ഞായറാഴ്‌ച, നവംബർ 28, 2010

കൊഴിയുന്ന മോഹങ്ങൾ പറയുന്നത്…….



മാറിൽ തല ചായ്ച്ച് നൊമ്പരം പങ്കു വെക്കുമ്പോൾ അവളുടെ സ്നേഹ ഗീതം എന്നിൽ ഉണർത്തു പാട്ടായി. മൌനത്തിൽ പോലും ഞങ്ങളുടെ കണ്ണുകൾ ഒരായിരം പ്രണയ കഥകൾ പങ്കിട്ടു ..എന്റെ മനസിന്റെ തേങ്ങലുകൾ പോലും ഒരു മർമ്മരം പോലെ അവൾ തൊട്ടറിഞ്ഞു.എന്റേതെന്നോ അവളുടേതെന്നോ വ്യത്യാസമില്ലാതെ സന്തോഷങ്ങളും സങ്കടങ്ങളും കൈമാറി.. അവളുടെ നൊമ്പര വീണകൾ എന്നിൽ അപശ്രുതിയായി മാറി.. അവൾക്ക് ഒരു ജീവിതമുണ്ടെങ്കിൽ അതെന്നോടെപ്പം മാത്രമായിരിക്കുമെന്ന് എന്റെ കാതിൽ അവൾ പലവട്ടം മന്ത്രിച്ചു.
എന്നിട്ടുമവൾ
ഒരു ധനികന്നു മുന്നിൽ തല കുനിച്ചു നിന്നു.. അയാളുടെ കൈ പിടിച്ച് നിലവിളക്കിനും നിറപറയ്ക്കു ചുറ്റിലും വലയം വെച്ച്. ആ വലയം എന്റെ സമ്പത്തിനെ പ്രധിനിധീകരിക്കുന്ന വട്ടപൂജ്യമായിരുന്നു എന്ന് അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു . അതുതെന്നെയായിരുന്നു എന്റെ സ്നേഹത്തിനു അവൾ കൽ‌പ്പിച്ച മൂല്യവും.

