വെള്ളിയാഴ്‌ച, ജൂൺ 24, 2011

ഓര്‍മ്മകളിലെ മഴത്തുള്ളികള്‍..മഴ നനഞ്ഞ പോസ്റ്റുകള്‍ വായിച്ചു കുളിര് കൊണ്ടിരിക്കുമ്പോള്‍ .. ഞാനും പോയി എന്റെ കുട്ടിക്കാലത്തേക്കൊരു തിരിച്ചു പോക്ക് പക്ഷെ അവിടെ

യുള്ള നനുത്ത ഓര്‍മ്മകള്‍ക്ക് പൂക്കളുടെ സുഗന്ധമോ തെന്നി വീഴുന്ന മഴ തുള്ളികള്‍ക്ക് മുത്തുകളെ പോലെയുള്ള സൌന്ദര്യമോ ഒന്നും ഉണ്ടായിരുന്നില്ല.


ഉരുണ്ടു കൂടുന്ന കാര്‍ മേഘങ്ങള്‍ക്ക് ഇരുള്‍ പരക്കുമ്പോള്‍,അകലെ പേമാരിയുടെ ആരവം മുഴങ്ങുമ്പോള്‍...മേല്‍ക്കൂരയുടെ ഓലപ്പഴുതിലൂടി ആകാശം നോക്കി, വരാന്‍ പോകുന്ന പെരുമഴയും,കൊടുങ്കാറ്റും,ഇടിമുഴക്കങ്ങളും,കൊള്ളിയാനും, ഓര്‍ക്കുമ്പോള്‍ നെന്ചിനുള്ളില്‍ നിന്നും ഒരു വെള്ളിടി മുഴങ്ങാറുണ്ട്. ഓലപ്പഴുതിലൂടെ മഴവെള്ളം അകത്തളങ്ങളില്‍ നിറയുമ്പോള്‍ പേടിയോടെ അന്തംവിട്ടു ജീവിത യാഥാര്‍ത്യത്തിനു മുന്നില്‍ അമ്പരന്നു നില്‍ക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല.

ദുരിത പൂര്‍ണ്ണമായ ജീവിതത്തിലെ കണ്ണീര്‍ കണങ്ങള്‍ ഒന്നിച്ചു പേമാരിയായി പെയ്തിറങ്ങിയതായിരുന്നോ അന്ന്. . അടുക്കളയില്‍ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങളിലെ മഴവെള്ളം എടുത്തു പുറത്തു കളയുമ്പോള്‍ . ഈ ഒടുക്കത്തെ മഴ ഒന്ന് തോര്‍ന്നു കിട്ടിയിരുന്നെങ്കില്‍ എന്നു പിറുപിറുക്കുന്ന ഉമ്മയും കിഴക്ക് മാനം കരിങ്കൊടി കാണിച്ചു തുടങ്ങുമ്പോള്‍ മനതാരില്‍ പെരുമ്പറ മുഴങ്ങുന്ന ഉപ്പയും ചോര്‍ന്നൊലിക്കുന്ന കൂര കെട്ടിമേയാന്‍ കാശില്ലാതെ തന്റെ പറക്കമുറ്റാത്തെ കുഞ്ഞുങ്ങളെയും കൊണ്ട് താനെന്തു ചെയ്യും പടച്ചോനെ എന്നുള്ള ആധി ആ കണ്ണുകളില്‍ നിഴലിച്ചു കാണാംഎന്നിലെ ബാല്യങ്ങളിലെ മഴക്ക് ഒരിക്കലും പുതുമണ്ണിന്റെ ഗന്ധമുണ്ടായിരുന്നില്ല
ഓരോ മഴക്കാലവും ഉപ്പയ്ക്കും ഉമ്മയ്ക്കും ഉറക്കം കളയുന്ന രാത്രികളെയാണ് സമ്മാനിച്ചത്. രണ്ടു മുറികളുള്ള വീട്ടില്‍ പുറത്തുളളതിനേക്കാള്‍ കൂടുതല്‍ മഴ വെള്ളം അകത്താവും. തീയും പുകയും സ്ഥിരമായി തട്ടുന്നിടം ആയതിനാല്‍ വൈക്കോല്‍


