണമാണ് കണ്ടെത്താന്‍ സാധിക്കുക.

ഇതു ഒരു പരിഷ്കൃത സമൂഹത്തിനു ഭൂഷണമാണോ. സ്വാര്‍ത്ഥതക്ക് വേണ്ടി അഹിതവും പ്രാകൃതവുമായ ഇത്തരം ആചാരങ്ങളെ പുല്‍കുമ്പോള്‍ നമ്മില്‍ നിന്നും മനുഷ്യത്വം ഇല്ലാതാകുന്നു. മനുഷ്യന്‍ എന്ന സാമൂഹിക ജീവി (social animal) ആരോടും വിധേയത്വവും കടപ്പാടും സഹാനുഭൂതിയും സ്നേഹവും ഇല്ലാതെ സ്വന്തത്തിനു വേണ്ടി മാത്രം നില കൊള്ളുന്ന കാടത്തത്തിലേക്ക് അധ:പ്പതിക്കുകയാണ്. 

ഈ സമൂഹം മൊത്തം അങ്ങിനെ ആണെന്ന സാമാന്യവല്ക്കരണമല്ല ഇവിടെ  നടത്തുന്നത്. എന്നാല്‍ സമൂഹത്തില്‍ ഈ പ്രവണത കൂടി വരുന്നു എന്നത് നമ്മെ അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യം  തന്നെയാണ്. അതിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. ഇതിനു ന്യായീകരണങ്ങള്‍ ‍ പലതു പറഞ്ഞേക്കാം. എന്നാല്‍ സ്വന്തം മനസ്സാക്ഷിയെപ്പോലും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരുത്തരമാകില്ല  ഈ ക്രൂരതയുടെ ഏതു ന്യായീകരണവും.

ജീവിതത്തിന്റെ സായം സന്ധ്യയില്‍ സ്നേഹത്തോടെ പരിപാലിക്കപ്പെടാനും സ്വന്തം മക്കള്‍ തങ്ങള്‍ക്കു താങ്ങും തണലുമാവാനും  ആരും കൊതിക്കും. എന്നാല്‍ ഇന്ന് നഗര ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട്  പണത്തിനും ആര്‍ഭാട ജീവിതത്തിനും പിറകെ ഓടുന്ന പുതു തലമുറ ഇവരെ പരിപാലിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? പലപ്പോഴും ഇല്ല എന്നതാണ് വാസ്തവം. നാട്ടില്‍ പെരുകി വരുന്ന വൃദ്ധസദനങ്ങള്‍   ഈ നിഗമനത്തിന് ആക്കം കൂട്ടുന്നു. 

മക്കളുടെയും ഉറ്റവരുടെയും അവഗണ വൃദ്ധമാതാപിതാക്കളെ മാനസീകമായും ശാരീരികമായും തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം ഇല്ല. ഏറ്റവും പരിഗണിക്കപ്പെടേണ്ട അവസ്ഥയിലാണ് അവര്‍ അവഗണിക്കപ്പെടുന്നത് എന്നത് അവരിലെ മാനസികാഘാതത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. വൃദ്ധസദനത്തിലും ശരണാലയത്തിലുമൊക്കെ അയച്ചു പ്രായമായവരെ മാറ്റി നിര്‍ത്തുക വഴി ഒരുതത്തില്‍ നാം അവര്‍ക്ക് ജീവിതത്തില്‍ നിന്നും പിന്മാറാനുള്ള സൂചന നല്‍കുകയാണ് ചെയ്യുനത്. അല്ലെങ്കില്‍ അവര്‍ക്ക് മാനസിക മരണം വിധിക്കുകയാണ്. 

വാര്‍ദ്ധക്യം എന്നത് ശൈശവത്തിലേക്കുള്ളതിരിച്ചു പോക്കാണ്. പ്രായം കൂടി വരുമ്പോള്‍  അവരുടെ സ്വഭാവം കുട്ടികളുടെത് പോലെ  ആയിതീരുന്നു. ചില കാര്യങ്ങളില്‍ അവര്‍ വാശി പിടിക്കുന്നു. നമുക്കിഷ്ട്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യുകയും പറയുകയും ചെയ്യുന്നു. നമ്മുടെ മക്കള്‍ അങ്ങിനെ ചെയ്യുമ്പോള്‍ നമ്മള്‍ അത് ആസ്വദിക്കുന്നില്ലേ.  അത് പോലെ എന്ത് കൊണ്ട് നമുക്ക് ഇവരുടെ ചെയ്തികളെ കാണാന്‍ സാധിക്കുന്നില്ല.?  

മാതാപിതാക്കളോട് "ഛെ " എന്നാ വാക്ക് പോലും പറയരുത് എന്നും അവര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിരിച്ചു കൊടുക്കുക എന്നുമുള്ള ദൈവിക വചനത്തില്‍ നിന്നും അവരോടു നാം എങ്ങിനെ പെരുമാറണം എന്ന്  നമുക്ക് മനസ്സിലാക്കേണ്ടിയിരിക്കുന്നു.  നമുക്കും നാളെ ഇങ്ങനെയൊരു അവസ്ഥ വരാനുണ്ട് എന്നത് നാം മറക്കാതിരിക്കുക. നാളെ നാം അത്തരം ഒരു അവസ്ഥയില്‍ എത്തുമ്പോള്‍ ഇന്നത്തെ നമ്മുടെ സ്ഥാനത്തേക്ക്  നാമിന്നു സ്നേഹത്തോടെ, സന്തോഷത്തോടെ പോറ്റി വളര്‍ത്തുന്ന മക്കള്‍ വളര്‍ന്നു വരുന്നു എന്നതും നാം ഓര്മ്മിക്കുക.  ദൈവം രക്ഷിക്കട്ടെ..


