സാമൂഹികവും സാംസ്ക്കാരികവുമായ ഏതു രംഗത്തുമെന്ന പോലെ ദിശാ ബോധമില്ലാത്ത ഇന്നത്തെ സമൂഹത്തിനു സംഭവിച്ചു കൊണ്ടിരിക്കുന ഏറ്റവും വലിയ അപചയമാണ് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച. ഇതിനു കാരണങ്ങള്‍ പലതാവാം. അതു എന്തുമാവട്ടെ വിവാഹ മോചനങ്ങള്‍ ഇന്നു ക്രമാതീതമായി വര്‍ധിച്ചു വരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ് . കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് സ്ത്രീകളാണ്. എന്താണ് സ്ത്രീകള്‍ക്ക് കുടുംബത്തിനു വേണ്ടി നിര്‍വഹിക്കാനുള്ള കടമകള്‍. സ്ത്രീ എന്നവ്യക്തിത്വത്തെക്കുറിച്ചും സ്ത്രീക്ക് മതം നല്‍കുന്ന അംഗീകാരത്തെക്കുറിച്ചും നമുക്ക് മനസ്സിലാകണമെങ്കില്‍ ഇസ്‌ലാമീകമായ മായ കാഴ്ചപ്പാടും നിയമങ്ങളും ഈലോകത്ത് നിലവില്‍ വരുന്നതിനു മുന്‍പ് അതായത് ഖുര്‍ആനിക നിയമങ്ങള്‍ ഈ ലോകത്ത്ഉണ്ടാകുന്നതിനു മുന്‍പുള്ള അവസ്ഥ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മദ്യത്തിലും മദിരാക്ഷിയിലും മുഴുകി ജീവിക്കുന്ന ജന സമൂഹം സ്ത്രീയ്ക്ക് വെറുമൊരു ഭോഗവസ്തു എന്നതിനപ്പുറം മറ്റൊരു പരിഗണനയും നല്‍കിയിരുന്നില്ല. ഗോത്രമഹിമയുടെ പേരിലുള്ള യുദ്ധങ്ങളെയും പെണ്ണിനെയും കള്ളിനെയും കുറിച്ചുമാത്രം ചിന്തിച്ചുജീവിച്ചിരുന്ന ആ സമൂഹത്തില്‍ സ്ത്രീയുടെ നില വളരെ പരിതാപകരമായിരുന്നു. എന്തിനേറെ, പെണ്‍കുട്ടികളെ ജീവിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല.ജനിച്ചതു പെണ്ണാണെന്ന് മനസ്സിലായാല്‍ അതിനെ ജീവനോടെ കുഴിച്ചു മൂടിയഒരു കാലമുണ്ടായിരുന്നു ഇന്നത്തെ കാലം അതിനേക്കാള്‍ അധ:പ്പതിച്ചിരിക്കുന്നു എന്നതിനു തെളിവ് അന്ന് കുട്ടിയെ ജനിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് കുട്ടിയെ ജനിക്കാന്‍ പോലും അനുവദിക്കാതെ ഉദരത്തില്‍ വെച്ച് തന്നെ അതിനു നേരെ കൊലക്കത്തി വീശുന്നു .
സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്.ഒരു കുടുംബം ഉണ്ടാകണമെങ്കില്‍ അതില്‍ സ്ത്രീയും പുരുഷനും കൂടിയേ തീരൂ. കുടുംബത്തിന്റെ ഘടന, അതിന്റെസ്വഭാവം അതിന്റെ നടത്തിപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചു ഓരോ വ്യക്തിക്കുമെന്ന പോലെ അവന്‍ വിശ്വസിക്കുന്ന മതങ്ങള്‍ക്കും വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടെന്നതില്‍ തര്‍ക്കമില്ല. ഇസ്‌ലാമിക വിധിയിലാണെങ്കില്‍ അതിന്റെ മത ഗ്രന്ഥമായ ഖുറാനില്‍ ഏറിയ പങ്കും ചര്‍ച്ച ചെയ്തിരിക്കുന്നത് കുടുംബത്തെ കുറിച്ചാണ്.എന്നതും വളരെ ശ്രദ്ധേയമാണ് . കുടുംബം കാലക്രമത്തില്‍ ഉണ്ടായതാണെന്ന വാദത്തെ ഖുറാന്‍ നിഷേധിക്കുന്നു. " അല്ലയോ മനുഷ്യരേ,നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവീന്‍ ഒരൊറ്റ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതെ ആത്മാവില്‍ നിന്ന്‌അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്ത് സ്ത്രീപുരുഷന്മാരെ ലോകത്ത് പരത്തുകയും ചെയ്തവനത്രേ അവന്‍ ..ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവീന്‍. കുടുംബബന്ധങ്ങള്ശിഥിലമാകുന്നത് സൂക്ഷിക്കുകയും ചെയ്യുവീന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാനിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക."(4: 1).
കുടുംബം എന്നാല്‍ മാതാപിതാക്കളുടെയും മക്കളുടെയും ഒത്തു ചേരല്‍അഥവാ ഒരു സംഗമം ആകുന്നു. കൂടുമ്പോള്‍ ഇമ്പമുള്ളത് കുടുംബം എന്ന് നാം പലപ്പോഴായികേട്ടിട്ടുണ്ടാകും. അതിന്റെ അടിവേര് ആയി പറഞ്ഞിട്ടുള്ളത് വിവാഹവും . .വിവാഹം സാധുവാകണമെങ്കില്‍ സ്ത്രീയുടെയും പുരുഷന്റെയും പരസ്യ സമ്മതം വേണമെന്ന് നിബന്ധന ഇസ്‌ലാമികമായ ഒരു കാഴ്ചപ്പാടാണ് ,എന്നാല്‍ ഇന്ന് വിവാഹം എന്ന ഉടമ്പടിക്ക് ഒരുപെണ്ണും ആണും ഇറങ്ങി പ്പുറപ്പെടുമ്പോള്‍ അവരുടെ മുന്നില്‍ ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകുന്നതോടൊപ്പം ആധിയും വ്യാകുലതകളും അവരില്‍ നാമ്പിടുന്നു . ഒരു പെണ്കുട്ടിയുടെ വിവാഹ പ്രായമെത്തിയാല്‍മാതാപിതാക്കള്‍ക്ക് വല്ലാത്ത വെപ്രാളമാണ്. അതൊരു ദരിദ്ര കുടുംബം കൂടിയാണെങ്കില്‍ പറയേണ്ടതില്ല. തന്റെ മോളുടെ പെണ്ണ് കാണല്‍ ചടങ്ങ് മുതല്‍ മംഗല്യ പന്തലിലേക്ക് ആനയിക്കുന്നത് വരെ ഒത്തിരിചോദ്യങ്ങള്‍ക്ക് അവര്‍ഉത്തരം കാണേണ്ടിയിരിക്കുന്നു.അതിനു ശേഷമുള്ള (ദുരാ)ആചാരങ്ങള്‍ വേറെയും .. ചെക്കന് പെണ്ണിനെ പിടിച്ചോഎന്നത് മാത്രമല്ല അവന്റെ മാതാപിതാക്കള്‍ക്ക് നാത്തൂന്‍ മാര്‍ക്ക് എന്തിനേറെപറയുന്നു അവന്റെ കൂട്ടുകാര്‍ക്ക് വരെ പെണ്ണിനെ ബോധിക്കണം എന്നിടത്തു വരെകാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു.
