കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഫെബ്രുവരി 12, 2017

അഹന്ത


ഞാൻ ദൈവത്തെകുറിച്ചെഴുതി ദൈവത്തിനോളം പ്രശസ്തി നേടാനാഗ്രഹിച്ചു... കടലായ കടലിലെ വെള്ളം മുഴുവൻ  മഷിയായും മരങ്ങളെ മുഴുവൻ തൂലികയായും മാറ്റിയിട്ടും ദൈവ വചനങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലാൻ എനിക്ക് കഴിഞ്ഞില്ല.. ഈ പ്രപഞ്ചമെന്ന‌ ക്യാൻ വാസിനെ മടക്കി വെച്ച് ആകാശ ചെരുവിൽ അന്തിയുറങ്ങുവാനായി നീങ്ങിയപ്പോൾ അവിടേയും ദൈവത്തിന്റെ കരവിരുത് ...തൂണുകൾ നാട്ടാത്ത ആകാശത്തു കൂടെ നക്ഷത്രഗോളങ്ങളെ താണ്ടിഞാൻ പിന്നേയും പറന്നകന്നു .. പ്രകാശവർശങ്ങൾ താണ്ടി അകലങ്ങളിൽ നിന്നും അകലങ്ങളിലേക്ക്.. അപ്പോ ദൈവം ചിരിതൂകി എന്നോടു ചൊല്ലി... നീ  ചെടികളിലെ ഇലയ്ക്കടിയിൽ ചുരുണ്ടുറങ്ങുന്ന പുഴുവിലേക്കിറങ്ങുക.. എന്റെ ചിന്തയെ ഞാൻ അതിലേക്ക് ചുരുക്കിയപ്പോൾ ഞാനൊന്നുമല്ലെന്ന തിരിച്ചറിവിൽ  ദൈവം വിജയശ്രീലാളിതനായി.. :) :)

മീസാൻ കല്ല്


പള്ളി മിനാരത്തിലെ തുരുമ്പെടുത്ത പഴയ ലൌഡ് സ്പീക്കർ തുടച്ചു മിനുക്കി പള്ളി മുക്രി ഖാദർക്ക‌ ബാങ്കു വിളിക്കാനായി തയ്യാറെടുത്തു. . പള്ളിയുടെ മച്ചില്‍ കൂടുകൂട്ടിയ ഇണ പ്രാവുകൾ പതിവുപോലെ കുറുകി കുറുകി ചിറകുകൾ വിടർത്തിക്കുടഞ്ഞു അതാതിടങ്ങളിലൊതുങ്ങി കൂടി. മഗ്രിബ് ബാങ്ക് കൊടുത്തു കഴിയു മ്പോഴേക്കും ആകാശം ചെഞ്ചായം പൂശി. അപ്പോഴും
നിബിഡമായി വളര്‍ന്നു നിൽക്കുന്ന മഞ്ചാടി മരങ്ങൾ പള്ളിക്കാട്ടില്‍ ഇരുട്ട് പരത്തി ത്തുടങ്ങിയിരുന്നു ...
താഴെ ഖബറിലുറങ്ങുന്നവന്റെ നാമം‌ കല്ലുകളിലൂടെ മാത്രം തിരിച്ചറിയാൻ വേണ്ടി നാട്ടപ്പെട്ട സ്മാരക ശിലകള്‍ എന്തിനെന്നറിയാതെ തലയുയർത്തി നിന്നു. ജീവായുസ്സിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രാരാബ്ധങ്ങളുടെയും പണക്കൊഴുപ്പിന്റേയും ഭാരം‌ പേറി തളര്‍ന്നു വീണ കുറെ മനുഷ്യ ജന്മങ്ങളുടെ മേല്‍ തിരിച്ചറിവിനായി നാട്ടിയ മറ്റൊരു ഭാരം മീസാന്‍ കല്ലുകൾ ..!.
പലതരം കുരുക്കുകളിൽ ജീവിതം ഹോമിച്ച്
ആരുമറിയാതെ ജീവിച്ചു തീർത്ത എത്രയോ ജീവിതങ്ങള്‍ മാത്രമല്ല , നിരവധി ബഹുമാനങ്ങൾ ഏറ്റുവാങ്ങിയവർ......എല്ലാവരും ഒരേ വീടുകളിൽ ഒരേവസ്ത്രങ്ങളിൽ... എല്ലാത്തിനും മൂകസാക്ഷികളായ ഈ മീസാന്‍ കല്ലുകള്‍ക്ക് താഴെ അന്തിയുറങ്ങുന്നു..... ഇപ്പോൾ
ഭൂമി ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ..
ഇശാ നമസക്കാരവും കഴിഞ്ഞു ആളുകള്‍  പല വഴിക്ക് പിരിഞ്ഞു.
ഖാദർക്ക ജനാലക്കരികിൽ നിന്നു കൊണ്ട് പള്ളിക്കാട്ടിലേക്ക് .... കണ്ണുകളെ പായിച്ചു...
അഞ്ചു വർഷം മുൻപുള്ള ജീവിതം ആലോചിക്കുവാൻ തന്നെ ഖാദർക്കാക്ക് ഭയമായിരുന്നു...ആ ഇരുളടഞ്ഞ ജീവിതത്തെ ഓർക്കുമ്പോൾ..എന്തെന്നില്ലാത്ത നെഞ്ചിടിപ്പ് അനുഭവപ്പെടുമ്പോലെ...

ഒരു മനുഷ്യായുസ്സു കണക്കാക്കുമ്പോള്‍ വളരെ കുറഞ്ഞ കാലയളവ്. പക്ഷെ തന്റെ ജീവിതത്തില്‍ ഒരു എൺപതുകാരന്റെ നിസ്സഹായതയിലേക്ക് വലിച്ചെറിയപ്പെട്ട കാലം.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വളയം പിടിക്കേണ്ടി വന്നവൻ‌
ആഴ്ചകളോളം‌ പലയിടങ്ങളിലുള്ള കറക്കം ....
വലിയ വണ്ടിയുടെ വളയംപിടിക്കുക എന്നത് നിസാര കാര്യമല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ...

പല സമയങ്ങളിലും ഭക്ഷണം കഴിക്കാൻ മറന്നു പോകുന്ന ജീവിത രീതികൾ

എതിരെ മരണം കണക്കേ ചീറി പാഞ്ഞു വരുന്ന വണ്ടികളോട് മത്സരിക്കാതെ ഒാരം ചേർന്നു പോവുന്നവർ...
ഡ്രൈവിങ്ങിനിടയിലും വീട്ടിലെ ചിന്തകളാൽ പല തവണ കയ്യിലുള്ള വളയത്തിന്റെ നിയന്ത്രണം കയ്യിൽ നിന്നും വഴുതി പോവുന്ന അവസരങ്ങൾ വരെയുണ്ടായിട്ടുണ്ട് ..
തെറ്റുകാരൻ ആരെന്നു പോലും നോക്കാതെ നാട്ടുകാരുടെ ഇടയിൽ ചെണ്ട കണക്കെ നിന്നു കൊടുത്തു അടിമേടിക്കേണ്ടി വന്ന  പല പല അവസരങ്ങൾ ..

