ബുധനാഴ്‌ച, നവംബർ 16, 2011

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

       

കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ  സാഹചര്യത്തില്‍ ജീവിതം ഏറ്റവും  ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്. വാര്‍ദ്ധക്യം എന്നത്  ശൈശവംബാല്യം,കൗമാരം,യവ്വനം എന്നത് പോലെ ജീവിതത്തിന്റെ സ്വഭാവീകമായ  പരിണാമം മാത്രമാണ്. എങ്കിലും ഇന്ന് അധിക പേര്‍ക്കും അതൊരു  ഭാരമാണ് . 

സ്നേഹവും പരിലാളനയും അനുഭവിച്ചു വളര്‍ന്ന കുട്ടിക്കാലവും ചോരത്തിളപ്പും കരുത്തും ആവേശവും ജ്വലിച്ചു നിന്ന യവ്വനവും പിന്നിട്ടു അവശതയും ക്ഷീണവും കടന്നു കൂടുമ്പോള്‍  സ്വാഭാവികമായും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും നടന്നു പോകാന്‍ പ്രയാസപ്പെടുകയും എന്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്ര ദയനീയമാണ്. കാഴ്ചയും കേള്‍വിയും കുറഞ്ഞു വാര്‍ദ്ധക്യ സാഹചമായ രോഗങ്ങള്‍ കൂടി ബാധിക്കുമ്പോള്‍ അവരുടെ ദൈനംദിന ജീവിതം എത്ര വിഷമം പിടിച്ചതാകുമെന്നു ഊഹിക്കാവുന്നതേയുള്ളൂ.

ഏതാനും വര്ഷം മുമ്പ് വരെ പ്രായം ചെന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും കിടക്കാന്‍ വീട്ടില്‍ ഇടവും നല്‍കാന്‍ ഉറ്റവര്‍‍ സന്മനസ്സു കാണിച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി  മാറിക്കൊണ്ടിരിക്കുന്നു. പ്രായമായവര്‍ മക്കള്‍ക്ക്‌ അധികപ്പറ്റായി തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. വീട്ടില്‍ സ്നേഹവും പരിചരണവും കുറയുമ്പോള്‍ കുടുംബങ്ങളില്‍ നിന്നും  പുറംതള്ളുന്നതിന് മുന്നേ സ്വയം‍ വീടുവിട്ടിറങ്ങാന്‍ അവര്‍ സന്നദ്ധമാവുന്ന അവസ്ഥയാണുള്ളത്. അല്ലാത്ത പക്ഷം  അണുകുടുംബം ആഗ്രഹിക്കുന്നവരും വിദേശങ്ങളിലും മറ്റും ജോലിയുമായി കഴിയുന്നവരും ലക്ഷങ്ങള്‍ കൊടുത്തു സ്വന്തം മാതാപിതാക്കളെ ഇത്തരം സദനങ്ങളില്‍ എത്തിക്കും എന്നു ഏതാണ്ട് ഉറപ്പാണ്. സ്നേഹാലയം, ശരണാലയം എന്നൊക്കെയുള്ള പേരുകളില്‍ വൃദ്ധസദനങ്ങള്‍ ‍ ഇന്നു എല്ലായിടത്തും പെരുകി വരുന്നതിന്റെ കാരണവും ഇതു തന്നെ.

ജീവിക്കുക എന്ന ആവശ്യത്തിനപ്പുറം  എല്ലാം വെട്ടിപ്പിടിക്കുക എന്ന ദുരാഗ്രഹവുമായി ഓടുമ്പോള്‍, വീട്ടില്‍ കഴിയുന്ന വൃദ്ധ മാതാപിതാക്കള്‍ മക്കള്‍ക്ക്‌  ഭാരമായി തോന്നുന്നു. തങ്ങള്‍ക്കു ജന്മം നല്‍കി സ്നേഹത്തോടെ പോറ്റി വളര്‍ത്തി വലുതാക്കി ജീവിക്കാന്‍ പ്രാപ്തരാക്കിയ മാതാപിതാക്കളെ‍ യാതൊരു ദയയും ഇല്ലാതെ വൃദ്ധസദനങ്ങളിലേക്ക്  അയക്കുന്നു. തങ്ങള്‍ക്കും നാളെ  ഈ ഒരു അവസ്ഥ വരാനുണ്ട് എന്ന ഒരു ബോധവും ഇല്ലാതെ സസന്തോഷം ജീവിക്കുന്നു. 

മനുഷ്യനെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്ന ഒരു കാര്യം അവന്‍ പിറന്നു വീഴുമ്പോള്‍ തന്നെ സ്വയം നടന്നു ഭക്ഷണം കഴിച്ചു വളരുന്നില്ല എന്നതാണ്. അവരെ പ്രായപൂര്‍ത്തി എത്തുന്നത്‌ വരെയെങ്കിലും മാതാപിതാക്കള്‍ പോറ്റി വളര്‍ത്തുക തന്നെ വേണം. അങ്ങിനെയല്ലാത്തവരും വളരുന്നില്ലേ എന്നു ചോദിച്ചാല്‍ ഉണ്ടായേക്കാം. എന്നാല്‍    ജീവിതത്തിന്റെ താളം തെറ്റാതെയും  സമൂഹത്തിന്റെ  ആട്ടും തുപ്പും പരിഹാസവും എല്ക്കാതെയും ജീവിതം ക്രമപ്പെടുത്തിയെടുക്കാന്‍ രക്ഷിതാക്കളുടെ സംരക്ഷിത വലയത്തിനെ കഴിയൂ. ഇതൊക്കെ അറിഞ്ഞും അനുഭവിച്ചും വളര്‍ന്നവര്‍  മാതാപിതാക്കളെ പ്രായമാകുമ്പോള്‍ അവഗണിക്കുന്നതില്‍ എന്ത് ന്യായീകരണമാണ് കണ്ടെത്താന്‍ സാധിക്കുക.

