തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

ക്ഷണിക്കാതെ വന്ന അതിഥി..


നിദ്ര തന്‍ ശീതക്കാറ്റില്‍  
എന്നില്‍ നീ പെയിതിറങ്ങുമ്പോള്‍
എന്‍ പ്രണയിനി
 പേമാരിതന്‍  മിഴിനീരിനാല്‍
കുതിര്‍ന്നു പോയി..
കാറ്റുപോല്‍ മഞ്ഞു പോല്‍ 
ക്ഷണിക്കാതെ വന്ന അതിഥി നീ 
കാത്തിരിപ്പുണ്ട്‌ നീയെന്നു  
പലവുരു ഉണര്‍ത്തി ഞാന്‍ 
കുത്തിയൊലിക്കും പുഴയിലും
വിജനമാം  റെയില്‍പാളങ്ങളിലും
ആതുരാലയ വരാന്തയിലും
അപരന്റെ കത്തി മുനയിലും
ആര്‍ത്തിരമ്പും നടുറോട്ടിലും
എപ്പോഴും വരുമെന്ന് പക്ഷെ 
മറന്നു പോയി ഞാനുമവളും.
ഇന്നീ പ്രണയ നിലാവില്‍ 
നിന്‍ മരവിച്ച കൈകളെന്നെ
പുല്‍കി അമരുമ്പോള്‍ .............
കൂരിരുള്‍ പരക്കും  ഏകാന്ത വീഥിയില്‍  
ഏകാകിയായി അവളിരിക്കുന്നു..
എന്നോര്‍മ്മകള്‍ ശക്തി പകരുമോ 
അവളില്‍ പ്രതീക്ഷ തന്‍  
കൈത്തിരി നാളമായി .......




ബുധനാഴ്‌ച, ഏപ്രിൽ 11, 2012

പുണ്യഭൂമിയില്‍...ഇത്തിരി നാള്‍..........


         പുണ്യ  ഭൂമിയോട് വിടപറയാന്‍ സമയമായി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സുദീര്‍ഘമായ മടക്ക യാത്രക്ക് സജ്ജമാകുമ്പോള്‍ തങ്ങള്‍  എന്ത് ആഗ്രഹിച്ചു ഇവിടം ലക്ഷ്യമാക്കി പുറപ്പെട്ടുവോ അതു നേടിയ ഭാവം എല്ലാ മുഖങ്ങളിലും കാണാമായിരുന്നു. ആത്മ സംതൃപ്തിയുടെ, ഭക്തി ചൈതന്യത്തിന്റെ, ആഗ്രഹ സഫലീകരണത്തിന്റെ സംതൃപ്ത  ഭാവം. 

ദൈവീക ദര്‍ശനത്തിന്റെ വെളിച്ചം വീശിയ ഭൂമിയായ പുണ്യ മക്കയെ ഒന്നുകൂടി പുല്‍കാന്‍ അവസരം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ചു  കൊണ്ട് അവനോടു നന്ദി ചൊല്ലിക്കൊണ്ട് ..അവനില്‍ എല്ലാം ഭരമേല്‍പ്പിച്ചു യാത്ര തിരിക്കുമ്പോള്‍.. മനസ്സിന് വല്ലാത്തൊരു ശാന്തത കൈ വന്നത് പോലെ .......ഇപ്പോള്‍; അനുഭവിച്ചുകൊണ്ടിരിക്കുന്ന  ഈ അനുഭൂതിയും ആത്മ വിശുദ്ധിയും  അല്പ്പമെന്കിലും  ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍. 


പൊള്ളുന്ന ചൂടിലും ഹൃദയം തണുപ്പിക്കുന്ന എന്തോ ഒരു ശക്തി എന്നിലേക്ക് വന്നടുത്ത പോലെ ... എന്തായിരിക്കും ആ
  ശക്തി ?. സ്വയം മറക്കാന്‍ പ്രേരിപ്പിക്കുന്ന  ഏത് ദിവ്യ ജ്യോതിസ്സാണ് എന്നെ പോലെ പതിനായിരങ്ങളെ അവിടെ പിടിച്ചു നിര്‍ത്തുന്നത്....
 ഒഴുകി നീങ്ങുന്ന ജനസാഗരങ്ങള്‍ക്കിടയില്‍  പാപമോചനത്തിനായുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകള്‍... തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും  നിറച്ച ഭാണ്ഡം ദൈവത്തിന്റെ മുന്നില്‍  ഇറക്കി വെച്ച് , പല ദേശങ്ങളില്‍ പല ഭാഷകളില്‍ ഉള്ളവര്‍ വിശുദ്ധ കഅബാലയത്തിന്റെ വാതില്‍ പ്പടിയില്‍ എല്ലാം അര്‍പ്പിച്ചു വിനീതനായ ദാസനായി ആരാധനാകര്‍മ്മങ്ങളില്‍ നിരതനാകുന്നു... എല്ലാവരുടെ മനസ്സിലും ഒരേ മന്ത്രം....... ഒരേ ഭക്തിയും ഭയപ്പാടും മാത്രം ..അവിടെ വര്‍ണ്ണമോ ഭാഷയോ ഒന്നും തന്നെ പ്രശ്നമാകുന്നില്ല ..ഏതു  പാതിരാവിലും ദൈവത്തെ മാത്രം ഭയന്ന് ഹറമിനെ ലക്ഷ്യം  വെച്ച് നടന്നു നീങ്ങുന്ന വിനീത ദാസന്മാര്‍ മാത്രം..അവര്‍ ഹൃദയത്തില്‍ തട്ടി  നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഹറമിന്റെ ചുറ്റും ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്ന  പര്‍വ്വതങ്ങളും മൂക സാക്ഷിയാകുന്ന പോലെ.... 

           ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്റെയും ഹാജറാ ബീവിയുടെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കലാണ്  ഹജ്ജും ഉംറയും ....


