തിങ്കളാഴ്‌ച, നവംബർ 05, 2012

വീണ്ടും ചില വീട്ടുകാര്യങ്ങള്‍........"ബാപ്പ ഇന്നലെ വരാന്‍ വൈകിയോ ഉമ്മാ"  രാവിലെ തന്നെയുള്ള മകന്റെ ചോദ്യം, "ഇല്ല മോനൂ  ബാപ്പ പെട്ടെന്ന് തന്നെ വന്നല്ലോനീ നേരത്തെ കിടന്നുറങ്ങിയത് കൊണ്ടല്ലേ ബാപ്പാനെ കാണാഞ്ഞത്" മകന്റെ തലയില്‍  സ്നേഹപൂര്‍വ്വം തലോടിക്കൊണ്ട്  മറുപടി പറയുമ്പോള്‍  മനസ്സിലൂടെ ഒത്തിരി ചോദ്യങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു  ..ഇങ്ങനെ എല്ലാ വീടുകളിലും  അന്വേഷണങ്ങൾ നടക്കുന്നുണ്ടാകില്ലേ ?  എല്ലാ ഉമ്മമാര്‍ക്കും  സത്യസന്ധമായ മറുപടി കൊടുക്കാന്‍ സാധിക്കുന്നുണ്ടാകുമോ?

ഇന്നത്തെ അവസ്ഥയിലേക്ക്  കണ്ണോടിക്കുകയാനെങ്കില്‍ ഉമ്മയും, ബാപ്പയും, മക്കളും മാത്രം അടങ്ങിയതാണ് ഒരു കുടുംബം.  പണ്ടൊക്കെ   വെല്ലിപ്പയും , വെല്ലിമ്മയും അമ്മായിമാരും അമ്മാവനുമെല്ലാം   അടങ്ങിയ  രണ്ടോ മൂന്നോ തലമുറകള്‍ ഉള്പെട്ടതായിരുന്നു. 
ഇന്നിപ്പോള്‍ തിരക്കുകളുടെ ലോകത്ത്‌ മാതാപിതാക്കള്‍  അവരവരുടെ  ഉത്തരവാദിത്വങ്ങള്‍ക്ക് അതിരുകള്‍   നിശ്ചയിച്ചിരിക്കുന്നു .  സ്ത്രീക്ക്  അകത്തളവും പുരുഷന് പുറം ലോകവും.. ഈ രണ്ടു മേഘലകളിലും സ്ത്രീയും പുരുഷനും പരസ്പരസഹകാരികളാകുമ്പോ ളാണ് സന്തോഷ പ്രദമായ ഒരു കുടുംബാന്തരീക്ഷം  രൂപപ്പെടുന്നത് എന്ന അറിവ് ഇവര്‍ പലപ്പോഴും മറന്നു പോകുന്നു. ഇങ്ങനെ വേര്‍തിരിക്കപ്പെട്ട ഉത്തര വാദിത്വങ്ങള്‍ക്കിടയില്‍ കിടന്നു വഴി തെറ്റിപ്പോകുന്ന  മക്കളെ കുറിച്ചു   മാതാപിതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നു.. ഉത്തരവാദിത്വങ്ങളില്‍ അലസത കാണിക്കുന്നുവെന്ന  ആരോപണം  പരസ്പരം   കെട്ടിവെക്കാനുള്ള വ്യഗ്രതയില്‍കുടുംബം  തന്നെ  തകര്‍ച്ചയിലേക്ക്  നീങ്ങുന്നു.

ഗര്‍ഭധാരണം മുതല്‍ പ്രസവവും സന്താന പരിപാലനവും എല്ലാം പ്രക്ര്ത്യാ സ്ത്രീയുടെ ദൌത്യമാണെന്നിരിക്കെ  തന്നെ  വീട് ഭരണവും ,  അടുക്കള ജോലിയും മക്കളുടെ പഠന കാര്യങ്ങളുമെല്ലാം   മാതാവിന്റെ   മാത്രം  ചുമതലയായി ഏല്‍പ്പിച്   അധ്വാനത്തെയും  സമ്പാദ്യത്തെയും   കൂട്ട് പിടിച്ചു പിതാവ്   തിരക്കുള്ള ആളായി മാറുന്നു..  ഇതൊന്നും വേണ്ടാ എന്നോ ഇങ്ങനെയുള്ളവര്‍ മാത്രമേ ഈ ലോകത്തുള്ളൂ എന്നോ അല്ല പറഞ്ഞു വരുന്നത്  ... പക്ഷെ  കുടുംബത്തോടൊപ്പം കഴിയുന്ന എത്ര പുരുഷന്മാര്‍ തന്റെ ഭാര്യയോടും മക്കളോടും ഒപ്പമിരുന്നു  ഭക്ഷണം കഴിക്കുന്നവരുണ്ട്,,, അത് പോലെ  മക്കളോട് കുശലം പറയുന്നവരും അവരുടെ തീരാത്ത സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുന്നവരുണ്ട്...

