വ്യാഴാഴ്‌ച, മേയ് 26, 2011

ഇങ്ങനെയും ചില ജീവിതങ്ങള്‍..


              കൂട്ടുകാരിയുടെ കുഞ്ഞിനെ കാണാൻ പോയി തിരിച്ച് വരുമ്പോൾ  തുടങ്ങിയതാണ്‌  മനസ്സിന് ഒരു വല്ലാത്ത വിങ്ങല്‍. അവിചാരിതമായിട്ടായിരുന്നു  ഹബീബത്താത്തയെ അവിടെ വച്ചു കണ്ടത്. പൊടുന്നനെ  എന്‍റെ മനസ്സ് പിറകോട്ടു പോയി. ചില നിമിത്തങ്ങളാണല്ലോ  ഓര്‍മ്മകളെ തിരിച്ച് വിളിക്കുന്നത്.. 

വര്‍ഷങ്ങള്‍ക്കു  മുമ്പ്  ആദ്യ പ്രസവത്തിൽ എന്നെ പരിചരിക്കാൻ കൂടെ ഉണ്ടായിരുന്നത് ഈ താത്തയായിരുന്നു .. മലയാളി അല്ലെങ്കിലും തമിഴ് കലർന്നുള്ള അവരുടെ  മലയാളം ഏതൊരു മലയാളിക്കും നന്നായി  മനസ്സിലാകും.    എഴുത്തും വായനയും വശമില്ലെങ്കിലും ഇരുപത് വർഷത്തെ പ്രവാസത്തിനിടയിൽ അവർ എല്ലാഭാഷയും ഒരു വിധം കൈകാര്യം ചെയ്യാൻ പഠിച്ചു കഴിഞ്ഞിരുന്നു . അനുഭവമാണല്ലോ ഏറ്റവും വലിയ പാഠശാല.  സ്നേഹത്തിന്റെ തലോടലും വാത്സല്യത്തിന്റെ ലാളനയോടും കൂടിയ ഹൃദയ വിശാലതയുള്ള അവരുടെ പെരുമാറ്റത്തിന് വല്ലാത്ത വശ്യതയാണ്. മോളേ എന്നുള്ള ആ വിളിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടാകും  , ആദ്യ നാളുകളില്‍  ‍ തന്നെ എന്‍റെ ഉമ്മയെ ഞാനവരില്‍ കാണുകയായിരുന്നു. ആ സ്നേഹം തൊട്ടറിയുകയായിരുന്നു.. പിന്നീടുള്ള എന്റെ എല്ലാ പ്രസവത്തിലും എന്റെ കൂടെയുണ്ടായിരുന്നു എന്റെ ഉമ്മയെപോലെ..!!കുലീനയായ ഒരു വീട്ടമ്മയെപ്പോലെ മാന്യമായ വസ്ത്രധാരണയോടെ   ഒരു ബാഗും തോളിലിട്ട് അവര്‍ അതിരാവിലെ ഫ്ലാറ്റില്‍ വരും . റൂമിലെത്തിയാൽ പിന്നെ അവിടെ അവരുടെ ജോലി ആരംഭിക്കുകയായി... എത്തിയ ഉടനെ തന്നെ വീടാകെ  ഒന്നു ഒതുക്കി വരും, അപ്പോഴേക്കും കുഞ്ഞിനു പാലൊക്കെ കൊടുത്ത് റെഡിയായിരിക്കണം .ശേഷം കുഞ്ഞിനെ വാരിയെടുത്ത് എണ്ണയിടുന്ന ഷീറ്റിലേക്ക് കിടത്തിയാൽ പിന്നെ അവർ മറ്റൊരു ലോകത്തായി.


 കുഞ്ഞിനെ എണ്ണയിട്ട് അവളുടെ തലയും ശരീരവുമൊക്കെ അടിച്ച് റെഡിയാക്കുന്നത് കണ്ടാൽ ഇവർക്കൊരു സ്നേഹവുമില്ലേയെന്നു നമുക്ക് തോന്നിപ്പോകും . പക്ഷെ കുഞ്ഞിന്റെ  കൈകാലുകൾ ബലമുള്ളതാകാനും തലക്ക് നല്ല ഷേപ്പ് വരാനുമാണെന്നാണ് അവരുടെ പക്ഷം..
നന്നായി കുളിപ്പിച്ച് തോർത്തി സുന്ദരി കുട്ടിയാക്കി.. ഉടുപ്പൊക്കൊ ഇട്ടു കഴിഞ്ഞാൽ പിന്നത്തെ തുണിയിൽ പൊതിയലാണു സഹിക്കാൻ പറ്റാത്തത്.   ആദ്യമായിട്ടു അതു കാണുന്ന ഒരു പെണ്ണും അതിനു അനുവദിക്കില്ല .. കുഞ്ഞിന്റെ കൈകൾ നേരെ താഴേക്ക് താഴ്ത്തിവെച്ച് കാലുകൾ നേരെയാക്കി.. വെള്ളത്തുണിൽ ഇത്തിരി ഭാഗം ത്രികോണാകൃതിയിൽ മടക്കി അതിലേക്ക് കുഞ്ഞിനെ കിടത്തി ചുമലു മുതൽ താഴോട്ട് അതിൽ ശക്തിയായി പൊതിയുന്നു പിന്നെ മറ്റൊരു തുണിയില്‍ തലയില്‍ കൂടി  ചെറുതായിട്ടൊരു പൊതിയൽ അപ്പോൾ കുട്ടിയെ  കാണാൻ തന്നെ നല്ല രസമാകും..