ചുട്ടു പൊള്ളുന്ന മണലാരുണ്യത്തില്വിജനമായ മരുഭൂമിയിലൂടെ‍ ‍ കൈ കുഞ്ഞായ ഇസ്മായിലിന്റെ ചുണ്ട് നനക്കാന്‍ ഒരിറ്റു ദാഹജലത്തിനായി സഫാ മര്‍വാ മലകള്‍ക്കിടയില്‍ നെട്ടോട്ടമോടിയ  ഹാജറാ ബീവിയുടെ ത്യാഗ  സ്മരണകള്‍ക്ക്  മുമ്പില്വിനയാന്വിതരായ ജന ലക്ഷങ്ങള്‍ ദൈവത്തോട് പാപ മോചനം തേടുന്നു; സഫാ മ ര്‍ വ മലകള്ക്കിടയിലൂടെ ഓടുന്നു. .ഇവര്‍ അനുഭവിച്ച ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായി നാം ഇന്നും അവരുടെ വഴികളിലൂടെ പ്രകീര്ത്തനത്തിന്റെ    ഈരടികള്ഏറ്റു  ചൊല്ലി മുന്നേറുന്നു..

ഹജ്ജിന്റെ വേളയിലെ മുഖ്യ സ്ഥലങ്ങളായ അറഫാ മൈതാനിയിലൂടെയും  മീനാ താഴ്വരയിലൂടെയും സഞ്ചരിച്ചപ്പോള്‍  ഒരേ വേഷത്തില്  ഒരു മിച്ചു കൂടുന്ന ഹാജിമാര്‍ ഒന്നിച്ചു  ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കിയ  അവരുടെ ചുണ്ടില്‍ നിന്നും ഒരേ സ്വരത്തില്‍ വന്ന  മന്ത്ര ധ്വനികള്‍  കര്‍ണ്ണ പുടങ്ങളില്‍  ഒന്നിച്ചലയടിച്ചത് പോലെ ഒരു തോന്നല്‍.."ലബ്ബൈക്കല്ലാഹുമ്മ ...ലബ്ബൈക്ക് ...

അറഫയുടെയും മുസ്ദലിഫയുടെയും ഇടയിലൂടെ വാഹനം സഞ്ചരിക്കുമ്പോള്‍ ദൈവീക കോപത്തിനിടയായ വാദി മുഹസ്സിര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ക അബാലയത്തെ നശിപ്പിക്കാന്‍ വന്ന അബ്രഹത്തിന്റെ ആനപ്പടയെ നശിപ്പിക്കാനെത്തിയ അബാബീല്‍ പക്ഷികളുടെ കൊക്കുകളില്‍ കൊത്തിയെടുത്ത ചുടുകല്ലുകള്‍  എന്നിലേക്ക് പതിക്കുകയും  അഹങ്കാരത്തിന്റെ അഗ്രപാളിയില്‍  നിന്നും പാപങ്ങള്‍ ഉരുകിയോലിക്കുംപോലെ ...ദൈവീക ശിക്ഷ ഇറങ്ങിയ ആ സ്ഥലത്ത് നബി (സ്വ) അധിക സമയം നില്‍ക്കാരുണ്ടായിരുന്നില്ല എന്നു യാത്രാ അമീര്‍ ഓര്‍മിപ്പിച്ചു. ഒരുവര്‍ഷത്തില്‍ ഒരു ദിവസം മാത്രം നമസ്ക്കാരം നിര്‍വ്വഹിക്കുന്ന മസ്ജിദുന്നമിറയും കടന്നു..ചരിത്രസത്യം ഉറങ്ങി ക്കിടക്കുന്ന പാദയോരങ്ങളിലൂടെ മുന്നേറി..
                       ഹജ്ജു വേളയില്‍  മാത്രം ഉപയോഗിക്കുന്ന ടെന്റുകള്‍ ..
ഹിറ സന്ദര്‍ശനം ഓര്‍മകളില്‍ തങ്ങി നില്‍കുന്ന  ഒരനുഭവമായി ഇന്നും ശേഷിക്കുന്നു. കൂട്ടത്തിലുള്ള യുവാക്കളും യുവതികളും ജബലുന്നൂറു   ചവിട്ടിക്കയറുമ്പോള്‍  അനാരോഗ്യത്തെയും ഇതിനു മുന്‍പ് കയറിയ സംത്ര്‍പ്തിയെയും  കൂട്ട് പിടിച്ച്  കാഴ്ചക്കാരിയായി നോക്കി നില്കാനെ എനിക്കായുള്ളൂ. എങ്കിലും റസൂലും (സ )ഖദീജയും (റ) എന്റെ  മനോമുകുരത്തില്‍ ഒരായിരം ചിന്തകള്‍ക്ക്‌  തീ കൊളുത്തി.
"ജന്നത്തുല്‍ മഅല്ല " എന്ന സ്ഥലം സന്ദര്ശിച്ചപ്പോള്‍   നബിയുടെ പ്രിയ പത്നി ഖദീജാ ബീവിയുടെ സ്നേഹനിറഞ്ഞ  ദാമ്പത്യജീവിതം കാരണം അവരുടെ വിരഹത്തില്‍ നബിയുടെ ദുഖത്തിന്റെ അഗാധതയെ ഓര്‍മ്മപ്പെടുത്തി..
സൗര്‍ ഗുഹയുടെ താഴ്വാരത്തില്‍ എത്തിയപ്പോള്‍ സുറാക്കത്തിബിനു മാലിക്കിന്റെ കുതിരയുടെ കുളമ്പടി ശബ്ദം ചെവികളില്‍ അലയടിക്കുംപോലെ.....