ഇതു ഒരു പരിഷ്കൃത സമൂഹത്തിനു ഭൂഷണമാണോ. സ്വാര്‍ത്ഥതക്ക് വേണ്ടി അഹിതവും പ്രാകൃതവുമായ ഇത്തരം ആചാരങ്ങളെ പുല്‍കുമ്പോള്‍ നമ്മില്‍ നിന്നും മനുഷ്യത്വം ഇല്ലാതാകുന്നു. മനുഷ്യന്‍ എന്ന സാമൂഹിക ജീവി (social animal) ആരോടും വിധേയത്വവും കടപ്പാടും സഹാനുഭൂതിയും സ്നേഹവും ഇല്ലാതെ സ്വന്തത്തിനു വേണ്ടി മാത്രം നില കൊള്ളുന്ന കാടത്തത്തിലേക്ക് അധ:പ്പതിക്കുകയാണ്. 

ഈ സമൂഹം മൊത്തം അങ്ങിനെ ആണെന്ന സാമാന്യവല്ക്കരണമല്ല ഇവിടെ  നടത്തുന്നത്. എന്നാല്‍ സമൂഹത്തില്‍ ഈ പ്രവണത കൂടി വരുന്നു എന്നത് നമ്മെ അമ്പരപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യം  തന്നെയാണ്. അതിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. ഇതിനു ന്യായീകരണങ്ങള്‍ ‍ പലതു പറഞ്ഞേക്കാം. എന്നാല്‍ സ്വന്തം മനസ്സാക്ഷിയെപ്പോലും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരുത്തരമാകില്ല  ഈ ക്രൂരതയുടെ ഏതു ന്യായീകരണവും.

ജീവിതത്തിന്റെ സായം സന്ധ്യയില്‍ സ്നേഹത്തോടെ പരിപാലിക്കപ്പെടാനും സ്വന്തം മക്കള്‍ തങ്ങള്‍ക്കു താങ്ങും തണലുമാവാനും  ആരും കൊതിക്കും. എന്നാല്‍ ഇന്ന് നഗര ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട്  പണത്തിനും ആര്‍ഭാട ജീവിതത്തിനും പിറകെ ഓടുന്ന പുതു തലമുറ ഇവരെ പരിപാലിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? പലപ്പോഴും ഇല്ല എന്നതാണ് വാസ്തവം. നാട്ടില്‍ പെരുകി വരുന്ന വൃദ്ധസദനങ്ങള്‍   ഈ നിഗമനത്തിന് ആക്കം കൂട്ടുന്നു. 

മക്കളുടെയും ഉറ്റവരുടെയും അവഗണ വൃദ്ധമാതാപിതാക്കളെ മാനസീകമായും ശാരീരികമായും തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം ഇല്ല. ഏറ്റവും പരിഗണിക്കപ്പെടേണ്ട അവസ്ഥയിലാണ് അവര്‍ അവഗണിക്കപ്പെടുന്നത് എന്നത് അവരിലെ മാനസികാഘാതത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. വൃദ്ധസദനത്തിലും ശരണാലയത്തിലുമൊക്കെ അയച്ചു പ്രായമായവരെ മാറ്റി നിര്‍ത്തുക വഴി ഒരുതത്തില്‍ നാം അവര്‍ക്ക് ജീവിതത്തില്‍ നിന്നും പിന്മാറാനുള്ള സൂചന നല്‍കുകയാണ് ചെയ്യുനത്. അല്ലെങ്കില്‍ അവര്‍ക്ക് മാനസിക മരണം വിധിക്കുകയാണ്. 

വാര്‍ദ്ധക്യം എന്നത് ശൈശവത്തിലേക്കുള്ളതിരിച്ചു പോക്കാണ്. പ്രായം കൂടി വരുമ്പോള്‍  അവരുടെ സ്വഭാവം കുട്ടികളുടെത് പോലെ  ആയിതീരുന്നു. ചില കാര്യങ്ങളില്‍ അവര്‍ വാശി പിടിക്കുന്നു. നമുക്കിഷ്ട്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യുകയും പറയുകയും ചെയ്യുന്നു. നമ്മുടെ മക്കള്‍ അങ്ങിനെ ചെയ്യുമ്പോള്‍ നമ്മള്‍ അത് ആസ്വദിക്കുന്നില്ലേ.  അത് പോലെ എന്ത് കൊണ്ട് നമുക്ക് ഇവരുടെ ചെയ്തികളെ കാണാന്‍ സാധിക്കുന്നില്ല.?  

മാതാപിതാക്കളോട് "ഛെ " എന്നാ വാക്ക് പോലും പറയരുത് എന്നും അവര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിരിച്ചു കൊടുക്കുക എന്നുമുള്ള ദൈവിക വചനത്തില്‍ നിന്നും അവരോടു നാം എങ്ങിനെ പെരുമാറണം എന്ന്  നമുക്ക് മനസ്സിലാക്കേണ്ടിയിരിക്കുന്നു.  നമുക്കും നാളെ ഇങ്ങനെയൊരു അവസ്ഥ വരാനുണ്ട് എന്നത് നാം മറക്കാതിരിക്കുക. നാളെ നാം അത്തരം ഒരു അവസ്ഥയില്‍ എത്തുമ്പോള്‍ ഇന്നത്തെ നമ്മുടെ സ്ഥാനത്തേക്ക്  നാമിന്നു സ്നേഹത്തോടെ, സന്തോഷത്തോടെ പോറ്റി വളര്‍ത്തുന്ന മക്കള്‍ വളര്‍ന്നു വരുന്നു എന്നതും നാം ഓര്മ്മിക്കുക.  ദൈവം രക്ഷിക്കട്ടെ..


