ശനിയാഴ്‌ച, ഫെബ്രുവരി 23, 2013

ഓര്‍മ്മകളുടെ ഓളങ്ങളില്‍..

നാട്ടിൽ നിന്നും പതിവില്ലാത്തൊരു ഫോൺ കോൾ.. “നമ്മുടെ തെക്കെപറമ്പിലെ സുബൈദയില്ലെ, ഓള്‌ ആത്മഹത്യ ചെയ്യാൻ നോക്കി. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാ. രക്ഷപ്പെടാൻ സാധ്യതയില്ലാന്നാ ഡോക്ടർമാർ പറയുന്നേ” നൗഷാദ്ക്കാടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. വാക്കുകൾക്ക് പകരം വെന്തമാംസത്തിന്റെ നിലവിളിയാണ്‌ നൂർജുവിന്റെ കാതിലൂടെയപ്പോൾ തുളച്ചു കയറിയത്.

അത്തറുമണത്തിരുന്ന സുബൈദത്താടെമുഖം മരണത്തിന്റെ വികൃതമായ രൂപത്തിൽ സങ്കല്പ്പിക്കാൻ പോലും നൂർജ്ജുവിന്‌ കഴിയുമായിരുന്നില്ല. തികട്ടിവന്ന ഓർമ്മകൾ അവളുടെ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങാൻ തുടങ്ങി. ..

 തെക്കെ പറമ്പിലെ ആയിഷത്താക്ക് രണ്ടു പെൺമക്കളായിരുന്നു. സ്കൂളിൽ പോകുവാൻ ഇളയമകൾ റഹ്മത്തിനെയും കാത്ത് അവരുടെ വീട്ടുവരാന്തയിൽ നില്ക്കുമ്പോൾ പ്രാതൽ കഴിക്കാൻ നിർബന്ധിക്കുമായിരുന്നു ആയിഷാത്ത. “നൂർജു.. നിനക്കിഷ്ടമുള്ള പുട്ടും പയറും ആണെടീ. റഹ്മത്തിന്റെ കൂടെയിരുന്നു തിന്നിട്ടു പോയാമതി.” വേണ്ടെന്നു പറയാൻ മനസ്സനുവദിച്ചിരുന്നില്ല. പട്ടിണിയൊഴിഞ്ഞ ദിവസങ്ങൾ നൂർജ്ജുവിന്റെ വീട്ടിൽ വിരളമായിരുന്നു എന്നതു തന്നെ മുഖ്യകാരണം.

നൂർജ്ജുവിന്റെ ഉമ്മ ആമിന പണിക്ക് പോയിരുന്നത് ആയിഷാത്താടെ വീട്ടിലായിരുന്നു. രാവിലെ തന്നെ മുറ്റം അടിച്ചു വാരലും, തലേദിവസത്തെ എച്ചില്‍ പാത്രങ്ങൾ കഴുകലും, മുറികള്‍ വൃത്തിയാക്കലും കഴിഞ്ഞാൽ പിന്നെ പറമ്പിലെ പണിക ളുണ്ടാകും. അവരുടെ വീട്ടിലെ പണിക്കാരിയാണെങ്കിലും ഒരിക്കൽ പോലും ആയിഷാത്ത അവരോട് മോശമായി പെരുമാറിയിട്ടില്ല. തിരിഞ്ഞുനോക്കാൻ ആരും ഇല്ലാത്ത നൂർജുവിന്റെ കുടുംബത്തിന് അവരെന്നുമൊരു വലിയ സഹായമായിരുന്നു.

 ആയിഷാത്താന്റെ ഗൾഫിലുള്ള ഭർത്താവ് കൊടുത്തയച്ചിരുന്ന പിസ്തകളില്‍ നിന്നും, മിഠായികളിൽ നിന്നും ഒരു വിഹിതം ഉമ്മയുടെ കോന്തലക്കെട്ടിൽ അവർ നൂര്‍ജുവിനു വേണ്ടി വെച്ച് കൊടുക്കുമായിരുന്നു. റഹ്മത്തിനൊരു പുതിയ ഡ്രസ്സ് വാങ്ങിയാൽ അവളുടെ പഴയ ഒരു ഉടുപ്പ് ഉമ്മയുടെ കയ്യിൽ ആയിഷാത്ത കൊടുത്തു വിടും. ഒരിക്കൽ അവളുടെ നീലപ്പുള്ളിയുള്ള പാവാട ധരിച്ച് സ്കൂളിലേക്ക് പോയപ്പോൾ നൂർജുവിനെ ക്ലാസ്സിലുള്ളവർ കളിയാക്കി ചിരിച്ചിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും റഹ്മത്തിന്‌ അവളെ വളരെ ഇഷ്ടമായിരുന്നു.