കൂട്ടുകെട്ടുകൾ കള്ളുകുടിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത് മാത്രം ഇന്നും ഒാർക്കാൻ മടിക്കുന്ന സത്യം .. അഞ്ചു വർഷം ലഹരിയിൽ മുങ്ങിക്കുളിച്ചുള്ള ജീവിതം ... മദ്യത്തിൽ നീന്തിതുടിച്ച് കുടുംബം മറന്ന് ജീവിച്ചു .. ഇടക്കിടെയുള്ള നാട്ടിൽ പോക്കിൽ നല്ല പാതി ‌മൂന്ന് ആൺ മക്കളായും ഒരു‌മോളായും നാലു മക്കളെ‌പ്രസവിച്ചു..‌ അവർക്കു വേണ്ടി .. പണം നൽകി അവരെ സന്തോഷിപ്പിച്ചെങ്കിലും അവരുടെ ജീവിത രീതി ശ്രദ്ധിക്കാതെ അവരുടെ വഴിക്ക് വിട്ടിരുന്നു ..

ഇടക്ക് വന്ന ഒരു നെഞ്ചു വേദന മരണത്തെ പുൽകുമെന്ന ഭയം മനസിൽ കടന്നു കൂടിയപ്പോൾ. .. ദൈവത്തോട് ചെയ്ത തെറ്റുകൾക്ക് മാപ്പു ചോദിച്ചു തിരികെ ശാന്തിയോടെ ജീവിക്കാൻ തീരുമാനിച്ചു നാട്ടിലേക്ക് മടങ്ങി.. ഒന്നിനും വയ്യാതായപ്പോൾ... അടുത്തുള്ള മഹല്ലുകാർ പള്ളിപരിപാലത്തിനും മറ്റും നിർത്തി.. ആ നല്ല ദിവസങ്ങളിൽ താൻ അനുഭവിച്ച തിക്താനുഭവങ്ങൾ തന്റെ ഡയറിയിൽ കുറിച്ചിടാൻ ഖാദർക്ക മറന്നില്ല....
കാലം അതിന്റെ വഴിക്ക് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഖാദർക്ക ഒരു നല്ല മനുഷ്യനായെങ്കിലും മക്കൾ. മറ്റൊരു‌ലോകത്ത് ആടിത്തിമിർക്കുകയായിരുന്നു.. കൂട്ടുകാരുടെ ആഘോഷവേള ആനന്ദമാക്കാൻ കുപ്പിപൊട്ടിച്ചും ചിയേർസടിച്ചും അവർ മുന്നേറുന്നത് ഖാദർക്കയുടെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി... ഇതെല്ലാംകണ്ടു വിഷമം ഉള്ളിലൊതുക്കി മരവിച്ച മനസുമായി കഴിയുന്ന തന്റെ പ്രിയതമ അയിശൂട്ടിയുടെ മുഖം ഖാദർക്കയുടെ മനസിനെ വിതുമ്പലിലാഴ്ത്തിക്കൊണ്ടിരുന്നു ...

ഇന്നലെ കഴിഞ്ഞത് പോലെ അനുഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിയെത്തുയായിരുന്നു . ചിത്ര ശലഭത്തെ പോലെ വര്‍ണ്ണങ്ങള്‍ തേടി നടന്ന കൗമാരം. ..അന്ന് ഞാൻ അനുഭവിച്ചത് ഇന്ന് മക്കൾ അനുഭവിക്കുന്നു ... അവരെ തിരുത്താൻ ഞാൻ തയ്യാറായില്ല എന്നത് അവർക്ക് മുന്നോട്ടുള്ള. പ്രയാണത്തിനു ഒഴുക്ക് കൂട്ടിയിരിക്കുന്നു ....

ഖാദർക്ക ഒരു നിമിഷം തന്നെ‌ തന്നെ‌പഴിച്ചു..
അല്ലാഹുവേ നീ‌തന്നെ തുണ .. എന്നെ മാറ്റിയത് പോലെ എന്റെ മക്കളേയും മാറ്റണമേ ....‌ ഇടറിയ നെഞ്ചിലെ ഓരോ ശ്വാസവും ബാങ്ക് വിളിയിൽ കുതിരുമ്പോൾ ഖാദർക്ക പടച്ചവനോട് ദുആ ഇരന്നു.  മൂന്നു നാലു ആയത്തുകൾ ഉരുവിട്ട് കൊണ്ട് പതിവു പോലെ കീറിയ പായയുടെ ഒരറ്റം സ്വർഗ്ഗമാക്കി. 

ഒന്നിൽ നിന്ന് മറ്റൊന്നിലേക്കെന്ന പോലെ
സുബ്ഹിയുടെ ബാങ്കൊലി മുഴങ്ങുവാൻ തുടങ്ങി.
അല്ലാഹു അക്ബർ..അല്ലാഹു അക്ബർ ...

പള്ളിക്കാടുണര്‍ന്നു. മീസാന്‍ കല്ലുകള്‍ക്ക് കൂട്ടിരുന്ന കിളികളുണർന്നു... പള്ളിയുടെ മേൽക്കൂരയിൽ കൂടുകൂട്ടിയ‌ പ്രാവുകൾ ഉണർന്ന് പതിവില്ലാത്ത ഒച്ചയിൽകുറുകാൻ തുടങ്ങി..എന്നിട്ടും ഖാദർക്ക മാത്രം ഉണർന്നില്ല......

