പുണ്യ ഭൂമിയോട് വിടപറയാന്‍ സമയമായി. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സുദീര്‍ഘമായ മടക്ക യാത്രക്ക് സജ്ജമാകുമ്പോള്‍ തങ്ങള്‍ എന്ത് ആഗ്രഹിച്ചു ഇവിടം ലക്ഷ്യമാക്കി പുറപ്പെട്ടുവോ അതു നേടിയ ഭാവം എല്ലാ മുഖങ്ങളിലും കാണാമായിരുന്നു. ആത്മ സംതൃപ്തിയുടെ, ഭക്തി ചൈതന്യത്തിന്റെ, ആഗ്രഹ സഫലീകരണത്തിന്റെ സംതൃപ്ത ഭാവം.
ദൈവീക ദര്‍ശനത്തിന്റെ വെളിച്ചം വീശിയ ഭൂമിയായ പുണ്യ മക്കയെ ഒന്നുകൂടി പുല്കാന് അവസരം നല്കിയ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് അവനോടു നന്ദി ചൊല്ലിക്കൊണ്ട് ..അവനില്‍ എല്ലാം ഭരമേല്‍പ്പിച്ചു യാത്ര തിരിക്കുമ്പോള്‍.. മനസ്സിന് വല്ലാത്തൊരു ശാന്തത കൈ വന്നത് പോലെ .......ഇപ്പോള്‍; അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അനുഭൂതിയും ആത്മ വിശുദ്ധിയും അല്പ്പമെന്കിലും ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍.
പൊള്ളുന്ന ചൂടിലും ഹൃദയം തണുപ്പിക്കുന്ന എന്തോ ഒരു ശക്തി എന്നിലേക്ക് വന്നടുത്ത പോലെ ... എന്തായിരിക്കും ആ ശക്തി ?. സ്വയം മറക്കാന്‍ പ്രേരിപ്പിക്കുന്ന ഏത് ദിവ്യ ജ്യോതിസ്സാണ് എന്നെ പോലെ പതിനായിരങ്ങളെ അവിടെ പിടിച്ചു നിര്‍ത്തുന്നത്....? ഒഴുകി നീങ്ങുന്ന ജനസാഗരങ്ങള്‍ക്കിടയില്‍ പാപമോചനത്തിനായുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകള്‍... തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറച്ച ഭാണ്ഡം ദൈവത്തിന്റെ മുന്നില്‍ ഇറക്കി വെച്ച് , പല ദേശങ്ങളില്‍ പല ഭാഷകളില്‍ ഉള്ളവര്‍ വിശുദ്ധ കഅബാലയത്തിന്റെ വാതില്‍ പ്പടിയില്‍ എല്ലാം അര്‍പ്പിച്ചു വിനീതനായ ദാസനായി ആരാധനാകര്‍മ്മങ്ങളില്‍ നിരതനാകുന്നു... എല്ലാവരുടെ മനസ്സിലും ഒരേ മന്ത്രം....... ഒരേ ഭക്തിയും ഭയപ്പാടും മാത്രം ..അവിടെ വര്‍ണ്ണമോ ഭാഷയോ ഒന്നും തന്നെ പ്രശ്നമാകുന്നില്ല ..ഏതു പാതിരാവിലും ദൈവത്തെ മാത്രം ഭയന്ന് ഹറമിനെ ലക്ഷ്യം വെച്ച് നടന്നു നീങ്ങുന്ന വിനീത ദാസന്മാര് മാത്രം..അവര്‍ ഹൃദയത്തില്‍ തട്ടി നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഹറമിന്റെ ചുറ്റും ഉയര്‍ന്നു പൊങ്ങി നില്ക്കുന്ന പര്‍വ്വതങ്ങളും മൂക സാക്ഷിയാകുന്ന പോലെ....
ഇബ്രാഹിം നബിയുടെയും മകന് ഇസ്മായിലിന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കലാണ് ഹജ്ജും ഉംറയും ....
