ശനിയാഴ്‌ച, മാർച്ച് 12, 2011

ഇതും ഒരു ദയയോ ?



ഈ പണ്ടാര തള്ള ഒന്ന് കാഞ്ഞു കിട്ടിയെങ്കില്‍ എന്നു ആഗ്രഹിക്കുന്ന മക്കളെ യാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത് .അതല്ലെങ്കില്‍ തളര്‍ന്നു അവശയായ അമ്മയെ ഇരുട്ടുള്ള മുറികളില്‍ കിടത്തിയിട്ട് പാര്‍ട്ടിയും കുപ്പി പൊട്ടിക്കലും നടത്തുന്ന വല്ലാത്തൊരു കാലം . ബാധ്യത ആകുന്നതിനെ എങ്ങിനെ ഒഴിവാക്കാം എന്നു ചിന്തിക്കുന്ന ഇന്നത്തെ കാലത്ത് ദയാവധത്തെ എങ്ങിനെയാണ് നാം നോക്കി കാണേണ്ടത് .ഒഴിച്ച് കൂടാനാവാത്ത അവസ്ഥയില്‍ രോഗിക്ക് ഭക്ഷണവും മരുന്നും നിഷേധിച് ദയാ വധം ആകാമെന്ന് വിധിച്ച സുപ്രീം കോടതി വിധിയിലൂടെ ദയാവധത്തിനു ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനുവദി നല്‍കി. ബലാല്‍സംഗ ശ്രമത്തിനിടെ മസ്തിഷ്ക്ക മരണം സംഭവിച്ചു ആശുപത്രി കിടക്കയില്‍ 37 വര്‍ഷം പിന്നിട്ട അരുണ ഷാന്‍ ബാഗിന് ദയാ വധം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് പിങ്കി വിരാനി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയെങ്കിലും നിഷ്ക്രിയ ദയാവധത്തിന് സോപാധിക അനുമതിയും നല്‍കുകയുണ്ടായി .

വിഷമോ മറ്റോ നല്‍കി ദയാവധം നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി തന്നെ നിഷ്ക്രിയാ വധത്തിനു അനുമതി നല്‍കിയതിലെ യുക്തി ദുരൂഹമായിരിക്കുന്നു. ജീവന്റെ ഭൌതിക തലങ്ങള്‍ മാത്രം മനസ്സില്‍ കണ്ടു ചിന്തിക്കുമ്പോള്‍ ശരീരം തളരുന്നതോടെ മനുഷ്യന്‍ ഒരു പാഴ്വസ്തു വാകുന്നു എന്ന നിഗമനത്തിലാണ് നാം എത്തുക. ശരീര ശക്തിയെല്ലാം ക്ഷയിക്കുന്ന അവസ്ഥയില്‍ ജീവിതം നിഷ്പ്രയോചനകരം എന്ന് സമര്‍ഥിച്ചു ഈ വിധിയെ നമുക്ക് ന്യായീകരിക്കാം . പഞ്ചേന്ത്രിയങ്ങളുടെ പരിധിക്കപ്പുറം നിന്ന് ചിന്തിക്കുമ്പോള്‍ മനുഷ്യന്‍ കേവല മൊരു ജന്തുവല്ലെന്നും അവന്‍ ശരീരത്തോടൊപ്പം ആത്മാവും കൂടിയുള്ള ഒരു ജീവിയാണെന്നും മനസ്സിലാക്കാം. ഈ ഒരു വിശ്വാസമല്ലേ നമ്മെ മനുഷ്യനാക്കുന്നതും മറ്റുള്ളവന്റെ ദുഃഖത്തില്‍ നമ്മള്‍ പങ്കു കൊളളുന്നതും? സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നത്? ആത്മാവുള്ള ഒരു മനുഷ്യന്‍ എന്നും ആദരിക്കപ്പെടേണ്ടതല്ലെ .ആത്മാവും ശരീരവും നല്‍കി ദൈവം സൃഷിട്ടിച്ച മനുഷ്യനെ അവയില്‍ നിന്നും വേര്‍പിരിക്കാന്‍ മനുഷ്യരായ നമുക്കധികാരമുണ്ടോ ?
ഭൂമിയിലെ ജീവിതം പല പരീക്ഷണങ്ങളിലൂടെ മുന്നോട്ടു പോകുന്നു ഈ പരീക്ഷണങ്ങള്‍ എല്ലാം നാം ക്ഷമയോടും സഹനത്തോടും നേരിടുന്നത് ഈ ലോകത്തല്ലെങ്കിൽ മറ്റൊരു ലോകത്ത് നമുക്ക് പ്രതിഫലം ലഭിക്കണം എന്ന ചിന്ത മുന്നില്‍ കണ്ടു കൊണ്ടല്ലേ? നമ്മില്‍ ധാര്‍മ്മിക മൂല്യത്തിന്റെ ഒരംശമെങ്കിലും ബാക്കി കിടക്കുന്നത് കൊണ്ടല്ലേ സ്നേഹത്തോടെയും കാരുണ്യത്തോടെയും നാം മറ്റുള്ളവരോട് ഇടപഴകുന്നത് എന്തു ത്യാഗം സഹിച്ചും നാം കിടപ്പിലായ ബന്ധുക്കളെ പരിചരിക്കുന്നത്. ഈ ദയാവധത്തിലൂടെയും നിഷ്ക്രിയ വധത്തിലൂടെയും ഇങ്ങനെയുള്ള സദ്ഗുണങ്ങളുടെ കഴുത്തിലല്ലെ നാം കത്തി വെക്കുന്നത് ? എന്ന് വരികില്‍ വരുമാനം കൊണ്ട് വരാത്തതിനെയെല്ലാം ഇല്ലാതാക്കുക എന്നാ അതിവിചിത്രമായ തീരുമാനത്തിലേക്ക് പോവില്ലേ നാം?
വൃദ്ധരായ മാതാ പിതാക്കളായിരിക്കും സ്വാഭാവികമായും, ആദ്യം ഈ ലിസ്റ്റില്‍ വരിക.
ഒരു വ്യക്തി നരക യാതന അനുഭവിക്കുകയാണങ്കിൽ ദൈവമേ ഇവന് മരണമാണ് ഉത്തമമെങ്കില്‍ ഇവനെ നീ മരിപ്പിക്കേണമേ ജീവിക്കുന്നതാണ് നല്ലതെങ്കില്‍ ഇവന് നീ ജീവിപ്പിക്കണമേ എന്നു നമുക്ക് പ്രാര്‍ഥിക്കാം. മരണത്തിനും ജീവിതത്തിനും ഇടയില്‍ തീര്‍പ് കല്പ്പിക്കാനുള്ള അവകാശം നമ്മെ പടച്ച തമ്പുരാന് തന്നെ പതിച്ചു കൊടുക്കുന്നതല്ലേ സാമാന്യയുക്തിയും നീതിയും?

67 അഭിപ്രായങ്ങൾ:

MOIDEEN ANGADIMUGAR പറഞ്ഞു...

ദയാവധം ആഗ്രഹിക്കുന്നവർക്ക് അതിനനുമതി നൽകുക തന്നെയാണു വേണ്ടത്. നാടിനും,നാട്ടുകാർക്കും,കുടുംബത്തിനും വേണ്ടാതെ ഇങ്ങനെ ജീവച്ഛവമായിരിക്കുന്നതിലും ഭേദം മരിക്കാൻ അനുവദിക്കുന്നത് തന്നെയല്ലേ..?

കെ.എം. റഷീദ് പറഞ്ഞു...

ഭൂമിയിലെ ജീവിതം പല പരീക്ഷണങ്ങളിലൂടെ മുന്നോട്ടു പോകുന്നു ഈ പരീക്ഷണങ്ങള്‍ എല്ലാം നാം ക്ഷമയോടും സഹനത്തോടും നേരിടുന്നത് ഈ ലോകത്തല്ലെങ്കിൽ മറ്റൊരു ലോകത്ത് നമുക്ക് പ്രതിഫലം ലഭിക്കണം എന്ന ചിന്ത മുന്നില്‍ കണ്ടു കൊണ്ടല്ലേ? നമ്മില്‍ ധാര്‍മ്മിക മൂല്യത്തിന്റെ ഒരംശമെങ്കിലും ബാക്കി കിടക്കുന്നത് കൊണ്ടല്ലേ സ്നേഹത്തോടെയും കാരുണ്യത്തോടെയും നാം മറ്റുള്ളവരോട് ഇടപഴകുന്നത് എന്തു ത്യാഗം സഹിച്ചും നാം കിടപ്പിലായ ബന്ധുക്കളെ പരിചരിക്കുന്നത്. ഈ ദയാവധത്തിലൂടെയും നിഷ്ക്രിയ വധത്തിലൂടെയും ഇങ്ങനെയുള്ള സദ്ഗുണങ്ങളുടെ കഴുത്തിലല്ലെ നാം കത്തി വെക്കുന്നത് ? എന്ന് വരികില്‍ വരുമാനം കൊണ്ട് വരാത്തതിനെയെല്ലാം ഇല്ലാതാക്കുക എന്നാ അതിവിചിത്രമായ തീരുമാനത്തിലേക്ക് പോവില്ലേ നാം?