ഇതെന്തിനാ ഹബീബത്ത ഇങ്ങനെയൊക്കെ എന്നു ചോദിച്ചാൽ കുട്ടിയുടെ കൈകാലുകൾക്ക് നല്ല ബലം കിട്ടാനും കുഞ്ഞിനു  നന്നായി ഉറങ്ങാനും കഴിയുമെന്നാകും മറുപടി. അതു അക്ഷരാർത്ഥത്തിൽ ശരിയാണ് . കുഞ്ഞിനെ ചെരിച്ചു കിടത്തി ഹബീബത്തയുടെ ഹസ്ബീ  റബ്ബീ ജല്ലല്ലാ.. എന്ന തമിഴ് കലർന്ന താരാട്ട് പാട്ടും തലോടലും കൂടി ആയാൽ കുഞ്ഞു താനേ ഉറങ്ങിക്കോളൂം . അവരുടെ ഓരോ ചലനത്തിലും ഒരമ്മയുടെ സ്പര്‍ശനം  കാണാം. പിന്നെ എനിക്കുള്ള  ശുശ്രൂഷകള്‍ ആരംഭിക്കുകയായി..അതും കഴിഞ്ഞു   വസ്ത്രങ്ങള്‍ വരെ അലക്കി ഒടുവില്‍ വീടും വൃത്തിയാക്കി കഴിയുമ്പോഴേക്കും അവര്‍ ഏറെ അവശയായിട്ടുണ്ടാകും.എന്നാലും ആ മുഖത്തു  ഒരിക്കലും  അതൃപ്തിയുടെ ഒരു ലാഞ്ചന പോലും ഞാന്‍ കണ്ടിട്ടില്ല. എല്ലാം തന്‍റെ കര്‍മ്മം എന്നു കരുതി സംതൃപ്തിയോടെ ചെയ്തു തന്നു ഒരു ഗ്ലാസ്‌ ചായയും വാങ്ങി കുടിച്ചു   പുഞ്ചിരിയോടെ  അവര്‍ പോകും അടുത്ത വീട്ടിലേക്ക്. 

അതു ചിലപ്പോൾ അറബിയോ  പാക്കിസ്ഥാനിയോ   മലയാളിയോ    വേറെ  ഏതെങ്കിലും    നാട്ടുകാരോ ഒക്കെയാവാം .  എല്ലായിടത്തും അവരുടെ ജോലി ഇതൊക്കെത്തന്നെ.  കുട്ടികളെയും അമ്മയെയും കുളിപ്പിക്കുക, പരിചരിക്കുക.  അവരില്‍  ഓപ്പറേഷൻ ചെയ്തവരുണ്ടാകാം അമിതമായി രക്തസ്രാവമുള്ളവരുണ്ടാകാം .. മക്കൾ ഇരട്ടയായവരുണ്ടാകാം എന്നാലും ഒരറപ്പോ മടിയോ കൂടാതെ അവർ ജോലി ചെയ്യുന്നു.. താന്‍  കുളിപ്പിക്കുന്ന വീട്ടിലെ കുഞ്ഞിനു കളിപ്പാട്ടവും കുഞ്ഞുടുപ്പുകളും വാങ്ങി കൊടുക്കല്‍ അവര്‍ക്കു നിര്‍ബന്ധമുള്ള കാര്യമാണ് ... ആ സ്നേഹ സമ്മാനം വേണ്ടെന്നു പറയാന്‍ നമുക്ക് അവകാശമില്ല .

ഒരിക്കല്‍  തീരെ വയ്യാതിരുന്നിട്ടും എന്റെടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു.  എന്തിനാ വയ്യാതെ  പുറത്തിറങ്ങിയത് ലീവ് എടുക്കാമായിരുന്നില്ലേ ?? എന്നു.    "നാട്ടില്‍ കുറച്ചു കാശ് അയക്കാനുണ്ടായിരുന്നു മോളെ  അതിനു വേണ്ടി ഇറങ്ങിയതാ എന്നായിരുന്നു മറുപടി. അപ്പോഴാണ്‌ ഞാന്‍ വീട്ടുകാരെ പറ്റി ചോദിച്ചതു.    
വീട്ടില്‍ സുഖമില്ലാതെ കിടപ്പിലായ ഭര്‍ത്താവും കല്യാണംകഴിഞ്ഞ   രണ്ടു പെണ്മക്കളും അവരുടെ ഭര്‍ത്താക്കന്മാരും . കെട്ടിച്ചയച്ച മക്കളുടെ ഭര്‍ത്താക്കന്മാരെയും നോക്കേണ്ട അവസ്ഥയിലാണവർ . എല്ലാ വയറുകളും കഴിഞ്ഞ് പോകുന്നത്  മാസാമാസം ഇവര്‍ അയക്കുന്ന കാശ് കൊണ്ട്. അവരുടെ കഥ മുഴുവന്‍ കേട്ടപ്പോള്‍ ഞാന്‍ വല്ലാതായി.... 
പെട്ടെന്ന് വന്ന ദേഷ്യത്തില്‍ ഞാന്‍ ചോദിച്ചു പോയി
"എന്തിനാ താത്ത  അവർക്കും കാശയക്കുന്നെ  അവര്‍ക്കു സ്വന്തമായി തൊഴില്‍ ചെയ്തൂടെ?  
"മോളെ എന്‍റെ മക്കള്‍ അവരുടെ കൂടെ സമാധാനമായി  നില്‍ക്കണമെങ്കില്‍ ഞാന്‍ മാസത്തില്‍ അയച്ചേ മതിയാകൂ"  