ബുധനാഴ്‌ച, നവംബർ 02, 2011

പുണ്യ ഭൂമിയിലെ മന്ത്രധ്വനികള്‍..എന്തായിരിക്കും നമ്മളിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന  ഈ അനുഭൂതിയുടെ രഹസ്യം..? പൊള്ളുന്ന ചൂടിലും ഹൃദയം കുളിര്‍ക്കാന്‍ കാരണമാകുന്ന ശക്തി എന്തായിരിക്കും. സ്വയം മറന്നു നിന്നുപോകുന്ന ഏത് ദിവ്യ സ്രോതസ്സാണ് നമ്മെ പിടിച്ചു നിര്‍ത്തുന്നത്....?
ഒഴുകി നീങ്ങുന്ന ജനസാഗരങ്ങള്‍ക്കിടയില്‍ നിന്നും  മധുരമുള്ള ഒരു ഗാനം  നമ്മുടെ കര്‍ണ്ണ പുടങ്ങളെ തഴുകി തലോടി കടന്നു പോകുന്നില്ലേ..
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...ലബ്ബൈക ലാ ശരീക്കലക്ക  ലബ്ബൈക്ക് ...
ഹറമിന്റെ പരിസരത്തെല്ലാം ഹാജിമാരുടെ ലബ്ബൈക നാദം. അവര്‍ ഹൃദയത്തില്‍ തട്ടി വിളിക്കുന്ന ലബ്ബൈക്ക നാദങ്ങള്‍ അപ്പുറത്ത് മക്കയെ പൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങളും ഏറ്റു ചൊല്ലുന്നു. 
ഭക്തിയുടെ നിറവില്‍ ഓരോ ഹാജിമാരുടെ മുഖത്തും ദര്‍ശിക്കാം പാപക്കറ കഴുകി കളഞ്ഞതിന്റെ ആത്മ സംതൃപ്തി  ..ഇളം  പൈതലിന്റെ നിഷ്ക്കളങ്കത  ആമുഖങ്ങളില്‍  നിന്നും നമുക്ക് വായിച്ചെടുക്കാം ..


ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക് ...

ലോക രക്ഷിതാവായ അല്ലാഹുവേ നിന്‍റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കിയിരിക്കുന്നു. പരിശുദ്ധ ഹജ്ജു കര്‍മ്മത്തിനായി ലോകത്തിന്‍റെ നാനാ ദിക്കില്‍ നിന്നും വന്നെത്തിയവര്‍. വിവിധ നിറവും  ഭാഷയും സംക്കാരവും വേഷങ്ങളും ശാരീരിക പ്രകൃതിയും ഉള്ളവര്‍,  കാടും മലയും കടലും മരുഭൂമിയും താണ്ടി  അറഫാ മൈതാനിയിലും മീനാ താഴ്വരയിലും‍ ഒരേ വേഷത്തില്  ഒരു മിച്ചു കൂടുന്നു. ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കുവാന്‍. അവരുടെ ചുണ്ടില്‍ ഒരേ ഒരു  മന്ത്രം മാത്രം "ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

           ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഹജ്ജു . ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് ഏറെ വിധേയനായ പ്രവാചകനായിരുന്നു ഇബ്രാഹിം നബി.   സ്വന്തം മകനായ ഇസ്മായിലിനെ ബലി കൊടുക്കാന്‍ കല്പിക്കപ്പെട്ട ഇബ്രാഹിന്റെയും, ദൈവിക കല്‍പ്പന നിറവേറ്റാന്‍ പിതാവിന്റെ മുന്നില്‍ പ്രകോപിതനാവാതെ നിര്‍ഭയനായി ബലിക്കല്ലില്‍ തവെച്ചു കൊടുത്ത മകന്‍ ഇസ്മായീല്ന്റെയും, ചുട്ടു പൊള്ളുന്ന മണലാരുണ്യത്തില്, വിജനമായ മരുഭൂമിയിലൂടെ‍ ‍ കൈ കുഞ്ഞായ ഇസ്മായിലിന്റെ ചുണ്ട് നനക്കാന്‍ ഒരിറ്റു ദാഹജലത്തിനായി സഫാ മര്‍വാ മലകള്‍ക്കിടയില്‍ നെട്ടോട്ടമോടിയ  ഹാജറാ ബീവിയുടെയും ത്യാഗ  സ്മരണകള്‍ക്ക്  മുമ്പില്‍ വിനയാന്വിതരായ ജന ലക്ഷങ്ങള്‍ ദൈവത്തോട് പാപ മോചനം തേടുന്നു.ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണ ബോധത്തിന്റെയും ഫലമായി നാം ഇന്നും അവരുടെ വഴികളിലൂടെ പ്രകീര്ത്തനത്തിന്‍    ഈരടികള്‍ ഏറ്റു  ചൊല്ലി മുന്നേറുന്നു..
 ‌
ഇബ്രാഹീം നബി (അ).ഇസ്മായീല്‍ ,ഹാജറ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവ ബഹുലമായ സ്മരണകള്‍ അയവിറക്കി കൊണ്ട് ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണ ബോധത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും പ്രകാശ കിരണങ്ങള്‍ നമ്മിലെക്കാവാഹിച്ചു നമുക്ക് ബലി പെരുന്നാളിനെ വരവേല്‍ക്കാം .. 
  

മോക്ഷ വഴിതന്‍ ദിക്ക് തേടും
സാര്ത്ത വാഹക സംഘമേ..
കേള്‍ക്കുന്നുവോ നിങ്ങള്‍
ഈണത്തില്‍ പാടും രാക്കിളി തന്‍
മന്ത്രമൊഴികള്‍ ...
അറിയുന്നുവോ നിങ്ങള്‍
മക്കത്തെ പള്ളിമിനാരങ്ങള്‍
തഴുകിയെത്തുമാ കാറ്റില്‍
പരക്കും പരിമളം .. ..

ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

ദൈവ ഭക്തിയിലലയടിക്കും 
മന്ത്രധ്വനികളാല് മുഖരിതം 
ശാന്തിതന്‍  വെള്ളരിപ്രാവുകള്‍ 
പാറിപ്പറക്കുമാ പരിസരം..
പാരില്‍ വിശുദ്ധ ഗേഹമാം പുണ്യ -
ഹറമില്‍  മാത്രമീ അനുഗ്രഹം ..

ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

ദാഹ ജലത്തിനായി ഹാജറ 
നെട്ടോട്ട മോടവെ കുഞ്ഞിന്റെ -
കാലടിപ്പാടില്‍ നിന്നുറവയായി..
ഉരവം കൊണ്ടൊരാ സംസം ..
ദൈവത്തിന്‍ കാരുണ്യ ഹസ്തമായി ..
കാലം മറക്കാത്ത ധന്യ സ്മ്രതികളില്‍..
നിറഞ്ഞു തുളുമ്പുന്നു പുണ്യ തീര്‍ത്ഥമായി  ..
സഫാ -മര്‍വ മലകള്‍ തന്‍ താഴ്വാരത്ത്..
മധുര സ്മ്ര്തികള്‍ തന്‍ ഭക്തി നിറയുന്നു 
ഉടയോന്റനുഗ്രഹ വര്ഷിപ്പുകള്‍ ..

ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ... 

ഈദുല്‍ -അദ്ഹ തന്‍ സന്ദേശ ഗീതം 
ശാന്തി- സമാധാന തൌഹീദിനീണം
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

തിരിച്ചറിവ് ...നീണ്ടു നിതംബം മറഞ്ഞു നിന്ന കാര്‍കൂന്തല്‍ വെട്ടിച്ചുരുക്കി  ബോബ് ചെയ്തു സ്വര്‍ണ കളര്‍ നല്‍കി. പുരികം പ്ലക്ക് ചെയ്തു ..മുഖക്കുരുവെല്ലാം  ഫേഷ്യലില്‍     അപ്രത്യക്ഷമാക്കി ..  ലിപ്സ്റ്റിക്ക്‌ കൊണ്ട് ചുണ്ടുകളിലെ  ചായം അല്‍പ്പം കൂടി  കൂട്ടിയപ്പോള്‍ തന്നെ ആള്‍ ആകെ മാറി പോയി .... 

ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

'നാം രണ്ട് നമുക്ക് രണ്ട്'
ദൈവത്തിന്റെ സ്വത്താണ്  മക്കള്‍  എന്ന  വസ്തുത പണ്ട് മുതലേ പറഞ്ഞു കേട്ട ഒരു കാര്യമല്ലേ ??  അത് അങ്ങിനെ തന്നെ ആണോ എന്നൊരു സംശയം ഈ അടുത്ത കാലത്തായി ഇല്ലാതില്ല . കേരളത്തിലെ പെണ്ണുങ്ങളുടെ ക്ഷേമം നടപ്പാക്കുന്ന കാര്യത്തില്‍ ഈ കമ്മീഷന്റെ ശുഷ്ക്കാന്തി മറ്റുള്ള മേഖലയില്‍ കൂടി കാണിച്ചിരുന്നുവെങ്കില്‍ കേരളക്കരയിലെ പെണ്ണുങ്ങളൊക്കെ അക്രമങ്ങളില്‍ നിന്നും  പീഡനങ്ങളില്‍ നിന്നുമൊക്കെ പണ്ടേ രക്ഷപ്പെടുമായിരുന്നു. 

വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

പ്രവാസി


നെഞ്ചിലെരിയും കനലായ്..
വിരഹത്തിന്‍ വേദനകള്‍..

എവിടെ നിന്നോ ഒഴുകിയെത്തിയ 
 
പാട്ടിന്‍ ഇശലുകള്‍
അടുത്ത വന്നു സാന്ത്വനമേകാതെ 
തിരിച്ചു പോയി...

വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011

പൂത്താലമേന്തിയ ഓര്‍മ്മകള്‍ ...


ചേമ്പില കുമ്പിളില്‍ തുമ്പയും തെച്ചിയും മുക്കുറ്റിയും പറിച്ചു നടന്ന ബാല്യം.
വീണ്ടും ഓര്‍മ്മകള്‍ പൂക്കുകയാണല്ലോ.

പൂവിളികളുടെ ഓര്‍മ്മകളിലേക്ക് ,പൂക്കളങ്ങളുടെ ഭംഗിയിലേക്ക് , പുലിക്കളികളുടെ ആരവങ്ങളിലേക്ക് . രുചിയേറും വിഭവങ്ങള്‍ അടങ്ങിയ ഓണ സദ്യയിലേക്ക്‌..
ഒരോണം കൂടി വിരുന്നെത്തുന്നു.
നന്മയുടെയും ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സന്ദേശം വിളിച്ചോതുന്ന ഈ ഓണം എനിക്കും ആഘോഷിക്കാതെ വയ്യ.


വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2011

അത്തറിന്‍ സുഗന്ധവുമായി...റംസാന്‍ നിലാവ് മായാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി. ആത്മ സംസ്കരണത്തിന്റെ മാസം വിടപറയുന്ന വേദനയില്‍ ഇരിക്കുമ്പോള്‍ തന്നെ മാനത്ത് ശവ്വാലമ്പിളി ചിരി തൂകി നില്‍ക്കുന്നുണ്ടാവും. പിന്നെ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ സന്തോഷത്തിന്‍റെ പൂത്തിരികള്‍.

പ്രാര്‍ത്ഥനാ നിരതമായ റമദാന്‍ മാസം പെട്ടെന്ന് കഴിഞ്ഞു പോയി . ഒരുപൂവിതള്‍ കൊഴിയും പോലെ .വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലാവെളിച്ചം മനസിലേക്കാവാഹിച്ച്, നോമ്പുകാരന്‍ നേടിയെടുത്ത ഉണര്‍വിന്റെയും ക്ഷമയുടെയും നന്മയുടെയും ഒരു പുതു പുലരി ഇവിടെപിറവിയെടുക്കുന്നു.ശവ്വാല്‍ നിലാവില്‍ പ്രശോഭിതയായി നില്‍ക്കുന്ന പള്ളിമിനാരങ്ങളും ..ആത്മീയ സുഖത്തിന്റെ പാരമ്യതയില്‍ പുളകം കൊള്ളുന്ന മനുഷ്യ മനസും ..ചെറിയ പെരുന്നാളിന്റെ മനോഹാരിത പതിന്മടങ്ങാക്കുന്നു.

ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2011

ഡല്‍ഹിയിലേക്കും സ്വാതന്ത്ര്യത്തിന്റെ ചത്വരം
അണ്ണാഹസാരെ അറസ്റ്റുചെയ്യപ്പെട്ടു എന്തിനു? ഈ ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കുമ്പോഴാണ് നാം ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ കപട നാടകങ്ങളുടെ പിന്നാംപുറത്തെ നിയന്ത്രിക്കുന്ന അഴിമതി രാജാക്കന്മാരുടെ യഥാര്‍ത്ഥ മുഖം കാണുക. അഴിമതിക്കെതിരെ പോരാടിയ ഹസാരക്ക്മേല്‍ അഴിമതി ആരോപിക്കുകയും സമരം നടത്തിയതിന്റെ പേരില്‍ അറസ്റ്റു ചെയ്യുകയം ചെയ്തവരുടെ തൊലിക്കട്ടിയെ എന്ത് പേരിട്ടാണ്‌ വിളിക്കുക

ശനിയാഴ്‌ച, ജൂലൈ 30, 2011

പുണ്യങ്ങളുടെ പൂക്കാലം
ഒരു പതിവ് ശീലത്തിന്റെ ഭാഗമായി രാവിലെ കയ്യില്‍ കിട്ടിയ പത്രത്തില്‍ കൂടി കണ്ണോടിച്ചു
,അടുക്കളയിലെ ജോലിയും കഴിഞ്ഞു ..കമ്പ്യൂട്ടറില്‍ അന്നും വന്നു കിടക്കുന്ന മെയില്‍ പരിശോധനയിലാണ് "റമദാനുല്‍ കരീം " എന്ന ..ടൈറ്റില്‍ വെച്ച് ഒരു ഗ്രീറ്റിംഗ് മെസ്സേജ് ശ്രദ്ധയില്‍ പ്പെട്ടത്
ഒരു പഴയ കൂട്ടുകാരിയുടെ റംസാനെ കുറിച്ചുള്ള വെറുമൊരു ഓര്‍മ്മപ്പെടുത്തലോ ,അവളുമായുള്ള ആത്മ ബന്ധം പുതുക്കലോ ഒന്നും ആയി കാണാന്‍ ആ മെയില്‍ എനിക്ക് തോന്നിയില്ല ..മറിച്ച് നോമ്പ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ കൂടിയുള്ള ഒരുഭൂതകാല സഞ്ചാരത്തിലും കുട്ടിക്കാലത്തെ ആ പുണ്യമാസത്തിന്റെ നിറം മങ്ങിയ ഓര്‍മ്മകളിലേക്കുമാണ് വഴിതുറന്നത്..

ചൊവ്വാഴ്ച, ജൂലൈ 12, 2011

പ്ലീസ്‌ വിസിറ്റ്....


വലതു കയ്യ് മൗസിന്റെ         മുകളില്‍തലോടി ,ഇടതു കൈ കൊണ്ട്  കമ്പ്യൂട്ടറിന്റെമൂക്കില്‍ ആഞ്ഞു കുത്തി ,ഈസി ചെയറില്‍ ചെരിഞ്ഞമര്‍ന്നു ഇടത്തു മാറി , വലത്തു നിന്നാരെങ്കിലും   വരുന്നോ എന്ന് നോക്കി  ,ബ്ലോഗും തോപ്പ് ഭഗവതിയെ  മനസ്സില്‍ പ്രാകി ,അയാള്‍ അന്നും പതിവ് പോലെ തന്റെ "ടെന്‍ഷന്‍ ഫ്രീ ബൂലോഗത്തിലേക്ക്"   കുതിച്ചു

തിങ്കളാഴ്‌ച, ജൂലൈ 04, 2011

മൂന്നു കവിതകള്‍.(?)

വിപ്ലവം


അവന്‍ പറഞ്ഞു
വിപ്ലവത്തിന്‍റെ തീജ്വാലയില്‍
സ്വപ്നത്തിലെന്നോണം
ഇതൊക്കെയും മുളക്കാത്ത വിത്തുകള്‍!.
പ്രണയമറിഞ്ഞിട്ടുമവന്‍ പറഞ്ഞു
പതിരു തന്നെ പതിര്...


അവള്‍ മുഷ്ടിചുരുട്ടി പറഞ്ഞു. 

ദാരിദ്ര്യത്തിന്റെ  കീറലുകള്‍
പ്രണയം കൊണ്ട് മറക്കാന്‍
താന്‍ ഭഗ്ന  കവിയല്ലെന്നും
വിപ്ലവം
അതൊരിക്കല്‍
കൊടുങ്കാറ്റും , പേമാരിയും പോലെ
പെയ്യുക തന്നെ ചെയ്യും ..2.തിരയിളക്കം

തിരയിളക്കം പോല്‍ ഭയാനകം 
ഓരോ ഇലയനക്കവും .
തപ്ത ജീവിതത്തെ മാടി വിളിക്കുന്നതിന്റെ 
ഉള്‍ക്കിടിലമാകുമോ
അതോ വ്യര്‍ത്ഥ ജീവിതത്തിന്റെ 
വിടവാങ്ങലോ ?   

3.മൗനം  
വാക്കുകള്‍ മുറിയുന്നിടത്ത് 

നിന്നും  ആരംഭിക്കുന്നു. 
മൗനം
നിന്റെ മൗനം
എന്നില്‍ ..
അസഹ്യമാം  ഒരനുഭൂതി..

അനിവാര്യമാം മൌനത്തിന്റെ 
അഗാധമാം ഗര്‍ത്തം  ...                                                                                                          ഹൃദയങ്ങള്‍ക്കിടയില്‍   മറയായി
വീണ്ടും മൗനിയായി ..

വെള്ളിയാഴ്‌ച, ജൂൺ 24, 2011

ഓര്‍മ്മകളിലെ മഴത്തുള്ളികള്‍..മഴ നനഞ്ഞ പോസ്റ്റുകള്‍ വായിച്ചു കുളിര് കൊണ്ടിരിക്കുമ്പോള്‍ .. ഞാനും പോയി എന്റെ കുട്ടിക്കാലത്തേക്കൊരു തിരിച്ചു പോക്ക് പക്ഷെ അവിടെ

യുള്ള നനുത്ത ഓര്‍മ്മകള്‍ക്ക് പൂക്കളുടെ സുഗന്ധമോ തെന്നി വീഴുന്ന മഴ തുള്ളികള്‍ക്ക് മുത്തുകളെ പോലെയുള്ള സൌന്ദര്യമോ ഒന്നും ഉണ്ടായിരുന്നില്ല.