ആ പള്ളിക്കാട്ടിനോട് ഓരം ചേർന്നു കിടക്കുന്ന മുറിയിൽഖാദർക്കയുടെ ഡയറിൽ അവസാനം കുറിച്ചിട്ട വരികൾ ഇങ്ങനെയായിരുന്നു....
പകലിന്റെ വെളിച്ചമെന്നെ നയിച്ചു പടുകുഴിയിലേക്ക്..
എങ്കിലുമെന്റുടയോന്റെ വെള്ളി വെളിച്ചമെന്നെ....സന്മാർഗ്ഗത്തിലേക്കാനയിച്ചു ..സർവ്വ ശക്തനു സ്ഥുതി "

ഉമ്മു അമ്മാർ ✍

ചൊവ്വാഴ്ച, നവംബർ 08, 2016

മാറിടം തുരന്നവർ


ബാല്യത്തിന്റെ നിഷ്ക്കളങ്കതയിൽ
വീട്ടിൽ ഓടിച്ചാടി ക്കളിക്കുന്ന പ്രായത്തിൽ ശരീരം കാട്ടി നടന്ന അവളിലേക്ക് കളിക്കൂട്ടുകാർ നോക്കിയപ്പോൾ അവളൊക്കൊന്നും തോന്നിയില്ല..
എങ്കിലും അമ്മ അവളെ പെറ്റിക്കോട്ട് ധരിപ്പിച്ചു...
ജീവിതത്തിന്റെ ഒഴുക്കിൽ കൗമാര ദശയിൽ ഋതുമതിയായി മഞ്ഞൾ പുരട്ടി കുളിപ്പിക്കുന്നതിനിടയിൽ വീണ്ടുമവളുടെ അമ്മ ഉപദേശിച്ചു തന്റെ ശരീരത്തിൽ കെട്ടി മുറുക്കിവയ്കേണ്ട ചിലതുണ്ട് എന്നു അന്നാണവൾക്ക് മനസിലായത് അതു ശരിയെന്ന്..
കോളേജ് വരാന്തയിലൂടെ നടന്ന് നീങ്ങുമ്പോൾ
കൂടെ പഠിച്ച പയ്യന്മാരുടെ നോട്ടവും തന്റെ മാറിടത്തിലേക്കെന്ന് തിരിച്ചറിഞ്ഞ അവൾ തന്റെ മാറു മറയ്ക്കാൻ. പാടുപെട്ടു..
കോളേജ് വിട്ട് വീട്ടിലേക്കുള്ള വഴിയിൽ പല്ലുകൊച്ചു കണ്ണും മുഖവും ചുക്കിച്ചുളിഞ്ഞ ഒരപ്പൂപ്പൻ തന്റെ‌മാറു നോക്കി നുണക്കുന്നത് കണ്ട് കണ്ട ഭാവം നടിക്കാതെ വീട്ടിലെത്തി വാതിലടച്ചു കുറെ കരഞ്ഞു..
കല്യാണനാളിൽ അവളുടെ മാറിടം അവനു ലഹരിയായി.. ആ ലഹരിയിൽ അവളിലെ മാറ്റം മുലപ്പാൽ തുളുമ്പും അമ്മയുടേതായി..
തന്റെ കുഞ്ഞിളം ചുണ്ടുകൾ കൊണ്ട് മുലക്കണ്ണുകൾ ചപ്പി വലിക്കുമ്പോൾ അവളിലെ മാതൃത്വം പിടഞ്ഞെണീറ്റു
ഇന്നലെ മുലകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്തപ്പോൾ തളർന്നു കിടക്കുന്ന തന്നെ കാണാൻ വന്നവരെല്ലാം നോക്കുന്നത് കച്ച കെട്ടി മുറുക്കാത്ത മാറിടത്തിലേക്ക് തന്നെ!!!
മറയ്ക്കാനൊന്നുമില്ല എങ്കിലും, അടുത്ത് കിടന്ന തോർത്തെടുത്ത് അവൾ മാറിലേക്കിട്ടു..

ശനിയാഴ്‌ച, ഫെബ്രുവരി 23, 2013

ഓര്‍മ്മകളുടെ ഓളങ്ങളില്‍..

നാട്ടിൽ നിന്നും പതിവില്ലാത്തൊരു ഫോൺ കോൾ.. “നമ്മുടെ തെക്കെപറമ്പിലെ സുബൈദയില്ലെ, ഓള്‌ ആത്മഹത്യ ചെയ്യാൻ നോക്കി. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാ. രക്ഷപ്പെടാൻ സാധ്യതയില്ലാന്നാ ഡോക്ടർമാർ പറയുന്നേ” നൗഷാദ്ക്കാടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. വാക്കുകൾക്ക് പകരം വെന്തമാംസത്തിന്റെ നിലവിളിയാണ്‌ നൂർജുവിന്റെ കാതിലൂടെയപ്പോൾ തുളച്ചു കയറിയത്.

അത്തറുമണത്തിരുന്ന സുബൈദത്താടെമുഖം മരണത്തിന്റെ വികൃതമായ രൂപത്തിൽ സങ്കല്പ്പിക്കാൻ പോലും നൂർജ്ജുവിന്‌ കഴിയുമായിരുന്നില്ല. തികട്ടിവന്ന ഓർമ്മകൾ അവളുടെ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങാൻ തുടങ്ങി. ..

 തെക്കെ പറമ്പിലെ ആയിഷത്താക്ക് രണ്ടു പെൺമക്കളായിരുന്നു. സ്കൂളിൽ പോകുവാൻ ഇളയമകൾ റഹ്മത്തിനെയും കാത്ത് അവരുടെ വീട്ടുവരാന്തയിൽ നില്ക്കുമ്പോൾ പ്രാതൽ കഴിക്കാൻ നിർബന്ധിക്കുമായിരുന്നു ആയിഷാത്ത. “നൂർജു.. നിനക്കിഷ്ടമുള്ള പുട്ടും പയറും ആണെടീ. റഹ്മത്തിന്റെ കൂടെയിരുന്നു തിന്നിട്ടു പോയാമതി.” വേണ്ടെന്നു പറയാൻ മനസ്സനുവദിച്ചിരുന്നില്ല. പട്ടിണിയൊഴിഞ്ഞ ദിവസങ്ങൾ നൂർജ്ജുവിന്റെ വീട്ടിൽ വിരളമായിരുന്നു എന്നതു തന്നെ മുഖ്യകാരണം.

നൂർജ്ജുവിന്റെ ഉമ്മ ആമിന പണിക്ക് പോയിരുന്നത് ആയിഷാത്താടെ വീട്ടിലായിരുന്നു. രാവിലെ തന്നെ മുറ്റം അടിച്ചു വാരലും, തലേദിവസത്തെ എച്ചില്‍ പാത്രങ്ങൾ കഴുകലും, മുറികള്‍ വൃത്തിയാക്കലും കഴിഞ്ഞാൽ പിന്നെ പറമ്പിലെ പണിക ളുണ്ടാകും. അവരുടെ വീട്ടിലെ പണിക്കാരിയാണെങ്കിലും ഒരിക്കൽ പോലും ആയിഷാത്ത അവരോട് മോശമായി പെരുമാറിയിട്ടില്ല. തിരിഞ്ഞുനോക്കാൻ ആരും ഇല്ലാത്ത നൂർജുവിന്റെ കുടുംബത്തിന് അവരെന്നുമൊരു വലിയ സഹായമായിരുന്നു.