അഞ്ചു ദിവസത്തെ മക്കാ ജീവിതത്തിനു ശേഷം ഞങ്ങളുടെ സംഘം മദീനത്തുന്നബി  ലക്ഷ്യ മാക്കി യാത്ര തിരിച്ചു. രാവിലെ ഒമ്പത്‌ മണിക്ക് യാത്രതിരിച്ച സംഘം അധികം വൈകാതെ തന്നെ മദീന പുല്‍കി.. അന്സാരുകളുടെയും  മുഹാജിറുകളുടെയും പങ്കു വെപ്പുകള്‍ യാതൊരു നീക്കി വെപ്പുമില്ലാതെ യാത്രാ അമീര്‍  വിവരിച്ചപ്പോള്‍ സഹായാത്രികരില്‍  പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തി. നബി(സ്വ)ക്ക് അഭയവും അത്താണിയുമായ മണല്‍ത്തരികളെ കണ്ടു ... പാതിരാവോടടുത്ത സമയം. മുത്തുനബി(സ്വ)യുടെയും അബൂബക്കര്‍(റ)ഉമര്‍(റ) എന്നിവരുടെയും ഖബര്‍ സിയാറത്തിനുപോയി. വികാരതീവ്രതയോടെ പ്രവാചകന്റെ സന്നിധിയില്‍ വന്നു അല്ലാഹുവിനോട്  പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളുടെ സ്നേഹം  തിക്കിലും തിരക്കിലും തുടര്‍ന്ന് കൊണ്ടേയിരുന്നു.... മസ്ജിദുന്നബവിയില്‍ ഇബാദത്തുകള്‍ക്ക് പ്രത്യേക പുണ്യമുള്ള ഒരു സ്ഥലമുണ്ട്. അതാണ് റൗദഃ(روضة ). നബി(സ)യുടെ മിമ്പരിന്റെയും ആ‌ഇശഃ(റ) താമസിച്ചിരുന്ന വീടിന്റെയും ഇടയിലുള്ള സ്ഥലമാണത്. നബി(സ) പറയുകയുണ്ടായി: "എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗത്തോപ്പുകളില്‍ ഒരു തോപ്പാകുന്നു." പ്രവാചക കുടുംബങ്ങളടക്കം മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ജന്നതുല്‍ ബഖീഅ് സിയാറത്ത് ചെയ്തു.

ജന്നതുല്‍ബഖീഅ്’ പതിനായിരത്തോളം സ്വഹാബിമാരുടെ വിശ്രമസങ്കേതമാണ്

പുറത്തിറങ്ങി മദീന പട്ടണത്തിലെ ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ ഞങ്ങളെല്ലാവരും പുറപ്പെടുമ്പോള്മനസ്സ്‌ ചരിത്രസത്യങ്ങളുടെ പിന്നാലെ ഓടിയടുക്കാന്‍ ശ്രമിക്കുകയായിരുന്നു....പല ചരിത്ര സംഭവങ്ങളും നടന്ന..മുത്ത്‌ നബിയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ മണ്ണിലൂടെ .ബസ്സ്‌  ഉഹുദു മലയുടെ അടുത്തേക്ക് നീങ്ങി. മദീനാ തീര്‍ത്ഥാടകരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഉഹ്ദ്.

 ഹിജ്റ മൂന്നാം വര്‍ഷം ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ പോരാട്ടം നടന്നത് ഉഹ്ദ് പര്‍വ്വത താഴ്വരയില്‍.നബി (സ)യുടെ വാക്കിനെ ധിക്കരിച്ചു, യുദ്ധം മുസ്ലിങ്ങള്‍ക്ക്‌ അനുകൂല മാണന്നു കരുതി കാവല്‍ നിര്‍ത്തിയുന്നവര്‍ ഉഹുദു മലയില്‍ നിന്നും ഇറങ്ങുകയും യുദ്ദക്കളം വിട്ടോടുന്ന ശത്രു സൈന്യം ഈ ഒഴിഞ്ഞു കിടക്കുന്ന മല കണ്ടു അതിലൂടെ ഒളിച്ചു കടന്നു മുസ്ലിങ്ങള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കി  
 മഹാനായ ഹംസ(റ) യും, മിസ്‌ അബ്  ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥലമെന്ന നിലക്കും യുദ്ധ  ഭൂമിയെന്ന നിലക്കും സ്ഥാനമുള്ളതിനു പുറമെ 

                           ധീര രക്തസാക്ഷികളെ അടക്കം ചെയ്യപ്പെട്ട സ്ഥല
                  
നബി(സ്വ) പറഞ്ഞു: “ഉഹ്ദ് പര്‍വ്വതംനാം അതിനെയും അത് നമ്മെയും സ്നേഹിക്കുന്നുണ്ട്
 മസ്ജിദുല്‍ ഖുബ, (തഖ് വ യില്‍ അടിത്തറതീര്‍ത്ത ആദ്യമസ്ജിദ് എന്ന് ഖുര്‍ആന്‍ ഭാഷ്യം)  സന്ദര്‍ശിച്ചു.
മസ്ജിദുല്‍ ഖിബലതൈന്‍  ആയിരുന്നു അടുത്ത ഊഴം. ഒരേ നിസ്കാരത്തില്‍ രണ്ട് ഖിബ്ല ലഭിച്ചതിനാല്‍ മസ്ജിദു ഖിബ്ലതൈന്‍ എന്ന പേരില്‍ ഈ പള്ളി അറിയപ്പെട്ടു.

 ഖുറാന്‍ അഹ്സാബ് എന്ന പേരില്‍ വിശേഷിപ്പിച്ച ഖന്‍ദഖ് യുദ്ധം നടന്നസ്ഥാനത്ത് ;സബ അ മസാജിട് എന്നാ പേരില്‍ ഇവിടം അറിയപ്പെടുന്നുണ്ടെങ്കിലും ഇന്നിവിടെ അഞ്ചു പള്ളികള്‍ ആണ് നമുക്ക് കാണാന്‍ കഴിയുന്നത് ...
അഞ്ച് സ്വഹാബിമാരുടെ പേരില്‍ അവ അറിയപ്പെടുന്നു. 1. മസ് ജിദു സല്‍മാനുല്‍ ഫാരിസി(റ) 2. മസ്ജിദു അബൂബക്ര്‍ സ്വിദ്ദീഖ്(റ). 3. മസ്ജിദു ഉമറുബ്നുല്‍ ഖത്വാബ്(റ). 4.  (മസ്ജിദു ഫാത്വിമതുസ്സഹ്റാ(റ)  (5. )മസ്ജിദു ഫതഹ്

