ചൊവ്വാഴ്ച, ഡിസംബർ 13, 2016

വിധവ




ഓർമ്മകൾക്ക് ജന്മം നൽകിയ
വാക മരച്ചുവട്ടിലെ ആറടി മണ്ണിൽ ..
അവൻ  തനിച്ചുറങ്ങുമ്പോൾ
 നിഴലും നിലാവുമായിരുന്ന അവളെ അവൻ  കൂടെ കൂട്ടിയില്ല
അവനുറങ്ങുമ്പോൾ  ഉണരുന്നതും കാത്ത് അവളിരുന്നത് അവൻ മറന്ന് കാണുമോ..
രാത്രിയുടെ അന്ത്യ  യാമത്തിലും അവന്റെഉള്ളിലവളും അവളുടെ ഉള്ളിലവനും ഉണർന്നിരുന്നതും   മറന്നോ?
അവളെ  കൂട്ടാതെ
വിജനതയുടെ ശയ്യാഗൃഹത്തിൽ അവൻ
തനിച്ചുറങ്ങുന്നു.
ഏകാന്തതയുടെ ഇരുട്ട്
രാവും പകലും അവന്റെ  ലോകത്തെ മൂടുന്നു.
ഇപ്പോൾ അവളോരോന്നായി അറിയുന്നു..
അവനായിരുന്നു   പ്രാണനിശ്വാസം. അവനില്ലാതെ
 കാതുകൾ ബധിരം.
അവനില്ലാതെ  കാഴ്ചകൾ അന്ധം.
അവനില്ലാതെ
പാഴ്വസ്തുക്കളുടെ സ്മാരകം.
നിറമാർന്ന അവരുടെ ദാമ്പ്ത്യത്തിന്റെ
ഇടവഴിയിൽ   ദുഖവും സന്തോഷവും ഇഴകി ചേർന്നിരുന്നു..
കണ്ണുകൾകഥ പറയുമ്പോൾ മനസ്സ് മനസ്സുമായി സംവദിച്ചിരുന്നു..
ആ സുന്ദരമാം സായം സന്ധ്യകളെ..
വികൃതമാക്കി അവൻ വിട്ടകന്നു
എല്ലാം ഓർമ്മകളിൽ
സൂക്ഷിക്കാനേൽപ്പിച്ചു..
അവൻ പിൻ നടന്നു..
അവനും അവളും ഒപ്പം ചേർന്ന്
നടന്ന നീങ്ങിയ  തീരങ്ങളിൽ
അവന്റെ
മാഞ്ഞുപോയ കാൽപ്പാടുകൾ തേടി അവൾ അലഞ്ഞു തുടങ്ങി..
വഴിപോക്കരാം നമുക്കിവിടം സത്രമെന്നോതിയവർ ഓരോരുത്തരായി വിടചൊല്ലി..ഇപ്പോൾ വനും..
കണ്ണീർപ്പുഴയിൽ മുങ്ങിക്കിടക്കുന്നു ഇന്നവൾ
ഏകാന്തതയുടെ ചുടുവികാരങ്ങൾക്ക് ശമനമേകുവാൻ ..
കാത്തിരിക്കുന്നവൾ
മാഞ്ഞു പോയ സിന്ദൂര പൊട്ടിന്റെ ഓർമ്മയിൽ
അഴിച്ചു വെച്ച താലിച്ചരടിന്റെ സ്മരണയിൽ
ഈ വീട്ടുവരാന്തയിൽ വിട്ടേച്ചു പോയ ചന്ദനത്തിരിയുടെ ഗന്ധമോടെ
ശവമഞ്ചം കൊണ്ടു പോയ വഴികളിലേക്ക് കണ്ണുകളെ  പായിച്ച്
മടങ്ങിവരുമെന്ന തോന്നലോടെ..
അനന്ത  കാലങ്ങളോളം
മുഷിയാതെ...