ഇവിടെ ഒരു കുടുംബത്തെ കണ്ണീരുകുടിപ്പിക്കുന്നതില്‍ പ്രധാന പങ്കു ഒന്നുകില്‍ സൌന്ദര്യം അല്ലെങ്കില്‍ സ്ത്രീധനം എന്നാ മഹാ വിപത്ത് തന്നെ .. ഈ പറഞ്ഞതിനര്‍ത്ഥം സൌന്ദര്യം നോക്കാതെ വിവാഹംകഴിക്കണം എന്നല്ല ഒരു പെണ്ണിന്റെസൌന്ദര്യം എന്ന് പറയുന്നത് അവളുടെ മേനിഅഴകല്ല മറിച്ചു അവളുടെ മനസിന്റെ നന്മയാണ്.എന്ന് കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാകുന്നു.. പിന്നെ സ്ത്രീധനം. ഇതിനെ പറ്റി അധികമാളുകളും വാ തോരാതെ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഓര്‍മ്മപ്പെടുത്തുന്നുന്ടെങ്കിലും അത് സ്വന്തം കാര്യത്തില്‍ പ്രാവര്ത്തീകമാക്കുന്നുണ്ടോ ?
ഏതൊരു ചെറിയ കാരണത്തിനും പുരുഷന് സ്ത്രീയെ വിവാഹ മോചനംചെയ്യാം എന്നാല്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താവില്‍ നിന്നു വിടുതല്‍നേടാന്‍ സ്ത്രീക്ക് എന്തെങ്കിലും പോംവഴി സമൂഹം മുന്നോട്ടുവെക്കുന്നില്ല. അപ്പോള്‍ സ്ത്രീ, അവള്‍ എത്ര കണ്ണീരു കുടിച്ചാലും അവള്‍ സ്ത്രീയാണെന്ന കാരണംകൊണ്ട്മാത്രം നിന്ദിക്കപ്പെടുകയും അവളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും ചെയ്യുന്നു എന്നതല്ലേ യാതാര്‍ത്ഥ്യം. ഇനിമതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നും ചിന്തിച്ചാല്‍ ഇസ്‌ലാം സ്ത്രീക്ക് വളരെയധികംആദരവും അവകാശങ്ങളും നല്‍കി അവള്‍ക്കു വേണ്ട എല്ലാ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുന്നു എന്നു കാണാം. . സ്ത്രീയുടെ ഓരോ അവസ്ഥയിലും അവള്‍ മകള്‍ ആയാലും , ഭാര്യ ആയാലും ഉമ്മയായാലും ഉമ്മൂമ്മ ആയാലും അവള്‍സംരക്ഷിക്കപ്പെടെണ്ടവള്‍ തന്നെ .ഇതാണ് ഇസ്‌ലാമിന്റെ വിധി. അല്ലാഹു തന്റെ പ്രവാചകനിലൂടെ ലോകത്തിനു നല്‍കിയനിയമ നിര്‍ദേശങ്ങളിലെല്ലാം സ്ത്രീയുടെ സ്ഥാനത്തെയും അവരെ ആദരിക്കേണ്ടുന്നതിനെകുറിച്ചും പഠിപ്പിക്കുന്നുണ്ട്.