പിന്നീട് എനിക്കൊന്നും അവരോടു ചോദിക്കാന്‍ തോന്നിയില്ല. ഞാന്‍ സംസാരം അവസാനിപ്പിച്ചപ്പോള്‍ അവര്‍ ഫോണെടുത്ത് നാട്ടിലേക്ക് ഭര്‍ത്താവിനെ വിളിച്ചു. നല്ല തമിഴിലായിരുന്നതിനാല്‍ എനിക്കൊന്നും മനസ്സിലായില്ലെങ്കിലും അവര്‍ സംസാരത്തിനിടയില്‍ ഏറെ വിഷാദചിത്തയാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. അന്ന് ആ മിഴികള്‍ അണഞ്ഞും തെളിഞ്ഞും ഒടുവില്‍ ഈറനണിഞ്ഞും  സംസാരം തുടര്‍ന്ന് ഒടുവില്‍ വിതുമ്പിക്കൊണ്ട് എന്നോട് യാത്ര പറഞ്ഞു പോയത് ഞാനിന്നും ഓര്‍ക്കുന്നു. പിന്നീട് അവരെ ഇന്നാണ് കാണുന്നത്. തീരാത്ത പ്രവാസവുമായി അവര്‍ ജീവിതത്തോടു ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുന്നു..

ഒരുപാട് നാളുകളുകൾ ഇത്തിരി  ഇടവേളകൾ മാത്രം നാട്ടിൽ നിൽക്കുന്നതൊഴിച്ചാൽ 
ഈ മണലാരണ്യത്തിൽ  ,ജീവിതമാകുന്ന കണക്കുപുസ്തകത്തിൽ
സമാന്തര രേഖകള്‍ രചിച്ചു  മുന്നോട്ട് പോകുന്ന  ജീവിതതിന്റെ  വഴികള്‍... അവ കൂട്ടിമുട്ടിക്കാനായി.. പെടാപാടുപെടുന്ന കുറെ പെൺ ജീവിതങ്ങളിൽ ഒരുവളായി..ഈ താത്തയും..
പ്രവാസികളുടെ വേര്‍പാടും വേദനയും ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും  ഭർത്താവിനേയും  മക്കളെയും  പിരിഞ്ഞു കടലിനിക്കരെ  വന്നു പല ദേശക്കാരുടെയും ഭാഷക്കാരുടെയും വീടുകളില്‍ വിശ്രമമില്ലാതെ അദ്ധ്വാനിച്ച്  അന്നത്തിനു വക തേടുന്ന  ഈ ഇത്ത എന്‍റെ കാഴ്ചയില്‍ വേറിട്ട ഒരു വ്യക്തിത്വം തന്നെയാണ്. തന്റേതായ എല്ലാ  ആഗ്രഹാഭിലാഷങ്ങളും മാറ്റി വെച്ചു ആശ്രിതര്‍ക്ക് തണലേകുവാൻ   ജീവിതത്തിന്റെ നല്ല പ്രായത്തില്‍ പ്രവാസത്തിന്റെ വരള്‍ച്ചയില്‍ സ്വയം ഉരുകിത്തീരുന്ന ഈ ത്യാഗമതിയെ  ഓർത്തപ്പോൾ ഞാന്‍ onv യുടെ പെങ്ങള്‍ എന്ന കവിതയിലെ വരികള്‍ ‍ ഓര്‍ത്ത്‌ പോയി.

നെഞ്ചില്‍ മുലപ്പാല്‍ നിറഞ്ഞു വിങ്ങുമ്പോഴും 
കുഞ്ഞിനെ എങ്ങോ കിടത്തി  
 പലര്ക്കുള്ള കഞ്ഞിക്കു വേണ്ടി മടച്ചു വീഴുന്നവള്‍...
                                                                            
  
                                                                    

  


71 അഭിപ്രായങ്ങൾ:

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

സ്ത്രീയുടെ വേദന അറിഞ്ഞു കണ്ടു നോമ്പരപ്പെടുന്ന പോസ്റ്റ്‌ അതിലുടെ ഓ എന്‍ വി സാറിന്റെ അമ്മ എന്നാ കവിതയിലെ പരാമര്‍ശവും നന്ന്

നിശാസുരഭി പറഞ്ഞു...

ഓര്‍മ്മക്കുറിപ്പ് നന്നായി.

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

നല്ല ഓര്‍മ്മക്കുറിപ്പ്...
നന്നായി എഴുതി.

കെ.എം. റഷീദ് പറഞ്ഞു...

ഇത്തരം ഒരുപാട് ജീവിതങ്ങള്‍ കൂടികുഴഞ്ഞ
മായ ലോകമാണ് പ്രവാസം
സാധിക്കുമെങ്കില്‍ ആരും പ്രവാസി (പ്രയാസി) ആകരു

കൂതറHashimܓ പറഞ്ഞു...

മ്മ്...
പ്രവവാസത്തിനു വിരഹവും സങ്കടവും മാത്രേ നല്‍കനാവൂ ല്ലേ???

ManzoorAluvila പറഞ്ഞു...

പ്രവാസ പ്രരാബ്ദങ്ങളുടെ മറ്റൊരു കണ്ണി...അനുഭവങ്ങൾ നന്നായ് പങ്കുവെച്ചു. ഹബീത്ത ഒരു വിങ്ങലായ്...
ഇഷ്ടമായ് എല്ലാ ഭവുകങ്ങളും

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല പോസ്റ്റ്. വായിച്ചപ്പോള്‍ എവിടെയൊക്കെയോ ഒരു നൊമ്പരം.

രമേശ്‌ അരൂര്‍ പറഞ്ഞു...

