ഞായറാഴ്‌ച, ഫെബ്രുവരി 12, 2017

മീസാൻ കല്ല്


പള്ളി മിനാരത്തിലെ തുരുമ്പെടുത്ത പഴയ ലൌഡ് സ്പീക്കർ തുടച്ചു മിനുക്കി പള്ളി മുക്രി ഖാദർക്ക‌ ബാങ്കു വിളിക്കാനായി തയ്യാറെടുത്തു. . പള്ളിയുടെ മച്ചില്‍ കൂടുകൂട്ടിയ ഇണ പ്രാവുകൾ പതിവുപോലെ കുറുകി കുറുകി ചിറകുകൾ വിടർത്തിക്കുടഞ്ഞു അതാതിടങ്ങളിലൊതുങ്ങി കൂടി. മഗ്രിബ് ബാങ്ക് കൊടുത്തു കഴിയു മ്പോഴേക്കും ആകാശം ചെഞ്ചായം പൂശി. അപ്പോഴും
നിബിഡമായി വളര്‍ന്നു നിൽക്കുന്ന മഞ്ചാടി മരങ്ങൾ പള്ളിക്കാട്ടില്‍ ഇരുട്ട് പരത്തി ത്തുടങ്ങിയിരുന്നു ...
താഴെ ഖബറിലുറങ്ങുന്നവന്റെ നാമം‌ കല്ലുകളിലൂടെ മാത്രം തിരിച്ചറിയാൻ വേണ്ടി നാട്ടപ്പെട്ട സ്മാരക ശിലകള്‍ എന്തിനെന്നറിയാതെ തലയുയർത്തി നിന്നു. ജീവായുസ്സിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രാരാബ്ധങ്ങളുടെയും പണക്കൊഴുപ്പിന്റേയും ഭാരം‌ പേറി തളര്‍ന്നു വീണ കുറെ മനുഷ്യ ജന്മങ്ങളുടെ മേല്‍ തിരിച്ചറിവിനായി നാട്ടിയ മറ്റൊരു ഭാരം മീസാന്‍ കല്ലുകൾ ..!.
പലതരം കുരുക്കുകളിൽ ജീവിതം ഹോമിച്ച്
ആരുമറിയാതെ ജീവിച്ചു തീർത്ത എത്രയോ ജീവിതങ്ങള്‍ മാത്രമല്ല , നിരവധി ബഹുമാനങ്ങൾ ഏറ്റുവാങ്ങിയവർ......എല്ലാവരും ഒരേ വീടുകളിൽ ഒരേവസ്ത്രങ്ങളിൽ... എല്ലാത്തിനും മൂകസാക്ഷികളായ ഈ മീസാന്‍ കല്ലുകള്‍ക്ക് താഴെ അന്തിയുറങ്ങുന്നു..... ഇപ്പോൾ
ഭൂമി ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ..
ഇശാ നമസക്കാരവും കഴിഞ്ഞു ആളുകള്‍  പല വഴിക്ക് പിരിഞ്ഞു.
ഖാദർക്ക ജനാലക്കരികിൽ നിന്നു കൊണ്ട് പള്ളിക്കാട്ടിലേക്ക് .... കണ്ണുകളെ പായിച്ചു...
അഞ്ചു വർഷം മുൻപുള്ള ജീവിതം ആലോചിക്കുവാൻ തന്നെ ഖാദർക്കാക്ക് ഭയമായിരുന്നു...ആ ഇരുളടഞ്ഞ ജീവിതത്തെ ഓർക്കുമ്പോൾ..എന്തെന്നില്ലാത്ത നെഞ്ചിടിപ്പ് അനുഭവപ്പെടുമ്പോലെ...

ഒരു മനുഷ്യായുസ്സു കണക്കാക്കുമ്പോള്‍ വളരെ കുറഞ്ഞ കാലയളവ്. പക്ഷെ തന്റെ ജീവിതത്തില്‍ ഒരു എൺപതുകാരന്റെ നിസ്സഹായതയിലേക്ക് വലിച്ചെറിയപ്പെട്ട കാലം.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വളയം പിടിക്കേണ്ടി വന്നവൻ‌
ആഴ്ചകളോളം‌ പലയിടങ്ങളിലുള്ള കറക്കം ....
വലിയ വണ്ടിയുടെ വളയംപിടിക്കുക എന്നത് നിസാര കാര്യമല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ...