ഉരുണ്ടു കൂടുന്ന കാര്‍ മേഘങ്ങള്‍ക്ക് ഇരുള്‍ പരക്കുമ്പോള്‍,അകലെ പേമാരിയുടെ ആരവം മുഴങ്ങുമ്പോള്‍...മേല്‍ക്കൂരയുടെ ഓലപ്പഴുതിലൂടി ആകാശം നോക്കി, വരാന്‍ പോകുന്ന പെരുമഴയും,കൊടുങ്കാറ്റും,ഇടിമുഴക്കങ്ങളും,കൊള്ളിയാനും, ഓര്‍ക്കുമ്പോള്‍ നെന്ചിനുള്ളില്‍ നിന്നും ഒരു വെള്ളിടി മുഴങ്ങാറുണ്ട്. ഓലപ്പഴുതിലൂടെ മഴവെള്ളം അകത്തളങ്ങളില്‍ നിറയുമ്പോള്‍ പേടിയോടെ അന്തംവിട്ടു ജീവിത യാഥാര്‍ത്യത്തിനു മുന്നില്‍ അമ്പരന്നു നില്‍ക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല.

ദുരിത പൂര്‍ണ്ണമായ ജീവിതത്തിലെ കണ്ണീര്‍ കണങ്ങള്‍ ഒന്നിച്ചു പേമാരിയായി പെയ്തിറങ്ങിയതായിരുന്നോ അന്ന്. . അടുക്കളയില്‍ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങളിലെ മഴവെള്ളം എടുത്തു പുറത്തു കളയുമ്പോള്‍ . ഈ ഒടുക്കത്തെ മഴ ഒന്ന് തോര്‍ന്നു കിട്ടിയിരുന്നെങ്കില്‍ എന്നു പിറുപിറുക്കുന്ന ഉമ്മയും കിഴക്ക് മാനം കരിങ്കൊടി കാണിച്ചു തുടങ്ങുമ്പോള്‍ മനതാരില്‍ പെരുമ്പറ മുഴങ്ങുന്ന ഉപ്പയും ചോര്‍ന്നൊലിക്കുന്ന കൂര കെട്ടിമേയാന്‍ കാശില്ലാതെ തന്റെ പറക്കമുറ്റാത്തെ കുഞ്ഞുങ്ങളെയും കൊണ്ട് താനെന്തു ചെയ്യും പടച്ചോനെ എന്നുള്ള ആധി ആ കണ്ണുകളില്‍ നിഴലിച്ചു കാണാംഎന്നിലെ ബാല്യങ്ങളിലെ മഴക്ക് ഒരിക്കലും പുതുമണ്ണിന്റെ ഗന്ധമുണ്ടായിരുന്നില്ല
ഓരോ മഴക്കാലവും ഉപ്പയ്ക്കും ഉമ്മയ്ക്കും ഉറക്കം കളയുന്ന രാത്രികളെയാണ് സമ്മാനിച്ചത്. രണ്ടു മുറികളുള്ള വീട്ടില്‍ പുറത്തുളളതിനേക്കാള്‍ കൂടുതല്‍ മഴ വെള്ളം അകത്താവും. തീയും പുകയും സ്ഥിരമായി തട്ടുന്നിടം ആയതിനാല്‍ വൈക്കോല്‍


അധികമൊന്നും ദ്രവിക്കാത്ത അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലാകും കുറച്ചൊക്കെ ചോര്ച്ചക്ക് ആശ്വാസം ഉണ്ടാവുക കര്‍ക്കിടകമാസത്തില്‍ തുള്ളിക്കൊരു കുടം കണക്കെ പാതിരാവില്‍ മഴ സംഹാര താണ്ഡവമാടുമ്പോള്‍ അടുക്കളയോട് ചേര്‍ന്ന മുറിയിലെ ഒരു മൂലയില്‍ എല്ലാവരും കൂടി ഒരു പുതപ്പിനടിയില്‍ മഴ ചോരാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചിരിക്കും.കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ടോ മണ്ണെണ്ണയുടെ അളവ് കുറഞ്ഞത് കൊണ്ടോ അണഞ്ഞു പോയ ചിമ്മിനി കാഴ്ചകള്‍ അവയെ മറക്കാന്‍ ശ്രമിച്ചെങ്കിലും മഴ യോടപ്പം ശക്തമായ കാറ്റും ഇടിയും കൂരിരുട്ടിനെ കീറി മുറിച്ചെത്തുന്ന മിന്നലും മിന്നി മറയുന്നതിനിടയില്‍ ഉമ്മയുടെയും ഉപ്പയുടെയും കവിള്‍ തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ ചാലുകള്‍ ഇലട്രിക് ബള്‍ബുകളുടെ വെട്ടത്തില്‍ തിളങ്ങുന്ന കായല് പോലെ തിളങ്ങുന്നത് പലവട്ടം കണ്ടിട്ടുണ്ട് .. ആ കണ്ണ് നീര്‍ തടങ്ങള്‍ ഒരു സങ്കടക്കടലായി മാറാന്‍ ഞങ്ങള്‍ ഉറങ്ങും വരെ കാത്തിരിക്കുമായിരുന്നു ഉമ്മ..

ഇടിമിന്നലിന്റെ ഭീതിപ്പെടുത്തുന്ന പ്രകാശത്തില്‍ ചുമരിന്റെ അരികു ചേര്‍ന്ന് മുറിയിലേക്ക് ഒലിച്ചിറങ്ങി വരുന്ന പുതിയ ജല ധാരകള്‍ ..ആ ജലധാരകളെല്ലാം ഒരു സര്‍പ്പ ചലനങ്ങളുടെ രൂപങ്ങളില്‍ ഞങ്ങളിലേക്ക് പാഞ്ഞടുക്കുന്നതായിട്ടാണ് അന്ന് തോന്നിയിരുന്നത്.വീടിനകത്തെ സ്ഥിതി ഇതായിരുന്നുവെങ്കില്‍ പുറത്തെ സ്ഥിതി മറ്റൊന്നായിരുന്നു ഒരു വയലിനോട് ചേര്‍ന്ന തോടിനടുത്തായിരുന്നു ഞങ്ങളുടെ ഈ കൊച്ചു വീട് . മഴക്കാലം ആകുന്നതോടെ തോട് നിറഞ്ഞൊഴുകാന്‍ തുടങ്ങും. കര കവിഞ്ഞൊഴുകുന്ന തോട് ഏതു നിമിഷവും ഞങ്ങളെ വീടിനെയും കൊണ്ടുംപോവും എന്ന സ്ഥിതിയിലായിരുന്നു . പക്ഷെ ദൈവത്തിന്റെ കൈകള്‍ അവിടെ ഒരു തടയിണ പോലെ നിന്നത് കൊണ്ട് മാത്രം മുറ്റം വരെ വെള്ളം കയറിയിരുന്നുള്ളൂ... പണ്ടൊക്കെ വീടിനുള്ളിലും വെള്ളം കയറി പാത്രങ്ങള്‍ വരെ ഒലിച്ചു പോയ കഥ വല്ലിമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ..