ചുട്ടു പൊള്ളുന്ന മണലാരുണ്യത്തില്, വിജനമായ മരുഭൂമിയിലൂടെ കൈ കുഞ്ഞായ ഇസ്മായിലിന്റെ ചുണ്ട് നനക്കാന്‍ ഒരിറ്റു ദാഹജലത്തിനായി സഫാ മര്‍വാ മലകള്‍ക്കിടയില്‍ നെട്ടോട്ടമോടിയ ഹാജറാ ബീവിയുടെ ത്യാഗ സ്മരണകള്‍ക്ക് മുമ്പില്‍ വിനയാന്വിതരായ ജന ലക്ഷങ്ങള്‍ ദൈവത്തോട് പാപ മോചനം തേടുന്നു; സഫാ മ ര്‍ വ മലകള്‍ക്കിടയിലൂടെ ഓടുന്നു. .ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായി നാം ഇന്നും അവരുടെ വഴികളിലൂടെ പ്രകീര്ത്തനത്തിന്റെ ഈരടികള്‍ ഏറ്റു ചൊല്ലി മുന്നേറുന്നു..
ഹജ്ജിന്റെ വേളയിലെ മുഖ്യ സ്ഥലങ്ങളായ അറഫാ മൈതാനിയിലൂടെയും മീനാ താഴ്വരയിലൂടെയും സഞ്ചരിച്ചപ്പോള്‍ ഒരേ വേഷത്തില്‍ ഒരു മിച്ചു കൂടുന്ന ഹാജിമാര്‍ ഒന്നിച്ചു ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്കിയ അവരുടെ ചുണ്ടില്‍ നിന്നും ഒരേ സ്വരത്തില്‍ വന്ന മന്ത്ര ധ്വനികള്‍ കര്‍ണ്ണ പുടങ്ങളില്‍ ഒന്നിച്ചലയടിച്ചത് പോലെ ഒരു തോന്നല്‍.."ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...
അറഫയുടെയും മുസ്ദലിഫയുടെയും ഇടയിലൂടെ വാഹനം സഞ്ചരിക്കുമ്പോള്‍ ദൈവീക കോപത്തിനിടയായ വാദി മുഹസ്സിര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ക അബാലയത്തെ നശിപ്പിക്കാന്‍ വന്ന അബ്രഹത്തിന്റെ ആനപ്പടയെ നശിപ്പിക്കാനെത്തിയ അബാബീല്‍ പക്ഷികളുടെ കൊക്കുകളില്‍ കൊത്തിയെടുത്ത ചുടുകല്ലുകള്‍ എന്നിലേക്ക് പതിക്കുകയും അഹങ്കാരത്തിന്റെ അഗ്രപാളിയില്‍ നിന്നും പാപങ്ങള്‍ ഉരുകിയോലിക്കുംപോലെ ...ദൈവീക ശിക്ഷ ഇറങ്ങിയ ആ സ്ഥലത്ത് നബി (സ്വ) അധിക സമയം നില്‍ക്കാരുണ്ടായിരുന്നില്ല എന്നു യാത്രാ അമീര്‍ ഓര്‍മിപ്പിച്ചു. ഒരുവര്‍ഷത്തില്‍ ഒരു ദിവസം മാത്രം നമസ്ക്കാരം നിര്‍വ്വഹിക്കുന്ന മസ്ജിദുന്നമിറയും കടന്നു..ചരിത്രസത്യം ഉറങ്ങി ക്കിടക്കുന്ന പാദയോരങ്ങളിലൂടെ മുന്നേറി..
ഹജ്ജു വേളയില്‍ മാത്രം ഉപയോഗിക്കുന്ന ടെന്റുകള്‍ ..
ഹിറ സന്ദര്‍ശനം ഓര്‍മകളില്‍ തങ്ങി നില്കുന്ന ഒരനുഭവമായി ഇന്നും ശേഷിക്കുന്നു. കൂട്ടത്തിലുള്ള യുവാക്കളും യുവതികളും ജബലുന്നൂറു ചവിട്ടിക്കയറുമ്പോള്‍ അനാരോഗ്യത്തെയും ഇതിനു മുന്‍പ് കയറിയ സംത്ര്‍പ്തിയെയും കൂട്ട് പിടിച്ച് കാഴ്ചക്കാരിയായി നോക്കി നില്കാനെ എനിക്കായുള്ളൂ. എങ്കിലും റസൂലും (സ )ഖദീജയും (റ) എന്റെ മനോമുകുരത്തില്‍ ഒരായിരം ചിന്തകള്‍ക്ക് തീ കൊളുത്തി.
