തിങ്കളാഴ്‌ച, ഏപ്രിൽ 18, 2011

ഓര്‍മ്മകളെ തനിച്ചാക്കി ...





നല്ല ഉന്മേഷം തോന്നുന്നു. ചെറിയൊരു ഇടവേളയില്‍ നാട്ടില്‍ പോയി വന്നു. കൂടുതല്‍ ആവേശം കുട്ടികള്‍ക്കായിരുന്നു. ഫ്ലാറ്റിലെ തടങ്കലില്‍ നിന്നും അവര്‍ക്കും ആവുമല്ലോ ഒരു മോചനം.

വിമാനം കരിപ്പൂര്‍ ഇറങ്ങാന്‍ സമയമായെന്ന് അറിയിപ്പ് വന്നു. ഞാന്‍ ജാലകത്തിലൂടെ താഴോട്ട് നോക്കി. മരങ്ങളും കുന്നുകളും കണ്ട്‌ തുടങ്ങുന്നു. മാനവും മേഘാവൃതമാണ്. രണ്ടു തുള്ളി മഴവെള്ളം
വിമാനത്തിന്റെ ജാലകപ്പുറത്ത് വന്നു വീണു...ഞാന്‍ പതിയെ ആ വെള്ള തുള്ളികളെ കൈകള്‍ കൊണ്ട് അകത്തു നിന്നും തഴുകി തലോടാനൊരു ശ്രമം നടത്തി. ഓര്‍മ്മകളിലേക്ക് ഉറ്റിവീണ മഴത്തുള്ളികള്‍. രണ്ടു മണിക്കൂര്‍ വൈകി പുറപ്പെട്ട എയര്‍ ഇന്ത്യ എ
ക്സ് പ്രസ്സിനോടുള്ള ദേഷ്യം ആ ജല കണികകളില്‍ അലിഞ്ഞില്ലാതായി ..



എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കൊഴിഞ്ഞുപോയത് . ഇന്ന് തിരിച്ചു പോകണം. നാട്ടിലെ മണ്ണിന്റെ മണവുമായി ഇണങ്ങി ചേര്‍ന്ന കുട്ടികള്‍ക്ക് സങ്കടം. എനിക്കാണേല്‍ എന്തൊക്കെ കൊണ്ടുപോകണം എന്ന വേവലാതി ആണ്. തേങ്ങയും വാഴക്കുലയും ചേനയും ചേമ്പും പപ്പായയും വരെ ലഗേജിൽ കുത്തി നിറക്കുന്ന തിരക്കില്‍ ആണ് ഞാന്‍ . എല്ലാരും കളിയാ
ക്കുന്നു. നീ എന്താ CID മൂസയിലെ ബിന്ദു പണിക്കരെ പോലെ എന്നൊക്കെ. പക്ഷെ നാട്ടില്‍ ഇതൊക്കെ സുലഭമായി കിട്ടുന്ന അവര്‍ക്കുണ്ടോ ഞങ്ങള്‍ പ്രവാസി വീട്ടമ്മമാരുടെ പ്രയാസം അറിയുന്നു. വെറും ചിക്കനും മട്ടനും മടുത്തു എന്നത് അവരോട് പറഞ്ഞാൽ അവർ പറയും ഹോ നിങ്ങൾ ബല്യ ഗൾഫല്ലെ എന്ന് അവർക്കറിയില്ലല്ലോ നമ്മുടെ നാട്ടിലെ ആർക്കും വേണ്ടാത്ത ചക്കക്കുരുവിനു പോലും ഭയങ്കര വിലയാണെന്ന്. അതു കിട്ടാനാണെങ്കിൽ ലുലു വരെ പോകൂകയും വേണം .. ഞാന്‍ ഇക്കയോട് ചോദിച്ചു....
"ഇക്കാ..കുറച്ച് ഉണക്കമീന്‍ കൂടി മേടിക്കാമായിരുന്നില്ലേ...?"
അത് കേട്ട് അവര്‍ക്ക് ചിരി.
"ഇനി എത്ര നാള്‍ കഴിഞ്ഞാലാ ഉണക്കമീനും കൂട്ടി കഞ്ഞി കുടിക്കാന്‍ പറ്റാ...?" ഞാന്‍ വിട്ടു കൊടുത്തില്ല . നുജനെ സോപ്പിട്ട് അതും വാങ്ങിപ്പിച്ചു. ഇപ്പോള്‍ സാമാന്യം വല്യൊരു കെട്ട് തന്നെ ആയിട്ടുണ്ട്‌. "ഡീ നീ അവിടെ കച്ചോടം തുടങ്ങാന്‍ പോവാണോ...?" എന്നായി ഇക്ക. ഹമ്പട മോനെ ഇതൊക്കെ നിങ്ങളെ മുഖം തെളിയിക്കാനുള്ള മരുന്നുകളല്ലേ എന്ന് മനസ്സില്‍ പറഞ്ഞു. രണ്ട് തേങ്ങയും കൂടി അതിൽ കുത്തികേറ്റി.. "ഡീ മുപ്പത് തേങ്ങ, നമുക്ക് ഉപ്പാനേം കൂടി അങ്ങോട്ട് കൂട്ടിയലോ...?
തേങ്ങാ കച്ചോടം അവിടേം തുടങ്ങാലോ...?
ഒക്കെ ചിരിക്കാനുള്ള വാക്കുകളാണെങ്കിലും എന്തോ ഒരു വിഷമം, വീണ്ടും പ്രവാസത്തിന്റെ യാന്ത്രികതയിലേക്ക് ഈ നാടും വീടും വീട്ടുകാരുമെല്ലാം.. ..എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.