അനുസ്മരണം കൊള്ളാം ..
@@ജീ . ആര്‍ . കവിയൂര്‍: കവിതാ ശകലം ഓ എന്‍ വി യുടെ പെങ്ങള്‍ എന്ന കവിതയില്‍ നിന്നാണ് ..

അജ്ഞാതന്‍ പറഞ്ഞു...

ജി.ആർ സർ ഒ.എൻ.വി യുടെ പെങ്ങൾ എന്ന കവിതയിലെ വരികൾ ആണെന്നു തന്നെയാണ് ഈയിള്ളവളുടെ അറിവ്..

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

മരുഭൂമിയില്‍ ഒറ്റപ്പെടുന്ന പുരുഷന്മാരെ പറ്റിയാണ് കൂടുതല്‍ വായിച്ചത്. ഇത് വേറിട്ട ഒരു അനുഭവമായി. കുഞ്ഞിനെ പരിചരിക്കുന്നതൊക്കെ മനോഹരമായി. പല പ്രവാസി ഉപ്പമാരും ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കും അത്. ഒരു നൊമ്പരം ബാക്കിയായി...

ചന്തു നായര്‍ പറഞ്ഞു...

വേരിട്ട വായനാസുഖം( അതോ അവസ്ഥ ദു:ഖമോ) എല്ലാ നന്മകളും

ഹാഷിക്ക് പറഞ്ഞു...

പ്രവാസിയുടെ കഥ എങ്ങനെ പറഞ്ഞാലും അവസാനഭാഗം ഇങ്ങനെയൊക്കെ ആയിരിക്കുമല്ലേ? അതിപ്പോള്‍ ആണായാലും പെണ്ണായാലും. നാട്ടില്‍ ഇവരും 'ഗള്‍ഫുകാരി' എന്നായിരിക്കുമല്ലോ അറിയപ്പെടുക? നന്നായി പറഞ്ഞു.

Echmukutty പറഞ്ഞു...

ഈ കുറിപ്പ് നന്നായി, പ്രവാസി സ്ത്രീകൾ അതും ഒറ്റയ്ക്ക് അധ്വാനിച്ച് കഴിയുന്നവർ, അവരെക്കുറിച്ച് എഴുതി കണ്ടീട്ടുള്ളത് വളരെ വളരെ വിരളമാണ്.

നാമൂസ് പറഞ്ഞു...

അനേകങ്ങളില്‍ ഒരാള്‍. അത് ഉമ്മു അമ്മാറിന്‍റെ ഹബീബാത്ത.
കാര്യം ഭംഗിയായി അവതരിപ്പിച്ചു.

jayaraj പറഞ്ഞു...

manoharamaya nomparapeduthunna post.

SHANAVAS പറഞ്ഞു...

മനസ്സില്‍ വളരെ അധികം നൊമ്പരം ഉണര്‍ത്തിയ പോസ്റ്റ്‌. ഇവരെയും "ഗള്‍ഫുകാരി" എന്നായിരിക്കുമല്ലോ വിളിക്കുന്നത്‌?

Noushad Koodaranhi പറഞ്ഞു...

ചില അമ്മ വിചാരങ്ങള്‍.... നന്നായി പറഞ്ഞു പോയത്....

ചെറുവാടി പറഞ്ഞു...

ഒത്തിരി സങ്കടായി ഈ കുറിപ്പ് വായിച്ചിട്ട്.
വായിച്ച് തീര്‍ന്നിട്ടും ആ ഇത്തയും അവരുടെ സങ്കടങ്ങളും എന്‍റെ കൂടി വിഷമമായി മാറുന്നു.
കുഞ്ഞുങ്ങളെ നോക്കുന്നതില്‍ അവര്‍ കാണിക്കുന്ന ശ്രദ്ധയും ഒപ്പം സ്വന്തം മക്കള്‍ക്കുവേണ്ടി , കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുകയും ഈ ചെയ്യുന്ന അവര്‍
തീര്‍ച്ചയായും ഒറ്റപ്പെട്ട വേറിട്ട ഒരാള് തന്നെ.
നല്ലൊരു കുറിപ്പായി ഇത്. ഇഷ്ടപ്പെട്ട്‌ ഉമ്മു അമ്മാര്‍.
അഭിനന്ദനങ്ങള്‍

തൂവലാൻ പറഞ്ഞു...

ചിന്തിപ്പിക്കുന്ന എഴുത്ത്...നല്ല അവതരണം..

Manoraj പറഞ്ഞു...

ഒട്ടേറെ പ്രവാസികള്‍ ഇത്തരം വിഷമങ്ങള്‍ അനുഭവിക്കുന്നു. സ്തീകളെ പോലെ തന്നെ പുരുഷന്മാരും ഉണ്ടെന്ന് തന്നെ എന്റെ പക്ഷം. വികാരപരമായി എഴുതിയിട്ടുണ്ട്.

അസീസ്‌ പറഞ്ഞു...

വായിച്ചു. നന്നായിട്ടുണ്ട് എഴുത്ത്.

ഇ-smile chemmad പറഞ്ഞു...

എത്ര എത്ര ഹബീബത്തമാര്‍.......
പ്രവാസത്തിലെ കാഴ്ചകളില്‍ നാമ കണ്ടു മുട്ടിയിട്ടുണ്ട്.....
ഓര്‍ത്തെടുക്കാന്‍ എന്റെ മനസ്സില്‍ ഒരു സെരീനയുണ്ട്. ഇവിടെ അറബി വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന വയനാട്ടുകാരി യുവതി.
മുന്പ് എങ്ങോ നടന്ന ഒരു വന്‍ തീപ്പിടുത്തത്തില്‍ മുഖം പൊള്ളി വിരൂപിയായ ഒരു സ്ത്രീ..
ഒരല്പം പരിചയ മായപ്പോള്‍ അവരെ കുറിച്ച് അവര്‍ വെളിപ്പെടുത്തിയ കഥകള്‍ കേട്ടിട്ട് എനിക്ക് കരച്ചില്‍ വന്നിട്ടുണ്ട് .

