ഞായറാഴ്‌ച, ഫെബ്രുവരി 12, 2017

ഓല മേഞ്ഞ ഓർമ്മകൾ


ഓർമ്മകളുടെ പിന്നാമ്പുറത്ത് കൂട്ടിയിട്ട  ചില നല്ല നിമിഷങ്ങളെ മാറാല നീക്കിയെടുക്കുമ്പോൾ അവയ്ക്ക് ചിലപ്പോൾ മധുരമേറെയാകും ചിലപ്പോൾ  കണ്ണുനീരിന്റെ ഉപ്പു രസമായിരിക്കും.... എന്നിരുന്നാലും ആ ഓർമ്മകളെ ചികഞ്ഞെടുത്ത് അതിൽ ഇഷ്ട്ടമായതിനെ മനസിന്റെ കോണിലേക്ക് എടുത്ത് വെക്കുമ്പോൾ അതിനു തിളക്കമേറെ ആയിരിക്കും... മഴയെ കുറിച്ചും തണുപ്പിനെകുറിച്ചു മൊക്കെ ഓർത്തെടുത്ത് അവയെ അക്ഷരങ്ങളിലാവാഹിക്കാൻ പല തവണ ശ്രമിക്കുമ്പോളും അന്നേ മനസിന്റെ  ഓരത്ത്  കൂട്ടി വെച്ചതിൽ ഒന്നായിരുന്നു പുരകെട്ട് വിശേഷം.. ഓല മേഞ്ഞ വീടിൽ മഴക്കാലത്തുണ്ടാകുന്ന. മഴ മേഘങ്ങൾ പോലുള്ള അനുഭവങ്ങൾ പേമാരിയായി പെയ്ത്  ഒഴുകിയത്  പലരും വായിച്ചതാകും.,

അപ്പോ നമുക്ക് പുരകെട്ടു കല്യാണമായാലോ... എന്റെ ഓർമ്മകളൊടൊപ്പം നിങ്ങൾക്കും കൂടാം... ഉമ്മ രണ്ട് ദിവസം മുൻപ് തുടങ്ങും വീട്ടിലെ ഓരോ സാധന സാമഗ്രികളും കെട്ടിയൊതുക്കി വിറകുപുരയിലും മറ്റും ഭദ്രമായി കൊണ്ടു വെക്കാൻ .. ഞങ്ങൾ കുട്ടികൾ പുസ്തക കെട്ടു കളും  ഡ്രസുകളുമെല്ലാം കെട്ടി വെക്കാൻ ഒപ്പം കൂടും..
അയലത്തെ വീട്ടിലെ ആണ്ടിയേട്ടൻ  പുരയുടേ മേലെയുള്ള
ഓലകൾ അറുത്തിടാൻ  തുടങ്ങുന്നതിനു മുന്നെ ആൾമറയില്ലാത്ത കിണറിൽ പൊടി വീഴാതിരിക്കാൻ അലകു പാകി  ഓല വെച്ച് മറച്ചു വെച്ചിട്ടുണ്ടാകും അപ്പോ മുതൽ ഞങ്ങൾ കുട്ടികൾ ഉത്സവത്തിലാകും  .മുഴുവന്‍ ഓലയും അറുത്തു താഴെയിടാൻ തുടങ്ങിയാൽ അയല്പക്ക വീടുകളിലേയും അടുത്ത ബന്ധുവീട്ടിലെയും  കുട്ടികൾ ചേർന്ന് ഞങ്ങളുടെ ജോലി തുടങ്ങും   അറുത്തിട്ട ഓലയിലെ '' കരിച്ചോല'' എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഓലയിൽ  നല്ലതും മോശമായതും തിരിച്ച് മുറ്റക്കൊള്ളിൽ മാറ്റി അട്ടിയായി അടുക്കി വെക്കുക.. സാമാന്യം നല്ല ഓലകള്‍ അടുത്ത ദിവസം പുരകെട്ടാനെടുക്കുന്ന നല്ലയോലയോടൊപ്പം ‍ "അടിയോല" ആയി ഉപയോഗിക്കും   തുരുംബിച്ച ഓലകള്‍ അടുപ്പില്‍ കത്തിക്കാനും ഉപയോഗിക്കും. ഉച്ച വരെ ഈ ജോലി തുടരും.. ഇതു കഴിയുമ്പോഴേക്കും ഞങ്ങൾ കുട്ടികളുടെ നിറവും കോലവും അകെ മാറിയിട്ടുണ്ടാകും..
അന്ന് മുതൽ പറമ്പിലെവിടെയെങ്കിലും അടുപ്പ് കത്തിച്ചായിരിക്കും ഭക്ഷണമുണ്ടാക്കുക.. പുരപ്പുറത്ത് ഒരു കുറ്റിചൂലുമായി കയറി അട്ടവും കഴുക്കോലുമെല്ലാം അടിച്ചു വൃത്തിയാക്കാൻ ഇക്കമാരോടൊപ്പം ഞാനും കൂടും മറ്റു പണികളിൽ നിന്നും രക്ഷപ്പെടാനും അനിയത്തിമാർക്ക് മുന്നിൽ ആളാവാനുമായിരുന്നു ഈ നുഴഞ്ഞു കയറ്റം...
ഈ സമയം കൊണ്ട്  വീടിന്റെ അകവും പുറവും മുറ്റവും കണ്ടവുമെല്ലാം ഉമ്മയും അടുത്തുള്ള വീട്ടിലെ സ്ത്രീകളും എല്ലാരും കൂടി അടിച്ചു വൃത്തിയാക്കിയിട്ടുണ്ടാകും..

പറമ്പിലെ ഏതെങ്കിലും ഒരു സൈഡിൽ മെടഞ്ഞ ഓലകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും  ബാക്കിയോലകൾ അടുത്ത വീടുകളിൽ ഏൽപ്പിച്ചു വെക്കും അവയെല്ലാം എടുത്തുകൊണ്ടുവരലാകും അടുത്ത ജോലി..
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നിമിഷങ്ങൾ ആണു  സമയം ഇരുട്ടിയാൽ.. നിലത്തു വിരിച്ച പായയിൽ ആകാശം നോക്കി കിടക്കുക  ആകാശത്തെ നക്ഷത്രങ്ങളെ എണ്ണിക്കിടക്കുക..ആ ഒരു ഒരു രസം  ടറസ്സു വീട്ടിൽ താമസിച്ചവർ അനുഭവിക്കാത്ത നല്ല മുഹൂർത്തങ്ങളിൽ ഒന്നു തന്നെ..

നേരം പരപരാ വെളുക്കും മുൻപ് പുരകെട്ടാനുള്ള തയ്യാറെടുപ്പിനായി  ആണ്ടിയേട്ടനും രവീന്ദ്രേട്ടനും മറ്റും എത്തിക്കാണും ... രണ്ടു ദിവസം മുൻപ് തോട്ടിലെ വെള്ളത്തിൽ കുതിർത്തി വെച്ച "പാന്താട " (  പച്ച ഓലയിൽ നിന്നും ശേഖരിച്ചു വെച്ചത് )  കൊണ്ടു വന്ന് ചെറുതായി കീറിയെടുക്കും അതു കൊണ്ടാണൂ  വീടിന്റെ പട്ടികയിൽ ഓല വെച്ച് കെട്ടുക   .രാവിലെ തന്നെ അവിലും കുഴച്ചതും ചായയും വിതരണമാരംഭിച്ചിരിക്കും  ശർക്കര ഉരുക്കിഒഴിച്ച് ചെറിയ ഉള്ളിയും ജീരകവും തേങ്ങാ ചിരകിയതുമിട്ട് അവിലെ  ഒരു പരുവമാക്കി കുഴച്ചെടുക്കും..... പത്തു മണിയാവുമ്പോഴേക്കും വീടിനും ചുറ്റിലും മൂന്ന് നാലുവരി ഓലവെച്ചു കെട്ടിക്കാണും  അപ്പോഴേക്കും അടുത്ത ചായയുടെ സമയം കപ്പ കടലയിട്ട് ഇളക്കിയതും മീൻ മുളകിട്ടതും തേങ്ങാക്കൊത്ത് കൊണ്ട് വറവിട്ട ആ കപ്പ ഇളക്കിയത്  വാഴയിലയിൽ ചൂടോടെ വിളമ്പി  ഓർക്കുമ്പോൾ നാവിൽ ഓർത്തെടുക്കും രുചിയോർമ്മ...:)

ചായ കുടി കഴിഞ്ഞ് ആണ്ടിയേട്ടനും മറ്റും പുരപ്പുറത്തേക്ക് കയറിയാൽ പിന്നെ തകൃതിയായ പണികളാവും  നിലത്തു നിൽക്കുന്നവർക്ക് .. ഓലകൾ മുകളിലുള്ളവർ കെട്ടിയടുക്കുന്നതിനനുസരിച്ച് മേലേക്ക് എറിഞ്ഞ് കൊടുക്കുക മുകളിൽ  ഇരിക്കുന്ന വർക്ക് കഞ്ഞിവെള്ളവും  മറ്റും എത്തിച്ചു കൊടുക്കുക എന്നിവയൊക്കെ തന്നെ അവർ കെട്ടുന്നത് നോക്കിയിരിക്കുന്നത് തന്നെ ഒരു പണിയായിരിക്കും.. :)
പുരകെട്ടു കഴിയുമ്പോഴേക്കും മൂന്ന് മണിയെങ്കിലും ആകും ചോറും  ഇറച്ചിക്കറിയും ഉണ്ടാകുന്ന അസുലഭ നിമിഷം ആയിരിക്കും ആ സമയം അതും അകത്താക്കി കഴിഞ്ഞാൽ പിന്നെ പുര മൊഞ്ചാക്കാനായി ''ഇറ അരിയൽ'' പരിപാടിയായിരിക്കും  നീളമുള്ള രണ്ട്  കവുങ്ങിൽ കഷണം നീളത്തിൽ ചീന്തിയെടുത്തത് പുരയുടെ ഇറയത്ത് മുകളിലും താഴേയുമായി പിടിച്ച. ഒരേ ലവലിൽ ഇറ അരിഞ്ഞു നിലത്തിടും ., ... മുടിയൊക്കെ വെട്ടിയൊതുക്കി അണിഞ്ഞൊരുങ്ങിയ മളവാളൻ ചെക്കനെ  പോലെ തോന്നിക്കും   വീടു നോക്കുമ്പോൾ..
തലേ ദിവസങ്ങളിൽ പുറത്തു കൊണ്ടു വെച്ച വീട്ടു സാധനങ്ങൾ വീട്ടിലെത്തിക്കുന്ന പണി‌കൂടി പൂർത്തിയായാൽ നമ്മുടെ പുരകെട്ടു കല്യാണം  അവസാനിക്കുകയായി... :) :)

എന്റെ ഓർമ്മകളെ ഞാൻ സിമന്റു കൂടാരത്തിനുള്ളിലേക്ക് തിരിച്ചു വിളിക്കുമ്പോൾ .. ഇങ്ങനെയുള്ള നല്ല നിമിഷങ്ങളെ അക്ഷരങ്ങളിൽ ആവാഹിക്കാൻ ശ്രമിച്ചു... ഇനി ഇത്തരം നല്ല നിമിഷങ്ങളിൽ  ഓർമ്മകളിൽ  പോലും ഉണ്ടാകാൻ. വഴിയില്ല..

