തിങ്കളാഴ്‌ച, ജൂൺ 06, 2016

വീണ്ടും സ്കൂള്‍ വരാന്തയിലൂടെ

സ്കൂൾ ഓർമ്മകളിലേക്ക്..
എന്റെ ബാല്യത്തിനു അന്നത്തെ സ്കൂൾ ഓർമ്മകൾക്ക് ഇടവപ്പാതിയുടെ തണുപ്പാണ്. ചിലർ പറയും ഓർമ്മകൾക്ക് മാറാല കെട്ടിയിരിക്കുന്നുവെന്നു..പക്ഷെ ഞാൻ ഏറ്റവും കൂടുതൽ ആസ്വാദനത്തോടെ ഓർത്തെടുക്കുക എന്റെ കുട്ടിക്കാലം തന്നെ... ആ നനുത്ത ഓർ‌മ്മകളിലേയ്ക്ക് ഊളിയിടുമ്പോൾ‌ മനസ്സിൽ‌ തെളിഞ്ഞു വരുന്നത് ....വീട്ടിൽ നിന്നും ഇറങ്ങി പാടവും പറമ്പും കുണ്ടനിടവഴികളും താണ്ടി നടന്നു നീങ്ങിയാൽ ഒരു ചെങ്കുത്തായ റോഡിലൂടെ മുകളിലെത്തിയാൽ ഓടു മേഞ്ഞ മേൽ‌ക്കൂരയുള്ള, അഞ്ചു മുറികളുടെ നീളത്തിൽ കിടക്കുന്ന ഇടനാഴി, ഓരോ ക്ലാസിനു മുന്നിലും ചില്ലകളോടു കൂടി പന്തലിച്ചു നിൽക്കുന്ന മാവും. ചെറിയ മാറ്റങ്ങളോടെയെങ്കിലും പഴയ ഓർമ്മകളിൽ ഉള്ളഎല്ലാവരുടെയും സ്കൂളുകൾക്ക് സമാനതകളുണ്ടാകുമെന്ന് തോന്നുന്നു.
ആർ‌ത്തലച്ചു പെയ്യുന്ന പെരുമഴയുടെ അകമ്പടിയോടെയാകും മദ്ധ്യവേനലവധിയ്ക്കു ശേഷം എന്നും പള്ളിക്കൂടം തുറക്കുന്നത്. നനഞ്ഞൊലിയ്ക്കുന്ന നീളന്‍ കുടയും നനഞ്ഞൊട്ടുന്ന കുഞ്ഞുടുപ്പിനോട് ചേര്‍‌ത്തു പിടിച്ച മരം കൊണ്ടുള്ള പുറം ചട്ടയിൽ തീർത്ത സ്ലേറ്റുമായിട്ടായിരുന്നു അന്നത്തെ സ്കൂൾ യാത്ര. ആ പുതിയ സ്ലേറ്റിന്റേയും പെൻസിലിന്റേയും ഗന്ധം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കും പോലെ.... ഒന്നു രണ്ടു ദിവസം കഴിഞ്ഞാൽ കുറെ കുഞ്ഞ് പെൻസിലും അതു സൂക്ഷിക്കാൻ തീപ്പെട്ടി കൂടും സ്വന്തമാക്കും ..ചില വീരന്മാർ വെള്ളതണ്ട് പറിച്ചെടുത്ത് കുഞ്ഞ് കഷണങ്ങളാക്കി മുറിച്ചു കൊണ്ടു വന്നു പെൻസിലിനു പകരം വിൽക്കും... അഞ്ചു പൈസയോ പത്തു പൈസയോ ആയിരുന്നു അന്ന് ഒന്നിന്റെവിലയെങ്കിലും കഷണം പെൻസിലേ എല്ലാഎല്ലാവരുിലുലും കാണൂ..‍
ആദ്യത്തെ ദിവസം ഉമ്മയുടെ കയ്യും പിടിച്ച് തച്ചങ്കല്ല് സ്കൂളിലേ ഒന്നാം ക്ലാസിലേക്ക് കയ്യറിയപ്പോൾ ഗോപാലൻ മാഷിന്റെ കണ്ണടക്കുള്ളിലൂടെയുള്ള നോട്ടം കാരണം ക്ലാസിൽ ഇരിക്കാൻ വിസമ്മതിച്ചപ്പോൾ..ആശാരിയുടെ കയ്യിൽ ഒരു വാച്ച് ഉണ്ടാക്കാൻ ഏൽപ്പിച്ചിട്ടുണ്ട് മോൾക്ക് എന്ന് തമശരൂപേണ പറഞ്ഞ് എന്നെ ക്ലാസിലിരുത്തിയെന്നു പിന്നീട് ഉമ്മ പറഞ്ഞു തരുമ്പോൾ ഓർത്തു ചിരിക്കുമായിരുന്നു.... സ്കൂളും മദ്രസയും തൊട്ടടുത്തായതിനാൽ ശനി ഞായർ ദിവസങ്ങളിൽ. അടഞ്ഞു കിടക്കുന്ന സ്കൂളിന്റെ മുറ്റത്ത് പോയി കളിക്കാൻ ഒരു പ്രത്യേക രസമായിരുന്നു...അന്നു പൂഴി മണലിൽ കൈവിരൽ കൊണ്ട് അ..ആ എന്നൊക്കെ എഴുതിച്ച ഗോപാലൻ മാഷും കണക്കു പടിപ്പിച്ച കരുണാകരൻ മാഷും എന്നും തൂവെള്ള കളർ മുണ്ടും ഷർട്ടുംമാത്രം ധരിച്ചെത്തുന്ന അറബി മാഷും ഇന്നും അറബി മാഷിന്റെ പേരെനിക്കെന്നല്ല അവിടെ പഠിച്ച പലർക്കും അറിയില്ല എല്ലാർക്കും അദ്ദേഹം അറബി മാഷു തന്നെ..