അയല്‍ പക്കത്തെ കുട്ടികളെല്ലാം മടക്കുന്നതും അല്ലാത്തതുമായി ഞെക്കിയാല്‍ തുറക്കുന്ന കുടകളുമായി മഴയത്ത് ആര്‍ത്തുല്ലസിച്ച് സ്കൂളിലേക്ക് പോകുമ്പോള്‍ മേലോട്ട് നോക്കിയാല്‍ ആകാശം കാണുന്ന കീറിയ കുട കീഴില്‍ ഇലാസ്ടിക്കു കൊണ്ട് അടുക്കി പിടിച്ച ബുക്കുകള്‍ക്ക് മീതെ ചോറ്റു പാത്രവും കെട്ടി മാറത്തു അടുക്കി പിടിച്ചു നടക്കുമ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹങ്ങള്‍ എല്ലാം ഇടവഴിയിലെ മഴ വെള്ള പാച്ചിലില്‍ ഒഴുകി പോകും പോലെ തോന്നിയിട്ടുണ്ട്..അന്നൊക്കെ സ്കൂളില്‍ പോകുമ്പോള്‍ മാറി ഉടുക്കാന്‍ ഒന്നില്‍ കൂടുതല്‍ ഡ്രെസ്സുകളും ഉണ്ടായിരുന്നില്ല. വെയില്‍ കിട്ടാത്തത് കൊണ്ട് വീണ്ടും നനഞ്ഞത് തന്നെ ഇട്ടു പോകേണ്ടി വരുന്ന ഗതികേടും അതിലെ ആ ഒരു നനഞ്ഞ ഗന്ധവും ഒക്കെയായിരുന്നു അന്നത്തെ മഴക്ക് .


എങ്കില്‍ , മുതിര്‍ന്നപ്പോള്‍ മഴ ക്കാലത്ത് കേള്‍ക്കുന്ന വാര്‍ത്തകളില്‍ കൂടി വീണ്ടും മഴയെ കുറിച്ചുള്ള ചിത്രങ്ങള്‍ ഭീകരമായി തന്നെ എന്റെ മനസ്സില്‍ വരച്ചിട്ടു തന്നു.. മഴ കെടുതികളുടെ തീരാ പ്രവാഹങ്ങള്‍, .. പ്രളയ ക്കെടുതിയിലും ചുഴലിക്കാറ്റിലും വീട് ഒലിച്ചുപോയവരും ഇടിഞ്ഞു പൊളിഞ്ഞവരുമടക്കം ഒരു പാട് പേരുടെ നിസ്സഹായ ചിത്രങ്ങള്‍ ചോര്‍ന്നൊലിക്കുന്ന കുടിലിനു മുന്നിലിരുന്നു മഴയെ പ്രാകുന്ന മനുഷ്യ ജന്മങ്ങള്‍ മഴക്കാലത്ത്‌ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയവരുടെ ഉറ്റവരുടെ ദയനീയ മുഖങ്ങള്‍.. കുളങ്ങളിലും തോടുകളിലും പുഴകളിലുമായി ജീവന്‍ നഷ്ട്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ ഇവയെല്ലാം എപ്പോഴും ഉള്ളതാണെങ്കിലും മഴക്കാലത്ത്‌ ഇത് തുടര്‍ കഥകളായി ഒഴുകി വരുന്നു...

മഴയുടെ രൂപഭാവങ്ങള്‍ പലരും ആസ്വദിക്കുക പല രൂപത്തില്‍ ആയിരിക്കും.. കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും അവരുടെ തൂലിക തുമ്പില്‍ നിന്നും ഉറ്റി വീഴുന്ന പ്രക്ര്തിയുടെ ആനന്ദാശ്രുക്കള്‍ ആകുമ്പോള്‍ . ചിലര്‍ക്ക് സന്തോഷത്തിന്റെയും മറ്റുചിലര്‍ക്ക് ദുഃഖത്തിന്റെയും പ്രതീകമായി മാറുന്നു... പ്രേമിക്കുന്നവര്‍ക്ക് കുളിര്‍ കോരിയിടുന്ന പ്രണയവും കമിതാക്കള്‍ക്ക് കാമത്തിന്റെ ചൂടും സമ്മാനിക്കുന്നു മഴ.. . തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയോ മഴ നനയാതിരിക്കാന്‍ ഒരു കൂരയോ ഇല്ലാത്തവന് തീരാ ദുഖത്തിന്റെ അഗ്നിജ്വാലയായി മാറുന്നു മഴ ... പാവപ്പെട്ടവനും പട്ടിണിക്കാരനും പ്രാര്‍ത്ഥനയും ഭീതിയുമാണ് മഴ സമ്മാനിക്കുന്നത് .മഴ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്നില്ല എന്ന് ഇതിനര്‍ത്ഥമില്ല ..മഴയും പ്രണയവുമെല്ലാ. കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ അവ കഥയ്ക്കും കവിതയ്കുമുള്ള നല്ലൊരു വിഷയം തന്നെ .. ചില സമയങ്ങളില്‍ ചില മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തില്‍ അവ ദുരിതങ്ങളും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ചില നിമിഷങ്ങളും സമ്മാനിക്കുന്നു ... എങ്കിലും കാലത്തിന്റെ കറക്കത്തില്‍ പ്രവാസത്തിന്റെ ആകുലതകളിലും ഒറ്റപെടലുകളിലും ജീവിതം സിമന്റു കൂടാരങ്ങള്‍ക്കിടയില്‍ ചൂട് പിടിച്ചുരുകുമ്പോള്‍ മനസിലും കണ്ണിനും കുളിര്‍മ്മയേകുന്ന ഒരു ചാറ്റല്‍ മഴ അറിയാതെ എന്റെ മനസും കൊതിക്കുന്നൂ ...
തിങ്കളാഴ്‌ച, ജൂൺ 06, 2011