 മസ്ജിദുല്‍ ഗമാമഃ
മസ്ജിദുന്നബവിയില്‍ നിന്നും കൂടുതല്‍ അകലെയല്ലാതെ വടക്കുപടിഞ്ഞാറു മൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പള്ളിയാണിത്. നബി(സ്വ) നിസ്കരിക്കുകയും മഴക്കുവേണ്ടി പ്രാര്‍ഥിച്ച് ഉടന്‍ തന്നെ ഉത്തരം ലഭിക്കുകയും ചെയ്ത പുണ്യസ്ഥലത്താണ് മസ്ജിദുല്‍ ഗമാമ സ്ഥാപിക്കപ്പെട്ടത്.
പെരുന്നാളുകളിലും മറ്റും   നബിയും സഹാബാക്കളും ഒരുമിച്ചുകൂടിയിരുന്ന ഈദ്‌ ഗാഹും ഇവിടെ ആയിരുന്നു  ..മൈദാനുല്‍  മുസല്ല എന്നും നബി ഈ സ്ഥലത്തെ വിളിച്ചിരുന്നു...
അബിസീനിയയിലെ രാജാവായ നജ്ജാശി രാജാവിന് വേണ്ടിയുള്ള മയ്യിത്ത്‌ നമസ്ക്കാരവും  നബി നമസ്ക്കരിച്ചത് ഇവിടെയായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം ..

സഖീഫത് ബനൂ സ ഈദ തോട്ടം :നബി( സ്വ) വിട പറഞ്ഞ സമയം ഇനി അടുത്ത ഭരണാധികാരി ആര് എന്നാ ചര്‍ച്ച വരികയും ആ ചര്‍ച്ചയ്ക്ക് തീരുമാനം ആകുംവരെ നബിയെ മറവു ചെയ്യാതെ ചര്‍ച്ച മൂന്നു ദിവസം വരെ തുടരുകയും അവസാനം അബൂബക്കറിന്റെ  (റ) നെ ഖലീഫയായി തെരഞ്ഞെടുക്കാനായി ഒത്തു കൂടിയ  സ്ഥലമാണ് ഹദീഖത്തുല്‍ ബൈഅ എന്നറിയപ്പെടുന്ന തോട്ടം ..
                                 ഹദീഖത്തുല്‍ ബൈഅ
ബിഅറ അരീസ്:
സ്വിദ്ദീഖ്(റ)ഉമര്‍(റ) എന്നിവരില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ച നബി(സ്വ)യുടെ മോതിരം ഉസ്മാന്‍(റ)ന്റെ കയ്യില്‍നിന്ന് പ്രസ്തുതകിണറില്‍ വീണുപോവുകയുണ്ടായി. അതിയായ വിഷമം പൂണ്ട ഉസ്മാന്‍(റ) അത് തിരിച്ചെടുക്കാന്‍ പല ശ്രമങ്ങളും നടത്തിനോക്കി. മൂന്നുദിവസത്തോളം രാപ്പകലില്ലാതെ വെള്ളം വറ്റിച്ചുനോക്കിയിട്ടും പ്രസ്തുതമോതിരം കണ്ടുകിട്ടുകയുണ്ടായില്ല. ഒടുവില്‍ അതുപേക്ഷിക്കുകയാണുണ്ടായത്.

പുണ്യ ഭൂമികളിലൂടെ യുള്ള യാത്ര അനിര്‍വജനീയമായ ഒരനുഭൂതിയായി ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ............... 

ഇങ്ങിനെ ഒട്ടേറെ ചരിത്ര ശേഷിപ്പുകളുടെ ഈ ഭൂമികയിലൂടെ സഞ്ചരിച്ചപ്പോഴൊക്കെ നിര്‍വചിക്കാനാവാത്ത ഒരു അനുഭൂതിയുടെ ലോകത്തില്‍    ഞാന്‍ എത്തിപ്പെട്ടിട്ടുണ്ട് . അതു എന്നെ  ചരിത്രത്തിന്റെ നേരറിവുകളിലെക്ക് കൈ പിടിച്ചു നടത്തുകയാണ്. അക്രമത്തിന്റെയും അനീതിയുടെയും ദുര്മാര്‍ഗത്തിന്റെയും പൈശാചികതക്ക് മേല്‍ സത്യവും ശാന്തിയും സമാധാനവും പുന:സ്ഥാപിച്ച  കാലത്തിന്റെ വഴിത്തിരുവളെ അനുഭവിച്ചറിയുന്ന പോലെ. മനുഷ്യ കുലത്തിനു നന്മയുടെ, നേരിന്റെ, ദൈവിക മാര്‍ഗം കാണിച്ചു തന്നു മണ്മറഞ്ഞു പോയ പുണ്ണ്യ ദേഹങ്ങളുടെ കാല്പാടുകള്‍ പതിഞ്ഞ മണ്ണില്‍ നിന്നും ത്യാഗ സ്മരണകളോടെ മടങ്ങുമ്പോള്‍ എന്നെ പോലെ പലരുടെയും  മനസ്സ് ഭക്തി സാന്ദ്രമായിരുന്നു. അല്ലാഹുവേ ഞങ്ങള്‍ക്ക് നീ  പരലോക മോക്ഷം നല്‍കേണമേ. ...!

ബുധനാഴ്‌ച, മാർച്ച് 07, 2012

കനവുകള്‍ ..കനലുകള്‍


നോവേറ്റ്‌ പിടയും
മനസ്സിന്റെ കോണില്‍
സാന്ത്വനം തേടിയലഞ്ഞ നേരം
കണ്ണുനീര്‍ തുള്ളിതന്‍
നനവ്‌ മാത്രം...

ഏകാന്തത തന്‍  താഴ്വര
തേടിയലഞ്ഞ നേരം
എന്നിലെ ഓര്‍മ്മകളേറ്റു
ചൊല്ലി ഏകാന്തത
വെറും കനവ്  മാത്രം...

