തിങ്കളാഴ്‌ച, ജനുവരി 31, 2011

ബ്ലോഗ്ഗ് മീറ്റ് ..




ഒരു പാട് നാളായി മനസ്സിലുള്ള ഒരാഗ്രഹമായിരുന്നു ഒരു ബ്ലോഗു മീറ്റിനു പങ്കെടുക്കുക എന്നത്. ആ ആഗ്രഹം നിറവേറിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കാമെന്നു വിചാരിച്ചു. ബഹ്റൈനിലെ യുവജന പ്രസ്ഥാനമായ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ബ്ലോഗു മീറ്റില്‍ എന്നെയും ക്ഷണിച്ചു ... ഒരു ബ്ലോഗറെ നേരിട്ടുകാണുക എന്ന ആശയോടെ .. അവിടെയെത്തിയപ്പോള്‍ എനിക്കറിയാവുന്ന ബ്ലോഗര്‍ ആരുമില്ല . അങ്ങിനെയിരിക്കുമ്പോള്‍ സദസ്സിലേക്ക് ഒരു ജുബ്ബാക്കാരന്‍ ചേട്ടന്‍ കയറി വന്നു അയാളെ കണ്ടതും ഞാന്‍ അധികമൊന്നും സന്ദര്‍ശിക്കാത്ത ഒരു ബ്ലോഗ്‌ എന്‍റെ മനസിലേക്ക് ഓടിയെത്തി ... മൊട്ടത്തലയിലെ നാട്ടപ്പിരാന്തുകള്‍ .

പരിപാടി തുടങ്ങിയത് യൂത്ത് ഇന്ത്യയുടെ ബ്ലോഗു നമുക്കെല്ലാം പ്രിയങ്കരനായ പ്രവാസി എഴുത്തുകാരന്‍ ആടുജീവിതത്തിന്റെ രചയിതാവ് നോവലിസ്റ്റ് ബിന്യാമിന്‍ ഓപ്പണ്‍ ചെയ്തുകൊണ്ടായിരുന്നു. ആത്മ പ്രകാശനത്തിന്റെ അതിരില്ലാത്ത സ്വാതന്ത്ര്യമാണ് ബ്ലോഗിലൂടെ നമുക്ക് ലഭിക്കുന്നതെന്നും ബ്ലോഗേഴുത്തിനെ ഗൌരവത്തില്‍ കണ്ടുകൊണ്ടു നന്മക്കു നേരെയുള്ള തിന്മക്കെതിരായുള്ള ഒരു നല്ല സന്ദേശം ജനങ്ങളിലെത്തിക്കുവാന്‍ അതുവഴി നമുക്ക് സാധിക്കണമെന്നും അദ്ദേഹം ഉണര്‍ത്തിച്ചു .എഴുത്ത് മാത്രമല്ല അതിനുള്ള പോരായ്മകള്‍ അതിന്റെ മേന്മകള്‍ എല്ലാം തന്നെ അഭിപ്രായത്തിലൂടെ പെട്ടെന്ന് തന്നെ നമ്മിലേക്ക് എത്തിച്ചേരുന്നു എന്നു കൂടി അതിന്റെ പ്രത്യേകത കൂടിയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇറാഖിലെ ബ്ലോഗര്‍മാര്‍ യുദ്ധകാലത്ത് അവിടുത്തെ യഥാര്‍ത്ഥ സംഭവങ്ങള്‍ ലോകത്തോട്‌ വിളിച്ചു പറഞ്ഞത് ബ്ലോഗിലൂടെ ആയിരുന്നു എന്നു കൂടി അദ്ദേഹത്തിന്റെ വാക്കുകളില്‍ കൂടി സദസ്സിനെ അറിയിച്ചു.


ശേഷം രാജു ഇരിങ്ങല്‍ എന്ന ബ്ലോഗര്‍ എങ്ങിനെ ഒരു ബ്ലോഗു നിര്‍മ്മിക്കാം എന്നു കൂടി സദസ്സിനു കാണിച്ച്‌ തന്നു.പിന്നീട് ഒരുരുത്തരായി അവരവരുടെ ബ്ലോഗിനെ പരിചയപ്പെടുത്തി. നട്ടപ്പിരാന്തന്‍, കുഞ്ഞന്‍ (പ്രവീണ്‍) , ടി .എസ്‌ നദീര്‍ ,അനില്‍ വെങ്കോട് , ശംസ് ബാലുശ്ശേരി , നാജ്‌ , മോഹന്‍ പുത്തന്‍ ചിറ അങ്ങിനെ ധരാളം പേര്‍ അവരുടെ ബ്ലോഗിനെ പരിചയപ്പെടുത്തി സംസാരിച്ചു. കൂട്ടത്തില്‍ ഞാനും .