 എന്നിരുന്നാലുംആയിഷാത്താടെ നട പ്പും കോലംകെട്ടലും നൂര്‍ജ്ജുവിനൊട്ടും ഇഷ്ട്ടമായിരുന്നില്ല... നാല്പ്പതിനോടടുത്ത പ്രായമുണ്ടെങ്കിലും കിലുങ്ങുന്ന പാദസരവും കഴുത്തില്‍ രണ്ടു മൂന്നു സ്വര്‍ണ്ണ മാലകളും, ശരീരം മൊത്തം എടുത്തു കാണിക്കുന്ന മാക്സിയും കാണുമ്പോള്‍ ഒരു വല്ലായ്മ ..ഇതൊരിക്കല്‍ നൂര്‍ജ്ജു ഉമ്മയോട് പറഞ്ഞു. കയ്യിലിരുന്ന ചൂലുകൊണ്ട് തന്നെ ഉമ്മ അതിനുള്ള മറുപടിയും അപ്പോൾ തന്നെ കൊടുത്തു.

 ഒരിക്കൽ ഒരു ഞായറാഴ്ച്ച ദിവസം കിടക്കപ്പായയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു നൂർജ്ജു. “ ഓളൊരു കെടത്തം കണ്ടില്ലെ. കെട്ടിക്കാന്‍ പ്രായായ പെങ്കുട്ട്യോള്‌ ഇങ്ങനെ നട്ടുച്ചവരെ കെടന്നുറങ്ങാന്‍ പാടുണ്ടോ. ആരാന്റെ പൊരേല് ചെന്ന് കേറാനുള്ളതാ" "ഓ തൊടങ്ങി ഇന്ന് ഉമ്മാക്ക് തെക്കേ പറമ്പിലൊന്നും പോകണ്ടേ.. അവിടുന്ന് നിങ്ങളെ പിരിച്ചു വിട്ടോ? നൂര്‍ജ്ജുവിന്റെ ചോദ്യം ഉമ്മാക്കത്ര പിടിച്ചില്ല എന്നവൾക്ക്‌ മനസ്സിലായി.. "അവിടുത്തെ പണീള്ളത് കൊണ്ടാ പുന്നാര മക്കള്‌ കഞ്ഞി കുടിച്ചു പോ ണെ. നിന്റെ ബാപ്പ മയ്യത്താകുമ്പോ നിങ്ങളെ രണ്ടു പേരേം അല്ലാതെ ഒന്നും ബാക്കി വെച്ചിട്ടില്ലല്ലോ, എല്ലാം അങ്ങേരുടെ കുടുംബക്കാർക്ക് ബേണ്ടിയാ ചെലവാക്ക്യേത്" "നെനക്കിനീം നേരം ബെളുത്തിട്ടില്ലേ ഇന്ന് കടേലേക്കൊന്നും പോണ്ടേ ?" ദേഷ്യം തീരാതെ ഉമ്മ നൗഷാദിന്റെ നേർക്ക് തിരിഞ്ഞു. "എന്റെ പുന്നാര ഉമ്മാ ഇങ്ങളെ ബര്‍ത്താനം കേട്ടാ തോന്നും ഞാന്‍ എന്തോ വലിയ പലചരക്ക് കടേടെ മൊതലാളിയാന്ന് . സ്കൂളില്ലെങ്കിൽ പിന്നെ എനിക്കെന്തു കട. കുട്ട്യേളെ കയ്യീന്നു കിട്ടുന്ന ചില്ലറ പൈസയല്ലെ ന്റെ കച്ചോടം" "മതി കെടക്കപായീന്ന് ബർത്താനം പറഞ്ഞെത്.

