
സിനിമയായാലും സാഹിത്യമായാലും ,രണ്ടു രീതിയില്‍ അതിനെ അവതരിപ്പിക്കാവുന്നതാണ് . ഒന്ന് ഗൌരവ തരമായ ഒരു പ്രമേയം എന്ന നിലയില്‍ വസ്തുതകളുടെ വെളിച്ചത്തില്‍ അനീതികളെ തുറന്നു കാണിക്കുകയും മനുഷ്യവസ്ഥകള്‍ കാവ്യാത്മകമായി പറയുകയും ചെയ്യാം . അല്ലെങ്കില്‍ ചില ഫോബിഅകള് സൃഷ്ട്ടിച്ച് കയ്യടി നേടാന്‍ വേണ്ടി മാത്രം വസ്തുതകള്‍ക്ക് നേരെ കണ്ണടച്ച് കാടടച്ചു വെടി വെച്ചു എളുപ്പ മാര്‍ഗം സ്വീകരിക്കാം
കമല്‍ സംവിധാനം നിര്‍വഹിച്ച "ഗദ്ദാമ" എന്ന ചിത്രം ഈ രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെടാന്‍ പാടില്ലത്തതായിരുന്നു . പക്ഷെ ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകന് ദുഖത്തോടെ കാണുന്നത് സ്റ്റോ ടൈപ്പ് ഫോബിയ ഉണ്ടാക്കി കയ്യടി നേടുന്ന കമലിനെയാണ് .
വീട് വേലക്കാരികള്‍ ആയി കടല്‍ കടന്നെത്തുന്ന സ്ത്രീ സമൂഹത്തിനു കഷ്ടപ്പാടുകളുടെ ഒരു കടല്‍ പറയാനുണ്ടെന്ന് എല്ലാവര്ക്കും അറിയാം . അത് സത്യ സന്ധമായി അവതരിപ്പിച്ചിരുന്നു വെങ്കില്‍ ഏറെ സാധ്യതകള്‍ ഉണ്ടാവുമായിരുന്ന ഒരു വിഷയമായിരുന്നു ഇത് . എന്നാല്‍ കമല്‍ ചെയ്തത് അതല്ല . അറബികളെ മൊത്തമായി പീഡിതരും സ്ത്രീ ലംബാടന് മാരുമായി അവതരിപ്പിക്കാനാണ് അദ്ദേഹം മിടുക്ക് കാട്ടിയത് . നന്മയുടെ കണികയെങ്കിലും ഉള്ള ഒരു അറബിയും അഭ്രപാളിയില്‍ കാണിക്കാന്‍ ടിയാണ് തോന്നിയില്ല . പ്രവാസ ജീവിതം അൽപ്പനാളെങ്കിലും നടത്തിയിട്ടുള്ള എതോരാളോട് ചോദിച്ചാലും കമലിന് അറിയാമായിരുന്നു എത്രയോ നല്ല മനുഷ്യ സ്നേഹികളായ അറബികളെ പറ്റി . എന്നു തന്നെ യല്ല , ഏതൊരു സമൂഹത്തിലുമെന്ന പോലെ കുറ്റവാസനയുള്ള ഒരു ന്യൂന പക്ഷം അറബികൾക്കിടയിലും ഉണ്ട് എന്നുള്ളത് സമ്മതിക്കാതിരിക്കേണ്ടതില്ല . എന്നാല്‍ ഭൂരിപക്ഷം അറബികളും മാന്യൻമാരും മനുഷ്യ സ്നേഹികളും ആയിരുന്നില്ലെങ്കില്‍ , ഒന്നോര്‍ത്തു നോക്കുക എത്രയോ സംവത്സരങ്ങളായി ഗള്‍ഫ് നാടുകളില്‍ തൊഴിലെടുത്ത് കേരളത്തിന് ഇക്കണ്ട വിധം പുരോഗതിയുടെ പടവുകള്‍ കയറാന്‍ കഴിയുമായിരുന്നോ ? ഇടതു വലതു മുന്നണികള്‍ കേരളത്തി l നിര്‍മ്മാണാത്മകമായി സ്വന്തം നിലയില്‍ എന്തു പദ്ധതികളാണ് മൂര്‍ത്തമായി ആവിഷ്ക്കരിച്ചിട്ടുള്ളത്? സാമ്പത്തികമായി കേരളത്തിന്റെ ജീവ വായു എന്നു പറയുന്നത് ഗള്‍ഫില്‍ നിന്നു ഒഴുകിയെത്തുന്ന പണമാണെന്ന് ആര്‍ക്കാണ് അറിയാത്തത് ? കമല്‍ പറയുന്ന വിധം അറബികള്‍ ഇത്രയ്ക്കു മനുഷ്യത്വം ചോര്ന്നവരായിരുന്നുവെങ്കില് നമ്മുടെ സഹോദരന്മാര്ക്ക് ഇത്രയും കാലമായി അവിടെ പോയി ഇത്രയും വലിയ ബിസ്സിനെസ്സ് പടുത്തുയര്‍ത്താനും , നല്ല നിലയില്‍ , അവനവന്റെ യോഗ്യതയനുസരിച്ചു ഇന്ത്യയില്‍ എവിടെയും കിട്ടുന്നതിനേക്കാള്‍ പതിന് മടങ്ങ് വരുമാനത്തോടെ ജോലി ചെയ്യാനും എങ്ങിനെ കഴിയുന്നു ?