 ആയിഷാത്താന്റെ ഗൾഫിലുള്ള ഭർത്താവ് കൊടുത്തയച്ചിരുന്ന പിസ്തകളില്‍ നിന്നും, മിഠായികളിൽ നിന്നും ഒരു വിഹിതം ഉമ്മയുടെ കോന്തലക്കെട്ടിൽ അവർ നൂര്‍ജുവിനു വേണ്ടി വെച്ച് കൊടുക്കുമായിരുന്നു. റഹ്മത്തിനൊരു പുതിയ ഡ്രസ്സ് വാങ്ങിയാൽ അവളുടെ പഴയ ഒരു ഉടുപ്പ് ഉമ്മയുടെ കയ്യിൽ ആയിഷാത്ത കൊടുത്തു വിടും. ഒരിക്കൽ അവളുടെ നീലപ്പുള്ളിയുള്ള പാവാട ധരിച്ച് സ്കൂളിലേക്ക് പോയപ്പോൾ നൂർജുവിനെ ക്ലാസ്സിലുള്ളവർ കളിയാക്കി ചിരിച്ചിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും റഹ്മത്തിന്‌ അവളെ വളരെ ഇഷ്ടമായിരുന്നു.

 എന്നിരുന്നാലുംആയിഷാത്താടെ നട പ്പും കോലംകെട്ടലും നൂര്‍ജ്ജുവിനൊട്ടും ഇഷ്ട്ടമായിരുന്നില്ല... നാല്പ്പതിനോടടുത്ത പ്രായമുണ്ടെങ്കിലും കിലുങ്ങുന്ന പാദസരവും കഴുത്തില്‍ രണ്ടു മൂന്നു സ്വര്‍ണ്ണ മാലകളും, ശരീരം മൊത്തം എടുത്തു കാണിക്കുന്ന മാക്സിയും കാണുമ്പോള്‍ ഒരു വല്ലായ്മ ..ഇതൊരിക്കല്‍ നൂര്‍ജ്ജു ഉമ്മയോട് പറഞ്ഞു. കയ്യിലിരുന്ന ചൂലുകൊണ്ട് തന്നെ ഉമ്മ അതിനുള്ള മറുപടിയും അപ്പോൾ തന്നെ കൊടുത്തു.

 ഒരിക്കൽ ഒരു ഞായറാഴ്ച്ച ദിവസം കിടക്കപ്പായയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു നൂർജ്ജു. “ ഓളൊരു കെടത്തം കണ്ടില്ലെ. കെട്ടിക്കാന്‍ പ്രായായ പെങ്കുട്ട്യോള്‌ ഇങ്ങനെ നട്ടുച്ചവരെ കെടന്നുറങ്ങാന്‍ പാടുണ്ടോ. ആരാന്റെ പൊരേല് ചെന്ന് കേറാനുള്ളതാ" "ഓ തൊടങ്ങി ഇന്ന് ഉമ്മാക്ക് തെക്കേ പറമ്പിലൊന്നും പോകണ്ടേ.. അവിടുന്ന് നിങ്ങളെ പിരിച്ചു വിട്ടോ? നൂര്‍ജ്ജുവിന്റെ ചോദ്യം ഉമ്മാക്കത്ര പിടിച്ചില്ല എന്നവൾക്ക്‌ മനസ്സിലായി.. "അവിടുത്തെ പണീള്ളത് കൊണ്ടാ പുന്നാര മക്കള്‌ കഞ്ഞി കുടിച്ചു പോ ണെ. നിന്റെ ബാപ്പ മയ്യത്താകുമ്പോ നിങ്ങളെ രണ്ടു പേരേം അല്ലാതെ ഒന്നും ബാക്കി വെച്ചിട്ടില്ലല്ലോ, എല്ലാം അങ്ങേരുടെ കുടുംബക്കാർക്ക് ബേണ്ടിയാ ചെലവാക്ക്യേത്" "നെനക്കിനീം നേരം ബെളുത്തിട്ടില്ലേ ഇന്ന് കടേലേക്കൊന്നും പോണ്ടേ ?" ദേഷ്യം തീരാതെ ഉമ്മ നൗഷാദിന്റെ നേർക്ക് തിരിഞ്ഞു. "എന്റെ പുന്നാര ഉമ്മാ ഇങ്ങളെ ബര്‍ത്താനം കേട്ടാ തോന്നും ഞാന്‍ എന്തോ വലിയ പലചരക്ക് കടേടെ മൊതലാളിയാന്ന് . സ്കൂളില്ലെങ്കിൽ പിന്നെ എനിക്കെന്തു കട. കുട്ട്യേളെ കയ്യീന്നു കിട്ടുന്ന ചില്ലറ പൈസയല്ലെ ന്റെ കച്ചോടം" "മതി കെടക്കപായീന്ന് ബർത്താനം പറഞ്ഞെത്.

 നീ പോയി മുക്കിലെ അമ്മദാജീന്റെ പീട്യേന്ന് നാല് കിലോ നേന്ത്രക്കായും ഒരു കിലോ ബെളിച്ചെണ്ണയും വാങ്ങി വാ. പിന്നെ ഒരു കിലോം കോയീം കൊറച്ച്‌ മൈദേം കൂടി ബേണം. നമ്മുടെ ആയിശാന്റെ കുടുംബത്തീന്ന്‍ ആരോ ഓൾടെ കെട്ടിയോന്റെടുത്തേക്ക് പോകുന്നുണ്ടോലോ. ഓന്റെ കയ്യില് ഹമീദിന് കൊടുത്തൂടാന്‍ കൊറച്ചു ഉന്നക്കായും കോയിയടേം ഉണ്ടാക്കാനാ " പൈസയും എണ്ണയുടെ പാത്രവും എടുക്കാനായി നൂർജ്ജുവിന്റെ ഉമ്മ അടുക്കളയിലേക്ക് നടക്കുമ്പോള്‍ തെക്കെ പറമ്പിൽ നിന്നും ആയിഷാത്താന്റെ ഉറക്കെയുള്ള നിലവിളി.
 കേട്ടപാതി ആമിന അങ്ങോട്ടോടി. ഹാളിലെ വാതിലിനോട് ചേർന്ന് ബോധം നഷ്ടപ്പെട്ട് കിടക്കുന്ന ആയിഷാത്താനെ കെട്ടിപ്പിടിച്ച്സുബൈദത്തയും,റഹ്മത്തും നിലവിളിക്കുകയായിരിന്നു അപ്പോൾ ഗൾഫിൽ വെച്ച് ആക്സിഡന്റായാണ്‌ ആയിഷാത്താന്റെ ഹമീദ്ക്ക മരിച്ചത്. എല്ലാമായിരുന്ന ഭർത്താവ് പടിയിറങ്ങിപ്പോയപ്പോൾ ഉണ്ടായ ശ്യൂന്യതയിൽ നിലയുറക്കാത്ത ജീവിതമായിരുന്നു പിന്നീടവർക്കുണ്ടായത്.