 നീ പോയി മുക്കിലെ അമ്മദാജീന്റെ പീട്യേന്ന് നാല് കിലോ നേന്ത്രക്കായും ഒരു കിലോ ബെളിച്ചെണ്ണയും വാങ്ങി വാ. പിന്നെ ഒരു കിലോം കോയീം കൊറച്ച്‌ മൈദേം കൂടി ബേണം. നമ്മുടെ ആയിശാന്റെ കുടുംബത്തീന്ന്‍ ആരോ ഓൾടെ കെട്ടിയോന്റെടുത്തേക്ക് പോകുന്നുണ്ടോലോ. ഓന്റെ കയ്യില് ഹമീദിന് കൊടുത്തൂടാന്‍ കൊറച്ചു ഉന്നക്കായും കോയിയടേം ഉണ്ടാക്കാനാ " പൈസയും എണ്ണയുടെ പാത്രവും എടുക്കാനായി നൂർജ്ജുവിന്റെ ഉമ്മ അടുക്കളയിലേക്ക് നടക്കുമ്പോള്‍ തെക്കെ പറമ്പിൽ നിന്നും ആയിഷാത്താന്റെ ഉറക്കെയുള്ള നിലവിളി.
 കേട്ടപാതി ആമിന അങ്ങോട്ടോടി. ഹാളിലെ വാതിലിനോട് ചേർന്ന് ബോധം നഷ്ടപ്പെട്ട് കിടക്കുന്ന ആയിഷാത്താനെ കെട്ടിപ്പിടിച്ച്സുബൈദത്തയും,റഹ്മത്തും നിലവിളിക്കുകയായിരിന്നു അപ്പോൾ ഗൾഫിൽ വെച്ച് ആക്സിഡന്റായാണ്‌ ആയിഷാത്താന്റെ ഹമീദ്ക്ക മരിച്ചത്. എല്ലാമായിരുന്ന ഭർത്താവ് പടിയിറങ്ങിപ്പോയപ്പോൾ ഉണ്ടായ ശ്യൂന്യതയിൽ നിലയുറക്കാത്ത ജീവിതമായിരുന്നു പിന്നീടവർക്കുണ്ടായത്.

 നാളുകൾ കടന്നുപോയി. വിവാഹം കഴിഞ്ഞ ശേഷം നൂർജ്ജു ഭർത്താവി നും മകൾക്കുമൊപ്പം ഗൾഫിൽ താമസ മാക്കി. നാട്ടിലെ വിശേഷങ്ങളറിയാന്‍ ഉമ്മായോട്‌ സംസാരിക്കുമ്പോൾ വല്ലപ്പോഴുമൊക്കെ കടന്നു വരുന്ന കഥാപാത്രങ്ങളായി മാറി ആയിഷാത്തയും കുടുംബവും.

 ആയിഷാത്താടെ മൂത്ത മകൾ സുബൈദാടെ നിക്കാഹിനായി അവർക്ക്‌ വീട് വിൽക്കേണ്ടി വന്നു. അധികം ദൂരെയല്ലാതെ മറ്റൊരു ചെറിയ വീട്ടിലേക്ക് അവർ താമസവും മാറി. പക്ഷെ അടുത്ത വീടുകളിൽ പണിയെടുക്കാൻ ആയിഷാത്ത പോകുന്നുവെന്നു ഉമ്മയൊരിക്കൽ പറഞ്ഞപ്പോൾ നൂർജ്ജുവിനതൊരിക്കലും ഉൾകൊള്ളാനായില്ല. നാട്ടുകാരുടെ സഹായത്തോടെ തന്റെ കളിക്കൂട്ടുകാരിയായിരുന്നവളുടെ വിവാഹം കഴിഞ്ഞതും ഉമ്മ ഫോണിലൂടെ അറിയിച്ച വേദനിപ്പിക്കുന്ന അറിവുകളിലൊന്നായിരുന്നു.

 കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആയിഷാത്താടെ വീട്ടിലും അവൾ പോയിരുന്നു. പഴയകാല പ്രതാപത്തിന്റെ ഓർമ്മകൾക്കു മുകളിൽ കരിപുരണ്ട ജീവിതം സാക്ഷിയായ ആയിഷാത്താടെ മുഖം കനിഞ്ഞിറങ്ങിയ കണ്ണുനീരിന്റെ നനവിലൂടെ മാത്രമേ അവൾക്കു കാണാനായുള്ളൂ. ഓർമ്മകളിൽ നിന്നും പുറത്തു കടന്ന നൂർജ്ജുവിന്റെ മനസ്സിലിപ്പോൾ അവശേഷിച്ചതൊന്നു മാത്രമായിരുന്നു

 "എന്തിനായിരുനു സുബൈദത്താ നിങ്ങളിത് ചെയ്തത്..??"

