വ്യാഴാഴ്‌ച, ജൂൺ 24, 2010

പോസ്റ്റ് മോഡേൺ യുഗംആധുനികതയുടെ വിസ്ഫോടനത്തിൽ
ഉള്ളം കിടുങ്ങിടുന്നു…
അന്നത്തിനു വകയില്ലെങ്കിലും..
അശരണർക്കുമൊരു വിഡ്ഢിപ്പെട്ടി..
ചാനലുകളുടെ അതി പ്രസരത്തിൽ
നിന്നുതിർന്നു വീഴും ചവറുകൾ കാണാൻ
പ്രബുദ്ധ കേരളം തിടുക്കത്തോടെ
പെട്ടിക്കു മുന്നിൽ നിരന്നിടുന്നൂ..
റിയാലിറ്റി എന്തെന്നറിയാത്ത
ഷോകളിൽ മുഴുകിടുന്നു….
മർത്യർ അടിമയായി…

ഇന്റർനെറ്റിൻ രംഗ പ്രവേശം
ലോകം നമ്മുടെ കൈകകുമ്പിളിൽ.
സാങ്കേതികത്വത്തിൽ മുന്നേറി .
ഭൂമിയുടെ വലിപ്പം കുറക്കുന്നു നാം
മനസുകൾ തൻ അന്തരം കൂടിടുന്നൂ
മൈലുകൾക്കപ്പുറം ഇരിക്കുന്ന മർത്യർ
ഇന്നു നമ്മുടെ സ്വീകരണ മുറികളിൽ.
ചായക്കടയിലെ നാട്ടു വർത്തമാനം
എങ്ങോ പോയ് മറഞ്ഞു…..
മർത്യർ പരക്കം പായുന്നു…
ആർത്തിയോടെ
ഇരുട്ടറയിൽ നിന്ന് ഇരുട്ടറയിലേക്ക്…
ബന്ധങ്ങൾ തൻ വിലയറിയാതെ...

ഞായറാഴ്‌ച, ജൂൺ 13, 2010

പ്രതിധ്വനി....കണ്ണാടിയുടെ മുന്‍പില്‍ അണിഞ്ഞൊരുങ്ങുന്ന മിനിയെ നോക്കി മുത്തശ്ശി പറഞ്ഞു.

“എന്‍റെ കൂട്ട്യേ നീ ഇപ്പം വല്യകുട്ടിയായി ഈ തുള്ളിച്ചാട്ടമൊക്കെ നിര്‍ത്തണം ”

മുത്തശ്ശിയുടെ വാക്കുകള്‍ അവളില്‍ പരിഭ്രമം ഉളവാക്കി.! കണ്ണാടിയിലെ പ്രതിബിംബ ത്തെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. സ്കൂളിലേക്കുള്ള വിജനമായ പാതയോരങ്ങളിലൂടെ നടക്കുമ്പോഴെല്ലാം അവളുടെ മനസ്സില്‍ ആ വാക്കുകള്‍ പ്രതിധ്വനിയായി....
വീട്ടിലെ ചാണകം തേച്ച ഉമ്മറത്തിരുന്നു കൊത്തങ്കല്ല് കളിക്കുന്നതിനിടയില്‍ മീന്‍കാരന്‍ഗോപാലന്‍റെ ആര്‍ത്തി പിടിച്ച കണ്ണുകള്‍ തന്‍റെ മാറിടത്തിലേക്ക് ചൂഴ്ന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ,പതുക്കെ അകത്തേക്ക് ഉള്‍വലിയുമ്പോഴും മുത്തശ്ശിയുടെ വാക്കുകള്‍ അവളെ വേട്ടയാടി കൊണ്ടിരുന്നു.

രാത്രിയുടെ ഇരുട്ടില്‍ ആര്‍ത്തു പെയ്ത മഴയുടെ ഭയപ്പെടുത്തുന്ന സീല്‍ക്കാരങ്ങള്‍ക്കിടയില്‍ തന്‍റെ തണുപ്പ് കയറിയ ശരീരത്തില്‍ ചൂട് പകര്‍ന്ന സ്വപ്നം പൂര്‍ണ്ണ മാകുന്നതിനു മുന്‍പ്, നാസദ്വാരങ്ങളിലേക്ക് ഇരച്ചു കയറിയ മദ്യത്തിന്റെ മണം അവളെ അസ്വസ്ഥത പ്പെടുത്തിയെങ്കിലും അവിടെ മാത്രം മുത്തശ്ശിയുടെ വാക്കുകള്‍ അവള്‍ക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
തന്‍റെ സ്വന്തം അച്ഛന്‍റെ മുന്നില്‍ ആ വാക്കുകള്‍ക്ക്‌ എന്ത് പ്രസക്തി!