 മക്കള്‍ ഉറങ്ങി ക്കഴിഞ്ഞു വീട്ടില്‍ ക്കയറി വരികയും,  അവര്‍ ഉണരുന്നതിനു മുന്‍പേ  ജോലിക്കായി പോകുന്ന പിതാക്കന്മാരുമില്ലേ. 
തന്റെ മകന്‍ ഏതു  ഡിവിഷനില്‍ ആണെന്നത് പൊയിട്ട് ഏതു ക്ലാസിലാണെന്നു പോലും ഇന്ന് ചില പിതാക്കള്‍ക്ക്  അറിയില്ല എന്നതാണ് വിരോധാഭാസം .. മക്കളുടെ മനസ്സിനെ വായിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം .. അടുക്കളയില്‍ തളച്ചിടുന്ന ഉമ്മമാര്‍  വെച്ചും വിളമ്പിയും കാലം കഴിക്കുമ്പോള്‍ ,ഇന്നത്തെ ലോകത്തിന്റെ അവസ്ഥയോ വഴികേടിലാകുന്ന തലമുറയെ പറ്റിയോ അറിയാതെ പോകുന്നു . തന്മൂലം മക്കള്‍ അതി വിദഗ്ദമായി അവരെ പറ്റിക്കുകയും ചെയ്യുന്നു.... മോഡേണ്‍  അമ്മമാരാകട്ടെഅവരുടെതായ പാര്‍ട്ടികളുടെയും  ഷോപ്പിങ്ങുകളുടെയും ലോകത്ത്‌  "വ്യാപൃതരാകുന്നത് മൂലം "   മക്കളോട് സംസാരിക്കാനോ അവരുമായി കൂട്ടുകൂടാനോ സമയം കിട്ടാതെ വരുന്നു.

എന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ നല്ല കുട്ടിയാണ് എന്ന് പറഞ്ഞു സംത്ര്‍പ്തി കണ്ടെടുത്തുന്ന പല മാതാപിതാക്കളും അറിയാതെ പോകുന്ന ഒന്നാണ് ,  നിറഞ്ഞ പ്രതീക്ഷളോടെ തങ്ങള്‍ പോറ്റി വളര്‍ത്തുന്ന  തങ്ങളുടെ മക്കള്‍  അവരില്‍ നിന്നും  എത്രയോ അകന്നു പോയിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം  

വിദേശത്ത് ജോലി   ചെയ്തു കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യം മുഴുവന്‍ മക്കളുടെ സന്തോഷത്തിനായി പുതിയ മോഡല്‍ ഫോണുകള്‍,ലാപ്‌ടോപ്പുകള്‍ എന്നിങ്ങനെ  സമ്മാന രൂപത്തിലും പണത്തിന്റെ രൂപത്തിലും നാട്ടിലേക്കയക്കുമ്പോള്‍ മക്കള്‍ മാതാവിന്റെ  അജ്ഞതയെ ചൂഷണം ചെയ്ത അടിച്ചു പൊളിച്ചു ജീവിക്കുന്നു .വളര്‍ന്നു വരുന്ന തലമുറയെ ദിശാബോധത്തോടെ വളര്‍ത്തിയെടുക്കേണ്ട മാതാക്കള്‍   ടി.വി പരിപാടികളുടെ ലോകത്തില്‍  ആഡംബര ജീവിതത്തിനായി കോപ്പ് കൂട്ടുന്നു . 


    
മക്കളെ ഉത്തരവാദിത്ത ബോധത്തോടെ വളര്ത്തിയെടുക്കേണ്ടതും അവരില്‍ നന്മയുടെ വിത്ത് പാകി മുളപ്പിക്കേണ്ടതും മാതാവിന്റെ ദൗത്യത്തില്‍ തുടങ്ങി പിതാവിന്റെ സംരക്ഷരണതയില്‍  മാത്രമേ അതിനു പൂര്‍ണ്ണത കൈവരികയുള്ളൂ എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു..
 വിവാഹാനന്തരം നീ നല്ലൊരു കുടുംബിനിയാകണം എന്നു  മോളോട്  ഉപദേശിക്കുമ്പോള്‍ തന്നെ  മകന്‍ കെട്ടിക്കൊണ്ടു വരുന്ന പെണ്‍കുട്ടിയെ കണ്ണീരു കുടിപ്പിക്കാനും മുന്‍പന്തിയിലാണെന്നത്  ഇന്ന് കണ്ടു വരുന്ന സത്യം ..തന്റെ മരുമകള്‍ ജോലിയുള്ളവളാണ് എന്നുറക്കെ പറയുവാന്‍ ഇന്ന് അമ്മയിയമ്മമാര്‍ ആഗ്രഹിക്കുന്നു എന്നാല്‍ നല്ലൊരു മരുമകളായി അമ്മായിഅമ്മയെയും മക്കളെയും പരിപാലിച്ചു ധാര്‍മ്മിക ബോധമുള്ള ഒരു കുടുംബിനിയായി മാറിയാല്‍ അവള്‍ ഒരു എരണം കെട്ടവള്‍ എന്ന് വിളിച്ചു കൂവാനും ഇവര്‍ മടി കാണിക്കുന്നില്ല..