പല സമയങ്ങളിലും ഭക്ഷണം കഴിക്കാൻ മറന്നു പോകുന്ന ജീവിത രീതികൾ

എതിരെ മരണം കണക്കേ ചീറി പാഞ്ഞു വരുന്ന വണ്ടികളോട് മത്സരിക്കാതെ ഒാരം ചേർന്നു പോവുന്നവർ...
ഡ്രൈവിങ്ങിനിടയിലും വീട്ടിലെ ചിന്തകളാൽ പല തവണ കയ്യിലുള്ള വളയത്തിന്റെ നിയന്ത്രണം കയ്യിൽ നിന്നും വഴുതി പോവുന്ന അവസരങ്ങൾ വരെയുണ്ടായിട്ടുണ്ട് ..
തെറ്റുകാരൻ ആരെന്നു പോലും നോക്കാതെ നാട്ടുകാരുടെ ഇടയിൽ ചെണ്ട കണക്കെ നിന്നു കൊടുത്തു അടിമേടിക്കേണ്ടി വന്ന  പല പല അവസരങ്ങൾ ..

കൂട്ടുകെട്ടുകൾ കള്ളുകുടിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത് മാത്രം ഇന്നും ഒാർക്കാൻ മടിക്കുന്ന സത്യം .. അഞ്ചു വർഷം ലഹരിയിൽ മുങ്ങിക്കുളിച്ചുള്ള ജീവിതം ... മദ്യത്തിൽ നീന്തിതുടിച്ച് കുടുംബം മറന്ന് ജീവിച്ചു .. ഇടക്കിടെയുള്ള നാട്ടിൽ പോക്കിൽ നല്ല പാതി ‌മൂന്ന് ആൺ മക്കളായും ഒരു‌മോളായും നാലു മക്കളെ‌പ്രസവിച്ചു..‌ അവർക്കു വേണ്ടി .. പണം നൽകി അവരെ സന്തോഷിപ്പിച്ചെങ്കിലും അവരുടെ ജീവിത രീതി ശ്രദ്ധിക്കാതെ അവരുടെ വഴിക്ക് വിട്ടിരുന്നു ..

ഇടക്ക് വന്ന ഒരു നെഞ്ചു വേദന മരണത്തെ പുൽകുമെന്ന ഭയം മനസിൽ കടന്നു കൂടിയപ്പോൾ. .. ദൈവത്തോട് ചെയ്ത തെറ്റുകൾക്ക് മാപ്പു ചോദിച്ചു തിരികെ ശാന്തിയോടെ ജീവിക്കാൻ തീരുമാനിച്ചു നാട്ടിലേക്ക് മടങ്ങി.. ഒന്നിനും വയ്യാതായപ്പോൾ... അടുത്തുള്ള മഹല്ലുകാർ പള്ളിപരിപാലത്തിനും മറ്റും നിർത്തി.. ആ നല്ല ദിവസങ്ങളിൽ താൻ അനുഭവിച്ച തിക്താനുഭവങ്ങൾ തന്റെ ഡയറിയിൽ കുറിച്ചിടാൻ ഖാദർക്ക മറന്നില്ല....
കാലം അതിന്റെ വഴിക്ക് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഖാദർക്ക ഒരു നല്ല മനുഷ്യനായെങ്കിലും മക്കൾ. മറ്റൊരു‌ലോകത്ത് ആടിത്തിമിർക്കുകയായിരുന്നു.. കൂട്ടുകാരുടെ ആഘോഷവേള ആനന്ദമാക്കാൻ കുപ്പിപൊട്ടിച്ചും ചിയേർസടിച്ചും അവർ മുന്നേറുന്നത് ഖാദർക്കയുടെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി... ഇതെല്ലാംകണ്ടു വിഷമം ഉള്ളിലൊതുക്കി മരവിച്ച മനസുമായി കഴിയുന്ന തന്റെ പ്രിയതമ അയിശൂട്ടിയുടെ മുഖം ഖാദർക്കയുടെ മനസിനെ വിതുമ്പലിലാഴ്ത്തിക്കൊണ്ടിരുന്നു ...