അതിനു ശേഷം സൈബര്‍ എത്തിക്സ് എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങള്‍ ക്കൊണ്ട് നാം ചിന്തിക്കേണ്ടുന്ന തലത്തിലേക്ക് എത്തിക്കുവാന്‍ പങ്കെടുത്തവര്‍ക്കെല്ലാം കഴിഞ്ഞു .നൈതികതയും സദാചാരവും ജീവിതത്തിന്റെ ഭാഗമായി തീരുമ്പോള്‍ സൈബര്‍ ലോകത്തും അതിന്റെ സ്വാധീനം പ്രകടമാക്കാന്‍ കഴിയുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറയുകയുണ്ടായി. മൂല്യങ്ങള്‍ മുറുകെ പിടിച്ചു നന്മയില്‍ നിന്നുകൊണ്ട് സാങ്കേതിക വിദ്യകളെ കളങ്കമില്ലാതെ ഉപയോഗപ്പെടുത്തുന്നതില്‍ കമ്പ്യൂട്ടര്‍ ഉപയോഗ്താക്കള്‍ ശ്രദ്ധിക്കണമെന്ന് ചര്‍ച്ചാ നിയന്ത്രിച്ച ജമാല്‍ മാട്ടൂല്‍ പറഞ്ഞുകൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബഹ്റൈനിലെ പ്രഗത്ഭരായ പല ബ്ലോഗരേയും നേരില്‍ കണ്ടു സൗഹൃദം പങ്കുവെച്ചപ്പോള്‍ ഇനിയും ഇങ്ങനെയുള്ള ബ്ലോഗേര്‍സ് മീടിനു പങ്കെടുക്കണമെന്ന് മനസ്സ് എന്നോട് തന്നെ പറയാന്‍ തുടങ്ങി. ഞാന്‍ ചില ബ്ലോഗറെ കാണാമെന്നും പരിചയപ്പെടാമെന്നും തീരുമാനിച്ചത് കൊണ്ടാകാം അവരെ അവിടെ കാണാത്തതില്‍ നിരാശയുമുണ്ടായി .ലളിത സുന്ദര വാക്കുകളിലൂടെ ഗൃഹാതുരത്വം നിറഞ്ഞ എഴുത്തുകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ചെറുവാടിയും കാലികമായ വിഷയങ്ങളെ വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന അജിത്കുമാര്‍ സാറിനെയും ഞാന്‍ അവിടെ വെച്ചു പരിചയപ്പെടാം എന്നു കരുതിയിരുന്നു പക്ഷെ രണ്ടു പേരെയും അവിടെ പരിചയപ്പെടുത്തിയതായി കണ്ടില്ല .അപ്പൊ വന്നിട്ടുണ്ടാകില്ല എന്നുറപ്പിച്ചു . ഏതായാലും പുതിയൊരു അനുഭവമായിരുന്നു എനിക്കീ കൂടിച്ചേരല്‍ . ഇതിനു വേദിയോരുക്കിയ യൂത്ത് ഇന്ത്യയോടു നന്ദിയുണ്ട് . കൂടുതല്‍ ചര്‍ച്ചകള്‍ക്കും പരിചയപ്പെടലിനും വേദിയാകുന്ന ഇത്തരം മീറ്റുകള്‍ ഇനിയും സംഭവിക്കട്ടെ എന്ന പ്രാര്‍ഥനയോടെ നല്ലൊരു സായാഹ്നം ആസ്വദിച്ച സന്തോഷത്തോടെ ഞാനിറങ്ങി .
.

ശനിയാഴ്‌ച, ജനുവരി 22, 2011

എന്മകജെയിലൂടെ....



എൻഡോസൾഫാന്റെ ഇരകൾക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളം വിട്ട് ഇങ്ങ് ഗൾഫ് നാടുകളിലും ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾ.... പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന ഭാവത്തിലാണ് നമ്മുടെ നാട്ടിലെ ഭരണ സാരഥികൾ....അങ്ങിനെയിരിക്കെ അതുമായി ബന്ധപ്പെട്ട ഒരു നോവൽ എന്റെ കയ്യിലും കിട്ടി ഡോ:അംബികാ സുതൻ മാങ്ങാടിന്റെ എന്മകജെ . ഈ പേര് കണ്ടപ്പോള്‍ ഞാനും ആദ്യമൊന്നു അത്ഭുതപ്പെട്ടു ഒരു നോവലിന് ഇങ്ങനെയൊരു പേര് ... ആ പുസ്തകവുമായി അടുത്തപ്പോള്‍ കാര്യം പിടികിട്ടി അത് കാസര്ഗോട്ടുള്ള ഒരു സ്ഥല നാമം ആണെന്ന്.

ഈ നോവല്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കട്ടെ. ഒരു പുസ്തകത്തെ നിരൂപണം ചെയ്യാനുള്ള അറിവൊന്നും ഈയുള്ളവള്‍ക്കില്ല.എന്നിരുന്നാലും... എന്റെ അറിവിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടൊരു..പരിചയപ്പെടുത്തൽ,
അതിനു മുമ്പ് അംബിക സുതനെ നമുക്ക് ഒന്ന് പരിചയപ്പെടാം കാസർകോട് ജില്ലയിലെ ബാര ഗ്രാമത്തില്‍ ജനനം.റാങ്കുകളോടെ എം.എ ,എം.എഫിൽ ബിരുദങ്ങൾ നേടി കഥയിലെ കലാ സങ്കൽ‌പ്പം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.ധാരാളം അവാർഡുകൽ കരസ്ഥമാക്കി. കൊമേർഷ്യൽ ബ്രേയ്ക്കിനു കേരള സർക്കാറിന്റെ മികച്ച കഥയ്ക്കുള്ള ടെലിവിഷൻ അവാർഡ്.എട്ട് ചെറുകഥാ സമാഹാരങ്ങൾ, മൂന്ന് നിരൂപണ ഗ്രന്ഥങ്ങൾ. കാഞ്ഞങ്ങാട് നെഹ്രു കോളേജിലെ അധ്യാപകൻ.... അങ്ങിനെ പോകുന്നു കഥാകാരന്റെ പ്രത്യേകതൾ...

ഇനി നമുക്ക് നോവലിലേക്ക് കടന്നാലോ ...മനുഷ്യന്റെ അന്ധമായ ഇടപെടല്‍ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ നേര്‍കാഴ്ച .. എന്മകജെ കുന്നുകളുടെ ഗ്രാമം..മുള്ളുവേലികളില്ലാത്ത ... ചുറ്റുമതിലുകൾ വീർപ്പുമുട്ടിക്കാത്ത ,എപ്പോഴും പുഷ്പ്പിക്കുന്ന വേലികൾ മാത്രമുള്ള കൊച്ചു ഗ്രാമം... എല്ലാ വീട്ടിലും വ്യത്യസ്ഥ മതങ്ങളുടെ ചിഹ്നങ്ങൾ കരിപിടിച്ച് തൂങ്ങിയാടുന്നു...ഈ ഗ്രാമത്തിലെ ദുരന്തം അനുഭവിക്കുന്ന എൻഡോസൾഫാൻ ഇരകളുടെ കരളലിയിപ്പിക്കുന്ന യാഥാർഥ സത്യം നമുക്കീ നോവലിലൂടെ മനസിലാക്കാം .