അഹന്ത


ഞാൻ ദൈവത്തെകുറിച്ചെഴുതി ദൈവത്തിനോളം പ്രശസ്തി നേടാനാഗ്രഹിച്ചു... കടലായ കടലിലെ വെള്ളം മുഴുവൻ  മഷിയായും മരങ്ങളെ മുഴുവൻ തൂലികയായും മാറ്റിയിട്ടും ദൈവ വചനങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലാൻ എനിക്ക് കഴിഞ്ഞില്ല.. ഈ പ്രപഞ്ചമെന്ന‌ ക്യാൻ വാസിനെ മടക്കി വെച്ച് ആകാശ ചെരുവിൽ അന്തിയുറങ്ങുവാനായി നീങ്ങിയപ്പോൾ അവിടേയും ദൈവത്തിന്റെ കരവിരുത് ...തൂണുകൾ നാട്ടാത്ത ആകാശത്തു കൂടെ നക്ഷത്രഗോളങ്ങളെ താണ്ടിഞാൻ പിന്നേയും പറന്നകന്നു .. പ്രകാശവർശങ്ങൾ താണ്ടി അകലങ്ങളിൽ നിന്നും അകലങ്ങളിലേക്ക്.. അപ്പോ ദൈവം ചിരിതൂകി എന്നോടു ചൊല്ലി... നീ  ചെടികളിലെ ഇലയ്ക്കടിയിൽ ചുരുണ്ടുറങ്ങുന്ന പുഴുവിലേക്കിറങ്ങുക.. എന്റെ ചിന്തയെ ഞാൻ അതിലേക്ക് ചുരുക്കിയപ്പോൾ ഞാനൊന്നുമല്ലെന്ന തിരിച്ചറിവിൽ  ദൈവം വിജയശ്രീലാളിതനായി.. :) :)

മീസാൻ കല്ല്


പള്ളി മിനാരത്തിലെ തുരുമ്പെടുത്ത പഴയ ലൌഡ് സ്പീക്കർ തുടച്ചു മിനുക്കി പള്ളി മുക്രി ഖാദർക്ക‌ ബാങ്കു വിളിക്കാനായി തയ്യാറെടുത്തു. . പള്ളിയുടെ മച്ചില്‍ കൂടുകൂട്ടിയ ഇണ പ്രാവുകൾ പതിവുപോലെ കുറുകി കുറുകി ചിറകുകൾ വിടർത്തിക്കുടഞ്ഞു അതാതിടങ്ങളിലൊതുങ്ങി കൂടി. മഗ്രിബ് ബാങ്ക് കൊടുത്തു കഴിയു മ്പോഴേക്കും ആകാശം ചെഞ്ചായം പൂശി. അപ്പോഴും
നിബിഡമായി വളര്‍ന്നു നിൽക്കുന്ന മഞ്ചാടി മരങ്ങൾ പള്ളിക്കാട്ടില്‍ ഇരുട്ട് പരത്തി ത്തുടങ്ങിയിരുന്നു ...
താഴെ ഖബറിലുറങ്ങുന്നവന്റെ നാമം‌ കല്ലുകളിലൂടെ മാത്രം തിരിച്ചറിയാൻ വേണ്ടി നാട്ടപ്പെട്ട സ്മാരക ശിലകള്‍ എന്തിനെന്നറിയാതെ തലയുയർത്തി നിന്നു. ജീവായുസ്സിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രാരാബ്ധങ്ങളുടെയും പണക്കൊഴുപ്പിന്റേയും ഭാരം‌ പേറി തളര്‍ന്നു വീണ കുറെ മനുഷ്യ ജന്മങ്ങളുടെ മേല്‍ തിരിച്ചറിവിനായി നാട്ടിയ മറ്റൊരു ഭാരം മീസാന്‍ കല്ലുകൾ ..!.
പലതരം കുരുക്കുകളിൽ ജീവിതം ഹോമിച്ച്
ആരുമറിയാതെ ജീവിച്ചു തീർത്ത എത്രയോ ജീവിതങ്ങള്‍ മാത്രമല്ല , നിരവധി ബഹുമാനങ്ങൾ ഏറ്റുവാങ്ങിയവർ......എല്ലാവരും ഒരേ വീടുകളിൽ ഒരേവസ്ത്രങ്ങളിൽ... എല്ലാത്തിനും മൂകസാക്ഷികളായ ഈ മീസാന്‍ കല്ലുകള്‍ക്ക് താഴെ അന്തിയുറങ്ങുന്നു..... ഇപ്പോൾ
ഭൂമി ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ..
ഇശാ നമസക്കാരവും കഴിഞ്ഞു ആളുകള്‍  പല വഴിക്ക് പിരിഞ്ഞു.
ഖാദർക്ക ജനാലക്കരികിൽ നിന്നു കൊണ്ട് പള്ളിക്കാട്ടിലേക്ക് .... കണ്ണുകളെ പായിച്ചു...
അഞ്ചു വർഷം മുൻപുള്ള ജീവിതം ആലോചിക്കുവാൻ തന്നെ ഖാദർക്കാക്ക് ഭയമായിരുന്നു...ആ ഇരുളടഞ്ഞ ജീവിതത്തെ ഓർക്കുമ്പോൾ..എന്തെന്നില്ലാത്ത നെഞ്ചിടിപ്പ് അനുഭവപ്പെടുമ്പോലെ...

ഒരു മനുഷ്യായുസ്സു കണക്കാക്കുമ്പോള്‍ വളരെ കുറഞ്ഞ കാലയളവ്. പക്ഷെ തന്റെ ജീവിതത്തില്‍ ഒരു എൺപതുകാരന്റെ നിസ്സഹായതയിലേക്ക് വലിച്ചെറിയപ്പെട്ട കാലം.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വളയം പിടിക്കേണ്ടി വന്നവൻ‌
ആഴ്ചകളോളം‌ പലയിടങ്ങളിലുള്ള കറക്കം ....
വലിയ വണ്ടിയുടെ വളയംപിടിക്കുക എന്നത് നിസാര കാര്യമല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ...

പല സമയങ്ങളിലും ഭക്ഷണം കഴിക്കാൻ മറന്നു പോകുന്ന ജീവിത രീതികൾ

എതിരെ മരണം കണക്കേ ചീറി പാഞ്ഞു വരുന്ന വണ്ടികളോട് മത്സരിക്കാതെ ഒാരം ചേർന്നു പോവുന്നവർ...
ഡ്രൈവിങ്ങിനിടയിലും വീട്ടിലെ ചിന്തകളാൽ പല തവണ കയ്യിലുള്ള വളയത്തിന്റെ നിയന്ത്രണം കയ്യിൽ നിന്നും വഴുതി പോവുന്ന അവസരങ്ങൾ വരെയുണ്ടായിട്ടുണ്ട് ..
തെറ്റുകാരൻ ആരെന്നു പോലും നോക്കാതെ നാട്ടുകാരുടെ ഇടയിൽ ചെണ്ട കണക്കെ നിന്നു കൊടുത്തു അടിമേടിക്കേണ്ടി വന്ന  പല പല അവസരങ്ങൾ ..

കൂട്ടുകെട്ടുകൾ കള്ളുകുടിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത് മാത്രം ഇന്നും ഒാർക്കാൻ മടിക്കുന്ന സത്യം .. അഞ്ചു വർഷം ലഹരിയിൽ മുങ്ങിക്കുളിച്ചുള്ള ജീവിതം ... മദ്യത്തിൽ നീന്തിതുടിച്ച് കുടുംബം മറന്ന് ജീവിച്ചു .. ഇടക്കിടെയുള്ള നാട്ടിൽ പോക്കിൽ നല്ല പാതി ‌മൂന്ന് ആൺ മക്കളായും ഒരു‌മോളായും നാലു മക്കളെ‌പ്രസവിച്ചു..‌ അവർക്കു വേണ്ടി .. പണം നൽകി അവരെ സന്തോഷിപ്പിച്ചെങ്കിലും അവരുടെ ജീവിത രീതി ശ്രദ്ധിക്കാതെ അവരുടെ വഴിക്ക് വിട്ടിരുന്നു ..