ബുധനാഴ്‌ച, നവംബർ 24, 2010

ഭരണകൂടഭീകരതയും കോടതിയും

ഒടുവിൽ പതിറ്റാണ്ടുകൾക്ക് ശേഷം നക്സലൈറ്റ് വർഗീസിന്റെ ആത്മാവിനു
അൽ‌പ്പമെങ്കിലും സന്തോഷിക്കാം . തന്റെ കൊലയാളിയെ ഒരാളെയെങ്കിലും ലോകത്തിനു മുൻപിൽ കൊണ്ടുവരാൻ സാധിച്ചല്ലോ.  വാസുവേട്ടൻ പോലും കോടതിയെ അഭിനന്ദിച്ചിരിക്കുകയാണു. ഭരണകൂടം പൌരന്മാരുടെ അവകാശങ്ങൾ  കവർന്നെടുക്കുകയും  അവരെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുമ്പോഴാണു സമൂഹത്തിൽ കലഹങ്ങളും അസ്വാസ്ഥ്യങ്ങളും രൂപം കൊള്ളുന്നത് . ലോകത്ത്  തീവ്രവാദ പ്രസ്ഥാനങ്ങളുടെ  കാരണങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ നമുക്കിത് ബോധ്യപ്പെടുന്നതാണു. അതിനു കൂടുതൽ ഗഹനമായ പഠനം വേണമെന്ന് ഈയുള്ളവൾക്ക് തോന്നുന്നില്ല. എന്നാൽ, തീവ്രമായ നിലപാടുകൾ സാമൂഹ്യപരിവർത്തനങ്ങൾക്ക് ഹേതുവായി തീരുമെന്നു പ്രതീക്ഷിക്കുന്നുമില്ല.  ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം നമുക്ക് പറഞ്ഞുതരുന്നതും മറ്റൊന്നല്ല.
               സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടേയും അടിയാളന്മാരുടേയും അവകാശങ്ങൾക്കുവേണ്ടി  പടപൊരുതാനാണു എഴുപതുകളിലെ ക്ഷുഭിതയവ്വനം കർമ്മരംഗത്തേക്ക് വന്നത്.  അജിതയും വർഗ്ഗീസുമൊക്കെ ആവരിൽ ചിലർ മാത്രമായിരുന്നു. അനീതിക്കെതിരേയും സാമൂഹ്യ അസമത്വത്തിനെതിരേയും അവർ സായുധമായിതന്നെ പ്രതികരിച്ചു. വളരെ പെട്ടെന്നുതന്നെ വർഗീസ് ഭരണകൂടെത്തിന്റെ കണ്ണിലെ കരടായി തീരുകയും ചെയ്തു.യഥാർത്തത്തിൽ ആപോരാളിയെ മരണത്തിലേക്ക്  കൈപിടിച്ചാനയിച്ച  കറുത്തകൈകൾ ഇന്നും സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുകയണു. നായരും ലക്ഷമണയും വിജയനും ഭരണകൂട ചട്ടുകങ്ങൾ മാത്രമാണു . അടിയന്തിരാവസ്ഥകാലത്ത് അക്രമത്തിനും അരാജകത്വത്തിനും കൂട്ടുനിന്നവർ ഇന്നും അധികാരസോപാനങ്ങളിൽ അഭിരമിക്കുകയാണു. ഇവിടെയാണു നമ്മുടെ ജനാധിപത്യം വല്ലാതെ നിസഹായമായി തീരുന്നത് . കോടതികൾക്ക് തെളിവാണാവശ്യം.ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട ലക്ഷ്മണ ഒരിക്കലും തന്നെ ആ കാലഘട്ടത്തിലെ ഭരണ നേതൃത്വത്തെ പറ്റി ഒരക്ഷരം ഉരിയാടിയില്ല എന്നതും ശ്രദ്ധേയമായ കാര്യമാണു. എന്തുതന്നെയായാലും,പതിറ്റാണ്ടുകൾ കഴിഞ്ഞാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകതന്നെ വേണമെന്ന കോടതിയുടെ  പരാമർശം നല്ലതു തന്നെ. എന്നാൽ വേറെയും നിരവധി ഇരകൾ നീതി പ്രതീക്ഷിച്ചു കൊണ്ട് ഇന്ത്യാമഹാരാജ്യത്തിലെ നിരവധി ജയിലുകളിലും പുറത്തും കഴിയുന്നുണ്ട് എന്നുള്ള കാര്യം എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും . നാളത്തെ പ്രഭാതം നീതിയും നന്മയും നിറഞ്ഞതാകട്ടെ എന്നു നമുക്കു പ്രാർഥിക്കാം

വെള്ളിയാഴ്‌ച, നവംബർ 19, 2010

ജീവിതം വഴിമാറുമ്പോള്‍ ...



ആരവങ്ങള്‍ കെട്ടടങ്ങിയ
പൂരപ്പറമ്പില്‍
സ്വയം കീറി കാറ്റില്‍ പറന്നകന്ന
ഒരു പട്ടം...
കാറ്റും...
ആകാശവും...
അതിനെ വിദൂരതയിലേക്ക്
ആനയിക്കുന്നു
ദിക്കറിയാതെ ദിശയറിയാതെ
ജീവിതവും ….
അതിന്റെ പ്രയാണത്തില്‍
പലരുമായി അടുക്കുന്നു
പലരില്‍ നിന്നുമകലുന്നു
ആത്മ ബന്ധങ്ങള്‍
ബന്ധനത്തില്‍ കലാശിക്കുന്നു
ബന്ധങ്ങള്‍ വഴി മാറുമ്പോള്‍
മുച്ചൂടും പിഴുതെറിയാന്‍
പരസ്പരം പഴിചാരുന്നു
ഇനി കാണില്ലെന്ന വാക്കുകളില്‍
എല്ലാം ഒതുക്കി വിടപറയുമ്പോള്‍
അവരുടെ നിഴലുകള്‍
എന്നും നമ്മോടൊപ്പം
ഒന്നു കണ്ടിരുന്നെങ്കില്‍ …….
എന്ന മോഹവുമായി ..
കാലം യവനികക്കുള്ളില്‍
ഓടി ഒളിക്കുമ്പോള്‍..
എല്ലാ ഓര്‍മ്മകളും ..
ഹൃദയത്തിന്‍ തുടിപ്പില്‍
അലിഞ്ഞലിഞ്ഞില്ലാതാവുന്നു.....