48 അഭിപ്രായങ്ങൾ:

Malporakkaaran പറഞ്ഞു...

ഒന്ന് ലൈക്കാനുള്ള option എങ്കിലും കൊടുക്കൂ
.എല്ലാരും ഒന്ന് ലൈക്കട്ടെ

khaadu.. പറഞ്ഞു...

ഇത്തരത്തില്‍ ഉള്ള ഒരു വാര്തയെന്കിലും ഇല്ലാതെ ഇന്ന് ഒരു ദിവസം പോലും പുലരുന്നില്ല..
നമ്മള്‍ ചെയ്യുന്നത് കണ്ടു വളരുന്ന നമ്മുടെ മക്കളും നാളെ ഇത് പോലെ ചെയ്യില്ലെന്ന് ആര് കണ്ടു..

ഇന്നത്തെ ചിന്ത വിഷയം...
അഭിനന്ദനങ്ങള്‍....

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ചിന്തനീയം. നല്ല പോസ്റ്റ്.

ente lokam പറഞ്ഞു...

ആധുനിക ജീവിതത്തിന്റെ വിപത്തുകള്‍ ആണ് പ്രകൃതിയും ആയി ബന്ധം ഇല്ലാത്ത ജീവിത രീതി ...
നാളെ നമുക്ക് വരുന്ന അവസ്ഥ ചിന്തിക്കാന്‍ പോലും സമയം ഇല്ലാതെ നെട്ടോട്ടം ഓടുന്നവര്‍...

നന്നായി പകര്‍ത്തി ഈ ചിന്തകള്‍ ഉമ്മു അമ്മാര്‍...

navas പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
navas പറഞ്ഞു...

വളരെ നല്ല കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് ഉള്ള ലേഖനം ... മനുഷ്യന്‍ മാനുഷിക മുല്ല്യങ്ങളെ തച്ചുടച് എന്തിന്റെയെക്ക പുറകെ ഉള്ള ഈ പടയേട്ടം അവസാനം അവനെയും കൊണ്ട് എത്തികുന്നത് ഇവിടെയല്ലെ ...
ഉമ്മു അമ്മാര്‍ ആശംസകള്‍

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഞാന്‍, എന്റെ കുടുംബം എന്നതിലേക്ക് എല്ലാവരും ഒതുങ്ങുന്നതിന്റെ പരിണത ഫലമായിട്ടാണ് വൃദ്ദസദനങ്ങള്‍ ഉയര്‍ന്നുവരുന്നത്. വിതയ്കുന്നതെന്തോ... അതേ കൊയ്യൂ... പടച്ചോന്‍ കാക്കട്ടെ..

ശിഖണ്ഡി പറഞ്ഞു...

മകള്‍ പിതാവിന്റെ എയര്‍പോര്‍ട്ട്-ല്‍ ഉപേക്ഷിച്ചു പോയി എന്നാ വാര്‍ത്ത തലകെട്ട് കണ്ടു അത്ഭുതപ്പെട്ടതു ഓര്‍കുന്നു.

Vp Ahmed പറഞ്ഞു...

നല്ല ചിന്തകള്‍.
http://surumah.blogspot.com

Jefu Jailaf പറഞ്ഞു...

കുടുംബാന്തരീക്ഷങ്ങളില്‍ പരായമായവര്‍ ബാധ്യതയാകുന്നു. കുടുംബ ബന്ധത്തിന്റെ ധാര്‍മ്മികമായ ഉത്തരാവാദിത്വങ്ങളില്‍ മര്‍മ്മ പ്രധാനമായ മാതാപിതാക്കളോടുള്ള പരിഗണന നല്‍കാത്ത മക്കളുടെ ആശ്വാസ കേന്ദ്രങ്ങള്‍ ആയിരിക്കുന്നു വൃദ്ധസദനങ്ങള്‍. അവിടെയുള്ള പ്രായമായ മാതാവിന്റെ മുല ച്ചുരത്തുണ്ടാകും ഉപേക്ഷിച്ചു പോയ സന്താനത്തിന്റെ തിരിച്ചു വരവിനായ്. നല്ല നോട്ടു.

Mohammed Kutty.N പറഞ്ഞു...

"മാളിക മുകളില്‍ ജീവിച്ചപ്പോള്‍
അരയാല്‍ക്കിളികളൊന്നും
കൂട്ടു വന്നില്ല.
ഹൃദയങ്ങളില്‍ ജീവിച്ചപ്പോള്‍
അനന്തകോടി ചിറകടികള്‍
കൂടെ വന്നു.
......
വഞ്ചനയുടെ മൂടുപടത്തില്‍
അണപ്പല്ലുകളുടെ
സംഘട്ടനമായിരുന്നു.
മാതാവിന്റെ കാല്‍ക്കീഴില്‍
സ്വര്‍ഗത്തിന്റെ
മന്ദഹാസമായിരുന്നു."-പി.കെ.ഗോപി

ഉമ്മുഫിദ പറഞ്ഞു...

good one !

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) പറഞ്ഞു...