ചൊവ്വാഴ്ച, നവംബർ 08, 2016

മാറിടം തുരന്നവർ


ബാല്യത്തിന്റെ നിഷ്ക്കളങ്കതയിൽ
വീട്ടിൽ ഓടിച്ചാടി ക്കളിക്കുന്ന പ്രായത്തിൽ ശരീരം കാട്ടി നടന്ന അവളിലേക്ക് കളിക്കൂട്ടുകാർ നോക്കിയപ്പോൾ അവളൊക്കൊന്നും തോന്നിയില്ല..
എങ്കിലും അമ്മ അവളെ പെറ്റിക്കോട്ട് ധരിപ്പിച്ചു...
ജീവിതത്തിന്റെ ഒഴുക്കിൽ കൗമാര ദശയിൽ ഋതുമതിയായി മഞ്ഞൾ പുരട്ടി കുളിപ്പിക്കുന്നതിനിടയിൽ വീണ്ടുമവളുടെ അമ്മ ഉപദേശിച്ചു തന്റെ ശരീരത്തിൽ കെട്ടി മുറുക്കിവയ്കേണ്ട ചിലതുണ്ട് എന്നു അന്നാണവൾക്ക് മനസിലായത് അതു ശരിയെന്ന്..
കോളേജ് വരാന്തയിലൂടെ നടന്ന് നീങ്ങുമ്പോൾ
കൂടെ പഠിച്ച പയ്യന്മാരുടെ നോട്ടവും തന്റെ മാറിടത്തിലേക്കെന്ന് തിരിച്ചറിഞ്ഞ അവൾ തന്റെ മാറു മറയ്ക്കാൻ. പാടുപെട്ടു..
കോളേജ് വിട്ട് വീട്ടിലേക്കുള്ള വഴിയിൽ പല്ലുകൊച്ചു കണ്ണും മുഖവും ചുക്കിച്ചുളിഞ്ഞ ഒരപ്പൂപ്പൻ തന്റെ‌മാറു നോക്കി നുണക്കുന്നത് കണ്ട് കണ്ട ഭാവം നടിക്കാതെ വീട്ടിലെത്തി വാതിലടച്ചു കുറെ കരഞ്ഞു..
കല്യാണനാളിൽ അവളുടെ മാറിടം അവനു ലഹരിയായി.. ആ ലഹരിയിൽ അവളിലെ മാറ്റം മുലപ്പാൽ തുളുമ്പും അമ്മയുടേതായി..
തന്റെ കുഞ്ഞിളം ചുണ്ടുകൾ കൊണ്ട് മുലക്കണ്ണുകൾ ചപ്പി വലിക്കുമ്പോൾ അവളിലെ മാതൃത്വം പിടഞ്ഞെണീറ്റു
ഇന്നലെ മുലകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്തപ്പോൾ തളർന്നു കിടക്കുന്ന തന്നെ കാണാൻ വന്നവരെല്ലാം നോക്കുന്നത് കച്ച കെട്ടി മുറുക്കാത്ത മാറിടത്തിലേക്ക് തന്നെ!!!
മറയ്ക്കാനൊന്നുമില്ല എങ്കിലും, അടുത്ത് കിടന്ന തോർത്തെടുത്ത് അവൾ മാറിലേക്കിട്ടു..

