ഞായറാഴ്‌ച, ഫെബ്രുവരി 12, 2017

മീസാൻ കല്ല്


പള്ളി മിനാരത്തിലെ തുരുമ്പെടുത്ത പഴയ ലൌഡ് സ്പീക്കർ തുടച്ചു മിനുക്കി പള്ളി മുക്രി ഖാദർക്ക‌ ബാങ്കു വിളിക്കാനായി തയ്യാറെടുത്തു. . പള്ളിയുടെ മച്ചില്‍ കൂടുകൂട്ടിയ ഇണ പ്രാവുകൾ പതിവുപോലെ കുറുകി കുറുകി ചിറകുകൾ വിടർത്തിക്കുടഞ്ഞു അതാതിടങ്ങളിലൊതുങ്ങി കൂടി. മഗ്രിബ് ബാങ്ക് കൊടുത്തു കഴിയു മ്പോഴേക്കും ആകാശം ചെഞ്ചായം പൂശി. അപ്പോഴും
നിബിഡമായി വളര്‍ന്നു നിൽക്കുന്ന മഞ്ചാടി മരങ്ങൾ പള്ളിക്കാട്ടില്‍ ഇരുട്ട് പരത്തി ത്തുടങ്ങിയിരുന്നു ...
താഴെ ഖബറിലുറങ്ങുന്നവന്റെ നാമം‌ കല്ലുകളിലൂടെ മാത്രം തിരിച്ചറിയാൻ വേണ്ടി നാട്ടപ്പെട്ട സ്മാരക ശിലകള്‍ എന്തിനെന്നറിയാതെ തലയുയർത്തി നിന്നു. ജീവായുസ്സിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രാരാബ്ധങ്ങളുടെയും പണക്കൊഴുപ്പിന്റേയും ഭാരം‌ പേറി തളര്‍ന്നു വീണ കുറെ മനുഷ്യ ജന്മങ്ങളുടെ മേല്‍ തിരിച്ചറിവിനായി നാട്ടിയ മറ്റൊരു ഭാരം മീസാന്‍ കല്ലുകൾ ..!.
പലതരം കുരുക്കുകളിൽ ജീവിതം ഹോമിച്ച്
ആരുമറിയാതെ ജീവിച്ചു തീർത്ത എത്രയോ ജീവിതങ്ങള്‍ മാത്രമല്ല , നിരവധി ബഹുമാനങ്ങൾ ഏറ്റുവാങ്ങിയവർ......എല്ലാവരും ഒരേ വീടുകളിൽ ഒരേവസ്ത്രങ്ങളിൽ... എല്ലാത്തിനും മൂകസാക്ഷികളായ ഈ മീസാന്‍ കല്ലുകള്‍ക്ക് താഴെ അന്തിയുറങ്ങുന്നു..... ഇപ്പോൾ
ഭൂമി ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ..
ഇശാ നമസക്കാരവും കഴിഞ്ഞു ആളുകള്‍  പല വഴിക്ക് പിരിഞ്ഞു.
ഖാദർക്ക ജനാലക്കരികിൽ നിന്നു കൊണ്ട് പള്ളിക്കാട്ടിലേക്ക് .... കണ്ണുകളെ പായിച്ചു...
അഞ്ചു വർഷം മുൻപുള്ള ജീവിതം ആലോചിക്കുവാൻ തന്നെ ഖാദർക്കാക്ക് ഭയമായിരുന്നു...ആ ഇരുളടഞ്ഞ ജീവിതത്തെ ഓർക്കുമ്പോൾ..എന്തെന്നില്ലാത്ത നെഞ്ചിടിപ്പ് അനുഭവപ്പെടുമ്പോലെ...