പ്രസക്തമായ പോസ്റ്റ്....ഉപേക്ഷിക്കപ്പെടുന്ന വൃദ്ധദമ്പതികളുടെ ഏകാന്തതയുടെ കഥപറയുന്നതാണ് എന്റെ ഏറ്റവും പുതീയ ഹ്രസ്വചിത്രം...'ലാടം' www.laadam2011.blogspot.com

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

വളരെ ആഴത്തില്‍ ചിന്തിക്കേണ്ട വിഷയം ആണിത്..എല്ലാര്‍ക്കും സ്വന്തം മാതാപിതാക്കളെ സ്നേഹത്തോടെ ജീവിതാവസാനം വരെ ശുശ്രൂഷിക്കാനുള്ള നല്ല മനസ്സ് ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

അകക്കണ്ണിന്റെ വെളിച്ചം പറഞ്ഞു...

ആധുനിക കാലത്ത്‌ മാതാപിതാക്കളോടുള്ള കടമകളാണു എല്ലാരും പറയുന്നത്‌. മറിച്ച്‌, മക്കളോടുള്ള കടമ ആരും പറയാറില്ല. കാലത്തോടോപ്പം മാതാപിതാക്കളും ഉയരണം, അവര്‍ മക്കളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കണം. ചുമ്മാ സദാചാര പ്രസംഗം നടത്തിയാല്‍ പോരാ.... എല്ലാവര്‍ക്കും തങ്ങളുടെ സുഗമാണു വലുത്‌. ഇല്ലങ്കില്‍ റഷീദാ എന്തിനു പ്രവാസിയായി...

അകക്കണ്ണിന്റെ വെളിച്ചം പറഞ്ഞു...

ആധുനിക കാലത്ത്‌ മാതാപിതാക്കളോടുള്ള കടമകളാണു എല്ലാരും പറയുന്നത്‌. മറിച്ച്‌, മക്കളോടുള്ള കടമ ആരും പറയാറില്ല. കാലത്തോടോപ്പം മാതാപിതാക്കളും ഉയരണം, അവര്‍ മക്കളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കണം. ചുമ്മാ സദാചാര പ്രസംഗം നടത്തിയാല്‍ പോരാ.... എല്ലാവര്‍ക്കും തങ്ങളുടെ സുഗമാണു വലുത്‌. ഇല്ലങ്കില്‍ റഷീദാ എന്തിനു പ്രവാസിയായി...

സബിത അനീസ്‌ പറഞ്ഞു...

നന്മ നിറഞ്ഞ എഴുത്തിനു നന്ദി.

ഉമ്മു അമ്മാര്‍ പറഞ്ഞു...

അകക്കണ്ണിന്റെ വെളിച്ചം താങ്കളുടെ അഭിപ്രായം കണ്ടെതില്‍ സന്തോഷിക്കുന്നു...പക്ഷെ താങ്കള്‍ പറഞ്ഞത് ഒന്നും മനസ്സ്ലായില്ല ... പ്രായമായ മാതാപിതാക്കള്‍ അശരണരും ക്ഷീണിതരുമായ മാതാപിതാക്കള്‍ കാലത്തിനൊപ്പം എങ്ങിനെ മാറണം എന്നാണു താങ്കള്‍ ഉദേശിച്ചത് ???? വാര്‍ധക്യം എന്നത് അവര്‍ സ്വയം വരുത്തിവെക്കുന്ന ഒന്നാണോ ... മക്കളെ പ്രസവിച്ചു അവരുടെ ഓരോ വളര്‍ച്ചയും കണ്‍ നിറയെ കണ്ടു അതില്‍ ആനന്ദം കണ്ടെതുന്നവരെയല്ലേ മാതാപിതാക്കള്‍ എന്ന് വിളിക്കുക .. എഴുത്തില്‍ പലയിടങ്ങളില്‍ പറഞ്ഞിട്ടുള്ളതും അത് തന്നെ ചെറുപ്പം മുതല്‍ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്ന് തന്നെയാ പറഞ്ഞിട്ടുള്ളതും... പിന്നെ എല്ലാവര്ക്കും അവരവരുടെ സുഖമാണ് വലുത് എന്ന് പറഞ്ഞല്ലോ സുഖമെന്നാല്‍ അത് സംത്ര്പ്തിയോടെ അനുഭവിക്കണമെങ്കില്‍ മാതാപിതാക്കളും അതനുഭാവിക്കണം എങ്കിലേ അതില്‍ ത്ര്പ്തിയുണ്ടാകൂ എന്നാ വിശ്വാസ ക്കാരിയാണ് ഞാന്‍.. മാതാപിതാക്കള്‍ വിളിക്കുമ്പോള്‍ അവിടെയെത്താനും അവരുടെ ദുഖങ്ങളില്‍ സ്വാന്തനിപ്പിക്കാനും എപ്പോളും ശ്രമിക്കാറുണ്ട് ...വീട്ടില്‍ മാതാപിതാക്കളുടെ അടുത്ത് പോയി അവധിക്കു നില്‍ക്കുമ്പോള്‍ ഇത്തിരി ദിവസം നിന്ന് കഴിഞ്ഞാല്‍ അവര്‍ പറയുക നമ്മുട മകന്‍ ( എന്റെ ഭര്‍ത്താവ് )അവിടെ ഹോട്ടലിലെ ഭക്ഷണമൊക്കെ കഴിച്ചു ആകെ ബുധിമ്ട്ടുകയാവും നീ പെട്ടെന്ന് തിരികെ പൊയ്ക്കോ എന്നാകും... പ്രവാസി ആകുക എന്നാല്‍ നാടുമായുള്ള എല്ലാ ബന്ധവും അരുത് മാറ്റുക എന്നല്ല .. മക്കളെ കൊണ്ട് എപ്പോളും വല്ലിപ്പയെയും വല്ലിമ്മയെയും വിളിപ്പിക്കുക ..അവരുമായി സംസാരിക്കുക ഒക്കെ വേണം ...

റഷീദ് കോട്ടപ്പാടം പറഞ്ഞു...