തെന്നി മാറി ദൂരെക്കൊഴുകും
ചുടു നിശ്വാസവും
ചുടു കാറ്റും പോലെ
എന്നിലെ നീയും
നിന്നിലെ ഞാനും
വെറും കിനാവ്‌ മാത്രം..

കണ്ണുകള്‍ തമ്മിലുടക്കിയ നേരം
മനസ്സുകള്‍  ഒന്നായി
ചേര്‍ന്ന  നേരം
ചിതലരിച്ചമനസ്സിലെ
ഓര്‍മ്മചെപ്പില്‍
സുന്ദരമാംനിമിഷങ്ങളിന്ന്
വെറും വിങ്ങല്‍ മാത്രം.

ഉതിര്‍ന്നു വീഴും മഴ-
തുള്ളിയെ നോക്കി
എന്നെങ്കിലും തിരികെ
വന്നെങ്കിലെന്നു
നീ മൊഴിഞ്ഞത്..
വെറും വാമൊഴി മാത്രം ..

എന്നുമെന്‍ കൂട്ടായി
വിരുന്നെത്തും വിഷാദത്തില്‍
സാന്ത്വന സ്പര്‍ശമായി
നീ വരും നാളൊന്നിനായായ്
ആശിപ്പു ഞാന്‍ വെറും 
നിരാശ മാത്രം ബാക്കിയായി..




വ്യാഴാഴ്‌ച, ജനുവരി 05, 2012

നിത്യ സത്യം



ജീവിതത്തിന്‍ വഴിത്താരയില്‍
പോയി മറഞ്ഞ വസന്ത-
മധുരിമ തേടി അരുതേ
ഇനിയുമൊരു പിന്‍നടത്തം  

മൃതിയടഞൊരിന്നലകള്‍
ചിതയണഞ ശവപ്പറമ്പിലത്രെ
നാം ആടിത്തിമിര്‍ക്കും
ഇന്നിന്‍ കളിയരങ്ങുകള്‍.

കണ്‍കാഴ്ചയില്‍ കാണുന്നതെല്ലാം
സത്യമെന്നോതാതകക്കണ്ണാല്‍
തിരിച്ചറിവുകള്‍ തിരയുക
ജീവിതത്തിന്‍  പൊരുള്‍ തേടുക നാം

ഇരുളടഞ്ഞ കിനാക്കള്‍ക്ക് മേല്‍
വീഴ്ത്തുക വെളിച്ചം
പ്രതീക്ഷ തന്‍ പുത്തനലകള്‍
തീര്‍ക്കട്ടെ  ജീവിതവസന്തം

തിരശീല താഴ്ത്തുവാന്‍
കാത്തിരിപ്പുണ്ടൊരു നിഴല്‍
നശ്വരമീ ലോകത്തിലറിയുക ‍
നാം  ഇയ്യാംപാറ്റകള്‍

നിത്യനിദ്രതന്‍ അഗാധതയില്‍ 
സ്പന്ദനം നിശ്ചലം പിന്നെ
അനശ്വരാമാം ഗേഹമത്
മാത്രമത്രേ നിത്യ സത്യം

ബുധനാഴ്‌ച, ഡിസംബർ 14, 2011

ചില സ്ത്രീപക്ഷ ചിന്തകള്‍..


                                   സാമൂഹികവും സാംസ്ക്കാരികവുമായ ഏതു രംഗത്തുമെന്ന പോലെ  ദിശാ ബോധമില്ലാത്ത ഇന്നത്തെ സമൂഹത്തിനു സംഭവിച്ചു കൊണ്ടിരിക്കുന ഏറ്റവും വലിയ അപചയമാണ് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച. ഇതിനു കാരണങ്ങള്‍ പലതാവാം. അതു എന്തുമാവട്ടെ വിവാഹ മോചനങ്ങള്‍ ‍ ഇന്നു  ക്രമാതീതമായി വര്‍ധിച്ചു വരുന്നു എന്നത്  ഒരു  യാഥാർത്ഥ്യമാണ് .  ‍കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് സ്ത്രീകളാണ്. എന്താണ് സ്ത്രീകള്‍ക്ക് കുടുംബത്തിനു വേണ്ടി നിര്‍വഹിക്കാനുള്ള കടമകള്‍. സ്ത്രീ എന്നവ്യക്തിത്വത്തെക്കുറിച്ചും സ്ത്രീക്ക് മതം നല്‍കുന്ന അംഗീകാരത്തെക്കുറിച്ചും    നമുക്ക്‌ മനസ്സിലാകണമെങ്കില്‍  ഇസ്‌ലാമീകമായ  മായ  കാഴ്ചപ്പാടും    നിയമങ്ങളും  ഈലോകത്ത് നിലവില്‍ വരുന്നതിനു മുന്‍പ്‌  അതായത്‌ ഖുര്‍ആനിക നിയമങ്ങള്‍ ഈ ലോകത്ത്ഉണ്ടാകുന്നതിനു മുന്‍പുള്ള അവസ്ഥ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.


                   മദ്യത്തിലും   മദിരാക്ഷിയിലും മുഴുകി ജീവിക്കുന്ന ജന സമൂഹം   സ്ത്രീയ്ക്ക്  വെറുമൊരു  ഭോഗവസ്തു  എന്നതിനപ്പുറം  മറ്റൊരു  പരിഗണനയും നല്‍കിയിരുന്നില്ല. ഗോത്രമഹിമയുടെ  പേരിലുള്ള യുദ്ധങ്ങളെയും പെണ്ണിനെയും കള്ളിനെയും കുറിച്ചുമാത്രം ചിന്തിച്ചുജീവിച്ചിരുന്ന ആ സമൂഹത്തില്‍ സ്ത്രീയുടെ നില വളരെ പരിതാപകരമായിരുന്നു. എന്തിനേറെ, പെണ്‍കുട്ടികളെ ജീവിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല.ജനിച്ചതു പെണ്ണാണെന്ന് മനസ്സിലായാല്‍ അതിനെ ജീവനോടെ കുഴിച്ചു മൂടിയഒരു കാലമുണ്ടായിരുന്നു  ഇന്നത്തെ കാലം അതിനേക്കാള്‍ അധ:പ്പതിച്ചിരിക്കുന്നു എന്നതിനു തെളിവ്‌ അന്ന് കുട്ടിയെ ജനിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ന് കുട്ടിയെ  ജനിക്കാന്‍ പോലും അനുവദിക്കാതെ ഉദരത്തില്‍ വെച്ച് തന്നെ അതിനു നേരെ കൊലക്കത്തി  വീശുന്നു .