എന്നാല്‍ സ്ത്രീ എല്ലാ നിലക്കും പീഡനങ്ങള്‍ അനുഭവിക്കുന്ന ജാഹിലിയ്യ ( ഇസ്‌ലാം അറേബ്യയില്‍ വരുന്നതിനു മുന്‍പുള്ള കാലം )കാലത്തിലേക്ക് ഇന്ന് ലോകം പൊയ്ക്കൊണ്ടിരിക്കുന്നു . “സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി ഫിര്‍ഔന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു ഖുറാന്‍. എന്നാല്‍ ഇന്ന്സ്ത്രീക്ക് ആ പദവിയും പവിത്രതയും നല്‍കാന്‍ സമൂഹത്തിനു സാധിക്കുന്നുണ്ടോ? സ്ത്രീയുടെ ഇഷ്ടത്തിനോ അഭിപ്രായത്തിനോ തീരെ വില കല്‍പ്പിക്കാതെ അവളുടെ വിവാഹം നിശ്ചയിയ്ക്കുന്ന സമുദായങ്ങള്‍ ഇന്നും പലയിടങ്ങളില്‍ ഉണ്ട്.എന്നാല്‍ ഇസ്‌ലാം സ്ത്രീക്ക് തന്റെ ഇണയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം നല്‍കുകയാണ് ചെയ്തത്.നബി(സ) പറഞ്ഞു: “വിധവയോട് അനുവാദം ചോദിക്കാതെ അവളെ വിവാഹംചെയ്തു കൊടുക്കരുത്. കന്യകയോട് സമ്മതം ആവശ്യപ്പെടാതെ അവളുടെ വിവാഹം നടത്താന് പാടില്ല എന്നത് നബി വചനം .തനിക്കു വേണ്ടി കണ്ടെത്തിയ പുരുഷനെ ഇഷ്ടമായില്ലെങ്കില്‍ അത് തുറന്നു പറയാനുള്ള അവകാശം സ്ത്രീക്ക് മതം നല്‍കുന്നു. എന്നാല്‍ ഇന്ന് മതനിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ എല്ലാ വിവാഹങ്ങളും വിവാഹ മോചനങ്ങളും നടക്കുന്നത് . പലപ്പോഴും അല്ല എന്നതാണ് ഉത്തരം. കാരണം ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന വിവാഹ മോചനങ്ങള്‍ പലതും മത ദൃഷ്ട്യാ സാധൂകരിക്കാവുന്നതല്ല എന്നു കാണാം.
എന്നാല് മറ്റു കാരണങ്ങളാല്‍ വിവാഹബന്ധം പരാജയപ്പെടുന്നിടത്ത് വിവാഹ മോചനം അനുവദിച്ചിരിക്കുന്നു. പക്ഷെ അതിനു ഒത്തിരി നിയമങ്ങളും നിബന്ധനകളും മതം മുന്നോട്ടു വെക്കുന്നു. അനുവദനീയമായതില്‍ ദൈവം ഏറ്റവും വെറുക്കപ്പെട്ട ഒന്നാണ് വിവാഹ മോചനം എന്നു പറയുമ്പോള്‍ വിവാഹ മോചനത്തെ ഇസ്‌ലാം എത്രമാത്രം നിരുല്സാഹപ്പെടുത്തുന്നു എന്നു മനസ്സിലാക്കാം. . അനിവാര്യമായ സാഹചര്യങ്ങളില്‍ ഉപാധികളോടെ ബഹുഭാര്യത്വത്തിനും അനുവാദമുണ്ട് എന്നതില്‍ ഉപാധികളോടെ എന്നത് നാംഅടിവരയിട്ടു വായിക്കേണ്ടിയിരിക്കുന്നു. എന്താണ് ഈ ഉപാധികള്‍ എന്നു പരിശോധിച്ചാല്‍ അതു പാലിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യങ്ങളാണ്. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കേണ്ടി വരുന്ന ഘട്ടത്തില്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ പൂര്‍ണമായ സമത്വം പാലിക്കുക. അതിനു സാധിക്കാത്തവര്‍ അതിനു മുതിരാതിരിക്കുക എന്നതില്‍ നിന്നു തന്നെ ബഹുഭാര്യത്വത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയല്ല. നിരുത്സാഹപ്പെടുത്തുകയും എന്നാല്‍ കൂടാതെ കഴിയുന്ന അവസ്ഥയില്‍ നിബന്ധനകളോടെ അനുവദിക്കുകയും ചെയ്യുന്നു എന്നു കാണാം