ഇത് വീടുകളും വൃദ്ധസദനങ്ങള്‍ ആകുന്ന കാലം!

Anurag പറഞ്ഞു...

നല്ല പോസ്റ്റ്,അഭിനന്ദനങ്ങള്‍....

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

വളരെ ചിന്തിക്കേണ്ട ഒരു വിഷയം
എല്ലാം നേടി എന്ന് നാം അഹങ്കരിക്കുമ്പോഴും
നമ്മില്‍ നിന്ന് പലതും അകന്നു കൊണ്ടിരിക്കുന്നു ......

Unknown പറഞ്ഞു...

വളരെ നല്ലൊരു പോസ്റ്റ്‌.
ഇന്നിന്‍റെ വിഷയം.
വിതച്ചത് കൊയ്യും.അത്രയെ പറയുന്നുള്ളൂ.

ദൈവം രക്ഷിക്കട്ടെ,

Akbar പറഞ്ഞു...

മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ ‍ തള്ളുന്നവര്‍ നാളെ തങ്ങളുടെ മക്കളാല്‍ തങ്ങളും ഇങ്ങിനെ തിരസ്ക്കരിക്കപ്പെടും എന്നു ചിന്തിക്കുന്നുണ്ടാവില്ല.

തീര്‍ത്തും അവഗണിക്കപ്പെട്ടു, വിരസവും വേദനാജനവുകമായ ഒരവസ്ഥയിലേക്കു, ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥ എത്ര ദയനീയമാണ്.


മനുഷ്യപക്ഷത്തു നിന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല പോസ്റ്റു.

Absar Mohamed പറഞ്ഞു...

വളരെ പ്രസക്തമായ ഒരു വിഷയം.

പക്ഷേ ഇതില്‍ കാണാതെ പോകുന്ന മറ്റൊരു വസ്തുതയും ഉണ്ട്.

കുട്ടിക്കാലത്ത് കുട്ടികളോടൊപ്പം ആത്മാര്‍ഥമായി ചിലവോഴിക്കാന്‍ എത്ര രക്ഷിതാക്കള്‍ സമയം കണ്ടെത്തുന്നുണ്ട്. രക്ഷിതാക്കളുടെ ജോലിത്തിരക്കിനിടയില്‍ മക്കളെ ഹോസ്റ്റലില്‍ ആക്കി മാസാമാസം പണം അയച്ചു കൊടുക്കുകയും, ഇടക്ക് ചെന്ന് കാണുകയും ചെയ്‌താല്‍ തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് കരുതുന്ന മാതാപിതാക്കളും ഈ അവസ്ഥയിലേക്ക്‌ സമൂഹത്തിനെ നയിച്ചതില്‍ പ്രധാന ഉത്തരവാദികള്‍ ആണ്.

കുട്ടിക്കാലത്ത് രക്ഷിതാക്കള്‍ക്ക്‌ തങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താന്‍ കഴിയാതിരുന്നത് കൊണ്ട് അവര്‍ മക്കളെ ഹോസ്റ്റലില്‍ ആക്കി. അപ്പോള്‍ ഈ കുട്ടികള്‍ വലുതാവുമ്പോള്‍ സ്വാഭാവികമായും തങ്ങളുടെ തിരക്കിനെ മറികടക്കാന്‍ ഏറ്റവും നല്ലത് മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ആക്കുകയാണ് നല്ലത് എന്ന് അവര്‍ കരുതിയാല്‍ അതിനെ നമുക്ക്‌ അവഗണിക്കാന്‍ കഴിയുമോ???

ആ കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാര്യം ഒരു മഹാപാതകമായി ഒരിക്കലും അനുഭവപ്പെടുന്നില്ല.

മാതാപിതാക്കളുമായി നല്ല സ്നേഹ ബന്ധത്താല്‍ ബന്ധിക്കപ്പെട്ട മക്കള്‍ ഒരിക്കലും അവരെ ഉപേക്ഷിക്കില്ല. കുട്ടിക്കാലത്ത് തന്നെ മക്കളില്‍ ആ സ്നേഹവും, അറ്റാച്ച്മെന്റും വളര്‍ത്തി എടുക്കാനുള്ള ബാധ്യത തീര്‍ച്ചയായും രക്ഷിതാക്കള്‍ക്ക്‌ ഉണ്ട്. അതില്‍ ശ്രദ്ധിക്കുകയും വിജയിക്കുകയും ചെയ്ത ഒരു രക്ഷിതാവും വൃദ്ധസധനത്തില്‍ എത്തപ്പെടുകയില്ല എന്നത് തന്നെയാണ് എന്റെ വിശ്വാസം. (അപൂര്‍വമായി മാത്രം ഒരുപക്ഷേ ഇതിന് എതിരെയും സംഭവിച്ചേക്കാം).


ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ നമ്മോടുള്ള സ്നേഹം ഒരു ലഹരിയായി കുത്തി വെക്കാന്‍ കഴിയണം. അത് വളരെ ചെറുപ്പത്തില്‍ തന്നെ ചെയ്യേണ്ടതാണ്. പ്രധിരോധ കുത്തിവെപ്പുകള്‍ നടത്തുന്ന പോലെ... എങ്കില്‍ ഒരിക്കലും നമ്മുടെ മക്കള്‍ നമ്മെ വൃദ്ധസാധനത്തിലെക്ക് അയക്കില്ല.