ഇന്നലെ കഴിഞ്ഞത് പോലെ അനുഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിയെത്തുയായിരുന്നു . ചിത്ര ശലഭത്തെ പോലെ വര്‍ണ്ണങ്ങള്‍ തേടി നടന്ന കൗമാരം. ..അന്ന് ഞാൻ അനുഭവിച്ചത് ഇന്ന് മക്കൾ അനുഭവിക്കുന്നു ... അവരെ തിരുത്താൻ ഞാൻ തയ്യാറായില്ല എന്നത് അവർക്ക് മുന്നോട്ടുള്ള. പ്രയാണത്തിനു ഒഴുക്ക് കൂട്ടിയിരിക്കുന്നു ....

ഖാദർക്ക ഒരു നിമിഷം തന്നെ‌ തന്നെ‌പഴിച്ചു..
അല്ലാഹുവേ നീ‌തന്നെ തുണ .. എന്നെ മാറ്റിയത് പോലെ എന്റെ മക്കളേയും മാറ്റണമേ ....‌ ഇടറിയ നെഞ്ചിലെ ഓരോ ശ്വാസവും ബാങ്ക് വിളിയിൽ കുതിരുമ്പോൾ ഖാദർക്ക പടച്ചവനോട് ദുആ ഇരന്നു.  മൂന്നു നാലു ആയത്തുകൾ ഉരുവിട്ട് കൊണ്ട് പതിവു പോലെ കീറിയ പായയുടെ ഒരറ്റം സ്വർഗ്ഗമാക്കി. 

ഒന്നിൽ നിന്ന് മറ്റൊന്നിലേക്കെന്ന പോലെ
സുബ്ഹിയുടെ ബാങ്കൊലി മുഴങ്ങുവാൻ തുടങ്ങി.
അല്ലാഹു അക്ബർ..അല്ലാഹു അക്ബർ ...

പള്ളിക്കാടുണര്‍ന്നു. മീസാന്‍ കല്ലുകള്‍ക്ക് കൂട്ടിരുന്ന കിളികളുണർന്നു... പള്ളിയുടെ മേൽക്കൂരയിൽ കൂടുകൂട്ടിയ‌ പ്രാവുകൾ ഉണർന്ന് പതിവില്ലാത്ത ഒച്ചയിൽകുറുകാൻ തുടങ്ങി..എന്നിട്ടും ഖാദർക്ക മാത്രം ഉണർന്നില്ല......

ആ പള്ളിക്കാട്ടിനോട് ഓരം ചേർന്നു കിടക്കുന്ന മുറിയിൽഖാദർക്കയുടെ ഡയറിൽ അവസാനം കുറിച്ചിട്ട വരികൾ ഇങ്ങനെയായിരുന്നു....
പകലിന്റെ വെളിച്ചമെന്നെ നയിച്ചു പടുകുഴിയിലേക്ക്..
എങ്കിലുമെന്റുടയോന്റെ വെള്ളി വെളിച്ചമെന്നെ....സന്മാർഗ്ഗത്തിലേക്കാനയിച്ചു ..സർവ്വ ശക്തനു സ്ഥുതി "

