
അസ്തമയ സൂര്യന്റെ രക്ത ശോഭ പടിഞ്ഞാറെ മാനത്ത് പടർന്നിരിക്കുന്നു... കയ്യിലുണ്ടായിരുന്ന കൽ വെട്ടി താഴെ വച്ച് ഹമീദ് ഒന്നു നിവർന്നു നിന്നു. തന്റെ തലയിലെ കെട്ടഴിച്ച് തോർത്ത് തോളിലേക്കിട്ട് പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ച് വലിച്ച് അതിന്റെ പുക ചുരുൾ അന്തരീക്ഷത്തിൽ ഉയർന്നു ചേരുന്നതും നോക്കി അയാൾ അടുത്തു കണ്ട കല്ലിലേക്കിരുന്നു.
.
തൊട്ടടുത്ത ടവറിലെ ക്ലോക്കിൽ നാഴിക മണി മുഴങ്ങി.. അഞ്ച് മണി കഴിഞ്ഞിരിക്കുന്നു.... കയ്യിലുള്ള ബീഡിക്കുറ്റി അയാൾ ദൂരെക്കെറിഞ്ഞ് എഴുന്നേറ്റ് മുതലാളിയുടെ മുറിയിലേക്ക് ചെന്നു....കണക്കെഴുതിക്കൊണ്ടിരിക്കുന്ന സുകുമാരൻ നായർ വാതിലിനടുത്തൊരു നിഴലനക്കം കണ്ട് മുഖമുയർത്തി... “എന്താ ഹമീദെ”...? മുഖത്തെ കണ്ണട ചൂണ്ടാണി വിരൽക്കൊണ്ടൊന്നു നേരെയാക്കി കണക്ക് ബുക്കിൽ നിന്നും തല ഉയർത്തി സുകുമാരേട്ടന്റെ സ്വത സിദ്ധമായ ശൈലിയിലുള്ള ചോദ്യം. “കുറച്ച് കാശ് വേണമായിരുന്നു.. വീട്ടിൽ ഇത്തിരി ബുദ്ധിമുട്ടാണെ... അടുത്തമാസം ശമ്പളം തരുമ്പോൾ അതീന്നു പിടിച്ചോ... ഹമീദ് ഭവ്യതയോടെ മൊഴിഞ്ഞു... “ഹും..”ഒന്നിരുത്തിമൂളിക്കൊണ്ട് സുകുമാരൻ നായർ പൈസ കൊടുത്തു.. ഹമീദെ നീയിപ്പോ കുടിയിലേക്ക് തന്നെയല്ലെ പോണത്..? കാശും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ സുകുമാരേട്ടന്റെ ചോദ്യം കേട്ട് അതെ എന്നു മറുപടി കൊടുത്തു ഹമീദ് ഇറങ്ങി നടന്നു.. ആ നടപ്പു നോക്കി സുകുമാരൻ നായർ ഒന്നു നെടുവീർപ്പിട്ടു..
മുഷിഞ്ഞ നോട്ടുകൾ കീശയിൽ നിന്നും പല്ലിളിക്കുമ്പോൾ തെരുവത്തെ കോരന്റെ ഷാപ്പിലെ കള്ളിന്റെ മണം അയാളുടെ മൂക്കിലേക്കടിച്ചു...പതിവു പോലെ വീട്ടിലേക്കുള്ള വഴിതിരിഞ്ഞെത്തിയത് കോരന്റെ ഷാപ്പിൽ തന്നെ ... ഹമീദിനെ കണ്ടപ്പോൾ അവിടെ കാത്തിരുന്ന കൂട്ടുകാർക്ക് സന്തോഷമായി. “വാടാ ഹമീദെ ഒരു കൈ നോക്കാം...” കൂട്ടുകാരൻ ക്ഷണിച്ചു .. ഹമീദ് വന്നിരുന്നപ്പോഴേക്കും വെയിറ്റർ കുപ്പിയുമായി വന്നു. കൂട്ടുകാരൻ അപ്പോഴേക്കും ചീട്ട് നിരത്തിയിരുന്നു. കളിയും കുടിയുമായി സമയം പോയതയാൾ അറിഞ്ഞില്ല.. കയ്യിലിരുന്ന കാശുമുഴുവൻ കൂട്ടുകാരുടെ കയ്യിലെത്തിയപ്പോഴേക്കും അകത്ത് ചെന്ന കള്ള് തലക്ക് പിടിച്ചിരുന്നു.. കാലിയായ കീശയും തലക്കകത്തെ ലഹരിയുമായി അയാൾ ഷാപ്പ് വിട്ടിറങ്ങി..
പെയ്തു കൊണ്ടിരിക്കുന്ന മഴയില്‍ തലയിലെ കെട്ടഴിച്ച് ഒന്നാഞ്ഞു വീശി വീണ്ടും തലയില്‍ ചുറ്റി "പാപ്പി അപ്പച്ചാ .. അപ്പച്ചനോടോ അമ്മച്ചിയോടോ ..." എന്ന പാട്ടും പാടി ഇരുട്ടില്‍ ആടിയുലഞ്ഞ് അയാൾ തന്റെ കൂരയിലെത്തി.....
