വെള്ളിയാഴ്‌ച, മാർച്ച് 04, 2016

പറയാതെ വന്ന വിരുന്നു കാരി


പ്രവാസത്തിന്റെ ഏകാന്തതയിൽ  ..റൂമിന്റെ  ജനലരികിൽ നിന്നു വിദൂരതയിലേക്ക് നോക്കി കാണുന്നതായിരുന്നു   എന്റെ ലോകം .
ജനൽ ചില്ലുകളിൽ  തട്ടി സ്വർണ്ണവർണ്ണം വിതറി തിരിച്ചു പോകാനൊരുങ്ങുന്ന ഇളം  വെയിലിനെ മുറിയിലേക്ക്  ആനയിക്കാൻ ഞാൻ  തടസ്സമായി നിൽക്കുന്ന ജനൽ പാളികളെ തള്ളി മാറ്റാനൊരുങ്ങിയപ്പോൾ ആ ജനൽ ഭിത്തിയിലെ ഇത്തിരി പോന്ന ഭൂമികയ്യേറി അവിടെ കുടിൽ കെട്ടി താമസം തുടങ്ങിയിരിക്കുന്നു ഒരു കൊച്ചു സുന്ദരി... പ്രാവ് ...എന്റെ പെട്ടെന്നുള്ള കടന്നാക്രമണം  അതിന്റെ മേൽ വിലാസം ഇല്ലാതാക്കുമോ എന്നു പേടിച്ചാണോ എന്നറിയില്ല അത് എന്റെ കണ് വെട്ടത്ത് നിന്നും പറന്നകന്നു..   കടലാസു തുണ്ടുകൾക്കൊണ്ടും   ഇത്തിരി നാരുകൾക്കൊണ്ടും അലങ്കരിച്ചിരിക്കുന്ന ആ  കൂട്ടിൽ  മനോഹരമായ മുട്ടകൾ .എനിക്കു എന്തെന്നില്ലാത്ത് സങ്കടംതോന്നി തന്റെ കുഞ്ഞുങ്ങൾക്കായി നോമ്പും നോറ്റ് കാത്തിരിക്കുന്ന  ആ അമ്മയെ ആട്ടിയോടിച്ചതെന്തിനെന്നു എന്റെ മനസ്സ് എന്നോട് വീണ്ടും വീണ്ടും ചോദിച്ചു‌കൊണ്ടേയിരുന്നു..ഇനി അതു തിരിച്ചു വന്നില്ലെങ്കിൽ അതിന്റെ കുട്ടികൾ ചാപിള്ളായാകുമോ എന്ന ചിന്തയിൽ ജനൽ അടച്ചു പതിവു ശീലങ്ങളിൽ മുഴുകി ..ഇത്തിരി  കഴിഞ്ഞു ഞാൻ ജനൽ വിരികൾ സാവധാനം നീക്കി നോക്കിയപ്പോൾ... ആ വിരുന്നു കാരി തിരികെയെത്തിയതായി കണ്ടു..
അതിന്റെ മുട്ടയിൽ അത് അടയിരിക്കുന്നത് കണ്ടപ്പോൾ ഗർഭിണിയായ സുന്ദരി ദിവസങ്ങൾ എണ്ണി കാത്തിരിക്കുമ്പോലെ എനിക്കു തോന്നി..