വിദ്യാഭ്യാസം നേടിയ  ഭാര്യ,  ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി   ജോലിക്ക് പോകാന്‍ തയാറായാല്‍, അവിടെ ഭര്‍ത്താവും ഭാര്യയും ഒരുമിച്ചു  വീട്ടു ജോലികളില്‍ സഹായിച്ച് സഹകരണത്തോടെ മുന്നോട്ടു പോകുന്നതിനു പകരം,  മക്കളെ സ്കൂളിയക്കുന്നതില്‍ തുടങ്ങി  വീട്ടിലെ എല്ലാ പണികളും ചെയ്തു തീര്‍ത്ത ശേഷമായിരിക്കും ജോലിക്കായി പുറപ്പെടുന്നത് ...ഇവിടെ എല്ലാ ജോലികളും അവളുടേത്‌ മാത്രമായി പരിണമിക്കുന്നു...  വീട്ടു ജോലിയില്‍ ഭാര്യയെ  സഹായിക്കുന്നത് കുറച്ചിലായി കാണുന്ന ഭര്‍ത്താക്കന്മാര്‍ , പെങ്കോന്തന്‍ എന്ന വിളിയെ പേടിച്ചു ഒട്ടും  സഹകരിക്കാതെ മാറി നില്‍ക്കുന്നു. .. ഭാര്യയാവട്ടെ  ഒരു യന്ത്രത്തെ പോലെ പണികളില്‍ മുഴുകുകയും  ചെയ്യുന്നു..

പരസ്പര സഹകരണത്തിലൂടെയും  കൂട്ടുത്തരവാദിത്വത്തിലൂടെയും  മുന്നോട്ട് നീങ്ങിയാല്‍ നല്ല്ലൊരു കുടുംബ ജീവിതം കെട്ടിപ്പടുക്കുവാന്‍  സാധിക്കുന്നു. അത് കണ്മുന്നില്‍ കണ്ടു ജീവിക്കുന്ന നമ്മുടെ മക്കള്‍ അവരുടെ ജീവിതത്തിലും അത് പകര്ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കിട്ടുന്ന ശമ്പളം, അത് വിനിയോഗിക്കുന്ന രീതി, വീട്ടു ചെലവുകള്‍ ഇവയെല്ലാം മക്കളുമായി കൂടിയിരുന്നു സംസാരിച്ചാല്‍.  ഇവയെല്ലാം മക്കളുമായി കൂടിയിരുന്നു സംസാരിച്ചാല്‍ അവരിലും ഒരു കാര്യബോധം വളര്‍ന്നു വരില്ലേ..ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ , ഭാര്യയോടും മക്കളോടും കയര്‍ത്തു സംസാരിക്കുന്ന ഭര്‍ത്താവ് , അതെന്തിനാണെന്ന് തുറന്നു പറയാന്‍ തയാറായില്ലെങ്കില്‍ , അതന്വേഷിക്കാന്‍ ഭാര്യയും മെനക്കെടുന്നില്ല എങ്കില്‍ ആ വീട്ടില്‍ എവിടെയാണ് സന്തോഷം ഉണ്ടാവുക. എല്ലാം കുടുംബത്തിനു വേണ്ടി സഹിച്ചു ജീവിക്കുന്നു എന്ന വാദം തികച്ചും നിരര്‍ത്ഥകമാകുന്നില്ലേ ..

അണുകുടുമ്പമായി ജീവിക്കുന്ന നാം നമ്മിലേക്ക്‌ മാത്രമായി ചുരുങ്ങിയിരിക്കുന്നു,, സന്തോഷമായാലും സങ്കടമായാലും എല്ലാം സ്വയം  സഹിച്ചു.. നമുക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഈ ഒരു സംസ്കാരത്തില്‍ തുറന്നു പറച്ചിലുകളും സഹകരണ മനോഭാവവും എങ്ങോ പോയി മറഞ്ഞിരിക്കുന്നു. അതിലൂടെ ക്ടുംബ ജീവിതം   ശിഥിലമാകുന്നു. നഷ്ടപ്പെട്ട നമ്മുടെ തനത് സംസ്കാരം തിരിച്ചു കൊണ്ട് വരാന്‍ നമ്മുടെ ജീവിതത്തിലും പ്രവര്‍ത്തനത്തിലും മൂല്യവത്തായ ഒരുപാട് കാര്യങ്ങള്‍ കൂടുതലായി ചെയ്യേണ്ടിയിരിക്കുന്നു മാതാപിതാക്കളെയും, കുടുംബത്തിലെ മുതിര്ന്നവരേയും ബഹുമാനിക്കുന്ന അവരുടെ വില അറിയുന്ന ഒരു പുതു തലമുറയാണ് നമുക്ക് വേണ്ടത് . ഭാര്യയും ഭര്‍ത്താവും  പരസ്പരം അറിഞ്ഞു സ്നേഹിച്ചു  മനസ്സ് തുറന്നു ജീവിക്കുമ്പോഴാണ് കുടുമ്പത്തില്‍ സന്തോഷവും സമാധാനവും  വിളയാടുന്നത്. അവരുടെ പരസ്പരമുള്ള അകല്‍ച്ചയില്‍  നഷ്ടപ്പെടുന്നത് ചെറുതൊന്നുമല്ല . ബന്ധങ്ങള്‍ ശക്തി പ്പെടുത്താന്‍ മതങ്ങള്‍ ഏറെ സഹായിക്കുന്നുണ്ട് , കേവലം ജന്തു സഹജമായ വികാരങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉപരി ഒരു പാട് ഉയരാനും വികസിക്കാനും മതങ്ങള്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്, മത മൂല്യങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയാണെങ്കില്‍   ജീര്‍ണ്ണിച്ചസംസ്കാരത്തില്‍ നിന്നും നമുക്ക്  മോചനം ലഭിക്കും അതിലൂടെ നല്ലൊരു തലമുറയെ നമുക്ക് വാര്ത്തെടുക്കാനും കഴിയും .....