 നാളുകൾ കടന്നുപോയി. വിവാഹം കഴിഞ്ഞ ശേഷം നൂർജ്ജു ഭർത്താവി നും മകൾക്കുമൊപ്പം ഗൾഫിൽ താമസ മാക്കി. നാട്ടിലെ വിശേഷങ്ങളറിയാന്‍ ഉമ്മായോട്‌ സംസാരിക്കുമ്പോൾ വല്ലപ്പോഴുമൊക്കെ കടന്നു വരുന്ന കഥാപാത്രങ്ങളായി മാറി ആയിഷാത്തയും കുടുംബവും.

 ആയിഷാത്താടെ മൂത്ത മകൾ സുബൈദാടെ നിക്കാഹിനായി അവർക്ക്‌ വീട് വിൽക്കേണ്ടി വന്നു. അധികം ദൂരെയല്ലാതെ മറ്റൊരു ചെറിയ വീട്ടിലേക്ക് അവർ താമസവും മാറി. പക്ഷെ അടുത്ത വീടുകളിൽ പണിയെടുക്കാൻ ആയിഷാത്ത പോകുന്നുവെന്നു ഉമ്മയൊരിക്കൽ പറഞ്ഞപ്പോൾ നൂർജ്ജുവിനതൊരിക്കലും ഉൾകൊള്ളാനായില്ല. നാട്ടുകാരുടെ സഹായത്തോടെ തന്റെ കളിക്കൂട്ടുകാരിയായിരുന്നവളുടെ വിവാഹം കഴിഞ്ഞതും ഉമ്മ ഫോണിലൂടെ അറിയിച്ച വേദനിപ്പിക്കുന്ന അറിവുകളിലൊന്നായിരുന്നു.

 കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആയിഷാത്താടെ വീട്ടിലും അവൾ പോയിരുന്നു. പഴയകാല പ്രതാപത്തിന്റെ ഓർമ്മകൾക്കു മുകളിൽ കരിപുരണ്ട ജീവിതം സാക്ഷിയായ ആയിഷാത്താടെ മുഖം കനിഞ്ഞിറങ്ങിയ കണ്ണുനീരിന്റെ നനവിലൂടെ മാത്രമേ അവൾക്കു കാണാനായുള്ളൂ. ഓർമ്മകളിൽ നിന്നും പുറത്തു കടന്ന നൂർജ്ജുവിന്റെ മനസ്സിലിപ്പോൾ അവശേഷിച്ചതൊന്നു മാത്രമായിരുന്നു

 "എന്തിനായിരുനു സുബൈദത്താ നിങ്ങളിത് ചെയ്തത്..??"

ചൊവ്വാഴ്ച, ജനുവരി 04, 2011

മാനസാന്തരം..


അസ്തമയ സൂര്യന്റെ രക്ത ശോഭ പടിഞ്ഞാറെ മാനത്ത് പടർന്നിരിക്കുന്നു... കയ്യിലുണ്ടായിരുന്ന കൽ വെട്ടി താഴെ വച്ച് ഹമീദ് ഒന്നു നിവർന്നു നിന്നു. തന്റെ തലയിലെ കെട്ടഴിച്ച് തോർത്ത് തോളിലേക്കിട്ട് പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ച് വലിച്ച് അതിന്റെ പുക ചുരുൾ അന്തരീക്ഷത്തിൽ ഉയർന്നു ചേരുന്നതും നോക്കി അയാൾ അടുത്തു കണ്ട കല്ലിലേക്കിരുന്നു.
.
തൊട്ടടുത്ത ടവറിലെ ക്ലോക്കിൽ നാഴിക മണി മുഴങ്ങി.. അഞ്ച് മണി കഴിഞ്ഞിരിക്കുന്നു.... കയ്യിലുള്ള ബീഡിക്കുറ്റി അയാൾ ദൂരെക്കെറിഞ്ഞ് എഴുന്നേറ്റ് മുതലാ‍ളിയുടെ മുറിയിലേക്ക് ചെന്നു....കണക്കെഴുതിക്കൊണ്ടിരിക്കുന്ന സുകുമാരൻ നായർ വാതിലിനടുത്തൊരു നിഴലനക്കം കണ്ട് മുഖമുയർത്തി... “എന്താ ഹമീദെ”...? മുഖത്തെ കണ്ണട ചൂണ്ടാണി വിരൽക്കൊണ്ടൊന്നു നേരെയാക്കി കണക്ക് ബുക്കിൽ നിന്നും തല ഉയർത്തി സുകുമാരേട്ടന്റെ സ്വത സിദ്ധമായ ശൈലിയിലുള്ള ചോദ്യം. “കുറച്ച് കാശ് വേണമായിരുന്നു.. വീട്ടിൽ ഇത്തിരി ബുദ്ധിമുട്ടാണെ... അടുത്തമാസം ശമ്പളം തരുമ്പോൾ അതീന്നു പിടിച്ചോ... ഹമീദ് ഭവ്യതയോടെ മൊഴിഞ്ഞു... “ഹും..”ഒന്നിരുത്തിമൂളിക്കൊണ്ട് സുകുമാരൻ നായർ പൈസ കൊടുത്തു.. ഹമീദെ നീയിപ്പോ കുടിയിലേക്ക് തന്നെയല്ലെ പോണത്..? കാശും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ സുകുമാരേട്ടന്റെ ചോദ്യം കേട്ട് അതെ എന്നു മറുപടി കൊടുത്തു ഹമീദ് ഇറങ്ങി നടന്നു.. ആ നടപ്പു നോക്കി സുകുമാരൻ നായർ ഒന്നു നെടുവീർപ്പിട്ടു..

മുഷിഞ്ഞ നോട്ടുകൾ കീശയിൽ നിന്നും പല്ലിളിക്കുമ്പോൾ തെരുവത്തെ കോരന്റെ ഷാപ്പിലെ കള്ളിന്റെ മണം അയാളുടെ മൂക്കിലേക്കടിച്ചു...പതിവു പോലെ വീട്ടിലേക്കുള്ള വഴിതിരിഞ്ഞെത്തിയത് കോരന്റെ ഷാപ്പിൽ തന്നെ ... ഹമീദിനെ കണ്ടപ്പോൾ അവിടെ കാത്തിരുന്ന കൂട്ടുകാർക്ക് സന്തോഷമായി. “വാടാ ഹമീദെ ഒരു കൈ നോക്കാം...” കൂട്ടുകാരൻ ക്ഷണിച്ചു .. ഹമീദ് വന്നിരുന്നപ്പോഴേക്കും വെയിറ്റർ കുപ്പിയുമായി വന്നു. കൂട്ടുകാരൻ അപ്പോഴേക്കും ചീട്ട് നിരത്തിയിരുന്നു. കളിയും കുടിയുമായി സമയം പോയതയാൾ അറിഞ്ഞില്ല.. കയ്യിലിരുന്ന കാശുമുഴുവൻ കൂട്ടുകാരുടെ കയ്യിലെത്തിയപ്പോഴേക്കും അകത്ത് ചെന്ന കള്ള് തലക്ക് പിടിച്ചിരുന്നു.. കാലിയായ കീശയും തലക്കകത്തെ ലഹരിയുമായി അയാൾ ഷാപ്പ് വിട്ടിറങ്ങി..
പെയ്തു കൊണ്ടിരിക്കുന്ന മഴയില്‍ തലയിലെ കെട്ടഴിച്ച് ഒന്നാഞ്ഞു വീശി വീണ്ടും തലയില്‍ ചുറ്റി "പാപ്പി അപ്പച്ചാ .. അപ്പച്ചനോടോ അമ്മച്ചിയോടോ ..." എന്ന പാട്ടും പാടി ഇരുട്ടില്‍ ആടിയുലഞ്ഞ് അയാൾ തന്റെ കൂരയിലെത്തി.....