ഉമ്മു അമ്മാർ ✍

ചൊവ്വാഴ്ച, ഡിസംബർ 13, 2016

വിധവ




ഓർമ്മകൾക്ക് ജന്മം നൽകിയ
വാക മരച്ചുവട്ടിലെ ആറടി മണ്ണിൽ ..
അവൻ  തനിച്ചുറങ്ങുമ്പോൾ
 നിഴലും നിലാവുമായിരുന്ന അവളെ അവൻ  കൂടെ കൂട്ടിയില്ല
അവനുറങ്ങുമ്പോൾ  ഉണരുന്നതും കാത്ത് അവളിരുന്നത് അവൻ മറന്ന് കാണുമോ..
രാത്രിയുടെ അന്ത്യ  യാമത്തിലും അവന്റെഉള്ളിലവളും അവളുടെ ഉള്ളിലവനും ഉണർന്നിരുന്നതും   മറന്നോ?
അവളെ  കൂട്ടാതെ
വിജനതയുടെ ശയ്യാഗൃഹത്തിൽ അവൻ
തനിച്ചുറങ്ങുന്നു.
ഏകാന്തതയുടെ ഇരുട്ട്
രാവും പകലും അവന്റെ  ലോകത്തെ മൂടുന്നു.
ഇപ്പോൾ അവളോരോന്നായി അറിയുന്നു..
അവനായിരുന്നു   പ്രാണനിശ്വാസം. അവനില്ലാതെ
 കാതുകൾ ബധിരം.
അവനില്ലാതെ  കാഴ്ചകൾ അന്ധം.
അവനില്ലാതെ
പാഴ്വസ്തുക്കളുടെ സ്മാരകം.
നിറമാർന്ന അവരുടെ ദാമ്പ്ത്യത്തിന്റെ
ഇടവഴിയിൽ   ദുഖവും സന്തോഷവും ഇഴകി ചേർന്നിരുന്നു..
കണ്ണുകൾകഥ പറയുമ്പോൾ മനസ്സ് മനസ്സുമായി സംവദിച്ചിരുന്നു..
ആ സുന്ദരമാം സായം സന്ധ്യകളെ..
വികൃതമാക്കി അവൻ വിട്ടകന്നു
എല്ലാം ഓർമ്മകളിൽ
സൂക്ഷിക്കാനേൽപ്പിച്ചു..
അവൻ പിൻ നടന്നു..
അവനും അവളും ഒപ്പം ചേർന്ന്
നടന്ന നീങ്ങിയ  തീരങ്ങളിൽ
അവന്റെ
മാഞ്ഞുപോയ കാൽപ്പാടുകൾ തേടി അവൾ അലഞ്ഞു തുടങ്ങി..
വഴിപോക്കരാം നമുക്കിവിടം സത്രമെന്നോതിയവർ ഓരോരുത്തരായി വിടചൊല്ലി..ഇപ്പോൾ വനും..
കണ്ണീർപ്പുഴയിൽ മുങ്ങിക്കിടക്കുന്നു ഇന്നവൾ
ഏകാന്തതയുടെ ചുടുവികാരങ്ങൾക്ക് ശമനമേകുവാൻ ..
കാത്തിരിക്കുന്നവൾ
മാഞ്ഞു പോയ സിന്ദൂര പൊട്ടിന്റെ ഓർമ്മയിൽ
അഴിച്ചു വെച്ച താലിച്ചരടിന്റെ സ്മരണയിൽ
ഈ വീട്ടുവരാന്തയിൽ വിട്ടേച്ചു പോയ ചന്ദനത്തിരിയുടെ ഗന്ധമോടെ
ശവമഞ്ചം കൊണ്ടു പോയ വഴികളിലേക്ക് കണ്ണുകളെ  പായിച്ച്
മടങ്ങിവരുമെന്ന തോന്നലോടെ..
അനന്ത  കാലങ്ങളോളം
മുഷിയാതെ...