ഈ നോവല്‍ തുടങ്ങുന്നത് കഥാപാത്രങ്ങള്‍ക്ക്‌ മനുഷ്യനിലെ രണ്ടു വര്‍ഗ്ഗത്തിന്റെ നാമം നല്‍കി കൊണ്ടാണ് പുരുഷനും സ്ത്രീയും ..സ്ത്രീയുടെ മാറില്‍ പഴന്തുണിയില്‍ ചുരുണ്ടുറങ്ങുന്ന ഒരു കുഞ്ഞ്‌. പുരുഷന്‍ ഒരു കത്തിയുമായി അവളെ ഭീഷണിപ്പെടുത്തുന്നു. എന്തു ഭൂകമ്പമുണ്ടായാലും അതിനെ ഉപേക്ഷിക്കില്ലെന്ന വാശിയില്‍ അവള്‍ .ആ കുഞ്ഞിനെ വീടിനുള്ളിൽ കയറ്റാൻ അയാൾ സമ്മതിക്കുന്നില്ല .അവൻ വല്ലാതെ ക്ഷോഭിച്ചപ്പോൾ അവൾ തന്റെ ഉള്ളില്‍ ഒതുക്കിയിരുന്ന ദേഷ്യം ഒന്നാകെ വാക്കുകളിലൂടെ പുറത്തു കാട്ടി ചീറി കൊണ്ട് പറഞ്ഞു എങ്കില്‍ എന്നെയങ്ങു കൊല്ല്..ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണ് . അവിടം മുതല്‍ കഥയുടെ ആരംഭം ആണെന്ന് പറയാം ...
പരസ്പരം കലഹിച്ച് പുരുഷന്‍ വീട് വിട്ട്‌ തൊട്ടടുത്തുള്ള കാട്ടിലെ ഒരു ഗുഹയിലേക്ക് പോകുന്നു.. സ്ത്രീ അകത്തു കയറി വാതിലടച്ചു. അവള്‍ കണ്ണാടിക്കു മുന്നില്‍ കണ്ട തന്റെ രൂപത്തില്‍ സൂക്ഷിച്ചു നോക്കി പ്രായം ആയതിന്റെ ലക്ഷണങ്ങള്‍, തലയില്‍ വെള്ളി മുടികള്‍ ,കഴുത്തില്‍ ഞൊറികളായി മാംസ പേശികൾ, അറിയാതെ അവൾ തന്റെ കുപ്പായം ഊരിയപ്പോൾ കണ്ണാടി ഉത്കണ്ഠയോടെ അവളോട് സംസാരിക്കുന്നു. നീ ജന്മനാ ഒറ്റ മുലച്ചിആയിരുന്നോ...? അപ്പോ അവൾ പറഞ്ഞു അല്ല എനിക്കു വളരെ ഭംഗിയുള്ള മാറിടം ഉണ്ടായിരുന്നു..ഒരു ദുഷ്ടന്‍ കടിച്ചു പറിച്ചതാണ്.അങ്ങിനെ ജീവിതത്തിൽ കഴിഞ്ഞു പോയ കാര്യങ്ങൾ പ്രപഞ്ചത്തിലെ രണ്ട് വസ്തുക്കളായ (കണ്ണാടിയോടും ഗുഹയോടും )സ്ത്രീ കണ്ണാടിയോടും പുരുഷൻ ഗുഹയോടും പറയാൻ തുടങ്ങി.. താൻ ഒരു വേശ്യയാണോ? തന്റെ പുരുഷൻ തന്നെ അങ്ങിനെ വിളിക്കുന്നതു കേട്ടല്ലോ? കണ്ണാടിയുടെ ചോദ്യത്തിനു കുറച്ച് അമാന്തിച്ചാണെങ്കിലും ഉത്തരം പറയാൻ തന്നെ സ്ത്രീ തീരുമാനിക്കുന്നു .മനുഷ്യരേക്കാള്‍ ക്ഷമയോടും സ്നേഹത്തോടും കൂടി കണ്ണാടി ഇതെല്ലാം കേൾക്കുമെന്നു തീരുമാനിച്ച് തന്നെ അവള്‍ തന്റെ കഥകൾ ഒന്നൊന്നായി പറയാൻ തുടങ്ങി. ഞാൻ ഒരു വേശ്യ ആയിരുന്നു ഇപ്പോ അങ്ങിനെയാണോ എന്നെനിക്കറിയില്ല .. താൻ ജനിച്ചത് ഒരു പാവപ്പെട്ട കുടിലിലാണ്. എന്റെ ഓർമ്മയിൽ അച്ചൻ കിടപ്പിലായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ.. അമ്മ കൂലി പണിക്കു പോകും എനിക്കു താഴെ രണ്ടനുജത്തിമാർ .. കോളേജിൽ പോകുന്ന കാലത്ത് മരമില്ലിൽ ജോലിയുള്ള ഒരാളുമായി പ്രണയത്തിലായി ..വിവാഹത്തിനു അമ്മ എതിർത്തെങ്കിലും അച്ചന്റെ വാദങ്ങൾക്കു മുന്നിൽ അമ്മയും മുട്ടു മടക്കി. വിവാഹം കഴിഞ്ഞ് ഹണിമൂണിനായി പുറപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞു മുറിയിൽ വിശ്രമിക്കുമ്പോൾ കയ്യിലെ പണമെല്ലാം തീർന്നസമയത്ത് സ്വന്തം ഭർത്താവു തന്നെ മറ്റുള്ളവര്‍ക്ക് കാഴച വെച്ചു. ധാരാളം പണം കയ്യിലണഞ്ഞപ്പോൾ എന്നെ ഉപേക്ഷിച്ച് അയാൾ എങ്ങോ പോയി മറഞ്ഞു. ഇത്രയും കേട്ടപ്പോൾ കണ്ണാടിയുടെ അടുത്ത ചോദ്യം നിന്റെ പേരെന്താണ്? തന്റെ പേരു പോലും ഉപേക്ഷിച്ചവാളണ് ഞാൻ .. ചുറ്റും നോക്കിയ ശേഷം തന്റെ പേരു അവൾ പതുക്കെ പറഞ്ഞു ദേവയാനി.. പിന്നെ നീയെങ്ങിനെ ഇ കാട്ടിലെത്തി അയാളോടൊപ്പം അതുമൊരു പ്രണയമായിരുന്നോ ....കണ്ണാടിയുടെ ചോദ്യം കേട്ട് അവൾ തന്റെ ബാക്കി കഥ കൂടി വിവരിക്കാൻ തുടങ്ങി തന്നെ വഞ്ചിച്ചു കടന്ന ഭർത്താവ് നാലുനാൾ കാത്തിട്ടും തിരിച്ചു വന്നില്ല പിന്നെ അറിയാൻ കഴിഞ്ഞു അയാൾ വേറെ വിവാഹം കഴിച്ചെന്ന് വീട്ടിലേക്ക് തിരിച്ച് പോകാൻ എനിക്കു മനസ്സ് വന്നില്ല ഭർത്താവ് ശീലിപ്പിച്ച ജോലി അഭിമാനത്തോടെ ചെയ്യാൻ തുടങ്ങി..ഒരിക്കൽ ഇരുപത്തിഅഞ്ചു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന നാല് പയ്യന്മാർ എന്നെ നേരത്തെ ഫോൺ വിളിച്ച് പറഞ്ഞതനുസരിച്ച് വന്നു എന്നെ കൂട്ടിക്കൊണ്ടുപോയി അവർ ഒരു പൊന്തക്കാട്ടിൽ വെച്ച് ചെകുത്താന്മാരെ പോലെ എന്റെ ശരീരത്തിൽ ഒന്നിച്ച് ചാടിവീണു .നിലവിളി ആരും കേൾക്കാതിരിക്കാൻ വായ മൂടിക്കെട്ടി..ചെന്നായിക്കളെ പോലെ എന്റെ ശരീരം അവർ കടിച്ചു കീറി ചത്തെന്നു തോന്നിയത് കൊണ്ടാകണം അടുത്തുള്ള കാട്ടിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
.
സ്ത്രീ കണ്ണാടിയോട് സംസാരിക്കുമ്പോളും ഗുഹ പുരുഷനോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു...ആരാണെന്ന ചോദ്യത്തിനു എനിക്ക് പേരില്ല എന്ന ഉത്തരത്തിൽ ശഠിച്ച് നിന്നപ്പോൾ ഗുഹയിലേക്ക് കയറി വന്ന ഒരു പെരുമ്പാമ്പ് അയാളെ വരിഞ്ഞു മുറുക്കി ഉപദ്രവിക്കാൻ തുനിഞ്ഞപ്പോൾ ഗുഹ പാമ്പിനോട് പറഞ്ഞു. എന്നിൽ അഭയം തേടി വന്നവനെ ഉപദ്രവിക്കാൻ നിനക്കവകാശമില്ല. അതു കേട്ട് പെരുമ്പാമ്പ് ഇഴഞ്ഞിഴഞ്ഞ് ഗുഹക്കകത്ത് നിന്നു പുറത്തിറങ്ങി. തന്റെ ദുശ്യാഠ്യങ്ങളും അഹംഭാവവുമാണ് ആ പുറത്തേക്ക് പോയത്. ഇനി പറയൂ നീ ആരാണെന്ന് ഗുഹ ചോദ്യം ആവർത്തിച്ചപ്പോൾ പുരുഷൻ മറുപടി പറഞ്ഞു എന്റെ പേര് നീലകണ്ഡൻ എന്റെ നാട്ടിൽ നാടുവിട്ടിറങ്ങിയവനാണ് ഞാൻ...ജീവിതത്തിന്റെ പല ഘട്ടങ്ങൾ കണ്ട് മടുത്തവനാണു ഞാൻ .. പത്രത്തിന്റെ എഡിറ്ററായി ജോലി നോക്കിയ ഒരു കാലമുണ്ടായിരുന്നു എനിക്ക്..അവിടെ വെച്ച് പലരേയും മനസ്സിലാക്കാൻ കഴിഞ്ഞു...പലരുടേയും ചെയ്തികൾ എന്നെ നൊമ്പരപ്പെടുത്തി... എന്റെ മുന്നിൽ കണ്ട പാവപ്പെട്ടവരുടെയും കുഷ്ഠരോഗികളുടേയും..തെരുവിൽ കഴിയുന്നവരുടേയും അവസ്ഥ കണ്ട് ഞാൻ ജനലുകളില്ലാത്ത വാതിലുകളില്ലാത്ത ഒരു വീടു നിർമ്മിച്ച് അതിലേക്ക് അശരണരണായ രോഗികളെ താമസിപ്പിച്ച് അവരെ പരിചരിച്ചു വരുമ്പോളാണു.. ദേവയാനിയും എന്റെടുത്ത് എത്തിപ്പെടുന്നത്... ഇങ്ങനെ നോവലിലെ പ്രധാനപ്പെട്ട രണ്ട് കഥാ പാത്രങ്ങളേയും കഥാകാരൻ നമുക്ക് പരിചയപ്പെടുത്തി തരുന്നു...