ഇനി നമ്മുടെ പിന്നാമ്പു റത്തേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ .
ആലുവയില്‍ "വീടുവേലക്കാരി " യായ 11 വയസ്സുകാരി ബാലികയെ പീഡിപ്പിച്ചു കൊന്നത് കഴിഞ്ഞ ആഴ്ചയാണ്. അഭ്യസ്ത വിദ്യരായ അഭിഭാഷകനും ഭാര്യയും ആണ് പീഡനത്തിനു ഉത്തരവാദികള്‍ എന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ പറയുന്നത് . നമ്മുടെ നാട്ടില്‍ വീട് വേലക്കാരികള്‍ കാണാന്‍ കൊള്ളാവുന്നവളാണെങ്കിൽ മുതലാളിയുടെയോ മകന്റെയോ താല്കാലിക ലൈംഗിക വരുതിക്ക് ഉപയോഗിക്കുന്ന ഏറെ പേരുണ്ടെന്നുള്ള വസ്തുത പരസ്യമായ രഹസ്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത് ? കേരളത്തില്‍ ജോലിക്ക് വരുന്ന തമിഴന്മാരോടുള്ള നമ്മുടെ പെരുമാറ്റമെങ്ങിനെയാണ്? . പേരില്‍ പോലും അണ്ണാച്ചി എന്നു എത്ര പുച്ഛത്തോടെയാണ് നാം അവരെ വിളിക്കുന്നത് ? കുറഞ്ഞ വേദനത്തില്‍ ഇപ്പോള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്ന ബംഗാളില്‍ നിന്നുള്ള തോഴിപടയുടെ കാര്യമോ ?
ഏറ്റവും ചുരുങ്ങിയത് നമുക്കുള്ള തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അറബികൾക്കില്ല . ഭക്ഷണം കഴിക്കുന്ന അവരുടെ പാത്രത്തിലേക്ക് നേരിട്ടാണ് അവര്‍ ജോലിക്ക് ചെന്ന മലയാളിയെയും ക്ഷണിക്കുക . കേരളത്തില്‍ ശീലിച്ചു വന്ന ഉച്ച നീചത്വ ബോധം കാരണം മലയാളി മാറി നിന്നാല്‍ പിണങ്ങുന്നത് അറബിയാണ് . അവര്‍ക്കു ആ ഉച്ച നീചത്വ തരംതിരിവുകള്‍ ഇല്ല . എല്ലാവരും ഒരു പായിൽ ഇരുന്നു ഭക്ഷിക്കുകയും , പ്രാര്‍ത്ഥിക്കുകയും എന്നതാണ് അവരുടെ ശീലം .
പിന്നെ എല്ലാ സമൂഹത്തിലുമെന്ന പോലെ അറബ് ജനതയിലും ക്രൂരന്മാരും , തെമ്മാടികളും കാണും . അത് അവര്‍ക്കു മാത്രം പതിച്ചു നല്‍കേണ്ട ഒരു ലേബല്‍ അല്ലെന്നു അറിയാത്ത ആളാവരുതായിരുന്നു കമല്‍ . ഒരു പാട് നല്ല ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള കമലില്‍ നിന്നു ഇത്രയും പിന്തിരിപ്പനും , വിദ്വേഷം വമിക്കുന്നതുമായ ഒരു ചിത്രം പുറത്തു വരുന്നത് കാണുമ്പോള്‍ സഹതാപത്തിലേറെ സങ്കടം തോന്നുന്നതും അത് കൊണ്ട് തന്നെ ..