ചൊവ്വാഴ്ച, നവംബർ 08, 2016

മാറിടം തുരന്നവർ


ബാല്യത്തിന്റെ നിഷ്ക്കളങ്കതയിൽ
വീട്ടിൽ ഓടിച്ചാടി ക്കളിക്കുന്ന പ്രായത്തിൽ ശരീരം കാട്ടി നടന്ന അവളിലേക്ക് കളിക്കൂട്ടുകാർ നോക്കിയപ്പോൾ അവളൊക്കൊന്നും തോന്നിയില്ല..
എങ്കിലും അമ്മ അവളെ പെറ്റിക്കോട്ട് ധരിപ്പിച്ചു...
ജീവിതത്തിന്റെ ഒഴുക്കിൽ കൗമാര ദശയിൽ ഋതുമതിയായി മഞ്ഞൾ പുരട്ടി കുളിപ്പിക്കുന്നതിനിടയിൽ വീണ്ടുമവളുടെ അമ്മ ഉപദേശിച്ചു തന്റെ ശരീരത്തിൽ കെട്ടി മുറുക്കിവയ്കേണ്ട ചിലതുണ്ട് എന്നു അന്നാണവൾക്ക് മനസിലായത് അതു ശരിയെന്ന്..
കോളേജ് വരാന്തയിലൂടെ നടന്ന് നീങ്ങുമ്പോൾ
കൂടെ പഠിച്ച പയ്യന്മാരുടെ നോട്ടവും തന്റെ മാറിടത്തിലേക്കെന്ന് തിരിച്ചറിഞ്ഞ അവൾ തന്റെ മാറു മറയ്ക്കാൻ. പാടുപെട്ടു..
കോളേജ് വിട്ട് വീട്ടിലേക്കുള്ള വഴിയിൽ പല്ലുകൊച്ചു കണ്ണും മുഖവും ചുക്കിച്ചുളിഞ്ഞ ഒരപ്പൂപ്പൻ തന്റെ‌മാറു നോക്കി നുണക്കുന്നത് കണ്ട് കണ്ട ഭാവം നടിക്കാതെ വീട്ടിലെത്തി വാതിലടച്ചു കുറെ കരഞ്ഞു..
കല്യാണനാളിൽ അവളുടെ മാറിടം അവനു ലഹരിയായി.. ആ ലഹരിയിൽ അവളിലെ മാറ്റം മുലപ്പാൽ തുളുമ്പും അമ്മയുടേതായി..
തന്റെ കുഞ്ഞിളം ചുണ്ടുകൾ കൊണ്ട് മുലക്കണ്ണുകൾ ചപ്പി വലിക്കുമ്പോൾ അവളിലെ മാതൃത്വം പിടഞ്ഞെണീറ്റു
ഇന്നലെ മുലകൾ ശരീരത്തിൽ നിന്നും നീക്കം ചെയ്തപ്പോൾ തളർന്നു കിടക്കുന്ന തന്നെ കാണാൻ വന്നവരെല്ലാം നോക്കുന്നത് കച്ച കെട്ടി മുറുക്കാത്ത മാറിടത്തിലേക്ക് തന്നെ!!!
മറയ്ക്കാനൊന്നുമില്ല എങ്കിലും, അടുത്ത് കിടന്ന തോർത്തെടുത്ത് അവൾ മാറിലേക്കിട്ടു..