                              സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്‌.ഒരു കുടുംബം ഉണ്ടാകണമെങ്കില്‍ അതില്‍ സ്ത്രീയും പുരുഷനും കൂടിയേ തീരൂ. കുടുംബത്തിന്റെ ഘടനഅതിന്റെസ്വഭാവം അതിന്റെ നടത്തിപ്പ്‌ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചു ഓരോ  വ്യക്തിക്കുമെന്ന  പോലെ അവന്‍ വിശ്വസിക്കുന്ന മതങ്ങള്‍ക്കും വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടെന്നതില്‍  തര്‍ക്കമില്ല. ഇസ്‌ലാമിക വിധിയിലാണെങ്കില്‍  അതിന്റെ മത ഗ്രന്ഥമായ ഖുറാനില്‍ ഏറിയ പങ്കും ചര്‍ച്ച ചെയ്തിരിക്കുന്നത് കുടുംബത്തെ കുറിച്ചാണ്.എന്നതും വളരെ ശ്രദ്ധേയമാണ് . കുടുംബം കാലക്രമത്തില്‍    ഉണ്ടായതാണെന്ന വാദത്തെ ഖുറാന്‍ നിഷേധിക്കുന്നു. " അല്ലയോ മനുഷ്യരേ,നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവീന്‍ ഒരൊറ്റ ആത്മാവില്‍ നിന്ന്   നിങ്ങളെ സൃഷ്ടിക്കുകയും അതെ ആത്മാവില്‍  നിന്ന്‌അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്ത് സ്ത്രീപുരുഷന്മാരെ ലോകത്ത്‌  പരത്തുകയും ചെയ്തവനത്രേ അവന്‍ ..ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്‌, ആ അല്ലാഹുവിനെ ഭയപ്പെടുവീന്‍. കുടുംബബന്ധങ്ങള്‍ശിഥിലമാകുന്നത്സൂക്ഷിക്കുകയും ചെയ്യുവീന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാനിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക."(4: 1).
            
                        കുടുംബം എന്നാല്‍  മാതാപിതാക്കളുടെയും മക്കളുടെയും ഒത്തു ചേരല്‍അഥവാ ഒരു സംഗമം  ആകുന്നു.  കൂടുമ്പോള്‍ ഇമ്പമുള്ളത് കുടുംബം എന്ന് നാം പലപ്പോഴായികേട്ടിട്ടുണ്ടാകും. അതിന്റെ അടിവേര് ആയി പറഞ്ഞിട്ടുള്ളത്‌ വിവാഹവും . .വിവാഹം സാധുവാകണമെങ്കില്‍ സ്ത്രീയുടെയും പുരുഷന്റെയും പരസ്യ സമ്മതം വേണമെന്ന്‌ നിബന്ധന ഇസ്‌ലാമികമായ ഒരു കാഴ്ചപ്പാടാണ്  ,എന്നാല്‍ ഇന്ന് വിവാഹം എന്ന ഉടമ്പടിക്ക് ഒരുപെണ്ണും ആണും ഇറങ്ങി പ്പുറപ്പെടുമ്പോള്‍ അവരുടെ മുന്നില്‍ ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകുന്നതോടൊപ്പം ആധിയും വ്യാകുലതകളും അവരില്‍  നാമ്പിടുന്നു . ഒരു പെണ്കുട്ടിയുടെ വിവാഹ പ്രായമെത്തിയാല്‍മാതാപിതാക്കള്‍ക്ക് വല്ലാത്ത വെപ്രാളമാണ്.  അതൊരു ദരിദ്ര കുടുംബം കൂടിയാണെങ്കില്‍ പറയേണ്ടതില്ല. തന്റെ മോളുടെ പെണ്ണ് കാണല്‍ ചടങ്ങ് മുതല്‍  മംഗല്യ പന്തലിലേക്ക് ആനയിക്കുന്നത് വരെ ഒത്തിരിചോദ്യങ്ങള്‍ക്ക് അവര്‍ഉത്തരം കാണേണ്ടിയിരിക്കുന്നു.അതിനു ശേഷമുള്ള (ദുരാ)ആചാരങ്ങള്‍ വേറെയും .. ചെക്കന് പെണ്ണിനെ പിടിച്ചോഎന്നത് മാത്രമല്ല അവന്റെ മാതാപിതാക്കള്‍ക്ക് നാത്തൂന്‍ മാര്‍ക്ക് എന്തിനേറെപറയുന്നു അവന്റെ കൂട്ടുകാര്‍ക്ക് വരെ പെണ്ണിനെ ബോധിക്കണം എന്നിടത്തു വരെകാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു.