ഒരു മനുഷ്യായുസ്സു കണക്കാക്കുമ്പോള്‍ വളരെ കുറഞ്ഞ കാലയളവ്. പക്ഷെ തന്റെ ജീവിതത്തില്‍ ഒരു എൺപതുകാരന്റെ നിസ്സഹായതയിലേക്ക് വലിച്ചെറിയപ്പെട്ട കാലം.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വളയം പിടിക്കേണ്ടി വന്നവൻ‌
ആഴ്ചകളോളം‌ പലയിടങ്ങളിലുള്ള കറക്കം ....
വലിയ വണ്ടിയുടെ വളയംപിടിക്കുക എന്നത് നിസാര കാര്യമല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ...

പല സമയങ്ങളിലും ഭക്ഷണം കഴിക്കാൻ മറന്നു പോകുന്ന ജീവിത രീതികൾ

എതിരെ മരണം കണക്കേ ചീറി പാഞ്ഞു വരുന്ന വണ്ടികളോട് മത്സരിക്കാതെ ഒാരം ചേർന്നു പോവുന്നവർ...
ഡ്രൈവിങ്ങിനിടയിലും വീട്ടിലെ ചിന്തകളാൽ പല തവണ കയ്യിലുള്ള വളയത്തിന്റെ നിയന്ത്രണം കയ്യിൽ നിന്നും വഴുതി പോവുന്ന അവസരങ്ങൾ വരെയുണ്ടായിട്ടുണ്ട് ..
തെറ്റുകാരൻ ആരെന്നു പോലും നോക്കാതെ നാട്ടുകാരുടെ ഇടയിൽ ചെണ്ട കണക്കെ നിന്നു കൊടുത്തു അടിമേടിക്കേണ്ടി വന്ന  പല പല അവസരങ്ങൾ ..

കൂട്ടുകെട്ടുകൾ കള്ളുകുടിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത് മാത്രം ഇന്നും ഒാർക്കാൻ മടിക്കുന്ന സത്യം .. അഞ്ചു വർഷം ലഹരിയിൽ മുങ്ങിക്കുളിച്ചുള്ള ജീവിതം ... മദ്യത്തിൽ നീന്തിതുടിച്ച് കുടുംബം മറന്ന് ജീവിച്ചു .. ഇടക്കിടെയുള്ള നാട്ടിൽ പോക്കിൽ നല്ല പാതി ‌മൂന്ന് ആൺ മക്കളായും ഒരു‌മോളായും നാലു മക്കളെ‌പ്രസവിച്ചു..‌ അവർക്കു വേണ്ടി .. പണം നൽകി അവരെ സന്തോഷിപ്പിച്ചെങ്കിലും അവരുടെ ജീവിത രീതി ശ്രദ്ധിക്കാതെ അവരുടെ വഴിക്ക് വിട്ടിരുന്നു ..

ഇടക്ക് വന്ന ഒരു നെഞ്ചു വേദന മരണത്തെ പുൽകുമെന്ന ഭയം മനസിൽ കടന്നു കൂടിയപ്പോൾ. .. ദൈവത്തോട് ചെയ്ത തെറ്റുകൾക്ക് മാപ്പു ചോദിച്ചു തിരികെ ശാന്തിയോടെ ജീവിക്കാൻ തീരുമാനിച്ചു നാട്ടിലേക്ക് മടങ്ങി.. ഒന്നിനും വയ്യാതായപ്പോൾ... അടുത്തുള്ള മഹല്ലുകാർ പള്ളിപരിപാലത്തിനും മറ്റും നിർത്തി.. ആ നല്ല ദിവസങ്ങളിൽ താൻ അനുഭവിച്ച തിക്താനുഭവങ്ങൾ തന്റെ ഡയറിയിൽ കുറിച്ചിടാൻ ഖാദർക്ക മറന്നില്ല....
കാലം അതിന്റെ വഴിക്ക് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഖാദർക്ക ഒരു നല്ല മനുഷ്യനായെങ്കിലും മക്കൾ. മറ്റൊരു‌ലോകത്ത് ആടിത്തിമിർക്കുകയായിരുന്നു.. കൂട്ടുകാരുടെ ആഘോഷവേള ആനന്ദമാക്കാൻ കുപ്പിപൊട്ടിച്ചും ചിയേർസടിച്ചും അവർ മുന്നേറുന്നത് ഖാദർക്കയുടെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി... ഇതെല്ലാംകണ്ടു വിഷമം ഉള്ളിലൊതുക്കി മരവിച്ച മനസുമായി കഴിയുന്ന തന്റെ പ്രിയതമ അയിശൂട്ടിയുടെ മുഖം ഖാദർക്കയുടെ മനസിനെ വിതുമ്പലിലാഴ്ത്തിക്കൊണ്ടിരുന്നു ...