തിങ്കളാഴ്‌ച, ജൂൺ 06, 2016

അച്ചടി മഷി പുരണ്ടത്



വീണ്ടും സ്കൂള്‍ വരാന്തയിലൂടെ

സ്കൂൾ ഓർമ്മകളിലേക്ക്..
എന്റെ ബാല്യത്തിനു അന്നത്തെ സ്കൂൾ ഓർമ്മകൾക്ക് ഇടവപ്പാതിയുടെ തണുപ്പാണ്. ചിലർ പറയും ഓർമ്മകൾക്ക് മാറാല കെട്ടിയിരിക്കുന്നുവെന്നു..പക്ഷെ ഞാൻ ഏറ്റവും കൂടുതൽ ആസ്വാദനത്തോടെ ഓർത്തെടുക്കുക എന്റെ കുട്ടിക്കാലം തന്നെ... ആ നനുത്ത ഓർ‌മ്മകളിലേയ്ക്ക് ഊളിയിടുമ്പോൾ‌ മനസ്സിൽ‌ തെളിഞ്ഞു വരുന്നത് ....വീട്ടിൽ നിന്നും ഇറങ്ങി പാടവും പറമ്പും കുണ്ടനിടവഴികളും താണ്ടി നടന്നു നീങ്ങിയാൽ ഒരു ചെങ്കുത്തായ റോഡിലൂടെ മുകളിലെത്തിയാൽ ഓടു മേഞ്ഞ മേൽ‌ക്കൂരയുള്ള, അഞ്ചു മുറികളുടെ നീളത്തിൽ കിടക്കുന്ന ഇടനാഴി, ഓരോ ക്ലാസിനു മുന്നിലും ചില്ലകളോടു കൂടി പന്തലിച്ചു നിൽക്കുന്ന മാവും. ചെറിയ മാറ്റങ്ങളോടെയെങ്കിലും പഴയ ഓർമ്മകളിൽ ഉള്ളഎല്ലാവരുടെയും സ്കൂളുകൾക്ക് സമാനതകളുണ്ടാകുമെന്ന് തോന്നുന്നു.
ആർ‌ത്തലച്ചു പെയ്യുന്ന പെരുമഴയുടെ അകമ്പടിയോടെയാകും മദ്ധ്യവേനലവധിയ്ക്കു ശേഷം എന്നും പള്ളിക്കൂടം തുറക്കുന്നത്. നനഞ്ഞൊലിയ്ക്കുന്ന നീളന്‍ കുടയും നനഞ്ഞൊട്ടുന്ന കുഞ്ഞുടുപ്പിനോട് ചേര്‍‌ത്തു പിടിച്ച മരം കൊണ്ടുള്ള പുറം ചട്ടയിൽ തീർത്ത സ്ലേറ്റുമായിട്ടായിരുന്നു അന്നത്തെ സ്കൂൾ യാത്ര. ആ പുതിയ സ്ലേറ്റിന്റേയും പെൻസിലിന്റേയും ഗന്ധം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കും പോലെ.... ഒന്നു രണ്ടു ദിവസം കഴിഞ്ഞാൽ കുറെ കുഞ്ഞ് പെൻസിലും അതു സൂക്ഷിക്കാൻ തീപ്പെട്ടി കൂടും സ്വന്തമാക്കും ..ചില വീരന്മാർ വെള്ളതണ്ട് പറിച്ചെടുത്ത് കുഞ്ഞ് കഷണങ്ങളാക്കി മുറിച്ചു കൊണ്ടു വന്നു പെൻസിലിനു പകരം വിൽക്കും... അഞ്ചു പൈസയോ പത്തു പൈസയോ ആയിരുന്നു അന്ന് ഒന്നിന്റെവിലയെങ്കിലും കഷണം പെൻസിലേ എല്ലാഎല്ലാവരുിലുലും കാണൂ..‍
ആദ്യത്തെ ദിവസം ഉമ്മയുടെ കയ്യും പിടിച്ച് തച്ചങ്കല്ല് സ്കൂളിലേ ഒന്നാം ക്ലാസിലേക്ക് കയ്യറിയപ്പോൾ ഗോപാലൻ മാഷിന്റെ കണ്ണടക്കുള്ളിലൂടെയുള്ള നോട്ടം കാരണം ക്ലാസിൽ ഇരിക്കാൻ വിസമ്മതിച്ചപ്പോൾ..ആശാരിയുടെ കയ്യിൽ ഒരു വാച്ച് ഉണ്ടാക്കാൻ ഏൽപ്പിച്ചിട്ടുണ്ട് മോൾക്ക് എന്ന് തമശരൂപേണ പറഞ്ഞ് എന്നെ ക്ലാസിലിരുത്തിയെന്നു പിന്നീട് ഉമ്മ പറഞ്ഞു തരുമ്പോൾ ഓർത്തു ചിരിക്കുമായിരുന്നു.... സ്കൂളും മദ്രസയും തൊട്ടടുത്തായതിനാൽ ശനി ഞായർ ദിവസങ്ങളിൽ. അടഞ്ഞു കിടക്കുന്ന സ്കൂളിന്റെ മുറ്റത്ത് പോയി കളിക്കാൻ ഒരു പ്രത്യേക രസമായിരുന്നു...അന്നു പൂഴി മണലിൽ കൈവിരൽ കൊണ്ട് അ..ആ എന്നൊക്കെ എഴുതിച്ച ഗോപാലൻ മാഷും കണക്കു പടിപ്പിച്ച കരുണാകരൻ മാഷും എന്നും തൂവെള്ള കളർ മുണ്ടും ഷർട്ടുംമാത്രം ധരിച്ചെത്തുന്ന അറബി മാഷും ഇന്നും അറബി മാഷിന്റെ പേരെനിക്കെന്നല്ല അവിടെ പഠിച്ച പലർക്കും അറിയില്ല എല്ലാർക്കും അദ്ദേഹം അറബി മാഷു തന്നെ..