അധികമൊന്നും ദ്രവിക്കാത്ത അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലാകും കുറച്ചൊക്കെ ചോര്ച്ചക്ക് ആശ്വാസം ഉണ്ടാവുക കര്‍ക്കിടകമാസത്തില്‍ തുള്ളിക്കൊരു കുടം കണക്കെ പാതിരാവില്‍ മഴ സംഹാര താണ്ഡവമാടുമ്പോള്‍ അടുക്കളയോട് ചേര്‍ന്ന മുറിയിലെ ഒരു മൂലയില്‍ എല്ലാവരും കൂടി ഒരു പുതപ്പിനടിയില്‍ മഴ ചോരാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചിരിക്കും.കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ടോ മണ്ണെണ്ണയുടെ അളവ് കുറഞ്ഞത് കൊണ്ടോ അണഞ്ഞു പോയ ചിമ്മിനി കാഴ്ചകള്‍ അവയെ മറക്കാന്‍ ശ്രമിച്ചെങ്കിലും മഴ യോടപ്പം ശക്തമായ കാറ്റും ഇടിയും കൂരിരുട്ടിനെ കീറി മുറിച്ചെത്തുന്ന മിന്നലും മിന്നി മറയുന്നതിനിടയില്‍ ഉമ്മയുടെയും ഉപ്പയുടെയും കവിള്‍ തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ ചാലുകള്‍ ഇലട്രിക് ബള്‍ബുകളുടെ വെട്ടത്തില്‍ തിളങ്ങുന്ന കായല് പോലെ തിളങ്ങുന്നത് പലവട്ടം കണ്ടിട്ടുണ്ട് .. ആ കണ്ണ് നീര്‍ തടങ്ങള്‍ ഒരു സങ്കടക്കടലായി മാറാന്‍ ഞങ്ങള്‍ ഉറങ്ങും വരെ കാത്തിരിക്കുമായിരുന്നു ഉമ്മ..

ഇടിമിന്നലിന്റെ ഭീതിപ്പെടുത്തുന്ന പ്രകാശത്തില്‍ ചുമരിന്റെ അരികു ചേര്‍ന്ന് മുറിയിലേക്ക് ഒലിച്ചിറങ്ങി വരുന്ന പുതിയ ജല ധാരകള്‍ ..ആ ജലധാരകളെല്ലാം ഒരു സര്‍പ്പ ചലനങ്ങളുടെ രൂപങ്ങളില്‍ ഞങ്ങളിലേക്ക് പാഞ്ഞടുക്കുന്നതായിട്ടാണ് അന്ന് തോന്നിയിരുന്നത്.വീടിനകത്തെ സ്ഥിതി ഇതായിരുന്നുവെങ്കില്‍ പുറത്തെ സ്ഥിതി മറ്റൊന്നായിരുന്നു ഒരു വയലിനോട് ചേര്‍ന്ന തോടിനടുത്തായിരുന്നു ഞങ്ങളുടെ ഈ കൊച്ചു വീട് . മഴക്കാലം ആകുന്നതോടെ തോട് നിറഞ്ഞൊഴുകാന്‍ തുടങ്ങും. കര കവിഞ്ഞൊഴുകുന്ന തോട് ഏതു നിമിഷവും ഞങ്ങളെ വീടിനെയും കൊണ്ടുംപോവും എന്ന സ്ഥിതിയിലായിരുന്നു . പക്ഷെ ദൈവത്തിന്റെ കൈകള്‍ അവിടെ ഒരു തടയിണ പോലെ നിന്നത് കൊണ്ട് മാത്രം മുറ്റം വരെ വെള്ളം കയറിയിരുന്നുള്ളൂ... പണ്ടൊക്കെ വീടിനുള്ളിലും വെള്ളം കയറി പാത്രങ്ങള്‍ വരെ ഒലിച്ചു പോയ കഥ വല്ലിമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ..