"ജന്നത്തുല്‍ മഅല്ല " എന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നബിയുടെ പ്രിയ പത്നി ഖദീജാ ബീവിയുടെ സ്നേഹനിറഞ്ഞ ദാമ്പത്യജീവിതം കാരണം അവരുടെ വിരഹത്തില്‍ നബിയുടെ ദുഖത്തിന്റെ അഗാധതയെ ഓര്‍മ്മപ്പെടുത്തി..
സൗര്‍ ഗുഹയുടെ താഴ്വാരത്തില്‍ എത്തിയപ്പോള്‍ സുറാക്കത്തിബിനു മാലിക്കിന്റെ കുതിരയുടെ കുളമ്പടി ശബ്ദം ചെവികളില്‍ അലയടിക്കുംപോലെ.....
അഞ്ചു ദിവസത്തെ മക്കാ ജീവിതത്തിനു ശേഷം ഞങ്ങളുടെ സംഘം മദീനത്തുന്നബി ലക്ഷ്യ മാക്കി യാത്ര തിരിച്ചു. രാവിലെ ഒമ്പത് മണിക്ക് യാത്രതിരിച്ച സംഘം അധികം വൈകാതെ തന്നെ മദീന പുല്കി.. അന്സാരുകളുടെയും മുഹാജിറുകളുടെയും പങ്കു വെപ്പുകള്‍ യാതൊരു നീക്കി വെപ്പുമില്ലാതെ യാത്രാ അമീര്‍ വിവരിച്ചപ്പോള്‍ സഹായാത്രികരില്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.
മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തി. നബി(സ്വ)ക്ക് അഭയവും അത്താണിയുമായ മണല്‍ത്തരികളെ കണ്ടു ... പാതിരാവോടടുത്ത സമയം. മുത്തുനബി(സ്വ)യുടെയും അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെയും ഖബര്‍ സിയാറത്തിനുപോയി. വികാരതീവ്രതയോടെ പ്രവാചകന്റെ സന്നിധിയില്‍ വന്നു അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളുടെ സ്നേഹം തിക്കിലും തിരക്കിലും തുടര്‍ന്ന് കൊണ്ടേയിരുന്നു.... മസ്ജിദുന്നബവിയില്‍ ഇബാദത്തുകള്‍ക്ക് പ്രത്യേക പുണ്യമുള്ള ഒരു സ്ഥലമുണ്ട്. അതാണ് റൗദഃ(روضة ). നബി(സ)യുടെ മിമ്പരിന്റെയും ആഇശഃ(റ) താമസിച്ചിരുന്ന വീടിന്റെയും ഇടയിലുള്ള സ്ഥലമാണത്. നബി(സ) പറയുകയുണ്ടായി: "എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തോപ്പുകളില്‍ ഒരു തോപ്പാകുന്നു." പ്രവാചക കുടുംബങ്ങളടക്കം മഹാന്മാര് അന്ത്യവിശ്രമം കൊള്ളുന്ന ജന്നതുല്‍ ബഖീഅ് സിയാറത്ത് ചെയ്തു.
‘ജന്നതുല്‍ബഖീഅ്’ പതിനായിരത്തോളം സ്വഹാബിമാരുടെ വിശ്രമസങ്കേതമാണ്
പുറത്തിറങ്ങി മദീന പട്ടണത്തിലെ ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ ഞങ്ങളെല്ലാവരും പുറപ്പെടുമ്പോള്‍ മനസ്സ് ചരിത്രസത്യങ്ങളുടെ പിന്നാലെ ഓടിയടുക്കാന്‍ ശ്രമിക്കുകയായിരുന്നു....പല ചരിത്ര സംഭവങ്ങളും നടന്ന..മുത്ത് നബിയുടെ കാല്പാദങ്ങള് പതിഞ്ഞ മണ്ണിലൂടെ .ബസ്സ് ഉഹുദു മലയുടെ അടുത്തേക്ക് നീങ്ങി. മദീനാ തീര്‍ത്ഥാടകരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഉഹ്ദ്.