ചോര്‍ന്നൊലിക്കുന്ന ആ ഓലക്കൂരയില്‍ ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ വാതില്‍പ്പടിയില്‍ ഇളയ മകളേയും ഒക്കത്ത് വെച്ച് മുഷിഞ്ഞ വേഷത്തില്‍ മൈമൂന ... അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അവളെ കാണാത്ത ഭാവത്തില്‍ ഹമീദ് അകത്തു കയറി . പനിയില്‍ വിറച്ചു കിടക്കുന്ന മൂത്ത മകന്റെ ദയനീയ മുഖവും അയാള്‍ ശ്രദ്ധിച്ചില്ല . അപ്പുറത്തെ മുറിയില്‍ നിന്നും ഉയര്‍ന്നു കേട്ട ഭാര്യ മാതാവിന്റെ ചുമ അയാളെ ശുണ്ടി പിടിപ്പിച്ചു "നാശം .. തള്ളക്ക് മര്യാദക്ക് ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരുന്നൂടെ പകലു മുഴുവനും അവിടേം ഇവിടേം തെണ്ടി നടക്കും ...എന്നിട്ട് രാത്രി കെടന്നു കൊരക്കും" ഇത് കേട്ട് കടന്നു വന്ന മൈമൂന അയാളെ നോക്കി ..മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അവളുടെ രക്ത നിറമുള്ള കണ്ണുകള്‍ അയാളെ തിരിച്ചു നോക്കുന്നതായി അയാള്‍ കണ്ടു .. "എന്താടി നിന്റെ തള്ളയെ പറഞ്ഞത് നിനക്കു പിടിച്ചില്ലേ .. അതുവരെ മൌനിയായി നിന്ന മൈമൂന അടക്കി വെച്ച ദേഷ്യവും സങ്കടവുമെല്ലാം വാക്കുകളിലൂടെ പുറത്തേക്കെടുത്തു " എന്‍റെ ഉമ്മ അങ്ങിനെ തെണ്ടി നടന്ന്‍ മറ്റുള്ളവരുടെ വീട്ടിലെ എച്ചില്‍ പാത്രം കഴുകുന്നത് കൊണ്ടാ ഞാനും കുട്ടികളും ഇവിടെ കഴിഞ്ഞു പോകുന്നത് അതറിയോ നിങ്ങള്‍ക്ക് ...ദേ ഇത് കണ്ടോ താഴെ നിലത്ത്‌ കീറ പായയില്‍ മൂത്ത കുട്ടിയെ ചൂണ്ടി കാണിച്ച്‌ അരിശത്തോടെ അവള്‍ പറഞ്ഞു "ഇന്നലെ മുതല്‍ തുടങ്ങിയതാ ചുട്ടുപൊള്ളുന്ന പനി..ആശുപത്രീ കൊണ്ടോകാന്‍ കയ്യില്‍ കാശില്ല നിങ്ങളോട് ഞാന്‍ രാവിലെ പോകുമ്പോ പറഞ്ഞതല്ലേ മൊതലാളീനോട് കുറച്ച കാശ് വാങ്ങിച്ച് നേരത്തെ വരണമെന്ന് എന്നിട്ടോ .. കണ്ട അലവലാതികളുമായി കൂട്ട് കൂടി കയ്യിലെ കാശും കളഞ്ഞു ,കള്ളും മോന്തി വന്നിരിക്കുന്നു ... മടുത്തു ഈ ജീവിതം ഇത്രയും പറഞ്ഞു അവള്‍ തന്റെ കൈ കൊണ്ട് മാറില്‍ ആഞ്ഞടിച്ച്‌ പൊട്ടിക്കരഞ്ഞു ...ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ അവളുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ അലിഞ്ഞു ചേര്‍ന്നു... മഴക്ക് പിന്നെയും ശക്തിയേറി ..ലോകം സൃഷ്ട്ടിച്ച അനന്ത ദയാപരനോട് ഇരുകൈകളും ഉയര്‍ത്തി അവള്‍ സഹായം തേടി...എല്ലാം കേട്ട് കൊണ്ട് ഉമ്മറത്തെ പഴകിയ കസേരയില്‍ അയാള്‍ ചെന്നിരുന്നു ...അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച് മിന്നല്‍ പിണറുകള്‍ ഇടിയോടൊപ്പം ഭൂമിലൂടെ മിന്നി മറഞ്ഞു ...മഴ പിന്നേയും തോരാതെ പെയ്തുകൊണ്ടിരുന്നു ... കരഞ്ഞുറങ്ങിയ മക്കളെ നെഞ്ചോട്‌ ചേര്‍ത്ത് വെച്ച്‌ വിശന്നൊട്ടിയ വയറുമായി എപ്പോഴോ അവളും ഉറക്കത്തിലേക്ക് വഴുതി വീണു..... ഇതിനിടയില്‍ മൂലയില്‍ ചുരുട്ടി വെച്ച പഴകി ദ്രവിച്ച പുല്‍ പായ എടുത്തു ഹമീദ് ചോര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍ വീണു നനഞ്ഞ തിണ്ണയില്‍ വിരിച്ച്‌ അതിലേക്കു വീണു ... ഒന്നുമറിയാതെ ഏതോ ഒരു ലോകത്തില്‍ അയാള്‍ സുഖ നിദ്രയിലാണ്ടു ... പെട്ടെന്ന്‍ .....



