ഞായറാഴ്‌ച, ഫെബ്രുവരി 12, 2017

ഓല മേഞ്ഞ ഓർമ്മകൾ


ഓർമ്മകളുടെ പിന്നാമ്പുറത്ത് കൂട്ടിയിട്ട  ചില നല്ല നിമിഷങ്ങളെ മാറാല നീക്കിയെടുക്കുമ്പോൾ അവയ്ക്ക് ചിലപ്പോൾ മധുരമേറെയാകും ചിലപ്പോൾ  കണ്ണുനീരിന്റെ ഉപ്പു രസമായിരിക്കും.... എന്നിരുന്നാലും ആ ഓർമ്മകളെ ചികഞ്ഞെടുത്ത് അതിൽ ഇഷ്ട്ടമായതിനെ മനസിന്റെ കോണിലേക്ക് എടുത്ത് വെക്കുമ്പോൾ അതിനു തിളക്കമേറെ ആയിരിക്കും... മഴയെ കുറിച്ചും തണുപ്പിനെകുറിച്ചു മൊക്കെ ഓർത്തെടുത്ത് അവയെ അക്ഷരങ്ങളിലാവാഹിക്കാൻ പല തവണ ശ്രമിക്കുമ്പോളും അന്നേ മനസിന്റെ  ഓരത്ത്  കൂട്ടി വെച്ചതിൽ ഒന്നായിരുന്നു പുരകെട്ട് വിശേഷം.. ഓല മേഞ്ഞ വീടിൽ മഴക്കാലത്തുണ്ടാകുന്ന. മഴ മേഘങ്ങൾ പോലുള്ള അനുഭവങ്ങൾ പേമാരിയായി പെയ്ത്  ഒഴുകിയത്  പലരും വായിച്ചതാകും.,

അപ്പോ നമുക്ക് പുരകെട്ടു കല്യാണമായാലോ... എന്റെ ഓർമ്മകളൊടൊപ്പം നിങ്ങൾക്കും കൂടാം... ഉമ്മ രണ്ട് ദിവസം മുൻപ് തുടങ്ങും വീട്ടിലെ ഓരോ സാധന സാമഗ്രികളും കെട്ടിയൊതുക്കി വിറകുപുരയിലും മറ്റും ഭദ്രമായി കൊണ്ടു വെക്കാൻ .. ഞങ്ങൾ കുട്ടികൾ പുസ്തക കെട്ടു കളും  ഡ്രസുകളുമെല്ലാം കെട്ടി വെക്കാൻ ഒപ്പം കൂടും..
അയലത്തെ വീട്ടിലെ ആണ്ടിയേട്ടൻ  പുരയുടേ മേലെയുള്ള
ഓലകൾ അറുത്തിടാൻ  തുടങ്ങുന്നതിനു മുന്നെ ആൾമറയില്ലാത്ത കിണറിൽ പൊടി വീഴാതിരിക്കാൻ അലകു പാകി  ഓല വെച്ച് മറച്ചു വെച്ചിട്ടുണ്ടാകും അപ്പോ മുതൽ ഞങ്ങൾ കുട്ടികൾ ഉത്സവത്തിലാകും  .മുഴുവന്‍ ഓലയും അറുത്തു താഴെയിടാൻ തുടങ്ങിയാൽ അയല്പക്ക വീടുകളിലേയും അടുത്ത ബന്ധുവീട്ടിലെയും  കുട്ടികൾ ചേർന്ന് ഞങ്ങളുടെ ജോലി തുടങ്ങും   അറുത്തിട്ട ഓലയിലെ '' കരിച്ചോല'' എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഓലയിൽ  നല്ലതും മോശമായതും തിരിച്ച് മുറ്റക്കൊള്ളിൽ മാറ്റി അട്ടിയായി അടുക്കി വെക്കുക.. സാമാന്യം നല്ല ഓലകള്‍ അടുത്ത ദിവസം പുരകെട്ടാനെടുക്കുന്ന നല്ലയോലയോടൊപ്പം ‍ "അടിയോല" ആയി ഉപയോഗിക്കും   തുരുംബിച്ച ഓലകള്‍ അടുപ്പില്‍ കത്തിക്കാനും ഉപയോഗിക്കും. ഉച്ച വരെ ഈ ജോലി തുടരും.. ഇതു കഴിയുമ്പോഴേക്കും ഞങ്ങൾ കുട്ടികളുടെ നിറവും കോലവും അകെ മാറിയിട്ടുണ്ടാകും..
അന്ന് മുതൽ പറമ്പിലെവിടെയെങ്കിലും അടുപ്പ് കത്തിച്ചായിരിക്കും ഭക്ഷണമുണ്ടാക്കുക.. പുരപ്പുറത്ത് ഒരു കുറ്റിചൂലുമായി കയറി അട്ടവും കഴുക്കോലുമെല്ലാം അടിച്ചു വൃത്തിയാക്കാൻ ഇക്കമാരോടൊപ്പം ഞാനും കൂടും മറ്റു പണികളിൽ നിന്നും രക്ഷപ്പെടാനും അനിയത്തിമാർക്ക് മുന്നിൽ ആളാവാനുമായിരുന്നു ഈ നുഴഞ്ഞു കയറ്റം...
ഈ സമയം കൊണ്ട്  വീടിന്റെ അകവും പുറവും മുറ്റവും കണ്ടവുമെല്ലാം ഉമ്മയും അടുത്തുള്ള വീട്ടിലെ സ്ത്രീകളും എല്ലാരും കൂടി അടിച്ചു വൃത്തിയാക്കിയിട്ടുണ്ടാകും..