അയല്‍ പക്കത്തെ കുട്ടികളെല്ലാം മടക്കുന്നതും അല്ലാത്തതുമായി ഞെക്കിയാല്‍ തുറക്കുന്ന കുടകളുമായി മഴയത്ത് ആര്‍ത്തുല്ലസിച്ച് സ്കൂളിലേക്ക് പോകുമ്പോള്‍ മേലോട്ട് നോക്കിയാല്‍ ആകാശം കാണുന്ന കീറിയ കുട കീഴില്‍ ഇലാസ്ടിക്കു കൊണ്ട് അടുക്കി പിടിച്ച ബുക്കുകള്‍ക്ക് മീതെ ചോറ്റു പാത്രവും കെട്ടി മാറത്തു അടുക്കി പിടിച്ചു നടക്കുമ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹങ്ങള്‍ എല്ലാം ഇടവഴിയിലെ മഴ വെള്ള പാച്ചിലില്‍ ഒഴുകി പോകും പോലെ തോന്നിയിട്ടുണ്ട്..അന്നൊക്കെ സ്കൂളില്‍ പോകുമ്പോള്‍ മാറി ഉടുക്കാന്‍ ഒന്നില്‍ കൂടുതല്‍ ഡ്രെസ്സുകളും ഉണ്ടായിരുന്നില്ല. വെയില്‍ കിട്ടാത്തത് കൊണ്ട് വീണ്ടും നനഞ്ഞത് തന്നെ ഇട്ടു പോകേണ്ടി വരുന്ന ഗതികേടും അതിലെ ആ ഒരു നനഞ്ഞ ഗന്ധവും ഒക്കെയായിരുന്നു അന്നത്തെ മഴക്ക് .


എങ്കില്‍ , മുതിര്‍ന്നപ്പോള്‍ മഴ ക്കാലത്ത് കേള്‍ക്കുന്ന വാര്‍ത്തകളില്‍ കൂടി വീണ്ടും മഴയെ കുറിച്ചുള്ള ചിത്രങ്ങള്‍ ഭീകരമായി തന്നെ എന്റെ മനസ്സില്‍ വരച്ചിട്ടു തന്നു.. മഴ കെടുതികളുടെ തീരാ പ്രവാഹങ്ങള്‍, .. പ്രളയ ക്കെടുതിയിലും ചുഴലിക്കാറ്റിലും വീട് ഒലിച്ചുപോയവരും ഇടിഞ്ഞു പൊളിഞ്ഞവരുമടക്കം ഒരു പാട് പേരുടെ നിസ്സഹായ ചിത്രങ്ങള്‍ ചോര്‍ന്നൊലിക്കുന്ന കുടിലിനു മുന്നിലിരുന്നു മഴയെ പ്രാകുന്ന മനുഷ്യ ജന്മങ്ങള്‍ മഴക്കാലത്ത്‌ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയവരുടെ ഉറ്റവരുടെ ദയനീയ മുഖങ്ങള്‍.. കുളങ്ങളിലും തോടുകളിലും പുഴകളിലുമായി ജീവന്‍ നഷ്ട്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ ഇവയെല്ലാം എപ്പോഴും ഉള്ളതാണെങ്കിലും മഴക്കാലത്ത്‌ ഇത് തുടര്‍ കഥകളായി ഒഴുകി വരുന്നു...