(വരുന്ന വഴി റോഡില്‍ സൊറ പറഞ്ഞിരിക്കുന്ന ഇവര്‍ ഫോട്ടോക്ക് നന്നായി പോസ് ചെയ്തു തന്നു )

എയര്‍ പോര്‍ട്ടിലെത്താന്‍ ഇനിയും രണ്ടു മണിക്കൂര്‍ കഴിയണം. പതുക്കെ ഡ്രൈവ് ചെയ്‌താല്‍ മതിയെന്ന് ഇക്ക നുജനോട് പറയുമ്പോൾ എന്റെ മനസ്സിലും അതു തന്നെയായിരുന്നു അത്രയും സമയം വഴിയോരകാഴ്ചകൾ ആസ്വദിക്കാലോ,വഴിയിലൊരു കരിമ്പ് ജ്യൂസ് കട കണ്ട്‌. വണ്ടി നിര്‍ത്തി . നല്ല രുചി. അപ്പുറത്ത് ഒരു മാവ് നിറയെ ഉണ്ണി മാങ്ങകള്‍. " ഉമ്മച്ചീ നമുക്കീ മാവിനേയും കൂടെ കൂട്ടാം "നാട് എത്ര മാത്രം നഷ്ടപ്പെടുന്നു അവര്‍ക്ക് എന്ന് അതില്‍ നിന്നും വായിച്ചെടുക്കാം. എനിക്കും സങ്കടം തോന്നാതിരുന്നില്ല. കുട്ടിക്കാലത്ത് നമ്മള്‍ ളിച്ചതു പോലുള്ള കളികളും തൊടിയിലൂടെയുള്ള ഓട്ടവും വയലിലും വരമ്പത്തും കളിച്ചതും എന്തൊക്കെ ഓർമ്മകൾ ന്ന് നമ്മുടെ കുട്ടികള്‍ക്ക് അവയൊന്നും അറിയുക പോലുമില്ല .


എയര്‍ പോര്‍ട്ടിലെത്തി. പ്രതീക്ഷിച്ചതില്‍ നിന്നും മറിച്ചൊന്നും സംഭവിച്ചില്ല ഫ്ലൈറ്റ് എയര്‍ ഇന്ത്യ ആണെങ്കില്‍ പിന്നെ പറയാനുണ്ടോ. പക്ഷെ പുരോഗതി ഉണ്ട് . ഇങ്ങോട്ട് വരുമ്പോള്‍ രണ്ടു മണിക്കൂര്‍ ആണ് ലേറ്റായതെങ്കിൽ ഇപ്പോള്‍ അത് രണ്ടര മണിക്കൂര്‍ ആണ്. ന്നാലും ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. ബോര്‍ഡിംഗ് പാസ്സുമായി ചെന്നാല്‍ ഫുഡ്‌ കിട്ടുമെന്ന അറിയിപ്പ്. ഇതൊക്കെ തന്നെ ലാഭം. അത് കഴിച്ചപ്പോള്‍ ആള്‍ക്കാര്‍ക്ക് ഇത്തിരി ആശ്വസം പോലെ. മുറുമുറുപ്പ് നിര്‍ത്തിയ മട്ടുണ്ട് . ഞാൻ അവിടെനിന്നും കുറച്ച് ബുക്കുകളൊക്കെ വാങ്ങി അതും കൂടി ആ ബാഗിൽ വെക്കാൻ പാടുപെടുന്നത് കണ്ട് ലഗേജ്ജിന്റെ മോളിലൊരു തട്ടുതട്ടിക്കൊണ്ട് ഇക്ക ന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇത് എക്സ് പ്രസ് ആയിട്ടാ.. വല്ല എമിരേറ്റ്സ് ആണേല്‍ ഇതിലും വലിയ ബാഗ് എടുക്കുമായിരുന്നു എന്ന ഭാവത്തിലും.

ഓര്‍മ്മകളെ തനിച്ചാക്കി വീണ്ടും ബഹറിനില്‍ എത്തി .. ഇനി ഇവിടെ കാണും ഈ ബൂലോകത്ത്. എന്‍റെ പൊട്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു നിങ്ങളുടെ കൂടെ. പതിവ് പോലെ പ്രോത്സാഹിപ്പിക്കുമല്ലോ. സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ.

68 അഭിപ്രായങ്ങൾ:

തൂവലാൻ പറഞ്ഞു...

ഈ പോസ്റ്റിന്റെ പ്രചോദനം ഞാനാണോ?നാട്ടിൽ ഇറങ്ങിയതും ഇങ്ങോട്ടേയ്ക്ക് കയറിയതും 2 വരിയിൽ അവസാനിപ്പിച്ചു.നാട്ടിൽ ഒരു പരിപാടിയും ഇല്ലായിരുന്നോ?എന്നിരുന്നാലും സന്തോഷത്തോട് കൂടി വായിച്ചുതീർത്തു.വീണ്ടും എഴുതുക.ആശംസകൾ!

Unknown പറഞ്ഞു...