ഹിജ്റ മൂന്നാം വര്‍ഷം ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ പോരാട്ടം നടന്നത് ഉഹ്ദ് പര്‍വ്വത താഴ്വരയില്.നബി (സ)യുടെ വാക്കിനെ ധിക്കരിച്ചു, യുദ്ധം മുസ്ലിങ്ങള്‍ക്ക് അനുകൂല മാണന്നു കരുതി കാവല്‍ നിര്‍ത്തിയുന്നവര്‍ ഉഹുദു മലയില്‍ നിന്നും ഇറങ്ങുകയും യുദ്ദക്കളം വിട്ടോടുന്ന ശത്രു സൈന്യം ഈ ഒഴിഞ്ഞു കിടക്കുന്ന മല കണ്ടു അതിലൂടെ ഒളിച്ചു കടന്നു മുസ്ലിങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്കി
മഹാനായ ഹംസ(റ) യും, മിസ് അബ് ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥലമെന്ന നിലക്കും യുദ്ധ ഭൂമിയെന്ന നിലക്കും സ്ഥാനമുള്ളതിനു പുറമെ …
ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥല
നബി(സ്വ) പറഞ്ഞു: “ഉഹ്ദ് പര്‍വ്വതം, നാം അതിനെയും അത് നമ്മെയും സ്നേഹിക്കുന്നുണ്ട്”
മസ്ജിദുല്‍ ഖിബലതൈന്‍ ആയിരുന്നു അടുത്ത ഊഴം. ഒരേ നിസ്കാരത്തില്‍ രണ്ട് ഖിബ്ല ലഭിച്ചതിനാല്‍ മസ്ജിദു ഖിബ്ലതൈന് എന്ന പേരില്‍ ഈ പള്ളി അറിയപ്പെട്ടു.
ഖുറാന് അഹ്സാബ് എന്ന പേരില്‍ വിശേഷിപ്പിച്ച ഖന്ദഖ് യുദ്ധം നടന്നസ്ഥാനത്ത് ;സബ അ മസാജിട് എന്നാ പേരില്‍ ഇവിടം അറിയപ്പെടുന്നുണ്ടെങ്കിലും ഇന്നിവിടെ അഞ്ചു പള്ളികള്‍ ആണ് നമുക്ക് കാണാന്‍ കഴിയുന്നത് ...
അഞ്ച് സ്വഹാബിമാരുടെ പേരില്‍ അവ അറിയപ്പെടുന്നു. 1. മസ് ജിദു സല്‍മാനുല്‍ ഫാരിസി(റ) 2. മസ്ജിദു അബൂബക്ര് സ്വിദ്ദീഖ്(റ). 3. മസ്ജിദു ഉമറുബ്നുല്‍ ഖത്വാബ്(റ). 4. (മസ്ജിദു ഫാത്വിമതുസ്സഹ്റാ(റ) (5. )മസ്ജിദു ഫതഹ്
മസ്ജിദുല്‍ ഗമാമഃ
മസ്ജിദുന്നബവിയില്‍ നിന്നും കൂടുതല്‍ അകലെയല്ലാതെ വടക്കുപടിഞ്ഞാറു മൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പള്ളിയാണിത്. നബി(സ്വ) നിസ്കരിക്കുകയും മഴക്കുവേണ്ടി പ്രാര്‍ഥിച്ച് ഉടന്‍ തന്നെ ഉത്തരം ലഭിക്കുകയും ചെയ്ത പുണ്യസ്ഥലത്താണ് മസ്ജിദുല്‍ ഗമാമ സ്ഥാപിക്കപ്പെട്ടത്.
പെരുന്നാളുകളിലും മറ്റും നബിയും സഹാബാക്കളും ഒരുമിച്ചുകൂടിയിരുന്ന ഈദ് ഗാഹും ഇവിടെ ആയിരുന്നു ..മൈദാനുല്‍ മുസല്ല എന്നും നബി ഈ സ്ഥലത്തെ വിളിച്ചിരുന്നു...