ഈ വ്യവസ്ഥകളോ സാഹചര്യമോ ഒന്നും കണക്കിലെടുക്കാതെ കേവലം മാംസ ദാഹ ശമനത്തിനും കുത്തഴിഞ്ഞ ജീവിതത്തിനും വേണ്ടി ഭാര്യയെ കണ്ണീരു കുടിപ്പിച്ചു കൊണ്ട് മറ്റു സ്ത്രീകളെ വിവാഹം കഴിച്ചു ജീവിക്കാന്‍ ഇസ്‌ലാം ആരെയും അനുവദിച്ചിട്ടില്ല. പക്ഷെ ഇന്നു നടക്കുന്ന 99 % ബഹുഭാര്യത്വവും ഈ പറഞ്ഞ ഇനത്തില്‍ പ്പെടും . ഇതാവട്ടെ മതത്തെ ഏറെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടവരുത്തുകയും ചെയ്തു. ഇതു മുസ്‌ലിം സമുദായത്തിനെ മാത്രം ബാധിച്ച പ്രശ്നമല്ല. എല്ലാ സമൂഹത്തിലും ഇതു നടക്കുന്നു. ഒളിഞ്ഞോ തെളിഞ്ഞോ മാംസ നിബദ്ധ വിനിമയങ്ങള്‍ക്കായി അപഥ സഞ്ചാരം നടത്തുകയും തന്‍മൂലം കുടുംബത്തില്‍ അന്തച്ഛിദ്രത ഉടലെടുക്കുകയും അതു വിവാഹ മോചനത്തിലോ കൊലപാതകത്തിലോ ആത്മഹത്യയിലോ ഒക്കെ പര്യവസാനിക്കുകയും ചെയ്യുന്നു എന്നത് സമകാലിക പരിസരത്തെ നിത്യ കാഴ്ചകളായി തീര്‍ന്നിരിക്കുന്നു.
വിവാഹ മോചനങ്ങളുടെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് കുട്ടികളാണ്. വിവാഹ മോചിതരായവരുടെ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും അരക്ഷിതാവസ്ഥയിലും എത്തിപ്പെടുകയും തന്മൂലം അധോന്മുഖരായി തീരുകയും ചെയ്യുന്നതായി പഠനങ്ങള്‍ തെളിയിച്ചതാണ്. അച്ഛനമ്മമാര്‍ക്കിടയിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മയും കുട്ടികളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല .അതു കൊണ്ട് തന്നെ കുട്ടികളെ ഓര്‍ത്തെങ്കിലും കുടുംബത്തിലെ സമാധാനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്.
സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കേന്ദ്ര ബിന്ദു കുടുംബമാണ്. എന്നാല്‍ ക്ടുംബത്തെ അവഗണിച്ചു സുഖങ്ങള്‍ക്കും ആഡമ്പരങ്ങള്‍ക്കും പിറകെ പായുന്നവര്‍ അവസാനം ചെന്നെത്തുന്നത് മദ്യത്തിലും മയക്കുമരുന്നിലുമാണ് എന്നത് ഒരു പരമാര്ത്ഥമാണ്. എന്താണ് ഇതിനു കാരണം?. ലഹരിയിലൂടെ മനുഷ്യര്‍ അന്വേഷിക്കുന്നതും മനസ്സമാധാനം തന്നെയാണ്. എന്നാല്‍ അതിന്‍റെ ലഹരി മതിയാകാതെ വരുമ്പോള്‍ അവര്‍ മുഴുക്കുടിയന്മാരായി ത്തീരുകയും അങ്ങിനെ സമൂഹത്തില്‍ നിന്നു പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അപ്പോഴും അവര്‍ തിരിച്ചറിയുന്നില്ല താന്‍ അന്വേഷിക്കുന്ന സന്തോഷവും സമാധാനവും കിട്ടുമായിരുന്ന കുടുംബത്തിന്റെ സ്വസ്ഥത ഊതിക്കെടുത്തിയാണ് താന്‍ മറ്റു പലതിന്റെയും പിറകെ പോയതെന്ന്. അതിനാല്‍ കുടുംബ ബന്ധങ്ങളെ കൂടുതല്‍ ദൃഡമാക്കുവാനും വിട്ടു വീഴ്ച്ചകളിലൂടെ സമാധാനം നിലനിര്‍ത്തി ജീവിക്കാനും നമുക്കാവട്ടെ.