നാട്ടില്‍ പോയപ്പോള്‍ രക്ഷപെട്ടുവല്ലോ എന്ന് കരുതി . വെറുതെ.......വീണ്ടും ഇയാളുടെ ...ഓരോ വമ്പന്‍ ലേഖനങ്ങളും,മറ്റും വായിക്കനമല്ലോ എന്നോര്‍ത്തപ്പോള്‍ എവിടെയോ ഒന്ന് ഞെട്ടി .......

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അങ്ങിനെ നാട്ടിപ്പോയി വന്നല്ലോ അല്ലേ..എല്ലാം കൊണ്ടുവന്നല്ലോ. സമാധാനമായി. ആ പപ്പക്ക് എടുത്ത് തോരനെല്ലാം വെച്ച് കൊടുക്ക്.

കെ.എം. റഷീദ് പറഞ്ഞു...

നാട്ടില്‍ നിന്നും കൊണ്ടുവന്ന
ഉണക്കമീനും ഉണക്ക ചെമ്മീനും കഴിഞ്ഞോ
ദേ ഞങ്ങള്‍ കുറച്ചു പേര്‍ ബഹ്റൈനിന്റെ
അടുത്ത് ദമ്മാമില്‍ ഉണ്ട്.
രസകരമായ പോസ്റ്റ്‌

mohammed paramboor;poovathani പറഞ്ഞു...

ഫോട്ടോ ഉഷാരായിട്ടുന്ദ്‌...............
(വരുന്ന വഴി റോഡില്‍ സൊറ പറഞ്ഞിരിക്കുന്ന ഇവര്‍ ഫോട്ടോക്ക് നന്നായി പോസ് ചെയ്തു തന്നു)
ലേഖനവും നന്നായിട്ടുണ്ട്..............

ente lokam പറഞ്ഞു...

അപ്പൊ നാട്ടില്‍ ആയിരുന്നു
അല്ലെ? ഇവിടുത്തെ പ്രശ്നങ്ങള്‍
ഒക്കെ പറഞ്ഞു തീര്‍ക്കാന്‍
നാട്ടില്‍ പോയത് ആണോ ?ഇവിടെ
എല്ലാം ഓക്കേ ആണോ ഇപ്പോള്‍ ..പോസ്റ്റ്‌
നന്നായി നാടിന്റെ മണം ...

തൂവലാൻ പറഞ്ഞു...

അപ്പൊ വെറുതെയല്ല ബഹറിനിൽ വിപ്ലവം ഉണ്ടായത്.ചക്കക്കുരു മുഴുവൻ നാട്ടിൽ നിന്നും അവിടേയ്ക്ക് കൊണ്ടുപോയപ്പോൾ ഇതൊന്നും ഓർത്തില്ല അല്ലേ...ചക്കക്കുരു മുഴുവൻ തീർന്നു, വിപ്ലവവും തീർന്നു.ഞാൻ വെറുതെയല്ല സൌദിയിലേയ്ക്ക് ചക്കക്കുരു കൊണ്ടുവരാത്തത്.വിപ്ലവം ഉണ്ടായാലോ?

Akbar പറഞ്ഞു...

തിരിച്ചു വരവ് ഗംഭീരം. പ്രവാസം അങ്ങിനെയാണ്. ഒരിക്കല്‍ കാലു കുത്തിപ്പോയാല്‍ തിരിച്ചു പോകാനാവാത്ത വിധം ഈ വരണ്ട മണ്ണില്‍ കടലിലെ ഉപ്പും മരുഭൂമിയിലെ പൊടിയും കലര്‍ന്നെത്തുന്ന ചുടുകാറ്റില്‍ വേരുറച്ചു പോകുന്ന ജീവിതങ്ങള്‍.

അതി ജീവനത്തിന്റെ ഈ അനിവാര്യതക്ക് ഉത്തരം കാണാനാവാത്തത് കൊണ്ടാവാം ഓരോ തിരുച്ചു വരവിലും നാം നാടിന്റെ സുഗന്ധം പരമാവധി കൂടെ കൊണ്ട് വരുന്നു. ചക്കക്കുരുവും ഉണക്ക മീനും അച്ചാറും തേങ്ങയും ഒക്കെ പെട്ടിയില്‍ സ്ഥാനം പിടിക്കുന്നത്‌ അതു കൊണ്ടാവാം. അപ്പൊ ഇനി ബൂലോകത്ത് കാണാമല്ലോ.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഇവിടെ പ്രശ്നം തുടങ്ങിയപ്പോള്‍ മുങ്ങിയതാണ് നാട്ടിലേക്ക് എന്ന് മനസ്സിലായി.
ചേമ്പും ചേനയും ഒക്കെയായി വരുമ്പോള്‍ ചെക്ക് പോസ്റ്റില്‍ പെടാതിരുന്നത് ഭാഗ്യം.
അറബികള്‍ക്കുണ്ടോ ചേമ്പും ചക്കകുരുവും ഒക്കെ. വല്ല എക്സ്പ്ലോസീവ് സംഗതി ആണെന്ന് കരുതി അകത്തിടും.
നാട്ടില്‍ പോയ വിവരവും തിരിച്ചുവരവും രസകരമായി പറഞ്ഞു .
പതിവുപോലെ നല്ല പോസ്റ്റുകളുമായി വീണ്ടും വരിക.
ആശംസകള്‍

hafeez പറഞ്ഞു...

നാട്ടില്‍ വന്നു തിരിച്ചു പോയി അല്ലെ .. തിരിച്ചു പോവുമ്പോഴാണ് യദാര്‍ത്ഥത്തില്‍ എന്തൊക്കെയാണ് നഷ്ടപ്പെടാന്‍ പോവുന്നത് എന്ന് അറിയുന്നത് ..

Unknown പറഞ്ഞു...

have a gr8 back

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

നാട്ടിലെ തേങ്ങ അരച്ചു കൂട്ടാന്‍ വച്ചാലുള്ള സ്വാദ്‌
ഓര്‍ക്കുമ്പോള്‍ കൊതിയാകുന്നു എന്തു ചെയ്യാനാ തലയില്‍ വരയ്ക്കണം

കുറ്റൂരി പറഞ്ഞു...

<<<< അപ്പുറത്ത് ഒരു മാവ് നിറയെ ഉണ്ണി മാങ്ങകള്‍. ഉമ്മച്ചീ നമുക്കീ മാവിനേയും കൂടെ കൂട്ടാം എന്ന് മോള് പറയുന്നു.>>>>
വായിച്ചപ്പോൾ കണ്ണു നിറഞ്ഞു...പ്രവാസത്തെക്കുറിച്ച് എന്തു കേട്ടാലും അറിയാതെ ഒരു നെടുവീർപ്പ്....എന്തു ചെയ്യാൻ ഞാനും ഒരു ഒരു പ്രവാസിയാ...ബഹറൈനിനടുത്ത് നോക്കിയാൽ കാണുന്ന ഖത്തർ മരുഭൂമിയി...??? 
ലീവ് കഴിഞ്ഞുള്ള തിർച്ചുവരവിനു കുടുമ്പസമേതം ജീവിക്കുന്ന ഉമ്മു അമ്മാറിനു ഇത്രത്തോളം വിഷമമുണ്ടെങ്കിൽ....പിന്നെ ഒറ്റയ്ക്ക് അക്കരെയിക്കരെ നിന്ന് നീറിക്കഴിയുന്നവരുടെ കാര്യം പറയണ്ട.....നാട്ടിലെ വിശേഷങ്ങൾ ഒന്നും കണ്ടില്ല... പോകും വരവും മാത്രം...അതും എയർ ഇന്ത്യാ എക്സ്പ്രസ്സിൽ...നന്നായിരിക്കുന്നു..അഭിനന്ദനങ്ങൾ

yousufpa പറഞ്ഞു...

ഒരു കൊല്ലം അയവിറക്കാനുള്ള അനുഭവങ്ങൾ കൂട്ടിനുണ്ടാകും.അതെല്ലാം ഇങ്ങൊട്ട് പോരട്ടെ.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

വിപ്ലവങ്ങള്‍ കഴിഞ്ഞ സ്ഥലത്തേക്ക് സ്ഫോടനം നടത്താന്‍ ചക്കക്കുരുവുമായിട്ട് ഇറങ്ങിയിരിക്കാല്ലേ?... വെറുതേ കരിമ്പ് ജ്യൂസിനെ പറ്റിയൊക്കെ പറഞ്ഞ് കൊതിപ്പിക്കാണ്. ജിദ്ദയിലുള്ളവര്‍ക്ക് കുഴപമില്ല. കരിംബിന്‍ ജ്യൂസ് ഷറഫിയയില്‍ കിട്ടും, ഞങ്ങള്‍ ദുബായിക്കര്‍ക്ക് കിട്ടാനില്ല. ഏതായാലും വെല്‍ക്കം ബാക്ക് റ്റു ഭൂലോകം...

Jefu Jailaf പറഞ്ഞു...

<>>

വല്ലാതങ്ങ് ഇഷ്ടപ്പെട്ടു ഈ വരികള്‍ ..ഹൃദയം നിറഞ്ഞ ആശംസകള്‍..

jayaraj പറഞ്ഞു...

ini oro post aayi naatile visheshangal ingu poratte.

കൊമ്പന്‍ പറഞ്ഞു...

സംഗതി കളര്‍ ആയിട്ടുണ്ട് . ബഹറിനില്‍ ബോംബു പൊട്ടും എന്ന് പേടിച്ചു നാട്ടിലേക്ക് ഓടിയ ഉമ്മു അമ്മാര്‍ ഇതാ നാളികേരത്തില്‍ ചക്കകുരു സമം ഉണക്കമീന്‍ ചേന ചേബ് തുടങ്ങിയ നാടന്‍ ചേരുവകള്‍ ഉണക്കിപൊടിച്ച്‌ നാല് ടി സ്പൂണ്‍ എയര്‍ ഇന്ത്യയില്‍ പ്രാകി പ്രവാസ നീരസത്തില്‍ ചാലിച്ച്
ഗ്രാഹതുരത്ത്വ ഓര്‍മയില്‍ മൂപ്പിചെടുത്ത് ഭൂലോക നിവാസികളുടെ മുന്പില്‍ പൊട്ടിച്ചിരിക്കുന്ന

Naushu പറഞ്ഞു...

ഇനി പോരട്ടെ നാടിലെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍....

കുറ്റൂരി പറഞ്ഞു...

ഠേ...ഠേ...

Junaiths പറഞ്ഞു...

എല്ലാ പ്രവാസികളും ഇങ്ങനെ തന്നെ...ഞങ്ങള്‍ തേങ്ങ തിരുമി ഫ്രീസ് ചെയ്തു കൊണ്ടുവരും..ഹഹ..

Hashiq പറഞ്ഞു...

ഉമ്മു അമ്മാര്‍........നാടിന്റെ ഗുണവും മണവും എല്ലാം വര്‍ണ്ണിച്ചിട്ട്, പ്രശ്നം അങ്ങോട്ട്‌ തീരുന്നതിനു മുമ്പ് ഓടിപ്പിടിച്ചു വന്നതെന്തിനാ.....? ഇതെല്ലാ പ്രവാസികളും പറയുന്നതാ... പിന്നെ സ്വയം സമാധാനിപ്പിക്കാനായി എന്തെങ്കിലുമൊക്കെ കാരണം......... എഴുത്ത് ഇഷ്ടമായി.....

ഷമീര്‍ തളിക്കുളം പറഞ്ഞു...

പ്രവാസത്തിലേക്ക് വീണ്ടുമൊരു തിരിച്ചു കയറ്റം..! അനിവാര്യമാണ് ഈ സഹനമെങ്കിലും നാടിന്റെ ഓരോ ഓര്‍മ്മകള്‍ തുള്ളികളായി മനസ്സില്‍ പെയ്തിറങ്ങുന്നു.....
കഴിഞ്ഞപ്രാവശ്യം ലീവിന് പോയി തിരിച്ചുവരാന്‍ ഒരുങ്ങവേ സഹധര്‍മ്മിണിയുടെ ചോദ്യം, "നാട്ടില്‍ എന്തെങ്കിലും ജോലിക്ക് ശ്രമിച്ചൂടെ...?"
അടുത്തപ്രാവശ്യം ശ്രമിക്കാമെന്നു മറുപടിയില്‍ അവള്‍ ത്രിപ്തിയായോ എന്നെനിക്കറിയില്ല, പക്ഷെ, ഇനിയുമെത്ര പ്രാവശ്യമെന്നു കണക്കുകൂട്ടുകയായിരുന്നു ഞാനപ്പോള്‍....!

Unknown പറഞ്ഞു...

തിരിച്ചു വരവ് വേദനാജനകമാണെങ്കിലും ഇനിയുമൊരു ഒഴിവുകാലം വരും എന്ന പ്രതീക്ഷ പ്രവാസികളുടെ മുന്നോട്ടുള്ള പ്രയാണത്തിനു ഊര്‍ജ്ജം പകരും.

ഓര്‍മ്മകളെ തനിച്ചാക്കിയല്ല ഓര്‍മ്മകളെ കൂട്ടുപിടിച്ച് അടുത്ത വെക്കേഷന്‍ വരെ ബൂലോകത്ത് സജീവമാകട്ടെ എന്നാശംസിക്കുന്നു.

Jazmikkutty പറഞ്ഞു...

ഉമ്മു അമ്മാറിന്റെ അഭാവം ശരിക്കും അറിഞ്ഞു..തിരിച്ചു വന്നല്ലോ സന്തോഷമായി...കുട്ടികള്‍ പറഞ്ഞത് വായിച്ചു വല്ലാതെ വിഷമം തോന്നി...<<<< അപ്പുറത്ത് ഒരു മാവ് നിറയെ ഉണ്ണി മാങ്ങകള്‍. ഉമ്മച്ചീ നമുക്കീ മാവിനേയും കൂടെ കൂട്ടാം എന്ന് മോള് പറയുന്നു.>>>>എഴുത്ത് വളരെ ഇഷ്ട്ടമായി..

MOIDEEN ANGADIMUGAR പറഞ്ഞു...

പോക്കും വരവുമൊക്കെ നന്നായിപ്പറഞ്ഞു.

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

നല്ല നാടന്‍ എഴുത്ത്‌ ...
ആശംസകള്‍ ....
ഉണക്കുമീന്‍ തീര്‍ന്നോ ?

അജ്ഞാതന്‍ പറഞ്ഞു...

പോസ്റ്റ് നന്നായിട്ടുണ്ട് എന്ന് പ്രവാസ ജീവിതം അനുഭവിക്കാന്‍ വിധിയുണ്ടായിട്ടില്ലാത്ത, നാട്ടില്‍ സ്ഥിരതാമസക്കാരനായ ഒരു ദൌര്‍ഭാഗ്യവാന്റെ കമന്റ്.

rafeeQ നടുവട്ടം പറഞ്ഞു...

ഓര്‍മകള്‍ക്കെന്തു സുഗന്ധം!
ഓമനിക്കാന്‍ കുറെ ഗൃഹാതുരത്വങ്ങളും..
അടിപൊളിയായി പോസ്റ്റ്‌.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ബഹറിനില്‍ രണ്ടു 'പട്ടാസ്‌' പൊട്ടിയപ്പോഴേക്കും പേടിച്ചരണ്ട് നാട്ടില്‍ പോയതാണ് എന്ന് എഴുതാതെ , പോക്കുവരവ് മാത്രം എഴുതിയത് ബോധപൂര്‍വ്വം ആണെന്ന് തോന്നുന്നു.
ഏതായാലും, ഒരു പലചരക്ക്കട ഒന്നിച്ചു കൊണ്ട് വന്നതിനാല്‍ ടിക്കറ്റ് കാശ് മുതലായല്ലോ,
കൂടാതെ ഒരു പോസ്റ്റിനുള്ള വകുപ്പും!

രചനാരീതി ആകര്‍ഷകമാണ്.
ആശംസകള്‍

Ismail Chemmad പറഞ്ഞു...

ശരിയാ ..... ലീവ് കഴിഞ്ഞു , നാട്ടില്‍ നിന്ന് തിരിച്ചു വരവ് ഒരു വല്ലാത്ത അവസ്ഥ തന്നെ

TPShukooR പറഞ്ഞു...

ഓ.. തിരിച്ചു വന്നോ...
പോക്കും വരവുമൊക്കെ നന്നായി പറഞ്ഞിട്ടുണ്ടല്ലോ. കാമറ കയ്യിലുണ്ടായിരുന്ന സ്ഥിതിക്ക് കുറച്ചു ചിത്രങ്ങള്‍ കൂടി കൊടുക്കാമായിരുന്നു.

ആ... പോസ്റ്റുകള്‍ വരാനിരിക്കുന്നതല്ലേയുള്ളൂ. കാത്തിരിക്കുക തന്നെ.

മുകിൽ പറഞ്ഞു...

അപ്പോ ഇനി പോസ്റ്റുകൾ ഓരോന്നായി വരട്ടെ..

SHANAVAS പറഞ്ഞു...

നാട്ടില്‍ നിന്നും തിരിയെ പോകുമ്പോള്‍ ഒരു പ്രവാസിയെ നാട് പിറകിലേക്ക് വലിക്കുന്നുണ്ട് അല്ലെ?ഒരു വല്ലാത്ത അവസ്ഥയാണ് പ്രവാസം.അനുഭവം നന്നായി പറഞ്ഞു.നല്ലത് വരട്ടെ.ആശംസകള്‍.

ajith പറഞ്ഞു...

ഹായ്, വെല്‍കം ബായ്ക്ക്. എയര്‍ ഇന്‍ഡ്യ എക്സ്പ്രസിനോടുള്ള ദേഷ്യം അലിഞ്ഞു പോയി എന്ന് പറഞ്ഞിടത്തെത്തുമ്പോള്‍ ഒരു ചെറിയ സ്റ്റോപ്പ്. എല്ലാര്‍ക്കും അങ്ങിനെയാണല്ലേ, നാട് കാണുമ്പോള്‍ എല്ലാ ദുരിതവും മറന്ന് പോകും.

Nena Sidheek പറഞ്ഞു...

ഈ നാടന്‍ പോസ്റ്റിന്റെ രുചി ഒന്ന് വേറെ തന്നെയാണ് ..എന്തായാലും ഇനി അതൊക്കെ ഇങ്ങോട്ട് വഴിക്ക് വഴി പോന്നോട്ടെ

വീകെ പറഞ്ഞു...

ഞാനും പോകും ഒരു നാ‍ൾ നാട്ടിൽ...
ആ നാളികേരത്തിന്റെ നാട്ടിൽ....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

‘എന്‍റെ പൊട്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു നിങ്ങളുടെ കൂടെ. പതിവ് പോലെ പ്രോത്സാഹിപ്പിക്കുമല്ലോ‘
ഉമ്മുവിന്റെ ഈ പോസ്റ്റിനെ കുറിച്ച് അഞ്ച് മെയിലറിയിപ്പുകളാണ് എനിക്ക് കിട്ടിയിട്ടുള്ളത് കേട്ടൊ.പിന്നെ ഫൊളൊ ചെയ്തതുകൊണ്ട് എന്റെ ഡേഷ് ബോർഡിലും ഉണ്ട്..


ഓർക്കുക... അധികമായാൽ എന്തും.....!

Lipi Ranju പറഞ്ഞു...

ബാഗില്‍ കൊള്ളുന്നതൊക്കെ കൊണ്ടുപോന്നു അല്ലെ!!! ഭാഗ്യവാന്മാര്‍, അതിനെങ്കിലും കഴിയുന്നുണ്ടല്ലോ...
ഇങ്ങോട്ട് ഫുഡ്‌ ഐറ്റംസ് ഒന്നും കൊണ്ടുവരാന്‍ ഈ ദുഷ്ടന്മാര്‍ സമ്മതിക്കില്ല.... :)
അപ്പൊ ഇനി അടുത്ത പോക്കിന് വേണ്ടിയുള്ള കാത്തിരിപ്പ്‌, അല്ലെ ?
ഇനി നാട്ടിലെ അനുഭവങ്ങള്‍ പുറകെ പോസ്റ്റുമല്ലോ.

the man to walk with പറഞ്ഞു...

ഇടവേള കഴിഞ്ഞു ...ഓര്‍മകളെ ഒരു ബാഗിലാക്കി തിരിച്ചെത്തി അല്ലെ

ആശംസകള്‍

മുംസു... പറഞ്ഞു...

ആദ്യമായാണ് ഇവിടെ, ഉമ്മു വിന്റെ പഴയ പോസ്റ്റുകളും വായിക്കട്ടെ...

കൂതറHashimܓ പറഞ്ഞു...

നാട്ടില്‍ എത്തിയത് അറിയില്ലായിരുന്നു
തിരിച്ച് പറന്നത് അറിഞ്ഞു.
ജീവിതം സന്തോഷപ്രദമാവാന്‍ പ്രാര്‍ത്ഥിക്കാം.

നികു കേച്ചേരി പറഞ്ഞു...

മുന്നൂമാസം കഴിഞ്ഞാൽ നാട്ടിൽ പോകാനിരുന്നതാ..ഈ പോസ്റ്റ് വായിച്ചതോടെ പോണോന്നൊരു സംശയം....സമാധാനായല്ലോ ഇപ്പൊ...

ചന്തു നായർ പറഞ്ഞു...

നല്ല പോസ്റ്റ് ... നാളികേരകച്ചവടത്തിന് ഉപ്പായെക്കൂടെ കൊണ്ട് പോകത്തത് ഭാഗ്യം... കുറേ ചിരിച്ചു കുഞ്ഞേ... നാട്ടിലോക്കെ വരുമ്പോൾ ഞങ്ങളെയൊക്കെ ഒന്ന് അറിയിക്കണ്ടേ..! എല്ലാ ഭാവുകങ്ങളും

അജ്ഞാതന്‍ പറഞ്ഞു...

പ്രവാസികളൊക്കെ ഇങ്ങിനെയാണല്ലേ കരഞ്ഞു പിഴിഞ്ഞ്..നന്നായി ട്ടോ.....

Unknown പറഞ്ഞു...

കൊണ്ട് വന്നതെല്ലാം തിന്നു തീര്‍ത്തോ..
അതോ കൊടുത്ത് തീര്‍ത്തോ..

എല്ലാവരും ചക്കക്കുരുക്കുള്ളിലെ വിപ്ലവത്തെക്കുറിച്ചാണല്ലോ വാചാലരാകുന്നത്..
അപ്പോള്‍ ചക്കയൊന്നും കൊണ്ട് പോയില്ലേ..

നസീര്‍ പാങ്ങോട് പറഞ്ഞു...

nallayezhutthukal....

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

നാട്ടില്‍ വന്നു ഉണക്ക മീനും കുറെ ഓര്‍മ്മകളും കൊണ്ടു പോയി അല്ലെ? തിരൂരിലെ ബ്ലോഗേഴ്സ് മീറ്റിലും പങ്കെടുക്കാമായിരുന്നില്ലെ?

A പറഞ്ഞു...

നാട്ടില്‍ പോയി വന്നപ്പോള്‍ എഴുത്തിന് നാടിന്റെ മണം കൂടി വരുന്നു. അപ്പോള്‍ ഇടയ്ക്കിടെ നാട്ടില്‍ പോയി വരിക. വായനക്കാര്‍ക്ക് നല്ല പോസ്റ്റുകളും വായിക്കാം. എഴു വളരെ നന്നായി. നാട് മുഴുവന്‍ മനസ്സില്‍ ഉണ്ടെന്ന് ഈ എഴുത്ത് പറയുന്നു. അത് വായനക്കാരനിലേക്കും പകരുന്നു.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

നാട്ടില്‍ പോയി പോയി വന്നു ല്ലേ.... ഇനി കുറച്ചു ദിവസത്തേക്ക് മനസിന്നൊരു വിങ്ങലാവും ല്ലേ..., നാടിന്റെ മണവും നനവും ഒക്കെ മനസിലിങ്ങനെ....ഹാ,പ്രവാസികളുടെ വിധി...!
വിശേഷങ്ങളുടെ പെട്ടിയും തുറന്നോളൂ , ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്.

dreams പറഞ്ഞു...

ethu vayichappol naatil poganoru poothy pakshe pogaan ee arabhikal samadhikende ennallum vayichappol ente naatille ellavareyum orkkan patty enna oru anubhavam ethil ninum kitiyapole nannayitundu ente ellaaa aashamsakalum nerunnu

അലി പറഞ്ഞു...

ഒരു ചാക്ക് നിറയെ ചക്കയും മാങ്ങയും ഉണക്കമീനും ബ്ലോഗ് പോസ്റ്റുകളുമായി തിരിച്ചെത്തി അല്ലെ..
ആശംസകൾ!

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ചുമ്മാ പുളു...
അവിടത്തെ(ബഹറിന്‍) ഏറ്റവും വലിയ പ്രശ്നമായിരുന്നല്ലോ ഉമ്മു അമ്മാര്‍...
എല്ലാരും കൂടി നാടു കടത്തി...അപ്പൊ ബഹറിനിലെ പ്രശ്നം സോള്‍വായി.
അപ്പൊ നാട്ടില്‍ പ്രശ്നം തുടങ്ങി...ഇപ്പൊ അവിടെ നിന്നും വീണ്ടും ബഹറിനിലേക്ക് തിരിച്ച് കടത്തി.കുറച്ച് നാളത്തേക്ക് ഇനി നാട്ടിലേക്ക് ശല്യം ഉണ്ടാവാതിരിക്കാന്‍
കൂടെ ഒരു പലചരക്ക് കടയും.
ഹി ഹി സംഗതി എന്തായാലും ജോറായിട്ടുണ്ട്...
നാടും നാട്ടുകാരും...ഇപ്പൊ ആശ്വസിക്കുന്നുണ്ടാകും...

റഷീദ് കോട്ടപ്പാടം പറഞ്ഞു...

ഉമ്മു അമ്മാര്‍ പറഞ്ഞത് പോലെ നാട് വിട്ട് ഇങ്ങോട്ട് വരാന്‍ വല്ലാത്ത വിഷമം തന്നെയാണ്.

ഉമ്മുഫിദ പറഞ്ഞു...

Good,
What for us.....

എന്‍.പി മുനീര്‍ പറഞ്ഞു...

ഗൃഹാതുരത്വം മനസ്സിലേറ്റി നടക്കുന്നവര്‍ക്ക് നാട്ടിലേക്കുള്ള യാത്ര അതിരറ്റ ഉന്മേശവും ആഹ്ലാദവും നല്‍കുമെന്ന് തീര്‍ച്ച.
ബഹറൈനില്‍ മാറ്റത്തിന്റ കൊടുങ്കാറ്റു കണ്ട് പേടിച്ചുണ്ടായതാണോ ഈ സ്പെഷ്യല്‍ ട്രിപ്പ് :) എന്തായാലും നാട്ടുവിശേഷങ്ങള്‍
പങ്കുവെച്ച പോസ്റ്റ് നന്നായി.

രമേശ്‌ അരൂര്‍ പറഞ്ഞു...

ബഹറിന്‍ പുകഞ്ഞപ്പോള്‍ പേടിച്ചു നാട്ടിലേക്ക് കടന്നു ,,ഒടുവില്‍ ശാന്തമായപ്പോള്‍ തിരിച്ചു പോന്നു ..അതല്ലേ സത്യം ..മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണത്‌ പോലെ ..!
:)

ശ്രീ പറഞ്ഞു...

അവധി കഴിഞ്ഞ് തിരിച്ചെത്തിയല്ലേ?

Yasmin NK പറഞ്ഞു...

അതാണോ ഇത് വരെ കാണാഞ്ഞെ...
നല്ല പോസ്റ്റ്

K@nn(())raan*خلي ولي പറഞ്ഞു...

ചേനയും ആനയും ചെമ്പും പാമ്പും പപ്പായയും കുപ്പായവും കിട്ടാത്ത സ്ഥലാണോ ബഹറിന്‍?
ഇതൊക്കെ നാട്ടിലേക്കാള്‍ സുലഭം ഗല്ഫിലല്ലേ!

റാഷിത്താ,
ചുമ്മാ പുളൂസ് വിട്ടാതെ ഞമ്മളെ യൂസൂന്റെ ആ ലുലുവില്‍ ഒന്ന് കയറു. അവിടെക്കിട്ടും ഇപ്പറഞ്ഞെതെല്ലാം.
അല്ലേല്‍ കണ്ണൂരാന്‍ കൊണ്ടുത്തരും ഇതൊക്കെ.

ബെഞ്ചാലി പറഞ്ഞു...

ഫാംവില്ല കളിക്കുന്ന കുഞ്ഞുങ്ങളിൽ നിന്നും എപ്പോഴും കേൾക്കുന്നതാ, അവർക്ക് നാട്ടിൽ പോയി കൃഷി തുടങ്ങണം പോലും.. ഇന്ന് അതിനെവിടെ സ്ഥലം...?

നാട് നമുക്കും നോസ്റ്റാൾജ്യാ...
അത്ര തന്നെ.

ManzoorAluvila പറഞ്ഞു...

വായിക്കുന്നവരുടെ ചുണ്ടിൽ വായിച്ചു തീരുന്നതുവരെ ഒരു പുഞ്ചിരി നിലനിർത്തുന്ന രചന..നന്നായ് പറഞ്ഞു ഈ ഗൃഹാദുരത്വം

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

കോഴിക്കോട്ടെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ ബുക്ക് സ്റ്റാളില്‍ ബുക്കിന് വില കൂടുതലാണ്.പുറത്ത് കിട്ടുന്നതിനേക്കാള്‍ 30 മുതല്‍ അന്‍പത് വരെ!

വിവരണം രസായി ട്ടോ!

..naj പറഞ്ഞു...

nostalgia !
Well written.

Now fight against EndoSulfan....

www.viwekam.blogspot.com

അനില്‍കുമാര്‍ . സി. പി. പറഞ്ഞു...

അപ്പോ ഇനി പോസ്റ്റുകൾ ഓരോന്നായി വരട്ടെ...

Sidheek Thozhiyoor പറഞ്ഞു...

കുറച്ചു തെരക്കിലായിരുന്നു ഉമ്മുട്ട്യെ ..ഇനിപ്പോ എടക്കെടക്ക് കിട്ടുമെല്ലോ അല്ലെ ?
വന്നു കണ്ടെങ്കിലോന്നു കരുതിയാണോ മുണ്ടാണ്ട് പോയത് ..?
ബഹ്‌റൈന്‍ ഇവിടെന്നു നോക്കിയാ കാണുന്ന ദൂരത്താണ് കേട്ടാ..

Sulfikar Manalvayal പറഞ്ഞു...

കണ്ണൂരാനെ ലുലുവില്‍ ഈ പറഞ്ഞതിനൊക്കെ പൊന്നിന്‍ വിലയാ മോനെ....

ഓരോ പ്രവാസിയും നാട്ടിലേക്ക് പോവുംബോഴുള്ള സന്തോഷവും, തിരിച്ചു വരുമ്പോഴുള്ള സങ്കടവും.... എത്ര പറഞ്ഞാലും തീരില്ല.
എഴുതി തീര്‍ക്കാവുന്നതല്ല അതെന്നറിയാം.

ഇത്ര രസമായി ചുരുക്കി പറയാന്‍ പറ്റും എന്ന് തെളിയിച്ചു.

വെല്‍കം ബാക്ക്..

Pheonix പറഞ്ഞു...

നാട്ടീന്ന് പോരാന്‍ അത്ര വെഷമാന്നു വെച്ചാലെക്കൊണ്ട്, വീട്ടീത്തന്നെ അടങ്ങിയൊതുങ്ങിയിരുന്നാ മതിയായിരുന്നില്ലെ സഹോദരീ..