ചൊവ്വാഴ്ച, ഡിസംബർ 13, 2016

വിധവ




ഓർമ്മകൾക്ക് ജന്മം നൽകിയ
വാക മരച്ചുവട്ടിലെ ആറടി മണ്ണിൽ ..
അവൻ  തനിച്ചുറങ്ങുമ്പോൾ
 നിഴലും നിലാവുമായിരുന്ന അവളെ അവൻ  കൂടെ കൂട്ടിയില്ല
അവനുറങ്ങുമ്പോൾ  ഉണരുന്നതും കാത്ത് അവളിരുന്നത് അവൻ മറന്ന് കാണുമോ..
രാത്രിയുടെ അന്ത്യ  യാമത്തിലും അവന്റെഉള്ളിലവളും അവളുടെ ഉള്ളിലവനും ഉണർന്നിരുന്നതും   മറന്നോ?
അവളെ  കൂട്ടാതെ
വിജനതയുടെ ശയ്യാഗൃഹത്തിൽ അവൻ
തനിച്ചുറങ്ങുന്നു.
ഏകാന്തതയുടെ ഇരുട്ട്
രാവും പകലും അവന്റെ  ലോകത്തെ മൂടുന്നു.
ഇപ്പോൾ അവളോരോന്നായി അറിയുന്നു..
അവനായിരുന്നു   പ്രാണനിശ്വാസം. അവനില്ലാതെ
 കാതുകൾ ബധിരം.
അവനില്ലാതെ  കാഴ്ചകൾ അന്ധം.
അവനില്ലാതെ
പാഴ്വസ്തുക്കളുടെ സ്മാരകം.
നിറമാർന്ന അവരുടെ ദാമ്പ്ത്യത്തിന്റെ
ഇടവഴിയിൽ   ദുഖവും സന്തോഷവും ഇഴകി ചേർന്നിരുന്നു..
കണ്ണുകൾകഥ പറയുമ്പോൾ മനസ്സ് മനസ്സുമായി സംവദിച്ചിരുന്നു..
ആ സുന്ദരമാം സായം സന്ധ്യകളെ..
വികൃതമാക്കി അവൻ വിട്ടകന്നു
എല്ലാം ഓർമ്മകളിൽ
സൂക്ഷിക്കാനേൽപ്പിച്ചു..
അവൻ പിൻ നടന്നു..
അവനും അവളും ഒപ്പം ചേർന്ന്
നടന്ന നീങ്ങിയ  തീരങ്ങളിൽ
അവന്റെ
മാഞ്ഞുപോയ കാൽപ്പാടുകൾ തേടി അവൾ അലഞ്ഞു തുടങ്ങി..
വഴിപോക്കരാം നമുക്കിവിടം സത്രമെന്നോതിയവർ ഓരോരുത്തരായി വിടചൊല്ലി..ഇപ്പോൾ വനും..
കണ്ണീർപ്പുഴയിൽ മുങ്ങിക്കിടക്കുന്നു ഇന്നവൾ
ഏകാന്തതയുടെ ചുടുവികാരങ്ങൾക്ക് ശമനമേകുവാൻ ..
കാത്തിരിക്കുന്നവൾ
മാഞ്ഞു പോയ സിന്ദൂര പൊട്ടിന്റെ ഓർമ്മയിൽ
അഴിച്ചു വെച്ച താലിച്ചരടിന്റെ സ്മരണയിൽ
ഈ വീട്ടുവരാന്തയിൽ വിട്ടേച്ചു പോയ ചന്ദനത്തിരിയുടെ ഗന്ധമോടെ
ശവമഞ്ചം കൊണ്ടു പോയ വഴികളിലേക്ക് കണ്ണുകളെ  പായിച്ച്
മടങ്ങിവരുമെന്ന തോന്നലോടെ..
അനന്ത  കാലങ്ങളോളം
മുഷിയാതെ...