പറമ്പിലെ ഏതെങ്കിലും ഒരു സൈഡിൽ മെടഞ്ഞ ഓലകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും  ബാക്കിയോലകൾ അടുത്ത വീടുകളിൽ ഏൽപ്പിച്ചു വെക്കും അവയെല്ലാം എടുത്തുകൊണ്ടുവരലാകും അടുത്ത ജോലി..
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നിമിഷങ്ങൾ ആണു  സമയം ഇരുട്ടിയാൽ.. നിലത്തു വിരിച്ച പായയിൽ ആകാശം നോക്കി കിടക്കുക  ആകാശത്തെ നക്ഷത്രങ്ങളെ എണ്ണിക്കിടക്കുക..ആ ഒരു ഒരു രസം  ടറസ്സു വീട്ടിൽ താമസിച്ചവർ അനുഭവിക്കാത്ത നല്ല മുഹൂർത്തങ്ങളിൽ ഒന്നു തന്നെ..

നേരം പരപരാ വെളുക്കും മുൻപ് പുരകെട്ടാനുള്ള തയ്യാറെടുപ്പിനായി  ആണ്ടിയേട്ടനും രവീന്ദ്രേട്ടനും മറ്റും എത്തിക്കാണും ... രണ്ടു ദിവസം മുൻപ് തോട്ടിലെ വെള്ളത്തിൽ കുതിർത്തി വെച്ച "പാന്താട " (  പച്ച ഓലയിൽ നിന്നും ശേഖരിച്ചു വെച്ചത് )  കൊണ്ടു വന്ന് ചെറുതായി കീറിയെടുക്കും അതു കൊണ്ടാണൂ  വീടിന്റെ പട്ടികയിൽ ഓല വെച്ച് കെട്ടുക   .രാവിലെ തന്നെ അവിലും കുഴച്ചതും ചായയും വിതരണമാരംഭിച്ചിരിക്കും  ശർക്കര ഉരുക്കിഒഴിച്ച് ചെറിയ ഉള്ളിയും ജീരകവും തേങ്ങാ ചിരകിയതുമിട്ട് അവിലെ  ഒരു പരുവമാക്കി കുഴച്ചെടുക്കും..... പത്തു മണിയാവുമ്പോഴേക്കും വീടിനും ചുറ്റിലും മൂന്ന് നാലുവരി ഓലവെച്ചു കെട്ടിക്കാണും  അപ്പോഴേക്കും അടുത്ത ചായയുടെ സമയം കപ്പ കടലയിട്ട് ഇളക്കിയതും മീൻ മുളകിട്ടതും തേങ്ങാക്കൊത്ത് കൊണ്ട് വറവിട്ട ആ കപ്പ ഇളക്കിയത്  വാഴയിലയിൽ ചൂടോടെ വിളമ്പി  ഓർക്കുമ്പോൾ നാവിൽ ഓർത്തെടുക്കും രുചിയോർമ്മ...:)