വേട്ടയാടപ്പെടുന്ന സ്ത്രീത്വംപാല്‍ പുഞ്ചിരിയും പിഞ്ചു കാലുകള്‍ പിച്ചവെക്കുമ്പോള്‍ കേള്‍ക്കുന്ന പാദസര കിലുക്കവും നിഷ്ക്കളങ്കമായ സംസാരവും നമുക്ക് സമ്മാനിക്കുന്ന ,നമ്മുടെ മനസിനെ ഏറ്റവും കൂടുതല്‍ പുളകിയതയാക്കുന്ന പിഞ്ചു ബാല്യം അതിന്റെ കിളി കൊഞ്ചലും കിന്നാരവും ആസ്വദിക്കുന്നതിന് പകരം ആ പൈതലിനേയും കാമ പൂര്‍ത്തീകരണത്തിലേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി യിരിക്കുന്നു . അതും അയല്‍വാസിയായ പതിമൂന്നുകാരന്‍ .

പത്രത്താളുകളിലെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട്?
നമ്മുടെ മക്കളുടെ നമുക്ക് വിശ്വസിക്കാന്‍ പറ്റുന്ന പ്രായം ഏതാണ്? നമ്മുടെ പെണ്മക്കളെ ആധിയോടെയല്ലാതെ പുറത്തിറക്കാന്‍ നമുക്കാര്‍ക്കെങ്കിലും ഇന്ന് സാധിക്കുമോ ? സ്കൂളില്‍ അയച്ചാല്‍ അവര്‍ തിരികെ എത്തും വരെ നമ്മുടെ ഉള്ളില്‍ തീ ആയിരിക്കില്ലേ.?.. പത്ര താളുകളിലും ദൃശ്യമാധ്യമങ്ങളിലും എന്തിനേറെ നമുക്ക് ചുറ്റിലും നാം ഇന്ന് കണ്ടും കേട്ടും അറിഞ്ഞു കൊണ്ടിരിക്കുന്ന ഇത്തരം ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നാം ആരെ പഴിക്കണം ?
പെണ്ണായി പോയത്‌ ഒരു വലിയ കുറ്റമായി ഇന്നു പലര്‍ക്കും തോന്നുന്നുണ്ടാവാം .അതാണ്‌ ഇന്നിലൂടെ നമുക്ക് കിട്ടുന്ന പാഠങ്ങള്‍..പെണ്ണിന് അമ്മയുടെയും ദൈവത്തിന്റെയും സ്ഥാനം കല്പ്പിച്ച്ചിരുന്നു ഒരു കാലത്ത് സമൂഹം. മഴയില്‍ തന്റെ കുഞ്ഞനുജത്തിയെ ചെമ്പില കുടക്കീഴില്‍ ചേര്‍ത്ത് പിടിച്ചു സ്കൂളില്‍ കൊണ്ട് പോയ സഹോദരന്മാരുടെ നല്ല ചിത്രം നമ്മുടെ ഓര്‍മ്മകള്‍ക്ക് പിന്നാമ്പുറങ്ങളില്‍ ഇന്നും ഒളിച്ചിരിപ്പുണ്ട് . ഇത്തരത്തിലുള്ള സുരക്ഷിതത്വവും മാന്യതയും ഇന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോ ?

ഒളിഞ്ഞും തെളിഞ്ഞും ഇന്ന് ഓരോ സ്ത്രീയും ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു
കിടപ്പുമുറിയിലും അവള്‍ ഉപയോഗിക്കുന്ന ബാത്ത് റൂമുകളിലും കാമറകള്‍ ഘടിപ്പിച്ചു അവ ഒപ്പിയെടുക്കുന്ന അവളുടെ മേനി കണ്ടു ആസ്വദിക്കുകയും അതിനെ വിറ്റു കാശാക്കുകയും ചെയ്യുന്ന ഇന്നിന്റെ ദുരവസ്ഥ . സ്ത്രീയെ നല്ല സഹോദരിയായി ,ഭാര്യയായി അമ്മയായി അമ്മൂമ്മയായി ആദരിച്ച ഒരു സമൂഹം ഇന്ന് കാമ പൂര്ത്തീകരണത്തിനുള്ള ഒരു താല്‍ക്കാലിക വസ്തുവായി മാത്രം കാണുന്നു .തന്റെ കാമാസക്തിക്ക് ശമനം കിട്ടിയാല്‍ കഴുത്ത് ഞെരിച്ചും വെട്ടി നുറുക്കിയും കൊലപ്പെടുത്തി ചാക്കുകളിലും ബാഗുകളിലും കുത്തിനിറച്ച് വീടിന്റെ മച്ചിന് മുകളിലോ മരപ്പൊത്തുകളിലോ ഫ്രീസറിലോ ഒളിപ്പിച്ചു വെക്കുന്നു.

തൊട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്‍കുഞ്ഞു മുതല്‍ തൊണ്ണൂറു കഴിഞ്ഞ അമ്മൂമ്മ വരെ ഇന്ന് സമൂഹത്തെ പേടിയോടെ കാണേണ്ടിയിരിക്കുന്നു.സ്വന്തം വീടുകളിലും സ്കൂളുകളിലും കോളേജുകളിലും വാഹനങ്ങളിലും ഇടവഴിളിലും ഇന്നവള്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു .ഇതിനു പുരുഷ കേസരികളെ മാത്രം കുറ്റം പറയുന്നതില്‍ ചെറിയ ശരി കേടില്ലേ ഈ പതിമൂന്നു കാരനും ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയത് ഒരമ്മയല്ലേ ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല അവന്റ അമ്മയാണ് എന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത സത്യമായ ഒരു വസ്തുതയാണ് .

തന്റെ മക്കളെ എങ്ങിനെ വളര്‍ത്തണം അവനില്‍ എന്തെല്ലാം മാനുഷിക മൂല്യങ്ങള്‍ ഇട്ടു കൊടുക്കണം എന്നതും തീരുമാനിക്കേണ്ടതവര്‍ തന്നെ .മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന് മനസ്സിലാക്കി അവന്റെ കൂട്ടുകെട്ടുകള്‍ അവന്‍ ലോകത്തെ എങ്ങിനെ നോക്കി കാണുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും മനസ്സിലാക്കാന്‍ അമ്മക്ക് കഴിയേണ്ടതല്ലേ പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തിലും അവരുടെ ആവശ്യങ്ങളിലും നാം ശ്രദ്ധിക്കാതെ അവര്‍ പലതരം തെറ്റുകളിലേക്ക് വഴുതി പോകുന്നത് നാം കണ്ടില്ലെന്നു നടിച്ചു കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ടിട്ടു വിലപിച്ചിട്ട് കാര്യമുണ്ടോ ?