ഇന്നലെ കഴിഞ്ഞത് പോലെ അനുഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിയെത്തുയായിരുന്നു . ചിത്ര ശലഭത്തെ പോലെ വര്‍ണ്ണങ്ങള്‍ തേടി നടന്ന കൗമാരം. ..അന്ന് ഞാൻ അനുഭവിച്ചത് ഇന്ന് മക്കൾ അനുഭവിക്കുന്നു ... അവരെ തിരുത്താൻ ഞാൻ തയ്യാറായില്ല എന്നത് അവർക്ക് മുന്നോട്ടുള്ള. പ്രയാണത്തിനു ഒഴുക്ക് കൂട്ടിയിരിക്കുന്നു ....

ഖാദർക്ക ഒരു നിമിഷം തന്നെ‌ തന്നെ‌പഴിച്ചു..
അല്ലാഹുവേ നീ‌തന്നെ തുണ .. എന്നെ മാറ്റിയത് പോലെ എന്റെ മക്കളേയും മാറ്റണമേ ....‌ ഇടറിയ നെഞ്ചിലെ ഓരോ ശ്വാസവും ബാങ്ക് വിളിയിൽ കുതിരുമ്പോൾ ഖാദർക്ക പടച്ചവനോട് ദുആ ഇരന്നു.  മൂന്നു നാലു ആയത്തുകൾ ഉരുവിട്ട് കൊണ്ട് പതിവു പോലെ കീറിയ പായയുടെ ഒരറ്റം സ്വർഗ്ഗമാക്കി. 

ഒന്നിൽ നിന്ന് മറ്റൊന്നിലേക്കെന്ന പോലെ
സുബ്ഹിയുടെ ബാങ്കൊലി മുഴങ്ങുവാൻ തുടങ്ങി.
അല്ലാഹു അക്ബർ..അല്ലാഹു അക്ബർ ...

പള്ളിക്കാടുണര്‍ന്നു. മീസാന്‍ കല്ലുകള്‍ക്ക് കൂട്ടിരുന്ന കിളികളുണർന്നു... പള്ളിയുടെ മേൽക്കൂരയിൽ കൂടുകൂട്ടിയ‌ പ്രാവുകൾ ഉണർന്ന് പതിവില്ലാത്ത ഒച്ചയിൽകുറുകാൻ തുടങ്ങി..എന്നിട്ടും ഖാദർക്ക മാത്രം ഉണർന്നില്ല......

ആ പള്ളിക്കാട്ടിനോട് ഓരം ചേർന്നു കിടക്കുന്ന മുറിയിൽഖാദർക്കയുടെ ഡയറിൽ അവസാനം കുറിച്ചിട്ട വരികൾ ഇങ്ങനെയായിരുന്നു....
പകലിന്റെ വെളിച്ചമെന്നെ നയിച്ചു പടുകുഴിയിലേക്ക്..
എങ്കിലുമെന്റുടയോന്റെ വെള്ളി വെളിച്ചമെന്നെ....സന്മാർഗ്ഗത്തിലേക്കാനയിച്ചു ..സർവ്വ ശക്തനു സ്ഥുതി "

ഉമ്മു അമ്മാർ ✍

1 അഭിപ്രായം:

Cv Thankappan പറഞ്ഞു...

സര്‍വ്വശക്തനു സ്തുതി...
ആശംസകള്‍