പരസ്പര സ്നേഹവും കരുണയുമാണ് കുടുംബ ജീവിതത്തിന്റെ അടിത്തറ എന്നത് നാം മറക്കാതിരിക്കുക...

തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

ക്ഷണിക്കാതെ വന്ന അതിഥി..


നിദ്ര തന്‍ ശീതക്കാറ്റില്‍  
എന്നില്‍ നീ പെയിതിറങ്ങുമ്പോള്‍
എന്‍ പ്രണയിനി
 പേമാരിതന്‍  മിഴിനീരിനാല്‍
കുതിര്‍ന്നു പോയി..
കാറ്റുപോല്‍ മഞ്ഞു പോല്‍ 
ക്ഷണിക്കാതെ വന്ന അതിഥി നീ 
കാത്തിരിപ്പുണ്ട്‌ നീയെന്നു  
പലവുരു ഉണര്‍ത്തി ഞാന്‍ 
കുത്തിയൊലിക്കും പുഴയിലും
വിജനമാം  റെയില്‍പാളങ്ങളിലും
ആതുരാലയ വരാന്തയിലും
അപരന്റെ കത്തി മുനയിലും
ആര്‍ത്തിരമ്പും നടുറോട്ടിലും
എപ്പോഴും വരുമെന്ന് പക്ഷെ 
മറന്നു പോയി ഞാനുമവളും.
ഇന്നീ പ്രണയ നിലാവില്‍ 
നിന്‍ മരവിച്ച കൈകളെന്നെ
പുല്‍കി അമരുമ്പോള്‍ .............
കൂരിരുള്‍ പരക്കും  ഏകാന്ത വീഥിയില്‍  
ഏകാകിയായി അവളിരിക്കുന്നു..
എന്നോര്‍മ്മകള്‍ ശക്തി പകരുമോ 
അവളില്‍ പ്രതീക്ഷ തന്‍  
കൈത്തിരി നാളമായി .......
ബുധനാഴ്‌ച, ഏപ്രിൽ 11, 2012

പുണ്യഭൂമിയില്‍...ഇത്തിരി നാള്‍..........


         പുണ്യ  ഭൂമിയോട് വിടപറയാന്‍ സമയമായി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സുദീര്‍ഘമായ മടക്ക യാത്രക്ക് സജ്ജമാകുമ്പോള്‍ തങ്ങള്‍  എന്ത് ആഗ്രഹിച്ചു ഇവിടം ലക്ഷ്യമാക്കി പുറപ്പെട്ടുവോ അതു നേടിയ ഭാവം എല്ലാ മുഖങ്ങളിലും കാണാമായിരുന്നു. ആത്മ സംതൃപ്തിയുടെ, ഭക്തി ചൈതന്യത്തിന്റെ, ആഗ്രഹ സഫലീകരണത്തിന്റെ സംതൃപ്ത  ഭാവം. 

ദൈവീക ദര്‍ശനത്തിന്റെ വെളിച്ചം വീശിയ ഭൂമിയായ പുണ്യ മക്കയെ ഒന്നുകൂടി പുല്‍കാന്‍ അവസരം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ചു  കൊണ്ട് അവനോടു നന്ദി ചൊല്ലിക്കൊണ്ട് ..അവനില്‍ എല്ലാം ഭരമേല്‍പ്പിച്ചു യാത്ര തിരിക്കുമ്പോള്‍.. മനസ്സിന് വല്ലാത്തൊരു ശാന്തത കൈ വന്നത് പോലെ .......ഇപ്പോള്‍; അനുഭവിച്ചുകൊണ്ടിരിക്കുന്ന  ഈ അനുഭൂതിയും ആത്മ വിശുദ്ധിയും  അല്പ്പമെന്കിലും  ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍. 


പൊള്ളുന്ന ചൂടിലും ഹൃദയം തണുപ്പിക്കുന്ന എന്തോ ഒരു ശക്തി എന്നിലേക്ക് വന്നടുത്ത പോലെ ... എന്തായിരിക്കും ആ
  ശക്തി ?. സ്വയം മറക്കാന്‍ പ്രേരിപ്പിക്കുന്ന  ഏത് ദിവ്യ ജ്യോതിസ്സാണ് എന്നെ പോലെ പതിനായിരങ്ങളെ അവിടെ പിടിച്ചു നിര്‍ത്തുന്നത്....
 ഒഴുകി നീങ്ങുന്ന ജനസാഗരങ്ങള്‍ക്കിടയില്‍  പാപമോചനത്തിനായുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകള്‍... തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും  നിറച്ച ഭാണ്ഡം ദൈവത്തിന്റെ മുന്നില്‍  ഇറക്കി വെച്ച് , പല ദേശങ്ങളില്‍ പല ഭാഷകളില്‍ ഉള്ളവര്‍ വിശുദ്ധ കഅബാലയത്തിന്റെ വാതില്‍ പ്പടിയില്‍ എല്ലാം അര്‍പ്പിച്ചു വിനീതനായ ദാസനായി ആരാധനാകര്‍മ്മങ്ങളില്‍ നിരതനാകുന്നു... എല്ലാവരുടെ മനസ്സിലും ഒരേ മന്ത്രം....... ഒരേ ഭക്തിയും ഭയപ്പാടും മാത്രം ..അവിടെ വര്‍ണ്ണമോ ഭാഷയോ ഒന്നും തന്നെ പ്രശ്നമാകുന്നില്ല ..ഏതു  പാതിരാവിലും ദൈവത്തെ മാത്രം ഭയന്ന് ഹറമിനെ ലക്ഷ്യം  വെച്ച് നടന്നു നീങ്ങുന്ന വിനീത ദാസന്മാര്‍ മാത്രം..അവര്‍ ഹൃദയത്തില്‍ തട്ടി  നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഹറമിന്റെ ചുറ്റും ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്ന  പര്‍വ്വതങ്ങളും മൂക സാക്ഷിയാകുന്ന പോലെ.... 

           ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കലാണ്  ഹജ്ജും ഉംറയും ....


ചുട്ടു പൊള്ളുന്ന മണലാരുണ്യത്തില്വിജനമായ മരുഭൂമിയിലൂടെ‍ ‍ കൈ കുഞ്ഞായ ഇസ്മായിലിന്റെ ചുണ്ട് നനക്കാന്‍ ഒരിറ്റു ദാഹജലത്തിനായി സഫാ മര്‍വാ മലകള്‍ക്കിടയില്‍ നെട്ടോട്ടമോടിയ  ഹാജറാ ബീവിയുടെ ത്യാഗ  സ്മരണകള്‍ക്ക്  മുമ്പില്വിനയാന്വിതരായ ജന ലക്ഷങ്ങള്‍ ദൈവത്തോട് പാപ മോചനം തേടുന്നു; സഫാ മ ര്‍ വ മലകള്ക്കിടയിലൂടെ ഓടുന്നു. .ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായി നാം ഇന്നും അവരുടെ വഴികളിലൂടെ പ്രകീര്ത്തനത്തിന്റെ    ഈരടികള്ഏറ്റു  ചൊല്ലി മുന്നേറുന്നു..

ഹജ്ജിന്റെ വേളയിലെ മുഖ്യ സ്ഥലങ്ങളായ അറഫാ മൈതാനിയിലൂടെയും  മീനാ താഴ്വരയിലൂടെയും സഞ്ചരിച്ചപ്പോള്‍  ഒരേ വേഷത്തില്  ഒരു മിച്ചു കൂടുന്ന ഹാജിമാര്‍ ഒന്നിച്ചു  ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കിയ  അവരുടെ ചുണ്ടില്‍ നിന്നും ഒരേ സ്വരത്തില്‍ വന്ന  മന്ത്ര ധ്വനികള്‍  കര്‍ണ്ണ പുടങ്ങളില്‍  ഒന്നിച്ചലയടിച്ചത് പോലെ ഒരു തോന്നല്‍.."ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

അറഫയുടെയും മുസ്ദലിഫയുടെയും ഇടയിലൂടെ വാഹനം സഞ്ചരിക്കുമ്പോള്‍ ദൈവീക കോപത്തിനിടയായ വാദി മുഹസ്സിര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ക അബാലയത്തെ നശിപ്പിക്കാന്‍ വന്ന അബ്രഹത്തിന്റെ ആനപ്പടയെ നശിപ്പിക്കാനെത്തിയ അബാബീല്‍ പക്ഷികളുടെ കൊക്കുകളില്‍ കൊത്തിയെടുത്ത ചുടുകല്ലുകള്‍  എന്നിലേക്ക് പതിക്കുകയും  അഹങ്കാരത്തിന്റെ അഗ്രപാളിയില്‍  നിന്നും പാപങ്ങള്‍ ഉരുകിയോലിക്കുംപോലെ ...ദൈവീക ശിക്ഷ ഇറങ്ങിയ ആ സ്ഥലത്ത് നബി (സ്വ) അധിക സമയം നില്‍ക്കാരുണ്ടായിരുന്നില്ല എന്നു യാത്രാ അമീര്‍ ഓര്‍മിപ്പിച്ചു. ഒരുവര്‍ഷത്തില്‍ ഒരു ദിവസം മാത്രം നമസ്ക്കാരം നിര്‍വ്വഹിക്കുന്ന മസ്ജിദുന്നമിറയും കടന്നു..ചരിത്രസത്യം ഉറങ്ങി ക്കിടക്കുന്ന പാദയോരങ്ങളിലൂടെ മുന്നേറി..
                       ഹജ്ജു വേളയില്‍  മാത്രം ഉപയോഗിക്കുന്ന ടെന്റുകള്‍ ..
ഹിറ സന്ദര്‍ശനം ഓര്‍മകളില്‍ തങ്ങി നില്‍കുന്ന  ഒരനുഭവമായി ഇന്നും ശേഷിക്കുന്നു. കൂട്ടത്തിലുള്ള യുവാക്കളും യുവതികളും ജബലുന്നൂറു   ചവിട്ടിക്കയറുമ്പോള്‍  അനാരോഗ്യത്തെയും ഇതിനു മുന്‍പ് കയറിയ സംത്ര്‍പ്തിയെയും  കൂട്ട് പിടിച്ച്  കാഴ്ചക്കാരിയായി നോക്കി നില്കാനെ എനിക്കായുള്ളൂ. എങ്കിലും റസൂലും (സ )ഖദീജയും (റ) എന്റെ  മനോമുകുരത്തില്‍ ഒരായിരം ചിന്തകള്‍ക്ക്‌  തീ കൊളുത്തി.
"ജന്നത്തുല്‍ മഅല്ല " എന്ന സ്ഥലം സന്ദര്ശിച്ചപ്പോള്‍   നബിയുടെ പ്രിയ പത്നി ഖദീജാ ബീവിയുടെ സ്നേഹനിറഞ്ഞ  ദാമ്പത്യജീവിതം കാരണം അവരുടെ വിരഹത്തില്‍ നബിയുടെ ദുഖത്തിന്റെ അഗാധതയെ ഓര്‍മ്മപ്പെടുത്തി..
സൗര്‍ ഗുഹയുടെ താഴ്വാരത്തില്‍ എത്തിയപ്പോള്‍ സുറാക്കത്തിബിനു മാലിക്കിന്റെ കുതിരയുടെ കുളമ്പടി ശബ്ദം ചെവികളില്‍ അലയടിക്കുംപോലെ.....