അലി പറഞ്ഞു...

വീട്ടുവേലക്കായി വരുന്ന നിരവധി സാധാരണക്കാരുടെ പ്രതിനിധിയാണ് ഹബീബത്തായും. കുടുബം പോറ്റാൻ വേണ്ടി കഷ്ടപ്പെടുമ്പോൾ തന്നെ അവരെക്കൊണ്ട് ധൂർത്തടിച്ച് ജീവിക്കുന്ന ചില ബന്ധുക്കളെയും കണ്ടിട്ടുണ്ട്.

പോസ്റ്റ് നന്നായി.

Sameer Thikkodi പറഞ്ഞു...

അതെ.. വേറിട്ട ഒരു അനുഭവം (കഥയല്ല... ഇതു തന്നെ ജീവിതം)... നൊമ്പരപ്പെടുത്തി വിവരണം...

sm sadique പറഞ്ഞു...

പാവം ഹബീബാത്ത
ഇതിലും ഏറെ കഷ്ട്ടതകൾ സഹിക്കുന്ന അനേകം ഹബീബാത്തമാർ
ജീവിതം ഇങ്ങനെയാണ്.
ക്ഷെമിക്കുക
സഹിക്കുക
പൊറുക്കുക
എല്ലാം മറക്കുക
നമ്മൾ മറവിലേക്ക് മറക്കും വരെ.

അജ്ഞാതന്‍ പറഞ്ഞു...

നന്നായി എഴുതി...ആശംസകള്‍..

ലീല എം ചന്ദ്രന്‍.. പറഞ്ഞു...

ഗള്‍ഫ്‌ നാട്ടില്‍ പോയി ആയമാരായി ജോലി ചെയ്തു മടങ്ങിവന്ന പലരെയും എനിക്കറിയാം.
അവര്‍ പിന്നെ മടങ്ങിപ്പോകാന്‍ താല്പര്യം കാണിക്കാതിരുന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്.
അവരും ഗള്‍ഫുകാര്‍ എന്ന ലേബലിലാണ് അറിയപ്പെടുന്നത്.പക്ഷെ തിരിച്ചെത്തിയതിനു ശേഷം
അവര്‍ കൂടുതല്‍ ഉത്സാഹത്തോടെ അധ്വാനിച്ചു ജീവിക്കുന്നു.
പ്രവാസ ജീവിതം അവര്‍ക്ക് നല്‍കിയ പാഠം അതാകും.
ഓര്‍മ്മക്കുറിപ്പ്‌ മനസ്സില്‍ കൊണ്ടു കേട്ടോ.
ആശംസകള്‍.

ജുവൈരിയ സലാം പറഞ്ഞു...

വായിച്ചു. നന്നായിട്ടുണ്ട് ..

നസീര്‍ പാങ്ങോട് പറഞ്ഞു...

nallezhutthukal...toutching...

ajith പറഞ്ഞു...

ഓരോ ജീവിതങ്ങള്‍!!!
സ്വന്തം കാര്‍ സ്വയം ഡ്രൈവ് ചെയ്ത് ഓരോ വീട്ടിലും വന്ന് ഈ ശുശ്രൂഷ ചെയ്യുന്ന ചില സ്ത്രീകളും ഇവിടെ ഈ ബഹറിനില്‍ കണ്ടിട്ടുണ്ട്.

faisalbabu പറഞ്ഞു...

പോസ്റ്റിന്റെ ആദ്യം മുതല്‍ അവസാനം വരെ ഈ ഇത്താത്ത യുടെ കൂടെ മനസ്സും സഞ്ചരിച്ചു ....
പഴയ ടോംസ് കാര്‍ട്ടൂണില്‍ കാണുന്ന കറുത്ത കൂളിംഗ് ഗ്ലാസും ചാടിയ വയറും .വലിയ മൂന്നു നാലു പെട്ടികളുമായി നാട്ടില്‍ വന്നിറങ്ങുന്ന പ്രവാസി ഇന്നില്ല .പകരം ജീവതം മുഴുവന്‍ മറ്റുള്ളവര്‍ക്ക് നീകിവെച്ചു ആര്‍ക്കും ഒരുപകാരുവില്ലാത്ത വാര്‍ധക്യം ചിലവിടാന്‍ നാട്ടിലേയ്ക്ക് ഒരു ചെറിയ ബാഗുമായി പുറപെടുന്നവനായി പുതിയ പ്രവാസി മാറി യിര്‍ക്കുന്നു ..ഇതും കൂടി വായ്ക്കുമല്ലോ ?...http://www.oorkkadavu.blogspot.com/

Salam പറഞ്ഞു...

ഗള്‍ഫ്കാരിലെ അധികം പറയപ്പെടാത്ത, വരയ്ക്കപ്പെടാത്ത ഒരു ചിത്രം, ദുഃഖചിത്രം ഇവിടെ തന്മയത്ത്വത്തോടെ വരച്ചിട്ടു. ഒരു പാട് വെളിപാടുകള്‍ നല്‍കുന്ന പോസ്റ്റ്‌.

ഷമീര്‍ തളിക്കുളം പറഞ്ഞു...