ഇടക്ക് വന്ന ഒരു നെഞ്ചു വേദന മരണത്തെ പുൽകുമെന്ന ഭയം മനസിൽ കടന്നു കൂടിയപ്പോൾ. .. ദൈവത്തോട് ചെയ്ത തെറ്റുകൾക്ക് മാപ്പു ചോദിച്ചു തിരികെ ശാന്തിയോടെ ജീവിക്കാൻ തീരുമാനിച്ചു നാട്ടിലേക്ക് മടങ്ങി.. ഒന്നിനും വയ്യാതായപ്പോൾ... അടുത്തുള്ള മഹല്ലുകാർ പള്ളിപരിപാലത്തിനും മറ്റും നിർത്തി.. ആ നല്ല ദിവസങ്ങളിൽ താൻ അനുഭവിച്ച തിക്താനുഭവങ്ങൾ തന്റെ ഡയറിയിൽ കുറിച്ചിടാൻ ഖാദർക്ക മറന്നില്ല....
കാലം അതിന്റെ വഴിക്ക് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഖാദർക്ക ഒരു നല്ല മനുഷ്യനായെങ്കിലും മക്കൾ. മറ്റൊരു‌ലോകത്ത് ആടിത്തിമിർക്കുകയായിരുന്നു.. കൂട്ടുകാരുടെ ആഘോഷവേള ആനന്ദമാക്കാൻ കുപ്പിപൊട്ടിച്ചും ചിയേർസടിച്ചും അവർ മുന്നേറുന്നത് ഖാദർക്കയുടെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി... ഇതെല്ലാംകണ്ടു വിഷമം ഉള്ളിലൊതുക്കി മരവിച്ച മനസുമായി കഴിയുന്ന തന്റെ പ്രിയതമ അയിശൂട്ടിയുടെ മുഖം ഖാദർക്കയുടെ മനസിനെ വിതുമ്പലിലാഴ്ത്തിക്കൊണ്ടിരുന്നു ...

ഇന്നലെ കഴിഞ്ഞത് പോലെ അനുഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിയെത്തുയായിരുന്നു . ചിത്ര ശലഭത്തെ പോലെ വര്‍ണ്ണങ്ങള്‍ തേടി നടന്ന കൗമാരം. ..അന്ന് ഞാൻ അനുഭവിച്ചത് ഇന്ന് മക്കൾ അനുഭവിക്കുന്നു ... അവരെ തിരുത്താൻ ഞാൻ തയ്യാറായില്ല എന്നത് അവർക്ക് മുന്നോട്ടുള്ള. പ്രയാണത്തിനു ഒഴുക്ക് കൂട്ടിയിരിക്കുന്നു ....

ഖാദർക്ക ഒരു നിമിഷം തന്നെ‌ തന്നെ‌പഴിച്ചു..
അല്ലാഹുവേ നീ‌തന്നെ തുണ .. എന്നെ മാറ്റിയത് പോലെ എന്റെ മക്കളേയും മാറ്റണമേ ....‌ ഇടറിയ നെഞ്ചിലെ ഓരോ ശ്വാസവും ബാങ്ക് വിളിയിൽ കുതിരുമ്പോൾ ഖാദർക്ക പടച്ചവനോട് ദുആ ഇരന്നു.  മൂന്നു നാലു ആയത്തുകൾ ഉരുവിട്ട് കൊണ്ട് പതിവു പോലെ കീറിയ പായയുടെ ഒരറ്റം സ്വർഗ്ഗമാക്കി. 

ഒന്നിൽ നിന്ന് മറ്റൊന്നിലേക്കെന്ന പോലെ
സുബ്ഹിയുടെ ബാങ്കൊലി മുഴങ്ങുവാൻ തുടങ്ങി.
അല്ലാഹു അക്ബർ..അല്ലാഹു അക്ബർ ...

പള്ളിക്കാടുണര്‍ന്നു. മീസാന്‍ കല്ലുകള്‍ക്ക് കൂട്ടിരുന്ന കിളികളുണർന്നു... പള്ളിയുടെ മേൽക്കൂരയിൽ കൂടുകൂട്ടിയ‌ പ്രാവുകൾ ഉണർന്ന് പതിവില്ലാത്ത ഒച്ചയിൽകുറുകാൻ തുടങ്ങി..എന്നിട്ടും ഖാദർക്ക മാത്രം ഉണർന്നില്ല......

ആ പള്ളിക്കാട്ടിനോട് ഓരം ചേർന്നു കിടക്കുന്ന മുറിയിൽഖാദർക്കയുടെ ഡയറിൽ അവസാനം കുറിച്ചിട്ട വരികൾ ഇങ്ങനെയായിരുന്നു....
പകലിന്റെ വെളിച്ചമെന്നെ നയിച്ചു പടുകുഴിയിലേക്ക്..
എങ്കിലുമെന്റുടയോന്റെ വെള്ളി വെളിച്ചമെന്നെ....സന്മാർഗ്ഗത്തിലേക്കാനയിച്ചു ..സർവ്വ ശക്തനു സ്ഥുതി "

ഉമ്മു അമ്മാർ ✍

ചൊവ്വാഴ്ച, ഡിസംബർ 13, 2016

വിധവ




ഓർമ്മകൾക്ക് ജന്മം നൽകിയ
വാക മരച്ചുവട്ടിലെ ആറടി മണ്ണിൽ ..
അവൻ  തനിച്ചുറങ്ങുമ്പോൾ
 നിഴലും നിലാവുമായിരുന്ന അവളെ അവൻ  കൂടെ കൂട്ടിയില്ല
അവനുറങ്ങുമ്പോൾ  ഉണരുന്നതും കാത്ത് അവളിരുന്നത് അവൻ മറന്ന് കാണുമോ..
രാത്രിയുടെ അന്ത്യ  യാമത്തിലും അവന്റെഉള്ളിലവളും അവളുടെ ഉള്ളിലവനും ഉണർന്നിരുന്നതും   മറന്നോ?
അവളെ  കൂട്ടാതെ
വിജനതയുടെ ശയ്യാഗൃഹത്തിൽ അവൻ
തനിച്ചുറങ്ങുന്നു.
ഏകാന്തതയുടെ ഇരുട്ട്
രാവും പകലും അവന്റെ  ലോകത്തെ മൂടുന്നു.
ഇപ്പോൾ അവളോരോന്നായി അറിയുന്നു..
അവനായിരുന്നു   പ്രാണനിശ്വാസം. അവനില്ലാതെ
 കാതുകൾ ബധിരം.
അവനില്ലാതെ  കാഴ്ചകൾ അന്ധം.
അവനില്ലാതെ
പാഴ്വസ്തുക്കളുടെ സ്മാരകം.
നിറമാർന്ന അവരുടെ ദാമ്പ്ത്യത്തിന്റെ
ഇടവഴിയിൽ   ദുഖവും സന്തോഷവും ഇഴകി ചേർന്നിരുന്നു..
കണ്ണുകൾകഥ പറയുമ്പോൾ മനസ്സ് മനസ്സുമായി സംവദിച്ചിരുന്നു..
ആ സുന്ദരമാം സായം സന്ധ്യകളെ..
വികൃതമാക്കി അവൻ വിട്ടകന്നു
എല്ലാം ഓർമ്മകളിൽ
സൂക്ഷിക്കാനേൽപ്പിച്ചു..
അവൻ പിൻ നടന്നു..
അവനും അവളും ഒപ്പം ചേർന്ന്
നടന്ന നീങ്ങിയ  തീരങ്ങളിൽ
അവന്റെ
മാഞ്ഞുപോയ കാൽപ്പാടുകൾ തേടി അവൾ അലഞ്ഞു തുടങ്ങി..
വഴിപോക്കരാം നമുക്കിവിടം സത്രമെന്നോതിയവർ ഓരോരുത്തരായി വിടചൊല്ലി..ഇപ്പോൾ വനും..
കണ്ണീർപ്പുഴയിൽ മുങ്ങിക്കിടക്കുന്നു ഇന്നവൾ
ഏകാന്തതയുടെ ചുടുവികാരങ്ങൾക്ക് ശമനമേകുവാൻ ..
കാത്തിരിക്കുന്നവൾ
മാഞ്ഞു പോയ സിന്ദൂര പൊട്ടിന്റെ ഓർമ്മയിൽ
അഴിച്ചു വെച്ച താലിച്ചരടിന്റെ സ്മരണയിൽ
ഈ വീട്ടുവരാന്തയിൽ വിട്ടേച്ചു പോയ ചന്ദനത്തിരിയുടെ ഗന്ധമോടെ
ശവമഞ്ചം കൊണ്ടു പോയ വഴികളിലേക്ക് കണ്ണുകളെ  പായിച്ച്
മടങ്ങിവരുമെന്ന തോന്നലോടെ..
അനന്ത  കാലങ്ങളോളം
മുഷിയാതെ...


ചൊവ്വാഴ്ച, നവംബർ 08, 2016

മാറിടം തുരന്നവർ


ബാല്യത്തിന്റെ നിഷ്ക്കളങ്കതയിൽ
വീട്ടിൽ ഓടിച്ചാടി ക്കളിക്കുന്ന പ്രായത്തിൽ ശരീരം കാട്ടി നടന്ന അവളിലേക്ക് കളിക്കൂട്ടുകാർ നോക്കിയപ്പോൾ അവളൊക്കൊന്നും തോന്നിയില്ല..
എങ്കിലും അമ്മ അവളെ പെറ്റിക്കോട്ട് ധരിപ്പിച്ചു...
ജീവിതത്തിന്റെ ഒഴുക്കിൽ കൗമാര ദശയിൽ ഋതുമതിയായി മഞ്ഞൾ പുരട്ടി കുളിപ്പിക്കുന്നതിനിടയിൽ വീണ്ടുമവളുടെ അമ്മ ഉപദേശിച്ചു തന്റെ ശരീരത്തിൽ കെട്ടി മുറുക്കിവയ്കേണ്ട ചിലതുണ്ട് എന്നു അന്നാണവൾക്ക് മനസിലായത് അതു ശരിയെന്ന്..
കോളേജ് വരാന്തയിലൂടെ നടന്ന് നീങ്ങുമ്പോൾ
കൂടെ പഠിച്ച പയ്യന്മാരുടെ നോട്ടവും തന്റെ മാറിടത്തിലേക്കെന്ന് തിരിച്ചറിഞ്ഞ അവൾ തന്റെ മാറു മറയ്ക്കാൻ. പാടുപെട്ടു..
കോളേജ് വിട്ട് വീട്ടിലേക്കുള്ള വഴിയിൽ പല്ലുകൊച്ചു കണ്ണും മുഖവും ചുക്കിച്ചുളിഞ്ഞ ഒരപ്പൂപ്പൻ തന്റെ‌മാറു നോക്കി നുണക്കുന്നത് കണ്ട് കണ്ട ഭാവം നടിക്കാതെ വീട്ടിലെത്തി വാതിലടച്ചു കുറെ കരഞ്ഞു..
കല്യാണനാളിൽ അവളുടെ മാറിടം അവനു ലഹരിയായി.. ആ ലഹരിയിൽ അവളിലെ മാറ്റം മുലപ്പാൽ തുളുമ്പും അമ്മയുടേതായി..
തന്റെ കുഞ്ഞിളം ചുണ്ടുകൾ കൊണ്ട് മുലക്കണ്ണുകൾ ചപ്പി വലിക്കുമ്പോൾ അവളിലെ മാതൃത്വം പിടഞ്ഞെണീറ്റു
ഇന്നലെ മുലകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്തപ്പോൾ തളർന്നു കിടക്കുന്ന തന്നെ കാണാൻ വന്നവരെല്ലാം നോക്കുന്നത് കച്ച കെട്ടി മുറുക്കാത്ത മാറിടത്തിലേക്ക് തന്നെ!!!
മറയ്ക്കാനൊന്നുമില്ല എങ്കിലും, അടുത്ത് കിടന്ന തോർത്തെടുത്ത് അവൾ മാറിലേക്കിട്ടു..