ചായ കുടി കഴിഞ്ഞ് ആണ്ടിയേട്ടനും മറ്റും പുരപ്പുറത്തേക്ക് കയറിയാൽ പിന്നെ തകൃതിയായ പണികളാവും  നിലത്തു നിൽക്കുന്നവർക്ക് .. ഓലകൾ മുകളിലുള്ളവർ കെട്ടിയടുക്കുന്നതിനനുസരിച്ച് മേലേക്ക് എറിഞ്ഞ് കൊടുക്കുക മുകളിൽ  ഇരിക്കുന്ന വർക്ക് കഞ്ഞിവെള്ളവും  മറ്റും എത്തിച്ചു കൊടുക്കുക എന്നിവയൊക്കെ തന്നെ അവർ കെട്ടുന്നത് നോക്കിയിരിക്കുന്നത് തന്നെ ഒരു പണിയായിരിക്കും.. :)
പുരകെട്ടു കഴിയുമ്പോഴേക്കും മൂന്ന് മണിയെങ്കിലും ആകും ചോറും  ഇറച്ചിക്കറിയും ഉണ്ടാകുന്ന അസുലഭ നിമിഷം ആയിരിക്കും ആ സമയം അതും അകത്താക്കി കഴിഞ്ഞാൽ പിന്നെ പുര മൊഞ്ചാക്കാനായി ''ഇറ അരിയൽ'' പരിപാടിയായിരിക്കും  നീളമുള്ള രണ്ട്  കവുങ്ങിൽ കഷണം നീളത്തിൽ ചീന്തിയെടുത്തത് പുരയുടെ ഇറയത്ത് മുകളിലും താഴേയുമായി പിടിച്ച. ഒരേ ലവലിൽ ഇറ അരിഞ്ഞു നിലത്തിടും ., ... മുടിയൊക്കെ വെട്ടിയൊതുക്കി അണിഞ്ഞൊരുങ്ങിയ മളവാളൻ ചെക്കനെ  പോലെ തോന്നിക്കും   വീടു നോക്കുമ്പോൾ..
തലേ ദിവസങ്ങളിൽ പുറത്തു കൊണ്ടു വെച്ച വീട്ടു സാധനങ്ങൾ വീട്ടിലെത്തിക്കുന്ന പണി‌കൂടി പൂർത്തിയായാൽ നമ്മുടെ പുരകെട്ടു കല്യാണം  അവസാനിക്കുകയായി... :) :)

എന്റെ ഓർമ്മകളെ ഞാൻ സിമന്റു കൂടാരത്തിനുള്ളിലേക്ക് തിരിച്ചു വിളിക്കുമ്പോൾ .. ഇങ്ങനെയുള്ള നല്ല നിമിഷങ്ങളെ അക്ഷരങ്ങളിൽ ആവാഹിക്കാൻ ശ്രമിച്ചു... ഇനി ഇത്തരം നല്ല നിമിഷങ്ങളിൽ  ഓർമ്മകളിൽ  പോലും ഉണ്ടാകാൻ. വഴിയില്ല..

4 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം
ഹൃദ്യമായിരിക്കുന്നു വിവരണം
ആശംസകള്‍

മൺചിരാത് പറഞ്ഞു...

വളരെ അധികം ഇഷ്ട്ടപ്പെട്ടു... പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി

സുധി അറയ്ക്കൽ പറഞ്ഞു...

ഗൃഹാതുരത്വമുണർത്തുന്ന അതിമനോഹരമായ എഴുത്ത്‌.നല്ല ഇഷ്ടമായി.

summisworld പറഞ്ഞു...

👍