
മഴ നനഞ്ഞ പോസ്റ്റുകള്‍ വായിച്ചു കുളിര് കൊണ്ടിരിക്കുമ്പോള്‍ .. ഞാനും പോയി എന്റെ കുട്ടിക്കാലത്തേക്കൊരു തിരിച്ചു പോക്ക് പക്ഷെ അവിടെ
യുള്ള നനുത്ത ഓര്‍മ്മകള്‍ക്ക് പൂക്കളുടെ സുഗന്ധമോ തെന്നി വീഴുന്ന മഴ തുള്ളികള്‍ക്ക് മുത്തുകളെ പോലെയുള്ള സൌന്ദര്യമോ ഒന്നും ഉണ്ടായിരുന്നില്ല.

ഓരോ മഴക്കാലവും ഉപ്പയ്ക്കും ഉമ്മയ്ക്കും ഉറക്കം കളയുന്ന രാത്രികളെയാണ് സമ്മാനിച്ചത്. രണ്ടു മുറികളുള്ള വീട്ടില്‍ പുറത്തുളളതിനേക്കാള്‍ കൂടുതല്‍ മഴ വെള്ളം അകത്താവും. തീയും പുകയും സ്ഥിരമായി തട്ടുന്നിടം ആയതിനാല്‍ വൈക്കോല്‍
അധികമൊന്നും ദ്രവിക്കാത്ത അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലാകും കുറച്ചൊക്കെ ചോര്‍ച്ചക്ക് ആശ്വാസം ഉണ്ടാവുക കര്‍ക്കിടകമാസത്തില്‍ തുള്ളിക്കൊരു കുടം കണക്കെ പാതിരാവില്‍ മഴ സംഹാര താണ്ഡവമാടുമ്പോള്‍ അടുക്കളയോട് ചേര്‍ന്ന മുറിയിലെ ഒരു മൂലയില്‍ എല്ലാവരും കൂടി ഒരു പുതപ്പിനടിയില്‍ മഴ ചോരാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചിരിക്കും.
കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ടോ മണ്ണെണ്ണയുടെ അളവ് കുറഞ്ഞത് കൊണ്ടോ അണഞ്ഞു പോയ ചിമ്മിനി കാഴ്ചകള്‍ അവയെ മറക്കാന്‍ ശ്രമിച്ചെങ്കിലും മഴ യോടപ്പം ശക്തമായ കാറ്റും ഇടിയും കൂരിരുട്ടിനെ കീറി മുറിച്ചെത്തുന്ന മിന്നലും മിന്നി മറയുന്നതിനിടയില്‍ ഉമ്മയുടെയും ഉപ്പയുടെയും കവിള് തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര് ചാലുകള്‍ ഇലട്രിക് ബള്‍ബുകളുടെ വെട്ടത്തില്‍ തിളങ്ങുന്ന കായല്‍ പോലെ തിളങ്ങുന്നത് പലവട്ടം കണ്ടിട്ടുണ്ട് .. ആ കണ്ണ് നീര് തടങ്ങള്‍ ഒരു സങ്കടക്കടലായി മാറാന്‍ ഞങ്ങള്‍ ഉറങ്ങും വരെ കാത്തിരിക്കുമായിരുന്നു ഉമ്മ..
അയല്‍ പക്കത്തെ കുട്ടികളെല്ലാം മടക്കുന്നതും അല്ലാത്തതുമായി ഞെക്കിയാല്‍ തുറക്കുന്ന കുടകളുമായി മഴയത്ത് ആര്‍ത്തുല്ലസിച്ച് സ്കൂളിലേക്ക് പോകുമ്പോള്‍ മേലോട്ട് നോക്കിയാല്‍ ആകാശം കാണുന്ന കീറിയ കുട കീഴില്‍ ഇലാസ്ടിക്കു കൊണ്ട് അടുക്കി പിടിച്ച ബുക്കുകള്‍ക്ക് മീതെ ചോറ്റു പാത്രവും കെട്ടി മാറത്തു അടുക്കി പിടിച്ചു നടക്കുമ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹങ്ങള്‍ എല്ലാം ഇടവഴിയിലെ മഴ വെള്ള പാച്ചിലില്‍ ഒഴുകി പോകും പോലെ തോന്നിയിട്ടുണ്ട്..
അന്നൊക്കെ സ്കൂളില്‍ പോകുമ്പോള്‍ മാറി ഉടുക്കാന്‍ ഒന്നില്‍ കൂടുതല്‍ ഡ്രെസ്സുകളും ഉണ്ടായിരുന്നില്ല. വെയില് കിട്ടാത്തത് കൊണ്ട് വീണ്ടും നനഞ്ഞത് തന്നെ ഇട്ടു പോകേണ്ടി വരുന്ന ഗതികേടും അതിലെ ആ ഒരു നനഞ്ഞ ഗന്ധവും ഒക്കെയായിരുന്നു അന്നത്തെ മഴക്ക് .

മഴയുടെ രൂപഭാവങ്ങള്‍ പലരും ആസ്വദിക്കുക പല രൂപത്തില്‍ ആയിരിക്കും.. കവികള്‍ക്കും സാഹിത്യകാരന്മാര്ക്കും അവരുടെ തൂലിക തുമ്പില്‍ നിന്നും ഉറ്റി വീഴുന്ന പ്രക്ര്തിയുടെ ആനന്ദാശ്രുക്കള്‍ ആകുമ്പോള്‍ . ചിലര്‍ക്ക് സന്തോഷത്തിന്റെയും മറ്റുചിലര്‍ക്ക് ദുഃഖത്തിന്റെയും പ്രതീകമായി മാറുന്നു... പ്രേമിക്കുന്നവര്‍ക്ക് കുളിര് കോരിയിടുന്ന പ്രണയവും കമിതാക്കള്‍ക്ക് കാമത്തിന്റെ ചൂടും സമ്മാനിക്കുന്നു മഴ.. . തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയോ മഴ നനയാതിരിക്കാന്‍ ഒരു കൂരയോ ഇല്ലാത്തവന് തീരാ ദുഖത്തിന്റെ അഗ്നിജ്വാലയായി മാറുന്നു മഴ ... പാവപ്പെട്ടവനും പട്ടിണിക്കാരനും പ്രാര്‍ത്ഥനയും ഭീതിയുമാണ് മഴ സമ്മാനിക്കുന്നത് .
മഴ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്നില്ല എന്ന് ഇതിനര്‍ത്ഥമില്ല ..മഴയും പ്രണയവുമെല്ലാ. കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ അവ കഥയ്ക്കും കവിതയ്കുമുള്ള നല്ലൊരു വിഷയം തന്നെ .. ചില സമയങ്ങളില്‍ ചില മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തില്‍ അവ ദുരിതങ്ങളും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ചില നിമിഷങ്ങളും സമ്മാനിക്കുന്നു ... എങ്കിലും കാലത്തിന്റെ കറക്കത്തില്‍ പ്രവാസത്തിന്റെ ആകുലതകളിലും ഒറ്റപെടലുകളിലും ജീവിതം സിമന്റു കൂടാരങ്ങള്‍ക്കിടയില്‍ ചൂട് പിടിച്ചുരുകുമ്പോള്‍ മനസിലും കണ്ണിനും കുളിര്‍മ്മയേകുന്ന ഒരു ചാറ്റല്‍ മഴ അറിയാതെ എന്റെ മനസും കൊതിക്കുന്നൂ ...