തിങ്കളാഴ്‌ച, ജൂൺ 06, 2016

അച്ചടി മഷി പുരണ്ടത്



വീണ്ടും സ്കൂള്‍ വരാന്തയിലൂടെ

സ്കൂൾ ഓർമ്മകളിലേക്ക്..
എന്റെ ബാല്യത്തിനു അന്നത്തെ സ്കൂൾ ഓർമ്മകൾക്ക് ഇടവപ്പാതിയുടെ തണുപ്പാണ്. ചിലർ പറയും ഓർമ്മകൾക്ക് മാറാല കെട്ടിയിരിക്കുന്നുവെന്നു..പക്ഷെ ഞാൻ ഏറ്റവും കൂടുതൽ ആസ്വാദനത്തോടെ ഓർത്തെടുക്കുക എന്റെ കുട്ടിക്കാലം തന്നെ... ആ നനുത്ത ഓർ‌മ്മകളിലേയ്ക്ക് ഊളിയിടുമ്പോൾ‌ മനസ്സിൽ‌ തെളിഞ്ഞു വരുന്നത് ....വീട്ടിൽ നിന്നും ഇറങ്ങി പാടവും പറമ്പും കുണ്ടനിടവഴികളും താണ്ടി നടന്നു നീങ്ങിയാൽ ഒരു ചെങ്കുത്തായ റോഡിലൂടെ മുകളിലെത്തിയാൽ ഓടു മേഞ്ഞ മേൽ‌ക്കൂരയുള്ള, അഞ്ചു മുറികളുടെ നീളത്തിൽ കിടക്കുന്ന ഇടനാഴി, ഓരോ ക്ലാസിനു മുന്നിലും ചില്ലകളോടു കൂടി പന്തലിച്ചു നിൽക്കുന്ന മാവും. ചെറിയ മാറ്റങ്ങളോടെയെങ്കിലും പഴയ ഓർമ്മകളിൽ ഉള്ളഎല്ലാവരുടെയും സ്കൂളുകൾക്ക് സമാനതകളുണ്ടാകുമെന്ന് തോന്നുന്നു.
ആർ‌ത്തലച്ചു പെയ്യുന്ന പെരുമഴയുടെ അകമ്പടിയോടെയാകും മദ്ധ്യവേനലവധിയ്ക്കു ശേഷം എന്നും പള്ളിക്കൂടം തുറക്കുന്നത്. നനഞ്ഞൊലിയ്ക്കുന്ന നീളന്‍ കുടയും നനഞ്ഞൊട്ടുന്ന കുഞ്ഞുടുപ്പിനോട് ചേര്‍‌ത്തു പിടിച്ച മരം കൊണ്ടുള്ള പുറം ചട്ടയിൽ തീർത്ത സ്ലേറ്റുമായിട്ടായിരുന്നു അന്നത്തെ സ്കൂൾ യാത്ര. ആ പുതിയ സ്ലേറ്റിന്റേയും പെൻസിലിന്റേയും ഗന്ധം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കും പോലെ.... ഒന്നു രണ്ടു ദിവസം കഴിഞ്ഞാൽ കുറെ കുഞ്ഞ് പെൻസിലും അതു സൂക്ഷിക്കാൻ തീപ്പെട്ടി കൂടും സ്വന്തമാക്കും ..ചില വീരന്മാർ വെള്ളതണ്ട് പറിച്ചെടുത്ത് കുഞ്ഞ് കഷണങ്ങളാക്കി മുറിച്ചു കൊണ്ടു വന്നു പെൻസിലിനു പകരം വിൽക്കും... അഞ്ചു പൈസയോ പത്തു പൈസയോ ആയിരുന്നു അന്ന് ഒന്നിന്റെവിലയെങ്കിലും കഷണം പെൻസിലേ എല്ലാഎല്ലാവരുിലുലും കാണൂ..‍
ആദ്യത്തെ ദിവസം ഉമ്മയുടെ കയ്യും പിടിച്ച് തച്ചങ്കല്ല് സ്കൂളിലേ ഒന്നാം ക്ലാസിലേക്ക് കയ്യറിയപ്പോൾ ഗോപാലൻ മാഷിന്റെ കണ്ണടക്കുള്ളിലൂടെയുള്ള നോട്ടം കാരണം ക്ലാസിൽ ഇരിക്കാൻ വിസമ്മതിച്ചപ്പോൾ..ആശാരിയുടെ കയ്യിൽ ഒരു വാച്ച് ഉണ്ടാക്കാൻ ഏൽപ്പിച്ചിട്ടുണ്ട് മോൾക്ക് എന്ന് തമശരൂപേണ പറഞ്ഞ് എന്നെ ക്ലാസിലിരുത്തിയെന്നു പിന്നീട് ഉമ്മ പറഞ്ഞു തരുമ്പോൾ ഓർത്തു ചിരിക്കുമായിരുന്നു.... സ്കൂളും മദ്രസയും തൊട്ടടുത്തായതിനാൽ ശനി ഞായർ ദിവസങ്ങളിൽ. അടഞ്ഞു കിടക്കുന്ന സ്കൂളിന്റെ മുറ്റത്ത് പോയി കളിക്കാൻ ഒരു പ്രത്യേക രസമായിരുന്നു...അന്നു പൂഴി മണലിൽ കൈവിരൽ കൊണ്ട് അ..ആ എന്നൊക്കെ എഴുതിച്ച ഗോപാലൻ മാഷും കണക്കു പടിപ്പിച്ച കരുണാകരൻ മാഷും എന്നും തൂവെള്ള കളർ മുണ്ടും ഷർട്ടുംമാത്രം ധരിച്ചെത്തുന്ന അറബി മാഷും ഇന്നും അറബി മാഷിന്റെ പേരെനിക്കെന്നല്ല അവിടെ പഠിച്ച പലർക്കും അറിയില്ല എല്ലാർക്കും അദ്ദേഹം അറബി മാഷു തന്നെ..
വഴങ്ങാന്‍ മടിച്ചു നില്‍ക്കുന്ന അക്ഷരങ്ങളെഴുതാന്‍ കൈ പിടിച്ച് സഹായിച്ചും കുസൃതി കാട്ടുമ്പോള്‍ സ്നേഹപൂര്‍‌വ്വം ചെവിയ്ക്കു പിടിച്ച് ശാസിച്ചും പഠിയ്ക്കാന്‍ മിടുക്കു കാട്ടുമ്പോള്‍ പ്രോത്സാഹിപ്പിച്ചും കൂടെ നിന്നിരുന്ന നല്ല അധ്യാപകർ. ഒന്നു മുതമുതൽ്ങ. നാലു വരെഅവർ തന്നെയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഞങ്ങൾക്കെല്ലാം ഏറ്റവും കൂടുതലിഷ്ട്ടം ലീല ചേച്ചിയോടായിരുന്നു...മുടി ക്കൂട്ടിക്കെട്ടി പൊക്കി വെച്ച് കയ്യിലൊരു ബാഗുമായി മൂക്കിൽഒരു സ്വർണ്ണ മൂക്കുത്തിയുമിട്ട് വരുന്ന ലീല ചേച്ചിക്ക് മനസ്സില്‍ ഒരു അമ്മയുടെ സ്ഥാനമായിരുന്നു..അന്നം‌ നൽകുന്നത് അവരാണല്ലോ..
ഇന്ന് ഓർ‌മ്മകളിൽ മുന്നിട്ടു നിൽക്കുന്നതും ഉപ്പുമാവിന്റെയും കഞ്ഞിയുടെയും ചെറുപയറിന്റെയും സ്വാദ്. അന്നത്തെ ‘കഞ്ഞി-പയർ’ കോമ്പിനേഷനു പകരം വയ്ക്കാവുന്ന ഒന്നും ഇന്നുവരെ ഒരിടത്തു നിന്നും ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം നാലാമത്തെ പിരീഡ് ആയാല വിഷപ്പിന്റെ വിളി വരുന്ന സമയത്ത് കഞ്ഞിയുടേയും പയറിന്റേയും അവസാന മിനുക്കു പണിയിൽ ഒരു സുഖകരമായ ഗന്ധം അവിടെയെങ്ങും പരക്കും. പിന്നെ, ബെല്ലടിയ്ക്കാനുള്ള കാത്തിരിപ്പാണ്. ഇടക്കിടെ വീട്ടിൽ നിന്നും ഉമ്മ ഉണ്ടാക്കി തരുന്ന ചുവന്ന ചമ്മന്തി വാഴയിൽ പൊതിഞ്ഞു കൊണ്ടുവന്നു കഞ്ഞിയുടെ ഒപ്പം കൂട്ടുമ്പോൾ ഇത്തിരി കൂട്ടുകാർക്കെല്ലാ വീതിച്ചു നൽകുമായിരുന്നു... സ്കൂൾ കാലംഓർക്കുമ്പോൾ. ആരും മറക്കാത്തത് തച്ചങ്കല്ല് സ്കൂളിലെ കിണർ തന്നെയാകും കാരണം 100 ലധികം പടവുകൾ ഉള്ള കിണറ്റിലേക്ക്‌ നോക്കിയാൽ അടി ഭാഗം കാകാണാത്ത ആ കിണറ്റിൻ കരയിൽ ചുറ്റി തിരിഞ്ഞ ആരും അതിലേക്കൊന്നു എത്തി നോക്കിയിട്ടുണ്ടാകും..
ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് ...പുസ്തകങ്ങളുടെ ഭാണ്ഡ കെട്ടോ പരീക്ഷകളുടെ ആകുലതകളോ ഇല്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. വെള്ളത്തണ്ടും പെൻ‌സിൽ തുണ്ടുകളും..മയില്പീലി തുണ്ടുകളും മാങ്ങയും ചാമ്പങ്ങയു നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതിയോമതമോ , ആണെന്നോ പെണ്ണെന്നോ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം‌ മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം.ക്ലാസ്സിലെ ജനലിലൂടെ പുറത്ത് തിമർത്തു പെയ്യുന്ന മഴ ആസ്വദിച്ച ആ നല്ല കാലം ... പാഠപുസ്തകത്തിന്റെ താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് ആകാശം കാണിക്കാതെ ..വെച്ചാൽ അത് പെറ്റ് പെരുകും എന്നു വിശ്വസിച്ച സുവർണ്ണ കാലം.
ഇന്നു ഓർത്തെടുക്കുമ്പോൾ ഞാനും ഒരു കുട്ടി ആയതു പോലെ...
ആ ഓർ‌മ്മകൾ തികട്ടി വരുമ്പോൾ അറിയാതെ മനസ്സ് ആഗ്രഹിച്ചു പോകന്നു.. ആ കാലം തിരികെ കിട്ടിയിരുന്നെങ്കിൽ... ഇന്നു‌സ്കൂളിലേക്ക്‌‌ പോകുന്ന മക്കളുടെ കൂടെ എന്റെ ഓർമ്മകളും...സ്കൂൾ മുറ്റത്തേക്ക്....