വളരെ പ്രസക്തമായ വരികള്‍
ആയുസിന്റെ കണക്കുപുസ്തകത്തിലെ അവസാനത്തെ ഇലയും പൊഴിയും വരെയും അവരോടു നാം കരുണകാണിക്കുക

അലി പറഞ്ഞു...

മരുന്ന് കുത്തിവെച്ച് കൊല്ലുക, അല്ലെങ്കിൽ പട്ടിണിക്കിട്ട് കൊല്ലുക. രണ്ടും തമ്മിലെന്തു വ്യത്യാസം. ഇതൊന്നനുവദിച്ചു കിട്ടിയാൽ മക്കളാൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധരായ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കഥ ഇനി കേൾക്കേണ്ടി വരില്ല. അവരോട് നാം ‘ദയ’ കാണിച്ചിരിക്കും. നമ്മുടെ മാതാപിതാക്കളോടും കുടുംബത്തോടും എങ്ങിനെ പെരുമാറുന്നുവോ അതേ വിധം തന്നെയാവും നമുക്കും തിരിച്ചുകിട്ടുക എന്നോർത്താൽ നന്ന്.

സുഖജീവിതത്തിന്റെ സൌകര്യങ്ങൾക്ക് വിഘാതമാകുന്നവരെ ഒഴിവാക്കുന്ന പുതു തലമുറ ചിന്തിക്കേണ്ട വിഷയങ്ങൾ. ആശംസകൾ!

നൗഷാദ് അകമ്പാടം പറഞ്ഞു...

നിയമമല്ല...
ദയ വരണ്ടു പോവുന്ന മനുഷ്യ മനസ്സാണു ഇന്ന് എന്നെ ഭയപ്പെടുത്തുന്നത്.
വധമല്ല..
പൊലിഞ്ഞു പോയെങ്കില്‍ എന്ന് (അറിയാതെയെങ്കിലും) പ്രാര്‍ത്ഥിച്ചു പോവുന്ന
വിധിയുടെ മരവിപ്പിക്കുന്ന സപര്‍ശം..
അതാണെന്റെ ഉറക്കം നഷ്ടമാക്കുന്നത്.

അരുണ ഷാന്‍ ബാഗ്...
ഇന്ന്
കേവലം
ഒരു നാമല്ല..
അത് മനുഷ്യ ദയ അളക്കുന്ന
ദൈവത്തിന്റെ കയ്യിലെ
ദയാമാപിനിയാണു.

Akbar പറഞ്ഞു...

ദയാവധ കാര്യത്തില്‍ കോടതിക്കും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത പ്രതിസന്ധി ഉണ്ടെന്നു തോന്നുന്നു. അരുണ്‍ ഷാന്‍ ബാഗിന്‍റെ കാര്യം ഒരു അപൂര്‍വ സംഭവമാണ്. ആ ഒരു കേസ് വെച്ച് ദയാവധം കോടതി അനുവദിച്ചാല്‍ ലേഖിക ആശങ്ക പ്രകടിപ്പിച്ച പോലെ "വരുമാനം കൊണ്ട് വരാത്തതിനെയെല്ലാം ഇല്ലാതാക്കുക" എന്ന രീതിയില്‍ അല്ലെങ്കിലും വൃദ്ധരായ രോഗികള്‍ ഈ ലിസ്റ്റില്‍ കടന്നു കൂടിയേക്കാം എന്ന ഭയം അസ്ഥാനത്തല്ലെന്നു സമീപ കാല സംഭവങ്ങള്‍ നമ്മോടു പറയുന്നു.

"മരണത്തിനും ജീവിതത്തിനും ഇടയില്‍ തീര്‍പ് കല്പ്പിക്കാനുള്ള അവകാശം" ദൈവത്തിനു തന്നെ വിടുന്നതാണ് ഉചിതം എന്ന നിലപാടിനോട് യോജിക്കുന്നു. അപ്പോഴും അരുണ്‍ ഷാന്‍ ബാഗ് ഒരു ദുഃഖ യാഥാര്‍ത്യമായി അവശേഷിക്കുന്നു.

പ്രസക്ത വിഷയത്തില്‍ സന്ത്യസന്ധമായ ഒരു നിലപാട് എഴുതിയതില്‍ അഭിനന്ദനം.

കൊമ്പന്‍ പറഞ്ഞു...

മോയിദീന്‍ ഇക്ക പറഞ്ഞ പോലെ ദയാ വടം ആഗ്രഹിക്കുന്ന വെക്തിക്ക് അത് അനുവദിച്ചു കൊടുക്കണം
പിന്നെ മരുന്നും ഭക്ഷണവും കൊടുക്കാതെ കൊല്ലുന്നതിനേക്കാള്‍ നല്ലത് വിഷം കുത്തി വെച്ച് കൊല്ലുന്നതാണ് നല്ലത്

നൗഷാദ് അകമ്പാടം പറഞ്ഞു...

ഉമ്മു അമ്മാറേ..
ശ്രദ്ധേയമായ ഈ ചിന്ത
കൂടുതല്‍ വായനക്കാരിലേക്കത്തിക്കാനായി
ഞാനീ പോസ്റ്റിന്റെ ലിങ്ക് നമ്മുടെ ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍
പോസ്റ്റ് ആക്കി ഇട്ടിട്ടുണ്ട് കെട്ടോ..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ജീവിപ്പിക്കാനും ജീവനെടുക്കാനുമുള്ള അവകാശം ദൈവത്തിന്റെത് തന്നെ.
വിശ്വാസപരമായി ദയാവധത്തോട്‌ വിയോജിക്കുന്നു.
പക്ഷെ ഒന്നാലോചിക്കുമ്പോള്‍ ചില കേസുകളില്‍ അതാവും നല്ലത് എന്നും തോന്നാറുണ്ട്.
പക്ഷെ വിശ്വാസം തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍
"ഒരു വ്യക്തി നരക യാതന അനുഭവിക്കുകയാണങ്കിൽ ദൈവമേ ഇവന് മരണമാണ് ഉത്തമമെങ്കില്‍ ഇവനെ നീ മരിപ്പിക്കേണമേ ജീവിക്കുന്നതാണ് നല്ലതെങ്കില്‍ ഇവന് നീ ജീവിപ്പിക്കണമേ"
എന്ന പ്രാര്‍ഥനക്ക് ഒപ്പം നില്‍ക്കാനേ സാധിക്കൂ.

ഷമീര്‍ തളിക്കുളം പറഞ്ഞു...

"ദയ" എന്നാ വാക്കുകൊണ്ട് ഒരു "വധത്തെ" ന്യായികരിക്കാന്‍ കഴിയുമോ...? വിധി വന്നശേഷം അവരെ ശ്രുഷിക്കുന്ന നഴ്സുമാര്‍ ആഹ്ലാദം പങ്കിട്ടതും കൂടി കൂട്ടിവായിക്കണം.

നന്നായിരിക്കുന്നു, പ്രസക്തമായ ഒരു പഠനം.
ചെറുവാടിയുടെ പ്രാര്‍ഥനയുടെ കൂടെ ഞാനും.

Hashiq പറഞ്ഞു...

അര്‍ഹിക്കുന്നവര്‍ക്ക് അത് നല്‍കുക തന്നെയാണ് വേണ്ടത്...ദുരുപയോഗം എന്ന വാക്കിന് വലിയ പ്രാധാന്യം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല...ഏത് നിയമമാണ് നമ്മുടെ നാട്ടില്‍ ദുരുപയോഗപ്പെടുത്താത്തത്‌?...ആരൊക്കെയാണ് അതിനു അര്‍ഹര്‍ എന്ന് ഒരു മെഡിക്കല്‍ ടീമിനോ അല്ലെങ്കില്‍ അതിനായി ചുമതലപ്പെടുത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ തീരുമാനിക്കവുന്നതല്ലേ ഉള്ളൂ?

റാണിപ്രിയ പറഞ്ഞു...

എത്രയോ പേര്‍ ചെറു പ്രായത്തില്‍ മരണത്തിനു അടിമപ്പെടുന്നു...
കര്‍മ്മങ്ങള്‍ അവസാനിക്കാതെ ആത്മാവിനു തിരിച്ചു പോകാന്‍ കഴിയുമോ??
പക്ഷെ .....
ഒന്നിനും ഉത്തരമില്ല.........

