
പതിവിലും ഉന്മേഷവതിയായി ഇന്നു ഞാനുണർന്നു.. ഇന്നലെ റ്റി.വി പരിപാടി കണ്ടുറങ്ങാൻ വൈകിയെങ്കിലും ഇന്നെണീക്കാൻ ഒരു മടിയും തോന്നിയില്ല.. ഒരു കപ്പ് ചുടുചായയുമെടുത്ത് ..ചെറിയ കിളിവാതിലിനടുത്തെത്തി മഞ്ഞുകണങ്ങൾ… തൂങ്ങിയാടുന്ന,,, നന്ദ്യാർവട്ടച്ചെടിയെ നോക്കി നിൽക്കാൻ എന്തൊരു രസം.... എല്ലാത്തിനും എന്തോ ഒരു പുതുമ കൈവന്ന പോലെ…ഇളം വെയിലുകലർന്ന പ്രകൃതിയുടെ നിശ്വാസത്തിലുമുണ്ട് ഒരു പുതുമ…ഇളം കാറ്റിന്റെ കുളിർമ്മ തേടി തൊടിയിലേക്കിറങ്ങി …ഞാൻ കഴിഞ്ഞവർഷം നട്ടു വളർത്തിയ എന്റെ റോസയിൽ ഒരു കുഞ്ഞ് പൂവ് .. അതിൽ മഞ്ഞുകണങ്ങൾ മുത്തുകൾ പോലെ … വീണുകിടക്കുന്നു ഞാൻ എന്റെ കണ്ണുകളുടെ കൂടെ മനസിനേയും പിന്നിലേക്ക് ഓടിച്ച് നോക്കി… എത്ര പെട്ടെന്നാണു ഒരു വർഷം പിന്നിലേക്ക് തള്ളപ്പെട്ടത്…ഇതു പോലെ കഴിഞ്ഞ ജനുവരി ഒന്നിലെ ആദ്യ നിമിഷങ്ങളിൽ ഞാൻ ഉന്മേഷവതിയായിരുന്നു.. എന്നിരുന്നാലും എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്ന ഒരു കാര്യമുണ്ടായിരുന്നു.. നീ അമിതമായി ആഹ്ലാദിക്കണ്ട നിന്നിലെ ആയുസ്സ് ജനനസമയത്ത് നിന്നും അകലുകയും മരണ സമയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയുമാണ്…. മനസ്സിന്റെ പിടിച്ച് നിർത്തലിൽ നിന്നും കുതറിയോടി… എന്നിൽ ഉണ്ടായ നേട്ടങ്ങളെ കുറിച്ചൊരു കണക്കെടുപ്പ് നടത്തിയാലോ എന്നോർത്ത്.....മുന്നോട്ട് നടന്നു ...
ഇളം വെയിലിൽ സുഗന്ധ വാഹിയായി കുളിർ തെന്നൽ എന്നെ തഴുകി തലോടി കടന്നു പോകുമ്പോലെ എനിക്കനുഭവപ്പെട്ടു.. ആ അനുഭൂതിയിൽ ആനന്ദം കൊള്ളുമ്പോൾ ഞാനടക്കം എല്ലാവരും ഒരി പിടി പ്രതീക്ഷകളുമായി വരവേറ്റ പോയ വർഷത്തിൽ, സ്ത്രീ പീഡനങ്ങളുടെ… കൊലപാതകങ്ങളുടെ …ആത്മഹൂതികളുടെ.. കണക്കുകളിലെ കുതിച്ചു ചാട്ടം എന്നിലേക്കോടിയെത്തി.. രാഷ്ട്രീയ –വർഗ്ഗീയ -സാമുദായിക കലാപങ്ങളിൽ മദ്യ ദുരന്തങ്ങളിൽ ജീവൻ നഷ്ട്ടപ്പെട്ടുപോയവരുടെ പ്രിയപ്പെട്ടവർ നിലക്കാത്ത തേങ്ങലുകളുമായി എന്നരികിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. ആ ആത്മാക്കൾ എനിക്ക് ചുറ്റിലും കരഞ്ഞു കൊണ്ട് നൃത്തം വെക്കുമ്പോലെ എനിക്ക് തോന്നി..കുരുതിച്ചിരിയുമായി ആത്മീയതയുടെ വക്താക്കളെന്ന വ്യാജേന കാപട്യത്തിന്റെ മൂടുപടമണിഞ്ഞ് കൊണ്ട് കാലത്തിന്റെ ശത്രുക്കള് ഇന്നും നമുക്കു ചുറ്റും വിലസി നടക്കുന്നു.അവരുടെ കുരുക്കിട്ട വലകളിൽ വീണു പിടയുന്ന കൌമാരം എന്റെ കൺ മുന്നിൽ വീണ് പിടയുമ്പോലെ എനിക്കനുഭവപ്പെട്ടു…പിറക്കാൻ പോകുന്ന നിമിഷങ്ങളോട് എനിക്ക് വെറുപ്പു തോന്നി..കാരണം കഴിഞ്ഞു പോയ എന്റെ നിമിഷങ്ങളിൽ പ്രിയപ്പെട്ട ഇന്നലെകളുടെ തിളക്കം ഞാൻ കാണുന്നില്ല..
കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങൾക്കുണ്ടായിരുന്നെങ്കിൽ......