ഞാന്‍ ഹോസ്റ്റല്‍ പ്രോഡക്റ്റ് അല്ല.
പക്ഷേ എനിക്ക് ഒരുപാട് ഹോസ്റ്റല്‍ പ്രോടക്ടുകള്‍ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. അവര്‍ ചെറുപ്പത്തില്‍ അച്ഛനെയും അമ്മയെയും കാണാന്‍ വേണ്ടി ഹോസ്റ്റല്‍ ഗേറ്റിലേക്ക് നോക്കിയിരുന്ന കഥ എന്നോട് പറഞ്ഞിട്ടുണ്ട്.
അവരില്‍ അവര്‍ അറിയാതെ അവരുടെ രക്ഷിതാക്കളോട് പകയുണ്ടായിരുന്നു...
അവരുടെ ബാല്യം നശിപ്പിച്ചതിന് ....

വളരെ പ്രസക്തമായ ഒരു വിഷയം ശ്രദ്ധയിലേക്ക് കൊണ്ടു വന്നതിന് ഉമ്മു അമ്മാരിനോട് നന്ദി പറയുന്നു... ഒപ്പം ആശംസകളും...

നോക്കട്ടെ.. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ്‌ ഇടാന്‍ ഞാനും ആഗ്രഹിക്കുന്നു...

ഒരിക്കല്‍ കൂടി നന്ദി....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

മാതാപിതാക്കള്‍ മക്കളെയും മക്കള്‍ മാതാപിതാക്കളെയും സ്നേഹിച്ചാല്‍,മനസ്സിലാക്കിയാല്‍ ഇവിടെ വൃദ്ധസദനങ്ങളും ബേബികെയര്‍ സെന്ററുകളും ഉയര്‍ന്നുവരില്ല.
ഈടുറ്റ ലേഖനം
ആശംസകള്‍

Absar Mohamed പറഞ്ഞു...

ഈ വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇട്ടു.. സന്ദര്‍ശിക്കുമല്ലോ...

വൃദ്ധസദനങ്ങള്‍ ഉണ്ടാക്കുന്നവര്‍....

ഫൈസല്‍ ബാബു പറഞ്ഞു...

കാലികപ്രസക്തമായ ഒരു വിഷയം ..പ്രതികരണങ്ങള്‍ ഇനിയും തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ ...ആശംസകള്‍

കൊമ്പന്‍ പറഞ്ഞു...

നമ്മള്‍ നമ്മളിലേക്ക് കൂടുതല്‍ കൂടുതല്‍ ചുരുങ്ങുന്നതാണ് ഇതിന്റെ ഒക്കെ മൂല കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പോസ്റ്റ്‌ .....മാതാ പിതാക്കളെ അവഗണിക്കുന്ന മക്കള്‍ ഒന്നാലോചിക്കണം ...അവര്‍ക്കും ഒരു ദിവസം വരും എന്ന് ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

വേണുഗോപാല്‍ പറഞ്ഞു...

എഴുത്തുകാര്‍ നൂറു കണക്കിന് പോസ്റ്റ്‌ ഈ വിഷയത്തില്‍ ഇട്ടു .. നിരവധി സിനിമകള്‍ ഇറങ്ങി ..
ഒരു മാറ്റവും മനസാക്ഷി കുത്തുമില്ലാതെ പെരുകി കൊണ്ടിരിക്കുന്ന ഈ പ്രവണതക്ക് മാത്രം വിരാമമില്ല.
കാലികമായ വിഷയം . ഇനിയും ഏറെ ചര്‍ച്ച ചെയ്യപെടെണ്ടത് ... നന്നായി എഴുതി
രണ്ടാമത്തെ പാരഗ്രാഫില്‍ വാര്‍ദ്ധക്യ സഹജം എന്നത് വാര്‍ദ്ധക്യ സഹാചം എന്നെഴുതിയിരിക്കുന്നു .. തിരുത്തുമല്ലോ
ആശംസകളോടെ ..(തുഞ്ചാണി)

TPShukooR പറഞ്ഞു...

വൃദ്ധരായ മാതാപിതാക്കളുടെ പേരില്‍ സ്വത്തോ പണമോ ഉണ്ടെങ്കില്‍ ഈ വക വൃദ്ധ സദനത്തിലൊന്നും ഒരു മക്കളും അവരെ തള്ളില്ല. മാറിയ സാഹചര്യത്തില്‍ ഒരു പ്രതിരോധം എന്ന നിലക്ക് ഉള്ള സമ്പാദ്യങ്ങള്‍ മുഴുവന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മക്കളുടെ പേരിലേക്ക് മാറ്റാതിരിക്കുക. ഇത് ഒരു പരിഹാരം. പണം ഇല്ലാത്തവന്റെ സ്ഥിതി അപ്പോഴും കഷ്ടം തന്നെ.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വര്‍ത്തമാനകാലത്തിലെ ഏറ്റവും ഗൌരവമാര്‍ന്ന വിഷയം അതിന്റെ പ്രാധാന്യത്തോടെ അവതരിപ്പിച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു.
ഒരാഴ്ച്ച മുന്‍പ് ഒരു രംഗം നേരില്‍ കണ്ടു.കുഴലുകളുടെ സഹായത്തില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന അബോധാവസ്തയിലുള്ള ഒരുമ്മയുടെ ശരീരം ഉമ്മറത്ത് കിടത്തി ബന്ധുക്കള്‍ തമ്മില്‍ തല്ലുന്നു."അമ്മായിയമ്മയെ" അകത്തുകയറ്റാന്‍ വസമ്മതിക്കുന്ന കുടുംബനാഥയും മക്കളും. ഒടുവില്‍ ഗള്‍ഫിലുള്ള ആ ഉമ്മയുടെ മകനെ വിളിച്ച് അന്ത്യശാസനം നല്‍കി ഒരു വിധത്തില്‍ അവരെ അകത്താക്കുന്നു.
അടിതെറ്റി വീഴും വരെ എന്റെ മക്കള്‍ ..എന്റെ മക്കള്‍ എന്ന് "അഹങ്കാരത്തോടെ" പറഞ്ഞു നടന്ന ആ ഉമ്മ അവസാന നിമിഷങ്ങളെണ്ണി അബോധാവസ്ഥയില്‍ ഇപ്പോഴും ആ വീട്ടിലുണ്ട്.
നമ്മള്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

Artof Wave പറഞ്ഞു...