തിങ്കളാഴ്‌ച, ജൂൺ 06, 2016

അച്ചടി മഷി പുരണ്ടത്



വീണ്ടും സ്കൂള്‍ വരാന്തയിലൂടെ

സ്കൂൾ ഓർമ്മകളിലേക്ക്..
എന്റെ ബാല്യത്തിനു അന്നത്തെ സ്കൂൾ ഓർമ്മകൾക്ക് ഇടവപ്പാതിയുടെ തണുപ്പാണ്. ചിലർ പറയും ഓർമ്മകൾക്ക് മാറാല കെട്ടിയിരിക്കുന്നുവെന്നു..പക്ഷെ ഞാൻ ഏറ്റവും കൂടുതൽ ആസ്വാദനത്തോടെ ഓർത്തെടുക്കുക എന്റെ കുട്ടിക്കാലം തന്നെ... ആ നനുത്ത ഓർ‌മ്മകളിലേയ്ക്ക് ഊളിയിടുമ്പോൾ‌ മനസ്സിൽ‌ തെളിഞ്ഞു വരുന്നത് ....വീട്ടിൽ നിന്നും ഇറങ്ങി പാടവും പറമ്പും കുണ്ടനിടവഴികളും താണ്ടി നടന്നു നീങ്ങിയാൽ ഒരു ചെങ്കുത്തായ റോഡിലൂടെ മുകളിലെത്തിയാൽ ഓടു മേഞ്ഞ മേൽ‌ക്കൂരയുള്ള, അഞ്ചു മുറികളുടെ നീളത്തിൽ കിടക്കുന്ന ഇടനാഴി, ഓരോ ക്ലാസിനു മുന്നിലും ചില്ലകളോടു കൂടി പന്തലിച്ചു നിൽക്കുന്ന മാവും. ചെറിയ മാറ്റങ്ങളോടെയെങ്കിലും പഴയ ഓർമ്മകളിൽ ഉള്ളഎല്ലാവരുടെയും സ്കൂളുകൾക്ക് സമാനതകളുണ്ടാകുമെന്ന് തോന്നുന്നു.
ആർ‌ത്തലച്ചു പെയ്യുന്ന പെരുമഴയുടെ അകമ്പടിയോടെയാകും മദ്ധ്യവേനലവധിയ്ക്കു ശേഷം എന്നും പള്ളിക്കൂടം തുറക്കുന്നത്. നനഞ്ഞൊലിയ്ക്കുന്ന നീളന്‍ കുടയും നനഞ്ഞൊട്ടുന്ന കുഞ്ഞുടുപ്പിനോട് ചേര്‍‌ത്തു പിടിച്ച മരം കൊണ്ടുള്ള പുറം ചട്ടയിൽ തീർത്ത സ്ലേറ്റുമായിട്ടായിരുന്നു അന്നത്തെ സ്കൂൾ യാത്ര. ആ പുതിയ സ്ലേറ്റിന്റേയും പെൻസിലിന്റേയും ഗന്ധം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കും പോലെ.... ഒന്നു രണ്ടു ദിവസം കഴിഞ്ഞാൽ കുറെ കുഞ്ഞ് പെൻസിലും അതു സൂക്ഷിക്കാൻ തീപ്പെട്ടി കൂടും സ്വന്തമാക്കും ..ചില വീരന്മാർ വെള്ളതണ്ട് പറിച്ചെടുത്ത് കുഞ്ഞ് കഷണങ്ങളാക്കി മുറിച്ചു കൊണ്ടു വന്നു പെൻസിലിനു പകരം വിൽക്കും... അഞ്ചു പൈസയോ പത്തു പൈസയോ ആയിരുന്നു അന്ന് ഒന്നിന്റെവിലയെങ്കിലും കഷണം പെൻസിലേ എല്ലാഎല്ലാവരുിലുലും കാണൂ..‍