റമദാന്‍ നന്മയുടെ വസന്ത കാലം

(ഈ പോസ്റ്റ് എഴുവാൻ കാരണക്കാരി എന്റെ കൂട്ടുകാരി Merlin George നോമ്പ് എന്താണു എന്നൊക്കെ ചോദിച്ചു വന്നപ്പോ പെട്ടെന്നെഴുതിയതാ..അവളെ പോലെ പലരും നോമ്പിനെ അറിയാത്തവരും ചില തെറ്റായ ധാരണ വെച്ചു പുലർത്തുന്നവരും മനസിലാക്കാൻ വേണ്ടി... )
വിശുദ്ധ ഖുറാന്റെ അവതരണം കൊണ്ടനുഗ്രഹീതമായ റമദാന്‍ സമാഗതമാകുമ്പോള്‍ വിശ്വാസികള്‍ ഹര്ഷപുളകിതരാവുകയാണ് .എന്താണു നോമ്പ് എന്തിനു വേണ്ടിയാണു നോമ്പ്.. ചിലർക്കെങ്കിലും തോന്നുന്നുണ്ടാകാം എല്ലാ മതാചാരങ്ങളെ പോലെ ഒന്നു എന്റെ ഒരു കൂട്ടുകാരി ചേച്ചി പ്രവാസത്തിൽ എനിക്കു കിട്ടിയ ഏറ്റവും വലിയ സംബാദ്യം.. ചേച്ചിയുടെ മനസിൽ നോമ്പ് എന്നാൽ പകൽ മുഴുവൻ ഒന്നും കഴിക്കാതെ ഇരുന്നിട്ട്‌സന്ധ്യയാകുമ്പോൾ മൂക്കറ്റം തിന്നുക അതും അടുത്ത ദിവസത്തെ പ്രഭാതം വരെ എന്ന തെറ്റായ ധാരണ ആയിരുന്നു..ആധാരണക്കു‌ കാരണം ചില നോമ്പുകാരുടെ ചെയ്തികൾ തന്നെ...ചിലയിടങ്ങളിൽ നോമ്പു തുറ എന്നാൽ ഒരു തരം ഫുഡ് ഫെസ്റ്റ് വെൽ തന്നെ......എന്നാൽ നോമ്പ് ഒരിക്കലുംഅങ്ങിനെയല്ല. . നോമ്പിന്റെ ചൈതന്യം അവന്റെ മനസിൽ നിന്നും ഉണ്ടാകുന്നതാണു‌ സുബ് ഹി ബാങ്കിനു മുൻപായി അല്പം ഭക്ഷണംകഴിച്ച് ദൈവമെ ഞാൻ നോമ്പെടുക്കുന്നു എന്ന ഉദ്ദേശ ശുദ്ധിയോടെ മനസിൽ കരുതി കൊണ്ട്...നാംനോമ്പിലേക്ക് പ്രവേശിക്കുകയായി കാരണം അതിനു ശേഷമുള്ള എല്ലാ ചെയ്തികളും ദൈവ ഭക്തിയുള്ളതാണൊ കാട്ടികൂട്ടലുകൾ മാത്രമാണോഎന്നു‌ ദൈവത്തിനറിയാം ..അങ്ങിനെ യല്ലാഎങ്കിൽ ആരും കാണാതെ നമുക്ക് വെള്ളം കുടിക്കാം ആരും കാണാതെ സ്ത്രീയെ പ്രാപിക്കാം എന്നാൽ നോമ്പുകാരനു വിലക്കിയ പലതും രൻ ആയിരിക്കെ വിലക്കുന്നത് അവനു‌ദൈവത്തിന്റെ സമ്മാനമായ റയ്യാൻ കവാടത്തിലൂടെ സ്വർഗ്ഗത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുക എന്ന ഉദ്ദേശത്തിൽ മാത്രമാകും... അത് ദൈവത്തിനെ മനസിലാകൂ..വെറുതെ പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും അവനിഷ്ട്ടമുള്ള പലതും ത്യജിച്ചാൽ അതു ചൈതന്യമുള്ള നോമ്പാകുകയില്ല.. അവന്റെ ദൈവ‌ഭക്തിയാണു പ്രധാനം..നന്മ പൂക്കുന്ന മാസമാണു റമദാൻ.. അതു നമുക്ക് പ്രത്യക്ഷമായി കാണാൻ സാധിക്കും നന്മകൾ ധാരാളമായി ചെയ്യുന്നവർ, ദൈവത്തിന്റെ‌ഭവനത്തിൽ പോയിരുന്നു അവന്റെ ഗ്രന്ഥത്തെ വായിച്ചു തീർക്കുന്നവർ..പാതിരാവിലും ദൈവ ദാസന്മാർ അവനോടു ചെയ്തു‌പോയ തെറ്റുകൾക്ക് മാപ്പിരക്കുന്നത്.. . .നബി ചര്യയിൽ പെട്ടത് ഒരു കാരക്കയും മൂന്നിറക്ക് വെള്ളവും ഉണ്ടായാൽ നോമ്പു തുറപ്പിക്കാംഎന്നതാണു കേവല വിശപ്പും ദാഹവും സഹിക്കുകയെന്നതിലുപരി അന്ന പാനീയങ്ങളുടെ ആധിക്യം സൃഷ്ടിക്കുന്ന രോഗങ്ങളില്‍ നിന്ന് മുക്തയായി ആരോഗ്യമുള്ള മനസ്സും ശരീരവും നമുക്കുണ്ടായി തീരട്ടെ .. ദൈവ പ്രീതിക്ക് സ്വയം ബലിയര്‍പ്പിക്കാന്‍ കഴിയുന്ന ഒരു ദൈവവിശ്വാസിയുടെ ജീവിതം നമ്മില്‍ പുനര്ജ്ജനിക്കട്ടെ ...
മുസ്‌ലിം ആണാവട്ടെ പെണ്ണാവട്ടെ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാണ്. റമദാനിന്റെ പരിശുദ്ധിയില്‍ എല്ലാം അതിനായി സജ്ജീകരിക്കപ്പെടുന്നു. അതിലെ രാവുകള്‍ നമസ്‌കാരങ്ങളാലും പകലുകള്‍ വ്രതാനുഷ്ഠാനങ്ങളോടെയുള്ള സല്‍പ്രവര്‍ത്തനങ്ങളാലും സജീവമാണ്. പള്ളികള്‍ ജനനിബിഡമാണ്. എല്ലാവരും ഒരു പരദേശിയെപ്പോലെയാണ്. വിദൂരദിക്കിലേക്കുള്ള യാത്രയിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളും പരസ്പരം ക്ഷമിക്കുന്നു, സഹിക്കുന്നു. കാരണം എല്ലാം ക്ഷണികമാണെന്ന് അവന് നിശ്ചയമുണ്ട്.

വ്രതമനുഷ്ഠിക്കാന്‍ നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് നാം അത് അനുഷ്ഠിക്കുന്നതും. പക്ഷെ അത് ശരീരപീഡനമായും ശരീരത്യാഗമായും വിലകുറച്ച് കാണുന്നത് അല്‍പ്പത്തമാണ്. അടിമകള്‍ പട്ടിണികിടക്കണമെന്നോ ശരീരത്തെ ക്ഷയിപ്പിക്കണമെന്നോ ദൈവം ആഗ്രഹിക്കുന്നില്ല. അതിലൂടെ നാം നേടിയെടുക്കുന്ന ആത്മസംസ്‌കരണമാണ് ദൈവം ആഗ്രഹിക്കുന്നത്. യഥാര്‍ഥ നോമ്പുകാരന്‍ സകലവിധ തിന്മകളില്‍ നിന്നും അകന്നു നില്‍ക്കുന്നു എന്നതാണ് സത്യം.

മദ്യപാനി നോമ്പനുഷ്ഠിച്ചാല്‍ മദ്യപിക്കാനാവില്ല. ഒരാളും വ്രതമനുഷ്ഠിക്കുന്നവനായിക്കൊണ്ട് അക്രമങ്ങളില്‍ മുഴുകകയില്ല. പതിവായി പാപങ്ങളില്‍ മുഴുകിക്കഴിയുന്നവര്‍ വര്‍ഷത്തില്‍ ഒരു പ്രത്യേകമാസം ഏതാനും ദിവസങ്ങള്‍ ഭക്ഷണവിഭവങ്ങള്‍ സ്വയം ത്യജിച്ചുകൊണ്ട് ദൈവത്തെ ധ്യാനിക്കാന്‍ തയ്യാറാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ
അനുവദനീയമായ കാര്യങ്ങള്‍ പോലും വല്ലപ്പോഴുമൊക്കെ ത്യജിക്കാന്‍ ശീലിക്കുന്നത് ഒരനുഗ്രഹമായി മനസ്സിലാക്കാനും നിഷിദ്ധങ്ങള്‍ ആസ്വദിക്കാനും,അനുവദനീയമായവയെ ജീവിതത്തിൽ പകർത്തുവാനും കൂടുത കൂടുതൽ ചെയ്യുവാനും സാധിക്കുക എന്നത് ഒരു ദൈവ വിശ്വാസിയെ സംബന്ധിച്ച അനായാസമായ കകാര്യമാണു.. അതാണ് വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുക്കുന്ന അനുഗ്രഹം.
''അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ഭയഭക്തിയുള്ളവരാൻ
ക്രമം തെറ്റിയ ജീവിതം ശരിപ്പെടുത്താനും മലിനമാക്കപ്പെട്ട ആത്മാവിനെ ശുദ്ധീകരിക്കാനും സാധിക്കുന്ന ഈ അപൂര്‍വ്വ സന്ദര്‍ഭം നമുക്ക് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയട്ടെ പുണ്യങ്ങളുടെ പൂക്കാലമായ ഈ മാസം ദൈവ ദാസന്മാര്‍ക്ക് അവന്റെ പ്രീതിയും പ്രതിഫലവും ധാരളമായി ലഴിക്കുന്ന ഒരു നല്ല മാസമായി മാറ്റാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ എല്ലാവര്ക്കും ചൈതന്യത്തോടെയുള്ള ഒരു റമദാന്‍ ആശംസിക്കുന്നു...

വെള്ളിയാഴ്‌ച, മാർച്ച് 04, 2016

പറയാതെ വന്ന വിരുന്നു കാരി


പ്രവാസത്തിന്റെ ഏകാന്തതയിൽ  ..റൂമിന്റെ  ജനലരികിൽ നിന്നു വിദൂരതയിലേക്ക് നോക്കി കാണുന്നതായിരുന്നു   എന്റെ ലോകം .
ജനൽ ചില്ലുകളിൽ  തട്ടി സ്വർണ്ണവർണ്ണം വിതറി തിരിച്ചു പോകാനൊരുങ്ങുന്ന ഇളം  വെയിലിനെ മുറിയിലേക്ക്  ആനയിക്കാൻ ഞാൻ  തടസ്സമായി നിൽക്കുന്ന ജനൽ പാളികളെ തള്ളി മാറ്റാനൊരുങ്ങിയപ്പോൾ ആ ജനൽ ഭിത്തിയിലെ ഇത്തിരി പോന്ന ഭൂമികയ്യേറി അവിടെ കുടിൽ കെട്ടി താമസം തുടങ്ങിയിരിക്കുന്നു ഒരു കൊച്ചു സുന്ദരി... പ്രാവ് ...എന്റെ പെട്ടെന്നുള്ള കടന്നാക്രമണം  അതിന്റെ മേൽ വിലാസം ഇല്ലാതാക്കുമോ എന്നു പേടിച്ചാണോ എന്നറിയില്ല അത് എന്റെ കണ് വെട്ടത്ത് നിന്നും പറന്നകന്നു..   കടലാസു തുണ്ടുകൾക്കൊണ്ടും   ഇത്തിരി നാരുകൾക്കൊണ്ടും അലങ്കരിച്ചിരിക്കുന്ന ആ  കൂട്ടിൽ  മനോഹരമായ മുട്ടകൾ .എനിക്കു എന്തെന്നില്ലാത്ത് സങ്കടംതോന്നി തന്റെ കുഞ്ഞുങ്ങൾക്കായി നോമ്പും നോറ്റ് കാത്തിരിക്കുന്ന  ആ അമ്മയെ ആട്ടിയോടിച്ചതെന്തിനെന്നു എന്റെ മനസ്സ് എന്നോട് വീണ്ടും വീണ്ടും ചോദിച്ചു‌കൊണ്ടേയിരുന്നു..ഇനി അതു തിരിച്ചു വന്നില്ലെങ്കിൽ അതിന്റെ കുട്ടികൾ ചാപിള്ളായാകുമോ എന്ന ചിന്തയിൽ ജനൽ അടച്ചു പതിവു ശീലങ്ങളിൽ മുഴുകി ..ഇത്തിരി  കഴിഞ്ഞു ഞാൻ ജനൽ വിരികൾ സാവധാനം നീക്കി നോക്കിയപ്പോൾ... ആ വിരുന്നു കാരി തിരികെയെത്തിയതായി കണ്ടു..
അതിന്റെ മുട്ടയിൽ അത് അടയിരിക്കുന്നത് കണ്ടപ്പോൾ ഗർഭിണിയായ സുന്ദരി ദിവസങ്ങൾ എണ്ണി കാത്തിരിക്കുമ്പോലെ എനിക്കു തോന്നി..

ശനിയാഴ്‌ച, സെപ്റ്റംബർ 12, 2015

ഉമ്മ എന്റെ അഹങ്കാരം...