27 അഭിപ്രായങ്ങൾ:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കാലം തിരിയുമ്പോള്‍ ജീവിതത്തിലുണ്ടാകുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മനസ്സിലാകുന്ന വിധത്തില്‍ എഴുതി.കഥയെന്ന ലേബലില്‍ പച്ചയായ ജീവിതം.സുബൈദ കഥയില്‍ ഒരിടത്തും പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും നൂര്‍ജ്ജുവിനവളെ മറക്കാന്‍ കഴിയില്ല.കാരണം,നൂര്‍ജ്ജുവിന് പലതും അറിയാം,പക്ഷേ ജീവിതമായതുകൊണ്ട് അവള്‍ മനസ്സു തുറക്കുന്നില്ല.
കഥയ്ക്കൊരു അവസാനം കാണാത്തതുകൊണ്ട് ഇങ്ങിനെയൊക്കെ കരുതാനാണ് തോന്നുന്നത്.

navas പറഞ്ഞു...

നന്നായിട്ടുണ്ട് ആശംസകള്‍
കുടുമ്പ പ്രാരാബ്ദങ്ങള്‍ ചിലപ്പോള്‍ അതിരുവിട്ട ചിന്തയിലേക്ക് നയിക്കും ... ഒരു നിമിശം ... ഒന്ന് ചിന്തിക്കുവാന്‍ കഴിഞ്ഞാല്‍
നഷ്ടങ്ങള്‍ എന്ന ഭാഗത്ത് നിന്നും വിജയത്തിന്റെ വെളിച്ചത്തിലേക്ക് കടന്ന് വരുവാന്‍ കഴിയും ... ഇവിടെ സുബൈദ ചിന്ത നശിച്ച സമൂഹത്തിന്റെ പ്രതിനിധി മാത്രമായി തീരുന്നു


navas പറഞ്ഞു...

നന്നായിട്ടുണ്ട് ആശംസകള്‍
കുടുമ്പ പ്രാരാബ്ദങ്ങള്‍ ചിലപ്പോള്‍ അതിരുവിട്ട ചിന്തയിലേക്ക് നയിക്കും ... ഒരു നിമിശം ... ഒന്ന് ചിന്തിക്കുവാന്‍ കഴിഞ്ഞാല്‍
നഷ്ടങ്ങള്‍ എന്ന ഭാഗത്ത് നിന്നും വിജയത്തിന്റെ വെളിച്ചത്തിലേക്ക് കടന്ന് വരുവാന്‍ കഴിയും ... ഇവിടെ സുബൈദ ചിന്ത നശിച്ച സമൂഹത്തിന്റെ പ്രതിനിധി മാത്രമായി തീരുന്നു


Sreehari Perumana പറഞ്ഞു...

Good my blog is sreeharipms.blogspot.com/

shahjahan പറഞ്ഞു...

നന്നായിട്ടുണ്ട് ആശംസകള്‍

ajith പറഞ്ഞു...

കുറെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം.

കഥ വായിച്ചു. കൊള്ളാം

ഐക്കരപ്പടിയന്‍ പറഞ്ഞു...

നല്ല പൊള്ളുന്ന കഥ...
പക്ഷേ കഥയിലൊരിടത്തും കൃതൃമായി പ്റതൃക്ഷപ്പെടാത്ത സുബൈദയാണ് ആത്മഹതൃ ചെയ്തത് ഏന്നതിനാൽ അവരുടെ ജീവിതത്തിലേക്ക് ഇത്തിരി വെളിച്ചം വീശാമായിരുന്നുവെന്ന് തോന്നുന്നു...

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

കഥയിലെ കാതലായ ഭാഗം മനപ്പൂര്‍വം വിട്ടു കളഞ്ഞതാണോ ഉമ്മൂ...?

ചൂട്ടു വെട്ടം പറഞ്ഞു...

good

പട്ടേപ്പാടം റാംജി പറഞ്ഞു...

കുറെയായി കാണാറില്ലല്ലോ.
അല്പം കൂടി വിശദമാക്കാമായിരുന്നു എന്ന് തോന്നി.
ഇഷ്ടപ്പെട്ടു.

Mizhiyoram പറഞ്ഞു...

വായിച്ച് അവസാനിച്ചപ്പോള്‍, കഥയ്ക്ക് ഒരു പൂര്‍ണ്ണതയില്ലാത്ത പോലെ തോന്നി.
ഒരുപക്ഷെ എന്റെ തോന്നലായിരിക്കാം.
എന്തായാലും എഴുത്ത് തുടരുക..

Sidheek Thozhiyoor പറഞ്ഞു...

കഥ ഒന്നൂടെ വിശാലമാക്കാമായിരുന്നു..തിരിച്ചു വരവില്‍ സന്തോഷം.