മഴയുടെ രൂപഭാവങ്ങള്‍ പലരും ആസ്വദിക്കുക പല രൂപത്തില്‍ ആയിരിക്കും.. കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും അവരുടെ തൂലിക തുമ്പില്‍ നിന്നും ഉറ്റി വീഴുന്ന പ്രക്ര്തിയുടെ ആനന്ദാശ്രുക്കള്‍ ആകുമ്പോള്‍ . ചിലര്‍ക്ക് സന്തോഷത്തിന്റെയും മറ്റുചിലര്‍ക്ക് ദുഃഖത്തിന്റെയും പ്രതീകമായി മാറുന്നു... പ്രേമിക്കുന്നവര്‍ക്ക് കുളിര്‍ കോരിയിടുന്ന പ്രണയവും കമിതാക്കള്‍ക്ക് കാമത്തിന്റെ ചൂടും സമ്മാനിക്കുന്നു മഴ.. . തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയോ മഴ നനയാതിരിക്കാന്‍ ഒരു കൂരയോ ഇല്ലാത്തവന് തീരാ ദുഖത്തിന്റെ അഗ്നിജ്വാലയായി മാറുന്നു മഴ ... പാവപ്പെട്ടവനും പട്ടിണിക്കാരനും പ്രാര്‍ത്ഥനയും ഭീതിയുമാണ് മഴ സമ്മാനിക്കുന്നത് .മഴ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്നില്ല എന്ന് ഇതിനര്‍ത്ഥമില്ല ..മഴയും പ്രണയവുമെല്ലാ. കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ അവ കഥയ്ക്കും കവിതയ്കുമുള്ള നല്ലൊരു വിഷയം തന്നെ .. ചില സമയങ്ങളില്‍ ചില മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തില്‍ അവ ദുരിതങ്ങളും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ചില നിമിഷങ്ങളും സമ്മാനിക്കുന്നു ... എങ്കിലും കാലത്തിന്റെ കറക്കത്തില്‍ പ്രവാസത്തിന്റെ ആകുലതകളിലും ഒറ്റപെടലുകളിലും ജീവിതം സിമന്റു കൂടാരങ്ങള്‍ക്കിടയില്‍ ചൂട് പിടിച്ചുരുകുമ്പോള്‍ മനസിലും കണ്ണിനും കുളിര്‍മ്മയേകുന്ന ഒരു ചാറ്റല്‍ മഴ അറിയാതെ എന്റെ മനസും കൊതിക്കുന്നൂ ...
തിങ്കളാഴ്‌ച, ജൂൺ 06, 2011

വേട്ടയാടപ്പെടുന്ന സ്ത്രീത്വംപാല്‍ പുഞ്ചിരിയും പിഞ്ചു കാലുകള്‍ പിച്ചവെക്കുമ്പോള്‍ കേള്‍ക്കുന്ന പാദസര കിലുക്കവും നിഷ്ക്കളങ്കമായ സംസാരവും നമുക്ക് സമ്മാനിക്കുന്ന ,നമ്മുടെ മനസിനെ ഏറ്റവും കൂടുതല്‍ പുളകിയതയാക്കുന്ന പിഞ്ചു ബാല്യം അതിന്റെ കിളി കൊഞ്ചലും കിന്നാരവും ആസ്വദിക്കുന്നതിന് പകരം ആ പൈതലിനേയും കാമ പൂര്‍ത്തീകരണത്തിലേക്ക് വലിച്ചിഴച്ചു കൊലപ്പെടുത്തി യിരിക്കുന്നു . അതും അയല്‍വാസിയായ പതിമൂന്നുകാരന്‍ .

പത്രത്താളുകളിലെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട്?
നമ്മുടെ മക്കളുടെ നമുക്ക് വിശ്വസിക്കാന്‍ പറ്റുന്ന പ്രായം ഏതാണ്? നമ്മുടെ പെണ്മക്കളെ ആധിയോടെയല്ലാതെ പുറത്തിറക്കാന്‍ നമുക്കാര്‍ക്കെങ്കിലും ഇന്ന് സാധിക്കുമോ ? സ്കൂളില്‍ അയച്ചാല്‍ അവര്‍ തിരികെ എത്തും വരെ നമ്മുടെ ഉള്ളില്‍ തീ ആയിരിക്കില്ലേ.?.. പത്ര താളുകളിലും ദൃശ്യമാധ്യമങ്ങളിലും എന്തിനേറെ നമുക്ക് ചുറ്റിലും നാം ഇന്ന് കണ്ടും കേട്ടും അറിഞ്ഞു കൊണ്ടിരിക്കുന്ന ഇത്തരം ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നാം ആരെ പഴിക്കണം ?
പെണ്ണായി പോയത്‌ ഒരു വലിയ കുറ്റമായി ഇന്നു പലര്‍ക്കും തോന്നുന്നുണ്ടാവാം .അതാണ്‌ ഇന്നിലൂടെ നമുക്ക് കിട്ടുന്ന പാഠങ്ങള്‍..പെണ്ണിന് അമ്മയുടെയും ദൈവത്തിന്റെയും സ്ഥാനം കല്പ്പിച്ച്ചിരുന്നു ഒരു കാലത്ത് സമൂഹം. മഴയില്‍ തന്റെ കുഞ്ഞനുജത്തിയെ ചെമ്പില കുടക്കീഴില്‍ ചേര്‍ത്ത് പിടിച്ചു സ്കൂളില്‍ കൊണ്ട് പോയ സഹോദരന്മാരുടെ നല്ല ചിത്രം നമ്മുടെ ഓര്‍മ്മകള്‍ക്ക് പിന്നാമ്പുറങ്ങളില്‍ ഇന്നും ഒളിച്ചിരിപ്പുണ്ട് . ഇത്തരത്തിലുള്ള സുരക്ഷിതത്വവും മാന്യതയും ഇന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോ ?