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ നാം തിരിച്ചു കൊണ്ടുവരണം, അതിനുതകും ഇത്തരം എഴുത്തുകള്‍
നല്ല ചിന്ത, നല്ല എഴുത്ത്
ഇനിയും പ്രതീക്ഷിക്കുന്നു

സീത* പറഞ്ഞു...

നല്ല എഴുത്ത്..നല്ല ചിന്ത...പുതിയ തലമുറ എന്നിനി ഒരു പുനർവിചിന്തനം നടത്തും?

വര്‍ഷിണി* വിനോദിനി പറഞ്ഞു...

നമ്മള്‍ എത്രയെല്ലാം പുരോഗമനം പ്രസംഗിച്ചാലും ഇച്ചിരി പോന്ന വേദനകള്‍ക്കു പോലും ആശ്വാസം അമ്മയുടെ മടിത്തട്ട് മാത്രമാണെന്നാണ്‍ എന്‍റെ വിശ്വാസം..അനുഭവം..!
നമ്മളെല്ലാം ഒരേ സംസ്ക്കാരത്തിന്‍ അടിമപ്പെട്ടവരല്ലേ..പിന്നെ എങ്ങിനെ കഴിയുന്നൂ ഇത്തരം നീച പ്രവൃത്തികള്‍ക്കും, ചിന്തകള്‍ക്കും..?

യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി പോവുകയാണ്‍..
നന്ദി സ്നേഹിതേ...പ്രാര്‍ത്ഥനകള്‍.

Jenith Kachappilly പറഞ്ഞു...

Chinthippikkunna post!! Jeevitha reethiyil vanna mattangalum puthiya kazhchappadukalum okke villanakunnundu. Iniyangottu ithokke koodukaye ulloo ennannu enikku thonnunnathu. Oro divasavum nammalu munnerikkondirikkumbozhum manshyane mansilakkanum. Adisthana prashnangalkkulla pariharam kananum aarum ivide shramikkunnillaaa...

നാമൂസ് പറഞ്ഞു...

ഒരു വൃക്ഷം കണക്കെ സമൂഹത്തിനു തണലേകുന്ന അച്ഛനമ്മമാരെ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ തഴയുന്ന,
കണ്‍കണ്ട ദൈവത്തെ തെരുവിലുപേക്ഷിച്ച്, ആള്‍ദൈവങ്ങളുടെ അടുത്ത് പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മക്കള്‍. ഒരു പട്ടിയുടെ വിലപോലും അച്ഛനമ്മമാര്‍ക്ക് നല്‍കാത്ത ക്രൂരരായ മക്കള്‍. ഹൃദയശൂന്യര്‍ തന്നെ..!!!

kochumol(കുങ്കുമം) പറഞ്ഞു...

എവിടെ ജീവിച്ചാലും കടമകള്‍ നിറവേറ്റാന്‍ ഏതൊരു മനുഷ്യനും ബാധ്യസ്ഥരുമാണ്...
അച്ഛനമ്മമാര്‍ സന്താനങ്ങള്‍ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിനു പോലും പ്രതിഫലം കൊടുക്കാന്‍ ഒരു മക്കള്‍ക്കും ഒരു കാലത്തും സാധിക്കില്ല !!!!
വൃദ്ധസദനങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു അതു വരുമാനമാര്‍ഗം ആയി കാണുന്നവരും ഉണ്ട് ?
മാതാപിതാക്കള്‍ ഭാരമാണെന്ന് തോന്നുന്ന മക്കള്‍ നാളെ അവരുടെ അവസ്ഥ എന്താണെന്ന് ചിന്ടിച്ച് നോക്കുന്നില്ല?
Shukoor :താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു തീര്‍ച്ചയായും അതു ചെറിയ ഒരു പരിഹാരം മാത്രം
വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ചാല്‍ സഹിക്കില്ല ...വല്ലാത്ത കാഴ്ചകളാണ് .....

മാനത്ത് കണ്ണി //maanathukanni പറഞ്ഞു...

എന്ത് പറയാന്‍ ..കാരുണ്യവും കരുതലും ,നന്ദിയും മനുഷ്യര്‍ക്ക്‌ നഷ്ടമായിക്കൊണ്ടിരിക്കുന്നു .ഒരുപാട് മാതാപിതാക്കള്‍ ,വൃധജനങ്ങള്‍ നമുക്ക് ചുറ്റും ....നമ്മുടെയൊക്കെ വീടുകളിലും ..അവര്‍ ചോരനീരാക്കി ആയുസ്സ് ആവിയാക്കി വളര്‍ത്തിക്കൊണ്ടുവന്ന മക്കളും മരുമക്കളും ചെറുമക്കളും ഒക്കെയാണ് ...
നമുക്ക് ഈ മക്കളോടും കൊച്ചുമാക്കലോടും മരുമാക്കലോടും കരുനയുല്ലവരാകം .അവരും കരുണ അര്‍ഹിക്കുന്നു .

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

നല്ല ചിന്തകള്‍.പോസ്റ്റ്‌ നന്നായിരിക്കുന്നു ആശംസകള്‍ ,വീണ്ടും വരാം

Abdulkader kodungallur പറഞ്ഞു...