വെള്ളിയാഴ്‌ച, നവംബർ 12, 2010

ഈദ് മുബാറക്ക്...




ഈ മരുഭൂമിയില്‍ ...
അനന്തമായി ‘
കുതിക്കുമീ ജീവിതയാത്രയില്‍...
പഥികരെ നിങ്ങള്‍ക്കായെന്‍
ഈദ് മുബാറക്ക്..
ചിരി തൂകി നില്‍ക്കുമാ പൌർണ്ണമി
പൊന്‍പ്രഭ പരത്തി മാനത്തുയരവെ..
നമ്മിലെ ചിന്തയും ദൈവസ്മരണയും
വിശുദ്ധ ഗേഹത്തില്‍
പുണ്യ ഹറമില്‍ അലയടിക്കുന്നു...
ഹാജറ തന്‍ കൈകുഞ്ഞിനായുള്ള
ദാഹ ജലം തേടി നെട്ടോട്ടമോടവെ..
ദൈവത്തിന്‍ കാരുണ്യഹസ്തമായി
കാലമിന്നും മറക്കാത്ത ധന്യസ്മൃതികളില്‍..
നിറഞ്ഞു തുളുമ്പുന്ന തീര്‍ത്ഥമാം സംസവും
ഓടിയെത്തുന്നു ഓര്‍മകളില്‍
ഉടയോന്റനുഗ്രഹ വര്ഷിപ്പുകള്‍
ഓതിടുന്നു ഞാനേവര്‍ക്കും
ബലിപെരുന്നാളിന്‍ ആശംസകള്‍
നേര്ന്നിടുന്നു.
ലോകരെ നിങ്ങള്‍ക്കെന്‍
സ്നേഹോഷ്മളമാം ...
ഈദ് മുബാറക്ക്...

ചൊവ്വാഴ്ച, നവംബർ 09, 2010

കടപ്പാട് ...


പ്രതീക്ഷയോടും പ്രത്യാശയോടും കൂടിയുള്ള പത്തുമാസത്തെ കാത്തിരിപ്പിനൊടൂവില്‍ തന്‍റെ ആഗ്രഹം പോലെ ഒരാണ്‍ കുഞ്ഞിനെ അവള്‍ ‍സമ്മാനിച്ചിരിക്കുന്നു... ദൈവത്തിനു സ്തുതി പറഞ്ഞു കൊണ്ട് പ്രസവ വാര്‍ഡിനു മുന്നില്‍ സന്തോഷത്താല്‍ കാത്തു നില്‍ക്കുമ്പോള്‍ നഴ്സ് അയാളെ അകത്തേക്ക് വിളിച്ചു. തന്റെ പൊന്നോമനയെ ഒന്ന് തൊട്ടു തലോടുവാന്‍ അവനെ ഒന്ന് ലാളിക്കാന്‍ ഭാര്യയുടെ അടുക്കലേക്ക് അയാള്‍ അതിവേഗം നടന്നു. .. !
നമ്മുടെ കുഞ്ഞു മോനെ കണ്ടോ....എന്ന അഹങ്കാരം അവളുടെ ചിരിയില്‍ നിന്നും അയാള്‍ വായിച്ചെടുത്തുവെങ്കിലും പേറ്റുനോവിന്റെ ക്ഷീണം അവളുടെ മുഖത്തയാള്‍ക്ക് കാണാന്‍ കഴിഞ്ഞു. തന്റെ കുഞ്ഞിന്റെ മൃദുലമാം മേനിയില്‍ വാത്സല്യത്തോടെ തൊട്ടു തലോടികൊണ്ടിരിക്കുമ്പോള്‍ കുഞ്ഞിന്‍റെ കൈകളിലേക്കയാള്‍ സൂക്ഷിച്ചു നോക്കി.
ചുരുട്ടിപിടിച്ച പിഞ്ചു കൈകള്‍ക്കുള്ളില്‍ എന്തോ അയാള്‍ കണ്ടു .........അത് മുലപാലിന്റെ വില ആയിരുന്നു എന്നു പെട്ടെന്ന് തന്നെ അയാള്‍ തിരിച്ചറിഞ്ഞു .....