വഴങ്ങാന്‍ മടിച്ചു നില്‍ക്കുന്ന അക്ഷരങ്ങളെഴുതാന്‍ കൈ പിടിച്ച് സഹായിച്ചും കുസൃതി കാട്ടുമ്പോള്‍ സ്നേഹപൂര്‍‌വ്വം ചെവിയ്ക്കു പിടിച്ച് ശാസിച്ചും പഠിയ്ക്കാന്‍ മിടുക്കു കാട്ടുമ്പോള്‍ പ്രോത്സാഹിപ്പിച്ചും കൂടെ നിന്നിരുന്ന നല്ല അധ്യാപകർ. ഒന്നു മുതമുതൽ്ങ. നാലു വരെഅവർ തന്നെയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഞങ്ങൾക്കെല്ലാം ഏറ്റവും കൂടുതലിഷ്ട്ടം ലീല ചേച്ചിയോടായിരുന്നു...മുടി ക്കൂട്ടിക്കെട്ടി പൊക്കി വെച്ച് കയ്യിലൊരു ബാഗുമായി മൂക്കിൽഒരു സ്വർണ്ണ മൂക്കുത്തിയുമിട്ട് വരുന്ന ലീല ചേച്ചിക്ക് മനസ്സില്‍ ഒരു അമ്മയുടെ സ്ഥാനമായിരുന്നു..അന്നം‌ നൽകുന്നത് അവരാണല്ലോ..
ഇന്ന് ഓർ‌മ്മകളിൽ മുന്നിട്ടു നിൽക്കുന്നതും ഉപ്പുമാവിന്റെയും കഞ്ഞിയുടെയും ചെറുപയറിന്റെയും സ്വാദ്. അന്നത്തെ ‘കഞ്ഞി-പയർ’ കോമ്പിനേഷനു പകരം വയ്ക്കാവുന്ന ഒന്നും ഇന്നുവരെ ഒരിടത്തു നിന്നും ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം നാലാമത്തെ പിരീഡ് ആയാല വിഷപ്പിന്റെ വിളി വരുന്ന സമയത്ത് കഞ്ഞിയുടേയും പയറിന്റേയും അവസാന മിനുക്കു പണിയിൽ ഒരു സുഖകരമായ ഗന്ധം അവിടെയെങ്ങും പരക്കും. പിന്നെ, ബെല്ലടിയ്ക്കാനുള്ള കാത്തിരിപ്പാണ്. ഇടക്കിടെ വീട്ടിൽ നിന്നും ഉമ്മ ഉണ്ടാക്കി തരുന്ന ചുവന്ന ചമ്മന്തി വാഴയിൽ പൊതിഞ്ഞു കൊണ്ടുവന്നു കഞ്ഞിയുടെ ഒപ്പം കൂട്ടുമ്പോൾ ഇത്തിരി കൂട്ടുകാർക്കെല്ലാ വീതിച്ചു നൽകുമായിരുന്നു... സ്കൂൾ കാലംഓർക്കുമ്പോൾ. ആരും മറക്കാത്തത് തച്ചങ്കല്ല് സ്കൂളിലെ കിണർ തന്നെയാകും കാരണം 100 ലധികം പടവുകൾ ഉള്ള കിണറ്റിലേക്ക്‌ നോക്കിയാൽ അടി ഭാഗം കാകാണാത്ത ആ കിണറ്റിൻ കരയിൽ ചുറ്റി തിരിഞ്ഞ ആരും അതിലേക്കൊന്നു എത്തി നോക്കിയിട്ടുണ്ടാകും..
ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് ...പുസ്തകങ്ങളുടെ ഭാണ്ഡ കെട്ടോ പരീക്ഷകളുടെ ആകുലതകളോ ഇല്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. വെള്ളത്തണ്ടും പെൻ‌സിൽ തുണ്ടുകളും..മയില്പീലി തുണ്ടുകളും മാങ്ങയും ചാമ്പങ്ങയു നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതിയോമതമോ , ആണെന്നോ പെണ്ണെന്നോ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം‌ മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം.ക്ലാസ്സിലെ ജനലിലൂടെ പുറത്ത് തിമർത്തു പെയ്യുന്ന മഴ ആസ്വദിച്ച ആ നല്ല കാലം ... പാഠപുസ്തകത്തിന്റെ താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് ആകാശം കാണിക്കാതെ ..വെച്ചാൽ അത് പെറ്റ് പെരുകും എന്നു വിശ്വസിച്ച സുവർണ്ണ കാലം.
ഇന്നു ഓർത്തെടുക്കുമ്പോൾ ഞാനും ഒരു കുട്ടി ആയതു പോലെ...
ആ ഓർ‌മ്മകൾ തികട്ടി വരുമ്പോൾ അറിയാതെ മനസ്സ് ആഗ്രഹിച്ചു പോകന്നു.. ആ കാലം തിരികെ കിട്ടിയിരുന്നെങ്കിൽ... ഇന്നു‌സ്കൂളിലേക്ക്‌‌ പോകുന്ന മക്കളുടെ കൂടെ എന്റെ ഓർമ്മകളും...സ്കൂൾ മുറ്റത്തേക്ക്....