ദയാവധം ..... അതിനു അനുവദിച്ചാല്‍ ജനനം ഇനിയും ഉറപ്പു .......
ഈ പ്രപഞ്ചത്തിലെ ജനന മരണങ്ങള്‍ ചാക്രികമാണ്....

വായിക്കപ്പെടേണ്ട പോസ്റ്റ്‌ .......
ആശംസകള്‍ ..............

ബെഞ്ചാലി പറഞ്ഞു...

ആരാണ് ആ കൂട്ടരെ കൊല അര്ഹിക്കുന്നവര്??!

ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരില്ല എന്ന് തോന്നിയവര് തിരിച്ചു വന്ന ചരിത്രം നമ്മുക്കിടയിലുണ്ട്. ശാസ്ത്രം പുരോഗമിക്കുന്നു. ഏതെങ്കിലുമൊരൂ നിമിത്തത്തില് അവര് ജീവതത്തിലേക്ക് തിരികെ പ്രവേശിച്ചെങ്കില് അതല്ലെ നല്ലത്? ആത്മാവിനെ ശരീരത്തില് നിന്ന് വേര്പെടുത്താന് മനുഷ്യര്ക്ക് അധികാരമില്ല. ആശയറ്റവര് ജീവിക്കുന്നതിലൂടെ അവരെ പരിപാലിക്കുന്നവര്ക്ക് പുണ്ണ്യം നേടാനുള്ള ഒരു മാര്ഗ്ഗമായി ദൈവം നിശ്ചയിച്ചതാണെങ്കില്?? വൃദ്ധരായ മാതാപിതാക്കളുണ്ടായിട്ടും സ്വര്ഗ്ഗം നേടാനാകാത്തവരെ ശപിച്ചിരിക്കുന്നു എന്ന് ഇസ്ലാം മതത്തിന്റെ രണ്ടാം പ്രമാണമായ ഹദീസുകളില് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചത് വൃദ്ധരായവരെ, പ്രതീക്ഷയറ്റവരെ കൊലക്ക് കൊടുക്കാനല്ല, അവരെ കഴിയുന്നത്ര നല്ല നിലയിലൂടെ പരിപാലിക്കാനാണ്.

the man to walk with പറഞ്ഞു...

enthu parayanamennu oru roopavumilla .daya thonnunnu...athu kondu karyamonnumillennariyaam..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഇത് ഒരു ചര്‍ച്ചാപോസ്റ്റ്‌ ആയി മാറിയതിനാല്‍ കമന്റുകള്‍ അടിസ്ഥാനമാക്കി പറയുന്നു-
ബെഞ്ചാലിയുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുകയും മൊയ്തീന്‍ അങ്ങാടിമുഗറിന്റെ അഭിപ്രായത്തോട് നൂറു ശതമാനം വിയോജിക്കുകയും ചെയ്യുന്നു.
ജീവന്‍ തന്നവന്നു മാത്രമേ അത് എടുക്കാനും അവകാശമുള്ളൂ എന്നവിശ്വാസം അര്‍ത്ഥവത്താണ്.
വൈദ്യന്മാര്‍ കയ്യൊഴിഞ്ഞ, നാട്ടാര്‍ പ്രതീക്ഷ വെടിഞ്ഞ എത്രയോ കേസുകള്‍ ഇതിനു തെളിവായി നമ്മുടെ ചുറ്റും ഉണ്ട്. അതൊരു ദൈവീകദൃഷ്ടാന്തം ആയി നാം കാണേണ്ടതുണ്ട്.
പിന്നെ എങ്ങനെ ദയാവധം നമുക്കനുകൂലമാകും?
ഇന്നല്ലെങ്കില്‍ നാളെ അരുണ ഷാന്‍ ബാഗിന് എഴുനേറ്റ് ഓടാന്‍ കഴിയില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്?
പ്രതീക്ഷ കൈവേടിയാതിരിക്കുക.

MT Manaf പറഞ്ഞു...

അരുണ്‍ ഷാന്‍ ബാഗ് നമ്മെ ദു:ഖിപ്പിക്കുന്നു
ശരിയാണ് ...
പക്ഷെ, ദയാവധം നിയമമായാല്‍
ഇതിലും വലിയ ദു;ഖങ്ങള്‍ അനുദിനം
നമ്മെ തേടി വന്നുകൊണ്ടേയിരിക്കും
തീര്‍ച്ച!

Sameer Thikkodi പറഞ്ഞു...

" ദൈവമേ ഇവന് മരണമാണ് ഉത്തമമെങ്കില്‍ ഇവനെ നീ മരിപ്പിക്കേണമേ ജീവിക്കുന്നതാണ് നല്ലതെങ്കില്‍ ഇവന് നീ ജീവിപ്പിക്കണമേ എന്നു നമുക്ക് പ്രാര്‍ഥിക്കാം."

ഈ പ്രാര്‍ഥനയില്‍ പങ്കു ചേരുന്നു .... ഒപ്പം ആരോഗ്യത്തോടെ ജീവിപ്പിക്കണേ എന്ന് കൂട്ടി ചേര്‍ക്കുന്നു

ചിന്തനീയമായ പോസ്റ്റ്‌ ...

രമേശ്‌ അരൂര്‍ പറഞ്ഞു...

സ്വയം മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മരിക്കാം ..അതിനും കഴിവില്ലാത്തവരെ ഏതു നിയമവും മാനുഷികതയും പരിഗണിച്ചിട്ടായാലും ആര് കൊല്ലും ? ആര്‍ അവരുടെ ആരാച്ചാരാകും? അവരും മനുഷ്യരല്ലേ ? ദയാവധത്തെ അനുകൂലിക്കുന്നവര്‍ ആ പ്രവൃത്തി ചെയ്യാന്‍ മുന്നോട്ടു വരുമോ ? അത് ചെയ്യുന്നവര്‍ ക്ക് പിന്നീടുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് എന്താണ് പരിഹാരം ?

..naj പറഞ്ഞു...

ദയാ വധം !
രണ്ടു വിരുദ്ധ വാക്കുകള്‍ മനോഹരമായി വിളക്കി ചേര്‍ത്ത് ഉണ്ടാക്കിയ
മാന്യമായ കൊലപാതകം !
ഇനി വരേണ്ടതില്ല, കൂടിയാല്‍ രണ്ടുമാസമെന്നു ഡോക്ടര്‍ പറഞ്ഞത് കേട്ട് പടിയിറങ്ങിയ രോഗി ഒരു വര്‍ഷത്തിനു ശേഷം തന്റെ ഡോക്ടറെ വെറുതെ കണ്ടു കളയാം എന്ന് കരുതി ചെന്നപ്പോള്‍ ഗേറ്റ് പൂട്ടി കിടക്കുന്നത് കണ്ടു അന്വേഷിച്ചു. നിങ്ങള്‍ അറിഞ്ഞില്ലായിരുന്നോ ? ഡോക്ടര്‍ മരിചീട്ടു ഒരു വര്‍ഷത്തിനടുതായല്ലോ....
മനുഷ്യ ജീവിതം സങ്കീര്‍ണമാണ്. ആയുസ്സ് മനുഷ്യന്‍ നിര്നയിക്കുന്നതല്ല.

ലാഭ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഈ ഉപഭോഗ സംസ്കാരത്തില്‍ മരണം പോലും ഉറ്റവരോടുള്ള ഔദാര്യമാകും ! യഥാര്‍ത്ഥ മൂല്യങ്ങള്‍ ""ദയാ വധത്തിന്റെ ഇരകളായി മാറിയതിന്റെ പ്രത്യക്ഷ ഉദാഹരണം !
നല്ല ലേഖനം.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ചിന്തനീയം

പട്ടേപ്പാടം റാംജി പറഞ്ഞു...

ചില സ്ഥലത്ത്‌ ദയാവധം ആകാമെന്ന് തോന്നുന്നെന്കിലും ഏറ്റവും കൂടുതല്‍ ദുരുപയോഗം നടക്കാന്‍ സാദ്ധ്യത ഉള്ളതിനാലും രമേശ്‌ മാഷ്‌ സൂചിപ്പിച്ചത്‌ പോലെ ആര് ആരാച്ചാരാകും എന്നതും എല്ലാം നോക്കുമ്പോള്‍ ഒരു വ്യക്തമായ അഭിപ്രായത്തിനു സാധിക്കാതെ വരുന്നുണ്ട്.

hafeez പറഞ്ഞു...