ആദ്യത്തെ ദിവസം ഉമ്മയുടെ കയ്യും പിടിച്ച് തച്ചങ്കല്ല് സ്കൂളിലേ ഒന്നാം ക്ലാസിലേക്ക് കയ്യറിയപ്പോൾ ഗോപാലൻ മാഷിന്റെ കണ്ണടക്കുള്ളിലൂടെയുള്ള നോട്ടം കാരണം ക്ലാസിൽ ഇരിക്കാൻ വിസമ്മതിച്ചപ്പോൾ..ആശാരിയുടെ കയ്യിൽ ഒരു വാച്ച് ഉണ്ടാക്കാൻ ഏൽപ്പിച്ചിട്ടുണ്ട് മോൾക്ക് എന്ന് തമശരൂപേണ പറഞ്ഞ് എന്നെ ക്ലാസിലിരുത്തിയെന്നു പിന്നീട് ഉമ്മ പറഞ്ഞു തരുമ്പോൾ ഓർത്തു ചിരിക്കുമായിരുന്നു.... സ്കൂളും മദ്രസയും തൊട്ടടുത്തായതിനാൽ ശനി ഞായർ ദിവസങ്ങളിൽ. അടഞ്ഞു കിടക്കുന്ന സ്കൂളിന്റെ മുറ്റത്ത് പോയി കളിക്കാൻ ഒരു പ്രത്യേക രസമായിരുന്നു...അന്നു പൂഴി മണലിൽ കൈവിരൽ കൊണ്ട് അ..ആ എന്നൊക്കെ എഴുതിച്ച ഗോപാലൻ മാഷും കണക്കു പടിപ്പിച്ച കരുണാകരൻ മാഷും എന്നും തൂവെള്ള കളർ മുണ്ടും ഷർട്ടുംമാത്രം ധരിച്ചെത്തുന്ന അറബി മാഷും ഇന്നും അറബി മാഷിന്റെ പേരെനിക്കെന്നല്ല അവിടെ പഠിച്ച പലർക്കും അറിയില്ല എല്ലാർക്കും അദ്ദേഹം അറബി മാഷു തന്നെ..
വഴങ്ങാന്‍ മടിച്ചു നില്‍ക്കുന്ന അക്ഷരങ്ങളെഴുതാന്‍ കൈ പിടിച്ച് സഹായിച്ചും കുസൃതി കാട്ടുമ്പോള്‍ സ്നേഹപൂര്‍‌വ്വം ചെവിയ്ക്കു പിടിച്ച് ശാസിച്ചും പഠിയ്ക്കാന്‍ മിടുക്കു കാട്ടുമ്പോള്‍ പ്രോത്സാഹിപ്പിച്ചും കൂടെ നിന്നിരുന്ന നല്ല അധ്യാപകർ. ഒന്നു മുതമുതൽ്ങ. നാലു വരെഅവർ തന്നെയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഞങ്ങൾക്കെല്ലാം ഏറ്റവും കൂടുതലിഷ്ട്ടം ലീല ചേച്ചിയോടായിരുന്നു...മുടി ക്കൂട്ടിക്കെട്ടി പൊക്കി വെച്ച് കയ്യിലൊരു ബാഗുമായി മൂക്കിൽഒരു സ്വർണ്ണ മൂക്കുത്തിയുമിട്ട് വരുന്ന ലീല ചേച്ചിക്ക് മനസ്സില്‍ ഒരു അമ്മയുടെ സ്ഥാനമായിരുന്നു..അന്നം‌ നൽകുന്നത് അവരാണല്ലോ..
ഇന്ന് ഓർ‌മ്മകളിൽ മുന്നിട്ടു നിൽക്കുന്നതും ഉപ്പുമാവിന്റെയും കഞ്ഞിയുടെയും ചെറുപയറിന്റെയും സ്വാദ്. അന്നത്തെ ‘കഞ്ഞി-പയർ’ കോമ്പിനേഷനു പകരം വയ്ക്കാവുന്ന ഒന്നും ഇന്നുവരെ ഒരിടത്തു നിന്നും ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം നാലാമത്തെ പിരീഡ് ആയാല വിഷപ്പിന്റെ വിളി വരുന്ന സമയത്ത് കഞ്ഞിയുടേയും പയറിന്റേയും അവസാന മിനുക്കു പണിയിൽ ഒരു സുഖകരമായ ഗന്ധം അവിടെയെങ്ങും പരക്കും. പിന്നെ, ബെല്ലടിയ്ക്കാനുള്ള കാത്തിരിപ്പാണ്. ഇടക്കിടെ വീട്ടിൽ നിന്നും ഉമ്മ ഉണ്ടാക്കി തരുന്ന ചുവന്ന ചമ്മന്തി വാഴയിൽ പൊതിഞ്ഞു കൊണ്ടുവന്നു കഞ്ഞിയുടെ ഒപ്പം കൂട്ടുമ്പോൾ ഇത്തിരി കൂട്ടുകാർക്കെല്ലാ വീതിച്ചു നൽകുമായിരുന്നു... സ്കൂൾ കാലംഓർക്കുമ്പോൾ. ആരും മറക്കാത്തത് തച്ചങ്കല്ല് സ്കൂളിലെ കിണർ തന്നെയാകും കാരണം 100 ലധികം പടവുകൾ ഉള്ള കിണറ്റിലേക്ക്‌ നോക്കിയാൽ അടി ഭാഗം കാകാണാത്ത ആ കിണറ്റിൻ കരയിൽ ചുറ്റി തിരിഞ്ഞ ആരും അതിലേക്കൊന്നു എത്തി നോക്കിയിട്ടുണ്ടാകും..
ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് ...പുസ്തകങ്ങളുടെ ഭാണ്ഡ കെട്ടോ പരീക്ഷകളുടെ ആകുലതകളോ ഇല്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. വെള്ളത്തണ്ടും പെൻ‌സിൽ തുണ്ടുകളും..മയില്പീലി തുണ്ടുകളും മാങ്ങയും ചാമ്പങ്ങയു നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതിയോമതമോ , ആണെന്നോ പെണ്ണെന്നോ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം‌ മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം.ക്ലാസ്സിലെ ജനലിലൂടെ പുറത്ത് തിമർത്തു പെയ്യുന്ന മഴ ആസ്വദിച്ച ആ നല്ല കാലം ... പാഠപുസ്തകത്തിന്റെ താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് ആകാശം കാണിക്കാതെ ..വെച്ചാൽ അത് പെറ്റ് പെരുകും എന്നു വിശ്വസിച്ച സുവർണ്ണ കാലം.
ഇന്നു ഓർത്തെടുക്കുമ്പോൾ ഞാനും ഒരു കുട്ടി ആയതു പോലെ...
ആ ഓർ‌മ്മകൾ തികട്ടി വരുമ്പോൾ അറിയാതെ മനസ്സ് ആഗ്രഹിച്ചു പോകന്നു.. ആ കാലം തിരികെ കിട്ടിയിരുന്നെങ്കിൽ... ഇന്നു‌സ്കൂളിലേക്ക്‌‌ പോകുന്ന മക്കളുടെ കൂടെ എന്റെ ഓർമ്മകളും...സ്കൂൾ മുറ്റത്തേക്ക്....