                     ഇവിടെ ഒരു കുടുംബത്തെ കണ്ണീരുകുടിപ്പിക്കുന്നതില്‍ പ്രധാന പങ്കു ഒന്നുകില്‍ സൌന്ദര്യം അല്ലെങ്കില്‍  സ്ത്രീധനം എന്നാ മഹാ വിപത്ത്‌  തന്നെ ..  ഈ പറഞ്ഞതിനര്‍ത്ഥം സൌന്ദര്യം നോക്കാതെ വിവാഹംകഴിക്കണം എന്നല്ല ഒരു  പെണ്ണിന്റെസൌന്ദര്യം എന്ന് പറയുന്നത് അവളുടെ  മേനിഅഴകല്ല മറിച്ചു അവളുടെ മനസിന്റെ നന്മയാണ്.എന്ന് കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാകുന്നു.പിന്നെ സ്ത്രീധനം. ഇതിനെ പറ്റി അധികമാളുകളും വാ തോരാതെ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഓര്‍മ്മപ്പെടുത്തുന്നുന്ടെങ്കിലും  അത് സ്വന്തം കാര്യത്തില്‍ പ്രാവര്ത്തീകമാക്കുന്നുണ്ടോ
                    
                     ഏതൊരു ചെറിയ കാരണത്തിനും പുരുഷന് സ്ത്രീയെ വിവാഹ മോചനംചെയ്യാം എന്നാല്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്ന ഭര്‍ത്താവില്‍ നിന്നു വിടുതല്‍നേടാന്‍ സ്ത്രീക്ക് എന്തെങ്കിലും പോംവഴി  സമൂഹം മുന്നോട്ടുവെക്കുന്നില്ല.  അപ്പോള്‍ സ്ത്രീ, അവള്‍ എത്ര കണ്ണീരു കുടിച്ചാലും അവള്‍ സ്ത്രീയാണെന്ന കാരണംകൊണ്ട്മാത്രം നിന്ദിക്കപ്പെടുകയും അവളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും ചെയ്യുന്നു എന്നതല്ലേ യാതാര്‍ത്ഥ്യം. ഇനിമതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നും  ചിന്തിച്ചാല്‍ ഇസ്‌ലാം സ്ത്രീക്ക് വളരെയധികംആദരവും അവകാശങ്ങളും നല്‍കി അവള്‍ക്കു വേണ്ട എല്ലാ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുന്നു എന്നു കാണാം. . സ്ത്രീയുടെ ഓരോ അവസ്ഥയിലും അവള്‍ മകള്‍ ആയാലും , ഭാര്യ ആയാലും ഉമ്മയായാലും ഉമ്മൂമ്മ ആയാലും അവള്‍സംരക്ഷിക്കപ്പെടെണ്ടവള്‍ തന്നെ .ഇതാണ് ഇസ്‌ലാമിന്റെ വിധി.   അല്ലാഹു തന്റെ പ്രവാചകനിലൂടെ ലോകത്തിനു നല്‍കിയനിയമ നിര്‍ദേശങ്ങളിലെല്ലാം സ്ത്രീയുടെ സ്ഥാനത്തെയും അവരെ ആദരിക്കേണ്ടുന്നതിനെകുറിച്ചും പഠിപ്പിക്കുന്നുണ്ട്.

                    എന്നാല്‍ സ്ത്രീ എല്ലാ   നിലക്കും പീഡനങ്ങള്‍ അനുഭവിക്കുന്ന ജാഹിലിയ്യ ( ഇസ്‌ലാം അറേബ്യയില്‍ വരുന്നതിനു  മുന്‍പുള്ള കാലം )കാലത്തിലേക്ക് ഇന്ന് ലോകം പൊയ്ക്കൊണ്ടിരിക്കുന്നു .  “സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി ഫിര്‍ഔന്റെ ഭാര്യയെ  എടുത്തുകാണിച്ചിരിക്കുന്നു ഖുറാന്‍.  എന്നാല്‍ ഇന്ന്സ്ത്രീക്ക് ആ പദവിയും പവിത്രതയും നല്‍കാന്‍ സമൂഹത്തിനു സാധിക്കുന്നുണ്ടോസ്ത്രീയുടെ ഇഷ്ടത്തിനോ അഭിപ്രായത്തിനോ തീരെ വില കല്‍പ്പിക്കാതെ അവളുടെ വിവാഹം  നിശ്ചയിയ്ക്കുന്ന  സമുദായങ്ങള്‍ ഇന്നും പലയിടങ്ങളില്‍ ഉണ്ട്.എന്നാല്‍ ഇസ്‌ലാം  സ്ത്രീക്ക് തന്റെ ഇണയെ തിരഞ്ഞെടുക്കുവാനുള്ള അവകാശം നല്‍കുകയാണ് ചെയ്തത്.നബി(സ) പറഞ്ഞു: വിധവയോട് അനുവാദം ചോദിക്കാതെ  അവളെ വിവാഹംചെയ്തു കൊടുക്കരുത്. കന്യകയോട്‌ സമ്മതം  ആവശ്യപ്പെടാതെ അവളുടെ വിവാഹം നടത്താന് പാടില്ല  എന്നത് നബി വചനം .തനിക്കു വേണ്ടി കണ്ടെത്തിയ പുരുഷനെ ഇഷ്ടമായില്ലെങ്കില്‍ അത് തുറന്നു  പറയാനുള്ള അവകാശം സ്ത്രീക്ക് മതം  നല്‍കുന്നു. എന്നാല്‍ ഇന്ന് മതനിയമത്തിന്റെ  അടിസ്ഥാനത്തില്‍ തന്നെയാണോ എല്ലാ വിവാഹങ്ങളും വിവാഹ മോചനങ്ങളും  നടക്കുന്നത് . പലപ്പോഴും അല്ല എന്നതാണ് ഉത്തരം. കാരണം ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന വിവാഹ മോചനങ്ങള്‍ പലതും മത ദൃഷ്ട്യാ സാധൂകരിക്കാവുന്നതല്ല എന്നു കാണാം.