വഴങ്ങാന്‍ മടിച്ചു നില്‍ക്കുന്ന അക്ഷരങ്ങളെഴുതാന്‍ കൈ പിടിച്ച് സഹായിച്ചും കുസൃതി കാട്ടുമ്പോള്‍ സ്നേഹപൂര്‍‌വ്വം ചെവിയ്ക്കു പിടിച്ച് ശാസിച്ചും പഠിയ്ക്കാന്‍ മിടുക്കു കാട്ടുമ്പോള്‍ പ്രോത്സാഹിപ്പിച്ചും കൂടെ നിന്നിരുന്ന നല്ല അധ്യാപകർ. ഒന്നു മുതമുതൽ്ങ. നാലു വരെഅവർ തന്നെയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഞങ്ങൾക്കെല്ലാം ഏറ്റവും കൂടുതലിഷ്ട്ടം ലീല ചേച്ചിയോടായിരുന്നു...മുടി ക്കൂട്ടിക്കെട്ടി പൊക്കി വെച്ച് കയ്യിലൊരു ബാഗുമായി മൂക്കിൽഒരു സ്വർണ്ണ മൂക്കുത്തിയുമിട്ട് വരുന്ന ലീല ചേച്ചിക്ക് മനസ്സില്‍ ഒരു അമ്മയുടെ സ്ഥാനമായിരുന്നു..അന്നം‌ നൽകുന്നത് അവരാണല്ലോ..
ഇന്ന് ഓർ‌മ്മകളിൽ മുന്നിട്ടു നിൽക്കുന്നതും ഉപ്പുമാവിന്റെയും കഞ്ഞിയുടെയും ചെറുപയറിന്റെയും സ്വാദ്. അന്നത്തെ ‘കഞ്ഞി-പയർ’ കോമ്പിനേഷനു പകരം വയ്ക്കാവുന്ന ഒന്നും ഇന്നുവരെ ഒരിടത്തു നിന്നും ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം നാലാമത്തെ പിരീഡ് ആയാല വിഷപ്പിന്റെ വിളി വരുന്ന സമയത്ത് കഞ്ഞിയുടേയും പയറിന്റേയും അവസാന മിനുക്കു പണിയിൽ ഒരു സുഖകരമായ ഗന്ധം അവിടെയെങ്ങും പരക്കും. പിന്നെ, ബെല്ലടിയ്ക്കാനുള്ള കാത്തിരിപ്പാണ്. ഇടക്കിടെ വീട്ടിൽ നിന്നും ഉമ്മ ഉണ്ടാക്കി തരുന്ന ചുവന്ന ചമ്മന്തി വാഴയിൽ പൊതിഞ്ഞു കൊണ്ടുവന്നു കഞ്ഞിയുടെ ഒപ്പം കൂട്ടുമ്പോൾ ഇത്തിരി കൂട്ടുകാർക്കെല്ലാ വീതിച്ചു നൽകുമായിരുന്നു... സ്കൂൾ കാലംഓർക്കുമ്പോൾ. ആരും മറക്കാത്തത് തച്ചങ്കല്ല് സ്കൂളിലെ കിണർ തന്നെയാകും കാരണം 100 ലധികം പടവുകൾ ഉള്ള കിണറ്റിലേക്ക്‌ നോക്കിയാൽ അടി ഭാഗം കാകാണാത്ത ആ കിണറ്റിൻ കരയിൽ ചുറ്റി തിരിഞ്ഞ ആരും അതിലേക്കൊന്നു എത്തി നോക്കിയിട്ടുണ്ടാകും..
ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് ...പുസ്തകങ്ങളുടെ ഭാണ്ഡ കെട്ടോ പരീക്ഷകളുടെ ആകുലതകളോ ഇല്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. വെള്ളത്തണ്ടും പെൻ‌സിൽ തുണ്ടുകളും..മയില്പീലി തുണ്ടുകളും മാങ്ങയും ചാമ്പങ്ങയു നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതിയോമതമോ , ആണെന്നോ പെണ്ണെന്നോ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം‌ മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം.ക്ലാസ്സിലെ ജനലിലൂടെ പുറത്ത് തിമർത്തു പെയ്യുന്ന മഴ ആസ്വദിച്ച ആ നല്ല കാലം ... പാഠപുസ്തകത്തിന്റെ താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് ആകാശം കാണിക്കാതെ ..വെച്ചാൽ അത് പെറ്റ് പെരുകും എന്നു വിശ്വസിച്ച സുവർണ്ണ കാലം.
ഇന്നു ഓർത്തെടുക്കുമ്പോൾ ഞാനും ഒരു കുട്ടി ആയതു പോലെ...
ആ ഓർ‌മ്മകൾ തികട്ടി വരുമ്പോൾ അറിയാതെ മനസ്സ് ആഗ്രഹിച്ചു പോകന്നു.. ആ കാലം തിരികെ കിട്ടിയിരുന്നെങ്കിൽ... ഇന്നു‌സ്കൂളിലേക്ക്‌‌ പോകുന്ന മക്കളുടെ കൂടെ എന്റെ ഓർമ്മകളും...സ്കൂൾ മുറ്റത്തേക്ക്....