റമദാന്‍ നന്മയുടെ വസന്ത കാലം

(ഈ പോസ്റ്റ് എഴുവാൻ കാരണക്കാരി എന്റെ കൂട്ടുകാരി Merlin George നോമ്പ് എന്താണു എന്നൊക്കെ ചോദിച്ചു വന്നപ്പോ പെട്ടെന്നെഴുതിയതാ..അവളെ പോലെ പലരും നോമ്പിനെ അറിയാത്തവരും ചില തെറ്റായ ധാരണ വെച്ചു പുലർത്തുന്നവരും മനസിലാക്കാൻ വേണ്ടി... )
വിശുദ്ധ ഖുറാന്റെ അവതരണം കൊണ്ടനുഗ്രഹീതമായ റമദാന്‍ സമാഗതമാകുമ്പോള്‍ വിശ്വാസികള്‍ ഹര്ഷപുളകിതരാവുകയാണ് .എന്താണു നോമ്പ് എന്തിനു വേണ്ടിയാണു നോമ്പ്.. ചിലർക്കെങ്കിലും തോന്നുന്നുണ്ടാകാം എല്ലാ മതാചാരങ്ങളെ പോലെ ഒന്നു എന്റെ ഒരു കൂട്ടുകാരി ചേച്ചി പ്രവാസത്തിൽ എനിക്കു കിട്ടിയ ഏറ്റവും വലിയ സംബാദ്യം.. ചേച്ചിയുടെ മനസിൽ നോമ്പ് എന്നാൽ പകൽ മുഴുവൻ ഒന്നും കഴിക്കാതെ ഇരുന്നിട്ട്‌സന്ധ്യയാകുമ്പോൾ മൂക്കറ്റം തിന്നുക അതും അടുത്ത ദിവസത്തെ പ്രഭാതം വരെ എന്ന തെറ്റായ ധാരണ ആയിരുന്നു..ആധാരണക്കു‌ കാരണം ചില നോമ്പുകാരുടെ ചെയ്തികൾ തന്നെ...ചിലയിടങ്ങളിൽ നോമ്പു തുറ എന്നാൽ ഒരു തരം ഫുഡ് ഫെസ്റ്റ് വെൽ തന്നെ......എന്നാൽ നോമ്പ് ഒരിക്കലുംഅങ്ങിനെയല്ല. . നോമ്പിന്റെ ചൈതന്യം അവന്റെ മനസിൽ നിന്നും ഉണ്ടാകുന്നതാണു‌ സുബ് ഹി ബാങ്കിനു മുൻപായി അല്പം ഭക്ഷണംകഴിച്ച് ദൈവമെ ഞാൻ നോമ്പെടുക്കുന്നു എന്ന ഉദ്ദേശ ശുദ്ധിയോടെ മനസിൽ കരുതി കൊണ്ട്...നാംനോമ്പിലേക്ക് പ്രവേശിക്കുകയായി കാരണം അതിനു ശേഷമുള്ള എല്ലാ ചെയ്തികളും ദൈവ ഭക്തിയുള്ളതാണൊ കാട്ടികൂട്ടലുകൾ മാത്രമാണോഎന്നു‌ ദൈവത്തിനറിയാം ..അങ്ങിനെ യല്ലാഎങ്കിൽ ആരും കാണാതെ നമുക്ക് വെള്ളം കുടിക്കാം ആരും കാണാതെ സ്ത്രീയെ പ്രാപിക്കാം എന്നാൽ നോമ്പുകാരനു വിലക്കിയ പലതും രൻ ആയിരിക്കെ വിലക്കുന്നത് അവനു‌ദൈവത്തിന്റെ സമ്മാനമായ റയ്യാൻ കവാടത്തിലൂടെ സ്വർഗ്ഗത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുക എന്ന ഉദ്ദേശത്തിൽ മാത്രമാകും... അത് ദൈവത്തിനെ മനസിലാകൂ..വെറുതെ പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും അവനിഷ്ട്ടമുള്ള പലതും ത്യജിച്ചാൽ അതു ചൈതന്യമുള്ള നോമ്പാകുകയില്ല.. അവന്റെ ദൈവ‌ഭക്തിയാണു പ്രധാനം..നന്മ പൂക്കുന്ന മാസമാണു റമദാൻ.. അതു നമുക്ക് പ്രത്യക്ഷമായി കാണാൻ സാധിക്കും നന്മകൾ ധാരാളമായി ചെയ്യുന്നവർ, ദൈവത്തിന്റെ‌ഭവനത്തിൽ പോയിരുന്നു അവന്റെ ഗ്രന്ഥത്തെ വായിച്ചു തീർക്കുന്നവർ..പാതിരാവിലും ദൈവ ദാസന്മാർ അവനോടു ചെയ്തു‌പോയ തെറ്റുകൾക്ക് മാപ്പിരക്കുന്നത്.. . .നബി ചര്യയിൽ പെട്ടത് ഒരു കാരക്കയും മൂന്നിറക്ക് വെള്ളവും ഉണ്ടായാൽ നോമ്പു തുറപ്പിക്കാംഎന്നതാണു കേവല വിശപ്പും ദാഹവും സഹിക്കുകയെന്നതിലുപരി അന്ന പാനീയങ്ങളുടെ ആധിക്യം സൃഷ്ടിക്കുന്ന രോഗങ്ങളില്‍ നിന്ന് മുക്തയായി ആരോഗ്യമുള്ള മനസ്സും ശരീരവും നമുക്കുണ്ടായി തീരട്ടെ .. ദൈവ പ്രീതിക്ക് സ്വയം ബലിയര്‍പ്പിക്കാന്‍ കഴിയുന്ന ഒരു ദൈവവിശ്വാസിയുടെ ജീവിതം നമ്മില്‍ പുനര്ജ്ജനിക്കട്ടെ ...
മുസ്‌ലിം ആണാവട്ടെ പെണ്ണാവട്ടെ വ്രതമനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാണ്. റമദാനിന്റെ പരിശുദ്ധിയില്‍ എല്ലാം അതിനായി സജ്ജീകരിക്കപ്പെടുന്നു. അതിലെ രാവുകള്‍ നമസ്‌കാരങ്ങളാലും പകലുകള്‍ വ്രതാനുഷ്ഠാനങ്ങളോടെയുള്ള സല്‍പ്രവര്‍ത്തനങ്ങളാലും സജീവമാണ്. പള്ളികള്‍ ജനനിബിഡമാണ്. എല്ലാവരും ഒരു പരദേശിയെപ്പോലെയാണ്. വിദൂരദിക്കിലേക്കുള്ള യാത്രയിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളും പരസ്പരം ക്ഷമിക്കുന്നു, സഹിക്കുന്നു. കാരണം എല്ലാം ക്ഷണികമാണെന്ന് അവന് നിശ്ചയമുണ്ട്.

വ്രതമനുഷ്ഠിക്കാന്‍ നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് നാം അത് അനുഷ്ഠിക്കുന്നതും. പക്ഷെ അത് ശരീരപീഡനമായും ശരീരത്യാഗമായും വിലകുറച്ച് കാണുന്നത് അല്‍പ്പത്തമാണ്. അടിമകള്‍ പട്ടിണികിടക്കണമെന്നോ ശരീരത്തെ ക്ഷയിപ്പിക്കണമെന്നോ ദൈവം ആഗ്രഹിക്കുന്നില്ല. അതിലൂടെ നാം നേടിയെടുക്കുന്ന ആത്മസംസ്‌കരണമാണ് ദൈവം ആഗ്രഹിക്കുന്നത്. യഥാര്‍ഥ നോമ്പുകാരന്‍ സകലവിധ തിന്മകളില്‍ നിന്നും അകന്നു നില്‍ക്കുന്നു എന്നതാണ് സത്യം.

മദ്യപാനി നോമ്പനുഷ്ഠിച്ചാല്‍ മദ്യപിക്കാനാവില്ല. ഒരാളും വ്രതമനുഷ്ഠിക്കുന്നവനായിക്കൊണ്ട് അക്രമങ്ങളില്‍ മുഴുകകയില്ല. പതിവായി പാപങ്ങളില്‍ മുഴുകിക്കഴിയുന്നവര്‍ വര്‍ഷത്തില്‍ ഒരു പ്രത്യേകമാസം ഏതാനും ദിവസങ്ങള്‍ ഭക്ഷണവിഭവങ്ങള്‍ സ്വയം ത്യജിച്ചുകൊണ്ട് ദൈവത്തെ ധ്യാനിക്കാന്‍ തയ്യാറാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ
അനുവദനീയമായ കാര്യങ്ങള്‍ പോലും വല്ലപ്പോഴുമൊക്കെ ത്യജിക്കാന്‍ ശീലിക്കുന്നത് ഒരനുഗ്രഹമായി മനസ്സിലാക്കാനും നിഷിദ്ധങ്ങള്‍ ആസ്വദിക്കാനും,അനുവദനീയമായവയെ ജീവിതത്തിൽ പകർത്തുവാനും കൂടുത കൂടുതൽ ചെയ്യുവാനും സാധിക്കുക എന്നത് ഒരു ദൈവ വിശ്വാസിയെ സംബന്ധിച്ച അനായാസമായ കകാര്യമാണു.. അതാണ് വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുക്കുന്ന അനുഗ്രഹം.
''അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ഭയഭക്തിയുള്ളവരാൻ
ക്രമം തെറ്റിയ ജീവിതം ശരിപ്പെടുത്താനും മലിനമാക്കപ്പെട്ട ആത്മാവിനെ ശുദ്ധീകരിക്കാനും സാധിക്കുന്ന ഈ അപൂര്‍വ്വ സന്ദര്‍ഭം നമുക്ക് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയട്ടെ പുണ്യങ്ങളുടെ പൂക്കാലമായ ഈ മാസം ദൈവ ദാസന്മാര്‍ക്ക് അവന്റെ പ്രീതിയും പ്രതിഫലവും ധാരളമായി ലഴിക്കുന്ന ഒരു നല്ല മാസമായി മാറ്റാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ എല്ലാവര്ക്കും ചൈതന്യത്തോടെയുള്ള ഒരു റമദാന്‍ ആശംസിക്കുന്നു...