ജീവിതം അടിച്ചു പൊളിച്ചു ആഘോഷിക്കാനുള്ള പണസമ്പാദനത്തിനായി ഇന്നത്തെ പെണ്‍കുട്ടികള്‍ സെക്സ് റാക്കറ്റുകളിലേക്ക് സ്വയം ഇറങ്ങി ചെല്ലുന്ന കാഴ്ച പോലും നാം കാണേണ്ടി വരുന്നു. മിനി സ്ക്രീനിന്റെ യും ആല്‍ബത്തിന്റെയും മറവില്‍ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുകയോ ഒരു അവസരത്തിനായി അവര്‍ സ്വയം ശരീരം സമര്‍പ്പിക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍ പലപ്പോഴും നാം കേട്ട് കഴിഞ്ഞതാണ്.


ഉദാത്തമായ കലയെ മറയാക്കി പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ഇത്തരം നാടകങ്ങള്‍ ഈ രംഗത്ത് കലയെ മാത്രം ഉപാസിച്ചു കഴിയുന്ന നല്ലവരെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്. കുടുംബം പോറ്റാനും പട്ടിണി മാറ്റാനും നിവര്‍ത്തിയില്ലാതെ മാനം വില്ക്കേണ്ടി വന്നവരോട് സമൂഹം ക്ഷമിച്ചേക്കാം. എന്നാല്‍ സ്വയം നാശത്തിലേക്ക് ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ആര്‍ക്കു ആരെ രക്ഷിക്കാനാവും
സ്ത്രീ ലോകത്തിനു കരുതലായി ..,സ്നേഹമായി ..കരുണയായി ..കാവലായി മാറുന്ന അങ്ങിനെ അവരെ കാണുന്ന ഒരു സമൂഹം എന്നെങ്കിലും ഈ ലോകത്ത് തിരിച്ചു വരുമോ ആ നല്ല നാളെക്കായി നമുക്ക് പ്രാര്‍ഥിക്കാം ........


പിന്‍ കുറിപ്പ് :ഒരു സ്ത്രീ, അമ്മ എന്നീ നിലയിലുള്ള എന്റെ ആശങ്കകളാണ് ഈ പോസ്റ്റില്‍ ഞാന്‍ പങ്കു വെച്ചത്. ചിലതൊക്കെ അതി ഭാവുകത്വമാണ് ആണ് എന്ന് തോന്നാം. എന്നാല്‍ യാഥാര്‍ത്ഥ്യം ചിലപ്പോള്‍ നമ്മുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്താണ് എന്നതല്ലേ സമകാലിക വാര്‍ത്തകള്‍ നമ്മോടു പറയുന്നത്. പരിഷ്കൃത സമൂഹം എന്ന് നമ്മള്‍ സ്വയം പുകഴ്ത്തുമ്പോഴും , വിദ്യാ സമ്പന്നര്‍ എന്ന് അഹങ്കരിക്കുമ്പോഴും ഒരു വശത്ത്‌ വലിയൊരു വിഭാഗം വല്ലാത്ത മൂല്യച്യുതിയിലേക്ക് കൂപ്പു കുത്തുകയാണ്. എവിടെയാണ് നമുക്ക് പിഴക്കുന്നത്‌. എന്താണ് പരിഹാരം. മറ്റെന്തിനെക്കാളും നാം ചര്‍ച്ച ചെയ്യേണ്ട ഒരു തലത്തിലേക്ക് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എല്ലാ സീമകളും അതിക്രമിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു എന്ന് ഓര്‍മ്മപ്പെടുത്തുക മാത്രം.


.

.

ചൊവ്വാഴ്ച, മേയ് 31, 2011

പുലർകാല നക്ഷത്രം
സുരയ്യാ..

നീർമ്മാതളത്തിന്‍ സുഗന്ധമേ..
ഭാവനയുടെ പറുദീസയില്‍
നീ കഥയായി കവിതയായി
വിരിയിച്ച അക്ഷര പൂക്കളെ ..
മരണമില്ലാത്ത നിന്‍ ഓര്‍മ്മകളാല്‍ ..
എന്‍ ഹൃദയതന്ത്രികളില്‍ കുളിര്‍ പെയ്യവെ..
നിന്നെ അറിയുന്നു മാലോകരിൽ
ഒരുവളായ് ഞാനും..

സുരയ്യാ....

സദാചാരത്തിന്‍ പൊയ്മുഖങ്ങൾക്ക് നേരെ
പ്രണയത്തിന്‍ കുളിര്‍ കാറ്റ് വീശി
കപടതയുടെ മുഖമൂടി വലിച്ചെറിയാന്‍
പലവട്ടം നീ ഉരചെയ്തെങ്കിലും
ഭ്രാന്ത ജല്പനമായി ...
ചിലരതിനെ കല്ലെറിഞ്ഞു
അനശ്വര സ്നേഹത്തിന്‍ ചാരത്ത്
എന്നും നിന്‍ ഓര്‍മ്മകള്‍
അലതല്ലിടട്ടെ....

സുരയ്യാ..

പുലര്‍കാല നക്ഷത്ര ശോഭായായി
എണ്ണിയാലൊടുങ്ങാത്ത താരവ്യൂഹത്തിന്‍
തിളക്കമായി വിണ്ണില്‍ നീ എന്നും
തിളങ്ങിടട്ടെ
എങ്ങോ പോയി മറഞ്ഞ നിന്‍
സ്നേഹ സ്പർശത്തിൻ
പുലര്‍കാല മന്ദമാരുതനായി
നീ എന്നെ തഴുകിടട്ടെ....

(കമല സുരയ്യയുടെ മരണം അറിഞ്ഞപ്പോള്‍ കുത്തി കുറിച്ച വരികള്‍ ഇന്ന് അവരുടെ ഓര്‍മ്മയില്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു )