വ്യാഴാഴ്‌ച, ഒക്‌ടോബർ 28, 2010

ചിതയിലേക്കൊരു വോട്ട്..



ശാരദയുടെ കരച്ചില്‍  നിശബ്ദതയെ  കീറി  മുറിക്കുന്നു.. മുറ്റത്ത് നിറയെ ആള്‍ക്കൂട്ടം.!! ഒരു ഭാഗത്ത് ആരെല്ലാമോ ചേര്‍ന്ന് ചിതയോരുക്കുന്ന തിരക്കിലാണ് .!
സുഹൃത്തിന്‍റെ വേര്‍പാടില്‍ മനം നൊന്ത് ആള്‍കൂട്ടത്തില്‍ നിന്നും അൽപ്പം മാറി നില്‍ക്കുകയായിരുന്ന ബഷീറിന്‍റെ അടുത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന രണ്ട് പേര്‍ ചെന്ന് സജീവനെ അന്വേഷിച്ചു .
“ എന്താ കാര്യം ?”
ബഷീര്‍ അവരെ നോക്കി ചോദിച്ചു.!
“സജീവന്‍റെ വോട്ട് വോട്ടര്‍പട്ടികയില്‍ നിന്നും തള്ളിയിരിക്കുന്നു അത് ശരിയാക്കാന്‍ പറയാന്‍ വന്നതാ”
വന്നവരില്‍ നിന്നും ഒരുവന്‍ ബഷീറിനെ നോക്കി പറഞ്ഞു.! അവരുടെ മറുപടിക്ക് മുന്നില്‍ അൽപ്പ നേരം അന്ധാളിച്ചു നിന്ന ബഷീര്‍ പതിഞ്ഞ സ്വരത്തില്‍ അവരോടായി പറഞ്ഞു.!
“രണ്ട് വര്‍ഷമായി ജീവച്ഛവവമായി കിടന്നിരുന്ന സജീവന്‍ ഇന്നു കാലത്ത് മരണപ്പെട്ടു വോട്ട് തള്ളിയ കാര്യം ഇപ്പോള്‍ അറിയിച്ചത് നന്നായി ഇനി ഏതായാലും സജീവനു ബൂത്തിലേക്ക് പോവേണ്ടല്ലോ”

വ്യാഴാഴ്‌ച, ഒക്‌ടോബർ 21, 2010

ബ്ലോഗരെ നിങ്ങൾക്കായി.......



അക്ഷര കൂട്ടങ്ങള്‍ പ്രകാശം പരത്തുമീ..
ബൂലോഗമായുള്ള ആരാമത്തില്‍ ..
ഒത്തൊരുമിച്ചു നാം മുന്നേറുക .
ഒത്തിരി നന്മകള്‍ ചെയ്തീടുക

വിരിഞ്ഞു നില്‍ക്കട്ടെ മലര്‍വാടിയില്‍ ..
കഥയുംകവിതയും നര്‍മ്മവും കാര്യവും .
വീശിടട്ടെ ഈ ബൂലോഗ പൂന്തോപ്പില്‍ ..
സൌഹൃദത്തിനിളം തെന്നല്‍ എന്നെന്നും.

പരസ്പരമുള്ള പഴിചാരലില്ലാതെ..
ബ്ലോഗതില്‍ സംസ്ക്കാരം കാത്തു സൂക്ഷിക്കാ നാം .
ആഭാസമില്ലാതെ ആകുലതകളില്ലാതെ ..
ആത്മാര്‍ഥമായി അഭിപ്രായമോതിടൂ

ക്ഷണികമീലോകം നശ്വരം ബൂലോഗം
പിന്നെന്തിനീ നമ്മള്‍ ചുഴികളില്‍ നീന്തുന്നു ?
നഖങ്ങളുരയ്ക്കുന്നു കുത്തി നോവിക്കുന്നു..?
കൂടെയുള്ളോർക്കെല്ലാം പാരപണിയുന്നു ?

നമ്മുടെ സ്വപ്‌നങ്ങള്‍ .ദുഖങ്ങളൊക്കെയും
ഭാവനയാകുന്ന പൂമ്പൊടി പാറ്റി നാം
ബൂലോഗ മാലോകർക്കരികിലെത്തിക്കുവിൻ
നല്ലതും ചീത്തയും പോരയ്മയൊക്കെയും
നന്മ പ്രതീക്ഷിച്ചു കമന്റ് പാസാക്കുവിന്‍ .

ഉള്ളത് പറയുവാന്‍ മനസ്സ് കാട്ടിടേണം
അതുൾക്കൊള്ളാനുള്ള മനസ്സുമുണ്ടാകണം
അങ്ങിനെയങ്ങിനെ ഒന്നായി നില്ക്ക നാം
അക്ഷര ദീപമായി കത്തി ജ്വലിക്ക നാം..

വെള്ളിയാഴ്‌ച, ഒക്‌ടോബർ 15, 2010

എന്നിലെ നീ .........


എന്നിലേക്കരൂപിയായി
നീ കടന്നു വന്നു ..
പിന്നെ നിനക്ക് ഞാന്‍
രൂപം നല്‍കി.
അപ്പോള്‍ നീയെന്റെ
ഹൃദയം കവര്‍ന്നു

ഞാന്‍ നല്‍കിയ രൂപം
തന്നെയോ നീയെന്നറിയുവാന്‍
ഞാന്‍ കൊതിച്ചു
നിന്നെയൊന്നു കണ്ടെങ്കിലെന്നെന്‍
മനം തുടിച്ചു
കണ്ടപ്പോള്‍ മൊഴിക്കായി
കാതോർത്തിരുന്നു
നിന്‍ മധുമൊഴികളെന്നിൽ
മധുഹാസമായി .
നീയെന്നിലെ മയൂഖമായി.
എന്നിൽ നിന്നും നീ
അകലാതിരിക്കുവാൻ
എന്നാത്മാവിൽ ബന്ധിച്ചു
എന്നേക്കുമായ്..


വെള്ളിയാഴ്‌ച, ഒക്‌ടോബർ 01, 2010

വനരോദനം

കാലികമാമൊരു ദു:ഖസത്യത്തെ ഞാന്‍
കണ്ണീരില്‍ ചാലിച്ചെഴുതിടട്ടെ..

കാരുണ്യമറ്റൊരാ മാനവന്‍ ചെയ്തിയില്‍

കാതരയായ് ഞാന്‍ കേണിടട്ടെ



പൊന്നിന്‍ ചിരി തൂകി നിന്നൊരാ കൊന്നയും

കണ്ണിന്നമൃതമായ് വാകമരപ്പൂക്കളും

തരളിതത്തണല്‍ നല്‍കുമശോകമരങ്ങളും

അമ്പലത്തറയിലെ ആല്‍മരവും

കരയുടെ കാവലാം കണ്ടല്‍ കാടും

ഇന്നവയെല്ലാം മറഞ്ഞു പോയീ

കരുണയില്ലാത്തവരരിഞ്ഞു മാറ്റി!



താളമേളങ്ങള്‍ തന്‍ പുലരി മഴ

സംഗീത സാന്ദ്രമായ് രാത്രിമഴ

കുളിര്‍തൂകിയെത്തിടും വേനല്‍ മഴ

സങ്കീര്‍ത്തനം പോലൊരു ചാറ്റല്‍ മഴ

ഇടവപ്പാതിക്കു വന്നെത്തുമാ ചറ പറ

പേമാരിയൊക്കെയിന്നെങ്ങുപോയീ..?



കാനനമെല്ലാമിടതൂര്‍ന്ന കാലം

മര്‍ത്ത്യർ പ്രകൃതിയില്‍ കൈകടത്തി

കാടുകള്‍ മേടുകള്‍ മാമരമൊക്കെയും

മുച്ചൂടും വെട്ടി മണിമന്ദിരം കേറ്റി

തലമുറ തലമുറ കൈമാറി വന്നൊരാ

തിലകക്കുറികളും മാഞ്ഞു പോയീ



പാലകള്‍ പൂക്കുട തീര്‍ത്തൊരാ കാലവും

പൂവാലന്‍ കിളികൾ തന്‍ കേളീ വനങ്ങളും

മാമല പൂമല ക്കാടുകള്‍ മേടുകള്‍

മണിമാളികക്കാടുകളായി മാറി

ആ മരക്കുറ്റിയില്‍ നിന്നും കരഞ്ഞൊരാ

പൈങ്കിളിയെങ്ങോ പറന്നു പോയി

തന്‍‌കുഞ്ഞിനായൊരു കൂടൊരുക്കീടുവാൻ

വഴി കാണാതവള്‍ പറന്നകന്നൂ..

അലമുറയിട്ടുകരയുന്നു പക്ഷികള്‍

കലികാലലക്ഷണമാകുമോ ദൈവമേ!