പ്രവാസം പിന്നെയും പിന്നെയും പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്നു...!

Nishana പറഞ്ഞു...

ഇങ്ങനെ എത്ര പേര്‍ നമുക്ക് ചുറ്റും...ഹൃദയസ്പര്‍ശിയായ വിവരണം..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

വളരെ ഹൃദയ സ്പര്‍ശിയായ ഒരനുഭവക്കുറിപ്പ്. ഗദ്ദാമ എന്ന, അറബികളെ ചളി വാരിയെറിയുന്ന, സിനിമയുണ്ടാക്കിയ കമല്‍ ഇത്തരം കഥാ പാത്രങ്ങളെ എന്തു കൊണ്ടു കാണുന്നില്ല?( ഈയിടെ കുടുംബ മാധ്യമത്തില്‍ കുഞ്ഞിനെ മുലയൂട്ടേണ്ട ഒരു വേലക്കാരിയെ 2 വര്‍ഷത്തെ ശമ്പളവും ടിക്കറ്റും കൊടുത്തു നാട്ടിലേയ്ക്ക് പറഞ്ഞയക്കുന്ന ഒരറബി കുടുംബത്തെപ്പറ്റി വിവരിച്ചിരുന്നു!). ആശംസകള്‍ നേര്‍ന്നു കൊണ്ട്.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

മനസ്സിനെ നൊമ്പരപ്പെടുത്തിയ വായന... ഹൃദയത്തില്‍ തൊടുന്ന വിവരണം.

മുകിൽ പറഞ്ഞു...

നന്നായി. മണലാരണ്യത്തിലെ കഷ്ടപ്പാ‍ടുകള്‍ അനുഭവിക്കുന്ന പുരുഷന്മാരെക്കുറിച്ചേ അറിയൂ..

sreee പറഞ്ഞു...

ഉമ്മുവിന്റെ മനസ്സിലെ വിങ്ങൽ മറ്റുള്ളവരിലേക്കു പകരാൻ വിധം ഭംഗിയായി എഴുതി. പ്രായമായ അമ്മ വീട്ടുജോലിക്കു പോയി, മക്കൾക്കും കൊച്ചുമക്കൾക്കും പിന്നെ മരുമക്കൾക്കും ചെലവിനു കൊടുത്തിട്ടും അവരുടെയെല്ലാം ശകാരവും കേൾക്കണം,സ്നേഹവുമില്ലയെന്നു ദുഃഖിക്കുന്ന ഒരമ്മയെ ഇന്നലെ പരിചയപ്പെട്ടതേയുള്ളു.

അഭി പറഞ്ഞു...

നന്നായി എഴുതി.

ഒരു യാത്രികന്‍ പറഞ്ഞു...

മനസ്സില്‍ തൊട്ട കുറിപ്പ്......സസ്നേഹം

Akbar പറഞ്ഞു...

ഇങ്ങിനെയും ജീവിതങ്ങള്‍. നല്ല അവതരണം.

കൊമ്പന്‍ പറഞ്ഞു...

ജീവിത ത്തിന്റെ നാനാ തുറയിലും നാനാ ജാതി മനുഷ്യര്‍
സ്വ സന്തോഷങ്ങളെ യും ദുഖങ്ങളെയും കണ്ണ് നീരിന്റെയും ഗദ് ഗദ ങ്ങളുടെയും ഉള്ളിലൊളിപ്പിച്ചു മറ്റുള്ളവരുടെ സന്തോഷ ത്തിനു വേണ്ടി ജീവിക്കുന്നവര്‍
ചെയ്യുന്ന ജോലിക്ക് ഉള്ള വേതനത്തെ മാത്രം നോക്കാതെ സ്നേഹത്തോടെ സഹ ജീവികളെ പരിചരിക്കുന്നവര്‍ ഇത് പോലെ ഉള്ള ഇത്ത ആതുര സേവന രംഗത്തെ നേഴ്സ് മാരും ശരിക്കും ദൈവത്തിന്റെ മാലാഖ മാര്‍ തന്നെ
പക്ഷെ എന്ത് ചെയ്യാം ഇതൊന്നും കാണാന്‍ മനുഷ്യനുള്ള കണ്ണുകള്‍ക്ക് തിമിരം വന്നു കഴിഞ്ഞിരിക്കുന്നു .
നല്ല എഴുത്ത് ആശംഷകള്‍

ചെറുത്* പറഞ്ഞു...

ഹ്മം....ഇനിയിപ്പൊ ചെറുത് എന്ത് പറയാനാ. പ്രവാസ കഥകള്‍ കേക്കുമ്പൊ സ്ഥിരം പറയാറുള്ളതൊക്കെ മിക്കവരും പറഞ്ഞ് കഴിഞ്ഞു, അതുകൊണ്ട്..... ഓര്‍മ്മകള്‍ പങ്കുവച്ച നല്ലമനസ്സിന് നന്ദി മാത്രം.

ആശംസകള്‍!

Ashraf Ambalathu പറഞ്ഞു...