അഞ്ചു ദിവസത്തെ മക്കാ ജീവിതത്തിനു ശേഷം ഞങ്ങളുടെ സംഘം മദീനത്തുന്നബി  ലക്ഷ്യ മാക്കി യാത്ര തിരിച്ചു. രാവിലെ ഒമ്പത്‌ മണിക്ക് യാത്രതിരിച്ച സംഘം അധികം വൈകാതെ തന്നെ മദീന പുല്‍കി.. അന്സാരുകളുടെയും  മുഹാജിറുകളുടെയും പങ്കു വെപ്പുകള്‍ യാതൊരു നീക്കി വെപ്പുമില്ലാതെ യാത്രാ അമീര്‍  വിവരിച്ചപ്പോള്‍ സഹായാത്രികരില്‍  പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തി. നബി(സ്വ)ക്ക് അഭയവും അത്താണിയുമായ മണല്‍ത്തരികളെ കണ്ടു ... പാതിരാവോടടുത്ത സമയം. മുത്തുനബി(സ്വ)യുടെയും അബൂബക്കര്‍(റ)ഉമര്‍(റ) എന്നിവരുടെയും ഖബര്‍ സിയാറത്തിനുപോയി. വികാരതീവ്രതയോടെ പ്രവാചകന്റെ സന്നിധിയില്‍ വന്നു അല്ലാഹുവിനോട്  പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളുടെ സ്നേഹം  തിക്കിലും തിരക്കിലും തുടര്‍ന്ന് കൊണ്ടേയിരുന്നു.... മസ്ജിദുന്നബവിയില്‍ ഇബാദത്തുകള്‍ക്ക് പ്രത്യേക പുണ്യമുള്ള ഒരു സ്ഥലമുണ്ട്. അതാണ് റൗദഃ(روضة ). നബി(സ)യുടെ മിമ്പരിന്റെയും ആ‌ഇശഃ(റ) താമസിച്ചിരുന്ന വീടിന്റെയും ഇടയിലുള്ള സ്ഥലമാണത്. നബി(സ) പറയുകയുണ്ടായി: "എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തോപ്പുകളില്‍ ഒരു തോപ്പാകുന്നു." പ്രവാചക കുടുംബങ്ങളടക്കം മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ജന്നതുല്‍ ബഖീഅ് സിയാറത്ത് ചെയ്തു.

ജന്നതുല്‍ബഖീഅ്’ പതിനായിരത്തോളം സ്വഹാബിമാരുടെ വിശ്രമസങ്കേതമാണ്

പുറത്തിറങ്ങി മദീന പട്ടണത്തിലെ ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ ഞങ്ങളെല്ലാവരും പുറപ്പെടുമ്പോള്മനസ്സ്‌ ചരിത്രസത്യങ്ങളുടെ പിന്നാലെ ഓടിയടുക്കാന്‍ ശ്രമിക്കുകയായിരുന്നു....പല ചരിത്ര സംഭവങ്ങളും നടന്ന..മുത്ത്‌ നബിയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണിലൂടെ .ബസ്സ്‌  ഉഹുദു മലയുടെ അടുത്തേക്ക് നീങ്ങി. മദീനാ തീര്‍ത്ഥാടകരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഉഹ്ദ്.

 ഹിജ്റ മൂന്നാം വര്‍ഷം ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ പോരാട്ടം നടന്നത് ഉഹ്ദ് പര്‍വ്വത താഴ്വരയില്‍.നബി (സ)യുടെ വാക്കിനെ ധിക്കരിച്ചു, യുദ്ധം മുസ്ലിങ്ങള്‍ക്ക്‌ അനുകൂല മാണന്നു കരുതി കാവല്‍ നിര്‍ത്തിയുന്നവര്‍ ഉഹുദു മലയില്‍ നിന്നും ഇറങ്ങുകയും യുദ്ദക്കളം വിട്ടോടുന്ന ശത്രു സൈന്യം ഈ ഒഴിഞ്ഞു കിടക്കുന്ന മല കണ്ടു അതിലൂടെ ഒളിച്ചു കടന്നു മുസ്ലിങ്ങള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കി  
 മഹാനായ ഹംസ(റ) യും, മിസ്‌ അബ്  ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥലമെന്ന നിലക്കും യുദ്ധ  ഭൂമിയെന്ന നിലക്കും സ്ഥാനമുള്ളതിനു പുറമെ 

                           ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥല
                  
നബി(സ്വ) പറഞ്ഞു: “ഉഹ്ദ് പര്‍വ്വതംനാം അതിനെയും അത് നമ്മെയും സ്നേഹിക്കുന്നുണ്ട്
 മസ്ജിദുല്‍ ഖുബ, (തഖ് വ യില്‍ അടിത്തറതീര്‍ത്ത ആദ്യമസ്ജിദ് എന്ന് ഖുര്‍ആന്‍ ഭാഷ്യം)  സന്ദര്‍ശിച്ചു.
മസ്ജിദുല്‍ ഖിബലതൈന്‍  ആയിരുന്നു അടുത്ത ഊഴം. ഒരേ നിസ്കാരത്തില്‍ രണ്ട് ഖിബ്ല ലഭിച്ചതിനാല്‍ മസ്ജിദു ഖിബ്ലതൈന്‍ എന്ന പേരില്‍ ഈ പള്ളി അറിയപ്പെട്ടു.