അബിസീനിയയിലെ രാജാവായ നജ്ജാശി രാജാവിന് വേണ്ടിയുള്ള മയ്യിത്ത് നമസ്ക്കാരവും നബി നമസ്ക്കരിച്ചത് ഇവിടെയായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം ..
സഖീഫത് ബനൂ സ ഈദ തോട്ടം :നബി( സ്വ) വിട പറഞ്ഞ സമയം ഇനി അടുത്ത ഭരണാധികാരി ആര് എന്നാ ചര്‍ച്ച വരികയും ആ ചര്‍ച്ചയ്ക്ക് തീരുമാനം ആകുംവരെ നബിയെ മറവു ചെയ്യാതെ ചര്‍ച്ച മൂന്നു ദിവസം വരെ തുടരുകയും അവസാനം അബൂബക്കറിന്റെ (റ) നെ ഖലീഫയായി തെരഞ്ഞെടുക്കാനായി ഒത്തു കൂടിയ സ്ഥലമാണ് ഹദീഖത്തുല്‍ ബൈഅ എന്നറിയപ്പെടുന്ന തോട്ടം ..
ഹദീഖത്തുല്‍ ബൈഅ
ബിഅറ അരീസ്:
സ്വിദ്ദീഖ്(റ), ഉമര്‍(റ) എന്നിവരില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ച നബി(സ്വ)യുടെ മോതിരം ഉസ്മാന്(റ)ന്റെ കയ്യില്‍നിന്ന് പ്രസ്തുതകിണറില്‍ വീണുപോവുകയുണ്ടായി. അതിയായ വിഷമം പൂണ്ട ഉസ്മാന്(റ) അത് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തിനോക്കി. മൂന്നുദിവസത്തോളം രാപ്പകലില്ലാതെ വെള്ളം വറ്റിച്ചുനോക്കിയിട്ടും പ്രസ്തുതമോതിരം കണ്ടുകിട്ടുകയുണ്ടായില്ല. ഒടുവില്‍ അതുപേക്ഷിക്കുകയാണുണ്ടായത്.
പുണ്യ ഭൂമികളിലൂടെ യുള്ള യാത്ര അനിര്‍വജനീയമായ ഒരനുഭൂതിയായി ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്നു. ...............
ഇങ്ങിനെ ഒട്ടേറെ ചരിത്ര ശേഷിപ്പുകളുടെ ഈ ഭൂമികയിലൂടെ സഞ്ചരിച്ചപ്പോഴൊക്കെ നിര്‍വചിക്കാനാവാത്ത ഒരു അനുഭൂതിയുടെ ലോകത്തില്‍ ഞാന്‍ എത്തിപ്പെട്ടിട്ടുണ്ട് . അതു എന്നെ ചരിത്രത്തിന്റെ നേരറിവുകളിലെക്ക് കൈ പിടിച്ചു നടത്തുകയാണ്. അക്രമത്തിന്റെയും അനീതിയുടെയും ദുര്മാര്ഗത്തിന്റെയും പൈശാചികതക്ക് മേല്‍ സത്യവും ശാന്തിയും സമാധാനവും പുന:സ്ഥാപിച്ച കാലത്തിന്റെ വഴിത്തിരുവളെ അനുഭവിച്ചറിയുന്ന പോലെ. മനുഷ്യ കുലത്തിനു നന്മയുടെ, നേരിന്റെ, ദൈവിക മാര്‍ഗം കാണിച്ചു തന്നു മണ്മറഞ്ഞു പോയ പുണ്ണ്യ ദേഹങ്ങളുടെ കാല്പാടുകള് പതിഞ്ഞ മണ്ണില്‍ നിന്നും ത്യാഗ സ്മരണകളോടെ മടങ്ങുമ്പോള്‍ എന്നെ പോലെ പലരുടെയും മനസ്സ് ഭക്തി സാന്ദ്രമായിരുന്നു. അല്ലാഹുവേ ഞങ്ങള്‍ക്ക് നീ പരലോക മോക്ഷം നല്കേണമേ. ...!