ശൈഖ് സാഹിബിന്റെ ലേഖനം വായിച്ചിരുന്നു. ജീവന്‍ തന്നവന് മാത്രമേ എടുക്കാനും അധികാരം ഉള്ളൂ. ഒരു തമിഴ് നോവലിന്റെ പരിഭാഷ വായിച്ചതു ഓര്‍ക്കുന്നു. അതില്‍ നര്‍ത്തകി ആയ നായിക സ്റ്റേജ് തകര്‍ന്ന്‍ കോമയില്‍ ആകുന്നു. ഭര്‍ത്താവ് കുറെ കാലം അവളെ ശുശ്രൂഷിച്ച ശേഷം "ദയ" കാണിക്കണോ എന്ന് ചിന്തിക്കുന്നു. പല വട്ടം അതിനു ഒരുങ്ങുന്ന അയാള്‍ നാളെ ആവട്ടെ എന്ന് കരുതി ... അവസാനം അത് തീര്‍ച്ചപ്പെടുത്തി വീട്ടില്‍ എത്തുമ്പോള്‍ അവള്‍ കോമ വിട്ടു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. തലേ ദിവസം അയാള്‍ "ദയ" കാണിച്ചിരുന്നെങ്കില്‍ .....

Noushad Kuniyil പറഞ്ഞു...

ഇഹലോകത്തെ കിഴക്കും, പടിഞ്ഞാറും, തെക്കും, വടക്കിനുമപ്പുറം ഒരു ജീവിതമുണ്ട് എന്ന വിശ്വാസ പരിസരത്തിലേക്ക് എത്തി നോക്കുവാന്‍ പോലും കഴിയാത്ത ചിന്താ പരിധിയുടെ/പരിമിതിയുടെ പശ്ചാത്തലത്തില്‍ നിന്നാണ് 'യൂത്തനേഷ്യ'യുടെ സാധുതയും, സാധ്യതയും തേടിപ്പോവേണ്ടി വരുന്നത്. വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതങ്ങള്‍ സംഭവിക്കുക അസാധാരണമല്ല ഇന്ന്. വേദന എന്നത് ഒരു ശാപമല്ല. മരവിച്ച ശരീരമുള്ള കുഷ്ഠ രോഗികളുടെ മുറിവുണങ്ങാത്ത കാലുകള്‍ എലി കരണ്ട് തിന്നാറുണ്ട്. വേദന എന്ന 'വികാരം' ഇല്ലാത്തതിനാല്‍ അവര്‍ക്കത്‌ അറിയാന്‍ സാധിക്കാറില്ല. വേദന അനുഗ്രഹമാവുന്ന ഒരു ഘട്ടം!

ഒരു ഇളംകാറ്റുപോലെ ഹൃദ്യമായൊരു നബിവചനത്തില്‍ നന്മയിലും, ബുദ്ധിമുട്ടിലും 'ലാഭം കൊയ്യുന്ന' വിശ്വാസികളെക്കുറിച്ച് അത്ഭുതത്തോടെ നടത്തുന്ന ഒരു പരാമര്‍ശമുണ്ട്: അവര്‍ക്കൊരു പ്രയാസം ബാധിച്ചാല്‍ ക്ഷമിക്കും, അതവര്‍ക്ക് ഗുണമായി ഭവിക്കും... ഒരു നന്മ ലഭിച്ചാല്‍ അവര്‍ ദൈവത്തിനു നന്ദി പറയും. അതും അവര്‍ക്ക് ഗുണമായി ഭവിക്കും!. ഒരു മുള്ള് കുത്തിയാല്‍ അതിലൂടെ പാപങ്ങള്‍ പൊറുത്തു കൊടുക്കപ്പെടുന്ന അനുപമാമായൊരു ആനുകൂല്യത്തെക്കുറിച്ചും കാരുണ്യത്തിന്റെ പ്രവാചകന്‍ പറഞ്ഞു വെച്ചിട്ടുണ്ട്.

ക്ഷണികമായൊരു ലോകത്തെ പ്രയാസം സഹിക്കാതിരിക്കുകയാണോ, അനശ്വരമായൊരു ലോകത്തെ അതിരുകളില്ലാത്ത സുഖം അനുഭവിക്കുകയാണോ കരണീയം എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ അടങ്ങിയിരിക്കുന്നു, ദയാവധത്തിലെ 'ദയയും , നിര്‍ദ്ദയത്വവും!

കാലിക പ്രസക്തമായൊരു പോസ്റ്റ്... ചിന്തനീയവും, ശ്രദ്ധേയവുമായ നിരീക്ഷണങ്ങള്‍.

TPShukooR പറഞ്ഞു...

ജീവിതത്തില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.
എന്ത് ചെയ്യാം. പലതിനും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക തന്നെ. ലേഖനം വളരെ നന്നായിട്ടുണ്ട്. നല്ല ചര്‍ച്ചക്ക് ആശംസകള്‍.

M.K.KHAREEM പറഞ്ഞു...

പരിചരിക്കാന്‍ ആരോരും ഇല്ലാത്ത അവസ്ഥയില്‍ ദയാ വധം ആകാം.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വളരെ നല്ല എഴുത്
എനിയും എഴുതുക
ദയ വധം അനിവതിച്ചാലും ഇല്ലെങ്കിലും........ ആ ക്രൂരത ഇനിയും ഉണ്ടാകതിരിക്കാന്‍ എന്തു കൊണ്ട് ഒരു മുന്നറിയിപ്പ് പത്രിക പുറത്തിറ്ക്കികൂട ...........
ഇതുപോലെ നാളെയും വരും ദയാ വധം കാത്ത് കിടക്കുന്ന നമ്മുടെ സഹോദരിമാര്‍

നസീര്‍ പാങ്ങോട് പറഞ്ഞു...

ശ്രദ്ധേയമായ ഈ ചിന്ത
nallayezhutthukal...

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

വളരെ നന്നായി വിഷയം അവതരിപ്പിച്ചിരിക്കുന്നു.ആശംസകള്‍ നേര്‍ന്നു കൊണ്ട്.

Unknown പറഞ്ഞു...

ദയാവധം എന്ന് പേരിട്ടു വിളിക്കുമ്പോഴും കൊല്ലുക എന്നുതന്നെയല്ലേ ഇതിനര്‍ത്ഥം!?
മതപരമായും അല്ലാതെയും ഇതിനോട് യോജിക്കാന്‍ കഴിയില്ല.

>>ആത്മാവുള്ള ഒരു മനുഷ്യന്‍ എന്നും ആദരിക്കപ്പെടേണ്ടതല്ലെ .ആത്മാവും ശരീരവും നല്‍കി ദൈവം സൃഷിട്ടിച്ച മനുഷ്യനെ അവയില്‍ നിന്നും വേര്‍പിരിക്കാന്‍ മനുഷ്യരായ നമുക്കധികാരമുണ്ടോ ?<<

A പറഞ്ഞു...

ദയാ വധം, വാക്കില്‍ ദയയുണ്ട്. മനസ്സിലതുണ്ടോ എന്നതാണ് ചോദ്യം. മനുഷ്യരുടെ ജീവിതം തുരുത്തുകള്‍ ആയി ചുരുങ്ങുമ്പോള്‍ സംഭവിക്കുന്ന "ദയാ" ചിന്തകള്‍ അല്ലെ ഇതെല്ലം? മറ്റീരിയലിസത്തെ മാതാവായി വാഴിക്കുന്നവര്‍ സ്വന്തം മാതാവിന് വേദനയില്‍ നിന്ന് "ദയാ"വധം വിധിച്ചു, കച്ചവടം തകൃതിയാക്കാന്‍ മാര്‍ക്കെറ്റിലേക്ക് തന്നെ കണക്കുകള്‍ ഗുണിച്ചു മടങ്ങുമ്പോള്‍ ഓര്‍ക്കുന്നുണ്ടോ നാളെ ഇതേ അവസ്ഥയില്‍ തന്നെയും കിടത്തി തന്‍റെ തന്നെ മകന്‍ / മകള്‍ ഇതേ പെരുക്കങ്ങളില്‍ മനസ്സര്‍പ്പിച്ച് ഊഹചന്തയിലേക്ക് നടക്കുന്ന ഒരു സായാഹ്നം കയ്യെത്തുമകലത്തിലാണെന്ന തിക്തയഥാര്‍ത്യത്തെ?

സമകാലിക സംഭവങ്ങളെ അവലോകനം ചെയ്യുമ്പോള്‍ മനുഷ്യപക്ഷത്തു നിന്ന് കൊണ്ട്, മനസ്സിന്‍റെ പക്ഷത്തു നിന്ന് കൊണ്ട് തൂലിക ചലിപ്പിക്കുന്ന ഉമ്മു അമ്മാറിന്‍റെ ഈ എഴുത്ത് പ്രശംസനീയവും, അനുകരണീയവുമാണ്.

മുകിൽ പറഞ്ഞു...

37 വർഷം. ഒന്നും രണ്ടുമല്ല. അരുണയുടെ 37 വർഷം...