 ഖുറാന്‍ അഹ്സാബ് എന്ന പേരില്‍ വിശേഷിപ്പിച്ച ഖന്‍ദഖ് യുദ്ധം നടന്നസ്ഥാനത്ത് ;സബ അ മസാജിട് എന്നാ പേരില്‍ ഇവിടം അറിയപ്പെടുന്നുണ്ടെങ്കിലും ഇന്നിവിടെ അഞ്ചു പള്ളികള്‍ ആണ് നമുക്ക് കാണാന്‍ കഴിയുന്നത് ...
അഞ്ച് സ്വഹാബിമാരുടെ പേരില്‍ അവ അറിയപ്പെടുന്നു. 1. മസ് ജിദു സല്‍മാനുല്‍ ഫാരിസി(റ) 2. മസ്ജിദു അബൂബക്ര്‍ സ്വിദ്ദീഖ്(റ). 3. മസ്ജിദു ഉമറുബ്നുല്‍ ഖത്വാബ്(റ). 4.  (മസ്ജിദു ഫാത്വിമതുസ്സഹ്റാ(റ)  (5. )മസ്ജിദു ഫതഹ്

 മസ്ജിദുല്‍ ഗമാമഃ
മസ്ജിദുന്നബവിയില്‍ നിന്നും കൂടുതല്‍ അകലെയല്ലാതെ വടക്കുപടിഞ്ഞാറു മൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പള്ളിയാണിത്. നബി(സ്വ) നിസ്കരിക്കുകയും മഴക്കുവേണ്ടി പ്രാര്‍ഥിച്ച് ഉടന്‍ തന്നെ ഉത്തരം ലഭിക്കുകയും ചെയ്ത പുണ്യസ്ഥലത്താണ് മസ്ജിദുല്‍ ഗമാമ സ്ഥാപിക്കപ്പെട്ടത്.
പെരുന്നാളുകളിലും മറ്റും   നബിയും സഹാബാക്കളും ഒരുമിച്ചുകൂടിയിരുന്ന ഈദ്‌ ഗാഹും ഇവിടെ ആയിരുന്നു  ..മൈദാനുല്‍  മുസല്ല എന്നും നബി ഈ സ്ഥലത്തെ വിളിച്ചിരുന്നു...
അബിസീനിയയിലെ രാജാവായ നജ്ജാശി രാജാവിന് വേണ്ടിയുള്ള മയ്യിത്ത്‌ നമസ്ക്കാരവും  നബി നമസ്ക്കരിച്ചത് ഇവിടെയായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം ..

സഖീഫത് ബനൂ സ ഈദ തോട്ടം :നബി( സ്വ) വിട പറഞ്ഞ സമയം ഇനി അടുത്ത ഭരണാധികാരി ആര് എന്നാ ചര്‍ച്ച വരികയും ആ ചര്‍ച്ചയ്ക്ക് തീരുമാനം ആകുംവരെ നബിയെ മറവു ചെയ്യാതെ ചര്‍ച്ച മൂന്നു ദിവസം വരെ തുടരുകയും അവസാനം അബൂബക്കറിന്റെ  (റ) നെ ഖലീഫയായി തെരഞ്ഞെടുക്കാനായി ഒത്തു കൂടിയ  സ്ഥലമാണ് ഹദീഖത്തുല്‍ ബൈഅ എന്നറിയപ്പെടുന്ന തോട്ടം ..
                                 ഹദീഖത്തുല്‍ ബൈഅ
ബിഅറ അരീസ്:
സ്വിദ്ദീഖ്(റ)ഉമര്‍(റ) എന്നിവരില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ച നബി(സ്വ)യുടെ മോതിരം ഉസ്മാന്‍(റ)ന്റെ കയ്യില്‍നിന്ന് പ്രസ്തുതകിണറില്‍ വീണുപോവുകയുണ്ടായി. അതിയായ വിഷമം പൂണ്ട ഉസ്മാന്‍(റ) അത് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തിനോക്കി. മൂന്നുദിവസത്തോളം രാപ്പകലില്ലാതെ വെള്ളം വറ്റിച്ചുനോക്കിയിട്ടും പ്രസ്തുതമോതിരം കണ്ടുകിട്ടുകയുണ്ടായില്ല. ഒടുവില്‍ അതുപേക്ഷിക്കുകയാണുണ്ടായത്.

പുണ്യ ഭൂമികളിലൂടെ യുള്ള യാത്ര അനിര്‍വജനീയമായ ഒരനുഭൂതിയായി ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ............... 