ചോര്‍ന്നൊലിക്കുന്ന ആ ഓലക്കൂരയില് ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ വാതില്‍പ്പടിയില്‍ ഇളയ മകളേയും ഒക്കത്ത് വെച്ച് മുഷിഞ്ഞ വേഷത്തില്‍ മൈമൂന ... അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അവളെ കാണാത്ത ഭാവത്തില്‍ ഹമീദ് അകത്തു കയറി . പനിയില്‍ വിറച്ചു കിടക്കുന്ന മൂത്ത മകന്റെ ദയനീയ മുഖവും അയാള്‍ ശ്രദ്ധിച്ചില്ല . അപ്പുറത്തെ മുറിയില്‍ നിന്നും ഉയര്‍ന്നു കേട്ട ഭാര്യ മാതാവിന്റെ ചുമ അയാളെ ശുണ്ടി പിടിപ്പിച്ചു "നാശം .. തള്ളക്ക് മര്യാദക്ക് ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരുന്നൂടെ പകലു മുഴുവനും അവിടേം ഇവിടേം തെണ്ടി നടക്കും ...എന്നിട്ട് രാത്രി കെടന്നു കൊരക്കും" ഇത് കേട്ട് കടന്നു വന്ന മൈമൂന അയാളെ നോക്കി ..മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അവളുടെ രക്ത നിറമുള്ള കണ്ണുകള്‍ അയാളെ തിരിച്ചു നോക്കുന്നതായി അയാള്‍ കണ്ടു .. "എന്താടി നിന്റെ തള്ളയെ പറഞ്ഞത് നിനക്കു പിടിച്ചില്ലേ .. അതുവരെ മൌനിയായി നിന്ന മൈമൂന അടക്കി വെച്ച ദേഷ്യവും സങ്കടവുമെല്ലാം വാക്കുകളിലൂടെ പുറത്തേക്കെടുത്തു " എന്റെ ഉമ്മ അങ്ങിനെ തെണ്ടി നടന്ന് മറ്റുള്ളവരുടെ വീട്ടിലെ എച്ചില് പാത്രം കഴുകുന്നത് കൊണ്ടാ ഞാനും കുട്ടികളും ഇവിടെ കഴിഞ്ഞു പോകുന്നത് അതറിയോ നിങ്ങള്‍ക്ക് ...ദേ ഇത് കണ്ടോ താഴെ നിലത്ത് കീറ പായയില്‍ മൂത്ത കുട്ടിയെ ചൂണ്ടി കാണിച്ച് അരിശത്തോടെ അവള് പറഞ്ഞു "ഇന്നലെ മുതല്‍ തുടങ്ങിയതാ ചുട്ടുപൊള്ളുന്ന പനി..ആശുപത്രീ കൊണ്ടോകാന്‍ കയ്യില്‍ കാശില്ല നിങ്ങളോട് ഞാന്‍ രാവിലെ പോകുമ്പോ പറഞ്ഞതല്ലേ മൊതലാളീനോട് കുറച്ച കാശ് വാങ്ങിച്ച് നേരത്തെ വരണമെന്ന് എന്നിട്ടോ .. കണ്ട അലവലാതികളുമായി കൂട്ട് കൂടി കയ്യിലെ കാശും കളഞ്ഞു ,കള്ളും മോന്തി വന്നിരിക്കുന്നു ... മടുത്തു ഈ ജീവിതം ഇത്രയും പറഞ്ഞു അവള് തന്റെ കൈ കൊണ്ട് മാറില്‍ ആഞ്ഞടിച്ച് പൊട്ടിക്കരഞ്ഞു ...ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ അവളുടെ ഹൃദയം പൊട്ടിയുള്ള കരച്ചില് അലിഞ്ഞു ചേര്‍ന്നു... മഴക്ക് പിന്നെയും ശക്തിയേറി ..ലോകം സൃഷ്ട്ടിച്ച അനന്ത ദയാപരനോട് ഇരുകൈകളും ഉയര്‍ത്തി അവള് സഹായം തേടി...എല്ലാം കേട്ട് കൊണ്ട് ഉമ്മറത്തെ പഴകിയ കസേരയില്‍ അയാള്‍ ചെന്നിരുന്നു ...അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച് മിന്നല്‍ പിണറുകള്‍ ഇടിയോടൊപ്പം ഭൂമിലൂടെ മിന്നി മറഞ്ഞു ...മഴ പിന്നേയും തോരാതെ പെയ്തുകൊണ്ടിരുന്നു ... കരഞ്ഞുറങ്ങിയ മക്കളെ നെഞ്ചോട് ചേര്‍ത്ത് വെച്ച് വിശന്നൊട്ടിയ വയറുമായി എപ്പോഴോ അവളും ഉറക്കത്തിലേക്ക് വഴുതി വീണു..... ഇതിനിടയില്‍ മൂലയില്‍ ചുരുട്ടി വെച്ച പഴകി ദ്രവിച്ച പുല് പായ എടുത്തു ഹമീദ് ചോര്ന്നിറങ്ങിയ മഴത്തുള്ളികള്‍ വീണു നനഞ്ഞ തിണ്ണയില്‍ വിരിച്ച് അതിലേക്കു വീണു ... ഒന്നുമറിയാതെ ഏതോ ഒരു ലോകത്തില്‍ അയാള്‍ സുഖ നിദ്രയിലാണ്ടു ... പെട്ടെന്ന് .....