Unknown പറഞ്ഞു...

എവിടെയൊക്കെയോ എന്തൊക്കെയോ മനപ്പൂര്‍വ്വം വിട്ടു പോയത് പോലെ അതോ മറന്നതോ , അതോ എന്റെ തോന്നലാണോ

കൊമ്പന്‍ പറഞ്ഞു...

കഥ കൊള്ളാം മനോഹരമായിരിക്കുന്നു ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

കുറെ കാലത്തിനു ശേഷം വീണ്ടും വന്നതില്‍ സന്തോഷം.കഥ വായിച്ചു. നന്നായിട്ടുണ്ട്

വീകെ പറഞ്ഞു...

ആശംസകൾ...

Artof Wave പറഞ്ഞു...

പഴയകാല പ്രതാപത്തിന്റെ ഓർമ്മകൾക്കു മുകളിൽ കരിപുരണ്ട ജീവിതം സാക്ഷിയായ ആയിഷാത്താടെ മുഖം കനിഞ്ഞിറങ്ങിയ കണ്ണുനീരിന്റെ നനവിലൂടെ മാത്രമേ അവൾക്കു കാണാനായുള്ളൂ. ഓർമ്മകളിൽ നിന്നും പുറത്തു കടന്ന നൂർജ്ജുവിന്റെ മനസ്സിലിപ്പോൾ അവശേഷിച്ചതൊന്നു മാത്രമായിരുന്നു...
ജീവിത യാഥാര്ത്യങ്ങള്‍ പച്ചയായി അവതരിപ്പിച്ചിരിക്കുന്നു, നന്നായിരിക്കുന്നു ...
ഇനിയും നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

Cv Thankappan പറഞ്ഞു...

നന്നായിരിക്കുന്നു കഥപറച്ചില്‍
എങ്കിലും സാവധാനം കുടുംബവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന ആള്‍ പെട്ടെന്ന്
എന്തോ ഓര്‍മ്മയുടെ തിടുക്കത്തില്‍:-,:-"അയ്യോ!ഞാന്‍ പോട്ടെ,പിന്നെ വരാം".
എന്നുപറഞ്ഞ് തിടുക്കത്തില്‍ പോണപോലെ തോന്നി.ഇനീം വരുമായിരിക്കാം അല്ലേ?
ആശംസകളോടെ

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

വീണ്ടുംകണ്ടതില്‍ സന്തോഷം

നന്നായിട്ടുണ്ട്. ആശംസകള്‍

Jefu Jailaf പറഞ്ഞു...

ഓർമ്മകളിൽ പുനർജ്ജനിക്കുന്ന ചില അനുഭവങ്ങൾക്ക്‌ ഒരു സെക്കന്റിന്റെ ദൈർഘ്യം മാത്രമാണുണ്ടാവുക. എങ്കിലും അതിലൊരു ജീവിതം മുഴുവൻ നിറഞ്ഞു നിൽക്കുന്നുണ്ടായിരിക്കും. അതുപോലെതന്നെയാണിവിടെയും. ഒരു നിമിഷം കൊണ്ട്‌ പഴയകാലത്തിന്റെ ചിത്രം വരച്ചിടാനായി. അഭിനന്ദനങ്ങൾ..

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

നന്നായിട്ടുണ്ട്. ആശംസകള്‍
എന്താ ഇത്താ നമ്മളെ ഒകെ മറന്നോ ..!

Unknown പറഞ്ഞു...

നന്നായിട്ടുണ്ട് റഷീദ,ഇനിയും നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു......

HB പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നല്ല കഥ പക്ഷെ എവിടെയോ ഒരു പോരായ്മ ഫീല്‍ ചെയ്യുന്നു .. ഒരു പക്ഷെ എന്റെ വായനയുടെ പരിമിതി ആകാം

A പറഞ്ഞു...

ഇങ്ങിനെ പോയ്പ്പോകാതെ എഴുത്തില്‍ സജ്ജീവമാകൂ. ഈ തൂലിക തുരുംബിക്കാന്‍ വിടുന്നത് അക്ഷരദ്രോഹമാണ്. കഥ നല്ല വായന നല്‍കി.

A പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
© Mubi പറഞ്ഞു...

ഇവിടെ ആദ്യ വരവാണ്. കഥ ഇഷ്ടായി, പെട്ടെന്ന് തീര്‍ന്നത് പോലെ തോന്നി....