4 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഓര്‍മ്മകള്‍ ഓര്‍മ്മകളിലേക്ക് കൈപിടിച്ചു നടത്തുന്നു. മധുരം നുണയുന്നു..മഴ നനയുന്നു...

ഡെയ്സി പറഞ്ഞു...

നല്ല ഓര്‍മ്മകള്‍ :)

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഉമ്മുവിന്റെ ഈ പോസ്റ് ഹൃദ്യമായ ബാല്യകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.... ആൺപെൺ ഭേദമില്ലാതെ , ജാതിമത വേർതിരിവുകലില്ലാതെ ഉല്ലസിച്ചിരുന്ന ഒരു കാലം.... ഉച്ചയ്ക്ക് കൂട്ടുകാർ കഴിക്കുന്ന ഉപ്പുമാവിന്റെ ഒരു പങ്കു കിട്ടാൻ കൊതിച്ച കാലം... മഴയിൽ കൂട്ടുകാരോടൊപ്പം നനഞ്ഞു ചിരിച്ച കാലം.... വെള്ളം തെറിപ്പിച്ചും വഴക്കിട്ടും പിന്നെ പൊട്ടിച്ചിരിച്ചും നടന്ന കാലം....

എല്ലാ ഓർമ്മകളും തിരികെ തന്നതിന് നന്ദി ഉമ്മൂ....