ഒളിഞ്ഞും തെളിഞ്ഞും ഇന്ന് ഓരോ സ്ത്രീയും ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു
കിടപ്പുമുറിയിലും അവള്‍ ഉപയോഗിക്കുന്ന ബാത്ത് റൂമുകളിലും കാമറകള്‍ ഘടിപ്പിച്ചു അവ ഒപ്പിയെടുക്കുന്ന അവളുടെ മേനി കണ്ടു ആസ്വദിക്കുകയും അതിനെ വിറ്റു കാശാക്കുകയും ചെയ്യുന്ന ഇന്നിന്റെ ദുരവസ്ഥ . സ്ത്രീയെ നല്ല സഹോദരിയായി ,ഭാര്യയായി അമ്മയായി അമ്മൂമ്മയായി ആദരിച്ച ഒരു സമൂഹം ഇന്ന് കാമ പൂര്ത്തീകരണത്തിനുള്ള ഒരു താല്‍ക്കാലിക വസ്തുവായി മാത്രം കാണുന്നു .തന്റെ കാമാസക്തിക്ക് ശമനം കിട്ടിയാല്‍ കഴുത്ത് ഞെരിച്ചും വെട്ടി നുറുക്കിയും കൊലപ്പെടുത്തി ചാക്കുകളിലും ബാഗുകളിലും കുത്തിനിറച്ച് വീടിന്റെ മച്ചിന് മുകളിലോ മരപ്പൊത്തുകളിലോ ഫ്രീസറിലോ ഒളിപ്പിച്ചു വെക്കുന്നു.

തൊട്ടിലില്‍ കിടന്നുറങ്ങുന്ന പെണ്‍കുഞ്ഞു മുതല്‍ തൊണ്ണൂറു കഴിഞ്ഞ അമ്മൂമ്മ വരെ ഇന്ന് സമൂഹത്തെ പേടിയോടെ കാണേണ്ടിയിരിക്കുന്നു.സ്വന്തം വീടുകളിലും സ്കൂളുകളിലും കോളേജുകളിലും വാഹനങ്ങളിലും ഇടവഴിളിലും ഇന്നവള്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു .ഇതിനു പുരുഷ കേസരികളെ മാത്രം കുറ്റം പറയുന്നതില്‍ ചെറിയ ശരി കേടില്ലേ ഈ പതിമൂന്നു കാരനും ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയത് ഒരമ്മയല്ലേ ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല അവന്റ അമ്മയാണ് എന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത സത്യമായ ഒരു വസ്തുതയാണ് .

തന്റെ മക്കളെ എങ്ങിനെ വളര്‍ത്തണം അവനില്‍ എന്തെല്ലാം മാനുഷിക മൂല്യങ്ങള്‍ ഇട്ടു കൊടുക്കണം എന്നതും തീരുമാനിക്കേണ്ടതവര്‍ തന്നെ .മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന് മനസ്സിലാക്കി അവന്റെ കൂട്ടുകെട്ടുകള്‍ അവന്‍ ലോകത്തെ എങ്ങിനെ നോക്കി കാണുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും മനസ്സിലാക്കാന്‍ അമ്മക്ക് കഴിയേണ്ടതല്ലേ പെണ്‍കുട്ടികളുടെ വസ്ത്ര ധാരണത്തിലും അവരുടെ ആവശ്യങ്ങളിലും നാം ശ്രദ്ധിക്കാതെ അവര്‍ പലതരം തെറ്റുകളിലേക്ക് വഴുതി പോകുന്നത് നാം കണ്ടില്ലെന്നു നടിച്ചു കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ടിട്ടു വിലപിച്ചിട്ട് കാര്യമുണ്ടോ ?