വല്ലാത്തൊരു ശബ്ദം അയാളില്‍ പ്രതിധ്വനിയായെത്തി ..മറ്റൊരു ലോകം ...അവിടെ മുടി നാരിഴപോലെ നേര്‍ത്തൊരു പാലം ഇരുവശങ്ങളിലായി നന്മയുടെയും തിന്മയുടെയും ലോകങ്ങള്‍ ... ഒരു ചാണ് ഉയരത്തില്‍ ജ്വലിച്ചു നില്ക്കുന്ന സൂര്യ ഗോളം .... ജനങ്ങള്‍ അവരുടെ വിയര്‍പ്പുകണങ്ങളില്‍ മുങ്ങിത്താഴുന്നു കൊണ്ടിരിക്കുന്നു....തിങ്ങി നിറഞ്ഞ ഭൂമീ വാസികള്‍ അവരവരുടെ ചെയ്തികളുടെ പ്രതിഫലത്തിനായി അക്ഷമരായി..നിൽക്കുന്നു.. ബന്ധമോ ബന്ധനങ്ങളൊ ഇല്ലാത്തൊരു ലോകം ..എല്ലാവരും സ്വന്തത്തിനു വേണ്ടി കേണിടുന്നൂ..അവിടെ അവനും അവളുമുണ്ട്..മരവും മലയുമുണ്ട്,പുഴയും പുഴുക്കളുമുണ്ട്,അടിമയും ഉടമയുമുണ്ട്,..രാജാവും പ്രജയുമുണ്ട്, വിധിച്ചവനും വിധിക്കപ്പെട്ടവനുമുണ്ട്,..എല്ലാവരും താൻ ചെയ്തു പോയ കർമ്മങ്ങളുടെ ഫലമറിയാൻ വേണ്ടി പരക്കം പായുന്നു.. ഇന്നലെ വരെ ഗർജ്ജിച്ച നാവ് നിശബ്ദമാകുന്നു..പകരം ശരീരത്തിലെ മറ്റവയവങ്ങൾ സംസാരിക്കുന്നു... ഇവരുടെ ചെയ്തികൾക്ക് ഞങ്ങൾ സാക്ഷിയെന്നു അവ തുറന്നു പറയുന്നു..അവിടെ സ്വന്തത്തിനു വേണ്ടി കർമ്മങ്ങൾ മാത്രം.... ഹമീദ് പെട്ടെന്ന് ഉറക്കിൽ നിന്നും ഞെട്ടിയെണീറ്റു ..
പുറത്ത് അപ്പോഴും മഴ കനത്ത് പെയ്യുന്നുണ്ടെങ്കിലും അവന്റെ ശരീരം വിയർത്തൊലിക്കുകയായിരുന്നു..തലേ ദിവസം കുടിച്ച കള്ളിന്റെ ലഹരി അയാളെ വിട്ടു മാറിയിരിക്കുന്നു.. താൻ സ്വപ്നത്തിലായിരുന്നോ..കണ്ടതെല്ലാം സ്വപ്നമായിരുന്നോ..അയാൾക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു
.എല്ലാം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു...പുതു ജന്മം പോലെ അയാളുടെ മനസിൽ ഒരു പ്രകാശം പരന്നു..അയാൾക്കൊന്നും മനസ്സിലായില്ല...
കുറച്ചകലേയുള്ള പള്ളിയിൽ നിന്നും സുബഹി ബാങ്കിന്റെ ഈരടികൾ മഴയുടെ ഇരമ്പലിനൊപ്പം ഹമീദിന്റെ ചെവിയിൽ അലയടിച്ചു..പെട്ടെന്നയാൽ എണീറ്റു മുഖം കഴുകി.. പുല്ലുകൾ നിറഞ്ഞ ഒറ്റയിടി വരമ്പിലൂടെ നടന്നു നീങ്ങി.... ബാങ്കു വിളിയുടെ ശബ്ദം അയാളിലടുത്തു വന്നപ്പോൾ മഴയുടെ ആരവവും നേർത്തില്ലാതായി..പള്ളിമുറ്റത്തെത്തിയവരിൽ ഒരാളായി അയാളും...
ഇന്നലെകളുടെ മാലിന്യം കഴുകിത്തുടച്ച് ഇന്നിലൂടെ പ്രശാന്ത സുന്ദരമായ നാളേയിലേക്കുള്ള യാത്രയുടെ തുടക്കം...