തിരക്കൊഴിഞ്ഞപ്പോള്‍ വെറുതെ ബ്ലോഗിന്റെ തെരുവിലൂടെ സഞ്ചരിച്ചപ്പോഴാണ് നീണ്ട ഇടവേളയ്ക്കു ശേഷം ഉമ്മു അമ്മാറിനെ കണ്ടുമുട്ടിയത് . തികച്ചും ആശ്ചര്യകരമായ മാറ്റം . കാലിക പ്രസക്തിയുള്ള കരുത്തുറ്റ പ്രമേയം . നല്ല ഭാഷ. നല്ല അവതരണം . പാറപോലെ ഉറച്ച മനസ്സുകളില്‍ പോലും വിചിന്തനത്തിന്റെ മുകുളങ്ങള്‍ പൊട്ടി മുളച്ചുപോകുന്ന ശൈലി . ഇതുപോലെ നല്ല സന്ദേശങ്ങള്‍ നല്‍കുന്ന നല്ല എഴുത്ത് തുടരുക . Absar Mohamed എന്ന ബ്ലോഗര്‍ പറഞ്ഞതും ഈ ലേഖനത്തോടൊപ്പം കൂട്ടി വായിക്കുക

ഭാവുകങ്ങള്‍

എന്‍.പി മുനീര്‍ പറഞ്ഞു...

വൃദ്ധസദനങ്ങള്‍ പെരുക്ന്നത് ഇന്ന് സ്ഥിരം കാഴ്ച്ചയാണല്ലോ..അതിനേക്കാള്‍, വൃദ്ധരായവരെ വീട്ടില്‍ തന്നെ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന സ്ഥിതിഗ്ഗതിയാണ് കാണാന്‍ കഴിയുന്നത്. സാമ്പത്തികമായി ശൂന്യമാക്കപ്പെട്ട മാതാപിതാക്കള്‍ക്കാണ് ഈ ഗതി വരുന്നത് കൂടുതലും.സാമ്പത്തിക സുരക്ഷ ഇന്നത്തെകാ‍ലഘട്ടത്തില്‍ അത്യാവശ്യമായി മാറിയിരിക്കുന്നു വയസ്സായവര്‍ക്ക്. മതപരവും ആദര്‍ശവുമാ‍യ കാര്യങ്ങളില്‍ അവജ്ഞ കാണിക്കുന്ന കൂട്ടരിലാണ് ഈ അധ്:പതനം കൂടുതലും കാണുന്നത്.സമാകാ‍ലികമായി പ്രസ്ക്തമായ വിഷയം തന്നെ ലേഖനം കൈകാര്യം ചെയ്തു.

ബെഞ്ചാലി പറഞ്ഞു...

ഇന്നു നീ, നാളെ ഞാൻ.. മനുഷ്യർ ചിന്തിക്കുന്നില്ല, ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തി തന്റെ കൈ സമൂഹത്തിനു മുമ്പിൽ നിവർത്തികാണിച്ചു പറഞ്ഞു, വെറും കൈയ്യോടെ ഈ ലോകത്ത് വന്നു വെറും കൈയ്യോടെ തിരിച്ചുപോകുന്നു എന്ന്...

ആർത്തിയോടെ വാരിക്കൂട്ടിയതൊന്നും മരിച്ചുപോകുമ്പോൾ കൊണ്ട് പോകില്ല, കർമ്മഫലങ്ങളാണ് കൂട്ടിനുണ്ടാവുക എന്ന ധാർമ്മികബോധം മനുഷ്യരിൽ വളർത്തിയെടുക്കാൻ ഇത്തരം രചനകൾ കൊണ്ട് കഴിയട്ടെ..

സുബൈദ പറഞ്ഞു...

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്‌. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......

ഓക്കേ കോട്ടക്കൽ പറഞ്ഞു...

Great article

pranaamam പറഞ്ഞു...

കാലത്തിന്റെ മല്സരപ്പാചിലില്‍ ഇട തൂര്‍ന്ന വികല സാമ്പത്തിക വിചാരത്തില്‍ ചവിട്ടി മെതിച്ചു കടന്നു പോവാന്‍ കഴിയുന്ന ഒരേ ഒരു വിഭാഗമാണ് നിഷ്പ്രഭരായ കാലം ഊറ്റിക്കുടിച്ചു വെറും പിണമായ മാതാ പിതാക്കള്‍. . ഇവര്‍ മൂല്യം കല്പിക്കുന്നത് സാമൂഹ്യ ബന്ധങ്ങല്‍ക്കല്ല, സാമ്പത്തിക ബന്ധങ്ങള്‍ക്ക് മാത്രമാണ്. അറിയുക ഇവരും ഇതേ അവസ്ഥ രുചിക്ക തന്നെ ചെയ്യും അല്ലെങ്കില്‍ ഇതിലും നരക തുല്യമായത്...തീര്‍ച്ച...

shanukvk പറഞ്ഞു...

അഛനമ്മമാർക്ക് സ്വന്തം മക്കളോട്, നിങ്ങള്‍ എന്നെ കണ്ടു പഠിക്കൂ എന്ന് പറയാന്‍ കഴിയുന്നുവെന്കിൽ അവർക്കൊരിക്കലും വിശമിക്കേണ്ടിവരില്ല .

shanukvk പറഞ്ഞു...

അഛനമ്മമാർക്ക് സ്വന്തം മക്കളോട്, നിങ്ങള്‍ എന്നെ കണ്ടു പഠിക്കൂ എന്ന് പറയാന്‍ കഴിയുന്നുവെന്കിൽ അവർക്കൊരിക്കലും വിശമിക്കേണ്ടിവരില്ല .