ഹബീബ താത്തയെ കുറിച്ചുള്ള വിവരണം വായിക്കുമ്പോള്‍ മനസ്സിനുള്ളില്‍ എവിടെയോ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു.
ഹബീബ താത്തയെ ഒരു ജോലിക്കാരിയായിട്ടല്ല, ഒരു ഉമ്മയുടെ സ്ഥാനത്താണ് കണ്ടത് എന്നത് ഉമ്മു അമ്മാര്‍ എന്ന ആ വലിയ മനസ്സിന്‍റെ ഉടമയോട് എന്നിലുള്ള ആദരവും ബഹുമാനവും വര്‍ദ്ധിപ്പിച്ചു. പരസ്പരം മനസ്സിലാക്കാനോ മറ്റുള്ളവരുടെ വിഷമങ്ങളില്‍ പങ്കുചേരാനോ ഭൂരിഭാഗം ജനങ്ങളും തയ്യാറാകാത്ത ഈ കാലത്ത് ഇങ്ങനൊരു ബ്ലോഗ്‌ പോസ്റ്റ് ചെയ്ത ഉമ്മുഅമ്മാറിന്‌ എന്‍റെ വക ഒരു ബിഗ്‌ സല്യൂട്ട്.

Naushu പറഞ്ഞു...

വേറിട്ടൊരു അനുഭവം ...
നന്നായി എഴുതി...

സീത* പറഞ്ഞു...

മരുഭൂമിയിൽ ഉരുകിത്തീരുന്ന ഇത്തരം എത്രയോ ജന്മങ്ങൾ...നന്നായി അവതരിപ്പിച്ചു...ആശംസകൾ

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

താനേ ചിതലേറും കോലങ്ങള്‍....
തീരാ ശനി ശാപ ജന്മങ്ങള്‍....

keraladasanunni പറഞ്ഞു...

ത്യാഗത്തിന്‍റെ പര്യായമാണ് ആ ഹബീബത്താത്ത.

വാല്യക്കാരന്‍.. പറഞ്ഞു...

അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങള്‍ക്കതു താന്‍ കാരാഗ്രഹം..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നൊമ്പരപെടുത്തുന്ന ഓര്‍മ്മകള്‍ .ആ ഓര്‍മ്മകള്‍ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു .അഭിനന്ദനങ്ങള്‍ .ആശംസകളോടെ ..

വീട്ടുകാരന്‍ പറഞ്ഞു...

ഓര്‍മ്മകളെ നന്നായി അവതരിപ്പിച്ചു... ചെറിയൊരു നൊമ്പരം ഇപ്പോഴും മനസ്സില്‍ തങ്ങുന്നു.... എന്താണെന്നറിയില്ല... സ്നേഹാശംസകള്‍ .... ഇനിയും ഒരുപാട് എഴുതുക....

Vayady പറഞ്ഞു...

ഗള്‍ഫില്‍ വീട്ടുജോലിയെടുത്ത് കഷ്ടപ്പെടുന്ന ഇത്താത്തയുടെ ജീവിതം മനസ്സിനെ സ്പര്‍ശിച്ചു. അറിഞ്ഞോ അറിയാതെയോ ബന്ധുക്കളാല്‍ ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു ജന്മം. ഉമ്മുവിനെ പോലെ നല്ല മനസ്സുള്ളവരാണ്‌ ഈ മരുഭൂമിയിലും അവര്‍ക്ക് ആശ്വാസം പകരുന്നത്. ഹബീബ താത്തയോടുള്ള സ്നേഹവും ബഹുമാനവും എന്നും ഉണ്ടായിരിക്കട്ടെ.

ചെകുത്താന്‍ പറഞ്ഞു...

:(

MyDreams പറഞ്ഞു...

ഇങ്ങനെയും ചില ജീവിതങ്ങള്‍.. ....

CYRILS.ART.COM പറഞ്ഞു...

വായിച്ചു.കുട്ടിയെ പരിചരിക്കുന്നതും അവരുടെ ദിനചര്യകളും ഒക്കെ നന്നായി പറഞ്ഞു.പക്ഷേ, താത്തയുടെ കുടുംബ പശ്ചാത്തലും അതിലെ നൊമ്പരങ്ങളും അല്പം കൂടെ ആഴം കൂട്ടി പറഞ്ഞിരുന്നെങ്കിൽ ചില ചോദ്യങ്ങൾ എൻറെ മനസ്സിൽ വരുമായിരുന്നില്ല.എന്തായാലും നന്ദി ഉമ്മാർ...

..naj പറഞ്ഞു...

Well written.

ഒരില വെറുതെ പറഞ്ഞു...

മനുഷ്യപ്പറ്റുള്ള ഭാഷ.
ലളിതമായി, ഒഴുക്കോടെ കാര്യങ്ങള്‍ പറയുന്നു.
ഓരോ മനുഷ്യരും ഉള്ളില്‍എത്രയെത്ര
സങ്കട ലോകങ്ങളാണ് കൊണ്ടുനടക്കുന്നത്.
ചിരി കളികളിലൂടെ എത്ര കരച്ചിലാണ്
മറച്ചുവെക്കുന്നത്.

Jenith Kachappilly പറഞ്ഞു...

മനസ്സില്‍ തൊടുന്ന എഴുത്താണ് കേട്ടോ ഓര്‍മ്മക്കുറിപ്പ്‌ വായിച്ചിട്ട് സങ്കടം വന്നു. എഴുത്ത് തുടരട്ടെ ഇനിയും വരാം... സമയം കിട്ടുകയാണെങ്കില്‍ ഇടയ്ക്ക് ഈ വഴിക്കും ഇറങ്ങുക http://jenithakavisheshangal.blogspot.com/ :)

ente lokam പറഞ്ഞു...

ഈ നല്ല അമ്മയുടെ ദുഃഖം മനസ്സില്‍
തട്ടി ...