തൊരാള്ക്കും ബാല്യത്തിന്റെ ഓര്മ്മ്ത്താളുകളിൽ എന്നും സ്നേഹത്തോടെ നിറഞ്ഞു നില്ക്കു ന്ന മുഖം ഉമ്മയുടെതാകും. ഭൂമിയിലേക്ക് പിറന്നു വീണത്‌ മുതൽ കുഞ്ഞിളം മോണകാട്ടി ചിരിച്ചു കൊണ്ട് പിച്ച വെച്ച കാലവും പിന്നിട്ടു കൗമാരവും യവ്വനവും ജീവിതത്തി ലൂടെ കടന്നു പോകുമ്പോള്‍ നമ്മുടെ വിയര്പ്പി ന് ഉമ്മയുടെ ഗന്ധമുണ്ടാകും... അവരുടെ കഷ്ട്ടപ്പാടുകള്‍ മറന്നു വിഷമതകൾ അറിയിക്കാതെ നമ്മെ വളര്ത്തി വലുതാക്കുമ്പോൾ അവർ സന്തോഷം കണ്ടെത്തുന്നത് മക്കളുടെ സന്തോഷത്തിൽ മാത്രം .. ആ സന്തോഷം പോലും അധിക നാൾ നല്കാനോ അനുഭവിക്കാനോ ഭാഗ്യമില്ലാത്ത എനിക്ക് ... വിവാഹത്തിനു ശേഷം ദൈവം ബോണസ്സായി നല്കികയതായിരുന്നു... എന്റെ “അമ്മായി” ഉമ്മയെ..ഈ ഉമ്മയും മക്കളെ വളര്ത്തിത വലുതാക്കാൻ കഷ്ട്ടപ്പെട്ടിരുന്നെങ്കിലും മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതിന് തെളിവായിരുന്നു എന്നെ ആ വീട്ടിലെത്തിച്ചത് . ഏതൊരുമ്മയും മക്കൾ ആദ്യമായി കൊണ്ട കൊടുക്കുന്ന സമ്മാനം സസന്തോഷം വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ഉമ്മ പറഞ്ഞു എനിക്കായി നീ കൊണ്ട് വന്ന മാല മഹറായി നല്കിു ഞാന്‍ പറയുന്ന ഒരു കുട്ടിയെ നീ വിവാഹം കഴിക്കണമെന്നു അങ്ങിനെ... ആ ആഗ്രഹത്തിനു മകന്‍ വഴിമാറിയതാണ് ഞങ്ങളുടെ ഇന്നത്തെ ജീവിതം...
വിവാഹം കഴിഞ്ഞു പോകുന്ന പെണ്കുട്ടികള്ക്കു ണ്ടാകുന്ന പോലെയുള്ള വലിയ സ്വപ്നങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല... “ഉമ്മയും ഉപ്പയും ഉണ്ടല്ലോ അതിനേക്കാള്‍ വലുതായി നിനക്കെന്താ വേണ്ടത് ” എന്ന അമ്മായിയുടെ ആശ്വാസം നിറയ്ക്കുന്ന ചോദ്യം എന്റെ മനസ്സിലും സന്തോഷം കണ്ടെത്തി.. ആ വീട്ടില്‍ ചെന്ന് കയറിയ അന്നു മുതൽ ഇന്ന് വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളും കഴിഞ്ഞു പോയെങ്കിലും ഉമ്മയിൽ നിന്നുമുണ്ടായ മോശമായതെന്തെങ്കിലും ഒന്ന് ഓര്ത്തെുടുക്കുവാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല . ഞങ്ങളുടെ വീട്ടിലെ മൂത്ത മരുമകൾ ഞാനായത്കൊണ്ട് വീടും ഭരിച്ച് ആളായി കഴിയാമല്ലോ എന്ന അഹങ്കാരമായിരുന്നു. ആദ്യമൊക്കെ പക്ഷെ സ്വന്തം മക്കളെക്കാൾ കൂടുതൽ ഉമ്മ എന്നെ സ്നേഹിക്കുന്നത് കൊണ്ടാകാം വിവാഹം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ ഇക്ക പ്രവാസ ഭൂമിയിലേക്ക്‌ തിരികെ പറന്നപ്പോൾ ഉമ്മ നാത്തൂന്മാരുടെ കൂടെ എന്നെയും പഠിക്കാനയച്ചത്... പഠിക്കാന്‍ മടിച്ചിയായ എനിക്ക് അതൊരു നേരം പോക്ക് മാത്രമായിരുന്നു.. എങ്കിലും എന്നും രാവിലെ മക്കളുടെ പൊതി ചോറിനൊപ്പം എനിക്കും ഉണ്ടാകും ഉമ്മയുടെ വക ഒരു പൊതി ചോറ് .. ഇതൊക്കെ എന്റെ വീട്ടിലേക്കു പോകുമ്പോൾ അയല്വാ സികളുടെ മുന്നിൽ ഞാന്‍ അഹങ്കാരത്തോടെ പറഞ്ഞു നടക്കുകയും ചെയ്യുമായിരുന്നു,,,, കാരണം എനിക്കൊരഹങ്കാരമായിരുന്നു ഇക്കയുടെ ഉമ്മ.. .. രാത്രി കുറെ സമയം നാത്തൂന്മാരോടൊപ്പം കഥ പറഞ്ഞു കിടന്നു എപ്പോഴോ ഉറങ്ങി പോയാൽ ഉമ്മ വന്നു ഫേനിന്റെ സ്പീഡ് കുറച്ചു കൊണ്ട് തനിയെ പിറുപിറുക്കുന്നുണ്ടാകും “ ഈ കുട്ട്യേളുടെ ഒരു കാര്യം ഫേനും സ്പീഡിലിട്ട്‌ പുതപ്പും മൂടി കിടക്കണം” .. അത് കേള്ക്കു മ്പോൾ ഉറക്കമുണരുമെങ്കിലും ഉമ്മയുടെ സംസാരം കേള്കു ഫ വാന്‍ വേണ്ടി മിണ്ടാതെ അറിയാത്ത പോലെ കിടക്കും കാരണം എന്റെ ഉമ്മയുടെ ഒരു സംസാര ശൈലി ഇങ്ങനെ പിറുപിറുക്കലായിരുന്നു..
... ഇക്കയുടെ വീട്ടിൽ ഉമ്മയെ മക്കൾ കുറച്ചു പേർ ഇച്ചാ എന്നും കുറച്ചു പേർ ഉമ്മയെന്നുമായിരുന്നു വിളിച്ചിരുന്നത് .. എങ്കിലും എനിക്ക് ചെറുപ്പത്തിലെ നഷ്ട്ടപ്പെട്ട എന്റെ ഉമ്മയെ അവിടെ വെച്ച് തിരികെ കിട്ടിയപ്പോൾ ഞാനും ഉമ്മയെന്നു വിളിച്ചു തുടങ്ങുകയായിരുന്നു ....എന്റെ സ്വന്തം ഉമ്മയെ ഞാന്‍ ഇച്ചാ എന്നായിരുന്നു വിളിച്ചിരുന്നത് .. ഉമ്മ എന്ന് ആദ്യമായി ഞാന്‍ വിളിച്ചത് എന്റെ “അമ്മായി” ഉമ്മയെ ആയിരുന്നു എന്നതും .. ഓര്ക്കുെമ്പോൾ എന്റെ കണ്ണ് നനയിക്കുന്നു..
സ്നേഹപ്രകടനങ്ങൾ ഉമ്മയ്ക്കറിയില്ലായിരുന്നുവെങ്കിലും മനസിൽ അളവില്ലാത്ത വാല്സ ല്യം അവർ നിറച്ചുവെച്ചു. എന്റെ ചെറുപ്പ കാലങ്ങളിലെ സങ്കടങ്ങളും മറ്റും പങ്കു വെക്കുമ്പോൾ ഉമ്മയുടെ നോട്ടത്തിൽ നിന്നും നീ നിന്റെ അനുജത്തിമാരെ ചെന്ന് കാണണം ഇക്കമാരെ വിളിക്കണം നീ നിന്റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി എപ്പോളും പ്രാര്ത്തി ക്കണം എന്നൊക്കെ പറഞ്ഞു ഉപദേശിക്കുന്നതിൽ നിന്നും ആ സ്നേഹം ഞാൻ തിരിച്ചറിയുകയായിരുന്നു... ഉമ്മാക്ക് അടുക്കളയിൽ പണി കൂടുതലായുണ്ടെങ്കിലും മരുമക്കളെ സഹായത്തിനു വിളിക്കുന്നതോ തനിക്കിതൊക്കെ എടുത്താലെന്താ എന്ന് ചോദിക്കുന്നതായോ ഇന്നേ വരെ കണ്ടില്ല.... ഈ ഉമ്മയും മക്കളെ വളര്ത്തി വലുതാക്കുവാൻ ധാരാളം ക്ഷട്ടപ്പെട്ടതായി ഇക്കയുടെ സംസാരങ്ങളില്‍ നിന്നും പല തവണ മനസ്സിലായിട്ടുണ്ട്..
മക്കളുടെ സന്തോഷങ്ങളിൽ ആശ്വാസം കണ്ടെത്തുകയും കൂടെ സന്തോഷിക്കുകയും ചെയ്യുന്ന നല്ലൊരു ഉമ്മ ആയതു കൊണ്ട് തന്നെയാകും വിവാഹം കഴിഞ്ഞു ഇത്തിരി മാസങ്ങൾകൊണ്ട് തന്നെ ഇക്കയുടെ അടുത്തേക്ക് പോകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടാവുക എന്നത് മറ്റൊരു യാഥാര്ത്ഥ്യം .. ..ആദ്യമായി ഗള്ഫിലേക്ക് പറക്കുമ്പോൾ എന്റെ കൂടെ സ്വന്തം വീട്ടിലും കുടുംബക്കാരോടും അയല്‍ വീടുകളിലും മറ്റും പോയി ഗള്ഫി ല്‍ പോകുന്ന കാര്യം (അറിയിക്കുന്ന ഒരു പതിവ് പണ്ടുണ്ടായിരുന്നു ഇപ്പോള്‍ അത് ചിലയിടങ്ങളില്‍ മാത്രം ).. അന്ന് ഉമ്മയോടൊപ്പം വീടുകളിൽ കയറി ഇറങ്ങുമ്പോൾ ഞാന്‍ പൊരുതി നേടിയ വിജയം പോലെ ആയിരുന്നു എനിക്ക് എന്റെ ഉമ്മ.. അത് കൊണ്ട് എവിടെ പോകുമ്പോളും ഉമ്മയെ കൂടെ കൂട്ടുമ്പോള്‍ ഇത്തിരി അഹങ്കാരി ആയി ഞാന്‍ മാറാറുണ്ടായിരുന്നു../
അന്ന് തുടങ്ങിയ പ്രവാസ ജീവിതം ഇന്നും തുടരുന്നത് കൊണ്ട് .. ഉമ്മയുടെ കൂടെ അധികം ജീവിക്കുവാനോ ഉമ്മയെ നോക്കുവാനോ മറ്റു മരുമക്കളെ പോലെ എനിക്ക് അവസരം ഉണ്ടായിട്ടില്ല.. എങ്കിലും പ്രവാസത്തിന്റെ ജീവിത സാഹചര്യങ്ങളിലെ ഫോൺ വിളികളും ഇടവേളകളിലെ രണ്ടു മാസങ്ങളിൽ... നാട്ടിലെത്തിയാൽകിട്ടുന്ന ആസ്നേഹവും വാത്സല്യവും.. ഇനി ഉണ്ടാകില്ലല്ലോ എന്നോര്ക്കുാമ്പോൾ..... എന്നിലെ ആ അഹങ്കാരം ഇവിടെ നിലച്ച്ചല്ലോ എന്നോര്ക്കുമ്പോൾ എന്റെ മനസ്സ് പിടയുന്നു..
ജീവിതത്തിന്റെ സായാഹ്നങ്ങളിൽ ഒരു പിടി നല്ല ഓര്മ്മ കള്‍ ബാക്കിയാക്കി.. ഞങ്ങളുടെ ഉമ്മ ഞങ്ങളില് നിന്നും മാറി നിന്നു.....ജിവിതത്തിന്റെ കളിയാരവങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി ... ഇനി ഉപ്പയും മക്കളും കളിക്ക് ഞാന്‍ അങ്ങ് ദൂരെ മാറി നിന്ന് കളി ആസ്വദിക്കാം . എന്ന് പുഞ്ചിരിയോടെ... പറയും പോലെ ഒരു തോന്നൽ..
സ്വര്ഗത്തിലെ ഏറ്റവും മഹത്തരമായ പദവിയിൽ ഇരുന്നു കൊണ്ട് ഉമ്മ ഞങ്ങളുടെ കൂടെ ഉണ്ടാകണേ എന്ന പ്രാര്ത്ഥ ന മാത്രം ..
ജീവിതത്തിന്റെ ദിശ, മാറി ഒഴുകുമ്പോളും ...വീട്ടിന്റെ ഓരം ചേര്ന്നൊ ഴുകുന്ന കുറ്റ്യാടി പുഴയിലെ ഓളങ്ങള്ക്ക് പോലും ഞങ്ങളുടെ ഉമ്മയെ പറ്റി പറയുവാന്‍ ഒരു പാട് നല്ല മുഹൂര്ത്തങ്ങളുണ്ടാകും ....
അല്ലാഹു ഉമ്മയോടൊപ്പം സ്വര്‍ഗ്ഗത്തില്‍ നമ്മെയും പ്രവേശിപ്പിക്കട്ടെ..(ആമീന്‍ ....)