വല്ലാത്തൊരു ശബ്ദം അയാളില്‍ പ്രതിധ്വനിയായെത്തി ..മറ്റൊരു ലോകം ...അവിടെ മുടി നാരിഴപോലെ നേര്‍ത്തൊരു പാലം ഇരുവശങ്ങളിലായി നന്മയുടെയും തിന്മയുടെയും ലോകങ്ങള്‍ ... ഒരു ചാണ്‍ ഉയരത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സൂര്യ ഗോളം .... ജനങ്ങള്‍ അവരുടെ വിയര്‍പ്പുകണങ്ങളില്‍ മുങ്ങിത്താഴുന്നു കൊണ്ടിരിക്കുന്നു....തിങ്ങി നിറഞ്ഞ ഭൂമീ വാസികള്‍ അവരവരുടെ ചെയ്തികളുടെ പ്രതിഫലത്തിനായി അക്ഷമരായി..നിൽക്കുന്നു.. ബന്ധമോ ബന്ധനങ്ങളൊ ഇല്ലാത്തൊരു ലോകം ..എല്ലാവരും സ്വന്തത്തിനു വേണ്ടി കേണിടുന്നൂ..അവിടെ അവനും അവളുമുണ്ട്..മരവും മലയുമുണ്ട്,പുഴയും പുഴുക്കളുമുണ്ട്,അടിമയും ഉടമയുമുണ്ട്,..രാജാവും പ്രജയുമുണ്ട്, വിധിച്ചവനും വിധിക്കപ്പെട്ടവനുമുണ്ട്,..എല്ലാവരും താൻ ചെയ്തു പോയ കർമ്മങ്ങളുടെ ഫലമറിയാൻ വേണ്ടി പരക്കം പായുന്നു.. ഇന്നലെ വരെ ഗർജ്ജിച്ച നാവ് നിശബ്ദമാകുന്നു..പകരം ശരീരത്തിലെ മറ്റവയവങ്ങൾ സംസാരിക്കുന്നു... ഇവരുടെ ചെയ്തികൾക്ക് ഞങ്ങൾ സാക്ഷിയെന്നു അവ തുറന്നു പറയുന്നു..അവിടെ സ്വന്തത്തിനു വേണ്ടി കർമ്മങ്ങൾ മാത്രം.... ഹമീദ് പെട്ടെന്ന് ഉറക്കിൽ നിന്നും ഞെട്ടിയെണീറ്റു ..
പുറത്ത് അപ്പോഴും മഴ കനത്ത് പെയ്യുന്നുണ്ടെങ്കിലും അവന്റെ ശരീരം വിയർത്തൊലിക്കുകയായിരുന്നു..തലേ ദിവസം കുടിച്ച കള്ളിന്റെ ലഹരി അയാളെ വിട്ടു മാറിയിരിക്കുന്നു.. താൻ സ്വപ്നത്തിലായിരുന്നോ..കണ്ടതെല്ലാം സ്വപ്നമായിരുന്നോ..അയാൾക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു
.എല്ലാം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു...പുതു ജന്മം പോലെ അയാളുടെ മനസിൽ ഒരു പ്രകാശം പരന്നു..അയാൾക്കൊന്നും മനസ്സിലായില്ല...
കുറച്ചകലേയുള്ള പള്ളിയിൽ നിന്നും സുബഹി ബാങ്കിന്റെ ഈരടികൾ മഴയുടെ ഇരമ്പലിനൊപ്പം ഹമീദിന്റെ ചെവിയിൽ അലയടിച്ചു..പെട്ടെന്നയാൽ എണീറ്റു മുഖം കഴുകി.. പുല്ലുകൾ നിറഞ്ഞ ഒറ്റയിടി വരമ്പിലൂടെ നടന്നു നീങ്ങി.... ബാങ്കു വിളിയുടെ ശബ്ദം അയാളിലടുത്തു വന്നപ്പോൾ മഴയുടെ ആരവവും നേർത്തില്ലാതായി..പള്ളിമുറ്റത്തെത്തിയവരിൽ ഒരാളായി അയാളും...
ഇന്നലെകളുടെ മാലിന്യം കഴുകിത്തുടച്ച് ഇന്നിലൂടെ പ്രശാന്ത സുന്ദരമായ നാളേയിലേക്കുള്ള യാത്രയുടെ തുടക്കം...

തിങ്കളാഴ്‌ച, ജൂലൈ 19, 2010

ഇന്റർ വെൽ


“വേഗം ഒരുങ്ങി വാ അവരിപ്പോഴിങ്ങെത്തും”.



ഉമ്മ തിരക്കു കൂട്ടികൊണ്ടിരിക്കുന്നു. സൈനു കുളികഴിഞ്ഞ് ഈറന്‍ മുടിയുമായി റൂമിനുള്ളിലേക്ക് കയറി വാതില്‍ ചാരുമ്പോഴേക്കും കളിക്കൂട്ടുകാരി പ്രസന്ന ഓടിക്കിതച്ചെത്തി.



“ഡീ,, ഞാന്‍ മാറ്റിത്തരാം.,,മൊഞ്ചത്തി ആയിക്കൊട്ടെ. ചെക്കനെ ഒറ്റക്കാഴ്ചയില്‍ തന്നെ നമുക്ക് വീഴ്ത്തണം”



കൊഞ്ചലോടെ സൈനുവിന്‍റെ കവിളില്‍ നുള്ളികൊണ്ട് പ്രസന്ന പറഞ്ഞു. മുഖത്ത് വന്ന നാണം മറച്ചുപിടിക്കാന്‍ സൈനു ഒരു വിഫല ശ്രമം നടത്തി ചിരിച്ചുകൊണ്ട് പ്രസന്നയെ പിറകിലേക്ക് തള്ളി.. ഒരു മൂളിപ്പാട്ടുമായി പ്രസന്ന സൈനുവിനെ ഒരുക്കികൊണ്ടിരിന്നു.


ചായകപ്പുകളുമായി അവര്‍ക്കു മുന്നിലേക്കു ചെല്ലുമ്പോള്‍ ഉള്ളിലെന്തോ ഒരിടിപ്പു പോലെ സൈനുവിനു തോന്നി. മെല്ലെ തല ഉയര്‍ത്തി അവള്‍ പയ്യന്‍റെ മുഖത്തേക്ക് നോക്കി. എവിടയോ കണ്ട മുഖം സൈനു ഒന്നുകൂടി സൂക്ഷിച്ചു നോക്കി. പുഞ്ചിരിച്ചു കൊണ്ട് തന്‍റെ മുന്‍പില്‍ ഇരിക്കുന്ന ആളെ സൈനു തിരിച്ചരിഞ്ഞു. ഷംസു...!!



ചായപാത്രം ടീപോയി വെച്ച് സൈനു അകത്തേക്ക് കയറി.സൈനു അറിയാതെ ഓര്‍മകള്‍ പഴയകാലത്തിലേക്ക് ഊളിയിട്ടിറങ്ങി ......