ഓടി നടന്നു കാശ് വാങ്ങി ഗള്‍ഫിലെ ഏറ്റവും കൂടുതല്‍ "വിലപ്പെട്ട " കുളിപ്പീര് ജോലി നടത്തി നിവൃത്തി കേടു കൊണ്ടു അല്പം പ്രതിഫലം കുറഞ്ഞു പോയപ്പോള് നിഷ്കരുണം കുഞ്ഞിനേയും അമ്മയെയും മുന്‍‌കൂര്‍
notice ഇല്ലാതെ ഇട്ടിട്ടു പോകുന്നവരും നമ്മുടെ
നാടുകാര്‍ തന്നെ ...

ജീവിതത്തിന്റെ രണ്ടു വശങ്ങള്‍ എന്നേ തോന്നുന്നുള്ളൂ ..ആശംസകള്‍ ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ശീതീകരണിയുടെ ആലസ്യവും, 'ഖുബ്ബൂസും മട്ടന്‍കറിയും കൊഴുപ്പിച്ച ശരീരവും, നിര്‍ലോഭം സമയവും, ഒന്നിച്ചു ചേര്‍ന്ന ആധുനിക ഗള്‍ഫ്‌വീട്ടമ്മമാര്‍ ഒരുവശത്ത്.....

കണ്ണീരും നൊമ്പരവും പീഢനവും ഭക്ഷിച്ച് ജീവിതം ആര്‍ക്കൊക്കെയോ വേണ്ടി ബലികഴിക്കുന്ന 'ഹബീബത്താത്തമാര്‍, മറുവശത്ത്‌....

ചിന്തിക്കുന്നവര്‍ക്ക് രണ്ടിലും മികച്ച പാഠങ്ങളുണ്ട്!

Jazmikkutty പറഞ്ഞു...

ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്‍റെ മനസ്സും 'സുജാത' എന്ന ഒരു സ്ത്രീയിലേക്ക് പോയി..ഇതേ പോലെ ഞാന്‍ കണ്ടിട്ടുള്ള..വളരെ നന്നായി എഴുതി ഉമ്മു അമ്മാര്‍..എനിക്കിത് വായിച്ചു മനസ്സില്‍ വല്ലാതെ നൊമ്പരമായി..അഭിനന്ദനങ്ങള്‍...

നികു കേച്ചേരി പറഞ്ഞു...

നല്ല നിരീക്ഷണം..നന്നായി പകർത്തി....
ആശംസകൾ

mayflowers പറഞ്ഞു...

പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞു കഴിഞ്ഞു.
മരുഭൂവില്‍ ജീവിതം ഹോമിക്കേണ്ടിവരുന്ന എല്ലാ ഹബീബത്തമാര്‍ക്കും വേണ്ടി പ്രാര്‍ത്ഥനയോടെ..

ഹാക്കര്‍ പറഞ്ഞു...

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

Lipi Ranju പറഞ്ഞു...

ആ ഇത്താത്ത മനസ്സില്‍ നിന്ന് പോകുന്നില്ല... ഇഷ്ടായി ഈ പോസ്റ്റ്‌ .

അജ്ഞാതന്‍ പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ് പ്രോത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ ഹൃദ്യമായ നന്ദി അറിയിക്കട്ടെ അപ്പോ കണ്ടില്ലെ അടുത്ത പോസ്റ്റ്....??????

ബിഗു പറഞ്ഞു...

പാവം :(

ജുവൈരിയ സലാം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജുവൈരിയ സലാം പറഞ്ഞു...

മാധ്യമം ചെപ്പിൽ വായിച്ചു എന്ന് ഉപ്പ പറഞ്ഞപ്പോൾ ഒന്നു കൂടി വായിച്ചു...അനുഭവം നന്നായി പറഞ്ഞിരിക്കുന്നു....

Arif Zain പറഞ്ഞു...

നന്നായി ഉം അമ്മാര്‍.നാട് വിടുമ്പോള്‍ നമുക്കുണ്ടാകുന്ന ഏറ്റവും വലിയ നേട്ടം ഈ പരജീവി സ്നേഹം തന്നെയാണ്. എന്‍റെ വീട്ടുകാരി കൂടെ ഉണ്ടായിരുന്നപ്പോള്‍ അവള്‍ ഓരോ ദിവസവും ഓരോ കഥയുമായി വരും. പള്ളിയില്‍ വെച്ച്, മകളെ സ്കൂളില്‍ കൊണ്ട് വിടുമ്പോള്‍, സാധനങ്ങള്‍ വാങ്ങാന്‍ സൂപര്‍ മാര്‍കെറ്റില്‍ പോകുമ്പോള്‍ അയല്‍ ഫ്ലാറ്റുകളില്‍ പോവുമ്പോള്‍ എല്ലാം അവള്‍ക്കൊരു കദനം കശക്കിയ കൂട്ടുകാരിയെ കിട്ടും. ആ ചോരക്കിനിപ്പുകള്‍ വേദനിപ്പിക്കുന്നവയായിരുന്നു. ഇതിന്‍റെ ഭാഷ നന്നായി എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. നല്ല സന്ദേശം.

Shaleer Ali പറഞ്ഞു...

മാധ്യമം ചെപ്പില്‍ ഞാന്‍ വായിച്ചിരുന്നു മുന്‍പ് ഹബീബതാത്ത എന്നാ കഥ...
നമുക്ക് ചുറ്റിലും ചിരിച്ചു നടക്കുന്ന ഏതൊക്കെ മുഖങ്ങള്‍ ഇത് പോലുള്ള ഹബീബത്താത്തമാരുടെയാനെന്നു നമ്മളറിയുന്നില്ല ..
ഹൃദയം നോവിച്ച അനുഭവത്തിലെ നോവ്‌ അക്ഷരങ്ങളിലും പകര്‍ത്തിയ എഴുത്ത്... ഇഷ്ടമായി...