ഈയടുത്തു ഒരു ഹിന്ദി സിനിമ വന്നിരുന്നു ഹൃദിക് റോഷൻ അഭിനയിച്ച ഒന്ന്, ഈ വിഷയത്തിൽ ഊന്നി. അതിൽ റോഷൻ സ്വന്തം ദയാവധത്തിനെതിരായി വാദിക്കുന്നവക്കീലിനെ ഒരു പെട്ടിക്കക്കത്തു പൂട്ടിയിടുവിക്കുന്നുണ്ട് 60 സെക്കന്റുനേരത്തേക്ക്. ശ്വാസം മുട്ടി പരവശനായി പെട്ടിയിൽ നിന്നു എണീറ്റുവരുന്ന വക്കീലിനോടുറോഷന്റെ കഥാപാത്രം പറയുന്നു. ‘60 സെക്കന്റു നിങ്ങൾക്കു സഹിക്കാനായില്ല. വർഷങ്ങളായുള്ള എന്റെ ആത്മാവിന്റെ അവസ്ഥയാണിത്..‘

നമ്മുടെ മുന്നിൽ യെസ് എന്നോ നോ എന്നോ കൂളായി പറയാൻ വകുപ്പുണ്ട്. എന്തുകൊണ്ടെന്നാൽ നമ്മൾ ആ അവസ്ഥയിലല്ല!

വിശക്കുന്നവന്റ വയറിനു പറഞ്ഞിട്ടുള്ളതല്ല മതം എന്നു വിവേകാനന്ദൻ പറഞ്ഞതു പോലെയാണ് ഇതും.. ഒരു മതസംഹിതയും വിശ്വാസപ്രമാണങ്ങളും ഇവിടെ ചേർത്തുവായിക്കപ്പെടാൻ വയ്യ. കാരണം, അവസ്ഥയുടെ ആഴം ആ അവസ്ഥയിൽ ഒരിക്കലും ആയിരിക്കാത്ത നമുക്കു മനസ്സിലാവുന്നതിനുമൊക്കെ അപ്പുറമാണ്..

എങ്കിലും, അതിക്രൂരമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു വിഷയമായതുകൊണ്ട്ദയാവധം അത്യപൂർവ്വങ്ങളായ കേസുകളിലല്ലാതെ, എല്ലാവശങ്ങളും വിശദമായി പഠിച്ചല്ലാതെ, അനുവദിക്കരുത് എന്നാണു ഞാനും ആഗ്രഹിക്കുന്നത്.

Umesh Pilicode പറഞ്ഞു...

ശ്രദ്ധേയം

Jazmikkutty പറഞ്ഞു...

ഉമ്മു അമ്മാര്‍,വളരെ ചര്‍ച്ചാ പ്രാധാന്യം ഉള്ള വിഷയം ആണല്ലോ ഇപ്പ്രാവശ്യം..ഇതിനു വ്യക്തമായ ഒരു നിലപാടില്‍ എത്താന്‍ കഴിയുന്നില്ല എനിക്ക്..മുകില്‍ പറഞ്ഞതിനോട് യോജിക്കുന്നു..

വീകെ പറഞ്ഞു...

ഒരു തീരുമാനവും എടുക്കാൻ കഴിയുന്നില്ല.
എത്രയോ ജീവിതങ്ങൾ ദിവസവും നമ്മുടെ മുൻപിലൂടെ കടന്നു പോകുന്നു. എന്നിട്ടും നാം അതിൽ നിന്നും എന്തെങ്കിലും പഠിക്കുന്നുണ്ടൊ...?

ഇന്നും എത്രയോ അരുണ ഷാൻബാഗ് മാർ ഉണ്ടായിക്കൊണ്ടിരിക്കുന്നു. എത്രയോ പേർ മരിച്ചു ജീവിക്കുന്നു. ഇവരൊക്കെ ഒരിക്കൽ മരിച്ചു പോയവരാണ്. വീണ്ടും വീണ്ടും എത്ര പ്രാവശ്യം അവരെ കൊല്ലാനാകും...? ശിക്ഷിച്ചവരെ തന്നെ വീണ്ടും ശിക്ഷിക്കുകയോ...?

SUJITH KAYYUR പറഞ്ഞു...

prardhana.....

ishaqh ഇസ്‌ഹാക് പറഞ്ഞു...

അറവുകാരന്റെ ദയ..!
കരുണകാണിയ്ക്കാന്‍ നമുക്കാവട്ടേ..
ഉചിതമായത് നല്‍കാന്‍ കാരുണ്യവാനോട് പ്രാര്‍ത്ഥിക്കുകയുമാവാം..
നല്ലചര്‍ച്ചകള്‍ക്ക് വഴിവെച്ച നല്ലപോസ്റ്റ് ..

ajith പറഞ്ഞു...

There is no mercy in any form of killing. I vote "no"

F A R I Z പറഞ്ഞു...

ദയാ വധം വിഷയമാകുമ്പോള്‍,

അരുണാ ഷാന്‍ ബാഗിന്റെ വിഷയത്തില്‍, സുപ്രിം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിവിട്ട,വിവാദത്തില്‍, മത പണ്ഡിതരും,ചിന്തകരും,ഡോക്ടര്‍മാരും പറഞ്ഞ അഭിപ്രായ പ്രഘടനങ്ങളില്‍ ഉരുതിരിയാത്ത ഒരുറച്ച നിലപാട്‌ നമുക്കും അസാധ്യം. മുപ്പത്തേഴു വര്‍ഷത്തോളം, ജീവനും മരണത്തിനുമിടയില്‍ നരകയാദന അനുഭവിച്ചു, ജീവച്ഛവമായി കിടന്ന ഒരു രോഗിയോട്,നമുക്ക് ദയ തോന്നിപ്പോകില്ലേ?ആര്‍ക്കും തോന്നിപ്പോകുന്ന വികാരം.

നാം ഉള്ളറിഞ്ഞ് പ്രാര്‍ഥിച്ചു പോകാറുണ്ട്.മരണ വെപ്രാളം കണ്ടുനില്‍ക്കുന്ന,ഒരുമനുഷ്യന്‍ അത് സഹിക്കാനാവാതെ, കണ്ടു നില്‍ക്കാനാവാതെ,
പ്രാര്‍ഥിച്ചു പോകാറുണ്ട്.

ദീര്‍ഘകാലം രോഗശയ്യയില്‍ കിടന്നു എന്‍റെ വല്യുമ്മ,അവസാനം ഒരുനാള്‍ മരണവെപ്രാളം അനുഭവിക്കുന്നത് കണ്ടുനിന്ന
എന്റെ വീട്ടിലുള്ളവരും അയല്‍ വാസികളും, കുടുംബങ്ങളും പലരും പ്രാര്തിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് "എത്രയും പെട്ടെന്ന് ഈമാന്‍ നിറവേറ്റി കൊടുക്കണേ റബ്ബേ എന്ന്.

ഇവിടെ,വല്യുംമയോടുള്ള സ്നേഹക്കുറവായിരുന്നോ ഇങ്ങിനെ പ്രാര്‍ഥിക്കാന്‍ കാരണം?ചികില്സിച്ചും ശുശ്രൂഷിച്ചും മടുതതുകൊണ്ടായിരുന്നോ ഇങ്ങിനെ പ്രാര്‍ഥിച്ചത്? വെറുത്തതുകൊണ്ടായിരുന്നോ?
അല്ല.ആ സമയത്തെ വല്യുംമയുടെ അവസ്ഥ കണ്ടു നില്‍ക്കാന്‍ ത്രാണി ഇല്ലാതെ, ആവിഷമം കാണാന്‍ ശക്തിയില്ലാതെദയകൊണ്ട് പടച്ചവനോട് പ്രാര്‍ഥിച്ചു പോകയായിരുന്നു.

അപ്പോള്‍ മുപ്പത്തേഴു കൊല്ലം രോഗശയ്യയില്‍ കിടന്ന
അരുണാ ഷാന്‍ ബാഗിന്റെ അവസ്ഥയും ഒരു മനുഷ്യനും കണ്ടു നില്‍ക്കാന്‍ കഴിയുമായിരുന്ന ഒന്നായിരുന്നില്ല.

ദയാവധം നിയമ വിധേയമാകുമ്പോള്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ വളരെയേറെ സാദ്ധ്യതകള്‍ കാണുമ്പോള്‍,ഒറ്റവാക്കില്‍ ഒതുക്കി ഈ വിഷയം തെറ്റോ ശെരിയോ, പ്രായോഗികമോ, എന്നതൊന്നും പറയുക എളുപ്പമല്ല.ഭൂമിയിലെ എല്ലാ ശാസ്ത്രവും
പരാജയപ്പെടുന്നിടത്ത് ദൈവത്തിന്‍റെ ഹിതതിനായി കാതുകഴിയുക.കഴിവതും വേഗം ആ ജീവന്‍ തിരിചെടുക്കുവാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുക.
ആരാച്ചാരാവാന്‍ തുനിയാതിരിക്കുക.