(രണ്ടു ദിവസം മുന്പ്  സപ്തംബര്‍ 10 നു ഞങ്ങളെ വിട്ടു പിരിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മയുടെ ഓര്‍മ്മയില്‍ നിന്ന്... )

ഞായറാഴ്‌ച, ഓഗസ്റ്റ് 02, 2015

പെണ്ണുടല്‍



പിച്ചി ചീന്തിപോൽ
പത്ര  കോളങ്ങളിൽ
ഇന്നുമൊരമ്മയെ
മാതാ, പതി ,പുത്രീ  -
സഹോദരീ പലതു മാ
നാമങ്ങൾ.......
ആരു   ഗൗനിപ്പൂ
പെണ്ണുടൽ തൻ
മഹിമയും പെരുമയും
യുഗാന്തരങ്ങളായി        
പുരുഷബീജത്തി നടയിരുന്നവൾ ...
പിറവി കൊണ്ടോർക്ക്
മാറിടം ചുരത്തിയോൾ
സ്ത്രീ
 അവളിന്ന് ......
കേവലമൊരു ജഡം മാത്രം..
മനസ് ചത്ത് പിടയുന്ന
ഒരലങ്കാര വസ്തു..
അച്ഛന്റെ കാമവും
 ചേട്ടന്റെ മോഹവും    
ഒറ്റക്കയ്യന്റെ  രതിമൂര്ച്ചയും
അവളിലെ സ്വപ്നത്തെ
തല്ലിക്കെടുത്തുന്നു ..
സ്ത്രീ  അവളിന്ന്...
മാംസ ചന്തകളിലും
 നെറ്റ്  വ്യവഹാരങ്ങളിലും
തെരുവിലും മാളിലും
കസിനോകളിലും
യഥേഷ്ട്ടം  വിറ്റു പോകുന്ന
വീര്യമുള്ള ലഹരി വസ്തു
 
സ്ത്രീ അവളിന്ന്....
വാണിഭ ചന്തയിൽ
പരസ്യ രതി നുകരുവാൻ,
പൈതൃക സദാചാരം
തൂക്കിലേറ്റാൻ......
വിദ്യാലയങ്ങളിൽ
 വിശുദ്ധ ഗേഹങ്ങളിൽ
ബസ്സിലും ട്രെയിനിലും
ഓട്ടോ തെരുവിലും
രാഷ്ട്രീയക്കാരന്റെ
ഒഫീസ് മുറിയിലും  
പിച്ചിചീന്തി വലിച്ചെറിയുന്ന
വെറുമൊരു പാഴ് വസ്തു...
സ്ത്രീ ...

അവളുടെ  മഹിമയും പെരുമയും
ഉയര്‍ത്തിപ്പിടിക്കുവാന്‍
കഴിയട്ടെ ഇനിയുള്ള
തലമുറക്കെങ്കിലും..

ഇവിടെ ഒടുങ്ങട്ടെ ..
  അഭിശപ്ത ജന്മത്തി
നവസാന ശ്വാസവും...

ചൊവ്വാഴ്ച, ജൂൺ 02, 2015

തട്ടത്തിന്‍ മറയത്തെ വസന്തം

പിന്നോക്കാവസ്ഥയിൽ നിന്നുള്ള ഏത് സമൂഹത്തിന്റെയും  പുരോഗതി സാമുഹിക മാറ്റം കൊതിക്കുന്നവർക്കെല്ലാം സന്തോഷം പകരുന്ന കാര്യമാണ്. ഇപ്പോൾ ഇത് കുറിക്കാൻ കാരണം പുതുതായി പുറത്ത് വന്ന മെഡിക്കൽ/എഞ്ചിനീയറിംഗ് പരീക്ഷാാ ഫലം തന്നെ. മുമ്പ് എന്റെ മകള്‍ ക്ലാസില്‍ എത്തിയപ്പോള്‍ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി വളരെ സങ്കടത്തോടെ മാറിയിരുന്നു കരയുന്നു. അത്  കണ്ടു ആവള്‍ കാര്യം തിരക്കിയപ്പോള്‍ അവള്‍ക്കു കിട്ടിയ മറുപടി ഇങ്ങിനെയായിരുന്നു " നീ മുസ്ലിം പെണ്‍കുട്ടിയാണ് മുസ്ലിം കുട്ടികള്‍  അങ്ങിനെ പഠിക്കുകയൊന്നുമില്ല. പഠിക്കുന്ന കുട്ടികളോട് കൂടിയേ കൂട്ട് കൂടാവൂ അതിനാല്‍ നമ്മുടെ ഈ സൌഹ്രദം വേണ്ട" എന്ന് അമ്മയും അച്ഛനും പറഞ്ഞു.എന്നായിരുന്നു അവളുടെ മറുപടി.  എന്നാല്‍ ഇന്ന് ആ കൂട്ടുകാരിയുടെ അച്ഛന്‍ ആയ്ച്ചയില്‍ മൂന്നോ നാലോ തവണ മകളുടെ ക്ലാസിലെ അവസ്ഥകള്‍ ചോദിച്ചറിയാനും ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്ക് ചോദിക്കാനും പഠിപ്പിക്കുന്ന കാര്യങ്ങൾ ചോദിയ്ക്കാനുമൊക്കെ എന്റെ മകളെ വിളിക്കുന്നത് കാണുമ്പോള്‍ എനിക്കശ്ചാര്യം തോന്നാറുണ്ട് . വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാതിരുന്ന കാലത്തെ അവസ്ഥക്ക് പ്രകടമായ മാറ്റം വരുത്തുന്ന രൂപത്തിലുള്ള  പരീക്ഷാ ഫലങ്ങൾ ഇന്ന് പുറത്ത് വരുന്നത് കാണുമ്പോൾ വിജയകിരീടം ചുടിയ  ഹിബഹുസൈനോടും മറിയം റാഫിയോടും വാത്സല്യത്തേക്കാള്‍ കൂടുതൽ ബഹുമാനമാണ് തോന്നുന്നത്. പണ്ടൊക്കെ മുസ് ലിം  സമൂഹത്തില്‍ സ്‌കൂൾവിദ്യാഭ്യാസത്തോടും ഇംഗ്ലീഷ് പഠനത്തോടും  ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. മുസ് ലിം പെണ്‍കുട്ടികൾപഠിക്കാൻ പാടില്ലെന്ന അഭിപ്രായം എന്റെ തലമുറയും പണ്ട് കേട്ട് മടുത്ത കാര്യം തന്നെ .എന്നാല്‍ 
സാവധാനത്തിൽ  ആ സമുദയത്തിലെ കുട്ടികൾ അറിവിന്റെ വാതായനങ്ങള്‍ തേടി ഇറങ്ങാന്‍ തുടങ്ങി വിജയം കൊയ്യുകയാണിപ്പോൾ. ഇസ്ലാമിക പ്രസ്ഥാനങ്ങൾ  ഇവര്‍ക്ക് കൂട്ടായി ഇവരോടൊപ്പം കൂടി യതും പ്രവാസികളുടെ നീസ്സീമമായ പങ്കും ഇതിന് പ്രേരകഘടകങ്ങളായി. വിദ്യാഭ്യാസം ഉണ്ടായിട്ടു തന്നെ   തന്നെ ഗള്‍ഫു നാടുകളില്‍ കോള്‍ഡ് സ്റ്റോറുകളിലും കഫ്തീരിയകളിലും ജോലി ചെയ്യേണ്ട അവസ്ഥ വരുമ്പോൾ  അവര്‍  വിദ്യാഭാസത്തിന്റെ മഹത്വം തിരിച്ചറിയുകയും തന്റെ മക്കളെയെങ്കിലും നല്ല രീതിയില്‍ പഠിപ്പിക്കണം എന്ന ചിന്തിക്കുകയും ചെയ്യുന്നു. ഇതും മുസ്ലിം സമുദായത്തിലെ ഉണര്‍വ്വിന് കാരമാണമായി എന്ന് വേണം പറയാൻ.
 മുസ്ലിം പെണ്‍കുട്ടികൾ കോളേജുകളിലും മറ്റും പോയി പഠിച്ചാൽ അവര്‍ക്ക് മതനിഷ്ഠയില്‍ ജീവിക്കാന്‍ കഴിയില്ല എന്നും അവര്‍ മതത്തിന്റെ ആചാരാനുഷ്ട്ടാനങ്ങളിൽ നിന്നും ദൂരേക്ക്‌ വഴിമാറുമെന്നുമുള്ള ചിന്തയും അവരെ വിദ്യാഭ്യാസത്തില്‍ നിന്നും വിലക്കാനുള്ള കാരണമായി.ആ ചിന്താഗതിക്ക് കാരണം ഇത്തിരി ഭൗതിക വിദ്യാഭ്യാസമുള്ളവര്‍ അവരുടെ  സ്റ്റാറ്റസ് ഇടിഞ്ഞു വീഴുമെന്നു ഭയന്ന്‍ മതത്തിന്റെ ചട്ടകൂടുകള്‍ പൊട്ടിച്ചെറിഞ്ഞു  ആരാധനാ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സമൂഹത്തില്‍ വിലസുന്നത് കണ്ടത് കൂടിയാകാം. കുറച്ച് പഠിക്കുമ്പോഴേക്കും  ഹിജാബണിയാൻ പോലും പലര്‍ക്കും മടിയായിരുന്നു. എന്നാല്‍ ഇന്ന് പത്രത്താളുകളില്‍ പരീക്ഷാ ഫലം വരുമ്പോൾ അല്ലെങ്കില്‍ ബിരുദ ദാന ചടങ്ങുകളുടെ  ഫോട്ടോകളില്‍ എല്ലാം മുസ്ലിം പെണ് കുട്ടികളുടെ ഹിജാബണിഞ്ഞ ഫോട്ടോകള്‍  തന്നെ കാണുന്നു.. വിദ്യാഭ്യാസ രംഗത്ത് ഇന്ന് ആണ്‍കുട്ടികളെക്കാള്‍ ഏറെ മുന്നിലാണ് പെണ്‍കുട്ടികള്‍. സമൂഹ ജീവിതത്തിന്റെവിവിധ മേഖലകളിൽ ആ സമുദായത്തിലെ പെണ്‍കുട്ടികള്‍ തല ഉയര്‍ത്തി നിൽക്കുന്നു. മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷ ഫലം വന്നപ്പോള്‍ മലപ്പുറം മഞ്ചേരി സ്വദേശി ഹിബ ഹുസൈന്‍ ഒന്നാം റാങ്ക് നേടിയതും . എറണാകുളം സ്വദേശിന മറിയം റാഫി രണ്ടാം റാങ്ക് നേടിയതും കണ്ടപ്പോള്‍ തട്ടത്തിന്‍ മറയത്തും  വസന്തം തളിർക്കുന്നുവെന്ന സത്യം ലോകം മുഴുവൻ തിരിച്ചറിയുകയാണ്.