പിന്നീടങ്ങോട്ട് അവരുടെ കൈകളിലേക്ക് വന്നു ചേര്‍ന്ന കുട്ടിയിൽ നിന്നും ദുരിതങ്ങളുടെ ജീവിത കഥ തുടരുന്നു..ചില മൌനങ്ങളുടെ ഉത്തരങ്ങളെ.. മാനുഷിക പരിഗണനയുടെ ഓരങ്ങളെ നമുക്കീ നോവലിൽ ദർശിക്കാന്‍ കഴിയുന്നുണ്ട് ...എന്മകജെയുടെ 2000 -നു മുൻപുള്ള ചരിത്രവും സംസ്ക്കാരവും നമുക്കിതിൽ കാണാം..കോപത്തിന്റെയും ശാപത്തിന്റേയും കണക്കുകൾ കാണാം.. ആ അന്ധവിശ്വാസത്തിൽ തന്നെ അവർ അവർക്കു വന്നു പെട്ട ദുരിതത്തേയും അവർ വിലയിരുത്തുന്നു...ഇതിലെ ഒരു പ്രായം ചെന്ന കഥാപാത്രമാണു... പാഞ്ചി മൂപ്പൻ കോടങ്കിരി കുന്നിലെ വൈദ്യൻ.. ഇവിടെ കോടങ്കിരി കുന്നിനെ വർണ്ണിക്കുന്ന ഏടുകൾ നമുക്ക് കാണാം..
ആ നാട്ടിലെ തന്നെ തൂങ്ങി മരിച്ച ഒരു കുടുംബത്തിലെ കുട്ടിയെ ദേവയാനി കൂടെ കൂട്ടുകയും.. ആ കുട്ടിയുടെ രൂപത്തിന്റെ വർണ്ണന കരളലിയിക്കും വിധം നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു.. അതു പോലെ ആ ഗ്രാ‍മത്തിൽ ജീവിക്കുന്ന മറ്റുള്ള ആളുകളുടേയും അവസ്ഥ അതി ദയനീയമായിരുന്നു ...കുഞ്ഞിന്റെ ദേഹത്താകെ വൃണങ്ങൾ..മുടി ആകെ നരച്ചിരിക്കുന്നു...വായിലൊഴിക്കുന്ന വെള്ളം കവിളിലൂടെ പുത്തേക്കൊഴുകുന്നു..പാഞ്ചി മൂപ്പൻ കുട്ടിയെ പരിശോധിക്കാൻ വന്നപ്പോൽ ആ നാട്ടിലെ മറ്റു കുട്ടികളെ പറ്റി വിശദീകരിക്കുന്നു....ഭാ‍ഗ്യ ലക്ഷ്മി 14 വയസ്സുള്ള ഐശ്വര്യമുള്ള പെൺകുട്ടി പക്ഷെ അവളുടെ നാക്ക് പുറത്തേക്ക് നീണ്ടു കിടക്കുന്നു.. അവൾക്ക് വായ് പൂട്ടാൻ കഴിയില്ല..ഉറങ്ങുമ്പോളും അവളുടെ നാക്ക് പുറത്തായിരിക്കും... അതിനു കട്ടിയുള്ള ഭക്ഷണമൊന്നും കൊടുക്കാൻ പറ്റില്ല ചോറ് അരച്ച് കൊഴമ്പു രൂപത്തിൽ കൊടുക്കുന്നു മൂപ്പന്റെ വർണ്ണനിയിൽ നിന്ന് നീലകണ്ഡനും ദേവയാനിക്കും അവരിലേക്ക് ഇറങ്ങി ചെന്ന് എല്ലാം നേരിൽ കാണാൻ അവർ തീരുമാനിക്കുന്നു..അവിടെയെത്തിയപ്പോൾ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ചകൾ വർണ്ണനക്കതീതമായി.. ചിത്രീകരിക്കുന്നു...ഒരു പെൺകുട്ടിയെ പായയിൽ കിടത്തിരിക്കുന്നു..വിചിത്രമായ ഉടൽ,ശരീരത്തേക്കാൾ വലിയ തല,വളരെ ചെറിയ കൈകാലുകൾ,.. 10 വയസ്സു വരെ ഓടി ചാടി നടന്ന അൻവറിനു നടക്കുമ്പോൾ കാലുകള്‍ പാളി പോകുന്നു..കണ്ണിലെ കൃഷ്ണമണി നീങ്ങി പോകാനും തുടങ്ങിയിരിക്കുന്നു. അങ്ങിനെ ജന്മം കൊണ്ട് ഒത്തിരി വിരൂപരായവരേയും മറ്റും പരിചയപ്പെടുത്തുന്നു