മാസങ്ങള്‍ക്ക് ശേഷം ചാണകം മെഴുകിയ തറയില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ അച്ഛന്‍റെ ശവശരീരത്തിനു മുന്‍പില്‍ നിന്ന് കൈവിലങ്ങുമായി ഇറങ്ങിപ്പോവുന്ന അമ്മയുടെ ദയനീയ മുഖമോ മുത്തശ്ശിയുടെ ഉച്ചത്തിലുള്ള നിലവിളിയോ തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് കാരണം അവള്‍ അറിഞ്ഞില്ല.

അച്ഛന്‍റെ ശവത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ മദ്യത്തിന്റെ വൃത്തികെട്ട നാറ്റം പരിസരമാകെ നിറഞ്ഞപ്പോഴും അവളുടെയുള്ളില്‍ മുത്തശ്ശിയുടെ വാക്കുകള്‍ പ്രതിധ്വനിയായി ...........

“എന്‍റെ കൂട്ട്യേ നീ ഇപ്പം വല്യകുട്ടിയായി ഈ തുള്ളിച്ചാട്ടമൊക്കെ നിര്‍ത്തണം ”
(ഒരു കവിത യെ കഥയാക്കാനുള്ള ശ്രമം )

ചൊവ്വാഴ്ച, ജൂൺ 01, 2010

യാത്രാമൊഴി...


കാല ചക്രത്തില്‍ ബലി കഴിച്ചൊരാ ..
കൌമാര സുദിനങ്ങളിൽ...
നിനച്ചിരിക്കാതൊരു ദിനം
എന്നരികിലെത്തി നീ
നിന്നില്‍ ഞാന്‍ കണ്ടത്
മൌനത്തിന്‍ നിഴല്‍ മാത്രം ..
നിന്നില്‍ നിന്നും ഞാന്‍ കേട്ടത്
തെല്ലിടവിട്ട വാക്കുകളും..
അതില്‍ നിന്നുയര്‍ന്ന സ്നേഹ വയ്പ്പും
വെറും പാഴ്ക്കിനാവായിരുന്നു
നിന്‍ സൌഹൃദം ...
ദിക്കേതെന്നറിയാത്ത ഒരു പക്ഷിയെ പോലെ
വന്നു പെട്ടതാണോ ?എന്നരികില്‍
നോവും ഹൃദയം എൻ മുന്നിലർപ്പിക്കുവാൻ
എങ്ങു നീ പോയി മറഞ്ഞു പെട്ടെന്നൊരു ദിനം
ജാലക ചിന്തിലൂടെ സ്വർണ്ണ വർണ്ണമാം
പൊൻ കിരണം എന്നെ തൊട്ടു വിളിച്ചപ്പോള്‍
ഒരു നിമിഷം നിയാണോ എന്നോര്‍ത്ത് ഞാന്‍
ഇനിയൊരിക്കല്‍ എന്നരികിലെത്തിയാല്‍
എന്‍ ഹൃദയ സാഗരത്തില്‍ നിന്നും
മുങ്ങിയെടുത്ത ഒരു പിടി മണിമുത്തുകള്‍
സ്നേഹത്തില്‍ നൂലിഴയില്‍ കോര്‍ത്ത്‌
കാത്തു വെച്ചു ഞാന്‍ നിനക്കേകിടാനായി..
അറിഞ്ഞിരുന്നില്ല ഞാന്‍ ഏതോ വിദൂരതയിലാണ്
നീയിന്നുള്ളതെന്ന്‍...
കാലമെന്‍ ഹൃദയത്തിൽ
തിരശ്ശീല വീഴ്ത്തിയപ്പോൾ...
തകർന്നടിഞ്ഞ സൌഹൃദത്തിൻ
ഒളിമങ്ങാത്ത ഓർമ്മകളുമായി...
നേരുന്നു നിനക്കായി...
ഒരായിരം യാത്രാ മംഗളം