ഇങ്ങിനെ ഒട്ടേറെ ചരിത്ര ശേഷിപ്പുകളുടെ ഈ ഭൂമികയിലൂടെ സഞ്ചരിച്ചപ്പോഴൊക്കെ നിര്‍വചിക്കാനാവാത്ത ഒരു അനുഭൂതിയുടെ ലോകത്തില്‍    ഞാന്‍ എത്തിപ്പെട്ടിട്ടുണ്ട് . അതു എന്നെ  ചരിത്രത്തിന്റെ നേരറിവുകളിലെക്ക് കൈ പിടിച്ചു നടത്തുകയാണ്. അക്രമത്തിന്റെയും അനീതിയുടെയും ദുര്മാര്‍ഗത്തിന്റെയും പൈശാചികതക്ക് മേല്‍ സത്യവും ശാന്തിയും സമാധാനവും പുന:സ്ഥാപിച്ച  കാലത്തിന്റെ വഴിത്തിരുവളെ അനുഭവിച്ചറിയുന്ന പോലെ. മനുഷ്യ കുലത്തിനു നന്മയുടെ, നേരിന്റെ, ദൈവിക മാര്‍ഗം കാണിച്ചു തന്നു മണ്മറഞ്ഞു പോയ പുണ്ണ്യ ദേഹങ്ങളുടെ കാല്പാടുകള്‍ പതിഞ്ഞ മണ്ണില്‍ നിന്നും ത്യാഗ സ്മരണകളോടെ മടങ്ങുമ്പോള്‍ എന്നെ പോലെ പലരുടെയും  മനസ്സ് ഭക്തി സാന്ദ്രമായിരുന്നു. അല്ലാഹുവേ ഞങ്ങള്‍ക്ക് നീ  പരലോക മോക്ഷം നല്‍കേണമേ. ...!

ബുധനാഴ്‌ച, മാർച്ച് 07, 2012

കനവുകള്‍ ..കനലുകള്‍


നോവേറ്റ്‌ പിടയും
മനസ്സിന്റെ കോണില്‍
സാന്ത്വനം തേടിയലഞ്ഞ നേരം
കണ്ണുനീര്‍ തുള്ളിതന്‍
നനവ്‌ മാത്രം...

ഏകാന്തത തന്‍  താഴ്വര
തേടിയലഞ്ഞ നേരം
എന്നിലെ ഓര്‍മ്മകളേറ്റു
ചൊല്ലി ഏകാന്തത
വെറും കനവ്  മാത്രം...

തെന്നി മാറി ദൂരെക്കൊഴുകും
ചുടു നിശ്വാസവും
ചുടു കാറ്റും പോലെ
എന്നിലെ നീയും
നിന്നിലെ ഞാനും
വെറും കിനാവ്‌ മാത്രം..

കണ്ണുകള്‍ തമ്മിലുടക്കിയ നേരം
മനസ്സുകള്‍  ഒന്നായി
ചേര്‍ന്ന  നേരം
ചിതലരിച്ചമനസ്സിലെ
ഓര്‍മ്മചെപ്പില്‍
സുന്ദരമാംനിമിഷങ്ങളിന്ന്
വെറും വിങ്ങല്‍ മാത്രം.

ഉതിര്‍ന്നു വീഴും മഴ-
തുള്ളിയെ നോക്കി
എന്നെങ്കിലും തിരികെ
വന്നെങ്കിലെന്നു
നീ മൊഴിഞ്ഞത്..
വെറും വാമൊഴി മാത്രം ..

എന്നുമെന്‍ കൂട്ടായി
വിരുന്നെത്തും വിഷാദത്തില്‍
സാന്ത്വന സ്പര്‍ശമായി
നീ വരും നാളൊന്നിനായായ്
ആശിപ്പു ഞാന്‍ വെറും 
നിരാശ മാത്രം ബാക്കിയായി..
വ്യാഴാഴ്‌ച, ജനുവരി 05, 2012

നിത്യ സത്യംജീവിതത്തിന്‍ വഴിത്താരയില്‍
പോയി മറഞ്ഞ വസന്ത-
മധുരിമ തേടി അരുതേ
ഇനിയുമൊരു പിന്‍നടത്തം  

മൃതിയടഞൊരിന്നലകള്‍
ചിതയണഞ ശവപ്പറമ്പിലത്രെ
നാം ആടിത്തിമിര്‍ക്കും
ഇന്നിന്‍ കളിയരങ്ങുകള്‍.

കണ്‍കാഴ്ചയില്‍ കാണുന്നതെല്ലാം
സത്യമെന്നോതാതകക്കണ്ണാല്‍
തിരിച്ചറിവുകള്‍ തിരയുക
ജീവിതത്തിന്‍  പൊരുള്‍ തേടുക നാം

ഇരുളടഞ്ഞ കിനാക്കള്‍ക്ക് മേല്‍
വീഴ്ത്തുക വെളിച്ചം
പ്രതീക്ഷ തന്‍ പുത്തനലകള്‍
തീര്‍ക്കട്ടെ  ജീവിതവസന്തം

തിരശീല താഴ്ത്തുവാന്‍
കാത്തിരിപ്പുണ്ടൊരു നിഴല്‍
നശ്വരമീ ലോകത്തിലറിയുക ‍
നാം  ഇയ്യാംപാറ്റകള്‍

നിത്യനിദ്രതന്‍ അഗാധതയില്‍ 
സ്പന്ദനം നിശ്ചലം പിന്നെ
അനശ്വരാമാം ഗേഹമത്
മാത്രമത്രേ നിത്യ സത്യം