ഇതെല്ലാം ജഡാധരി ദൈവത്തിന്റെ ക്രൂരതയാണെന്ന് വിശ്വസിക്കുന്ന ഗ്രാമീണരുടെ ദയനീയത കണ്ട് നിൽക്കാനാവാതെ നീലകണ്ഠന്‍ പ്രതികരിക്കുന്ന മനുഷ്യനായി തീരുന്നു അതുവഴി നാട്ടിലെ ഭീകരമായ അവസ്ഥക്കുള്ള കാരണം അന്വേഷിച്ചിറങ്ങുകയും അങ്ങിനെ എന്മകജെയിലെ ഒരേ ഒരു ഡോക്ടറായ അരുൺകുമാറിനെയും നാട്ടിലെ പൊതുപ്രവർത്തകരായ സുബ്ബനായിക്കിനേയും ശ്രീരാമ, പ്രകാശ് എന്നിവരേയും പരിസ്ഥിതിപ്രവർത്തകനായ ജയരാജിനേയുമൊക്കെ പരിചയപ്പെടുകയും ഇതിന്റെ കാരണം പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ കശുമാവിൻ തോപ്പുകളെ നശിപ്പിക്കാനെത്തുന്ന തേയിലക്കൊതുകുകളെ കൊന്നൊടുക്കുന്നതിനായി ഹെലികോപ്ടർ വഴി സ്പ്രേ ചെയ്യുന്ന അതീവ ഗുരുതരമായ വിഷ പദാര്‍ത്ഥമായ എൻഡോസൾഫാനാണ്.ഇത്തരം ദുരിതപൂർണ്ണമായ അവസ്ഥയ്ക്ക് കാരണമെന്ന് അവർ മനസ്സിലാക്കുകയും ..അതിനെതിരായി എസ്പാക്ക് എന്നപേരിൽ “എൻഡോസൾഫാൻ സ്പ്രേപ്രൊട്ടസ്റ്റ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു.