ജീവിതം അടിച്ചു പൊളിച്ചു ആഘോഷിക്കാനുള്ള പണസമ്പാദനത്തിനായി ഇന്നത്തെ പെണ്‍കുട്ടികള്‍ സെക്സ് റാക്കറ്റുകളിലേക്ക് സ്വയം ഇറങ്ങി ചെല്ലുന്ന കാഴ്ച പോലും നാം കാണേണ്ടി വരുന്നു. മിനി സ്ക്രീനിന്റെ യും ആല്‍ബത്തിന്റെയും മറവില്‍ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുകയോ ഒരു അവസരത്തിനായി അവര്‍ സ്വയം ശരീരം സമര്‍പ്പിക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍ പലപ്പോഴും നാം കേട്ട് കഴിഞ്ഞതാണ്.


ഉദാത്തമായ കലയെ മറയാക്കി പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ഇത്തരം നാടകങ്ങള്‍ ഈ രംഗത്ത് കലയെ മാത്രം ഉപാസിച്ചു കഴിയുന്ന നല്ലവരെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്. കുടുംബം പോറ്റാനും പട്ടിണി മാറ്റാനും നിവര്‍ത്തിയില്ലാതെ മാനം വില്ക്കേണ്ടി വന്നവരോട് സമൂഹം ക്ഷമിച്ചേക്കാം. എന്നാല്‍ സ്വയം നാശത്തിലേക്ക് ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ആര്‍ക്കു ആരെ രക്ഷിക്കാനാവും
സ്ത്രീ ലോകത്തിനു കരുതലായി ..,സ്നേഹമായി ..കരുണയായി ..കാവലായി മാറുന്ന അങ്ങിനെ അവരെ കാണുന്ന ഒരു സമൂഹം എന്നെങ്കിലും ഈ ലോകത്ത് തിരിച്ചു വരുമോ ആ നല്ല നാളെക്കായി നമുക്ക് പ്രാര്‍ഥിക്കാം ........


പിന്‍ കുറിപ്പ് :ഒരു സ്ത്രീ, അമ്മ എന്നീ നിലയിലുള്ള എന്റെ ആശങ്കകളാണ് ഈ പോസ്റ്റില്‍ ഞാന്‍ പങ്കു വെച്ചത്. ചിലതൊക്കെ അതി ഭാവുകത്വമാണ് ആണ് എന്ന് തോന്നാം. എന്നാല്‍ യാഥാര്‍ത്ഥ്യം ചിലപ്പോള്‍ നമ്മുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്താണ് എന്നതല്ലേ സമകാലിക വാര്‍ത്തകള്‍ നമ്മോടു പറയുന്നത്. പരിഷ്കൃത സമൂഹം എന്ന് നമ്മള്‍ സ്വയം പുകഴ്ത്തുമ്പോഴും , വിദ്യാ സമ്പന്നര്‍ എന്ന് അഹങ്കരിക്കുമ്പോഴും ഒരു വശത്ത്‌ വലിയൊരു വിഭാഗം വല്ലാത്ത മൂല്യച്യുതിയിലേക്ക് കൂപ്പു കുത്തുകയാണ്. എവിടെയാണ് നമുക്ക് പിഴക്കുന്നത്‌. എന്താണ് പരിഹാരം. മറ്റെന്തിനെക്കാളും നാം ചര്‍ച്ച ചെയ്യേണ്ട ഒരു തലത്തിലേക്ക് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എല്ലാ സീമകളും അതിക്രമിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു എന്ന് ഓര്‍മ്മപ്പെടുത്തുക മാത്രം.


.

.