പുലരിയിൽ വിടർന്നു നിൽക്കുന്ന നന്ത്യാർ വട്ട പൂവിന്റെ ദളങ്ങളിൽ മുത്തുകൾ പോലെ തങ്ങി നിൽക്കുന്ന മഞ്ഞുകണങ്ങൾ സൈനുവിന്റെ മനസിനും കണ്ണിനും കുളിർമയേകി..നിലാവിന്റെ ഒളിമങ്ങാത്ത സൌന്ദര്യത്തിൽ മതി മറന്നുറങ്ങുന്ന പ്രഭാതം അടുക്കളയിൽ രാവിലെ തന്നെ ഉമ്മയുണ്ടാക്കി വെച്ച ചായയും പലഹാരവും കഴിച്ച് യൂണിഫോം അണിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോഴെക്കും കൂട്ടുകാരി പ്രസന്ന മുറ്റത്ത് കാത്ത് നിൽപ്പ് തുടങ്ങിയിരുന്നു.




പുഴക്കരയില്‍ കടത്തുകാരന്‍ മമ്മദിക്കയെയും കാത്തു നില്‍ക്കുന്നതിനിടയില്‍ ചെയ്തു തീര്‍ക്കാനുള്ള ഹോംവര്‍ക്കിനൊരു തുടക്കമിടാന്‍ ശ്രമിച്ചപ്പോഴെക്കും മമ്മദിക്ക ചായ കുടി കഴിഞ്ഞ് കടവില്‍ എത്തി.



തുഴവെള്ളത്തിലേക്ക് ആഞ്ഞുതള്ളുന്നതിനിടയിലെ മമ്മദിക്കയുടെ ശ്വാസം വലി ഉയര്‍ന്ന് കേൾക്കുന്നുണ്ടായിരുന്നു. പാവം വയ്യാതായിരിക്കുന്നു. മക്കളെല്ലാം നല്ല നിലയില്‍ ‍ ആണെങ്കിലും അദ്ദേഹത്തിന്‍റെ കാര്യം കഷ്ടം തന്നെ.



തോണിയിറങ്ങി സ്കൂളിലേക്ക് നടക്കുന്നതിനിടയില്‍ ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ രണ്ടുപേരും പെട്ടെന്നോടി ക്ലാസിലെത്തി..ഇന്റർ ബെല്ലായപ്പോള്‍ പലരും പുറത്തു പോയി. പ്രസന്ന വിളിച്ചെങ്കിലും സൈനു കൂടെ പോയില്ല. ക്ലാസിൽ തന്നെയിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ പ്രസന്ന പുറത്തു നിന്നും ഓടി കിതച്ച് വന്നു



“ഡീ സൈനൂ നീ ഇങ്ങു വാ ഒരു കാര്യം കാണിക്കാനാ.."

അവൾ കൈക്കു പിടിച്ചു വലിക്കുന്നതിനിടയിൽ .. പിറുപിറുത്തു കൊണ്ടിരുന്നു. അവളുടെ സംസാരം കേട്ടപ്പോൾ എന്തോ കാര്യമുണ്ടെന്നു സൈനുവിനും തോന്നി. അവൾ കൂടെ ചെന്നു ക്ലാസിനു പുറത്തെത്തിയപ്പോൾ എല്ലാരും കൂട്ടം കൂടി നിൽക്കുന്നു. മുന്നിൽ അതാ പത്താം ക്ലാസില്‍ പഠിക്കുന്ന ഷംസു ബ്ലേഡ് വെള്ളത്തിൽ വീണപോലെ ആടിയാടി വരുന്നു. . കുട്ടികളെല്ലാം പരസ്പരം നോക്കി നിൽക്കുന്നു. വേച്ച് വേച്ച് നടന്ന് ഷംസു പ്യൂണിന്റെ കയ്യിൽ നിന്നും ബെല്ലു പിടിച്ചു വാങ്ങി നീട്ടി ബെല്ലടിച്ചു.കൂട്ടത്തിൽ അദ്ദേഹത്തിന്റെ തലക്കിട്ടും ഒന്നു കൊടുത്തു



ലോങ്ങ്ബെല്‍ മുഴങ്ങിയപ്പോള്‍ ക്ലാസില്‍ നിന്നും കുട്ടികളെല്ലാം പുറത്തിറങ്ങി ഓടാന്‍ തുടങ്ങി

ടീച്ചേര്‍മാരെല്ലാം കൂടി പുറത്തിറങ്ങി ഒരു വിധം കുട്ടികളെയെല്ലാം ആട്ടി തെളിച്ചു ക്ലാസിനുള്ളില്‍ തന്നെയാക്കി അങ്ങിനെ അന്നത്തെ ഇന്റെർ വെൽ ലോങ്ങ് ഇന്റെര്‍ വെല്ലായി. ഷംസുവിനെ കിണറ്റിൻകരയില്‍ കൊണ്ടിരുത്തി പ്യൂണ്‍ നാരായണേട്ടന്‍ തലയിലൂടെ വെള്ളമൊഴിക്കുന്നത് സൈനുവും പ്രസന്നയും ജാലകത്തിലൂടെ കാണുന്നുണ്ടായിരുന്നു.


“എന്താ സൈനൂ ആലോചിക്കണ്.. ഹലോ സ്വപ്നം കാണാണോ…”


മുറിയിലേക്ക് കയറി വന്ന ഷംസുവിന്റെ സാനിധ്യം അവളറിഞ്ഞത് അപ്പോഴാണ്.


“ഏയ് ഒന്നൂല.. ഇന്റര്‍ ബെല്ല്..“



അവളുടെ ചുണ്ടുകള്‍ വിറച്ചു..!!

“ഇന്റര്‍വെല്ലോ... പെണ്ണുകാണലിനുമുണ്ടോ ഇന്റര്‍ ബെല്ല്?”


അവന്റെ ചോദ്യം കേട്ടപ്പോള്‍ അവള്‍ക്ക് ചിരി പൊട്ടി.


അവളുടെ ചിരി കണ്ടപ്പോള്‍ അവനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.എന്നിട്ട് പറഞ്ഞു.


“അന്ന് സ്കൂളിന്‍റെ അടുത്തുള്ള കോളനിയില്‍ വെള്ളം കുടിക്കാന്‍ ചെന്നപ്പോള്‍ സര്‍ബത്തെന്നും പറഞ്ഞ് ഒരുത്തന്‍ എനിക്ക് തന്നത് മദ്യമായിരുന്നു.പക്ഷെ അതിനു ശേഷം ഇന്നുവരെ മദ്യത്തോട് എനിക്ക് എന്തോ വെറുപ്പാണുകെട്ടോ”...



ഷംസുവിന്‍റെ നിഷ്ക്കളങ്കമായ വാക്കുകള്‍ സൈനുവിന് ഇഷ്ടമായി. എന്നെ ഇഷ്ടമല്ലെ എന്ന ചോദ്യത്തിനു മുന്‍പില്‍ സൈനു നാണത്താല്‍ മുഖം താഴ്ത്തി കാല്‍വിരലുകള്‍ കൊണ്ട് കളം വരച്ചു.!!