എൻഡേസൾഫാനെതിരായ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത് കൊണ്ട് ജനങ്ങളുടെ കയ്യടി വാങ്ങിക്കുകയും .പിന്നിൽ കൂടി അവരെ കബളിപ്പിച്ച് രഹസ്യമായി എന്‍ഡോസള്‍ഫാന്റെ പേരില്‍ കോടികൾ കൈക്കലാക്കുകയും ചെയ്യുന്ന നേതാക്കളുടേയും അവരുടെ ആജ്ഞയനുസരിച്ച് പാവങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന ശിങ്കിടികൾ അടക്കമുള്ളവരുടെ നെറികെട്ട രാഷ്ട്രീയത്തെ നോവലില്‍ അതി മനോഹരമായി വരച്ച് കാണിക്കുന്നു. നേതാവിന്റെയും മറ്റും പണത്തിനും പ്രതാപത്തിനും അധികാരത്തിനും മുന്‍പില്‍ പതറാതെ പിടിച്ചു നില്‍ക്കുന്ന നീലകണ്ഠനേയും ദേവയാനിയെയും മരത്തിൽ നഗ്നയായി തലകീഴായി കെട്ടിത്തൂക്കിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്ന നേതാവും കൂട്ടരും കള്ളിന്റെയും കഞ്ചാവിന്റെയും ലോകത്ത് ആനന്ദം കണ്ടെത്തുമ്പോൾ.. അവിടെ ആരേയും ഉപദ്രവിക്കാത്ത സർപ്പം നേതാവിന്റെ ശരീരത്തിൽ ചുറ്റിപ്പുണർന്നു അവരെ വകവരുത്തുകയും അവരുടെ ചെയ്തികൾക്ക് അറുതി വരുത്തുകയും ചെയ്യുന്നു.
മനുഷ്യർ നിസഹായനാവുകയും പ്രകൃതി അറുതി കണ്ടെത്തുകയും ഒടുവില്‍... ലോകത്തിന്റെ കപടതയില്‍ മനസ്സ് മടുത്ത് നീലകണ്ഠനും ദേവയാനിയും അരയില്‍ ചുറ്റിയ മനുഷ്യന്‍ എന്ന നാമത്തെ പോലും ദൂരേക്ക് വലിച്ചെറിഞ്ഞ് പ്രകൃതിയുടെ മക്കളായി ഗുഹാവാസികളാവുന്നിടത്ത് നോവല്‍ അവസാനിക്കുമ്പോൾ എന്തോ അവസാനിപ്പിക്കുന്നതിൽ കഥാകാരനു ഒരു അപാകതയുണ്ടെന്ന തോന്നൽ എന്റെ മനസ്സിന്റെ ഉൾത്തടത്തിൽ എവിടെയോ ഉയർന്നു വന്നു.... ഇന്നും അവിടുത്തെ ദുരിതം കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നത് കൊണ്ടാകാം ... ഈയുള്ളവൾക്ക് അങ്ങിനെ തോന്നിയത്...


ചൊവ്വാഴ്ച, ജനുവരി 04, 2011

മാനസാന്തരം..


അസ്തമയ സൂര്യന്റെ രക്ത ശോഭ പടിഞ്ഞാറെ മാനത്ത് പടർന്നിരിക്കുന്നു... കയ്യിലുണ്ടായിരുന്ന കൽ വെട്ടി താഴെ വച്ച് ഹമീദ് ഒന്നു നിവർന്നു നിന്നു. തന്റെ തലയിലെ കെട്ടഴിച്ച് തോർത്ത് തോളിലേക്കിട്ട് പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ച് വലിച്ച് അതിന്റെ പുക ചുരുൾ അന്തരീക്ഷത്തിൽ ഉയർന്നു ചേരുന്നതും നോക്കി അയാൾ അടുത്തു കണ്ട കല്ലിലേക്കിരുന്നു.
.
തൊട്ടടുത്ത ടവറിലെ ക്ലോക്കിൽ നാഴിക മണി മുഴങ്ങി.. അഞ്ച് മണി കഴിഞ്ഞിരിക്കുന്നു.... കയ്യിലുള്ള ബീഡിക്കുറ്റി അയാൾ ദൂരെക്കെറിഞ്ഞ് എഴുന്നേറ്റ് മുതലാ‍ളിയുടെ മുറിയിലേക്ക് ചെന്നു....കണക്കെഴുതിക്കൊണ്ടിരിക്കുന്ന സുകുമാരൻ നായർ വാതിലിനടുത്തൊരു നിഴലനക്കം കണ്ട് മുഖമുയർത്തി... “എന്താ ഹമീദെ”...? മുഖത്തെ കണ്ണട ചൂണ്ടാണി വിരൽക്കൊണ്ടൊന്നു നേരെയാക്കി കണക്ക് ബുക്കിൽ നിന്നും തല ഉയർത്തി സുകുമാരേട്ടന്റെ സ്വത സിദ്ധമായ ശൈലിയിലുള്ള ചോദ്യം. “കുറച്ച് കാശ് വേണമായിരുന്നു.. വീട്ടിൽ ഇത്തിരി ബുദ്ധിമുട്ടാണെ... അടുത്തമാസം ശമ്പളം തരുമ്പോൾ അതീന്നു പിടിച്ചോ... ഹമീദ് ഭവ്യതയോടെ മൊഴിഞ്ഞു... “ഹും..”ഒന്നിരുത്തിമൂളിക്കൊണ്ട് സുകുമാരൻ നായർ പൈസ കൊടുത്തു.. ഹമീദെ നീയിപ്പോ കുടിയിലേക്ക് തന്നെയല്ലെ പോണത്..? കാശും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ സുകുമാരേട്ടന്റെ ചോദ്യം കേട്ട് അതെ എന്നു മറുപടി കൊടുത്തു ഹമീദ് ഇറങ്ങി നടന്നു.. ആ നടപ്പു നോക്കി സുകുമാരൻ നായർ ഒന്നു നെടുവീർപ്പിട്ടു..