                എന്നാല്  മറ്റു കാരണങ്ങളാല്‍ വിവാഹബന്ധം  പരാജയപ്പെടുന്നിടത്ത്‌ വിവാഹ മോചനം അനുവദിച്ചിരിക്കുന്നു.   പക്ഷെ അതിനു ഒത്തിരി നിയമങ്ങളും  നിബന്ധനകളും മതം മുന്നോട്ടു വെക്കുന്നു. അനുവദനീയമായതില്‍ ദൈവം ഏറ്റവും വെറുക്കപ്പെട്ട ഒന്നാണ് വിവാഹ മോചനം എന്നു പറയുമ്പോള്‍ വിവാഹ മോചനത്തെ ഇസ്‌ലാം എത്രമാത്രം നിരുല്സാഹപ്പെടുത്തുന്നു എന്നു മനസ്സിലാക്കാം. . അനിവാര്യമായ സാഹചര്യങ്ങളില്‍  ഉപാധികളോടെ ബഹുഭാര്യത്വത്തിനും അനുവാദമുണ്ട് എന്നതില്‍ ഉപാധികളോടെ എന്നത് നാംഅടിവരയിട്ടു വായിക്കേണ്ടിയിരിക്കുന്നു. എന്താണ് ഈ ഉപാധികള്‍ എന്നു പരിശോധിച്ചാല്‍ അതു പാലിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാര്യങ്ങളാണ്. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കേണ്ടി വരുന്ന ഘട്ടത്തില്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ പൂര്‍ണമായ സമത്വം പാലിക്കുക. അതിനു സാധിക്കാത്തവര്‍ അതിനു മുതിരാതിരിക്കുക എന്നതില്‍ നിന്നു തന്നെ ബഹുഭാര്യത്വത്തെ ഇസ്‌ലാം  പ്രോത്സാഹിപ്പിക്കുകയല്ല. നിരുത്സാഹപ്പെടുത്തുകയും എന്നാല്‍ കൂടാതെ കഴിയുന്ന അവസ്ഥയില്‍ നിബന്ധനകളോടെ അനുവദിക്കുകയും ചെയ്യുന്നു എന്നു കാണാം

               ഈ വ്യവസ്ഥകളോ സാഹചര്യമോ ഒന്നും കണക്കിലെടുക്കാതെ കേവലം മാംസ ദാഹ ശമനത്തിനും  കുത്തഴിഞ്ഞ ജീവിതത്തിനും  വേണ്ടി ഭാര്യയെ കണ്ണീരു കുടിപ്പിച്ചു കൊണ്ട് മറ്റു സ്ത്രീകളെ വിവാഹം കഴിച്ചു ജീവിക്കാന്‍ ഇസ്‌ലാം  ആരെയും അനുവദിച്ചിട്ടില്ല. പക്ഷെ ഇന്നു നടക്കുന്ന 99 % ബഹുഭാര്യത്വവും ഈ പറഞ്ഞ ഇനത്തില്‍ പ്പെടും . ഇതാവട്ടെ മതത്തെ ഏറെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടവരുത്തുകയും  ചെയ്തു. ഇതു മുസ്‌ലിം സമുദായത്തിനെ മാത്രം ബാധിച്ച  പ്രശ്നമല്ല. എല്ലാ സമൂഹത്തിലും ഇതു നടക്കുന്നു. ഒളിഞ്ഞോ തെളിഞ്ഞോ മാംസ നിബദ്ധ വിനിമയങ്ങള്‍ക്കായി  അപഥ സഞ്ചാരം നടത്തുകയും തന്‍മൂലം കുടുംബത്തില്‍   അന്തച്ഛിദ്രത   ഉടലെടുക്കുകയും അതു വിവാഹ മോചനത്തിലോ കൊലപാതകത്തിലോ ആത്മഹത്യയിലോ ഒക്കെ പര്യവസാനിക്കുകയും ചെയ്യുന്നു എന്നത് സമകാലിക പരിസരത്തെ നിത്യ കാഴ്ചകളായി തീര്‍ന്നിരിക്കുന്നു.

                 വിവാഹ മോചനങ്ങളുടെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍  അനുഭവിക്കുന്നത് കുട്ടികളാണ്. വിവാഹ മോചിതരായവരുടെ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും അരക്ഷിതാവസ്ഥയിലും എത്തിപ്പെടുകയും തന്മൂലം  അധോന്മുഖരായി  തീരുകയും ചെയ്യുന്നതായി പഠനങ്ങള്‍ തെളിയിച്ചതാണ്. അച്ഛനമ്മമാര്‍ക്കിടയിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മയും കുട്ടികളുടെ മാനസിക ആരോഗ്യത്തെ  സാരമായി ബാധിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല .അതു കൊണ്ട് തന്നെ കുട്ടികളെ ഓര്‍ത്തെങ്കിലും കുടുംബത്തിലെ സമാധാനാന്തരീക്ഷം  ഉറപ്പു വരുത്തേണ്ടത് നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്.

             സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കേന്ദ്ര ബിന്ദു കുടുംബമാണ്.  എന്നാല്‍ ക്ടുംബത്തെ അവഗണിച്ചു സുഖങ്ങള്‍ക്കും ആഡമ്പരങ്ങള്‍ക്കും പിറകെ പായുന്നവര്‍ അവസാനം ചെന്നെത്തുന്നത് മദ്യത്തിലും മയക്കുമരുന്നിലുമാണ് എന്നത് ഒരു പരമാര്ത്ഥമാണ്. എന്താണ് ഇതിനു കാരണം?. ലഹരിയിലൂടെ മനുഷ്യര്‍  അന്വേഷിക്കുന്നതും മനസ്സമാധാനം തന്നെയാണ്. എന്നാല്‍ അതിന്‍റെ ലഹരി മതിയാകാതെ വരുമ്പോള്‍ അവര്‍ മുഴുക്കുടിയന്മാരായി ത്തീരുകയും അങ്ങിനെ സമൂഹത്തില്‍ നിന്നു പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അപ്പോഴും അവര്‍ തിരിച്ചറിയുന്നില്ല താന്‍ അന്വേഷിക്കുന്ന സന്തോഷവും സമാധാനവും  കിട്ടുമായിരുന്ന  കുടുംബത്തിന്റെ സ്വസ്ഥത ഊതിക്കെടുത്തിയാണ് താന്‍ മറ്റു പലതിന്റെയും പിറകെ പോയതെന്ന്. അതിനാല്‍ കുടുംബ ബന്ധങ്ങളെ കൂടുതല്‍ ദൃഡമാക്കുവാനും വിട്ടു വീഴ്ച്ചകളിലൂടെ സമാധാനം നിലനിര്‍ത്തി ജീവിക്കാനും നമുക്കാവട്ടെ.