നല്ലൊരു വിഷയം, അതര്‍ഹിക്കുന്ന ഗൌരവത്തോടെ,
വളരെയേറെ പക്വതയാര്‍ന്ന,വാക്കുകളിലൂടെയും, വരികളിലൂടെയും ലേഖിക എഴുതിയിരിക്കുന്നു.

ചികില്‍സിച്ചു മടുക്കുന്നവരും,കട്ടിലോഴിയാന്‍ കാത്തുകെട്ടി നില്‍ക്കുന്നവരും ഇന്നത്തെ സമൂഹത്തില്‍ ഏറെയാണ്.എങ്കിലും അതൊരു പൊതു സ്വഭാവമായി കാണേണ്ടതില്ല. മൊരടിലെ താളപ്പിഴവുകള്‍ ഉള്ള കുടുംബങ്ങളില്‍ ഇങ്ങിനെയൊക്കെ സംഭവിക്കാം.

നല്ലോരെഴുത്തിനു പൂച്ചെണ്ടുകള്‍.
--- ഫാരിസ്‌

ജുബി പറഞ്ഞു...

ചിന്തനീയം

ente lokam പറഞ്ഞു...

അരുണ ഷാന്‍ ബാഗ് സ്വന്തം കഥ പറയുന്നത്
ആയി കഴിഞ്ഞ ദിവസം ഒരു ബ്ലോഗില്‍ വായിച്ചിരുന്നു
അത് വായിച്ചാല്‍ ദയ വധത്തിനു എതിര് പറയാന്‍
നാവു വഴങ്ങില്ല.ഓരോ സംഭവവും ഓരോന്നായി കാണണം
ഇതിനെ genaralise ചെയ്യാന്‍ ആവില്ല..നന്നായി എഴുതി..
ഉമ്മു അമ്മാര്‍....

നന്ദു പറഞ്ഞു...

ദയാവധത്തിന് അനുകൂലമായ നിയമനിര്‍മ്മാണം ഉണ്ടാകുകയാണെങ്കില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ ഏറെ സാധ്യതയുണ്ട്.

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ഇവിടെ നിയമത്തേയോ ദൈവത്തയോ
കൂട്ടുപിടിയ്ക്കേണ്ട.ദയാവധം നല്കേണ്ട അവസ്ഥ
തന്നെയാണു്. എന്നാല്‍ അതിനു കഴിയുമോ
അവരുടെ സമ്മതം തേടാനാകില്ല്ലലോ. അതി
നാല്‍ പൊലിഞ്ഞു തീരും വരെ ആ മെഴുകുതിരി
എരിയട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌..ഇതില്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് നീതിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു...മനുഷ്യന്‍ മനുഷ്യനാവാത്തിടത്തോളം കാലം നിയമത്തെ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കും...

Unknown പറഞ്ഞു...

ചിന്തനീയം..
ആശംസകള്‍...

SHANAVAS പറഞ്ഞു...

വളരെ ചിന്തനീയവും കാലികപ്രസക്തവുമായ ഒരു പോസ്ടാണ്.
ദൈവത്തിന്റെ ജോലി ദൈവത്തിന്നു വിടുന്നതല്ലേ നല്ലത്.നാം
വെമ്പുന്നത് എന്തിനുവേണ്ടിയാണ്?ഇത് അനുവദിച്ചാല്‍ പല
ഭീകരമായ മരണങ്ങളും കാണേണ്ടിവരും.കേള്‍ക്കേണ്ടിയും.
നല്ല പോസ്റ്റ്‌.ആശംസകള്‍.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

തീര്‍ച്ചയായും ഒരാളുടെ ആയുസ്സ് നിശ്ചയിക്കപ്പെട്ടവന്‍ അള്ളാഹുവാകുന്നു. ദയയുടെ പേരിലായാലും എന്തിന്റെ പേരിലായാലും ഒരാളുടെ ആയുസ്സ് നിശ്ചയിക്കാന്‍ മനുഷ്യന് അധികാരമില്ല. ചേതനയറ്റ ശരീരം കണ്ടുനില്‍ക്കുന്ന, അവരെ ശുശ്രൂഷിക്കുന്നവരുടെ സഹതാപവും വിഷമവുമാണ് ഇത്തരം നിയമങ്ങളിലേക്ക് നയിക്കുന്നത്. ഇതുപോലൊരു അവസ്ഥ നമ്മുടെ ഇടയില്‍ വന്നാല്‍ നമ്മളും പതറിപ്പോയേക്കാം. സാമ്പത്തിക ബുദ്ദിമുട്ടുകള്‍, ശുശ്രൂഷിക്കാന്‍ ആളില്ലാതെ വരിക എന്നീ കാരണങ്ങള്‍ ദയാവധത്തെ പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം...

'ദയാ വധ'ത്തിന് പകരം 'ദയാ ജീവിതം' എന്തുകൊണ്ട് കോടതിക്കോ ഗവണ്‍മെന്റിനോ നിര്‍ദേശിക്കാനാവുന്നില്ല. നിരാലംബരായ ഇത്തരം ചേതനയറ്റ ശരീരങ്ങളെ പരിപാലിക്കാന്‍ ഒരിടം, ദരിദ്ര കുടുംബങ്ങളിലെ ഇത്തരം അവസ്ഥകളില്‍ സാമ്പത്തിക സഹായം, ഇതെല്ലാം നടപ്പാക്കുന്നതില്‍ എളുപ്പമല്ലേ വധം. ആ വധം ദയയുടെ പേരിലായാല്‍ ഭേഷ്.

'ഭൂമിയില്‍ നരകയാതന അഞ്ഭവിക്കുന്നവര്‍ അവരുടെ പരലോക ശിക്ഷയുടെ വലിയൊരു ഭാഗം ഭൂമിയില്‍ തന്നെ അനുഭവിച്ചുതീര്‍ത്തു' എന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു.

"ഒരു വ്യക്തി നരക യാതന അനുഭവിക്കുകയാണങ്കിൽ ദൈവമേ ഇവന് മരണമാണ് ഉത്തമമെങ്കില്‍ ഇവനെ നീ മരിപ്പിക്കേണമേ ജീവിക്കുന്നതാണ് നല്ലതെങ്കില്‍ ഇവന് നീ ജീവിപ്പിക്കണമേ" ഈ പ്രര്‍ഥന തന്നെ ഏറ്റവും ഉചിതം.

പ്രസകതമായ ചിന്താവിഷയം...

sreee പറഞ്ഞു...

ദയാവധത്തെക്കുറിച്ചു ഏറെ ചിന്തിക്കാനുണ്ട്, പക്ഷെ അരുണ ഈ ദുരിതം അനുഭവിക്കേണ്ടായെന്ന് തോന്നുന്നു.

Ismail Chemmad പറഞ്ഞു...

കാലിക പ്രസക്തവും ചിന്താര്‍ഹാവുമായ പോസ്റ്റിനു അഭിനന്ദനങ്ങള്‍ .

അനുവദിക്കാത്ത കോടതി വിധിയില്‍ സന്തോഷിക്കുമ്പോള്‍ തന്നെ
പട്ടിണിക്ക് ഇട്ടും മരുന്ന് കൊടുക്കാതെയും കൊള്ളാം എന്നുള്ള വാദത്തെ നാം എങ്ങിനെ അന്ഗീകരിക്കും ?
ചവിട്ടി കൊല്ലണ്ട , വേണമെങ്കില്‍ പുഴുങ്ങികൊല്ലാം

Naushu പറഞ്ഞു...

ശ്രദ്ധേയമായ ചിന്ത...
നമ്മുടെ നാട്ടില്‍ ദയാവധം ദുരുപയോഗം ചെയ്യപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല...

കൂതറHashimܓ പറഞ്ഞു...

മ്മ്......
പറയാന്‍ ഒന്നുമില്ലാ.

ബൈക്കാക്സിഡന്റുമായി രണ്ടര വര്‍ഷത്തെ ബെഡ് റെസ്റ്റിലെ ആദ്യ കുറെ നാളുകള്‍ ഒന്നിനും കഴിയാതെ ഒന്നിളകാനോ ഉറക്കെ കരയനോ പോലുമാവാതെ കിടന്നപ്പോ ഇതിനേക്കാള്‍ നല്ലത് മരണമാണെന്ന് തോന്നിയിരുന്നു. മരണത്തെ ഒത്തിരി ആഗ്രഹിച്ചിരുന്നു, മുന്നില്‍ കണ്ടിരുന്നു.