മുഷിഞ്ഞ നോട്ടുകൾ കീശയിൽ നിന്നും പല്ലിളിക്കുമ്പോൾ തെരുവത്തെ കോരന്റെ ഷാപ്പിലെ കള്ളിന്റെ മണം അയാളുടെ മൂക്കിലേക്കടിച്ചു...പതിവു പോലെ വീട്ടിലേക്കുള്ള വഴിതിരിഞ്ഞെത്തിയത് കോരന്റെ ഷാപ്പിൽ തന്നെ ... ഹമീദിനെ കണ്ടപ്പോൾ അവിടെ കാത്തിരുന്ന കൂട്ടുകാർക്ക് സന്തോഷമായി. “വാടാ ഹമീദെ ഒരു കൈ നോക്കാം...” കൂട്ടുകാരൻ ക്ഷണിച്ചു .. ഹമീദ് വന്നിരുന്നപ്പോഴേക്കും വെയിറ്റർ കുപ്പിയുമായി വന്നു. കൂട്ടുകാരൻ അപ്പോഴേക്കും ചീട്ട് നിരത്തിയിരുന്നു. കളിയും കുടിയുമായി സമയം പോയതയാൾ അറിഞ്ഞില്ല.. കയ്യിലിരുന്ന കാശുമുഴുവൻ കൂട്ടുകാരുടെ കയ്യിലെത്തിയപ്പോഴേക്കും അകത്ത് ചെന്ന കള്ള് തലക്ക് പിടിച്ചിരുന്നു.. കാലിയായ കീശയും തലക്കകത്തെ ലഹരിയുമായി അയാൾ ഷാപ്പ് വിട്ടിറങ്ങി..
പെയ്തു കൊണ്ടിരിക്കുന്ന മഴയില്‍ തലയിലെ കെട്ടഴിച്ച് ഒന്നാഞ്ഞു വീശി വീണ്ടും തലയില്‍ ചുറ്റി "പാപ്പി അപ്പച്ചാ .. അപ്പച്ചനോടോ അമ്മച്ചിയോടോ ..." എന്ന പാട്ടും പാടി ഇരുട്ടില്‍ ആടിയുലഞ്ഞ് അയാൾ തന്റെ കൂരയിലെത്തി.....

ചോര്‍ന്നൊലിക്കുന്ന ആ ഓലക്കൂരയില്‍ ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ വാതില്‍പ്പടിയില്‍ ഇളയ മകളേയും ഒക്കത്ത് വെച്ച് മുഷിഞ്ഞ വേഷത്തില്‍ മൈമൂന ... അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അവളെ കാണാത്ത ഭാവത്തില്‍ ഹമീദ് അകത്തു കയറി . പനിയില്‍ വിറച്ചു കിടക്കുന്ന മൂത്ത മകന്റെ ദയനീയ മുഖവും അയാള്‍ ശ്രദ്ധിച്ചില്ല . അപ്പുറത്തെ മുറിയില്‍ നിന്നും ഉയര്‍ന്നു കേട്ട ഭാര്യ മാതാവിന്റെ ചുമ അയാളെ ശുണ്ടി പിടിപ്പിച്ചു "നാശം .. തള്ളക്ക് മര്യാദക്ക് ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരുന്നൂടെ പകലു മുഴുവനും അവിടേം ഇവിടേം തെണ്ടി നടക്കും ...എന്നിട്ട് രാത്രി കെടന്നു കൊരക്കും" ഇത് കേട്ട് കടന്നു വന്ന മൈമൂന അയാളെ നോക്കി ..മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അവളുടെ രക്ത നിറമുള്ള കണ്ണുകള്‍ അയാളെ തിരിച്ചു നോക്കുന്നതായി അയാള്‍ കണ്ടു .. "എന്താടി നിന്റെ തള്ളയെ പറഞ്ഞത് നിനക്കു പിടിച്ചില്ലേ .. അതുവരെ മൌനിയായി നിന്ന മൈമൂന അടക്കി വെച്ച ദേഷ്യവും സങ്കടവുമെല്ലാം വാക്കുകളിലൂടെ പുറത്തേക്കെടുത്തു " എന്‍റെ ഉമ്മ അങ്ങിനെ തെണ്ടി നടന്ന്‍ മറ്റുള്ളവരുടെ വീട്ടിലെ എച്ചില്‍ പാത്രം കഴുകുന്നത് കൊണ്ടാ ഞാനും കുട്ടികളും ഇവിടെ കഴിഞ്ഞു പോകുന്നത് അതറിയോ നിങ്ങള്‍ക്ക് ...ദേ ഇത് കണ്ടോ താഴെ നിലത്ത്‌ കീറ പായയില്‍ മൂത്ത കുട്ടിയെ ചൂണ്ടി കാണിച്ച്‌ അരിശത്തോടെ അവള്‍ പറഞ്ഞു "ഇന്നലെ മുതല്‍ തുടങ്ങിയതാ ചുട്ടുപൊള്ളുന്ന പനി..ആശുപത്രീ കൊണ്ടോകാന്‍ കയ്യില്‍ കാശില്ല നിങ്ങളോട് ഞാന്‍ രാവിലെ പോകുമ്പോ പറഞ്ഞതല്ലേ മൊതലാളീനോട് കുറച്ച കാശ് വാങ്ങിച്ച് നേരത്തെ വരണമെന്ന് എന്നിട്ടോ .. കണ്ട അലവലാതികളുമായി കൂട്ട് കൂടി കയ്യിലെ കാശും കളഞ്ഞു ,കള്ളും മോന്തി വന്നിരിക്കുന്നു ... മടുത്തു ഈ ജീവിതം ഇത്രയും പറഞ്ഞു അവള്‍ തന്റെ കൈ കൊണ്ട് മാറില്‍ ആഞ്ഞടിച്ച്‌ പൊട്ടിക്കരഞ്ഞു ...ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ അവളുടെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ അലിഞ്ഞു ചേര്‍ന്നു... മഴക്ക് പിന്നെയും ശക്തിയേറി ..ലോകം സൃഷ്ട്ടിച്ച അനന്ത ദയാപരനോട് ഇരുകൈകളും ഉയര്‍ത്തി അവള്‍ സഹായം തേടി...എല്ലാം കേട്ട് കൊണ്ട് ഉമ്മറത്തെ പഴകിയ കസേരയില്‍ അയാള്‍ ചെന്നിരുന്നു ...അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച് മിന്നല്‍ പിണറുകള്‍ ഇടിയോടൊപ്പം ഭൂമിലൂടെ മിന്നി മറഞ്ഞു ...മഴ പിന്നേയും തോരാതെ പെയ്തുകൊണ്ടിരുന്നു ... കരഞ്ഞുറങ്ങിയ മക്കളെ നെഞ്ചോട്‌ ചേര്‍ത്ത് വെച്ച്‌ വിശന്നൊട്ടിയ വയറുമായി എപ്പോഴോ അവളും ഉറക്കത്തിലേക്ക് വഴുതി വീണു..... ഇതിനിടയില്‍ മൂലയില്‍ ചുരുട്ടി വെച്ച പഴകി ദ്രവിച്ച പുല്‍ പായ എടുത്തു ഹമീദ് ചോര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍ വീണു നനഞ്ഞ തിണ്ണയില്‍ വിരിച്ച്‌ അതിലേക്കു വീണു ... ഒന്നുമറിയാതെ ഏതോ ഒരു ലോകത്തില്‍ അയാള്‍ സുഖ നിദ്രയിലാണ്ടു ... പെട്ടെന്ന്‍ .....