വെള്ളിയാഴ്‌ച, മാർച്ച് 04, 2016

പറയാതെ വന്ന വിരുന്നു കാരി


പ്രവാസത്തിന്റെ ഏകാന്തതയിൽ  ..റൂമിന്റെ  ജനലരികിൽ നിന്നു വിദൂരതയിലേക്ക് നോക്കി കാണുന്നതായിരുന്നു   എന്റെ ലോകം .
ജനൽ ചില്ലുകളിൽ  തട്ടി സ്വർണ്ണവർണ്ണം വിതറി തിരിച്ചു പോകാനൊരുങ്ങുന്ന ഇളം  വെയിലിനെ മുറിയിലേക്ക്  ആനയിക്കാൻ ഞാൻ  തടസ്സമായി നിൽക്കുന്ന ജനൽ പാളികളെ തള്ളി മാറ്റാനൊരുങ്ങിയപ്പോൾ ആ ജനൽ ഭിത്തിയിലെ ഇത്തിരി പോന്ന ഭൂമികയ്യേറി അവിടെ കുടിൽ കെട്ടി താമസം തുടങ്ങിയിരിക്കുന്നു ഒരു കൊച്ചു സുന്ദരി... പ്രാവ് ...എന്റെ പെട്ടെന്നുള്ള കടന്നാക്രമണം  അതിന്റെ മേൽ വിലാസം ഇല്ലാതാക്കുമോ എന്നു പേടിച്ചാണോ എന്നറിയില്ല അത് എന്റെ കണ് വെട്ടത്ത് നിന്നും പറന്നകന്നു..   കടലാസു തുണ്ടുകൾക്കൊണ്ടും   ഇത്തിരി നാരുകൾക്കൊണ്ടും അലങ്കരിച്ചിരിക്കുന്ന ആ  കൂട്ടിൽ  മനോഹരമായ മുട്ടകൾ .എനിക്കു എന്തെന്നില്ലാത്ത് സങ്കടംതോന്നി തന്റെ കുഞ്ഞുങ്ങൾക്കായി നോമ്പും നോറ്റ് കാത്തിരിക്കുന്ന  ആ അമ്മയെ ആട്ടിയോടിച്ചതെന്തിനെന്നു എന്റെ മനസ്സ് എന്നോട് വീണ്ടും വീണ്ടും ചോദിച്ചു‌കൊണ്ടേയിരുന്നു..ഇനി അതു തിരിച്ചു വന്നില്ലെങ്കിൽ അതിന്റെ കുട്ടികൾ ചാപിള്ളായാകുമോ എന്ന ചിന്തയിൽ ജനൽ അടച്ചു പതിവു ശീലങ്ങളിൽ മുഴുകി ..ഇത്തിരി  കഴിഞ്ഞു ഞാൻ ജനൽ വിരികൾ സാവധാനം നീക്കി നോക്കിയപ്പോൾ... ആ വിരുന്നു കാരി തിരികെയെത്തിയതായി കണ്ടു..
അതിന്റെ മുട്ടയിൽ അത് അടയിരിക്കുന്നത് കണ്ടപ്പോൾ ഗർഭിണിയായ സുന്ദരി ദിവസങ്ങൾ എണ്ണി കാത്തിരിക്കുമ്പോലെ എനിക്കു തോന്നി..