ദൈവനുഗ്രഹത്താല്‍ പയ്യെ പയ്യെ ജീവിതത്തിലെക്ക് ഇവ്വിതം എത്തിയില്ലായിരുന്നെങില്‍ ഞാനും ദയാവധം ചോദിക്കുമായിരുന്നു

അനുഭവിക്കുന്നവര്‍ക്ക് ആഗ്രഹിക്കാം , നല്‍കാമോ എന്നെനിക്കറിയില്ലാ.

ശ്രീക്കുട്ടന്‍ പറഞ്ഞു...

സത്യത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണൊ ഇത്.ഒന്നനങ്ങാന്‍ പോലും കഴിയാതെ വെറുതെ ഒരു ശരീരമായി തകര്‍ന്നു കട്ടിലില്‍ കിടന്നു പത്തുമുപ്പത്തേഴുവര്‍ഷമായി നരകിക്കുന്ന ഒരാളിനെ അങ്ങു കൊന്നു കളയുന്നതുതന്നെയാണ് അയാളോട് ചെയ്യാവുന്ന ഏറ്റവും വലിയ ദയ.അതിന് ജീവന്‍ തന്നവനേ അതെടുക്കാനുള്ള അവകാശമുള്ളു എന്നൊക്കെപ്പറഞ്ഞ് മുട്ടാപ്പോക്ക് പറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന്‍ എനിയ്ക്കു തോന്നുന്നില്ല.അങ്ങെനെയായിരുന്നുവെങ്കില്‍ ബോംബ് പൊട്ടിച്ചും കല്ലെറിഞ്ഞും തലവെട്ടിയും കുത്തിയും വണ്ടിയിടിപ്പിച്ചും മാനഭംഗപ്പെടുത്തിയും മണ്ണെണയൊഴിച്ചുമൊന്നും ഒരുത്തനും ആരെയും കൊല്ലില്ലായിരുന്നല്ലോ. നരകിക്കുന്നവര്‍ അതീവ നരകയാതനയനുഭവിക്കുന്നതില്‍ ആര്‍ക്കും ഒരു വിഷമവുമില്ല.

lekshmi. lachu പറഞ്ഞു...

നല്ല പോസ്റ്റ്

ManzoorAluvila പറഞ്ഞു...

ബെഞ്ചാലി അത്പോലേ മറ്റ് പലരും പറഞ്ഞ കമന്റുകൾ വളരെ പ്രസക്തമാണു..
മരണം അതിനെ താനേ വരുവോളം കാക്കുന്നതണു നീതി.

ഗീത പറഞ്ഞു...

വായിച്ചു. ഒന്നും പറയാൻ കഴിയുന്നില്ല. അത്രക്ക് വിഷമം തോന്നുന്നു

Unknown പറഞ്ഞു...

വധത്തെ ന്യായീകരിക്കാനാവില്ല അത് എന്ത് പേരിലായാലും. ജീവന്‍ നല്‍കിയ ദൈവത്തിനുതന്നെ അത് വിടുകയാണ് നല്ലത്!

അവരെ ഈ അവസ്തയിലാക്കിയ ആളെക്കുറിച്ച് ഒന്നും കേള്‍ക്കുന്നില്ല! അയാളെ ഈ വാര്‍ത്തകളൊന്നും ഒട്ടും അലട്ടുന്നുണ്ടാവില്ലേ?!!

നീര്‍വിളാകന്‍ പറഞ്ഞു...

വധം ദയയാകുന്ന ചില സമയങ്ങള്‍ ഉണ്ട്... ദയാപൂര്‍വ്വം വധം അനുവദിച്ചിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്ന ഒന്നു രണ്ട് സംഭവങ്ങള്‍ എനിക്ക് അനുഭവമാണ്..... എന്തായാലും ദൈവത്തെയോ നീതിയേയോ അതുമൂലം ദൈവത്തിന്റെ കയ്യില്‍ നിന്ന് കിട്ടിയേക്കാവുന്ന ശിക്ഷയോ അല്ല എന്റെ പേടി..... ഇന്നിന്റെ ചില മക്കള്‍ ശല്യം സഹിക്കാന്‍ കഴിയാതെ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഉപേക്ഷിക്കാനെങ്കിലും ദയ കാണിക്കുന്നു... ദയാവധം നിയമമായാല്‍ അതിനൊന്നും ഈ കൂട്ടര്‍ കാത്തു നില്‍ക്കില്ല.... ദയാപൂര്‍വ്വം കഴുത്തില്‍ കത്തി വയ്ക്കും....

Sulfikar Manalvayal പറഞ്ഞു...

നന്നായി പറഞ്ഞു.
ജീവന്‍ കൊടുത്ത രക്ഷിതാവിന് തന്നെ ജീവനെടുക്കാനുള്ള അവകാശവും ഉള്ളൂ എന്ന അഭിപ്രായമാണെനിക്ക്.
അതിലിടപെടാന്‍ കോടതിക്കോ മറ്റൊരു ശക്തിക്കും അവകാശമില്ല.

ഐക്കരപ്പടിയന്‍ പറഞ്ഞു...

ദയാ വധത്തിനു പകരം അവരെ സംരക്ഷിക്കാന്‍ ഇനിയും തയ്യാറായ ദയയുടെ മൂര്‍ത്തീമത്ഭാവങ്ങള്‍ക്ക് അവരെ പരിചരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുകയല്ലേ വേണ്ടത്.

സഹോദരി സൂചിപ്പിച്ച പോലെ ശരീരവും ആത്മാവും കൂടുമ്പോഴല്ലേ മനുഷ്യനാവുക..വിധിയില്‍ ആത്മാവിനെ പരിഗണിച്ചതായി കാണുന്നില്ല.

ദൈവം ചോദിക്കാതെ തന്ന ജീവിതം സമയമാവുമ്പോള്‍ അവന്‍ തന്നെ കൊണ്ട് പൊയ്ക്കൊള്ളും...നമുക്കെന്തധികാരം...?

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ദയാവധമല്ല വേണ്ടത്.അവരെ നന്നായി പരിചരിച്ച് സംതൃപ്തി നേടുകയാണ് വേണ്ടത്.

അജ്ഞാതന്‍ പറഞ്ഞു...

എന്റെ ചില സംശയങ്ങള്‍

ജീവന്‍ നല്‍കിയത് ദൈവം, അതെടുക്കേണ്ടതും ദൈവം എന്ന് സമ്മതിച്ചു കൊണ്ടു തന്നെ ..

ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന ഒരാളുടെ വിശ്വാസത്തിന്റെ പേരില്‍ മറ്റൊരാളുടെ ക്ലേശം നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടതാണെന്ന് വാദിക്കുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ? ഇതില്‍ അല്പം മനുഷ്യാവകാശപ്രശ്നവും ഉണ്ടാവുന്നില്ലേ..?

മരണാസന്നനായി കിടക്കുന്ന ഒരാള്‍ക്ക് ശരീരത്തിലെ സകല ദ്വാരങ്ങളിലും കുത്തിക്കയറ്റിയിരിക്കുന്ന ട്യൂബുകളും നേരത്തിനു നല്‍കുന്ന, ചിലപ്പോള്‍ രക്തക്കുഴലില്‍ കുത്തിക്കയറ്റുന്ന മരുന്നുകളും (ക്ഷമിക്കണം.. മരുന്ന് എന്ന് രാസമിശ്രിതങ്ങളെ വിളിക്കാന്‍ പറ്റുമോ എന്നു പോലും എനിക്കു സംശയമുണ്ട്) സൃഷ്ടിക്കാനിടയുള്ള ക്ലേശങ്ങളെപ്പറ്റി വല്ല പഠനങ്ങളും നടന്നിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഒരാളുടെ മരണം (ഏതൊരു ജീവിയുടെയും ബാധ്യതയാണല്ലോ എന്തായാലും സ്വാഭാവികമായി മരിക്കുക എന്നത്) സുഗമമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഈ ട്യൂബു കെട്ടുകള്‍ എടുത്തു മാറ്റുന്നതാണ് ഒരാളോടു ചെയ്യാന്‍ കഴിയുന്ന നന്മ എന്നു വന്നാലോ..? ന്യായങ്ങള്‍ എപ്പോഴും ഒരേ വഴിയിലോ യാന്ത്രികമോ ആവില്ല എന്നു ചിന്തിച്ചൂടേ..?

ഇങ്ങനെ ചിന്തിക്കുമ്പോള്‍ കോടതി വിധി സന്തുലിതമല്ലേ. കൊല്ലാന്‍ അത് അനുവദിക്കുന്നില്ലല്ലോ. കൊല്ലുക എന്നതും ഒരാളുടെ മരണം (എന്ന “ജൈവ”പ്രക്രിയ) സുഗമമാക്കണം എന്നു പറയുന്നതും രണ്ടും രണ്ടു തന്നെയാണല്ലോ..?