വല്ലാത്തൊരു ശബ്ദം അയാളില്‍ പ്രതിധ്വനിയായെത്തി ..മറ്റൊരു ലോകം ...അവിടെ മുടി നാരിഴപോലെ നേര്‍ത്തൊരു പാലം ഇരുവശങ്ങളിലായി നന്മയുടെയും തിന്മയുടെയും ലോകങ്ങള്‍ ... ഒരു ചാണ്‍ ഉയരത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന സൂര്യ ഗോളം .... ജനങ്ങള്‍ അവരുടെ വിയര്‍പ്പുകണങ്ങളില്‍ മുങ്ങിത്താഴുന്നു കൊണ്ടിരിക്കുന്നു....തിങ്ങി നിറഞ്ഞ ഭൂമീ വാസികള്‍ അവരവരുടെ ചെയ്തികളുടെ പ്രതിഫലത്തിനായി അക്ഷമരായി..നിൽക്കുന്നു.. ബന്ധമോ ബന്ധനങ്ങളൊ ഇല്ലാത്തൊരു ലോകം ..എല്ലാവരും സ്വന്തത്തിനു വേണ്ടി കേണിടുന്നൂ..അവിടെ അവനും അവളുമുണ്ട്..മരവും മലയുമുണ്ട്,പുഴയും പുഴുക്കളുമുണ്ട്,അടിമയും ഉടമയുമുണ്ട്,..രാജാവും പ്രജയുമുണ്ട്, വിധിച്ചവനും വിധിക്കപ്പെട്ടവനുമുണ്ട്,..എല്ലാവരും താൻ ചെയ്തു പോയ കർമ്മങ്ങളുടെ ഫലമറിയാൻ വേണ്ടി പരക്കം പായുന്നു.. ഇന്നലെ വരെ ഗർജ്ജിച്ച നാവ് നിശബ്ദമാകുന്നു..പകരം ശരീരത്തിലെ മറ്റവയവങ്ങൾ സംസാരിക്കുന്നു... ഇവരുടെ ചെയ്തികൾക്ക് ഞങ്ങൾ സാക്ഷിയെന്നു അവ തുറന്നു പറയുന്നു..അവിടെ സ്വന്തത്തിനു വേണ്ടി കർമ്മങ്ങൾ മാത്രം.... ഹമീദ് പെട്ടെന്ന് ഉറക്കിൽ നിന്നും ഞെട്ടിയെണീറ്റു ..
പുറത്ത് അപ്പോഴും മഴ കനത്ത് പെയ്യുന്നുണ്ടെങ്കിലും അവന്റെ ശരീരം വിയർത്തൊലിക്കുകയായിരുന്നു..തലേ ദിവസം കുടിച്ച കള്ളിന്റെ ലഹരി അയാളെ വിട്ടു മാറിയിരിക്കുന്നു.. താൻ സ്വപ്നത്തിലായിരുന്നോ..കണ്ടതെല്ലാം സ്വപ്നമായിരുന്നോ..അയാൾക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു
.എല്ലാം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു...പുതു ജന്മം പോലെ അയാളുടെ മനസിൽ ഒരു പ്രകാശം പരന്നു..അയാൾക്കൊന്നും മനസ്സിലായില്ല...
കുറച്ചകലേയുള്ള പള്ളിയിൽ നിന്നും സുബഹി ബാങ്കിന്റെ ഈരടികൾ മഴയുടെ ഇരമ്പലിനൊപ്പം ഹമീദിന്റെ ചെവിയിൽ അലയടിച്ചു..പെട്ടെന്നയാൽ എണീറ്റു മുഖം കഴുകി.. പുല്ലുകൾ നിറഞ്ഞ ഒറ്റയിടി വരമ്പിലൂടെ നടന്നു നീങ്ങി.... ബാങ്കു വിളിയുടെ ശബ്ദം അയാളിലടുത്തു വന്നപ്പോൾ മഴയുടെ ആരവവും നേർത്തില്ലാതായി..പള്ളിമുറ്റത്തെത്തിയവരിൽ ഒരാളായി അയാളും...
ഇന്നലെകളുടെ മാലിന്യം കഴുകിത്തുടച്ച് ഇന്നിലൂടെ പ്രശാന്ത സുന്ദരമായ നാളേയിലേക്കുള്ള യാത്രയുടെ തുടക്കം...