ക്ഷമിക്കണം ഞാന്‍ ഒരു ദയാവധവാദിയല്ല. ചില സംശയങ്ങള്‍ പങ്കു വെച്ചതാണ്. ആരെങ്കിലും തീര്‍ത്തു തന്നാല്‍ ..???

പാവത്താൻ പറഞ്ഞു...

ഞാനും തൊട്ടു മുൻപു പറഞ്ഞ അഭിപ്രായത്തോടു പൂർണ്ണമായും യോജിക്കുന്നു. ചിറകിട്ടടിക്കുന്ന പ്രാണനെ, കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ കൂട്ടില്‍ പിടിച്ചു നിര്‍ത്തുന്നതിനോടു യോജിപ്പില്ല. ബലമായി പുറത്താക്കുന്നതിനോടും. പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതു പോലെ,മരണത്തിനും ജീവിതത്തിനും ഇടയില്‍ തീര്‍പ് കല്പ്പിക്കാന്‍ നമ്മളാര്?

sreeparvathy പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
*അഗ്നിമുഖി* പറഞ്ഞു...

this post is published in kanikkonna online magazine as blog of the week
check it here www.kanikkonna.com

editor

ശ്രീ പറഞ്ഞു...

'ഒരു വ്യക്തി നരക യാതന അനുഭവിക്കുകയാണങ്കിൽ ദൈവമേ ഇവന് മരണമാണ് ഉത്തമമെങ്കില്‍ ഇവനെ നീ മരിപ്പിക്കേണമേ ജീവിക്കുന്നതാണ് നല്ലതെങ്കില്‍ ഇവന് നീ ജീവിപ്പിക്കണമേ എന്നു നമുക്ക് പ്രാര്‍ഥിക്കാം. '

ഇതാണ് വേണ്ടത്.

mukthaRionism പറഞ്ഞു...

ഇവിടെ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊല്ലാകൊല ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ
ദാരുണ ജീവിതമാണ് നമുക്കു മുന്‍പില്‍ ദയാവധത്തെക്കുറിച്ചുള്ള ചിന്തകളുണര്‍ത്തുന്നതെന്ന കാര്യം നാം മറന്നുപോകരുത്.
ഇവരെ പീഡിപ്പിച്ച ക്രൂരനായ മനുഷ്യന് മോഷണശ്രമത്തിനഅയിരുന്നു ശിക്ഷ. ഏതാനും വര്‍ഷങ്ങള്‍.ശിക്ഷ കഴിഞ്നിറങ്ങിയ ഇയാള്‍ കൂടുതല്‍ കാലം ജീവിച്ചില്ല. ദൈവം അവനെ നേരത്തെ കൊണ്ടുപോവുകയും ഇവരെ ബാക്കിവെക്കുകയും ചെയ്തു.
എന്തിന്?

ഇത്രയും കാലം സൗജന്യമായി ചികില്‍സ നല്‍കിയ ആശുപത്രിക്കാര്‍ തുടര്‍ന്നും സൊഉജന്യമായിത്തന്നെ ചികില്‍സ നല്‍കാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്, മനുഷ്യത്വം വറ്റാതെ ഇച്ചിരി നനവായെങ്കിലും ബാക്കി കിടപ്പുണ്ടെന്ന ഓര്‍മപ്പെടുത്തലോടെ.
ആ ആശുപത്രി അധികൃതരുടെയും അവിടുത്തെ കാരുണ്യം വറ്റാത്ത ജീവനക്കാരുടെയും മുന്‍പില്‍ തലതാഴ്ത്തിപ്പിടിച്ച് നമുക്ക് ചര്‍ച്ച തുടരാം...


വധത്തില്‍ ഒരു ദയയുമില്ല.
വധം ദയയില്ലായ്മയാണ്.
പിന്നെങ്ങനെ 'ദയാവധം'!

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ജീവച്ഛവമായി കിടക്കുന്ന ഒരാളുടെ വേദനകള്‍ അയാളുടെ തൊട്ടടുത്തിരുന്നു നിങ്ങള്‍ ദിവസേന കാണുക, കേള്‍ക്കുക..
എന്നിട്ട് പറയൂ എത്ര നാള്‍ നിങ്ങള്‍ ദയാവധത്തെ എതിര്‍ക്കാനാകും ? ഏതാനും ദിവസങ്ങള്‍, മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍...
ഒരിക്കലും നിലക്കാത്ത വേദനക്ക് കൂട്ടിരിക്കുന്ന, മനസാക്ഷി ഉള്ള ഒരാള്‍ക്ക്‌ ഒരിക്കലും ദയാവധത്തെ ഒരു പരിധിക്കപ്പുറം എതിര്‍ക്കാനാകില്ല.
ചില സഹാചെര്യങ്ങളില്‍ ദയാവധം കൂടിയേ തീരു...

ചില കമന്റുകള്‍ വായിച്ചതില്‍ നിന്നും എനിക്ക് അംഗീകരിക്കാന്‍ കഴിയാത്തത് , ദയാവധത്തിന് നിയമ നിര്‍മാണം നടത്തിയാല്‍ പിന്നെ, കോഴിയെ കൊല്ലുന്ന പോലെ ആര്‍ക്കും ആരെയും ദയാവധത്തിന് വിധേയമാക്കാം അങ്ങനെ നിയമം ദുരുപയോഗം ചെയ്യും എന്ന രീതിയില്‍ ഉള്ള അഭിപ്രായപ്രകടനമാണ്..
ദയാവധത്തിന് നിയമ നിര്‍മ്മാണം നടത്തിയാല്‍ തന്നെ, അത് കോടതിയുടെ മേല്‍നോട്ടത്തില്‍, ഡോക്ടര്‍ ഉള്പ്പെടയുള്ള വിദഗ്ധ ഗ്രൂപ്പിന്റെ തീരുമാനങ്ങള്‍ക്കും രോഗിയുടെയും ബന്ധുക്കളുടെയും താല്പര്യങ്ങള്‍ക്കും ഒക്കെ അനുസരിചായിരികും... അല്ലാതെ..

ദയാവധം എന്നാല്‍ ഇങ്ങനെ ആണോ, ഒരു ടെലിഫോണ്‍ സംഭാഷണം ?????
"ഹലോ.."
"ആരാച്ചാര്‍ തങ്കപ്പന്‍ ആണോ..?"
"അതെ... തങ്കപ്പന്‍ ആണ് ..."
"ഇത് പട്ടാംബീന്നു വിളിക്കുകയാണ്‌.. നാളെ ഒരു ദയാവധം നടത്താന്‍ ഉണ്ടായിരുന്നു..."
"നാളെ പറ്റില്ല, ഷൊര്‍ണ്ണൂരും മഞ്ചേരിയിലും പത്തിരുപതു ദയാവധങ്ങള്‍ ഉണ്ട്.. അത് കഴിയുമ്പോള്‍ മറ്റന്നാള്‍ വൈകിട്ടാകും.. മതിയോ.."
"അത് മതി..."
"ആരാ രോഗി ?"
"രോഗി അല്ല..നമുക്ക് വേണ്ടപ്പെട്ട ഒരാളാണ്..."
"രോഗിയല്ലെങ്കില്‍ പിന്നെ എങ്ങനെ ശരിയാകും.. സംഭവം റിസ്ക്‌ ആണ്.."
"കഴിഞ്ഞ ദിവസം ഒരു പനി വന്നിട്ട് ആശുപത്രിയില്‍ പോയിരുന്നു..അതിന്റെ ചീട്ടുണ്ട്..അത് മതിയോ.."
"അത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം പക്ഷെ തുക കൂടും.."
"പൈസ ഒരു പ്രശ്നമേ അല്ല.. കാര്യം ഭംഗിയായി നടന്നാല്‍ മതി.."
"എങ്കില്‍ നാളെ കഴിഞ്ഞു വൈകുന്നേരം അഞ്ചു മണിക്ക് ദയാവധത്തിന് പറ്റിയ ഒരു മുഹൂര്‍ത്തം ഉണ്ട്.. അങ്ങട് ഫിക്സ് ചെയ്യാം അല്ലെ..."
"വളരെ ഉപകാരം ആരാച്ചാരെ.. .."

Manoj vengola പറഞ്ഞു...

എല്ലാവരും വായിക്കേണ്ട ഒരു പോസ്റ്റ്‌.
ചിന്തിക്കേണ്ട വിഷയം.

റഷീദ് കോട്ടപ്പാടം പറഞ്ഞു...

വളരെ പ്രസക്തമായ വരികള്‍